ജീവിതത്തിൽ ജ്ഞാനത്തിന്റെ മാധുര്യം അനുഭവിച്ച് ലോകത്ത് വിജ്ഞാനത്തിന്റെ പ്രഭ പരത്തിയ പണ്ഡിത പ്രതിഭയാണ് ഇമാം സുയൂത്വി(റ). പണ്ഡിതലോകത്തിന്റെ സർവാദരവും പിടിച്ചുപറ്റിയ ഇമാം സുയൂത്വി ഇസ്‌ലാമിക കർമശാസ്ത്രം, ഹദീസ്, സാഹിത്യം, ഭാഷ തുടങ്ങി മുഴുമേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. അന്വേഷണ തൃഷ്ണ കൊണ്ടും വിജ്ഞാന തൽപരത കൊണ്ടും വൈജ്ഞാനിക ലോകത്ത് മികച്ച പദവി നേടിയെടുക്കാൻ ഇമാമിന്  സാധിച്ചു. പത്താം നൂറ്റാണ്ടിലെ നവോത്ഥാന നായകനും(മുജദ്ദിദ്) പരിഷ്‌കർത്താവുമായ ഇമാമവർകളുടെ സ്മരണ അയവിറക്കുന്ന മാസമാണ് ജമാദുൽ അവ്വൽ.  ഈ മാസം പത്തൊമ്പതിനാണ് മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞത്. അറിവിന്റെ ലോകത്ത് വ്യാപൃതനായ ഇമാം അക്കാലത്തെ സർവാംഗീകൃതനായിരുന്നു.

ഹിജ്‌റ 849-ൽ റജബ് മാസത്തിന്റെ തുടക്കത്തിലെ ഒരു ഞായറാഴ്ച മഗ്‌രിബിന് ശേഷമാണ് ഇമാം ജനിക്കുന്നത്.  ഈജിപ്തിലെ സുയൂത്വ് എന്ന സ്ഥലത്ത് ജനിച്ചത് കാരണം അതിലേക്ക് ചേർത്തിയാണ് ഇമാം സുയൂത്വി എന്ന് വിളിക്കുന്നത്.  യഥാർത്ഥ നാമം അബ്ദുറഹ്മാൻ എന്നും സ്ഥാനപ്പേര് ജലാലുദ്ദീൻ എന്നുമാണ്. അബുൽഫള്ൽ എന്ന ഓമനപ്പേരും മഹാനുണ്ട്.

പിതാവായ അബൂബക്കർ പണ്ഡിതനായിരുന്നു. ആ തണൽ പക്ഷേ, ഏറെക്കാലം അനുഭവിക്കാൻ ഇമാം സുയൂത്വിക്ക് സാധിച്ചില്ല.  അഞ്ചാമത്തെ വയസ്സിൽ പിതാവ് വിട്ടുപിരിയുകയും തുടർന്ന് യത്തീമായി വളരുകയും ചെയ്തു. പിന്നീടങ്ങോട്ടുള്ള മഹാന്റെ ജീവിതം ത്യാഗപൂർണമായിരുന്നു.

എട്ട് വയസ്സാവുന്നതിനുമുമ്പ് വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കി. ഭാഷാപരമായ നിരവധി ഗ്രന്ഥങ്ങളും അനന്തരാവകാശ നിയമ ഗ്രന്ഥങ്ങളും മറ്റും  ഇമാം മന:പാഠമാക്കി. ഹിജ്‌റ 866-ന് 17-ാം വയസ്സിൽ തദ്‌രീസിനുള്ള അനുമതി ഉസ്താദിൽ നിന്ന് ലഭിച്ചു.  വിശാലവും ആധികാരികങ്ങളുമായ ഗ്രന്ഥങ്ങളുടെ ഉടമയായ ഇമാം സുയൂത്വി(റ)യുടെ രചനയുടെ തുടക്കവും ഈ കാലഘട്ടത്തിലാണ്.  ശറഹുൽ ഇസ്ത്തിആനത്തി വൽബസ്മല എന്ന കിതാബാണ് പ്രഥമം. അതിന്റെ രചന പൂർത്തിയാക്കിയ ശേഷം ഉസ്താദായ ഇൽമുദ്ദീൻ ബുൽഖീനി എന്നവർക്ക് സമർപ്പിക്കുകയും ഉസ്താദ് പ്രശംസിക്കുകയും ചെയ്തു (താരീഖുൽ ഖുലഫാഅ്).

