Iran&America

മാധാനപരമായ സഹവര്‍തിത്വത്തിന്‍റെ ഉന്നതമൂല്യങ്ങളല്ല മുച്ചൂടും മുടിക്കാന്‍ പോന്ന ആയുധങ്ങളുടെ സാന്നിധ്യമാണ് ഇന്ന് ആഗോള യുദ്ധത്തെ തടഞ്ഞു നിര്‍ത്തുന്നത്. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ ഉരുണ്ടു കൂടിയിരിക്കുന്ന യുദ്ധഭീതിയും നേരത്തേ ഉത്തര കൊറിയയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന സംഘര്‍ഷ സാധ്യതയും മാത്രം വിശകലനം ചെയ്താല്‍ ഇത് വ്യക്തമാകും. സദ്ദാം ഹുസൈന്‍റെ കൈയില്‍ കൂട്ട നശീകരണ ആയുധമുണ്ടെന്ന് കളവ് പറഞ്ഞായിരുന്നുവല്ലോ ഇറാഖിനെ അമേരിക്കയും സഖ്യ ശക്തികളും തരിപ്പണമാക്കിയത്. അവര്‍ക്കറിയാമായിരുന്നു സദ്ദാം അത്തരം ആയുധ സജ്ജരായിരുന്നില്ലെന്ന്. അദ്ദേഹത്തിന്‍റെ പിന്നില്‍ രാജ്യം ഒറ്റക്കെട്ടല്ലെന്നും ബോധ്യമുണ്ടായിരുന്നു. ബന്ധുബലത്തിന്‍റെ കാര്യത്തിലും സദ്ദാം ദരിദ്രനായിരുന്നു. എന്നാല്‍ ഇറാനുമായും കൊറിയയുമായും വാക് യുദ്ധവും സാമ്പത്തിക യുദ്ധവുമല്ലാതെ തുറന്ന പോരിന് ഇറങ്ങാന്‍ അമേരിക്കക്ക് വലിയ താല്‍പര്യമില്ല. പല വട്ടം താക്കീത് നല്‍കിക്കഴിഞ്ഞു. ചുട്ടു ചാമ്പലാക്കുമെന്നും പൊടി പോലും കിട്ടില്ലെന്നുമൊക്കെ ചട്ടമ്പിത്തരം വിളമ്പുകയല്ലാതെ ഒരടി മുന്നോട്ട് വെക്കാന്‍ യു എസിന് സാധിക്കുന്നില്ല. ഇരു രാജ്യങ്ങളും ആണശക്തിയാണെന്നത് തന്നെയാണ് കാരണം. ഇരുവര്‍ക്കും അതിശക്തരായ ബന്ധുക്കള്‍ ഉണ്ടെന്നതും കാരണമാണ്. ഇറാന്‍റെ കാര്യത്തിലാണെങ്കില്‍ അവര്‍ക്ക്  എണ്ണ സമ്പത്ത് നല്‍കുന്ന ആത്മവിശ്വാസവുമുണ്ട്. അതിനര്‍ഥം ആണവനിര്‍വ്യാപനം ലോകത്തിന്‍റെ ലക്ഷ്യമാകേണ്ടതില്ലെന്നല്ല. ഏകപക്ഷീയമായ നിര്‍വ്യാപനമായിരിക്കരുതെന്ന് മാത്രം.

അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയത് മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട് വന്ന അകല്‍ച്ചയുടെയും ഏറ്റുമുട്ടലിന്‍റെയും  തുടര്‍ച്ചയാണ് ഇറാനെ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍.  അനുഞ്ജനത്തിന്‍റെയും വിട്ടുവീഴ്ചയുടെയും ചെരാതുകളൊന്നാകെ ഊതിക്കെടുത്തിയാണ് ട്രംപിസം മുന്നോട്ട് പോകുന്നത്. ഇറാനുമായി ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയത് തൊട്ട് റഷ്യയുമായുള്ള ആയുധനിര്‍വ്യാപന കരാര്‍ കീറിയെറിഞ്ഞതു വരെയുള്ള  എല്ലാ സംഭവ വികാസങ്ങളും ഈ ഏറ്റുമുട്ടല്‍ നയത്തിന്‍റെ ഭാഗമാണ്. ഇറാനെ ലക്ഷ്യമിട്ടുള്ള ഇപ്പോഴത്തെ സൈനിക സന്നാഹം ഇസ്റാഈലിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.  യു എസ്- ഇസ്റാഈല്‍ സഖ്യം ശിയാ- സുന്നീ വംശീയത കത്തിച്ച് നിര്‍ത്തി  നടത്തുന്ന കരുനീക്കങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധഭീഷണിയുടെ നിഴലിലാക്കിയിരിക്കുന്നത്.  പ്രത്യക്ഷ യുദ്ധം നടന്നാലും ഇല്ലെങ്കിലും ലോകത്താകെ അപരിഹാര്യമായ പ്രതിസന്ധികളാണ് ട്രംപ് ഭരണകൂടത്തിന്‍റെ സാഹസം സൃഷ്ടിക്കുന്നത്.  തിരുത്തല്‍ ശക്തിയാകേണ്ട യു എന്നും വന്‍ ശക്തി രാഷ്ട്രങ്ങളും ഒന്നുകില്‍ ട്രംപിന് ഓശാന പാടുകയോ മൗനം അവലംബിക്കുകയോ ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ പോലും ഒറ്റക്കെട്ടായ   നിലപാടിലെത്തുന്നില്ലെന്നത് നിരാശാജനകമാണ്. ഇതിന്‍റെ ഇരകളാകുന്നത് പശ്ചിമേഷ്യയിലെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ മാത്രമല്ല. ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതി ചെയ്യുകയും   ഗള്‍ഫ് മേഖലയിലേക്ക് മനുഷ്യ വിഭവ ശേഷി കയറ്റി അയക്കുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളും കടുത്ത ആശങ്കയിലാണ്. യുദ്ധാന്തരീക്ഷത്തില്‍ മനസ്സറിഞ്ഞ് സന്തോഷിക്കുന്നത് ആയുധ ഇടപാടുകാര്‍ മാത്രമാണ്. ട്രംപ് പോലും യുദ്ധത്തെ ഭീതിയോടെയാണ് കാണുന്നത്. ‘ഞാന്‍ യുദ്ധത്തിന് ഉത്തരവിട്ടു, എന്നാല്‍ പിന്നീട് മനംമാറ്റമുണ്ടായെ’ന്ന് ഈയിടെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.  യുദ്ധത്തിലേക്ക് എടുത്തു ചാടരുതെന്ന് ട്രംപ് ഭരണകൂടത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

അപ്പോഴും സന്നാഹത്തിന് ഒരു കുറവുമില്ല. ഇറാഖ് അധിനിവേശ സമയത്ത് ഒരുക്കിയതിന് സമാനമായ സന്നാഹമാണ് ഗള്‍ഫില്‍ അമേരിക്ക നടത്തുന്നത്. 1, 20,000 സൈനികരെ ഗള്‍ഫ് മേഖലയിലേക്ക് അയക്കാനാണ് പരിപാടി.  യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍റെ നിര്‍ദേശപ്രകാരം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ബി 52 ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തി. വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ്‍, പാട്രിയട്ട് മിസൈല്‍ വേധ സംവിധാനം, പോര്‍വിമാനങ്ങള്‍ തുടങ്ങിയവ വിന്യസിച്ചു കഴിഞ്ഞു.

