ജീവികളുടെ നിലനിൽപ്പ് തന്നെ ജലത്തെ ആശ്രയിച്ചാണ്. മനുഷ്യ ജീവിതത്തിന് അല്ലാഹു സംവിധാനിച്ച ഭൂമിയുടെ നാലിൽ മൂന്നിലധികം ജലമാണ് നിറച്ചിരിക്കുന്നത്. 1400 ഘനയടി കിലോമീറ്റർ ജലം ഭൗമോപരിതലത്തിലുണ്ട്. ഇതിന്റെ 97 ശതമാനവും ലവണ ജലമാണ്. ശേഷിക്കുന്നതിന്റെ 77 ശതമാനം ഹിമപാളികളാണ്. ഇതെല്ലാം കഴിഞ്ഞ് ബാക്കിയുള്ളതാണ് നമുക്ക് സുഗമമായി കിട്ടുന്ന ജല സ്രോതസ്സുകൾ. ഭൂമിയുടെ താളം തെറ്റാതിരിക്കാനും ആവശ്യാനുസാരം മനുഷ്യർക്ക് ഉപയോഗിക്കാനും വേണ്ടി ഭൗമാന്തർഭാഗത്തും ജലനിക്ഷേപമുണ്ട്. ജലമാണ് ജീവൻ എന്നത് ആലങ്കാരിക വർണനയല്ല; വസ്തുതാ വിശദീകരണം മാത്രമാണ്.

ഭൂമിയുടെ ഭൂരിഭാഗവും ജലമാണെങ്കിൽ പോലും മനുഷ്യന്റെ ഉപയോഗത്തിന് പ്രാപ്തമായ ജലം നിശ്ചിത തോതിൽ മാത്രമേ അല്ലാഹു സംവിധാനിച്ചിട്ടുള്ളൂ. ‘ആകാശത്തു നിന്നും നാം നിശ്ചിത അളവിൽ വെള്ളം ഇറക്കുകയും അതിനെ ഭൂമിയിൽ സൂക്ഷിക്കുകയും ചെയ്തു’ (മുഅ്മിനൂൻ/18) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.

അമിതോപയോഗം നടത്തിയും നശിപ്പിച്ചും ഈ മഹത്തായ അനുഗ്രഹത്തെ ഇല്ലായ്മ ചെയ്യാനാണ് സ്വാർത്ഥരായ മനുഷ്യരുടെ ശ്രമം. തൽഫലമായി ഇപ്പോൾ തന്നെ ലോക ജനതയുടെ 60 ശതമാനത്തിന് ആവശ്യമായ അളവിൽ ശുദ്ധജലം കിട്ടാതായിരിക്കുന്നു. അടുത്ത ദശകങ്ങളിൽ നിലവിലുള്ളതിന്റെ 40 ശതമാനം ജലക്കുറവ് അനുഭവപ്പെടുമെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നു കഴിഞ്ഞു. കേരളത്തിൽ തന്നെ നിളാതീര ഗ്രാമങ്ങളിൽ പോലും കുടിവെള്ളം ടാങ്കർ ലോറികളിൽ എത്തിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇസ്‌ലാം ജലസംരക്ഷണത്തിനായി വിവിധ പദ്ധതികൾ സമർപ്പിക്കുന്നുണ്ട്. ജലത്തെക്കുറിച്ചുള്ള ഇസ്‌ലാമിക പാഠങ്ങൾ ഏറെ പ്രസക്തം.

