കുലീനമായിരുന്നു ഇമാം ശാഫിഈ(റ) വിന്റെ ജീവിതം. തിരുനബി(സ്വ)യുടെ ജീവിതത്തിൽ നിന്ന് പകർത്തിയെടുത്ത വിശുദ്ധി. ജീവിത സാഹചര്യങ്ങളിലും കുടുംബ പാശ്ചാത്തലത്തിൽ പോലും ഈ ഇഴയടുപ്പം കാണാനാകും. നബി(സ്വ)യുടെ വിശുദ്ധ ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളും ഇമാം ശാഫിഈ(റ)വിന്റെ ജീവിതത്തിലും കടന്നുവരുന്നുണ്ട്. ഇതൊരു യാദൃച്ഛിക പ്രതിഭാസമായി കാണാനാവില്ല. അല്ലാഹുവിന്റെ കാലേക്കൂട്ടിയുള്ള തീരുമാനത്തിന്റെ ഭാഗമായി വേണം ഇതിനെ വിലയിരുത്താൻ. ശാഫിഈ(റ)വിന്റെ ജനനം മുതൽ വിയോഗം വരെ പലതിലും പ്രവാചകരുടെ ജീവിതത്തോടുള്ള ഈ സാമ്യത വ്യക്തം.
നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ച് പൂർവ വേദങ്ങൾ പ്രവചിച്ചിട്ടുണ്ട്. പൂർവ മതപുരോഹിതന്മാരിൽ പലരും തിരുപ്പിറവിയെ പറ്റി സുവിശേഷമറിയിച്ചു. ഇമാം ശാഫിഈ(റ)യുടെ കാര്യത്തിലും ഇത് കാണാം. ഇമാമിന്റെ ആഗമനത്തെ സംബന്ധിച്ച് തിരുനബി(സ്വ) പ്രവചിച്ചു: ‘ഖുറൈശ് വംശജനായ ഒരു പണ്ഡിതൻ ഭൂമിയുടെ സകല അടുക്കുകളെയും വിജ്ഞാനം കൊണ്ട് നിറക്കും’ (അഹ്മദ്, അബൂനുഐം, ബൈഹഖി). ഇമാം ശാഫിഈ(റ)വിലാണ് ഈ പ്രവചനം പുലർന്നു കാണുന്നതെന്ന് ഇമാം അഹ്മദ്(റ) ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതന്മാർ വിവരിക്കുന്നു. പൂർവികരും പിൽക്കാലക്കാരുമായ വേറെയും പണ്ഡിത മഹത്തുക്കൾ ഈ വീക്ഷണം ശരിവെച്ചിട്ടുണ്ട്.
സ്വഹാബികളിലും താബിഉകളിലും വ്യഖ്യാതരായ പല ഖുറൈശി പണ്ഡിതന്മാരും കഴിഞ്ഞുപോയിട്ടുണ്ട്. അവരുടെ അറിവ് പല നിലയിൽ വ്യാപിക്കുകയും പ്രചരിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാൽ ഇമാം ശാഫിഈ(റ)നെ പോലെ ഭൂലോകം മുഴുവൻ വിജ്ഞാനം കൊണ്ട് നിറച്ച മറ്റൊരു പണ്ഡിത ശ്രേഷ്ഠനുണ്ടായിട്ടില്ല. അതിനാൽ ശാഫിഈ(റ)വിലൂടെയാണ് തിരുനബി(സ്വ)യുടെ ഈ സുവിശേഷം യാഥാർത്ഥ്യമായിട്ടുള്ളതെന്നാണ് ജ്ഞാനികളുടെ സമർത്ഥനം.
തിരുനബി(സ്വ)യെ ഗർഭം ധരിക്കുമ്പോൾ മാതാവ് ആമിന ബീവി(റ)ക്ക് പല സ്വപ്നദർശനങ്ങളുമുണ്ടായിരുന്നു. തന്നിൽ നിന്ന് ഒരു പ്രകാശം പുറപ്പെടുന്നതും അത് ഭൂമി ലോകം മുഴുവൻ പ്രകാശം പരത്തുന്നതുമായിരുന്നു അതിലൊന്ന്. റസൂൽ(സ്വ) ഭൂമിലോകം മുഴുവൻ സത്യപ്രകാശം പരത്തുമെന്നതിന്റെ സൂചനയായിരുന്നു ഈ സ്വപ്നം. ശാഫിഈ(റ)ന്റെ മാതാവിനും സമാനമായ സ്വപ്നദർശനമുണ്ടായിട്ടുണ്ട്.
തന്നിൽ നിന്ന് വ്യാഴഗ്രഹം പുറപ്പെടുന്നതും അത് മിസ്വ്റിൽ ചെന്ന് പതിക്കുന്നതും ശേഷം ഓരോ രാജ്യത്തും അതിൽ നിന്നുള്ള ഭാഗങ്ങൾ വീഴുന്നതുമായിരുന്നു സ്വപ്നം (അൽബിദായ 10/324). തന്നിൽ നിന്നൊരു പണ്ഡിതൻ പിറവിയെടുക്കുമെന്നും അദ്ദേഹത്തിന്റെ അറിവ് മിസ്വ്റിൽ കേന്ദ്രീകരിക്കുകയും ശേഷം മറ്റെല്ലാ രാജ്യങ്ങളിലേക്കും അത് പ്രചരിക്കുകയും ചെയ്യുമെന്നായിരുന്നു സ്വപ്ന വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണം.
