നബി(സ്വ)യുടെ പിതാമഹനായ അബ്ദുമനാഫിൽ ചെന്നുചേരുന്ന ഇദ്‌രീസ്(റ)യുടെ പുത്രനായി ഹിജ്‌റ 150-ൽ ഇമാം ശാഫിഈ(റ) ജാതനായി. അദ്ദേഹത്തിന്റെ മൂന്നാം പിതാമഹനായ ശാഫിഅ് എന്നവരിലേക്ക് ചേർത്തിയാണ് ശാഫിഈ എന്നറിയപ്പെട്ടത്. ജനനസ്ഥലം അസ്ഖലാണെന്നും ഗസ്സയാണെന്നും അഭിപ്രായമുണ്ട്. ഇവ രണ്ടും ഫലസ്തീനിലെ അടുത്തടുത്ത പ്രദേശങ്ങളാണ്. രണ്ടു വയസ്സുള്ളപ്പോൾ തന്നെ ജന്മദേശത്തുനിന്ന് മക്കയിലേക്ക് കുടുംബം മാറിത്താമസിച്ചു. പഠനവും ഉന്നതിയിലേക്കുള്ള ഉയർച്ചയുമെല്ലാം അവിടെ വെച്ചായിരുന്നു.

ജന്മദേശത്ത് വെച്ചുതന്നെ പിതാവ് മരണപ്പെടുകയുണ്ടായി. പിന്നീടാണ് തന്റെ പിതൃകുടുംബം താമസിക്കുന്ന മക്കയിലേക്ക് ഉമ്മയോടൊപ്പം വന്നത്. യൗവനത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ട മഹതി സാമ്പത്തിക പരാധീനതകൾക്കിടയിലും പുത്രനെ ഗുരുനാഥന്മാരുടെ അടുത്തയച്ചു. പഠന ഫീസ് നൽകാനാവാത്തതിനാൽ ഉസ്താദിനു സേവനം ചെയ്തു പരിഹാരം കണ്ടു പഠനം നടത്തി. ഏഴ് വയസ്സായപ്പോൾ ഖുർആൻ മനഃപാഠമാക്കി. നല്ല ശബ്ദമാധുര്യത്തോടെ ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

ബഹ്‌റുബ്‌നു നസ്‌റ്(റ) പറയുന്നു: ‘ഇലാഹീ പ്രീതിക്കായി കരയണമെന്ന് ആഗ്രഹിച്ചാൽ ഞങ്ങൾ പറയും, നമുക്ക് ആ ഖുറൈശി യുവാവിന്റെ ഖുർആൻ പാരായണം കേൾക്കാം. അങ്ങനെ ഞങ്ങൾ പള്ളിയിൽ ചെല്ലും. അപ്പോൾ ശാഫിഈ(റ) ഖുർആൻ പാരായണം തുടങ്ങും. അതു കേൾക്കുമ്പോൾ ഞങ്ങൾ ഏങ്ങിക്കരഞ്ഞ് അദ്ദേഹത്തിനു മുമ്പിൽ വീണുപോകും. അതുകാണുമ്പോൾ ശാഫിഈ(റ) ഓത്ത് നിർത്തും’ (ത്വബഖാതുശ്ശാഫിഇയ്യത്തിൽ കുബ്‌റാ).

ഖുർആൻ പഠനശേഷം പള്ളിയിലെ ക്ലാസുകളിൽ പങ്കെടുത്തു. ഹദീസും മതവിധികളും പഠിച്ചു. അത്യാവശ്യമായത് കുറിച്ചെടുക്കാൻ കടലാസും മറഅറും ലഭ്യമല്ലാത്തതിനാൽ വീതിയുള്ള എല്ലിൻ കഷ്ണങ്ങളിലാണ് എഴുതിയിരുന്നത്.

ഭാഷയും പ്രയോഗവും നന്നായി ഗ്രഹിക്കുന്നതിനായി മക്കയിലെ ഹുദൈൽ ഗോത്രക്കാരുടെ കൂടെ അദ്ദേഹം കാലങ്ങളോളം കഴിയുകയുണ്ടായി. അന്നത്തെ സാഹിത്യ സാമ്രാട്ടുകളായിരുന്നു അവർ. ഇമാം ശാഫിഈ(റ) തന്നെ പറയുന്നു: ‘ഞാൻ അറബി കവിതകളും സാഹിത്യ ശകലങ്ങളും ചരിത്രവും പറയുന്നതുകേട്ട് ഒരാൾ എന്നോട് പറഞ്ഞു: നീ നല്ല ഭാഷയും ശൈലിയുമുള്ളയാളായതിനാൽ നിന്റെ കാലത്തെ നേതാവാകും.’ അറിവുതേടി എവിടെ പോകണമെന്ന ചോദ്യത്തിന് ഫഖീഹായ ഇമാം മാലിക്(റ)നെ കാണണമെന്നദ്ദേഹം നിർദേശിച്ചു. മാലിക്(റ)നെ നേരിൽ കാണുന്നതിനു മുമ്പ് ഇമാമിന്റെ മുവത്വ ഒരാളിൽ നിന്ന് വായ്പ വാങ്ങി. ഒമ്പത് രാത്രി കൊണ്ട് ഞാനത് മനഃപാഠമാക്കി’ (അദ്ദിബാജുൽ മുദഹബ്).