അറിവിന്റെയും ഗ്രന്ഥ രചനകളുടെയും തിരക്കുകൾക്കിടയിലും ബൃഹത്തായ പല ഗ്രന്ഥങ്ങളും മന:പാഠമാക്കാൻ സുയൂത്വി(റ) സമയം കണ്ടെത്തി. ഉംദത്തുൽ അഹ്കാം, മിൻഹാജുന്നവവിയ്യ്, അൽഫിയ്യത്തുബ്‌നുമാലിക്, മിൻഹാജുൽ ബൈളാവി എന്നിവ മഹാൻ മന:പാഠമാക്കിയ ചിലതുമാത്രം. തഫ്‌സീർ, ഹദീസ്, കർമശാസ്ത്രം (ഫിഖ്ഹ്), പദോൽപത്തിശാസ്ത്രം (സ്വർഫ്), വ്യാകരണശാസ്ത്രം (നഹ്‌വ്), അലങ്കാരശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളിൽ അഗ്രഗണ്യനായിരുന്നു ഇമാം.  നിദാനശാസ്ത്രം, തർക്കശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയിലെല്ലാം അഗാധപാണ്ഡിത്യവും നേടി.  രണ്ട് ലക്ഷത്തോളം ഹദീസുകളും മനഃപാഠമാക്കി (അൽ

ഇത്ഖാൻ).

ഓരോ വിഷയത്തിലും അവഗാഹം നേടിയ പണ്ഡിതരെ തേടിപ്പിടിച്ച് അവരുടെ സവിധത്തിൽ ചെന്ന് ക്ഷമയോടെ അറിവ് നുകർന്നു.  നൂറ്റിയമ്പതോളം ഉസ്താദുമാരിൽ നിന്ന് ഇത്തരത്തിൽ അറിവുനേടി. അവരിൽ നിന്നെല്ലാം പഠിച്ചെടുത്ത അറിവും തന്റെ  തൂലിക പിറവി നൽകിയ ഗ്രന്ഥങ്ങളും കൊണ്ട് വലിയ ഒരു ലോകം കെട്ടിപ്പടുത്തു മഹാൻ.

ഇമാം ഇൽമുദ്ദീൻ സ്വാലിഹുൽ ബുൽഖീനി, ഇമാം ശറഫുദ്ദീൻ അൽ മനാവി, ശിഹാബുദ്ദീൻ അഹ്മദ് അശ്ശാർമസാഹി, തഖിയുദ്ദീൻ അബുൽ അബ്ബാസ്, മുഹ്‌യിദ്ദീൻ മുഹമ്മദ് അൽ കാഫിയജി(റ) എന്നിവരാണ് പ്രധാന ഗുരുനാഥർ.

ആ കാലഘട്ടത്തിലെ വലിയ അനന്തരാവകാശ വിജ്ഞാന പണ്ഡിതനായ ശൈഖ്  ശിഹാബുദ്ദീൻ ശാർമസാഹിയ്യിൽ നിന്ന് ഫറാഇള് പഠിച്ചു.  എന്നാൽ ശൈഖുൽ ഇസ്‌ലാം ഇൽമുദ്ദീനിയിൽ നിന്നാണ് കർമശാസ്ത്രം പഠിച്ചത്.  അദ്ദേഹത്തിന്റെ മരണ ശേഷം മകനിൽ നിന്നും അറിവു നേടി.  അതിനു ശേഷം ശറഫുദ്ദീനുൽ മുനാവിയിൽ നിന്ന്.  നാലു വർഷക്കാലം തഖിയ്യുദ്ദീനു ശിബിലിയിൽ നിന്നും പതിനാലു വർഷം മുഹ്‌യിദ്ദീൻ കാഫിയജി എന്നവരിൽ നിന്നും മത വിജ്ഞാനം കരഗതമാക്കാൻ ഇമാം സുയൂത്വിക്ക് സാധിച്ചു.

 

രചനാ ലോകം

ലോകത്തിന്റെ നാനാദിക്കുകളിലും വിജ്ഞാനം പ്രസരിപ്പിക്കാനും വലിയൊരു പണ്ഡിതവൃന്ദത്തെ രൂപപ്പെടുത്തിയെടുക്കാനും തന്റെ രചനാ വൈഭവം കൊണ്ട് ഇമാം സുയൂത്വിക്ക് സാധിച്ചു. ആ രചനകൾ തലമുറകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു. സമ്പൂർണവും സരളവും പരിഗണനീയവും അവലംബനീയവുമായ ഗ്രന്ഥങ്ങളായി ഇമാം സുയൂത്വിയുടെ രചനകൾ ഗണിക്കപ്പെട്ടു. വിജ്ഞാനത്തിനു

വേണ്ടി ലോകത്തിന്റെ പലയിടങ്ങളിലേക്കും മഹാൻ സഞ്ചരിച്ചു. ശാം, ഹിജാസ്, യമൻ തുടങ്ങി പാശ്ചാത്യ-പൗരസ്ത്യ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്തു.

