imam bagvi malayalam

ഹദീസ് ലോകത്ത് പ്രസിദ്ധമായ മസ്വാബീഹുസ്സുന്നയുടെ കര്‍ത്താവായ ഇമാം അല്‍ ഹുസൈന്‍ അല്‍ ബഗ്‌വി ഹിജ്‌റ 433-ല്‍ ഖുറാസാനിലെ ‘ബഗ് ‘എന്ന പ്രദേശത്താണ് ജനിക്കുന്നത്. പിതാവ് മസ്ഊദുബ്‌നു മുഹമ്മദുബ്‌നുല്‍ ഫര്‍റാഅ്. ഇബ്‌നുല്‍ ഫര്‍റാഅ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇമാം ബഗ്‌വി മുഹ്‌യുസ്സുന്ന (സുന്നത്തിന്റെ പുനരുദ്ധാരകന്‍) എന്ന നാമത്തിലാണ് പ്രസിദ്ധനായത്. ശൈഖുല്‍ ഇസ്‌ലാം, റുക്‌നുദ്ദീന്‍ എന്നീ പേരുകളിലും ഇമാം ബഗ്‌വി(റ) അറിയപ്പെടുന്നു. നിരവധി ജ്ഞാനതേജ്വസികളെ ‘ബഗ് ‘ ഗ്രാമം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അബുല്‍ അഹ്‌വസ്വുല്‍ ബഗ്‌വി, അബൂ ജഅ്ഫര്‍ മുഹമ്മദുല്‍ ബഗ്‌വി, പ്രസിദ്ധ കര്‍മശാസ്ത്ര വിശാരദന്‍ അബൂയഅ്ഖൂബുല്‍ ബഗ്‌വി, അബുല്‍ ഖാസിം അബ്ദുല്ലാഹില്‍ ബഗ്‌വി തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.

ജ്ഞാനതപസ്യ

ഇരുപത്തിയേഴാം വയസ്സിലാണ് ഇമാം ബഗ്‌വി(റ) ജ്ഞാനപ്രകാശം തേടി യാത്ര തിരിക്കുന്നത്. ഖുറാസാനിന്റെ പ്രാന്തപ്രദേശങ്ങളിലെല്ലാം അദ്ദേഹം ചുറ്റിക്കറങ്ങി. നിരവധി മഹാരഥന്മാരില്‍ നിന്ന് അറിവുകള്‍ സമ്പാദിച്ചു. നാട്ടില്‍ നിന്നുപോയ ശേഷം മരണംവരെ അങ്ങോട്ടു തിരിച്ചു വന്നിട്ടില്ല. ജ്ഞാനസമ്പാദനവും ഗ്രന്ഥരചനയുമായി മര്‍വ റൂദിലാണ് അദ്ദേഹം താമസിച്ചത് (തുര്‍ക്കിസ്ഥാനിന്റെ അതിര്‍ത്തി പ്രദേശമാണ് മര്‍വറൂദ്). വിദ്യ തേടുന്നതില്‍ മഹാനവര്‍കളുടെ ത്യാഗവും സമര്‍പ്പണവും അതിശയകരമായിരുന്നു. പ്രപഞ്ച പരിത്യാഗിയായി ജീവിച്ചിരുന്ന ഇമാം പരുപരുത്ത റൊട്ടിയായിരുന്നു പലപ്പോഴും കഴിച്ചിരുന്നത്. തന്നെ കുറിച്ച് ത്യാഗിവര്യനാണെന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ സൈത്ത് എണ്ണയും റൊട്ടിക്കൊപ്പം ഉപയോഗിച്ച് തുടങ്ങി(വഫയാത്തുല്‍ അഅ്‌യാന്‍ 402/1).

