ബുഖാറ കോട്ടയുടെ മുമ്പിലെ രജിസ്റ്റാന്‍ ചത്വരത്തില്‍ പണ്ട് നിരവധി മന്ദിരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവശേഷിക്കുന്നത് ബോളോ ഹൗസ് (ാീൂൌല ീള യീഹീവമൗ്വ) മാത്രമാണ്. അവിടെയുണ്ടായിരുന്ന പഴയ പള്ളിയുടെ അടുത്താണ് എഡി 1712ല്‍ ബോളോ ഹൗസ് നിര്‍മിക്കപ്പെട്ടത്. കല്യാണ്‍ ജുമുഅ മസ്ജിദ് കഴിഞ്ഞാല്‍ നഗരത്തിലെ രണ്ടാമത്തെ വലിയ മസ്ജിദ് ഇതാണ്.
ഇതിനോട് ചേര്‍ന്ന് ഒരു മദ്റസയും അനുബന്ധ കെട്ടിടങ്ങളുമുണ്ടായിരുന്നു. ഈ പള്ളിയുടെ മിഹ്റാബിലുള്ള അലങ്കാര പണികള്‍ അതീവ ഹൃദ്യം. ഒരു കുടയുടെ ആകൃതിയില്‍ ബഹുവര്‍ണങ്ങളാല്‍ അലംകൃതമാണിത്.
അബ്ദുല്‍ അസീസ് ഖാന്‍ ഖാന്‍ഗാഹ്
ബുഖാറ ഗവര്‍ണറായിരുന്ന അബ്ദുല്‍ അസീസ് ഖാന്‍ (മരണം എഡി 1550) നഖ്ശബന്ദിയ്യ ത്വരീഖത്തുകാര്‍ക്കുവേണ്ടി നിര്‍മിച്ചതാണീ ഖാന്‍ഗാഹ്. ഇതിന്റെ മധ്യത്തില്‍ മുറാഖബക്കു വേണ്ടിയുള്ള വിശാലമായ സൗകര്യമൊരുക്കിയിരിക്കുന്നു. ഒരു പൂമൊട്ടിന്റെ ആകൃതിയിലുള്ള മനോഹരമായ മിനാരം ദൂരെ നിന്നു തന്നെ കാണാം.
ഇമാം ബുഖാരി(റ)വിന്റെ ജന്മദേശമായ ബുഖാറയില്‍ നിന്നും വൈജ്ഞാനിക പ്രഭ ലോകത്തിന്റെ നാനാ ദിക്കിലേക്കും പരന്നൊഴുകി. ബുഖാറയെന്നാല്‍ ആനന്ദം നല്‍കുന്നത് എന്നും അര്‍ത്ഥമുണ്ട്. ജ്ഞാനം കൊണ്ട് ആനന്ദം കൊള്ളുന്നവരുടെ, അറിവിനായി ദേശാടനം നടത്തുന്നവരുടെ പ്രചോദനമായി ഇമാം മാറിയതു വെറുതെയല്ല.
ഈ മധ്യേഷ്യന്‍ നഗരത്തില്‍, രാജവംശങ്ങളൊരുപാടു മാറിമാറി വന്നു. സാസ്സാനിയന്‍, സാമേനി, മംഗോളിയന്‍, അറബ്, താര്‍ത്താരികള്‍, തുര്‍ക്കി അങ്ങനെ പലതും. അവസാനമായി റഷ്യന്‍ ചെമ്പടയും ഈ ദേശം കീഴടക്കുകയുണ്ടായി. എല്ലാവരും അധീശത്വം പുലര്‍ത്തിയെങ്കിലും ഇസ്‌ലാമിക സംസ്കാരം പറ്റെ തുടച്ചുമാറ്റപ്പെടുകയുണ്ടായില്ല.