വിജ്ഞാനദാഹി

ഇമാം വലിയ വിജ്ഞാന ദാഹിയായിരുന്നു. അദ്ദേഹം തന്നെ പറയുന്നു: ‘ഞാൻ മക്കയിൽ വന്ന ശേഷം പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതു കണ്ട ഒരു ബന്ധു എന്നോടുണർത്തി; നീ ഉപകാരപ്രദമായ വല്ല തൊഴിലും ചെയ്‌തോളൂ. പക്ഷേ, അല്ലാഹു എനിക്ക് രുചിയും ആനന്ദവും നൽകിയത് വിജ്ഞാന സമ്പാദനത്തിലാണ്. രണ്ടു കാര്യങ്ങൾക്കാണ് ഞാൻ കൂടുതൽ പരിഗണന നൽകിയത്. ഒന്ന്, അമ്പെയ്ത്ത്. ഞാനത് നന്നായി പഠിച്ചു. പത്തിൽ പത്തും ലക്ഷ്യത്തിൽ പതിക്കും വിധം നൈപുണ്യം നേടി.’

വിജ്ഞാനത്തിൽ താനെവിടെ എത്തി എന്നതിനെക്കുറിച്ച് ഇമാമവർകൾ പക്ഷേ, ഒന്നും പറഞ്ഞു കേൾക്കാത്തതിനാൽ സദസ്സിലുണ്ടായിരുന്നവർ കൂട്ടിച്ചേർത്തതിങ്ങനെ: അല്ലാഹു സത്യം, അങ്ങ് വിജ്ഞാനത്തിൽ അമ്പെയ്ത്തിനേക്കാൾ യോഗ്യത നേടിയിരിക്കുന്നു (മനാഖിബ്, ഇമാം റാസി).

‘താങ്കൾക്ക് ഇൽമിനോട് എത്രമാത്രം ആഗ്രഹമുണ്ടെന്ന് ഒരാൾ ചോദിച്ചു. ഞാൻ പറഞ്ഞു: പുതിയ ഒരറിവു കേൾക്കുമ്പോൾ എന്റെ ശരീരത്തിലെ അവയവങ്ങളെല്ലാം, അവയ്ക്കും കേൾവി ശേഷിയുണ്ടായിരുന്നെങ്കിൽ എന്നഭിലഷിക്കുന്നതു പോലെ വികാരപ്പെടും. എങ്കിൽ അവയവങ്ങൾക്കും കാതുകൾ അനുഭവിക്കുന്ന വിജ്ഞാന മാധുര്യം ആസ്വദിക്കാമല്ലോ.’ ഇൽമിനോടുള്ള ആത്മാർത്ഥത എങ്ങനെ എന്ന ചോദ്യത്തിനുള്ള ഇമാമിന്റെ മറുപടി കേൾക്കുക: ആർത്തിയോടെ പണം സമ്പാദിക്കുകയും അതു ചെലവഴിക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് സമ്പത്ത് ലഭിക്കുന്നതിലുള്ള കൊതി പോലെയാണെന്റെ വിജ്ഞ#ന തൃഷ്ണ. എങ്ങനെയാണ് നിങ്ങളത് തേടിപ്പിടിക്കുന്നത് എന്ന ചോദ്യത്തിനുള്ള പ്രതികരണം: ഒരു കുട്ടി മാത്രമുള്ള സ്ത്രീ, ഒരുനാൾ ആ കുട്ടിയെ നഷ്ടപ്പെട്ടാൽ എപ്രകാരം അന്വേഷിക്കുമോ അതുപോലെയാണ് എന്റെ വിജ്ഞാനാന്വേഷണം (തവാലിത്തഅ്‌സീസ്, ഇമാം റാസി).