പിതാവിന്റെ ലാളനയില്ലാതെയാണ് തിരുനബി(സ്വ)യെ പോലെ ശാഫിഈ(റ)വും വളർന്നത്. ജനിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോൾ പിതാവ് ഇഹലോകത്തോട് യാത്ര പറഞ്ഞു. മാതാവിന്റെ പരിലാളനയിലായി പിന്നീട് ഇമാമിന്റെ ജീവിതം. ദരിദ്രപൂർണമായിരുന്നല്ലോ റസൂലിന്റെ കുടുംബ പാശ്ചാത്തലം. ദാരിദ്ര്യമകറ്റാൻ ബാല്യകാലത്ത് അവിടന്ന് ആടുകളെ മേച്ചു. പിന്നീട്, വർത്തക പ്രമുഖയായ ഖദീജ ബീവി(റ)യെ കച്ചവടത്തിൽ സഹായിച്ചു.
ഇപ്രകാരം, ദരിദ്ര കുടുംബത്തിലായിരുന്നു ഇമാമിന്റെയും ജനനം. പിതാവിന്റെ മരണത്തോടെ ദുരിതം വീണ്ടും വർധിച്ചു. കൊടിയ ദാരിദ്ര്യത്തിലാണ് വളർന്നത്. ക്ലേശകരമായ പഠനകാലം. വിശപ്പും കഷ്ടപ്പാടുമായിരുന്നു കൂട്ട്. പഠനച്ചെലവിനോ മറ്റാവശ്യങ്ങൾക്കോ പണമുണ്ടായിരുന്നില്ല. ഗുരുവിന് നൽകാനുള്ള പണം പോലും ഉമ്മയുടെ പക്കലില്ല. ഗുരുവിന്റെ അഭാവത്തിൽ വിദ്യാർത്ഥികളുടെ കാര്യങ്ങൾ ശ്രദ്ധിച്ചും വിദ്യാലയ കാര്യങ്ങളിൽ ഗുരുവിനെ സഹായിച്ചുമാണ് അതിന് പരിഹാരം കണ്ടത് (മനാഖിബുശ്ശാഫിഈ 1/92).
കടലാസ് വാങ്ങാൻ സാധിക്കാത്തതിനാൽ എല്ലുകളിലും മറ്റും പാഠഭാഗങ്ങൾ എഴുതിയെടുത്തു (ഹിൽയ 9/74). ദാരിദ്ര്യം മൂലം ചെറുതും വലുതുമായ പല വസ്തുക്കളും വിൽപ്പന നടത്തി. ഭാര്യയുടെയും മകളുടെയും ആഭരണങ്ങൾ വരെ ഒരവസരത്തിൽ വിറ്റതിനെക്കുറിച്ച് ഇമാം വിവരിച്ചിട്ടുണ്ട് (ഹിൽയ 9/770).
തിരുനബി(സ്വ)യുടെ വിശുദ്ധനാമം തന്നെയാണ് അദ്ദേഹത്തിന് മാതാവ് നൽകിയത്. അബൂ അബ്ദില്ല എന്നാണ് ഇമാമിന്റെ ഉപനാമം. തിരുനബി(സ്വ)യുടെ ഗോത്രമായ ഖുറൈശിലാണ് ജനനം. ശാഫിഈ(റ)വിന്റെ വംശപരമ്പര തിരുനബി(സ്വ)യുടെ മൂന്നാമത്തെ പിതാമഹനായ അബ്ദുമനാഫിൽ സന്ധിക്കുന്നു. പിതൃതാവഴിക്ക് ഇമാം ശാഫിഈ(റ) മുത്ത്വലിബിയാണങ്കിലും മാതാവ് ഹാശിം വംശജയാണ്.
മതപ്രബോധനത്തിനായി നബി(സ്വ) ജന്മനാട്ടിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് പോലെ ശാഫിഈ(റ)ന്റെ ജീവിതം മുഴുക്കെ യാത്രകളായിരുന്നു. ഫലസ്തീനിലെ ഗസ്സയിൽ ജനിച്ച അദ്ദേഹം കുട്ടിയായിരിക്കെ മാതാവൊന്നിച്ച് മക്കയിലേക്ക് യാത്ര ചെയ്തു. അവിടെ നിന്ന് മദീനയിലേക്കും തുടർന്ന് ഇറാഖിലേക്കും തിരിച്ചു. ഇറാഖിൽ നിന്ന് വീണ്ടും മക്കയിലേക്ക് വന്നെങ്കിലും ഇറാഖിലേക്ക് തന്നെ മടങ്ങി. ഈജിപ്തിലേക്കായിരുന്നു അവസാന യാത്ര. അവിടെ വെച്ചാണ് ഇമാമിന്റെ വിയോഗം.
കുടുംബ മഹിമയിലും ജീവിത സാഹചര്യങ്ങളിലും മാത്രമല്ല, സ്വഭാവ ഗുണങ്ങളിലും ജീവിത വിശുദ്ധിയിലും തിരുനബി(സ്വ)യുടെ പകർപ്പായിരുന്നു ഇമാം. നിർമലവും പവിത്രവുമായ വ്യക്തിജീവിതം. വിനയം, തഖ്വ, തവക്കുൽ, ഉദാരത, ദയ, കാരുണ്യം, ഐഹികവിരക്തി തുടങ്ങിയ തിരുദൂതരുടെ സ്വഭാവ ഗുണങ്ങളെല്ലാം ശാഫിഈ(റ)വിലും മികച്ചുനിന്നു.