സോവിയറ്റ് ഭരണകാലത്ത് ബുഖാറയിലെ ഇരുനൂറില്‍ പരം പള്ളികള്‍ പൂട്ടിക്കിടന്നുവെന്നത് മതബോധമുള്ളവരെ പൊള്ളിക്കുന്ന സത്യമാണ്. യൂണിയന്‍ തകര്‍ന്ന് പതിറ്റാണ്ടുകളായെങ്കിലും ആ ഞെട്ടലില്‍ നിന്ന് ഉസ്ബക് ജനത മെല്ലെ മോചനം നേടുന്നേയുള്ളൂ. ഞങ്ങളുടെ മുഖ്യലക്ഷ്യമായ ഇമാം ബുഖാരി(റ)യുടെ സിയാറത്ത് ഒക്ടോബര്‍ 23ന് ബുധനാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. സമര്‍ഖന്ദിലേക്കു പോകാന്‍ അന്നാണ് സൗകര്യപ്പെട്ടത്. മഹാന്റെ ദര്‍ഗാശരീഫ് സമര്‍ഖന്ദിന് തൊട്ടുമുമ്പുള്ള ഖര്‍തംഗ് എന്ന ഗ്രാമത്തിലാണ്.
ഇമാം ബുഖാരി(റ)ക്കു മുമ്പില്‍
ഖര്‍തംഗ് ഉസ്ബക് ഗ്രാമത്തിന്റെ കൊച്ചു പതിപ്പാണ്. നന്മ നിറഞ്ഞ ജനങ്ങള്‍. പ്രകൃതിയും മനോഹരം. ഇവിടെയാണ് ഇമാം ബുഖാരി(റ) അന്ത്യവിശ്രമം കൊള്ളുന്നത്. പൂന്തോട്ടങ്ങളാല്‍ അലംകൃതമായ, വിശാലമായ ഒരു സമുച്ചയത്തിലാണ് മഖ്ബറ. പള്ളി, മദ്റസ, ലൈബ്രറിയൊക്കെയുള്‍ക്കൊള്ളുന്നതാണിത്.
എഡി 810 (ഹിജ്റ 194) ല്‍ ബുഖാറയിലാണ് ജനനം. പതിനാറാം വയസ്സില്‍ മക്കയിലേക്ക് യാത്ര തിരിച്ച ഇമാം പതിനാറ് വര്‍ഷത്തോളം ഹദീസ് സന്പാദനത്തിനായി അവിടെ കഴിച്ചുകൂട്ടി. ലക്ഷക്കണക്കിന് ഹദീസുകളില്‍ നിന്ന് തെരഞ്ഞെടുത്ത 7725 ഹദീസുകള്‍ കോര്‍ത്തിണക്കിയതാണ് സ്വഹീഹുല്‍ ബുഖാരി. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിക ലോകത്ത് ഏറ്റവും ആധികാരികമായ ഗ്രന്ഥം. മഹാനവര്‍കളുടെ മറ്റൊരു പ്രശസ്ത ഹദീസ് സമാഹാരമാണ് അല്‍ അദബുല്‍ മുഫ്റദ്.
നാട്ടില്‍ തിരിച്ചെത്തിയ ഇമാം ബുഖാരി(റ) രാഷ്ട്രീയ കാരണങ്ങളാല്‍ നൈസാബൂരില്‍ തങ്ങി. പിന്നീട് രാജോചിതമായ സ്വീകരണത്തോടെ ജന്മനാടായ ബുഖാറ അദ്ദേഹത്തെ വരവേറ്റു. എന്നാല്‍ പിന്നീടും രാഷ്ട്രീയ പ്രശ്നങ്ങളാല്‍ അദ്ദേഹം ബുഖാറ വിടാന്‍ നിര്‍ബന്ധിതനായി. സമര്‍ഖന്ദിലേക്കുള്ള യാത്രാമധ്യേ അതിനടുത്തുള്ള ഗ്രാമമായ ഖര്‍തംഗില്‍ വെച്ച് ആ മഹാ പ്രതിഭ എഡി 870ല്‍ ശവ്വാല്‍ ഒന്നിന് ശനിയാഴ്ച ഈ ലോകത്തോട് വിട പറഞ്ഞു.