മനഃപാഠശേഷി

കേൾക്കുന്നതത്രയും മനഃപാഠമാക്കുന്നതിൽ ഇമാമിന് സവിശേഷ സിദ്ധിയുണ്ടായിരുന്നു. മുവത്വ മനഃപാഠമാക്കാൻ കുറഞ്ഞ ദിവസം മാത്രമാണ് ഉപയോഗപ്പെടുത്തിയത്. മനഃപാഠമാക്കുകയല്ലാതെ എഴുതി സൂക്ഷിക്കാനോ കൊണ്ടുനടക്കാനോ അറിവു തേടിയുള്ള സഞ്ചാരത്തിനിടയിൽ കഴിയുമായിരുന്നില്ല. ഇമാം പറഞ്ഞു: ഇറാഖിലെ മുഹമ്മദുബ്‌നുൽ ഹസനിൽ നിന്ന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത്ര ഞാൻ മനഃപാഠമാക്കിയിട്ടുണ്ട്. ഞാനത് കേൾക്കുക മാത്രമാണ് ചെയ്തത് (ഹിൽയതുൽ ഔലിയാഅ്).

ഇമാമിന്റെ മനഃപാഠത്തിനും ഓർമശക്തിക്കും കാരണമായി ഉദ്ധരിക്കപ്പെട്ട ഒരു സംഭവമുണ്ട്. അദ്ദേഹം പറയുന്നു: നബി(സ്വ)യെ ഞാൻ സ്വപ്നത്തിൽ കാണുകയുണ്ടായി. അവിടുന്നെന്നെ വിളിച്ചു: ‘മോനേ.’ ലബ്ബൈക യാ റസൂലല്ലാഹ് എന്നു ഞാൻ വിളികേട്ടു. തിരുനബി(സ്വ) നീ ഏതിൽപെട്ടവനാണ് എന്നു ചോദിച്ചു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ അങ്ങയുടെ കുടുംബത്തിൽ പെട്ടവനാണ്. അപ്പോൾ അവിടുന്ന് പറഞ്ഞു: ഇങ്ങോട്ടടുത്ത് വരൂ.’ ഞാനടുത്ത് ചെന്നപ്പോൾ അവിടുത്തെ ഉമിനീരിൽ നിന്ന് അൽപമെടുത്ത് എന്റെ വായിലും നാക്കിലും ചുണ്ടിലും തേച്ചുതന്നിട്ട് പറഞ്ഞു: പോയ്‌ക്കോളൂ, അല്ലാഹു നിന്നിൽ ബറകത്ത് ചെയ്യട്ടെ.’ ഈ സംഭവത്തിന് ശേഷം പഠിച്ച ഹദീസിലോ കവിതയിലോ ഒരു പിഴവും പറ്റിയതായി ഞാനോർക്കുന്നില്ല’ (മനാഖിബ്, ബൈഹഖി).

ബുദ്ധിമാൻ

മനഃപാഠശേഷി മഹാനവർകൾക്ക് വലിയ തുണയായിട്ടുണ്ട്. ആ യുവ പണ്ഡിതന്റെ അരങ്ങേറ്റത്തിൽ ചില അസൂയാലുക്കൾ സ്വാഭാവികമായും അസ്വസ്ഥരായി. ഇമാമവർകളെ നിസ്സാരപ്പെടുത്താനുള്ള ശ്രമങ്ങൾ അവർ നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി, ഇറാഖിലെത്തിയ ഇമാമിനെ പരീക്ഷിക്കുന്നതിനായി രണ്ടു പണ്ഡിതർ ശ്രമം നടത്തി. സങ്കീർണങ്ങളായ ഏതാനും പ്രശ്‌നങ്ങൾ അവർ ചോദ്യരൂപത്തിൽ തയ്യാറാക്കി. എന്നിട്ട് ചെറുപ്പക്കാരനായ ഒരു ശിഷ്യൻ വശം ഇമാമിനു കൊടുത്തയച്ചു. ചോദ്യങ്ങളുമായെത്തിയ ആളോട് ഇമാം ചോദിച്ചു. ആരാണ് നിന്നെ പറഞ്ഞുവിട്ടത്? ഇവയുടെ വിധി അറിയാൻ ഉദ്ദേശിക്കുന്ന ആളെന്ന് അവൻ മറുപടി പറഞ്ഞു.

‘അറിയാനുള്ള ചോദ്യമോ ഉത്തരമുട്ടിക്കാനുള്ള ചോദ്യമോ ഇത്? എന്ന ചോദ്യത്തിന് അവൻ മറുപടി നൽകിയില്ല. അപ്പോൾ ഇമാം പറഞ്ഞു: ഇത് അബൂയൂസുഫും മുഹമ്മദും ഒപ്പിച്ച വേലയാണ്. എന്നിട്ട് മഹാൻ എഴുത്ത് തുറന്ന് വായിച്ചു. അതോടെ അത് മുഴുവൻ ഹൃദിസ്ഥമായി. പിന്നെ അതു തിരിച്ചേൽപ്പിച്ചു അവനെ പറഞ്ഞയച്ചു. ഇമാമവർകൾ ഈ ചോദ്യാവലിയെക്കുറിച്ച് ഖലീഫയെ അറിയിച്ചു. ഖലീഫ അബൂയൂസുഫിനെയും മുഹമ്മദിനെയും വിളിച്ചുവരുത്തി. ചോദ്യാവലി കൊടുത്തയച്ച കാര്യം അവർക്കു സമ്മതിക്കേണ്ടിവന്നു. അപ്പോൾ ഇമാമിനെയും വരുത്തി. ചോദ്യങ്ങൾക്കു പരിഹാരം നിർദേശിക്കാനാവശ്യപ്പെട്ടു.

