ഓസ്‌ട്രേലിയയിലെ മോനോഷ് യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫി പ്രൊഫസർ, അസോസിയേറ്റ് ഡീൻ ഓഫ് റിസർച്ച് എന്നീ പദവികൾ വഹിക്കുന്ന നാസ്തിക സംവാദകനാണ് ഗ്രഹാം റോബർട്ട് ഓപ്പി. മതതത്ത്വചിന്തയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല. നാസ്തികതയെ ധൈഷണികമായി സമർത്ഥിക്കാനും ആസ്തികതയെ ചോദ്യം ചെയ്യാനും ആധുനിക നിരീശ്വരവാദികൾ ഇദ്ദേഹത്തിന്റെ പല കൃതികളും അവലംബിക്കാറുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ടതും ആസ്തികതയെ കടന്നാക്രമിക്കുന്നതുമായ ഗവേഷണ പ്രബന്ധമാണ് Arguments for Atheism (നാസ്തിക ചിന്താഗതിയുടെ വാദങ്ങൾ).
അതിന്റെ ആമുഖം ഇങ്ങനെയാണ്: ‘നാസ്തികതയെ സമർത്ഥിക്കാൻ മൂന്ന് വിധത്തിലുള്ള വാദങ്ങളുണ്ട്. ഒന്ന്, പ്രത്യക്ഷ വാദങ്ങൾ (Direct arguments). ആസ്തികത അർത്ഥശൂന്യമാണെന്നും പരസ്പര ചേർച്ചയില്ലാത്തതാണെന്നും യുക്തിപരമായ വൈരുധ്യം പുലർത്തുന്നതാണെന്നും ധാർമികമായി അരോചകമാണെന്നും സ്ഥിരീകരിക്കുന്നതാണവ. രണ്ട്, പരോക്ഷ വാദങ്ങൾ (Indirect arguments). പ്രത്യക്ഷ വാദങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളാണിവ. മൂന്ന്, താരതമ്യ വാദങ്ങൾ (Comparative arguments). ഭൗതികവാദം ആസ്തിക വാദത്തെക്കാൾ ധർമനിഷ്ഠ ഉൾക്കൊള്ളുന്നതാണെന്ന് സമർത്ഥിക്കുന്ന വാദങ്ങളാണിവ.’
‘ഇല്ലായ്മ’ വിശ്വസിക്കാൻ തെളിവ് ആവശ്യമില്ലെന്ന നാസ്തിക പല്ലവി നിരാകരിച്ച് പ്രമാണബദ്ധമായാണ് ഗ്രഹാം ഓപ്പി ഇത്തരമൊരു കൃതി പൂർത്തിയാക്കിയതെന്ന് വായനക്കാർ തെറ്റിദ്ധരിക്കേണ്ടതില്ല. കാരണം ഈ കൃതി മുഴുവൻ അരിച്ചുപെറുക്കിയാലും പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു ശക്തിയില്ലെന്ന് തെളിയിക്കാൻ ഫിലോസഫിക്കലായ ഒരു സർവാംഗീകൃത പ്രിമൈസും മുന്നോട്ടുവെച്ചതായി കാണില്ല. കേവലം ഊഹാപോഹങ്ങളും അവകാശവാദങ്ങളും അന്തമായ വിമർശനങ്ങളും അനർത്ഥമായ നിരീക്ഷണങ്ങളുമല്ലാതെ ധൈഷണിക സംവാദങ്ങളിൽ സംശയങ്ങൾക്കോ മറുചോദ്യങ്ങൾക്കോ വകയില്ലാത്ത വിധം ഒരു വാദം സ്ഥിരീകരിക്കുന്നതിനാവശ്യമായ നിബന്ധനകളിലൊന്നു പോലും ഗ്രഹാം ഓപ്പിയുടെ നാസ്തിക വാദങ്ങൾ ഉൾക്കൊണ്ടിട്ടില്ല. പിന്നെന്താണ് ഈ കൃതിയുടെ ഇതിവൃത്തം? എങ്ങനെയാണിത് നാസ്തികതക്ക് വേദവാക്യമാവുന്നത്? നമുക്ക് വിലയിരുത്താം.