 

ആണവ കരാര്‍

ഇറാനുമായി ആറ് രാഷ്ട്ര ചര്‍ച്ചകള്‍ക്കൊടുവില്‍ 2015 ജൂലൈ 14ന് അന്നത്തെ യു എസ് പ്രസിഡന്‍റ് ബരാക് ഒബാമ ഒപ്പുവെച്ച ആണവ കരാര്‍ മേഖലയിലെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും അവിശ്വാസങ്ങള്‍ക്കും ശരിയായ പരിഹാരമായിരുന്നു. ഇറാന്‍റെ ആണവ പരിപാടി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാനും യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്തു.  പകരമായി ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്ന് അമേരിക്ക സമ്മതിച്ചു. ഈ കരാറിനെ തുടക്കം മുതലേ എതിര്‍ത്തുവന്നത് ഇസ്റാഈലായിരുന്നു. ചരിത്രത്തിലെ ഏറ്റവും മോശപ്പെപ്പെട്ട കരാറെന്ന് വിശേഷിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യലല്‍ പ്രചാരണകാലത്ത് തന്നെ തന്‍റെ ഇസ്റാഈല്‍ പക്ഷപാതിത്വം വ്യക്തമാക്കി. അധികാരത്തില്‍ വന്നതോടെ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഇറാനുമേല്‍ പൂര്‍വാധികം ശക്തിയായി ഉപരോധം അടിച്ചേല്‍പ്പിക്കുകയും ചെയ്തു.  ഇറാനുമായുള്ള സൗഹൃദത്തിന്‍റെ മഹത്തായ പാരമ്പര്യം മറന്ന് ഇന്ത്യ പോലും അമേരിക്കന്‍  തീട്ടൂരം നടപ്പാക്കിനിറങ്ങിയപ്പോള്‍ യൂറോപ്യന്‍ യൂനിയന്‍ വ്യത്യസ്ത നിലപാടെടുത്തു. കൈമാറ്റ വ്യവസ്ഥയില്‍ എണ്ണ വാങ്ങാമെന്ന് അവര്‍ വാഗ്ദത്തം ചെയ്തു. എന്നാല്‍ വാഗ്ദാനം നടപ്പാക്കുന്ന ഘട്ടമെത്തിയപ്പോള്‍ മെല്ലെ കാല്‍ പിന്‍വലിച്ചു. ഇറാന്‍ രണ്ട് മാസത്തെ സമയം നല്‍കി. അതു പിന്നിട്ടപ്പോള്‍ മറ്റു വഴികളില്ലാതെ ഇറാന്‍ തങ്ങളുടെ ആണവ പരിപാടി പുരജ്ജീവിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തില്‍ പിടിച്ചാണ് ഇപ്പോള്‍ അമേരിക്ക സ്വരം കടുപ്പിക്കുന്നത്.   യു എസിന്‍റെ  ആര്‍ക്യു4എ ഗ്ലോബല്‍ ഹോക്ക് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടപ്പോള്‍ യുദ്ധം പൊട്ടിയെന്ന് തന്നെ തോന്നിച്ചതാണ്. എന്നാല്‍ യു എസ് തന്ത്രപരമായ സംയമനം പാലിച്ചു. ശത്രുതാ പ്രഖ്യാപനത്തിന്‍റെ നിരവധി വഴിത്തിരിവുകളിലൂടെ ഈ രണ്ട് രാജ്യങ്ങളും ഒരു പാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍  എട്ടിലെ പ്രഖ്യാപനം ഇതില്‍ നിര്‍ണായകമാണ്. ഇറാന്‍ സേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയായിരുന്നു ട്രംപ് ഭരണകൂടം. ഇതാദ്യമായാണ് ഒരു രാജ്യത്തിന്‍റെ സൈന്യത്തിനെതിരെ ഇത്തരമൊരു പ്രഖ്യാപനം അമേരിക്ക നടത്തുന്നത്. ഉപരോധം പല വഴിക്ക് വന്നു.  ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ യു എസ് അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കി. ഭീകരമായ വിപണ നഷ്ടമാണ് ഇതിലൂടെ ഇറാന് സംഭവിച്ചത്. ജൂണ്‍ 24ന്  ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. അതോടെ, അനുരഞ്ജനത്തിന്‍റെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. അത് തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇസ്റാഈലും. യുദ്ധമല്ല, യദ്ധ സമാനമായ സാഹചര്യമാണ് എല്ലാവര്‍ക്കും വേണ്ടത്.