വിജ്ഞാനപാതയില്‍ ഒന്നും തടസ്സമായിരുന്നില്ല. കുറഞ്ഞ ഭക്ഷണമാണ് ഉപയോഗിച്ചിരുന്നത്. ഭൗതികമായ ഒരു താല്‍പര്യവും ഇമാമിന്റെ ചിന്തയിലുണ്ടായിരുന്നില്ല. നല്ല സ്വഭാവവും സംസ്‌കാരവും ഉന്നതമായ ഉദ്ദേശ്യശുദ്ധിയുമെല്ലാം ഇമാമില്‍ സ്വാധീനം ചെലുത്തി. സ്വഹാബത്തും താബിഉകളും കൈമാറിയ ഖുര്‍ആന്‍ ആശയങ്ങള്‍, വിവരണങ്ങള്‍, വ്യാഖ്യാനങ്ങള്‍ നേടിയെടുക്കാനും പകര്‍ന്ന് കൊടുക്കാനും പ്രത്യേക ഉള്‍ക്കാഴ്ച ഇമാമിനുണ്ടായിരുന്നു. മദ്ഹബുകള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകള്‍ കൃത്യമായി മനസ്സിലാക്കിയിരുന്ന ഇമാം ബഗ്‌വി(റ) ശാഫിഈ മദ്ഹബായിരുന്നു സ്വീകരിച്ചിരുന്നത്. ശാഫിഈ മദ്ഹബില്‍ ഉയര്‍ന്ന അവഗാഹവുമുണ്ടായിരുന്നു. ഹദീസ് വിജ്ഞാനത്തില്‍ വലിയ സ്ഥാനമുള്ള ഇമാം അക്കാലത്തെ ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്നു. ഹദീസിന്റെ ലോകത്ത് ഇമാം, ഹാഫിള് എന്നീ സ്ഥാനങ്ങളോടെയാണ് മഹാനവര്‍കള്‍ അറിയപ്പെടുന്നത്. ഹദീസിന്റെ നിവേദക പരമ്പര, അവയെ കുറിച്ചുള്ള വിശ്വാസ്യത, കൈമാറ്റ രീതികള്‍, മദ്ഹബിന്റെ ഇമാമുകള്‍, അവരുടെ വീക്ഷണങ്ങള്‍ക്ക് സ്വീകരിച്ച ഗവേഷണ വഴികള്‍, ഹദീസുകളുടെ ബലാബലം തുടങ്ങി ഹദീസ് ജ്ഞാനങ്ങളുമായി ബന്ധപ്പെട്ട സകല മേഖലകളിലും അതിനിപുണനായിരുന്നു ബഗ്‌വി(റ). ഹദീസ് വിജ്ഞാന ശാഖയിലാണ് ഇമാമിന്റെ ധിഷണ കൂടുതല്‍ തെളിഞ്ഞ് നില്‍ക്കുന്നത്. തത്ത്വങ്ങള്‍ സമര്‍ത്ഥിക്കുന്നതിലെ അവഗാഹവും വേറിട്ട സാഹിത്യ ശൈലിയും എതിര്‍വാദങ്ങളെ ശക്തമായി ഖണ്ഡിക്കുന്നതിലെ കണിശതയും പൂര്‍വികരുടെ വീക്ഷണങ്ങളോടുള്ള ആദരവുമെല്ലാം ഇമാമിനെ ഹദീസ് ലോകത്ത് വ്യതിരിക്തനാക്കുന്നു.