വൈവിധ്യങ്ങളായ അഞ്ഞൂറിൽ പരം ഗ്രന്ഥങ്ങളാണ് ആ ജ്ഞാനപുരുഷൻ ലോകത്തിനു സമർപ്പിച്ചത്.    മറ്റൊരഭിപ്രായമനുസരിച്ച് അറുനൂറിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.  ഇമാം സുയൂത്വിയുടെ രചനകളെക്കുറിച്ച് അല്ലാഹുവിന്റെ ദൃഷ്ടാന്തമെന്നേ പറയാനുള്ളൂ. അത്രത്തോളം രചനാ വേഗതയുടെയും വൈഭവത്തിന്റെയും ഉടമയാണ് മഹാൻ (അൽ ഇത്ഖാൻ).

അദ്ദേഹത്തിന്റെ ശിഷ്യൻ ദാവിദി പറയുന്നു: ശൈഖിനെ നിരീക്ഷിച്ചപ്പോൾ എനിക്ക് കണ്ടെത്താനായത് എല്ലാ ദിവസവും മൂന്ന് പേജ് രചനക്കായും രചനാ ക്രമീകരണത്തിനായും ചെലവഴിച്ചതായാണ്.  ഹദീസുകളിലും മറ്റുമുള്ള അവ്യക്തങ്ങളെ സമ്പൂർണവും സരളവുമായ മറുപടികൾകൊണ്ട് ദൂരീകരിച്ചു. അങ്ങനെ അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന  മഹാപണ്ഡിതനായി (താരീഖുൽ ഖുലഫാഅ്).

മഹാന്റെ രചകനകളിൽ ചിലതു കുറിക്കാം:

അദ്ദുർറുൽ മൻസൂർ, അൽ ഇത്ഖാൻ, അൽ മിസ്ഹർ ഫില്ലുഗത്ത്, അൽ ജാമിഉ സ്സ്വഗീർ, ഹുസ്‌നുൽ മുഹാളറ, ലുബാബു നുഖൂൽ, അൽഫിയ്യ…

അറുപത്തൊന്ന് വർഷത്തെ ജീവിതകാലത്തിനിടയിൽ അദ്ദേഹം മതവിജ്ഞാന മേഖലക്കു കനപ്പെട്ട സേവനങ്ങൾ നൽകി. രചനയിൽ വളരെയേറെ പ്രചാരം നേടിയതാണ് തഫ്‌സീറുൽ ജലാലൈനി. സൂറത്തുൽ കഹ്ഫ് മുതൽ സൂറത്തു ന്നാസ് വരെയും, തുടർന്ന് ഫാതിഹയും അൽ ബഖറയിൽ നിന്ന് അൽപവുമാണ് തഫ്‌സീറുൽ ജലാലൈനിയിൽ ഇമാം മഹല്ലിയുടേത്. തുടർന്നുള്ള ഭാഗങ്ങൾ ഇമാമിന്റെ കാലശേഷം ഇമാം സുയൂത്വിയാണ് പൂർത്തീകരിച്ചത്. ഇത്തരത്തിൽ സംഭവബഹുലമായ കാര്യങ്ങൾ ലോകത്തിന് സമർപ്പിച്ച് വരും തലമുറക്ക് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ പരിചയപ്പെടുത്തി.  പത്താം നൂറ്റാണ്ടിനെ സംസ്‌കരിച്ചെടുക്കുന്നതിൽ മഹാനവർകളുടെ രചനകൾ വലിയ സ്വാധീനം ചെലുത്തി. ഓരോ നൂറ്റാണ്ടിലും വന്ന നവോത്ഥാന നായകൻമാരെ ജ്ഞാനികൾ വിശദീകരിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിൽ ഉമറുബ്‌നു അബ്ദുൽ അസീസും രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈയും മൂന്നാം നൂറ്റാണ്ടിൽ ഇബ്‌നു സുറൈജും നാലാം നൂറ്റാണ്ടിൽ ഇമാം സ്വഅ്ലൂമിയും അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലിയും ആറാം നൂറ്റാണ്ടിൽ ഫഖ്‌റുദ്ദീനുറാസിയും ഏഴാം നൂറ്റാണ്ടിൽ ഇമാം നവവിയും എട്ടാം നൂറ്റാണ്ടിൽ അസ്‌നവിയും ഒമ്പതാം നൂറ്റാണ്ടിൽ ഇബ്‌നുഹജറുൽ അസ്ഖലാനിയും പത്താം നൂറ്റാണ്ടിൽ ഇമാം സുയൂത്വി(റ.ഹും.) യുമെന്നാണ് പണ്ഡിത ഭാഷ്യം (തഖ്‌രീറാത്ത്).