ഇമാം പറഞ്ഞു: ഇവർ ഓരോ ചോദ്യവും ഉന്നയിക്കട്ടെ. അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഞാൻ മറുപടി പറയാം. ചോദ്യം എഴുതിയെന്നല്ലാതെ അതവർക്ക് മനഃപാഠമുണ്ടായിരുന്നില്ല. അതിനാൽ അവർ കൈമലർത്തി. അപ്പോൾ ഇമാം പറഞ്ഞു: എങ്കിൽ അവർക്കു പകരം ഞാൻ തന്നെ ചോദ്യം പറയാം; ഉത്തരവും.’

തുടർന്ന് ഓരോ ചോദ്യവും അതിന്റെ ഉത്തരവും ക്രമത്തിൽ വിവരിച്ച് കൊടുത്തു (നോക്കുക, ആസാറുൽ ബിലാദി വ അഖ്ബാറുൽ ഇബാദ്, ഖസ്‌വീനി). മഹാപണ്ഡിതർ തയ്യാറാക്കിയതിനാൽ വളരെ ബുദ്ധി കൊടുക്കേണ്ട ചോദ്യങ്ങളായിരുന്നുവെന്നു മനസ്സിലാക്കണം. അതിലെ ഒരു ചോദ്യവും ഉത്തരവും കാണുക:

ഒരാൾ ഇമാമായി നിസ്‌കരിച്ചു. അയാൾ വലതുവശത്തേക്ക് സലാം വീട്ടിയപ്പോൾ തന്റെ ഭാര്യ വിവാഹമോചിതയായി. ഇടതുവശത്തേക്ക് സലാം വീട്ടിയപ്പോൾ നിസ്‌കാരം ബാത്വിലായി. മുകളിലേക്ക് നോക്കിയപ്പോൾ ആയിരം ദിർഹം നിർബന്ധമായി. ഇതെങ്ങനെയെന്നാണ് ചോദ്യം. ഇമാം മറുപടി പറഞ്ഞു: അയാൾ വലതുഭാഗത്തേക്ക് സലാം വീട്ടിയപ്പോൾ തന്റെ ഭാര്യയുടെ ആദ്യ ഭർത്താവിനെ കണ്ടു. അയാൾ അപ്രത്യക്ഷനാവുകയും തിരിച്ചുവരാതിരിക്കുകയും ചെയ്തപ്പോൾ ഖാളി അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച് ഇയാൾക്ക് വിവാഹം ചെയ്തുകൊടുത്തുതായിരുന്നു അവളെ. ആദ്യത്തെ ഭർത്താവ് തിരിച്ചെത്തിയതോടെ തന്റെ നികാഹ് ബന്ധം അവസാനിച്ചു. ഇടതു വശത്തേക്ക് തിരിഞ്ഞപ്പോൾ വസ്ത്രത്തിൽ വിട്ടുവീഴ്ചയില്ലാത്ത രക്തമുള്ളതു കണ്ടു. നജസോട് കൂടി നിസ്‌കരിച്ചാൽ സ്വഹീഹാവില്ലല്ലോ. അയാൾ മുകളിലേക്ക് നോക്കിയപ്പോൾ ചന്ദ്രക്കല കണ്ടു. അതോടെ മാസത്തിന്റെ ആദ്യ സമയത്ത് കൊടുക്കാമെന്ന് അവധി നിശ്ചയിച്ച് വാങ്ങിയ ആയിരം ദിർഹം കടം വീട്ടാനുള്ള സമയമായി (ആസാറു ൽബിലാദ്). വിവരണം കേട്ടപ്പോൾ ഖലീഫ ഹാറൂൻ റശീദ്, ഇമാമവർകളുടെ ബുദ്ധിശക്തിയെ പ്രകീർത്തിച്ചു. ആയിരം ദീനാറും പുടവയും സമ്മാനിച്ചു. ഇമാം അതെല്ലാം ഉടൻതന്നെ ദാനം ചെയ്യുകയുണ്ടായി.