ഗുരുവര്യര്‍

പ്രസിദ്ധ പണ്ഡിതനും അക്കാലത്തെ പ്രധാനിയും ശാഫിഈ ശൈഖുമായിരുന്ന അല്ലാമാ ഹുസൈനുബ്‌നു മുഹമ്മദ് അല്‍ മറൂസിയാആണ് ഇമാം ബഗ്‌വി(റ)യുടെ ഗുരുക്കളില്‍ ഒന്നാമന്‍. കര്‍മശാസ്ത്രത്തിലും ഹദീസിലുമൊക്കെ മഹാനില്‍ നിന്നാണ് ഇമാം അവഗാഹം നേടിയത്. പക്ഷേ, അന്വേഷണ തൃഷ്ണ ഇമാമിനെ അവിടംകൊണ്ട് അടക്കിയിരുത്തിയില്ല. ഖുറാസാന്‍ മുഴുവന്‍ സഞ്ചരിച്ചു. മദ്ഹബുകളില്‍ വ്യുല്‍പത്തി നേടി. പ്രത്യേകിച്ച് ശാഫിഈ മദ്ഹബില്‍. അല്ലാമാ ഹുസൈനുബ്‌നു മുഹമ്മദിനെ കൂടാതെ മഹാരഥന്മാരായ നിരവധി പേരില്‍ നിന്ന് ഇമാം അറിവ് നുകര്‍ന്നിട്ടുണ്ട്. അവരില്‍ പ്രധാനികള്‍ ഇവരാണ്: 1, അബൂ അംറ് അബുല്‍ വാഹിദുബ്‌നുല്‍ അഹ്മദ്ബ്‌നു അബുല്‍ ഖാസിം അല്‍ ഹര്‍വി (വഫാത്ത് ഹി: 463). 2, പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനും ശൈഖുല്‍ ഹിജാസ് എന്നറിയപ്പെടുന്ന വ്യക്തിത്വവുമായ അല്‍ ഫാളില്‍ അബുല്‍ ഹസന്‍ അലിയ്യുബ്‌നു യൂസുഫ് അല്‍ ജുവനി (വഫാത്ത് ഹി: 463). 3, അബൂബക്കര്‍ യഅ്ഖൂബുബ്‌നു അഹ്മദു സൈ്വറഫി നൈസാബൂരി (വഫാത്ത് ഹി: 466). 4, അബൂ അലി ഹിബാനുബ്‌നു സഈദ് അല്‍ മറൂസി (വഫാത്ത് ഹി: 463). 5, അബൂബക്കര്‍ മുഹമ്മദുബ്‌നു അബ്ദുസ്സ്വമദ് അഅറാബി അല്‍ മറൂസി (വഫാത്ത് ഹി: 463). 6, ശൈഖ് ഖുറാസാന്‍ എന്ന പേരില്‍ വിശ്രുതനായ അബുല്‍ ഖാസിം അബ്ദുല്‍ കരീമുബ്‌നു അബ്ദുല്‍ മാലിക് ബ്‌നു ത്വല്‍ഹ നൈസാബൂരി അല്‍ ഖുറൈശി (വഫാത്ത് ഹി: 465). 7, പ്രമുഖ ഹദീസ് പണ്ഡിതനായ അബൂ സ്വാലിഹ് അഹ്മദുബ്‌നു അബ്ദുല്‍ മാലിക് ബ്‌നു അലി ബ്‌നു അഹ്മദ് നൈസാബൂരി. 8, നൈസാബൂര്‍ മുഫ്തിയും പ്രമുഖ ശാഫിഈ പണ്ഡിതനുമായ അബൂ തുറാബ് അബ്ദുല്‍ ബാഖി ബ്‌നു യൂസുഫ് ബ്‌നു അലി ബ്‌നു സ്വാലിഹ് ബ്‌നു അബ്ദുല്‍ മാലിക് അല്‍ മറാഹി (വഫാത്ത് ഹി: 492). ഓരോ വിജ്ഞാന ശാഖയിലും അത്യുന്നതി നേടാനായി നിരവധി പണ്ഡിത തേജസ്വികളില്‍ നിന്ന് ഇമാം ബഗ്‌വി(റ) പഠനം നടത്തിയിട്ടുണ്ട്. ഇരുപതിലേറെ പേരെ വിവിധ ചരിത്രഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തിക്കാണാം.