വിനയം, ലാളിത്യം
വിനയം മാന്യന്മാരുടെ സ്വഭാവമാണെന്ന് പറഞ്ഞ ഇമാം ശാഫിഈ(റ) ജീവിതത്തിലുടനീളം അത് പ്രകടിപ്പിക്കുകയുണ്ടായി. വിശുദ്ധ ഖുർആൻ, ഹദീസ്, കർമശാസ്ത്രം, ഭാഷ, സാഹിത്യം, കവിത തുടങ്ങിയ വിജ്ഞാന ശാഖകളിലെ അവഗാഹം, മക്കയിലെ മുഫ്തിയായിരുന്ന മുസ്ലിമുബ്നു ഖാലിദുസ്സിൻജി(റ), ഇമാം മാലിക്(റ) എന്നിവരിൽ നിന്ന് മതവിഷയങ്ങളിൽ ഗവേഷണം നടത്താനുള്ള അനുമതി, ഉന്നത ശീർഷരായ ശിഷ്യന്മാരുടെ നീണ്ടനിര തുടങ്ങിയവയെല്ലാമുണ്ടായിരുന്നിട്ടും തികഞ്ഞ വിനയവും ലാളിത്യവുമാണ് ഇമാം പുലർത്തിയത്. ഫലസമൃദ്ധമായ വൃക്ഷത്തിന്റെ ചില്ലകൾ കണക്കെ അറിവുള്ളവർ വിനയം കാണിക്കുമെന്ന ആപ്തവാക്യം അന്വർത്ഥമാക്കുന്നതായിരുന്നു ആ മഹദ് ജീവിതം. ഒരിക്കൽ പോലും തന്റെ വൈജ്ഞാനിക മികവിനെക്കുറിച്ചോ രചനാവൈഭവത്തെ പറ്റിയോ സാഹിത്യ മേന്മയെ ചൊല്ലിയോ വാഴ്ത്തിപ്പറഞ്ഞില്ല. മറ്റുള്ളവർ പുരസ്കരിച്ചു പറഞ്ഞപ്പോഴും അഭിമാനം കൊണ്ടില്ല.
ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഇമാമിന്റെ ബുദ്ധിവൈഭവം. ഓർമശക്തിയിൽ അദ്ദേഹത്തെ കവച്ചുവെക്കാൻ അധികമാരുമുണ്ടാവുമെന്ന് തോന്നുന്നില്ല. ഏഴാം വയസ്സിൽ വിശുദ്ധ ഖുർആനും പത്താം വയസ്സിൽ ഇമാം മാലിക്(റ)ന്റെ മുവത്വയും ഹൃദിസ്ഥമാക്കിയ ശാഫിഈ(റ) ഒറ്റ രാത്രികൊണ്ടാണ് ഇമാം അബൂഹനീഫ(റ)യുടെ ഔസത്വ് ഹൃദിസ്ഥമാക്കിയത്. ഒമ്പത് രാത്രികളിലായാണ് മുവത്വ മനപ്പാഠമാക്കുന്നത്. മൂന്ന് രാത്രി കൊണ്ടാണെന്നും അഭിപ്രായമുണ്ട് (നൂറുൽ അബ്സ്വാർ പേ. 235).
കേട്ടതെന്തും അതേപടി ഓർത്തിരിക്കാൻ മഹാന് കഴിയുമായിരുന്നു. അതേ ഇമാം തന്നെ സ്മൃതി ഭ്രംശത്തെ കുറിച്ച് ഗുരു വകീഅ്(റ)വിനോട് പരാതിപ്പെട്ടതിനെ പറ്റി തന്റെ കവിതയിൽ വിവരിക്കുന്നുണ്ട്. ജ്ഞാനികളതിനെ പല തരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി ശാഫിഈ(റ)വിന്റെ വിനയവും താഴ്മയുമാണ് അതിൽ പ്രകടമാകുന്നത്. അദ്ദേഹത്തിന്റെ കവിതകളിലെല്ലാം വിനയത്തിന്റെയും ആത്മനിസ്സാരതയുടെയും അംശം കാണാം. എല്ലാമായിരിക്കുമ്പോഴും ഞാനൊന്നുമല്ലെന്ന വിനയഭാവം!
ശാഫിഈ(റ) മഅ്സൂം (പാപ സുരക്ഷിതൻ) അല്ലെങ്കിൽ പോലും മഹ്ഫൂള് (പാപങ്ങളിൽ നിന്ന് രക്ഷയുള്ളയാൾ) ആണെന്നാണ് പണ്ഡിത വീക്ഷണം. എന്നാൽ കൊടിയ കുറ്റവാളിയെ പോലെയാണ് ഇമാം പല കവിതകളിലും തന്റെ വ്യക്തിത്വത്തെ ആവിഷ്കരിക്കുന്നത്. ‘സജ്ജനങ്ങളെ ഞാനിഷ്ടപ്പെടുന്നു; ഞാൻ അവരിൽ പെട്ടവനല്ലങ്കിൽ പോലും. എനിക്കവരുടെ ശിപാർശ ലഭിച്ചിരുന്നെങ്കിലെന്നാണ് എന്റെ ആഗ്രഹം. തിന്മ വ്യവഹാരം ചെയ്യുന്നവരെ ഞാൻ വെറുക്കുന്നു; ഒരേ ഉൽപന്നങ്ങളാണ് ഞങ്ങളെല്ലാം കൈവശം വെച്ചിട്ടുള്ളതെങ്കിൽ പൊലും’ എന്ന് ശാഫിഈ(റ) കവിതയിൽ കുറിക്കുമ്പോൾ വിനയത്തിന്റെ മൂർത്തഭാവമാണ് അതിലൂടെ വായിച്ചെടുക്കാനാവുക. മരണശയ്യയിൽ കിടക്കുമ്പോൾ സന്ദർശിക്കാൻ വന്ന ശിഷ്യൻ മുസനി(റ)വിനോട് വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇമാം പറഞ്ഞു: ‘ഐഹിക ലോകത്ത് നിന്ന് ഞാൻ യാത്ര തിരിക്കുകയാണ്, ഞാനെന്റെ കൂട്ടുകാരെ പിരിഞ്ഞുപോവുകയാണ്. എന്റെ ദുഷ്ചെയ്തികളെ അഭിമുഖീകരിക്കാൻ പോവുകയാണ്. അല്ലാഹുവിലേക്ക് യാത്ര പുറപ്പെടുകയാണ്. എന്റെ ആത്മാവ് സ്വർഗത്തിലേക്കാണോ പോവുക? അവിടെയതിന് അഭിവാദ്യം ലഭിക്കുമോ? അതല്ല, നരകാഗ്നിയിലേക്കാണോ? ഞാനവിടെ ഒറ്റപ്പെട്ടു കഴിയേണ്ടിവരുമോ? എനിക്കറിയില്ല.