പഠനസഞ്ചാരം

മക്കാ നിവാസികളായ മാതാവും പിതാവും ജീവിതോപാധി തേടി ഫലസ്തീനിൽ ചെന്നു താമസിക്കുന്നതിനിടെയാണ് ശാഫിഈ(റ)ന്റെ ജനനം. രണ്ടു വയസ്സായപ്പോൾ നാട്ടിലേക്ക് മാതാവിനൊപ്പം വന്നു. പിതാവ് അന്ന് കൂടെയുണ്ടായിരുന്നില്ല. ഇത് കുടുംബദേശത്തേക്കുള്ള ഒന്നാം യാത്രയായിരുന്നു. ഹിജ്‌റ 152-ലാണിത്. തുടർന്ന് പതിനൊന്ന് വർഷം മക്കയിലും പരിസരത്തും പഠനം നടത്തി. ഇമാമിന്റെ വിജ്ഞാന ദാഹം അദ്ദേഹത്തെ വിവിധ ദേശങ്ങളിലേക്കു യാത്ര ചെയ്യാൻ നിർബന്ധിതനാക്കി.

ഹിജ്‌റ 163-ൽ മദീനയിലെ ഇമാം മാലിക്(റ)ന്റെ അടുത്തേക്ക് പോയി. ഏതാനും വർഷത്തെ ഇടവേളയൊഴിച്ചാൽ മാലിക്(റ)ന്റെ മരണം വരെ ശിഷ്യത്വത്തിൽ കഴിഞ്ഞു. ഈ മദീന കാലത്തിനിടക്കാണ് ഒരു കൂഫക്കാരനെ പരിചയപ്പെടുന്നത്. അവിടെ അബൂഹനീഫ ഇമാമിന്റെ പ്രമുഖ സഹചാരികളുണ്ടെന്നറിഞ്ഞ് ആ വിജ്ഞാനദാഹി അങ്ങോട്ടുപോയി.

കുറച്ചു കാലത്തിനു ശേഷം മദീനയിലെത്തി ഗുരുവിനെ കാണുകയും ഉമ്മയെ സന്ദർശിച്ച ശേഷം മാലിക്(റ)വുമായുള്ള ശിഷ്യബന്ധം തുടരുകയുമുണ്ടായി. മാലിക്(റ) ശിഷ്യനെ സാമ്പത്തികമായി സഹായിച്ചിരുന്നു. ഹിജ്‌റ 179-ൽ അദ്ദേഹം വഫാത്തായപ്പോൾ പഠനം തുടരുന്നതിന് ശാഫിഈ(റ)ന് സാമ്പത്തിക പ്രയാസം നേരിട്ടു. അങ്ങനെ കുടുംബത്തിന്റെ നിർദേശാനുസരണം യമനിൽ ഔദ്യോഗിക ചുമതലയേറ്റു.

അവിടെ കൂടുതൽ തുടരാനായില്ല. ഇമാമിനെതിരെ ചില ഉപജാപ ശക്തികൾ പ്രവർത്തിച്ചു. അദ്ദേഹം ഖലീഫയുടെ നയത്തിനെതിരാണെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് ബഗ്ദാദിൽ ഖലീഫയുടെ ആസ്ഥാനത്തേക്ക് അദ്ദേഹത്തെ ബന്ധനസ്ഥനായി ഹാജറാക്കപ്പെട്ടു. അദ്ദേഹം ജയിലിലടക്കപ്പെട്ടു. ഹിജ്‌റ 184-ലായിരുന്നു ഇത്. അന്ന് അവിടെ ജഡ്ജിയായിരുന്ന ഇമാമിന്റെ ഗുരുവര്യൻ കൂടിയായ മുഹമ്മദുബ്‌നുൽ ഹസന്റെ ശിപാർശ പ്രകാരം ഇമാം മോചിതനായി. ഗുരുവിന്റെ അതിഥിയായി കുറച്ചുകാലം അവിടെ പഠനം തുടർന്നു.

അധ്യാപന യാത്രകൾ

പിന്നീട് മക്കയിലെത്തി. പതിനൊന്ന് വർഷം അവിടെ ദർസ് നടത്തി. വിശ്വപ്രസിദ്ധരായ പണ്ഡിതർ അക്കാലത്ത് മഹാന്റെ ശിഷ്യത്വം സ്വീകരിച്ചു. അഹ്മദ്ബ്‌നു ഹമ്പൽ 187-ൽ ഇമാമിന്റെ ശിഷ്യത്വം സ്വീകരിച്ചത് മക്കയിൽ വെച്ചായിരുന്നു. ഹിജ്‌റ 195-ൽ വീണ്ടും ഇറാഖിലേക്ക് പോയി. അവിടെ വൈജ്ഞാനിക സേവനം നടത്തി. ആ ദർസായിരുന്നു അന്ന് അവിടുത്തെ വലിയ വിജ്ഞാന കേന്ദ്രം. അഹ്മദുബ്‌നു ഹമ്പൽ, അബൂസൗർ, സഅ്ഫറാനി, കറബീസി തുടങ്ങിയ പ്രമുഖർ അക്കാലത്ത് ശാഫിഈ(റ)യുടെ ശിഷ്യത്വം നേടി. 197-ൽ മക്കയിലേക്ക് പോന്നു.