ശിഷ്യര്‍

ഖുറാസാന്‍ പ്രദേശം മുഴുവന്‍ ജ്ഞാനപ്രസരണം നടത്തിയ ഇമാമിന്റെ ശിഷ്യപരമ്പര വളരെ സമ്പന്നമാണ്. പ്രതിഭാശാലികളായ നിരവധി പഠിതാക്കള്‍ മഹാനവര്‍കളില്‍ നിന്ന് വിദ്യനേടിയിട്ടുണ്ട്. പ്രമുഖ ശാഫിഈ പണ്ഡിതനും നിദാനശാസ്ത്രത്തിലെ അതികായനുമായ ശൈഖ് അല്ലാമാ മജ്ദുദ്ദീന്‍ അബൂ മന്‍സ്വൂര്‍ മുഹമ്മദുബ്‌നു അസ്അദ് (വഫാത്ത് ഹി: 571). പ്രമുഖ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമായ അബുല്‍ ഫുതൂഹ് മുഹമ്മദുബ്‌നു മുഹമ്മദുബ്‌നു അലി അല്‍ ഹമദാനി (വഫാത്ത് ഹി: 555). അബുല്‍ മകാരിം ഫള്‌ലുല്ലാഹിബ്‌നു മുഹമ്മദ് അന്നൗഖാനി (ഇദ്ദേഹമാണ് ഇമാം ബഗ്‌വി(റ)യില്‍ നിന്ന് അവസാനമായി ഇജാസത്ത് വാങ്ങിയ ശിഷ്യ പ്രമുഖന്‍. ഹിജ്‌റ 600 വരെ ഇദ്ദേഹം ജീവിച്ചു. ഇദ്ദേഹത്തില്‍ നിന്നാണ് ദഹബിയുടെ ഗുരുവായ ഫഖ്ര്‍ അലി ബ്‌നു ബുഖാരി ഇജാസത്ത് വാങ്ങുന്നത്. തുടങ്ങിയവര്‍ ഇമാമിന്റെ പ്രതിഭാശാലികളായ ശിഷ്യന്മാരില്‍ പ്രധാനികളാണ്. ഇമാമിന്റെ സഹോദരന്‍ ഹസനു ബ്‌നു മസ്ഊദ് അല്‍ ബഗ്‌വി (വഫാത്ത് ഹി: 529), തഫ്‌സീറുല്‍ കബീറിന്റെ രചയിതാവ് ഇമാം റാസി(റ)യുടെ പിതാവ് ഉമറുബ്‌നു ഹസന്‍ ബ്‌നു അല്‍ ഹുസൈന്‍ അല്‍ റാസി (വഫാത്ത് ഹി: 606) അടക്കമുള്ള ശിഷ്യനിര ദീര്‍ഘമാണ്.

രചനകള്‍

വിവിധ വിഷയങ്ങളിലും പ്രമേയങ്ങളിലുമായുള്ള രചനകള്‍ ഇമാമിനുണ്ട്. 1, ഫതാവല്‍ മറൂസി (തന്റെ ഗുരുവായ അബൂ അലി അല്‍ ഹുസൈനുല്‍ മറൂസിയുടെ ഫതാവയുടെ സമാഹാരം. പല ഭാഗങ്ങളിലും ഇമാം ബഗ്‌വിയുടെ വിശദീകരണക്കുറിപ്പും ടിപ്പണിയും ചേര്‍ത്തിട്ടുണ്ട്). 2, അത്തഹ്ദീബ് (ശാഫിഈ ഫിഖ്ഹിലെ പ്രമുഖ ഗ്രന്ഥം. ഇമാം നവവി(റ) റൗളയില്‍ ഇമാം ബഗ്‌വിയുടെ തഹ്ദീബ് ഉദ്ധരിക്കുന്നത് കാണാം). 3, മആലിമുത്തന്‍സീല്‍ (മുന്‍ഗാമികളുടെ വീക്ഷണപ്രകാരമുള്ള ഖുര്‍ആന്‍ വ്യാഖ്യാനം. തിരുനബി വചനങ്ങള്‍ ചേര്‍ത്ത് ആശയ വ്യക്തത പകര്‍ന്നിട്ടുണ്ട്. ബിദ്അത്തുകാരുടെ പരമാചാര്യന്‍ ഇബ്‌നു തീമിയ്യ നല്‍കിയ ഒരു ഫത്‌വയിങ്ങനെ: ഖുര്‍ആനിനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തുനില്‍ക്കുന്ന തഫ്‌സീര്‍ ഏതാണ്? ഖുര്‍ത്വുബിയാണോ ബഗ്‌വിയാണോ, അതോ മറ്റ് വല്ലതുമാണോ? അദ്ദേഹത്തിന്റെ മറുപടി: ബലഹീനമായ ഹദീസുകളില്ലാതെയുള്ള തഫ്‌സീര്‍ ഗ്രന്ഥം തഫ്‌സീര്‍ ബഗ്‌വിയാണ് (ഫതാവാ ഇബ്‌നു തീമിയ്യ 193/2). ഇബ്‌നു തൈമിയ്യ പോലും പ്രശംസിക്കുന്നുവെന്നര്‍ത്ഥം 4, മസ്വാബീഹുസ്സുന്ന (ഹദീസ് സമാഹാരം. നിവേദകന്മാരുടെ നീണ്ട പരമ്പരകള്‍ ഒഴിവാക്കി ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച സംരംഭം. 4484 ഹദീസുകളാണ് മസ്വാബീഹിലുള്ളത്. ഇതില്‍ 2414 ഹദീസുകള്‍ ബുഖാരി-മുസ്‌ലിം ഉദ്ധരിച്ചതും ബാക്കിയുള്ളത് മറ്റുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. ഇവ ഇനം തിരിച്ചാണ് ഇമാം ബഗ്‌വി(റ) ക്രമീകരിച്ചിരിക്കുന്നത്. പില്‍ക്കാലത്ത് നിരവധി പണ്ഡിതന്മാര്‍ വ്യാഖ്യാനവും മറ്റുമായി മസ്വാബീഹിനെ സമ്പന്നമാക്കിയിട്ടുണ്ട്. ഖത്വീബു ത്വിബ്‌രിയുടെ മിശ്കാത്തുല്‍ മസ്വാബീഹ് അക്കൂട്ടത്തില്‍ പ്രധാനമാണ്). 5, അല്‍വാര്‍ ഫീ ശമാഇലിന്നബിയ്യില്‍ മുഖ്താര്‍. 6, അര്‍ബഈന്‍ ഹദീസ്. 7, അല്‍ ജംഉ ബൈന സ്സ്വഹീഹൈനി. 8, ശറഹുല്‍ ജാമിഈ ലി തുര്‍മുദി (തുര്‍മുദിയുടെ വ്യാഖ്യാനം). 9, ശറഹുസ്സുന്ന. 10, ഫതാവല്‍ ബഗ്‌വി. 11, അല്‍ കിഫായ. 12, അല്‍ മദ്ഖല്‍ ഇലാ മസ്വാബീഹിസ്സുന്ന തുടങ്ങിയ കനപ്പെട്ട രചനകള്‍ ഇമാം ബഗ്‌വി(റ)യുടേതായുണ്ട്.