ജലവും ഇസ്‌ലാമും

ഇസ്‌ലാമിക പാഠങ്ങൾ ഉൾക്കൊണ്ട ഒരാൾക്ക് ജലത്തെ അമിതവ്യയം നടത്താനോ മലിനമാക്കാനോ സാധ്യമല്ല. അത്രത്തോളമാണ് മതം ജലത്തിന് പ്രാധാന്യം കൽപ്പിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥിരപ്പെടുത്താൻ പോലും ഖുർആൻ ജലത്തെ മാധ്യമമാക്കിയതായി കാണാം. സൂറത്തുൽ ബഖറയിലെ 21,22 പോലുള്ള സൂക്തങ്ങളിൽ അല്ലാഹുവിന്റെ വിശേഷണമായി ആകാശ ലോകത്തുനിന്ന് വെള്ളം ഇറക്കി എന്നതിനെ വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകൾ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം തന്നെ പ്രവാചകന്മാരുടെ നുബുവ്വത്ത് സ്ഥിരീകരിക്കാനും ജലത്തെ ഉപയോഗിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: സ്വന്തം ജനതക്കായി മൂസാ നബി (അ) ജലമാവശ്യപ്പെട്ട സന്ദർഭമോർക്കുക. താങ്കളുടെ വടികൊണ്ട് ആ കല്ലിന്മേൽ പ്രഹരിക്കൂ എന്ന് തൽസമയം നാം അനുശാസിച്ചു. അടിച്ചപ്പോൾ അതിൽ നിന്ന് 12 ഉറവകൾ പൊട്ടിയൊലിച്ചു. ഓരോരുത്തരും അവരവരുടെ പാനസ്ഥലങ്ങൾ മനസ്സിലാക്കി (അൽബഖറ/60). മൂസാ നബി(അ)യുടെ പ്രവാചകത്വം തെളിയിക്കാൻ അല്ലാഹു കൊടുത്ത വലിയൊരു മുഅ്ജിസത്തായിരുന്നു അത്.

പ്രവാചകർ(സ്വ)ക്കും ജലവുമായി ബന്ധപ്പെട്ട മുഅ്ജിസത്ത് ഉണ്ടായിട്ടുണ്ട്. സൗറാഅ് എന്ന പ്രദേശത്തുവെച്ച് സ്വഹാബത്തിനും തിരുദൂതർ(സ്വ)ക്കും ആവശ്യത്തിന് വെള്ളം ലഭ്യമാവാതെ വന്ന സന്ദർഭത്തിലായിരുന്നു അത്. നബി(സ്വ)യുടെ അടുക്കൽ ഒരാൾ ഒരു പാത്രം കൊണ്ടുവരികയും വെള്ളമില്ലെന്ന് പരാതിപ്പെടുകയും ചെയ്തപ്പോൾ അതിൽ തിരുകരം വെച്ചു കൊടുക്കുകയും പെടുന്നനെ അവിടുത്തെ വിരലുകൾക്കിടയിലൂടെ വെള്ളം ധാരധാരയായി ഉറവയെടുക്കുകയും ചെയ്തു (ബുഖാരി).