198-ൽ വീണ്ടും ബഗ്ദാദിലേക്ക്. അൽപകാലം അവിടെ താമസിച്ചു. ശേഷം ഈജിപ്തിലേക്കായിരുന്നു തിരിച്ചത്. അത് അന്ത്യയാത്രയായി. കർമശാസ്ത്ര സരണിയുടെ പൂർണ രൂപം സമർപ്പിക്കുന്നതിനുള്ള നിയോഗവും. ഈജിപ്തിലെ പ്രമുഖ പണ്ഡിതനും ധനാഢ്യനുമായിരുന്ന ലൈസ്ബ്‌നു സഅദ്(റ)ന്റെ സവിധത്തിലെത്താൻ അതിയായി മോഹിച്ചിരുന്നതാണ്. പക്ഷേ, അദ്ദേഹം ഇമാം വരുന്നതിനു മുമ്പേ വഫാത്തായതിനാൽ ആ കൂടിക്കാഴ്ച നടക്കാതെ പോയി. ലൈസ്(റ)നെ കുറിച്ച് ശാഫിഈ ഇമാം പിന്നീട് അനുസ്മരിച്ചു. ‘ലൈസ്(റ)നെ കാണാനാവാത്തതിലുള്ള ഖേദം മറ്റൊന്നിലും ഞാനനുഭവിച്ചിട്ടില്ല’ (ശറഹുൽ ബുഖാരി, ശംസുദ്ദീനിസ്വഫീരി).

ഹിജ്‌റ 199-ൽ ഈജിപ്തിലെത്തിയ ഇമാം അവിടെ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ പരിഹരിച്ചു. തന്റെ വൈജ്ഞാനിക പ്രഭാവത്തിലാകൃഷ്ടരായി പ്രഗത്ഭരായ നിരവധി പ്രതിഭകൾ അങ്ങോട്ടോകർഷിച്ചു. അവരിലൂടെ തന്റെ കർമശാസ്ത്ര സരണി ലോകത്തിനു പകർന്നു. പ്രചരിപ്പിച്ചു.

ഇമാം ബുവൈത്വി, ഇമാം മുസ്‌നീ(റ) ഹർ മല(റ), റബീഅ്ബ്‌നു സുലൈമാൻ(റ), യൂനുസ്(റ), റബീഉൽ മുറാദി(റ) തുടങ്ങിയ മദ്ഹബിന്റെ കൈമാറ്റക്കാരായ പണ്ഡിത പ്രമുഖർ ശാഫിഈ(റ)യുടെ സരണി സ്വീകരിക്കുകയും അതിന് വേണ്ടി സേവനമർപ്പിക്കുകയും ചെയ്തവരാണ്.

ബിദ്അത്ത് വിരുദ്ധ പോരാളി

ഇമാമിന്റെ കാലം പുത്തൻ വാദങ്ങൾ തലപൊക്കിത്തുടങ്ങിയ ഘട്ടമാണ്. ബിദ്അത്തിന്റെ ഗുരുതരാവസ്ഥ ഇമാം സമൂഹത്തെ ബോധ്യപ്പെടുത്തുകയും അവരുമായി സംവാദം നടത്തി സത്യം വെളിപ്പെടുത്തുകയുമുണ്ടായി. ‘ശിർക്കല്ലാത്ത പാപങ്ങളൊക്കെ ചെയ്ത ഒരാൾ അല്ലാഹുവിനെ കണ്ടുമുട്ടുന്നത്, ബിദ്അത്തുകളിൽ നിന്ന് അൽപമെങ്കിലുമായി കണ്ടുമുട്ടുന്നതിനേക്കാൾ നല്ലതാണ്’ (ഹിൽയതുൽ ഔലിയാഅ്) എന്ന് ഇമാം പറഞ്ഞത് ശിഷ്യൻ റബീഅ് ബ്‌നു സുലൈമാൻ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഖദ്‌റിന്റെ കാര്യത്തിൽ ചിലർ തർക്കിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹമിത് പറഞ്ഞത്.