പണ്ഡിത വീക്ഷണങ്ങള്‍

ഹാഫിള് ദഹബി പറയുന്നു: വൃത്തിയിലും ശുദ്ധിയിലുമല്ലാതെ ഇമാം ബഗ്‌വി(റ) അധ്യാപനം നടത്താറുണ്ടായിരുന്നില്ല. വളരെ മിതമായ വേഷമായിരുന്നു സ്വീകരിച്ചിരുന്നത്. ഒരു വസ്ത്രവും ചെറിയൊരു തലപ്പാവും മാത്രം (സിയറു അഅ്‌ലാമിന്നുബല 441/19). ഇമാം സുബ്കി(റ) കുറിച്ചു: തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങി എല്ലാ വിജ്ഞാന ലോകങ്ങളിലും പ്രഗല്‍ഭനായിരുന്നു ഇമാം ബഗ്‌വി(റ). ബഗ്ദാദില്‍ അദ്ദേഹം വന്നിട്ടില്ല. അവിടെയായിരുന്നെങ്കില്‍ ബഗ്ദാദ് ഒന്ന് കൂടി വിജ്ഞാന ഭൂമികയില്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു. എന്റെ പിതാവ് തഖ്‌യുദ്ദീന്‍ സുബ്കി(റ) വലിയ ബഹുമാനമാണ് ഇമാം ബഗ്‌വി(റ)യില്‍ കണ്ടിരുന്നത്. പ്രമാണ ഉദ്ധരണങ്ങള്‍ മുഖേനെ ആശയത്തെ ഖണ്ഡിതമായി സമര്‍ത്ഥിക്കുന്നതില്‍ ഇമാമിന്റെ അസാമാന്യ തയെ പിതാവ് പ്രത്യേകം പ്രശംസിക്കാറുണ്ടായിരുന്നു. പിതാവ് പറഞ്ഞു: ഇമാം ബഗ്‌വിയെ പോലെയുള്ളവര്‍ വളരെ വിരളമാണ്. അദ്ദേഹം ഒരു വിഷയം സമര്‍ത്ഥിച്ചാല്‍ മറ്റുള്ളവരേക്കാള്‍ അതിനൊരു ശക്തിയും മൂര്‍ച്ചയുമുണ്ടായിരിക്കും. കുറഞ്ഞ വാക്കുകളിലാണ് വലിയ തത്ത്വങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുക. വലിയ ബുദ്ധിയുള്ളവര്‍ക്കേ അതിന് കഴിയൂ.

