ഈദ്ഗാഹിന്റെ പേരില്‍ വിശ്വാസികളെ പെരുന്നാള്‍ സുദിനങ്ങളില്‍ വൃത്തിഹീനമായ മാര്‍ക്കറ്റുകളിലേക്കും മൈതാനങ്ങളിലേക്കും നിസ്കാരത്തിന് വലിച്ചിഴക്കുന്നവരാണ് ബിദഇകള്‍. ഗള്‍ഫ് നാടുകളെയാണ് ഇവര്‍ ഇക്കാര്യത്തില്‍ അനുകരിക്കാറുള്ളത്. എന്നാല്‍ ഈദ്ഗാഹിന്റെ വിഷയത്തില്‍ ഗള്‍ഫ് നാടുകളോട് താരതമ്യം ചെയ്യുന്നത് ശുദ്ധവിവരക്കേടാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. കാരണം അവിടങ്ങളിലെല്ലാം പെരുന്നാള്‍ നിസ്കാരത്തിനു വേണ്ടി പ്രത്യേകമായി തയ്യാര്‍ ചെയത സ്ഥലങ്ങളെയാണ് ഈദ്ഗാഹ് എന്ന് വിളിക്കുന്നത്. നിസ്കാര ശേഷം പൂട്ടി അടുത്ത നിസ്കാരം വരെ സംരക്ഷിക്കുകയും വൃത്തിയായി പരിപാലിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രങ്ങളാണവ. അല്ലാതെ ഏതെങ്കിലും ചന്തകളിലോ മറ്റോ ബാനര്‍ വച്ച തട്ടിക്കൂട്ട് ഈദ്ഗാഹുകളല്ല. പെരുന്നാള്‍, ഗ്രഹണം പോലുള്ള നിസ്കാരങ്ങള്‍ക്കു വേണ്ടി പ്രത്യേകം മാറ്റിവച്ച സ്ഥലങ്ങളാണ് ഇവ.
ഈദ്ഗാഹ് എന്ന് ഇന്ത്യയിലും അറബി നാടുകളില്‍ മൈദാനു സ്വലാത്ത് എന്നും വിളി ക്കപ്പെടുന്നു. പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കാന്‍ പള്ളിയാണോ മൈതാനമാണോ ഉത്തമമെന്ന വിഷയത്തില്‍ പണ്ഡിതന്മാര്ക്കിടയില് വീക്ഷണാന്തരമുണ്ട്. പെരുന്നാള്‍ നിസ്കരത്തിനു വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത സ്ഥലം ഉണ്ടെങ്കില്‍ തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമാണെങ്കില്‍ പള്ളിയില്‍വച്ച് നിര്‍വഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബില്‍ പ്രബലം. പ്രവിശാലവും സൗകര്യപ്രദവുമായ മസ്ജിദുകള്‍ അടച്ച്പൂട്ടി പെരുന്നാള്‍ ദിനം വൃത്തിഹീനമായ സ്ഥലങ്ങളില്‍ പോയി നിസ്കാരം നിര്‍വഹിക്കുന്ന പുത്തന്‍ വാദികളുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.
‘നബി(സ്വ) ചെറിയ പെരുന്നാള്‍ ദിവസവും വലിയ പെരുന്നാള്‍ ദിവസവും മുസ്വല്ലയിലേക്കു പുറപ്പെട്ടിരുന്നു’- ഇമാം മുസ്ലിം സ്വഹീഹില്‍ ഉദ്ധരിച്ച ഈ ഹദീസാണ് ഈ നടപടിക്ക് പുത്തന്‍ വാദികള്‍ തെളിവാക്കാറുള്ളത്. എന്നാല്‍ എന്താണ് ഈ ഹദീസിന്റെ താല്പര്യമെന്ന് ഇമാം നവവി(റ) വിശദീകരിക്കുന്നുണ്ട്. ‘പെരുന്നാള്‍ നിസ്കാരത്തിനായി മുസ്വല്ലയിലേക്ക് പുറപ്പെടല്‍ സുന്നത്താണെന്നും പള്ളിയില്‍വച്ച് നിസ്കരിക്കുന്നതിനേക്കാള്‍ അതാണുത്തമമെന്നും അഭിപ്രായപ്പെട്ടവര്‍ക്ക് ഈ ഹദീസ് പ്രമാണമാക്കാവുന്നതാണ്. ഈ ഹദീസ് അടിസ്ഥാനപ്പെടുത്തിയാണ് അധിക പട്ടണങ്ങളിലും പെരുന്നാള്‍ നിസ്കാരത്തിന് മുസ്വല്ലകള്‍ ഉപയോഗപ്പെടുത്തുന്നത്. മക്കാ നിവാസികള്‍ പണ്ടുകാലം മുതലേ പള്ളിയില്‍വച്ച് മാത്രമാണ് പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചിരുന്നത്.