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ജലം അവന് ഇലാഹിലേക്ക് അടുക്കാനുള്ള മാർഗം കൂടിയാണ്. ഇസ്‌ലാമിലെ ഒട്ടേറെ കർമങ്ങൾ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. വുളൂഅ്, കുളി, ശൗചം ചെയ്യൽ, മാലിന്യമുക്തി തുടങ്ങി നിരവധി ആരാധനകൾ ഈ കൂട്ടത്തിൽ പെടുന്നു. വുളൂഅ് തന്നെ ധാരാളം സന്ദർഭങ്ങളിൽ നിർബന്ധവും സുന്നത്തുമായി വിശ്വാസി അനുഷ്ഠിക്കേണ്ടതാണ്. നിസ്‌കാരം ത്വവാഫ്, സുജൂദ്, ജുമുഅയുടെ ഖുതുബ, ഖുർആൻ സ്പർശിക്കുക തുടങ്ങിയവക്ക് നിർബന്ധവും ഖുർആൻ പാരായണം ചെയ്യുക, ഹദീസ് ഉദ്ധരിക്കുക, ഇവ രണ്ടും ശ്രവിക്കുക, മതപരമായ വിജ്ഞാനം പഠിക്കുക, ഖബ്ർ സിയാറത്ത് ചെയ്യുക, ഉറങ്ങുക, വാങ്ക്, ഇഖാമത്ത് എന്നിവ വിളിക്കുക, ജനാബത്തുകാരൻ അന്നപാനം നടത്തുക, മയ്യിത്തിനെ ചുമക്കുക, തഫ്‌സീർ ഗ്രന്ഥങ്ങൾ വഹിക്കുക തുടങ്ങിയവക്കും മറ്റും സുന്നത്തുമാണ്. ഇതേ പ്രകാരം വ്യത്യസ്ത സന്ദർഭങ്ങളിൽ കുളിയും നിർബന്ധമോ സുന്നത്തോ ആവും. ജലബന്ധിതമായ ഇത്തരം കർമങ്ങൾ നിമിത്തമായി ഒരു വിശ്വാസിക്ക് അല്ലാഹു വാഗ്ദാനം ചെയ്യുന്നത് അരുവികളും നദികളുമടങ്ങിയ സ്വർഗമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസം വരിക്കുകയും സൽകർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർ തന്നെയാണ് സൃഷ്ടികളിൽ ശ്രേഷ്ഠർ. തങ്ങളുടെ രക്ഷിതാവിങ്കൽ അവർക്കുള്ള പ്രതിഫലം താഴ്ഭാഗത്ത് അരുവികളൊഴുകുന്ന സ്വർഗീയ ഉദ്യാനങ്ങളാണ് (അൽബയ്യിന/7,8).

ജലവും അമിതോപയോഗവും

ജലത്തിന്റെ പ്രാധാന്യത്തെ ഇസ്‌ലാം എടുത്ത് കാണിച്ചതിന് പുറമെ അതിനെ മനുഷ്യ രാശിക്ക് മുഴുവൻ ലഭ്യമാകുന്ന രൂപത്തിൽ സംരക്ഷിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അമിതോപയോഗമാണ് ജലനാശത്തിന്റെ പ്രധാന കാരണമെന്നറിയാമല്ലോ. അതിനാൽ ഇസ്‌ലാം ശക്തമായ ഭാഷയിൽ അമിതോപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. അല്ലാഹു പറയുന്നു: നിങ്ങൾ അന്നപാനാദികൾ കഴിക്കുക. എന്നാൽ ദുർവ്യയം അരുത് (അൽഅഅ്‌റാഫ്/31).

പ്രവാചകർ(സ്വ) തന്റെ കാലശേഷം ജലം അനാവശ്യമായി വിനിയോഗിക്കുന്ന ഒരു സമൂഹത്തെ കുറിച്ച് പ്രവചിക്കുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തതായി ഇമാം അഹ്മദ്(റ) മുസ്‌നദിൽ ഉദ്ധരിച്ചിട്ടുണ്ട്. ഈ പ്രവചനം അക്ഷരംപ്രതി പുലരുന്നതാണ് നാം കാണുന്നത്. ടാപ്പ് തുറന്നുവെച്ച് ഒരു പ്രാവശ്യം ബ്രഷ് ചെയ്യുമ്പോഴും ശുദ്ധീകരണം നടത്തുമ്പോഴും എത്രമാത്രം വെള്ളമാണ് നഷ്ടപ്പെടുന്നത്. അപ്രകാരം ബക്കറ്റ് പോലുള്ള പാത്രങ്ങൾ നിറച്ച് തലക്കു മുകളിൽ കമിഴ്ത്തിക്കൊണ്ടുള്ള കുളി നടത്തുമ്പോൾ ശരീരത്തിൽ ഒന്നു സ്പർശിക്കുക പോലും ചെയ്യാതെ ഒഴുകി നശിക്കുന്ന ജലത്തെക്കുറിച്ച് ആലോചിക്കുക. ഭക്ഷണത്തിന് മുമ്പ് കൈയൊന്ന് നനക്കാൻ കുറഞ്ഞ വെള്ളം മതി. അപ്രകാരം തന്നെ വുളൂഇലെ കർമങ്ങളായ തല തടവുക, ചെവി തടവുക പോലുള്ളവക്കും നേരിയ രീതിയിൽ പൈപ്പു തുറന്നാൽ മതി.