ശേഷം പറഞ്ഞു: എന്റെ ഹൃദയം കടുത്തതാവുകയും എന്റെ വഴികൾ ഇടുങ്ങിയതാവുകയും ചെയ്തപ്പോൾ നിന്റെ ഔദാര്യത്തിലേക്ക് ഞാൻ പ്രതീക്ഷയുടെ ഗോവണിവെച്ചു. എന്റെ പാപങ്ങൾ സാരമുള്ളതായി എനിക്ക് തോന്നുന്നു. നാഥാ, നിന്റെ ഔദാര്യത്തിലേക്കും മാപ്പിലേക്കും ചേർത്തുനോക്കുമ്പോൾ നിന്റെ മാപ്പ് അതിനെക്കാളെല്ലാം എത്രയോ വലുതാണ്. നീ എപ്പോഴും തെറ്റുകുറ്റങ്ങൾക്ക് മാപ്പ് നൽകുന്നവനും ഉദാരനുമാണല്ലോ! നിന്റെ ഔദാര്യം കൊണ്ടും ദയ കൊണ്ടും അനുഗ്രഹം കൊണ്ടും നീ ഏറെ മാപ്പ് ചെയ്യുന്നു. നീ എന്നെ ശിക്ഷിക്കുകയാണെങ്കിൽ എന്റെ ശരീരം നരകാഗ്നിയിൽ പ്രവേശിപ്പിച്ചാൽ പോലും ഞാനൊരിക്കലും നിരാശനാവുകയില്ല. ഞാൻ പാപം ചെയ്തവനാണെന്നും അതെത്രയേറെ വലുതാണെന്നും എനിക്ക് ബോധ്യമുണ്ട്. തീർച്ച, കാരുണ്യവാനായ അല്ലാഹു അതിനെല്ലാം മാപ്പ് നൽകുമെന്നും എനിക്ക് ബോധ്യമുണ്ട് (മനാഖിബുൽ ഇമാമുശ്ശാഫിഈ 2/111 ത്വബഖാതു ശ്ശാഫിഇയ്യത്തിൽ കുബ്റ 1/156).
തനിക്ക് ലഭിച്ച വിജ്ഞാനങ്ങളെല്ലാം മറ്റുള്ളവർക്ക് പകർന്നുനൽകണമെന്നാഗ്രഹിച്ച ഇമാം അത് തന്നിലേക്ക് ചേർത്തപ്പെടാതിരിക്കാൻ അഭിലഷിച്ചു. രോഗശയ്യയിൽ വെച്ച് ഗ്രന്ഥങ്ങളെ കുറിച്ചുള്ള പരാമർശം വന്നപ്പോൾ ഇമാം പറഞ്ഞു: ‘ജനങ്ങളെല്ലാം അത് പഠിക്കുകയും അതിൽ നിന്നൊന്നും എന്നിലേക്ക് ചേർത്തു പറയാതിരിക്കുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.’ ‘എനിക്കറിയാവുന്ന എല്ലാ വിജ്ഞാനങ്ങളും ജനങ്ങൾ അറിയാനും അതിന്റെ പേരിൽ അവരെന്നെ പുകഴ്ത്തിപ്പറയാതിരിക്കാനുമാണ് ഞാനാഗ്രഹിക്കുന്നത്’ എന്നും ഇമാം പറഞ്ഞിട്ടുണ്ട് (അൽഇമാമുശ്ശാഫിഈ പേ. 23).
അറിവ് ഇമാമിനെ കൂടുതൽ വിനയാന്വിതനാക്കുകയാണ് ചെയ്തത്. ശിഷ്യന്മാരോടുള്ള പെരുമാറ്റത്തിലും മറ്റും ഇത് പ്രകടമായിരുന്നു. ഒരിക്കൽ ശിഷ്യനായ അഹ്മദ് ബ്നു ഹമ്പൽ(റ)വിനോട് ഇമാം പറഞ്ഞു: ‘നിങ്ങൾക്കാണ് ശരിയായ പരമ്പരയിലൂടെ ലഭിച്ച ഹദീസുകളെ കുറിച്ച് എന്നെക്കാൾ അറിവുള്ളത്. നിങ്ങളുടെ പക്കൽ അത്തരത്തിലുള്ള ഹദീസുകളുണ്ടെങ്കിൽ അത് കൂഫയിൽ നിന്ന് ലഭിച്ചതോ ബസ്വറയിൽ നിന്നുള്ളതോ ശാമിൽ നിന്ന് കേട്ടതോ ഏതുമാവട്ടെ, എനിക്ക് കൂടി നിങ്ങളത് പറഞ്ഞുതരിക. എങ്കിൽ എനിക്കത നുസരിച്ച് നീങ്ങാമല്ലോ (അൽഇമാമു ശ്ശാഫിഈ 24).