അലിസ്റ്റർ മഗ്രാത്തിന്റെ ‘The Twilight of Atheism, The Rise and Fall of Disbelief in the Modern World’ എന്ന പുസ്തകം യുക്തിവാദത്തിന്റെ പതനചരിത്രമാണ്. യൂറോപ്പിലും ലോകരാജ്യങ്ങളിലും നാസ്തികവാദത്തിന്റെ ദാർശനികാടിത്തറകൾ തകർന്ന് വീഴുകയാണെന്നും ശാസ്ത്രപഠനങ്ങളെല്ലാം ദൈവാസ്തിക്യത്തെ സത്യപ്പെടുത്തുകയാണെന്നും സമർത്ഥിക്കുന്ന മികച്ച ഗ്രന്ഥങ്ങൾ വേറെയുമുണ്ട്. ഇത്തരമൊരു പതനത്തിന് നാസ്തികത ഇരയായത് പ്രാമാണിക ദാരിദ്ര്യം കൊണ്ടുതന്നെയാണ്. ഇവിടെയാണ് ഇസ്‌ലാമിക് തിയോളജി ചർച്ചക്ക് വരേണ്ടത്.
മറ്റു മതങ്ങൾക്കോ ഇസങ്ങൾക്കോ അവകാശപ്പെടാവുന്നതിലുമപ്പുറം പ്രാമാണിക ഭദ്രത ഇസ്‌ലാമിക ദൈവശാസ്ത്രത്തിനുണ്ടെന്നത് കേവലം അവകാശവാദമോ പക്ഷംചേർന്ന നിരീക്ഷണമോ അല്ല. മുസ്‌ലിം ധൈഷണിക പാരമ്പര്യത്തെ അടുത്തറിഞ്ഞ് ഇസ്‌ലാമിക തിയോളജിയിൽ വിരചിതമായ ഗ്രന്ഥങ്ങളുടെ എണ്ണവും വൈപുല്യവും ഉള്ളടക്കവും ഗവേഷണാത്മകമായി സമീപിച്ച ആർക്കും ഇത് ബോധ്യപ്പെടും. പ്രപഞ്ച സ്രഷ്ടാവിന്റെ ഉൺമയെയും വിശേഷണങ്ങളെയും തിരുനബി(സ്വ)യുടെ പ്രവാചകത്വത്തെയും സർവാംഗീകൃത പ്രസ്താവനകളിലൂടെയും ബൗദ്ധിക പ്രമാണങ്ങളിലൂടെയും സമർത്ഥിക്കുകയും മനുഷ്യന്റെ ധിഷണയിലുടലെടുക്കുന്ന മുഴുവൻ സംശയങ്ങൾക്കുമുള്ള കൃത്യമായ മറുപടികൾ നൽകുന്ന ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ അനേകമുണ്ട്. ഇമാം ഗസ്സാലി(റ), ഫഖ്‌റുദ്ദീൻ റാസി(റ), തഫ്താസാനി(റ) തുടങ്ങിയ ജ്ഞാന-ധൈഷണിക സാമ്രാട്ടുക്കളാൽ വിരചിതമായതെല്ലാം അക്കാദമിക ലോകത്ത് ഇന്നും ചർച്ചയാണ്. ദൈവനിഷേധത്തിന്റെയും സന്ദേഹത്തിന്റെയും ഗൗരവമായ ഹൃദയ രോഗങ്ങൾക്കുള്ള മറുമരുന്നുകളാണ് അവർ കുറിച്ച് വെച്ചിട്ടുള്ളത്. ഇമാം ഗസ്സാലി(റ) അൽഇഖ്തിസ്വാദ് ഫിൽ ഇഅ്തിഖാദ് എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

ഉമ്മുൽ ബറാഹീൻ