പക്ഷേ, പരമാവധിയിലാണ് നാം ടാപ്പുകൾ തുറന്നിടുന്നത്. അങ്ങനെ ജലം ഒഴുകി തീർന്നുകൊണ്ടിരിക്കുന്നു. തലമുറകളെയും ഭൂമിയിലെ ജൈവസാന്നിധ്യത്തെയും ബാധിക്കുന്നതാകലാണ് വെള്ളം അമിതമായുപയോഗിക്കുന്ന കാര്യത്തിൽ നബി(സ്വ) പ്രത്യേകം വിലക്കിയിട്ടുണ്ട്. അംഗസ്‌നാനത്തിന് കൂടുതൽ വെള്ളമുപയോഗിക്കുന്ന സഅദ്(റ)നെ തിരുത്തി അവിടുന്ന് പറഞ്ഞു:

‘സഅദേ എന്താണിത്, എത്രയാണ് ഉപയോഗിച്ച് കളയുന്നത്?’

വുളൂഅ് ഒരാരാധനയാകയാൽ എത്ര വെള്ളവുമാവാം എന്നു തെറ്റിദ്ധരിച്ച തിരുനബി ശിഷ്യൻ വ്യക്തതക്കായി ചോദിച്ചു:

‘അമിതോപയോഗത്തിന്റെ പ്രശ്‌നം വുളൂഇലുണ്ടോ?

തിരുനബി(സ്വ)യുടെ പ്രതികരണം: അതേ സഅ്ദ്, ഒഴുകുന്ന ആറിൽ നിന്നാണ് താങ്കൾ വുളൂഅ് ചെയ്യുന്നതെങ്കിലും അമിതവ്യയം അരുത് (ഇബ്‌നുമാജ).

സമുദ്രത്തിൽ നിന്നാണെങ്കിലും സ്വന്തം കിണറ്റിലെ വെള്ളമാണെങ്കിലും മൂന്നിലധികം പ്രാവശ്യം കഴുകാവതല്ല. പൊതുജല സംഭരണികളിൽ നിന്നാണെങ്കിൽ ഹറാം തന്നെയാണിത്. വുളൂഅ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് ചോദിച്ച് ഒരു അഅ്‌റാബി നബി(സ്വ)യുടെ അടുക്കൽ വന്നപ്പോൾ മൂന്നു തവണ ഓരോ അവയവും അവിടുന്ന് കഴുകി കാണിച്ചു കൊടുക്കുകയും ഇതിനേക്കാൾ അമിതമാക്കിയവൻ അക്രമിയും പരിധി ലംഘിച്ചവനുമാണെന്ന് അരുളുകയുമുണ്ടായി. ജലം ഒരു തുള്ളി പോലും നഷ്ടപ്പെടാതിരിക്കാൻ മതം കാവൽ നിൽക്കുന്നതാണിവിടെ കാണുന്നത്.

അമിതോപയോഗം നിരോധിക്കുക മാത്രമല്ല, അത് ജീവിതത്തിൽ കാണിച്ചു തരികയും ചെയ്തു തിരുനബി(സ്വ). ഒരു മുദ്ദ് (ഏകദേശം 800 ഗ്രാം) വെള്ളം കൊണ്ട് പോലും അവിടുന്ന് വുളൂഅ് ചെയ്യാറുണ്ടായിരുന്നു. നിർബന്ധ കുളിക്ക് ഒരു സ്വാഅ് (മുദ്ദിന്റെ നാലിരട്ടി) വെള്ളം മാത്രമാണ് പലപ്പോഴും  ഉപയോഗിച്ചിരുന്നത്. നിരവധി ബക്കറ്റ് വെള്ളം വെറുതെ കോരിയൊഴിച്ച് കളയുന്നവർ ഇത് ശ്രദ്ധിക്കാതിരിക്കരുത്.