ലളിതമായിരുന്നു ഇമാമിന്റെ ജീവിതം. സമ്പത്തിനോടോ ഭൗതിക സുഖാഡംബരങ്ങളോടോ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വസ്ത്രധാരണ രീതിയിലും ഭക്ഷണ കാര്യത്തിലുമെല്ലാം ഇത് പ്രകടം. ചണത്തിന്റെയും പരുത്തിയുടെയും വസ്ത്രമാണ് ധരിച്ചിരുന്നത്. ചിലപ്പോൾ അതികം പൊക്കമില്ലാത്ത തൊപ്പി ധരിക്കും. അധിക സമയവും തലപ്പാവ് ധരിച്ചിരുന്നു. എന്റെ വസ്ത്രങ്ങളെല്ലാം കൂടി വിൽപ്പന നടത്തിയാൽ ഒരു ചെമ്പു നാണയം (ഫൽസ്) പോലും ലഭിക്കുകയില്ലെന്ന് ഒരിക്കൽ ശാഫിഈ(റ) പറയുകയുണ്ടായി.
ഒരേസമയം ഭംഗിയുള്ളതും പ്രസന്നവും ഗാംഭീര്യമുള്ളതുമായിരുന്നു ഇമാമിന്റെ മുഖഭാവം. മനോഹരമായിരുന്നു ആ ശബ്ദവീചികൾ. അല്ലാഹുവിലുള്ള തവക്കുലായിരുന്നു അദ്ദേഹത്തിൽ മികച്ചുനിന്നിരുന്ന പ്രധാന ഗുണം. മിസ്വ്റിൽ താമസിക്കുകയാണെങ്കിൽ ഒരു വർഷത്തെ ഭക്ഷണ കാര്യവും ഭരണാധികാരിയുടെ അടുത്ത് ഉന്നത സ്ഥാനവും നേടിത്തരാമെന്നും അതിലൂടെ താങ്കൾക്ക് പ്രതാപം ലഭിക്കുമെന്നും പറഞ്ഞ അബ്ദുല്ലാഹിബ്നു അബ്ദുൽ ഹകീമിനോട് ഇമാം പറഞ്ഞു: അബൂമുഹമ്മദ്, തഖ്വ ഒരാൾക്ക് പ്രതാപം നൽകിയിട്ടില്ലെങ്കിൽ അവന് പ്രതാപമില്ല. ഗസ്സയിലാണ് ഞാൻ ജനിച്ചത്. ശേഷം ഹിജാസിലേക്ക് താമസം മാറ്റിയ ഞങ്ങളുടെ പക്കൽ ഒരു രാത്രി കഴിക്കാനുള്ള ഭക്ഷണം പോലുമുണ്ടായിരുന്നില്ല. എന്നിട്ടും, ഞങ്ങൾക്കൊരിക്കലും വിശന്നുകൊണ്ട് അന്തിയുറങ്ങേണ്ടി വന്നിട്ടില്ല (അൽഇമാമുശ്ശാഫിഈ പേ. 23).
ഉദാരത, ഐഹികവിരക്തി
കൊടിയ ദാരിദ്ര്യത്തിൽ വളർന്ന ഇമാം സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ചതേയില്ല. ലഭിക്കുന്ന പണമെല്ലാം ദരിദ്രർക്കും കഷ്ടതയനുഭവിക്കുന്നവർക്കും വീതിച്ചു നൽകി. ദാനം ചെയ്യാത്ത ഒരു ദിവസം പോലും ഇമാമിന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. ദരിദ്രരെയും ദുർബലരെയും കണ്ടെത്തി രാത്രികാലങ്ങളിൽ അവർക്ക് ധർമം നൽകുന്നത് (പ്രത്യേകിച്ചും റമളാനിൽ) ഇമാമിന്റെ പതിവായിരുന്നു.
ദാനത്തിന്റെ ഒട്ടേറെ മാതൃകകൾ ശാഫിഈ(റ)ന്റെ ജീവിതത്തിൽ കാണാം. യമനിൽ നിന്ന് മക്കയിലേക്ക് തിരിക്കുമ്പോൾ തന്റെ പക്കലുണ്ടായിരുന്ന പതിനായിരം ദിർഹം മുഴുവൻ ആവശ്യക്കാർക്ക് വിതരണം ചെയ്ത ശേഷമാണ് മക്കയിൽ പ്രവേശിച്ചതെന്ന് ഇമാം ഹുമൈദി(റ) അനുസ്മരിക്കുന്നുണ്ട്. മക്കയുടെ പുറത്ത് തമ്പടിച്ചാണ് വരുന്നവർക്കെല്ലാം വിതരണം ചെയ്തത്.
ശാഫിഈ(റ)ന്റെ ഔദാര്യത്തെക്കുറിച്ച് ശിഷ്യനായ ഇമാം മുസ്നി(റ) പറയുന്നു: പെരുന്നാൾ രാത്രി പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ഇമാമിനൊരാൾ പണക്കിഴി സമ്മാനിച്ചു. ഇതെന്റെ യജമാനൻ അങ്ങേക്ക് നൽകാൻ ഏൽപ്പിച്ചതാണ്. ഇത് സ്വീകരിച്ചാലും- എന്നയാൾ പറഞ്ഞു. ഇമാം അത് സ്വീകരിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുമ്പോൾ മറ്റൊരാൾ വന്ന് പറഞ്ഞു: അബൂഅബ്ദില്ലാ, എന്റെ ഭാര്യ പ്രസവിച്ചു. എന്റെ കൈയിൽ ഒന്നുമില്ലതാനും. ഇമാം ഉടനെ അത് മുഴുവൻ അയാൾക്ക് നൽകി.
ഹാറൂൻ റശീദിന്റെ ഭാര്യ സുബൈദ ബിൻതു ജഅ്ഫർ പലപ്പോഴും ഇമാം ശാഫിഈ(റ)വിന് വസ്ത്രങ്ങൾ നൽകാറുണ്ടായിരുന്നുവെന്നും അതെല്ലാം ജനങ്ങൾക്ക് വീതിച്ചുനൽകുകയാണ് പതിവെന്നും ഇമാം ബുവൈത്വി(റ) വിവരിച്ചിട്ടുണ്ട്.