പെരുന്നാള്‍ ദിനം ളുഹര്‍ നിസ്കാരാനന്തരം മയ്യിത്ത് സംസ്കരണം നടന്നു. ഖബറടക്കം കഴിഞ്ഞപ്പോള്‍, അവിടെ നിന്ന് കസ്തൂരി ഗന്ധം ഉയര്‍ന്നു. ഖബ്റില്‍ നിന്നും വെള്ളസ്തൂപം പോലെ ഒരു വെളിച്ചം മദീനാ ശരീഫിന്റെ ഭാഗത്തേക്ക് നീണ്ടുകിടന്നുവത്രെ. ഏതായാലും ഖര്‍താംഗിലെ ഹരിതാഭമായ പടുകൂറ്റന്‍ ഇമാം ബുഖാരി കോംപ്ലക്സിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അത്യാദരവുകളോടെയല്ലാതെ ഒരു നിമിഷം പോലും മഹാമനീഷിക്കു മുമ്പില്‍ നിര്‍ക്കാനാവില്ല.
ഞങ്ങള്‍ ഇമാമിന്റെ സന്നിധിയില്‍ ചെലവഴിച്ച നിമിഷങ്ങള്‍ ജീവിതത്തിലെ തന്നെ അസുലഭ മുഹൂര്‍ത്തമായി അനുഭവപ്പെട്ടു. കൂടെയുള്ള ഉസ്താദുമാര്‍ ബുഖാരിയില്‍ നിന്ന് ഏതാനും ഹദീസുകള്‍ അവിടെവെച്ചു ബറകത്തിനായി പാരായണം ചെയ്തു നിര്‍വൃതിയടഞ്ഞു.
സമര്‍ഖന്ദ്
ഉസ്ബക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ പട്ടണമായ സമര്‍ഖന്ദ് സില്‍ക്ക്റൂട്ടിലെ (ചൈനയിലേക്കുള്ള റോഡ്) മധ്യഭാഗത്ത് നിലകൊള്ളുന്നു. ഇസ്‌ലാമിക വൈജ്ഞാനിക നഗരിയായിരുന്ന ഈ പട്ടണം തിമൂറിന്റെ ഭരണതലസ്ഥാനമായി പരിലസിച്ചു. ബിസി 332ല്‍ അലക്സാണ്ടര്‍ ഇവിടെ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും പുരാതന ജനവാസ കേന്ദ്രമാണ് സമര്‍ഖന്ദ്. ബിസി 700ല്‍ പ്രിസാഗോഡിയന്‍സ് ആണ് ഈ പട്ടണം സ്ഥാപിച്ചത്.
അലക്സാണ്ടര്‍ക്കു ശേഷം, സാസ്സാനിയന്മാരും ഹെപ്റ്റാലിയന്മാരും തുര്‍ക്കികളും മറ്റും മാറിമാറിവന്നു. ഇഡ്മിന്റെ ഉസ്ബക് പ്രവേശന ശേഷം ബനൂ ഉമയ്യാക്കളും അബ്ബാസികളും ഈ പട്ടണത്തെ സമ്പന്നമാക്കി. കടലാസുണ്ടാക്കുന്ന വിദ്യ ലോകത്തു പ്രചരിച്ചത് ഇവിടെ നിന്നാണത്രെ. എഡി 751ല്‍ താലസ് യുദ്ധത്തില്‍ തടവിലാക്കപ്പെട്ട രണ്ടു ചൈനക്കാരില്‍ നിന്നാണ് ഈ വിദ്യ ഉസ്ബക്കിസ്ഥാനു ലഭിക്കുന്നത്. തുടര്‍ന്ന് ആദ്യത്തെ പേപ്പര്‍മില്‍ സമര്‍ഖന്ദില്‍ സ്ഥാപിതമാവുകയും ചെയ്തു. ഈ വിദ്യ പിന്നീട് യൂറോപ്പില്‍ പ്രചാരം നേടി.
അബ്ബാസിയാ ഭരണം അവസാനിപ്പിച്ചുകൊണ്ട് ഇറാന്‍ വംശജരായ സാമോനികള്‍ എഡി 869ല്‍ മുതല്‍ 999 വരെ ഇവിടം ഭരിച്ചു. സാമേനികളുടെ തലസ്ഥാനം സമര്‍ഖന്ദായിരുന്നു. വ്യാപാര വാണിജ്യ മേഖല ഇവര്‍ക്കു കീഴില്‍ ശക്തിപ്പെട്ടു. എഡി 1000ല്‍ ഇവരെ തുര്‍ക്കികള്‍ കീഴ്പ്പെടുത്തി. അടുത്ത ഇരുനൂറില്‍പരം വര്‍ഷങ്ങള്‍ തുര്‍ക്കികളായ സെല്‍ജൂക്കികള്‍, കവാരിസ്മികള്‍ തുടങ്ങിയവര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു.