ജലവും മലിനീകരണവും

ജലം അമിതമായി ഉപയോഗിച്ച് തീർക്കുന്നത് പോലെയാണ് അതിനെ ഉപയോഗ ശൂന്യമാക്കുന്നതും. പുഴയിലും മറ്റു ജലാശയങ്ങളിലും കോഴിമാലിന്യം തള്ളുന്നതും വിസർജ്യങ്ങൾ ഒഴുക്കുന്നതും ഇന്ന് നിത്യ കാഴ്ചയായിരിക്കുന്നു. ഉപയോഗശൂന്യ വസ്തുക്കൾ കടൽപുഴ, പൊതുനിരത്തുകൾ തുടങ്ങിയയിടങ്ങളിൽ പുറന്തള്ളി സ്വന്തം വീടും പറമ്പും വൃത്തിയാക്കാൻ ശ്രമിക്കുകയാണ് പലരും.

നഗരവത്കരണമെന്ന പേരിൽ ഗ്രാമങ്ങൾ വികസിച്ചപ്പോൾ പുറത്തിറങ്ങാനാവാത്ത വിധം മാലിന്യങ്ങൾ കൊണ്ട് നാടാകെ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം ഒഴുകുന്നത് ഏതെങ്കിലും ജല സ്രോതസ്സുകളിലേക്കാണ്. സമൂഹത്തിന് മുഴുവൻ രോഗങ്ങൾ നൽകുന്ന ഈ പ്രവർത്തനവും വികസനം തന്നെ! പുഴയിൽ മണലില്ലാതായാൽ ചെളി കെട്ടി വെള്ളം നാശമാകുന്നുവെന്നു മാത്രമല്ല, ഇരുകരകളിലെയും കിണറുകൾ വറ്റുന്നുമുണ്ട്. അറവുശാല മുതൽ ഹോട്ടലുകൾ വരെ ജലസ്രോതസ്സുകൾ മലിനമാക്കുകയാണ്. വ്യവസായ വികസനത്തിൽ പിന്നിലാണെന്ന് വിലപിക്കുമ്പോഴും മലിനീകരണത്തിൽ നാം ഒട്ടും പിന്നിലല്ല. 50 ലക്ഷം പേർക്ക് കുടിവെള്ളം നൽകുന്ന പെരിയാറിൽ 250 രാസ കമ്പനികൾ മാലിന്യം ഒഴുക്കിവിടുന്നു. സ്ഥിതി എത്ര ഭീകരമാണ്! ഇസ്‌ലാം ഇവിടെയും പ്രകൃതിയുടെ പക്ഷം ചേരുന്നു. കെട്ടിനിൽക്കുന്ന വെള്ളത്തിലും കൂടുതലില്ലാതെ ഒലിക്കുന്ന വെള്ളത്തിലും മലമൂത്ര വിസർജനം പാടില്ലെന്നാണ് മതം പഠിപ്പിക്കുന്നത്. മാത്രമല്ല, കുറഞ്ഞ വെള്ളമാകുമ്പോൾ നിരുപാധികം ഹറാമാണെന്നു വരെ പറഞ്ഞ പണ്ഡിതന്മാരുണ്ട്. ഈ വിഷയത്തിൽ ജലാശയം പോലെ തന്നെയാണ് അടുത്തുള്ള കരകളും. മലമൂത്ര വിസർജനം കറാഹത്തായത് പോലെ തന്നെ മനുഷ്യന് വെറുപ്പുണ്ടാക്കുന്ന എന്തും വെള്ളത്തിൽ നിക്ഷേപിക്കുന്നതും കറാഹത്താണെന്ന് പിൽക്കാല പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് (തുഹ്ഫ, ശർവാനി).