ഖലീഫ ഹാറൂൻ റശീദ് ഒരിക്കൽ അയ്യായിരം ദീനാർ ഇമാം ശാഫിഈ(റ)വിന് കൊടുത്തയച്ചു. മുടിവെട്ടുകാരൻ വന്നപ്പോൾ ഇമാം അതിൽ നിന്ന് അമ്പത് ദീനാറെടുത്ത് അയാൾക്ക് കൊടുത്തു. തുടർന്ന് സദസ്സിലും മക്കയിലുള്ളവർക്കുമായി അത് വീതിച്ചു നൽകി. വീട്ടിലെത്തുമ്പോൾ നൂറ് ദീനാറിൽ താഴെ മാത്രമാണ് ഇമാമിന്റെ കൈവശമുണ്ടായിരുന്നത് (അൽഇമാമുശ്ശാഫിഈ 56-57).
ഒരിക്കൽ യാത്രികർക്കുള്ള സത്രത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ധാരാളം സമ്പത്തുമായി ഒരാൾ ഇമാം ശാഫിഈ(റ)വിനെ സമീപിച്ചു. ഇമാം അത് വാങ്ങി സത്രം നടത്തിപ്പുകാരന് നൽകി. യാത്രക്കിടയിൽ വാഹനത്തെ തെളിക്കുന്ന ചാട്ടവാറ് നിലത്ത് വീണപ്പോൾ അതെടുത്ത് കൊടുത്തയാൾക്കും നൽകി അമ്പത് ദിർഹം. ചെരുപ്പ് നന്നാക്കിക്കൊടുത്തയാൾക്ക് നൽകിയത് ചെലവിന് ബാക്കിവെച്ച ഏഴ് ദീനാറാണ്. ഇങ്ങനെ സ്വന്തം ദാരിദ്ര്യം അവഗണിച്ച്, കിട്ടിയതെല്ലാം മറ്റുള്ളവർക്ക് നൽകി മഹാൻ.
അബൂസൗറ്(റ)ന്റെ സാക്ഷ്യം: ഇമാം ശാഫിഈ(റ) മക്കയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ പക്കൽ അൽപ്പം ധനമുണ്ടായിരുന്നു. ഞാനദ്ദേഹത്തോട് പറഞ്ഞു: ധനം സൂക്ഷിച്ചുവെക്കാൻ അങ്ങയുടെ ദാനശീലം അനുവദിക്കുകയില്ല. ഇതുകൊണ്ട് ഒരു കൃഷിഭൂമി വാങ്ങുകയാണെങ്കിൽ അങ്ങയുടെ മരണശേഷം മക്കൾക്കതുപകരിച്ചേക്കും. മക്കയിൽ നിന്ന് തിരിച്ചുവരുമ്പോൾ കൃഷിഭൂമിയെക്കുറിച്ചു ചോദിച്ചപ്പോൾ ഇമാം പറഞ്ഞു: ‘മക്കയിൽ എനിക്ക് വാങ്ങാൻ പറ്റിയ ഭൂമിയൊന്നും ഞാൻ കണ്ടില്ല. ഹജ്ജ് സമയത്ത് നമ്മുടെ അനുചരർക്ക് താമസിക്കാനായി ആ പണം കൊണ്ട് മക്കയിലൊരു വീടു പണിതു.’ ഇമാമിന്റെ വാക്കുകൾ എന്നെ വ്യാകുലപ്പെടുത്തിയെന്ന് മനസ്സിലാക്കിയപ്പോൾ സ്വതസിദ്ധമായ കവിതയിലൂടെ മഹാൻ പറഞ്ഞു: ‘അന്നന്നത്തെ ഭക്ഷണം കൈവശമുണ്ടങ്കിൽ എന്തിന് ദു:ഖിക്കണം. നാളത്തെ കാര്യമോർത്ത് ഞാൻ ആകുലപ്പെടാറില്ല. നാളത്തേക്ക് പുതിയ വിഭവങ്ങൾ ലഭിച്ചേക്കും. അല്ലാഹു ഒരു കാര്യമുദ്ദേശിച്ചാൽ ഞാനതിന് കീഴ്പ്പെടും, ഞാൻ കണക്ക് കൂട്ടിവെച്ചത് ഉപേക്ഷിക്കുകയും ചെയ്യും (അൽഇമാമുശ്ശാഫിഈ മനാഖിബുഹു വ മ വാഹിബുഹു പേ. 22).
വിയോഗ സമയത്ത് ഇമാമിന് കുറച്ചു കടങ്ങളുണ്ടായിരുന്നു. മരണശയ്യയിൽവെച്ച് ശിഷ്യൻ മുസനി(റ)വിനോട് ഇമാം വസ്വിയ്യത്ത് ചെയ്തു: ‘ഞാൻ മരിച്ചാൽ ഗവർണറോട് എന്നെ കുളിപ്പിക്കാൻ പറയണം.’ ശാഫിഈ(റ) ഇഹലോകവാസം വെടിഞ്ഞപ്പോൾ മുസനി(റ) അപ്രകാരം ചെയ്തു. അദ്ദേഹത്തിന് വല്ല കടവുമുണ്ടോ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. ഉണ്ടെന്ന് പറഞ്ഞപ്പോൾ കടം വീട്ടാൻ നിർദേശിക്കുകയും ഇതാണ് എന്നോട് കുളിപ്പിക്കാൻ പറഞ്ഞതിന്റെ അർത്ഥമെന്ന് പറയുകയും ചെയ്തു.