ഇസ്ലാമിക ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ മുൻഗണനയിൽ സ്ഥാനം പിടിച്ച ഹ്രസ്വവും പ്രശസ്തവും ആധികാരികവുമായ രചനയാണ് ഇമാം മുഹമ്മദുബ്നു യൂസുഫ് അസ്സനൂസി(റ)യുടെ ‘ഉമ്മുൽ ബറാഹീൻ.’ ഗ്രന്ഥനാമം സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രപഞ്ച സ്രഷ്ടാവിന്റെ ഉൺമയെയും വിശേഷണങ്ങളെയും തിരുനബി(സ്വ)യുടെ പ്രവാചകത്വത്തെയും പ്രാമാണിക പിന്തുണയോടെ സംശയങ്ങൾക്കിടമില്ലാത്ത വിധം അദ്ദേഹം സമർത്ഥിക്കുന്നു. ബറാഹീൻ എന്നത് ‘ബുർഹാൻ’ എന്ന അറബി പദത്തിന്റെ ബഹുവചനമാണ്. ‘ഉറപ്പായ വ്യവസ്ഥകൾ ഒരുമിച്ചു കൂടിയ പ്രസ്താവന’ എന്നാണ് ഇൽമുൽ മൻത്വിഖിൽ ബുർഹാനിന്റെ സാങ്കേതികാർത്ഥം. സന്ദേഹങ്ങളില്ലാത്ത വിധം ഇസ്‌ലാമിക ദൈവശാസ്ത്രം സുഭദ്രമാണെന്ന് രചയിതാവ് ഇതിലൂടെ സ്ഥാപിക്കുന്നു.
കേവലം ഊഹാപോഹങ്ങളോ അപൂർണമായ പ്രമാണങ്ങളോ ലോജിക്കൽ ഫാലസികളോ ഉപയോഗിച്ചുകൊണ്ടല്ല ഇസ്‌ലാമിക ദൈവശാസ്ത്രം നിലനിൽക്കുന്നത്. കാരണം, മനുഷ്യൻ മറ്റു ജീവജാലങ്ങളിൽ നിന്ന് വേർതിരിയുന്നത് വിവേകബുദ്ധി കൊണ്ടാണ്. ഭക്ഷണമോ വെള്ളമോ പാർപ്പിടമോ സുഖവാസമോ ലൈംഗികതയോ മാത്രം അവനെ തൃപ്തനാക്കുന്നില്ല. അത്തരം ആവശ്യങ്ങളാണ് മറ്റു ജീവികൾ പ്രധാനമായി കാണുന്നത്. എന്താണ് തന്റെ ജീവിത നിയോഗത്തിനു പിന്നിലെ രഹസ്യമെന്ന് വിവേകമുള്ള മനുഷ്യൻ ചിന്തിക്കുന്നു. തന്റെ ധൈഷണിക ബോധം ഒരു പൂർണ സത്യത്തിലേക്ക് അവനെ ക്ഷണിക്കുന്നു. പ്രപഞ്ചത്തിലേക്കവൻ സൂക്ഷിച്ച് നോക്കുന്നു. ആകാശവും ഭൂമിയും മൃഗങ്ങളും പറവകളും ചെറുപ്രാണികളും രാത്രിയും പകലും മഴയും വെയിലും വസന്തവും ഹേമന്തവുമെല്ലാം ഒരു സൃഷ്ടികർത്താവിന്റെ സംവിധാനങ്ങളാണെന്നവൻ ഉറപ്പിക്കുന്നു. ആ ശക്തിക്ക് ഉണ്ടാവൽ നിർബന്ധമായതും അസംഭവ്യമായതുമായ വിശേഷണങ്ങളെ അവൻ ഉൾക്കൊള്ളുന്നു. അവന്റെ കൽപ്പനകൾക്കും നിരോധനങ്ങൾക്കും സ്വന്തത്തെ വിധേയപ്പെടുത്തുന്നതിലൂടെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും പ്രതിഫലവും കണ്ടെത്തുന്നു.