 

മാഹാത്മ്യം

ഇമാം സുയൂത്വി കേവലം രചനാ രംഗത്തും അധ്യാപന രംഗത്തും മാത്രം പ്രകാശിച്ചു നിൽക്കുന്നവരായിരുന്നില്ല. മറിച്ച്, ഒരു മനുഷ്യനിലുണ്ടാവേണ്ട നല്ല ഗുണങ്ങൾ ആവോളം ഒത്തിണങ്ങിയവരായിരുന്നു. മാന്യനും ദയാലുവും സൂക്ഷ്മ ശാലിയും സ്വാലിഹുമായിരുന്നു.  കിട്ടിയതു കൊണ്ട് പൊരുത്തപ്പെടുന്ന പ്രകൃതമായിരുന്നു മഹാന്റേത്.

നജ്മുദ്ദീനുൽ ഗിസ്സി പറയുന്നു: മഹാനവർകൾക്ക് നാൽപതു വയസ്സായപ്പോൾ തനിച്ച് താമസിക്കാൻ തുടങ്ങി. ജനങ്ങളെയും കുടുംബത്തെയും നാട്ടുകാരെയും വെടിഞ്ഞും എല്ലാം ഉപേക്ഷിച്ചും പഠനത്തിലും രചനയിലുമായി റൗളത്തുൽ മിഖ്‌യാറിൽ ഏകനായി വസിച്ചു.  ഇവിടെ വെച്ചാണ് മിക്ക ഗ്രന്ഥങ്ങളും മഹാനവർകൾ എഴുതിത്തീർത്തത്.  മരണംവരെ ഇവിടെത്തന്നെ കഴിച്ചുകൂട്ടി.  മരണം സംഭവിച്ചതും റൗളത്തുൽ മിഖ്‌യാറിൽ വെച്ചാണ്. ഇമാമവർകളെ സന്ദർശിക്കാനും ബറകത്തെടുക്കാനും ധാരാളം ഉമറാക്കളും ധനാഢ്യരും എത്തിയിരുന്നു.  അവരെല്ലാവരും മഹാനവർകൾക്ക് വിലപ്പെട്ട ഹദ്‌യകൾ നൽകുമായിരുന്നു.  എന്നാൽ അതൊന്നും വാങ്ങാൻ കൂട്ടാക്കിയിരുന്നില്ല.  എല്ലാം അവരിലേക്കു തന്നെ തിരിച്ചു നൽകുകയാണ് ചെയ്തത്. ഒരിക്കൽ മിസ്‌റിലെ സുൽത്വാൻ സൈഫുദ്ദീനുൽ ഗൂരിയ്യ് മഹാനവർകളിലേക്ക് ദൂതനെ അയച്ചു. ദൂതന്റെ കൈവശം ആയിരം ദീനാറും ഒരു അടിമയെയും കൊടുത്തയച്ചു.  എന്നാൽ ഇമാം ദീനാർ തിരിച്ച് കൊടുക്കുകയും ആ അടിമയെ മോചിപ്പിച്ച് ഹുജ്‌റത്തു ശരീഫിൽ സേവകനാക്കുകയും ചെയ്തു. എന്നിട്ട് സുൽത്താന്റെ ദൂതനോട് പറഞ്ഞു: ഇനിയൊരിക്കലും ഹദ്‌യയുമായി വരരുത്. കാരണം എന്റെ രക്ഷിതാവ് ഇവയെത്തൊട്ടെല്ലാം എന്നെ സമ്പന്നനാക്കിയിട്ടുണ്ട് (താരീഖുൽ ഖുലഫാഅ്).

 

തിരുനബിയുടെ ആശീർവാദം

തിരുനബി(സ്വ)യെ എഴുപതോളം തവണ സ്വപ്നത്തിൽ ദർശിച്ചു ഇമാം സുയൂത്വി.  സ്വപ്നത്തിൽ തിരുനബി(സ്വ)മഹാനവർകളെ ഹാത്തി യാ ശൈഖുസ്സുന്ന എന്ന ആശീർവാദം കൊണ്ട് അനുഗ്രഹിച്ചു.  ഇത് മഹാനവർകളുടെ കറാമത്തായി പണ്ഡിതലോകം ഗണിക്കുന്നു (ഹാശിയത്തു സ്വാവി).