ഇബ്‌നു ഇമാദുല്‍ ഹമ്പലി(റ): പ്രസിദ്ധനായ ഹദീസ് വിശാരദനും ഖുര്‍ആന്‍ വ്യാഖ്യാതാവും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഖുറാസാനിന്റെ പണ്ഡിതനുമാണ് ഇമാം ബഗ്‌വി(റ).

ഇബ്‌നു ഖല്ലികാന്‍(റ): എല്ലാ വിജ്ഞാനശാഖകളിലും സാഗരസമാനനാണ് ഇമാം ബഗ്‌വി(റ). ഖുര്‍ആന്‍ വ്യാഖ്യാനത്തിന് പുറമേ പ്രവാചക വചനങ്ങളിലെ പ്രയാസമേറിയ വിഷയങ്ങളില്‍ ഇമാം നിര്‍വഹിച്ച ദൗത്യം ആശയങ്ങളില്‍ വ്യക്തതയും കൃത്യതയും ഉണ്ടാവാന്‍ സഹായകമായി. ഹദീസുകള്‍ ഉദ്ധരിക്കുന്നതിലും അധ്യാപനം നടത്തുന്നതിലും വലിയ ആത്മനിര്‍വൃതി അദ്ദേഹം കണ്ടെത്തി. ഭൗതികമായ ഒരു താല്‍പര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭാര്യയുടെ അനന്തര സ്വത്തില്‍ നിന്നുള്ള വിഹിതം പോലും അദ്ദേഹം വേണ്ടെന്ന് വെച്ചു. പലപ്പോഴും ഉണക്ക റൊട്ടിയായിരുന്നു ഭക്ഷണം.

ഹാഫിളു ഇബ്‌നു കസീര്‍: എല്ലാ വിജ്ഞാന മേഖലകളിലേയും അതികായകനാണ് ഇമാം ബഗ്‌വി. തന്റെ കാലത്തെ പ്രഗല്‍ഭനായ പണ്ഡിതനും സൂക്ഷ്മജ്ഞാനിയും തഖ്‌വയും ഇബാദത്തും നിറഞ്ഞ വ്യക്തിയുമായിരുന്നു.

ഹാഫിളു സ്സുയൂഥി(റ): തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് എന്നീ വിജ്ഞാനീയങ്ങളിലെ ഇമാമാണ് ഹാഫിള് ബഗ്‌വി.

അബൂബക്കറുബ്‌നു ഹിദായ(റ): സൂക്ഷ്മ ജീവിതത്തിനുടമയും പ്രപഞ്ച പരിത്യാഗിയും തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്എന്നിവയിലെ ഇമാമുമാണ് ബഗ്‌വി(റ). വിജ്ഞാനലോകത്തെ നിരവധി പ്രമുഖര്‍ ഇമാം ബഗ്‌വിയെക്കുറിച്ചും മഹാനവര്‍കളുടെ സേവനങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്.

എണ്‍പത് വര്‍ഷക്കാലമാണ് ഇമാം ജീവിച്ചത്. ധിഷണാപരമായ തന്റെ മേന്മകള്‍ എന്നുമെന്നും നിലനില്‍ക്കുന്ന അമൂല്യ സമ്പത്താക്കി മാറ്റിയ ബഗ്‌വി(റ) ഹി: 516 ശവ്വാല്‍ മാസത്തിലാണ് വഫാത്തായത്. തന്റെ ഗുരുവര്യര്‍ ഖാളി ഹുസൈന്‍(റ) എന്നിവര്‍ക്കരികിലാണ് മഹാനവര്‍കളുടെ അന്ത്യവിശ്രമം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