നബി(സ്വ) പറഞ്ഞു: കുടിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന പുഴയുടെ കരയിൽ വിസർജിക്കുന്നവനെ അല്ലാഹുവും മലക്കുകളും സർവസൃഷ്ടികളും ശപിക്കുന്നതാണ്.’ കെട്ടി നിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നത് പ്രവാചകർ(സ്വ) നിരോധിച്ചതായി ജാബിർ(റ) പറഞ്ഞുവെന്ന് മുസ്‌ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളം മലിനമാകാതിരിക്കാൻ ഇസ്‌ലാം വേറെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കെട്ടിനിൽക്കുന്ന വെള്ളത്തിലിറങ്ങി ജനാബത്തുകാരൻ കുളിക്കൽ കറാഹത്താണെന്ന് പറഞ്ഞതും (ഫത്ഹുൽ മുഈൻ) കൈ ശുദ്ധമാണെന്ന് ഉറപ്പില്ലെങ്കിൽ ശുദ്ധവെള്ളത്തിലേക്ക് കൈ മുക്കുന്നതിന് മുമ്പ് മൂന്നു തവണ കൈ കഴുകൽ സുന്നത്താണെന്ന് പഠിപ്പിച്ചതും ഇതിനുദാഹരണങ്ങളാണ്.

ഇമാം മുസ്‌ലിം(റ) തദ്വിഷയകമായി ചില ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബൂഹുറൈറയിൽ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നിങ്ങളിലാരും ജനാബത്തുകാരനായിരിക്കെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിക്കാൻ പാടില്ല.’ പിന്നെ അവനെന്തു ചെയ്യുമെന്ന് അബൂഹുറൈറയോട് ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: ‘അവൻ കോരിയെടുത്ത് കുളിക്കട്ടെ.’

മറ്റൊരു ഹദീസിൽ പ്രവാചകർ(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങൾ ഉറക്കിൽ നിന്ന് ഉണർന്ന് കഴിഞ്ഞാൽ മൂന്നു തവണ കൈകൾ കഴുകുന്നതിന്റെ മുമ്പ് വെള്ളത്തിൽ മുക്കാൻ പാടില്ല. കാരണം എവിടെയായിരുന്നു രാത്രിയിൽ കരങ്ങൾ ഉണ്ടായിരുന്നതെന്ന് അവനറിയില്ലല്ലോ.’ പലപ്പോഴും ജലം മലിനമാക്കപ്പെടുന്നതിന്റെ കാരണം അത് വേണ്ട വിധത്തിൽ സൂക്ഷിക്കാത്തതാണ്. അതുകൊണ്ടു തന്നെ ജലപാത്രവും മറ്റും അടച്ച് സൂക്ഷിക്കാനും തിരുനബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞതായി മുസ്‌ലിം(റ) ഉദ്ധരിക്കുന്നു: ‘നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുകയും ജലപാത്രം കെട്ടിവെക്കുകയും ചെയ്യുക.’ ഇതിനു പുറമെ അല്ലാഹു ജലത്തെ ശുദ്ധമാക്കി നൽകിയതിനെ അവന്റെ അപാരമായ കാരുണ്യമായിട്ടാണ് എണ്ണിയിരിക്കുന്നത്. അല്ലാഹു പറയുന്നു: രണ്ടു ജലാശയങ്ങളിൽ ഒന്ന് തെളിഞ്ഞ ശുദ്ധജലവും മറ്റേത് ചവർപ്പുള്ള ഉപ്പുവെള്ളവും ഒരുമിച്ചു കൂട്ടിയത് അല്ലാഹുവാണ്. ശക്തമായൊരു മറയും കരുത്തുള്ളൊരു തടസ്സവും അവ രണ്ടിനുമിടക്ക് അവനുണ്ടാക്കുകയും ചെയ്തു (അൽഫുർഖാൻ/53). സമാനമായ സൂക്തങ്ങൾ ഖുർആനിൽ നിരവധിയാണ്.

(തുടരും)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