സ്വഭാവ ഗുണം
ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു ഇമാമിന്റേത്. സംവാദവേദികളിൽ പോലും ഉച്ചത്തിൽ സംസാരിക്കുകയോ സഹസംവാദകനെ കൊച്ചാക്കി സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല. സത്യം വിജയിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു ഇമാമിന്. ഒരിക്കൽ അപരിചിതനായൊരു തയ്യൽക്കാരന്റെ പക്കൽ ഇമാം ഖമീസ് തുന്നാൻ കൊടുത്തു. അയാൾ ശാഫിഈ(റ)വിനെ കുറിച്ച് കേട്ടിരുന്നുവെങ്കിലും പരിചയമുണ്ടായിരുന്നില്ല. കുസൃതിക്കാരനായ അയാൾ ഇമാമിന്റെ ഖമീസിലും ഒരു കുസൃതി ഒപ്പിച്ചു. ഖമീസിന്റെ ഇരു കൈകളും രണ്ട് രൂപത്തിൽ തുന്നിപ്പിടിപ്പിച്ചു. വലത് കൈ വളരെ ഇടുങ്ങിയതാക്കി. ഇടത് കൈ കുത്തഴിച്ച ചാക്ക് പോലെ വിശാലവും. കുപ്പായക്കൈകൾ കണ്ട ഇമാം അയാളെ കുറ്റപ്പെടുത്തുകയോ ചീത്ത വിളിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല, അഭിനന്ദിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: ‘അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, വലതു കൈ ഇടുങ്ങിയതിനാൽ വുളൂഅ് ചെയ്യാൻ ഏറെ അധ്വാനം ആവശ്യമാണ്. അതെനിക്ക് കൂടുതൽ പ്രതിഫലം നേടിത്തരുമല്ലോ, ഇടതു കൈ വ്യാസം കൂടിയതിനാൽ ഗ്രന്ഥ രചനക്കും മറ്റും സഹായകമാകും.’ അധികം കഴിഞ്ഞില്ല, രാജദൂതൻ പതിനായിരം ദിർഹമുമായി ഇമാമിനെ സമീപിച്ചു. ശാഫിഈ(റ) പറഞ്ഞു: ഇത് ആ തുന്നൽക്കാരന് കൊടുക്കുക. അയാൾ എന്റെ വസ്ത്രത്തിന് അനുയോജ്യമായ രൂപം കണ്ടെത്താൻ ഏറെ പരിശ്രമിച്ചിട്ടുണ്ട്. അത്ഭുതസ്തബ്ധനായ തുന്നൽക്കാരൻ ആളുകളോട് അന്വേഷിച്ചപ്പോഴാണ് അത് ഇമാം ശാഫിഈ(റ)വാണെന്ന് മനസ്സിലായത്. ഉടൻ തന്നെ അയാൾ ഇമാമിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു. ഇമാമിന്റെ ശിഷ്യത്വം സ്വീകരിക്കുകയും സേവകനായിത്തീരുകയും ചെയ്തു (നൂറുൽ അബ്സ്വാർ 235). മഹാന്റെ സ്വഭാവ മഹിമ വിളിച്ചറിയിക്കുന്ന ഇത്തരം ധാരാളം സംഭവങ്ങൾ ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്.
ഭക്തിയും സൂക്ഷ്മതയും
അതീവ ഭക്തനും സൂക്ഷ്മശാലിയുമായിരുന്നു ശാഫിഈ(റ). മകൻ ഉസ്മാൻ(റ)വിനെ ഗുണദോഷിച്ചുകൊണ്ട് ഇമാം ഒരിക്കൽ പറഞ്ഞു: മകനേ, തണുത്ത വെള്ളം മതകാര്യത്തിൽ വല്ല വിടവുമുണ്ടാക്കിയേക്കുമെന്നെനിക്ക് തോന്നിയാൽ ചൂടുവെള്ളമല്ലാതെ ഞാൻ കുടിക്കുകയില്ല.
മറ്റൊരിക്കൽ പറഞ്ഞു: പതിനാറ് വർഷത്തിനിടെ ഒരിക്കൽ മാത്രമാണ് ഞാൻ വയറു നിറച്ച് ഭക്ഷണം കഴിച്ചത്. അതു ഞാൻ വായിൽ കൈയിട്ട് ഛർദിച്ചു കളയുകയും ചെയ്തു.
വയറു നിറച്ച് ഭക്ഷിച്ചാൽ ശരീരം തടിക്കും. ഹൃദയം കടുത്തു പോകും, ഗ്രാഹ്യശക്തി കുറയും, ഉറക്കം തൂങ്ങും. ആരാധനകൾക്ക് താൽപര്യം കുറയും. ‘സത്യമായോ കള്ളമായോ ജീവിതത്തിലൊരിക്കലും ഞാൻ സത്യം ചെയ്തിട്ടില്ലെന്ന്’ ഇമാം പറയുമായിരുന്നു. ഒരിക്കൽ അദ്ദേഹത്തോട് ഒരു പ്രശ്നത്തിന്റെ മതവിധി തേടിയപ്പോൾ ഇമാം മൗനം പാലിച്ചു. എന്താണ് മറുപടി നൽകാത്തതെന്നാരാഞ്ഞപ്പോൾ ഉത്തരം പറയുന്നതാണോ മൗനം പാലിക്കുന്നതാണോ ഉത്തമമെന്ന് ചിന്തിക്കുകയായിരുന്നുവെന്നായിരുന്നു പ്രതികരണം.