 

മൂന്ന് ചോദ്യങ്ങള്‍

ഇവിടെ മൂന്ന് ചോദ്യങ്ങളാണ് ചോദിക്കേണ്ടത്. ഇറാന്‍റെ ആണവ പദ്ധതി തടയാന്‍ അമേരിക്കക്ക് എന്തവകാശം എന്നത് തന്നെയാണ് ഒന്നാം ചോദ്യം. ഇറാന്‍ ആണവ ശക്തിയാകുന്നേയെന്ന് മുറവിളി കൂട്ടി മേഖലയില്‍ ഭീതിപരത്തുന്ന അമേരിക്ക സ്വയം ആണവായുധമണിഞ്ഞാണ് നില്‍ക്കുന്നത്. ജൂതവംശജനായ മരുമകന്‍ ജെറാര്‍ഡ് കുഷ്നറുടെ ഉപദേശം കേട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഇസ്റാഈല്‍ ദാസ്യവുമായി മുന്നോട്ട് പോകുകയാണല്ലോ ട്രംപ്. ആ ഇസ്റാഈലാണ് ലോകത്തെ ഏറ്റവും ശക്തമായ ആണവ ശക്തിയെന്നോര്‍ക്കണം. റഷ്യയുമായുള്ള ആയുധ നിര്‍വ്യാപന കരാര്‍ റദ്ദാക്കിയ പ്രസിഡന്‍റാണ് ട്രംപ്. ശീതസമര കാലത്ത് പോലും നിലനിന്ന ഈ കരാര്‍ റദ്ദാക്കുന്നതിന്‍റെ അര്‍ഥം കൂടുതല്‍ മാരകമായ ആയുധ ശേഷി അമേരിക്ക ആര്‍ജിക്കുമെന്ന് തന്നെയാണല്ലോ. അപ്പോള്‍ ഇറാനെ ഉപദേശിക്കാന്‍ നടക്കുന്ന അമേരിക്കക്ക് അതിന് എന്ത് ധാര്‍മിക അവകാശമാണുള്ളത്. അമേരിക്കയുടെ വാക്ക് കേട്ട് ആയുധങ്ങള്‍ അടിയറവെച്ചാല്‍ എന്താണ് സംഭവിക്കുകയെന്നതിന്‍റെ ഏറ്റവും നല്ല നിദര്‍ശനം ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിയാണ്. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി, അവരെ വിശ്വസിച്ച് നിരായുധീകരണത്തിന് പുറപ്പെട്ട ഗദ്ദാഫി ഒടുവില്‍ അഴുക്കു ചാലില്‍ മരിച്ചു കിടക്കുകയായിരുന്നു. ലിബിയയില്‍ നടന്ന ഈ ചതിയെ മുല്ലപ്പൂ വിപ്ലവത്തിന്‍റെ കണക്കിലെഴുതുകയാണല്ലോ ചെയ്തത്. അത്കൊണ്ട് ഉത്തര കൊറിയയയും ഇറാനുമൊന്നും ഇന്ന് അമേരിക്കയെ വിശ്വസിക്കില്ല. ഏത് നിമിഷവും കരാറുകള്‍ പിച്ചിച്ചീന്തിയെറിയുന്ന ഒരു രാജ്യത്തിന് മുന്നില്‍ എങ്ങനെയാണ് മുഴുവന്‍ രഹസ്യങ്ങളും തുറന്ന് വെക്കുക. യു എന്‍ പരിശോധനയെന്നൊക്കെയാണ് പറയുക. യഥാര്‍ഥത്തില്‍ പരിശോധിക്കുന്നതും നിര്‍വീര്യമാക്കുന്നതും അമേരിക്കയാണല്ലോ.