ഹൈദറൂസി എന്ന മഹാൻ പറയുന്നു: ഇമാം സുയൂത്വി(റ)പറഞ്ഞു: തിരുനബി(സ)യെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു. ആ സമയത്ത് ഹദീസ് വിഷയത്തിൽ ഞാൻ രചന നടത്തിയ ജംഉൽ ജവാമിഅ് എന്ന കിതാബിനെക്കുറിച്ച് തിരുനബിയോട് ഓർമപ്പെടുത്തിയപ്പോൾ, അവിടുന്ന് ചിരിച്ച് യാ ശൈഖൽ ഹദീസ് എന്ന് പറഞ്ഞ് ആശീർവദിച്ചു. മാത്രമല്ല, നിങ്ങളുടെ ഈ ഒരുക്കം എന്റെയടുക്കൽ ദുൻയാവിനേക്കാൾ സന്തോഷം നൽകുന്നു എന്ന് പറഞ്ഞ് ആദരിക്കുകയും ചെയ്തു (കവാകിബുസ്സയ്യാറത്ത്).

ഇമാം സുയൂത്വിയുടെ ഖാദിമായ മുഹമ്മദ് ഇബ്‌നി അലിയ്യിൽ ഹബ്ബാൻ പറയുന്നു: ഒരിക്കൽ ഉച്ചയോടടുത്ത സമയത്ത് ശൈഖവർകൾ എന്നോട് ചോദിച്ചു: നിനക്ക് മക്കയിൽ വെച്ച് അസ്വ്‌റ് നിസ്‌കരിക്കാൻ ആഗ്രഹമുണ്ടോ? ഞാൻ അതേ എന്ന് മറുപടി നൽകി. ശൈഖവർകളുടെ മരണം വരെ അത് മറ്റാരോടും പറയരുതെന്ന നിബന്ധനയോടെയായിരുന്നു സംഭവം. ശേഷം ശൈഖവർകൾ അവിടുത്തെ കൈ പിടിക്കാനും കണ്ണടക്കാനും ആവശ്യപ്പെട്ടു. ശേഷം മഹാനവർകൾ 27 അടി മുന്നോട്ടു നീങ്ങി.

ഒപ്പം ഞാനും. പിന്നീട് കണ്ണുതുറക്കാൻ ആവശ്യപ്പെട്ടു.  ആ സമയം ഞാൻ അത്ഭുതപ്പെട്ടുപോയി.  ഞങ്ങൾ ബാബുൽ മുഅല്ലയിലെത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ഹറമിൽ പ്രവേശിക്കുകയും ത്വവാഫ് ചെയ്യുകയും തുടർന്ന് സംസം കുടിക്കുകയും ചെയ്തു.  ഇത് ഇമാം സുയൂത്വിയുടെ മറ്റൊരു കറാമത്താണ് (ഹാശിയത്തു സ്വാവി).

മരണം

ഹിജ്‌റ 911-ൽ ജുമാദുൽ അവ്വൽ 19-ന് വെള്ളിയാഴ്ച രാവിൽ അത്താഴ സമയത്താണ് മഹാൻ ഈ ലോകത്തോട് വിട പറയുന്നത്. റൗളത്തുൽ മിഖ്‌യാറിൽ വെച്ചായിരുന്നു വഫാത്ത്. അസുഖം ബാധിച്ച് ഏഴുദിവസത്തിനു ശേഷമാണിതു സംഭവിച്ചത്. ഈജിപ്തിലെ ബാബുഖുറാഫക്കു പുറത്തുള്ള ഹൗശുഖുർസ്വൂതിലാണ് മറവ് ചെയ്തത്.  വിജ്ഞാനത്തിന്റെ വിളനിലമായ ഈജിപ്തിൽ ഉദയം ചെയ്ത് ലോകമാകെ പ്രഭപരത്തി, ഒരായുഷ്‌കാലത്തെ നിത്യസ്മരണീയമാക്കാനും യുഗാന്തരങ്ങളിൽ ഗുണങ്ങളും നന്മകളും സമ്പാദിക്കാനുമായി എന്നത് തന്നെയാണ് ഇമാം ജലാലുദ്ദീൻ സുയൂത്വി(റ)യുടെ ഏറ്റവും വലിയ ബഹുമതി. മഹാന്റെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെ വിജയിപ്പിക്കട്ടെ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