ആരാധനയും ഉറക്കവും
വിജ്ഞാന സമ്പാദനത്തിനും പഠന മനനങ്ങൾക്കുമാണ് ഇമാം കൂടുതൽ സമയം ചെലവിട്ടത്. അതുതന്നെയാണല്ലോ നിർബന്ധ കർമങ്ങൾക്ക് ശേഷം ചെയ്യാവുന്ന ഏറ്റവും മഹത്തായ ആരാധനയും. ഒരിക്കൽ ശിഷ്യനായ അഹ്മദ്(റ)ന്റെ വീട്ടിൽ ഇമാം അതിഥിയായി ചെന്നു. അഹ്മദ്(റ)ന് ഭക്തയായ ഒരു മകളുണ്ടായിരുന്നു. രാത്രി മുഴുവൻ നിസ്കാരത്തിലും പകൽ വ്രതത്തിലുമായിരുന്നു അവർ സമയം വിനിയോഗിച്ചിരുന്നത്. പിതാവിൽ നിന്ന് ശാഫിഈ(റ)വിന്റെ മഹത്ത്വം കേട്ടറിഞ്ഞ അവർ ഇമാം വീട്ടിൽ വന്നത് മുതൽ അദ്ദേഹത്തിന്റെ ഓരോ ചലനവും വീക്ഷിച്ചു. ഭക്ഷണവും ഇശാ നിസ്കാരവും കഴിഞ്ഞപ്പോൾ അഹ്മദ്(റ) പതിവ് ആരാധനകളിൽ മുഴുകി. ഇമാം ശാഫിഈ(റ) ആ സമയം മലർന്ന് കിടക്കുകയായിരുന്നു. നേരം പുലർന്നപ്പോൾ മകൾ അഹ്മദ്(റ)വിനോട് മകൾ പറഞ്ഞു: ‘നിങ്ങൾ എപ്പോഴും ഇമാമിന്റെ മഹത്ത്വം പറഞ്ഞുകൊണ്ടിരിക്കും. നോക്കൂ, ഇന്നലെ രാത്രി ഞാനദ്ദേഹത്തെ വീക്ഷിച്ചു. അദ്ദേഹം നിസ്കരിക്കുന്നതോ ദിക്റ് ചൊല്ലുന്നതോ മറ്റു ആരാധനകളിൽ മുഴുകുന്നതോ എനിക്ക് കാണാൻ കഴിഞ്ഞില്ല.’ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ശാഫിഈ(റ) എഴുന്നേറ്റു വന്നു.
ഉടൻ അഹ്മദ്(റ) ചോദിച്ചു: ഇന്നലെ രാത്രി എങ്ങനെയുണ്ടായിരുന്നു?
ഇമാം പറഞ്ഞു: ‘വളരെ അനുഗൃഹീത രാവായിരുന്നു. പുലരുന്നത് വരെ ഗവേഷണത്തിലേർപ്പെടാൻ എനിക്ക് സാധിച്ചു. വിശ്വാസികൾക്ക് ഉപകരിക്കുന്ന നൂറ് മസ്അലകൾ ഞാൻ കണ്ടെത്തി. ഇന്നലത്തെ രാത്രിയെക്കാൾ അനുഗൃഹീതമായ മറ്റൊരു രാത്രി ഞാനോർക്കുന്നില്ല.’ അപ്പോൾ അഹ്മദ്(റ) മകളോടായി പറഞ്ഞു: മോളേ, ഇമാം കിടന്നുകൊണ്ട് ചെയ്ത ഈ ഗവേഷണമാണ് ഞാൻ ഉറക്കമൊഴിച്ചു ചെയ്യുന്ന കർമങ്ങളെക്കാൾ ഏറെ ഉൽകൃഷ്ടം (നൂറുൽ അബ്സാർ).
അതേസമയം മറ്റു ആരാധനാ കർമങ്ങൾക്കും വളരെയധികം സമയം ഇമാം മാറ്റിവെച്ചിരുന്നു. രാത്രിയെ മൂന്നായി ഭാഗിച്ച അദ്ദേഹം ഒരു ഭാഗം വൈജ്ഞാനിക ഗവേഷണത്തിനും ഒരു ഭാഗം നിസ്കാരത്തിനും മൂന്നാം ഭാഗം ഉറക്കിനുമായി വിനിയോഗിച്ചു. ഓരോ ദിവസവും ഖുർആൻ ആദ്യാവസാനം പാരായണം ചെയ്തു. റമളാനിൽ നിത്യവും രണ്ട് തവണ ഖുർആൻ പൂർണമായി പാരായണം ചെയ്യാൻ സമയം കണ്ടെത്തി. രാത്രി ഒരു തവണയും പകൽ മറ്റൊരു തവണയും. നിസ്കാരത്തിലുള്ള പരായണത്തിന് പുറമെയായിരുന്നു ഇത്. ഖറാഫീസി(റ) അനുസ്മരിച്ചു: ‘രാത്രിയുടെ മൂന്നിലൊരു ഭാഗം നിസ്കാരത്തിനായി ഇമാം ചെലവഴിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അമ്പത്, നൂറ് ആയത്തുകളായിരുന്നു ഓരോ റക്അത്തിലും പാരായണം ചെയ്തിരുന്നത്. ഓത്തിനിടയിൽ അനുഗ്രഹത്തെ കുറിച്ച് പരാമർശമുള്ള ആയത്തുകൾ കടന്നുവന്നാൽ സ്വന്തത്തിനും വിശ്വാസി സമൂഹത്തിനും വേണ്ടി അല്ലാഹുവിനോട് കാരുണ്യം ചോദിക്കും. ശിക്ഷ പരാമർശിക്കുന്ന വചനങ്ങൾ കടന്നുവന്നാൽ തന്നെയും വിശ്വസി സമൂഹത്തെയും അതിൽ നിന്ന് രക്ഷപ്പെടുത്താൻ പ്രാർത്ഥിക്കും.’ രോഗപീഡകൾക്കും പ്രതിസന്ധികൾക്കും നടുവിലാണ് ഇമാം ഇതിനെല്ലാം സമയം കണ്ടെത്തിയിരുന്നതെന്നതാണ് ശ്രദ്ധേയം.
ഇസ്ഹാഖ് അഹ്സനി