ശാഫിഈ ധാരയിലെ പണ്ഡിതന്മാര്ക്ക് ഈ വിഷയത്തില്‍ രണ്ട് വീക്ഷണങ്ങളാണുള്ളത്. ഒന്ന്: പെരുന്നാള്‍ നിസ്കാരത്തിന് പള്ളിയേക്കാള്‍ ഉത്തമം മൈതാനമാണ്. ഈ ഹദീസാണ് ഉദ്ധൃത വീക്ഷ ണത്തിന്റെ അവലംബം. രണ്ട്: എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമാണെങ്കില്‍ മൈതാനിയേക്കാള്‍ ഉത്തമം പള്ളിതന്നെ. ഈ വീക്ഷണത്തെയാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും പ്രബലമാക്കുന്നത്. ഇതിന് അവരുടെ തെളിവ് ‘മക്കാനിവാസികള്‍ പെരുന്നാള്‍ നിസ്കാരം പള്ളിക്ക് പുറത്ത്വച്ച് നിസ്കരിക്കാതി രുന്നത് പള്ളി വിശാലമായത് കൊണ്ടും നബി(സ്വ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളിയുടെ വിശാലത കുറവ് കൊണ്ടുമാണ്. അതിനാല്‍ പള്ളി വിശാലമാണെങ്കില്‍ അതുതന്നെയാണ് ഉത്തമമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു (ശര്‍ഹു മുസ്ലിം).
അബൂഇസ്ഹാഖുശ്ശീറാസി(റ) വിവരിക്കുന്നു: ‘പള്ളി വിശാലമാണെങ്കില്‍ അവിടെ മറ്റൊരഭിപ്രായത്തിന് പഴുതില്ല. പള്ളി തന്നെയാണുത്തമം. കാരണം മക്കയില്‍ ഒരു ഘട്ടത്തില്‍ പോലും പള്ളിക്കു വെളിയില്‍വച്ച് പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, മൈതാനിയേക്കാള്‍ വൃത്തിയിലും ശ്രേഷ്ഠതയിലും മുമ്പില്‍ നില്‍ക്കുന്നത് പള്ളി തന്നെയാണല്ലോ (മുഹദ്ദബ്). ഇതേ ആശയം മറ്റു പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്നു ഹജറുല്‍ ഹൈതമി(റ) കുറിച്ചു: ‘ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലം പള്ളിയാണല്ലോ. അതിനാല്‍ പെരുന്നാള്‍ നിസ്കാരം അവിടെ വച്ച് നിര്‍വഹിക്കലാണ് അഭികാമ്യം. തിരുനബി(സ്വ) പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചത് മൈതാനിയിലാണന്നും അതിനാല്‍ പെരുന്നാള്‍ നിസ്കാര നിര്‍വഹണത്തിന് പള്ളിയെക്കാള്‍ മൈതാനിയാണുത്തമമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുവെങ്കിലും. നബി(സ്വ)യുടെ കാലത്ത് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമല്ലാത്തത് കൊണ്ടാണ് അവിടുന്ന് മൈതാനിയിലേക്കു പുറപ്പെട്ടത് എന്ന് പണ്ഡിതന്മാര് ആ അഭിപ്രായത്തെ ഖണ്ഡിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിലാണ് പ്രസ്തുത രണ്ടഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നത്. മസ്ജിദുല്‍ ഹറാമിന്റെ പുണ്യവും കഅ്ബയെ നേരില്‍ കാണുന്നതും പരിഗണിച്ചാല്‍ അവിടെവച്ച് തന്നെയാണ് പെരുന്നാള്‍ നിസ്കാരം ഉത്തമമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എങ്കിലും വല്ല പ്രതിബന്ധവുമുണ്ടായാല്‍ മേല്‍ വിവരിക്കപ്പെട്ട നിയമത്തിനു മാറ്റമുണ്ടാകാം. അഥവാ ആദ്യ വീക്ഷണമനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പള്ളി വിശാലമല്ലെങ്കില്‍ അവിടെവച്ച് നിസ്കരിക്കുന്നത് കറാഹത്തായിവരും. രണ്ടാം വീക്ഷണ പ്രകാരം മഴ പോലുള്ള പ്രതിബന്ധങ്ങളുണ്ടാവുന്ന സാഹചര്യത്തില്‍ മൈതാനിയില്‍വച്ച് നിസ്കരിക്കലും കറാഹത്താണ്. പള്ളി വിശാലമല്ലാതിരിക്കുകയും മഴ പോലുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പള്ളിയില്‍ ഉള്‍ക്കൊള്ളുന്നവരെ കൂട്ടി ഇമാം പള്ളിയില്‍വച്ച് നിസ്കരിക്കുകയും അവശേഷിക്കുന്നവര്‍ക്ക് മറ്റൊരിടത്ത്വച്ച് ജ മാഅത്തായി നിസ്കരിക്കാന്‍ ഒരാളെ ഇമാം പ്രതിനിധിയാക്കുകയുമാണ് വേണ്ടത് (തുഹ്ഫതുല്‍ മുഹ്താജ്).
പരിശുദ്ധ ഇസ്ലാം പെരുന്നാള്‍ നിസ്കാരം എവിടെ വച്ചാവണമെന്നും ആകരുതെന്നും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രമാണങ്ങള്‍ മറികടന്നു വരുന്ന എല്ലാ പുത്തനാശയങ്ങളും തള്ളപ്പെടേണ്ടതാണ്.