എഡി 1220ല്‍ മംഗോളിയക്കാരനായ ചെങ്കിസ്ഖാന്‍ സമര്‍ഖന്ദ് കീഴടക്കി. 30000ത്തോളം യുവാക്കളെയും കരകൗശല വിദഗ്ധരെയും അദ്ദേഹം അറുകൊല ചെയ്തു. അക്കാലത്തെ ലോക സഞ്ചാരിയായ മാര്‍ക്കോ പോളോ സമര്‍ഖന്ദിനെ വിശേഷിപ്പിച്ചത്, വളരെ വിശാലവും ഭംഗിയുമുള്ള നഗരമെന്നാണ്.
മംഗോളിയന്‍ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് 1370ല്‍ തിമൂര്‍ അധികാരമേറ്റു. അടുത്ത 35 വര്‍ഷം കൊണ്ട് അദ്ദേഹം നഗരം നവീകരിച്ചു. ധാരാളം ശില്‍പ്പികളെയും തൊഴിലാളികളെയും വരുത്തി നഗരം വിശാലവും സുന്ദരവുമാക്കി. ശത്രു പ്രതിരോധത്തിനായി നഗരത്തിനു ചുറ്റും ആഴമുള്ള കിടങ്ങുകളും കോട്ടകളും പണിതു. എഡി 1424നും 1429നുമിടക്കാണ് തിമൂറിന്റെ ചെറുമകനായ ഉലൂഗ്ബേഗ് പ്രശസ്തമായ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. അത് അക്കാലത്തെ ഏറ്റവും വലിയ ഒബ്സര്‍വേറ്ററി ആയിരുന്നത്രെ! എഡി 1500കള്‍ക്ക് ശേഷം ഉസ്ബക് വംശജരായ ശൈബാനികള്‍ അധികാരത്തിലേറി.
ഖുസമുബ്നു അബ്ബാസ്(റ)ന്റെ ദര്‍ഗ
സമര്‍ഖന്ദിലെ അമൂല്യ കാഴ്ചകളിലൊന്നാണീ ദര്‍ഗ. നബി(സ്വ) മടിയിലിരുത്തി ലാളിച്ച അവിടത്തെ പിതൃവ്യന്‍ അബ്ബാസ്(റ)വിന്റെ നാലു ആണ്‍മക്കളില്‍ പെട്ട സ്വഹാബി വര്യനായ ഖുസം(റ) അന്ത്യവിശ്രമം കൊള്ളുന്നതിവിടെയാണ് (അബ്ദുല്ലാഹിബ്നു അബ്ബാസ്, ഉബൈദുല്ലാഹിബ്നു അബ്ബാസ്, ഫള്ലുബ്നു അബ്ബാസ് എന്നിവരാണ് മറ്റു മൂന്നുപേര്‍). മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന മഖ്ബറയാണിത്.
ഇമാം അബൂ മന്‍സ്വൂറുല്‍ മാതുരീദി(റ)
അഖീദയുടെ രണ്ടു ഇമാമുകളില്‍ ഒരാളായ മാതുരീദി(റ)വിന്റെ ദര്‍ഗാശരീഫ് വളരെ ആകര്‍ഷകമായി സംരക്ഷിച്ചിരിക്കുന്നു. സോവിയറ്റ് അധിനിവേശത്തിന് ശേഷം, ഇപ്പോഴത്തെ ഉസ്ബക് പ്രസിഡന്‍റ് ഇസ്‌ലാം കരീമോവ് മുന്‍കൈയെടുത്തു നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ Çാഘനീയം തന്നെ. വഴിയിലെങ്ങും ഞങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുന്ന കുട്ടികള്‍. വണ്ടിയിറങ്ങി കുറച്ചു നടക്കണം മഖ്ബറയിലെത്താന്‍. വഴിക്കിരുവശവും വൃത്തിയുള്ള കൊച്ചു വീടുകള്‍ കാണാം.
(തുടരും)

യാത്ര3/ത്വബീബ് മുഹമ്മദ് കൊച്ചി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