ഹഫ്‌സ്‌നിൽ ഫർദ് എന്ന ആൾ വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് വാദിച്ചപ്പോൾ അയാൾ കാഫിറാണെന്ന് പ്രഖ്യാപിക്കാൻ ബിദ്അത്ത് വിരുദ്ധനായിരുന്ന ഇമാം ഭയന്നില്ല. ഇമാം അന്ത്യത്തോടടുത്ത സമയത്ത് ഓരോ ആളുകൾ വന്ന് ‘എന്നെ അറിയുമോ’ എന്നു ചോദിക്കുകയുണ്ടായി. നീ ഇന്നയാളാണെന്ന് ഇമാം മറുപടി പറയുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഹഫ്‌സ്‌നുൽ ഫർദ് ചോദിച്ചു: ഞാൻ ആരാണെന്നറിയുമോ? അതിന് മറുപടിയായി ഇമാം പറഞ്ഞത് ‘നീ ഹഫ്‌സ്‌നിൽ ഫർദല്ലേ. ആ വാദത്തിൽ നിന്ന് പിന്തിരിഞ്ഞ് തൗബ ചെയ്യാത്തിടത്തോളം കാലം അല്ലാഹു നിന്നെ സംരക്ഷിക്കാതെയും പരിഗണിക്കാതെയുമിരിക്കട്ടെ (അൽ ഇൻതിഖാഅ്, ഇബ്‌നു അബ്ദിൽ ബർറ്).

എന്നിട്ട് ശിഷ്യരിൽ പ്രമുഖരായ മുസ്‌നി(റ)യെ വിളിച്ചു ചോദിച്ചു; നിനക്കറിയുമോ ഹഫ്‌സ് എന്താണ് പുത്തൻവാദമായി പറഞ്ഞതെന്ന്? ഇല്ലെന്നു മുസ്‌നി(റ) പറഞ്ഞപ്പോൾ നീയതറിയണ്ട എന്നുപറഞ്ഞ് അതിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയുണ്ടായി (ത്വബഖാത്).

ഇബ്‌റാഹീമുബ്‌നു ഇസ്മാഈലുബ്‌നു അലി എന്ന ജഹ്മീ വാദക്കാരനോട് ഇമാം സംവാദം തന്നെ നടത്തി. ഖുർആൻ സൃഷ്ടിവാദവും ചില ഹദീസ് നിഷേധവും ഉയർത്തിയായിരുന്നു ഇബ്‌റാഹിം രംഗത്തെത്തിയിരുന്നത്. ഇമാമിനോട് വാദപ്രതിവാദത്തിൽ തോറ്റെങ്കിലും അയാൾ പിന്മാറാൻ കൂട്ടാക്കിയില്ല. സത്യം ബോധ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത നിലപാടിനെ ഇമാം കഠിനമായി വെറുത്തിരുന്നു.

അദ്ദേഹം പറഞ്ഞു: ഇബ്‌റാഹീമുബ്‌നു ഇസ്മാഈലുമായി ഞാൻ പൂർണമായും എതിരാണ്. അവൻ പറയുന്ന ലാഇലാഹ ഇല്ലല്ലാഹുവും ഞാൻ പറയുന്ന ലാഇലാഹ ഇല്ലല്ലാഹുവും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ഞാൻ മൂസാ നബി(അ)നോട് സംസാരിച്ച അല്ലാഹു അല്ലാതെ ഇലാഹില്ല എന്നു വിശ്വസിക്കുന്നവനാണ്. ഇയാൾ മൂസാനബിയെ കേൾപ്പിച്ച സംസാരത്തെ പടച്ച അല്ലാഹു അല്ലാതെ ഇലാഹില്ലെന്നാണ് വിശ്വസിക്കുന്നത് (അൽ ഇഅ്തിഖാദ്, ബൈഹഖി).

ബഹുമുഖ വ്യക്തിത്വം

ഇമാമിന്റെ വ്യക്തിത്വത്തിന്റെ ബഹുമുഖ തലങ്ങൾ ചരിത്രകൃതികളിൽ നിന്നു കൂടുതൽ ഗ്രഹിക്കാം. കടന്നുചെല്ലുന്നിടമെല്ലാം കീഴടക്കുന്ന ആകർഷക വ്യക്തിത്വമായിരുന്നു ഇമാമിന്റേത്. ബഗ്ദാദിലും ഈജിപ്തിലും സ്വന്തം നാട്ടിലും അതിന് ഉദാഹരണങ്ങളനവധിയുണ്ട്.