ഇറാനെ നിലക്ക് നിര്‍ത്തി സഊദിയടക്കമുള്ളവയുടെ ആധി തീര്‍ക്കലാണോ അമേരിക്കയുടെ ലക്ഷ്യം? ഒരിക്കലുമല്ല. സാമ്രാജ്യത്വത്തിന്‍റെ ലക്ഷ്യം സാമ്പത്തിക മേല്‍ക്കോയ്മയുടെ നിതാന്തമായ സംരക്ഷണവും ആയുധ കച്ചവടവും ഊര്‍ജ സ്വയം പര്യാപ്തതയും  ക്രിസ്ത്യന്‍, ജൂത അപ്രമാദിത്വവുമാണ്. ഡോളര്‍ ഇന്നത്തെ പ്രഹര ശേഷി നിലനിര്‍ത്തുന്നത്  അറബ് രാജ്യങ്ങളടക്കമുള്ളവ അവരുടെ നീക്കിയിരുപ്പ് പണം ആ കറന്‍സിയില്‍ സൂക്ഷിക്കുന്നത് കൊണ്ട് മാത്രമാണ്. എണ്ണ സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ ആ ആത്മവിശ്വാസം ബുദ്ധിപൂര്‍വം വിനിയോഗിക്കുകയും ഒറ്റ സാമ്പത്തിക ബ്ലോക്കായി നിലകൊള്ളുകയും ചെയ്താല്‍ അന്ന് അസ്തമിക്കും തങ്ങളുടെ ആഗോള നേതൃസ്ഥാനമെന്ന് മറ്റാരേക്കാളും അമേരിക്കക്ക് നന്നായറിയാം. ആശ്രിതത്വത്തിന്‍റെ തടവറകളില്‍ നിന്ന് പൗരസ്ത്യ, ആഫ്രിക്കന്‍, അറബ് രാജ്യങ്ങള്‍ ഒരിക്കലും മോചിതരാകരുതെന്ന് അമേരിക്കയും സഖ്യ ശക്തികളും  നിശ്ചയിച്ചുറപ്പിക്കുന്നത് അത്കൊണ്ടാണ്. ഇതിനായി ശിഥീലീകരണങ്ങള്‍ നിരന്തരം നടക്കണം. അതിന് അമേരിക്കന്‍ ചേരി ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ഇറാന്‍റെ നേതൃത്വത്തിലുള്ള ശിയാ വികാരത്തെയും മതരാഷ്ട്ര ആശയ സംഹിതകളില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെയുമാണ്.

ഇറാന്‍റെ കൈകള്‍ എത്രമാത്രം ശുദ്ധമാണ് എന്നതാണ് മൂന്നാമത്തെ ചോദ്യം. 1979ലെ ഇസ്ലാമിക വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റം ഇറാനെ ശക്തമായ രാജ്യമാക്കിയെന്നത് സത്യമാണ്. അന്ന് തകര്‍ന്നു വീണത് യു എസ് അവരോധിച്ച പാവ സര്‍ക്കാറാണെന്നതും വസ്തുതയാണ്.  മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കിടയില്‍ കെട്ടുറപ്പോടെ നില്‍ക്കുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇറാന്‍. എന്നുവെച്ച് ഇറാനെ അപദാനം കൊണ്ട് മൂടേണ്ട കാര്യമുണ്ടോ? സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്‍റെ നേതൃ സ്ഥാനം ഇറാന് പതിച്ച്  നല്‍കേണ്ടതുണ്ടോ? കുടുസ്സായ  ശിയാ താത്പര്യങ്ങള്‍ വിപ്ലവ ഇറാനിലുടനീളം കാണാനാകും. അതുകൊണ്ടാണ് 1979ലെ വിപ്ലവത്തെ ഇസ്ലാമിക് വിപ്ലവമെന്ന് തീര്‍ത്തു പറയാന്‍ പലരും മടിക്കുന്നത്.  അത് ശിയാ വിപ്ലവം മാത്രമായി അധഃപതിച്ചതിന്‍റെയും സ്വാധീനമുറപ്പിക്കാനായി ഇറാനിയന്‍ ഭരണാധികാരികള്‍ നിരന്തരം കുത്തിത്തിരിപ്പുകള്‍ സൃഷ്ടിച്ചതിന്‍റെയും ഉത്പന്നമാണ് ഇന്ന് മേഖലയിലാകെ കാണുന്ന സംഘര്‍ഷങ്ങള്‍. വിപ്ലവം വഴി നേടിയെടുത്ത  കരുത്ത് പില്‍ക്കാലത്ത് വ്യയം ചെയ്തത് എന്തിന് വേണ്ടി എന്നതാണ് ചോദ്യം. ഇറാഖില്‍ ഒരു ശിയാ ഭരണകൂടം സ്ഥാപിക്കാന്‍ ആ കരുത്ത് വിനിയോഗിച്ചു. സിറിയയില്‍ ബശര്‍ അല്‍ അസദിനെ നിലനിര്‍ത്താന്‍ ആളും അര്‍ഥവും ഇറക്കി. യമനില്‍ ഹൂത്തികള്‍ക്കാണ് പിന്തുണ. ബഹ്റൈനില്‍ കലാപം വിതച്ചു.

സഊദിയുമായി ഇറാന്‍ എക്കാലത്തും പരോക്ഷയുദ്ധത്തിലായിരുന്നു. 1979ലെ  വിപ്ലവത്തിന് തൊട്ടു മുമ്പ് സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ സഊദ് ഭരണകൂടത്തിനെതിരെ നടന്ന കലാപം ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ശത്രുതാപരമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. 1987ല്‍ ഹജ്ജിനിടെ പ്രകടനം നടത്തി ശിയാക്കള്‍ ഒരിക്കല്‍ കൂടി സഊദി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു.  തുടര്‍ന്ന്  ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും സഊദി വിച്ഛേദിച്ചു. സഊദി -യമന്‍ അതിര്‍ത്തി ഇപ്പോള്‍ അശാന്തമാണ്. പൊതുവേ ദരിദ്രമായ യമന്‍ അസ്ഥിരതയുടെ അഗാധതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.  ജി സി സി- ഖത്വര്‍ പ്രതിസന്ധിയിലും ഇറാന്‍റെ കൈകളുണ്ട്. യു എസ് നേതാക്കളെല്ലാം ശിയാക്കളെ കണ്ടത് മതപരിഷ്കരണ വാദികളും വിപ്ലവകാരികളുമായാണ്. സുന്നി- ശിയാ വിഭജനം എക്കാലവും നിലനിര്‍ത്താന്‍ ഇറാനെ ഉപയോഗിക്കുകയാണ് അമേരിക്ക ചെയ്തത്. സദ്ദാമിന്‍റെ കാര്യത്തില്‍ അതാണല്ലോ സംഭവിച്ചത്. സദ്ദാമിന്‍റെ പതനമാണ് പിന്നീട് ഇസിലിന്‍റെ സൃഷ്ടിക്ക് പശ്ചാത്തലമൊരുക്കിയത്. ഇറാന്‍ ഒരിക്കല്‍ പോലും അമേരിക്കയെ നേരിട്ട് ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ സഊദി പൗരന്‍മാരായ സുന്നികള്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ പങ്കാളികളാകുക വഴി അവരുടെ വിശ്വാസ്യത കളഞ്ഞ് കുളിച്ചുവെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു.  ശിയാ ആശയധാരയില്‍ വിശ്വാസത്തേക്കാളും മതപരമായ ആവിഷ്കാരങ്ങളേക്കാളും രാഷ്ട്രീയം മുന്നിട്ടു നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. അധികാരം പിടിക്കാനും മേധാവിത്വം സ്ഥാപിക്കാനുമുള്ള  ത്വര അതില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഇന്ത്യയില്‍ വിചിത്രമായ രാഷ്ട്രീയ സമീപനമാണ് ശിയാ വിഭാഗം കൈകൊള്ളുന്നത്. രാജ്യത്താകെ ഹിന്ദുത്വ ഫാസിസം സര്‍വസംഹാരിയായി നില്‍ക്കുമ്പോഴും ശിയാ ഗ്രൂപ്പുകള്‍ക്ക്  ബി ജെ പിയെ പിന്തുണക്കാന്‍ സാധിക്കുന്നുവെന്നതാണ് വൈചിത്ര്യം. പ്രത്യുപകാരങ്ങളുടെ ഭാഗമായി ലഖ്നോയില്‍ അരങ്ങേറിയ വംശീയ സംഘര്‍ഷങ്ങളില്‍ ബി ജെ പി ശിയാ പക്ഷം ചേര്‍ന്നിരുന്നു. ലഖ്നോയില്‍ നിന്ന് മത്സരിച്ച രാജ്നാഥ് സിംഗിന്‍റ പ്രപചാരണ സംഘത്തില്‍ സജീവസാന്നിധ്യമായിരുന്നു ശിയാ നേതാവായ മൗലാനാ ജവാദ്. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത ബാബരി മസ്ജിദുമായി ബന്ധപ്പെട്ടായിരുന്നു. പൊളിച്ചിടത്ത് പള്ളി പണിയേണ്ടതില്ലെന്നും മറ്റെവിടെയെങ്കിലും പുനര്‍ നിര്‍മിച്ചാല്‍ മതിയെന്നും ശിയാ വഖ്ഫ് ബോര്‍ഡ് നിര്‍ദേശിച്ചു.  ബാബരി മസ്ജിദിന്‍റെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്നും ശിയാ ബോര്‍ഡ് വാദിക്കുന്നു. ചരിത്രത്തെ കീഴ്മേല്‍ മറിച്ചിടുന്ന ഫാസിസ്റ്റ് യുക്തി തന്നെ ശിയാ നേതൃത്വം എടുത്തണിയുന്നതാണ് ഈ വിഷയത്തില്‍ കാണുന്നത്. സുന്നികള്‍ക്ക് എതിര്‍പക്ഷമാകുക എന്ന ഒറ്റ അജന്‍ഡയേ ശിയാക്കള്‍ക്കുള്ളൂ. ഇന്ത്യയിലായാലും മറ്റെവിടെയായാലും.