തന്റെ നിലപാടും ആദർശവും ഉയർത്തിപ്പിടിക്കുകയും അത് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുകയും ചെയ്തു മഹാൻ. അരുത് എന്ന് പറയേണ്ടിടത്ത് മൗനം പാലിക്കാൻ മറുപക്ഷത്തിന്റെ അധികാരവും സ്ഥാനമാനങ്ങളും തടസ്സമായില്ല. അർഹരെ അവഗണിച്ചുമില്ല. നബികുടുംബത്തോടുള്ള മഹാന്റെ സ്‌നേഹത്തെക്കുറിച്ച് ഭരണാധികാരികളെ ചിലർ തെറ്റിദ്ധരിപ്പിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് ശ്രദ്ധേയം; ‘നബി കുടുംബത്തോടുള്ള സ്‌നേഹം റാഫിളിയ്യത്താണെന്നാണെങ്കിൽ ഞാൻ റാഫിളിയാണെന്ന് വിധിക്കുക.’

നബി(സ്വ)യുടെ പ്രവചനങ്ങളിൽ പരാമർശിക്കപ്പെട്ട ‘ആലിമു ഖുറൈശ്’ ഇമാമാണെന്നാണ് മഹാന്മാർ വിശദീകരിക്കുന്നത്. ഒരു ഖുറൈശി പണ്ഡിതൻ ഭൂമി വിജ്ഞാനം കൊണ്ടു നിറക്കുമെന്നായിരുന്നു പ്രവാചക പ്രവചനം. അദ്വിതീയമായ പാണ്ഡിത്യവും അതിന്റെ പ്രകാശനവും അംഗീകാരവും ഇമാം ശാഫിഈ(റ)യോളം നേടിയവർ ഖുറൈശികളിൽ മറ്റൊരാളില്ലെന്നത് ചരിത്ര വസ്തുതയാണ്. ഓരോ നൂറ്റാണ്ടിലും നിയോഗിതരാകുന്ന നവോത്ഥാന നായകനെക്കുറിച്ച് ഹദീസിൽ വന്നിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിൽ ഇത് ഇമാം ശാഫിഈ(റ) ആണെന്നാണ് പണ്ഡിതപക്ഷം. മാത്രമല്ല, പിൽക്കാലക്കാരിൽ മുജദ്ദിദുകളായി സമൂഹവും പണ്ഡിതലോകവും അംഗീകരിച്ചവരെല്ലാം ശാഫിഈ മദ്ഹബുകാരാണ്.

ഇമാമിന്റെ വ്യക്തിജീവിതത്തിന്റെ വിശുദ്ധിയും പൊതുമണ്ഡലത്തിലെ അതിന്റെ സ്വാധീനവും ചരിത്രപ്രസിദ്ധം. മുമ്പിലെത്തിയ ഭക്ഷണം എവിടെന്നാണ് എന്നും ഹലാലാണെന്നും അറിയാതെ കഴിക്കുമായിരുന്നില്ല. സ്വന്തം ഗുരുനാഥന്മാരുടെ സാമ്പത്തിക സ്രോതസ്സ് പോലും അന്വേഷിച്ച് കളങ്കരഹിതരാണെന്നുറപ്പാക്കി അദ്ദേഹം. ആത്മീയതയുടെ അടിസ്ഥാനങ്ങളും ആദർശാനുഷ്ഠാനങ്ങളും കണിശമായി പാലിച്ച് ലക്ഷണമൊത്ത പണ്ഡിത പ്രാതിനിധ്യത്തെ ഇമാം അടയാളപ്പെടുത്തി.

അന്ത്യം

രോഗാതുരമായിരുന്നു ഇമാമിന്റെ ജീവിതം. ശക്തമായ പൈൽസ് രോഗം കാരണം അൽപസമയം നിന്നാൽ രക്തം ഒലിച്ചിറങ്ങുമായിരുന്നു. എങ്കിലും വിജ്ഞാന പ്രസരണത്തിനും സംശയ നിവാരണത്തിനും അതൊന്നും വിലങ്ങായില്ല. രോഗപീഡകൾ സഹിച്ചു ക്ലാസ് എടുത്തു. തന്നെ പ്രതീക്ഷിച്ചുവന്ന വിജ്ഞാന ദാഹികൾ അനാഥരാവരുതല്ലോ.

ഹിജ്‌റ 204 റജബ് അവസാനിച്ച വെള്ളിയാഴ്ച രാവിൽ തന്റെ ഇഷ്ട ശിഷ്യരുടെ സാന്നിധ്യത്തിൽ മഹാൻ അന്ത്യശ്വാസം വലിച്ചു. 54 വർഷം മാത്രമുള്ള ഒരായുഷ്‌കാലത്തെ ജ്ഞാനസപര്യയുടെ പര്യായമാക്കി, ചരിത്രത്തിനും സമൂഹത്തിനും നിസ്തുലവും അനുകരണീയവുമായ മുഹൂർത്തങ്ങളും ജീവിതവും സമ്മാനിച്ച് മഹാനവർൾ യാത്രയായി. അല്ലാഹു നമ്മെയും അദ്ദേഹത്തോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