ഇറാന്‍റെ എതിര്‍പദമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഇസ്റാഈലിനോടുള്ള സമീപനത്തില്‍ പോലും ഈ വൈരുധ്യം കാണാനാകും.   ഇസ്റാഈല്‍ രൂപവത്കൃതമായപ്പോള്‍ തുര്‍ക്കിക്ക് പിറകേ തിടുക്കപ്പെട്ട് ഔദ്യോഗിക അംഗീകാരം നല്‍കിയ രാജ്യമാണ് ഇറാന്‍.   200 ഇസ്റാഈല്‍ കമ്പനികള്‍ ഇറാനില്‍ വന്‍ മുതല്‍മുടക്ക്   നടത്തിയിട്ടുണ്ടെന്ന് 2011ല്‍ ഹാരത്സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയെല്ലാം എനര്‍ജി സെക്ടറില്‍ ആണ് താനും. ഓഫര്‍ ബ്രദേഴ്സ് ഗ്രൂപ്പ് ഇതില്‍ പ്രധാനമാണ്. ഇറാനില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മുതല്‍ മുടക്ക് നടത്തുന്നതില്‍ നിന്ന് ഇസ്റാഈല്‍ കമ്പനികളെ വിലക്കുന്ന നിയമം 2008ല്‍ ഇസ്റാഈല്‍ പാര്‍ലിമെന്‍റായ നെസ്സറ്റ് പാസ്സാക്കിയിട്ടുണ്ട്. സമാനമായ നിയമം ഇറാന്‍ മജ്ലിസും പാസ്സാക്കി വെച്ചിട്ടുണ്ട്. നിയമം കടലാസില്‍ കിടക്കും കാര്യം മറ്റൊരു വഴിക്ക് പോകും.

ടെഹ്റാനിലും ഇസ്ഫാഹാനിലുമെല്ലാം നിരവധി ജൂത ആരാധാനാലയങ്ങള്‍ ഉണ്ട്. ടെഹ്റാനില്‍ മാത്രമുണ്ട്. 200ലധികം സിനഗോഗുകള്‍. എന്നാല്‍ പ്രധാന നഗരങ്ങളില്‍ ഒരൊറ്റ സുന്നി പള്ളിപോലുമില്ല.  ഗ്രാമങ്ങളിലുള്ള ആരാധാനാലയങ്ങള്‍ ഒന്നൊന്നായി പൊളിച്ചു നീക്കുകയാണ്. സലഫിസം വ്യാപിക്കുന്നുവെന്നാരോപിച്ചാണ് നടപടി.  ഇറാന്‍ ജനത അടിസ്ഥാനപരമായി അമേരിക്കന്‍ വിരുദ്ധരാണെന്നത് പെരും നുണയാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞു കഴിഞ്ഞതാണ്. പ്രസിഡന്‍റ് പദവിയില്‍ രണ്ടാമൂഴത്തിന് ഗോദയിലിറങ്ങിയ പരിഷ്കരണവാദി നേതാവ് ഹസന്‍ റൂഹാനിയുടെ പ്രധാന തുരുപ്പ് ചീട്ട് യു എസുമായി ഉണ്ടാക്കിയ ആണവ കരാറായിരുന്നു. ആയത്തുല്ലാ ഖാംനഈ തന്നെ നേതൃത്വം നല്‍കുന്ന യാഥാസ്ഥിതിക വിഭാഗം റൂഹാനിയുടെ അമേരിക്കന്‍ പക്ഷപാതിത്വമാണ് പ്രചാരണ വിഷയമാക്കിയത്. ജനം റൂഹാനിയെ ജയിപ്പിച്ചു. സഊദി ചേരിയോട് യു എസ് കാണിക്കുന്ന  സൗമനസ്യത്തില്‍ മാത്രമേ ഇറാന് വിയോജിപ്പുള്ളൂ. യു എസിന്‍റെ വംശീയ വിഭജന രാഷ്ട്രീയത്തില്‍ ഇറാന്‍ മുഖ്യ വേഷം അഭിനയിക്കുന്നു. ഇറാഖ്- ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക ഇറാന്‍ പക്ഷത്തായിരുന്നു. സോവിയറ്റ് പ്രതിരോധത്തിന്‍റെ പേരില്‍ അഫ്ഗാന്‍ അധിനിവേശത്തിനും ശിയാ രാഷ്ട്രം കൂട്ടു നിന്നു.

അത്കൊണ്ട് ഇറാനെ ഇര രാഷ്ട്രമായും അമേരിക്കയെ എതിരിടുന്ന സര്‍വഗുണ സമ്പന്നമായ നായകനായും കാണുന്നതിന് പകരം യാഥാര്‍ഥ്യപൂര്‍ണമായ വിലയിരുത്തലാണ് ഉണ്ടാകേണ്ടത്. യുദ്ധം ആരും ആഗ്രഹിക്കുന്നില്ല. യുദ്ധഭീതി സൃഷ്ടിച്ച് തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയാണ് അമേരിക്കയും ഇസ്റാഈലും ചെയ്യുന്നത്. ഈ ചതുരംഗപ്പലകയിലെ കരുവായി ഇറാനും സഊദിയും നിന്നു കൊടുക്കണോയെന്നതാണ് ചോദ്യം. അറബ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ ശക്തമായ കൂട്ടായ്മ രൂപപ്പെടുത്തുകയും അമേരിക്കന്‍ ചേരിയുടെ സേവനവും രക്ഷാകര്‍തൃത്വവും വേണ്ടെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടത്. അങ്ങനെയൊരു കൂട്ടത്തില്‍ ഇറാന്‍ കൂടുമോ?

You May Also Like
natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ഖിബ്‌ല മാറ്റം: തിരുനബിയുടെ ഇഷ്ടം പോലെ

ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ…

● അലവിക്കുട്ടി ഫൈസി എടക്കര