രചനാ ശൈലിയും ഉള്ളടക്കവും

ഇസ്‌ലാമിക ഫിലോസഫിയിൽ വിരചിതമായ ഇതര ഗ്രന്ഥങ്ങളിൽ നിന്ന് ഉമ്മുൽ ബറാഹീനിനെ വേറിട്ടുനിർത്തുന്നത് അതിന്റെ ആകർഷണീയമായ ഉള്ളടക്ക ക്രമം തന്നെയാണ്. ഇസ്‌ലാമിക് എപിസ്റ്റമോളജി(ജ്ഞാന ശാസ്ത്രം)യിലെ അടിസ്ഥാന ഘടകമായ ബുദ്ധി(അഖ്ൽ)യിലൂടെ ലഭിക്കുന്ന വാജിബ് (ഉൺമ നിർബന്ധമായത്), മുംകിൻ (ഉൺമയോ ഇല്ലായ്മയോ നിർബന്ധമില്ലാത്തത്), മുഹാൽ (ഇല്ലായ്മ നിർബന്ധമായത്) എന്നീ മൂന്ന് വിധികളെ പരിചയപ്പെടുത്തിയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ഈ വിജ്ഞാന ശാഖയിൽ വിരചിതമായ പല രചനകളിലും ഇത്തരത്തിലുള്ള പ്രാരംഭരീതി കാണാനാവില്ല.
ഇസ്‌ലാമിക ദൈവശാസ്ത്രം മുന്നോട്ടുവെക്കുന്ന ധൈഷണിക വ്യവഹാരങ്ങൾ മനസ്സിലാക്കുന്നതിൽ പ്രസ്തുത ബൗദ്ധിക വിധികൾക്കുള്ള പ്രധാന്യം മുൻനിറുത്തിയാണ് രചയിതാവ് ഈ ശൈലി സ്വീകരിച്ചത്. ബൗദ്ധിക വിധികളെ ഈ മൂന്ന് ഇനങ്ങളിൽ മാത്രമായി അവതരിപ്പിക്കുന്നതിലൂടെ ദൈവശാസ്ത്രത്തിൽ നാസ്തികർ ഉയർത്തിക്കാണിക്കാറുള്ള അനേകം സങ്കീർണ ചോദ്യങ്ങൾക്കുള്ള ഉത്തരവും സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും മൗലിക സ്വഭാവങ്ങളെയും സനൂസി(റ) പരിചയപ്പെടുത്തുന്നുണ്ട്. ആസ്തികർ ദൈവിക സമർത്ഥനത്തിന് കൊണ്ടുവരാറുള്ള കോസ്‌മോളജിക്കൽ, കണ്ടിൻജൻസി വാദങ്ങളുടെ അടിത്തറയായി ഇവ കണക്കാക്കപ്പെടുന്നു.
ശേഷം, പ്രപഞ്ചത്തിന് പിന്നിൽ ഒരു സർവശക്തനുണ്ടെന്നും അവന് നിർബന്ധമായതും അസംഭവ്യമായതും അനുവദനീയമായതുമായ വിശേഷണങ്ങളുണ്ടെന്നും ഹ്രസ്വമായി വിശദീകരിക്കുകയാണ്. ഇതര മതങ്ങൾ സ്വീകരിക്കുന്ന ദിവ്യസങ്കൽപങ്ങളിൽ നിന്ന് ഇസ്‌ലാം വിശ്വാസപരമായി എങ്ങനെയെല്ലാം വേർതിരിയുന്നുവെന്നും അശ്അരീ വിശ്വാസ സരണി അവാന്തര വിഭാഗങ്ങളിൽ നിന്ന് എവ്വിധം വേറിട്ടുനിൽക്കുന്നുവെന്നും ഈ വിശദീകരണത്തിൽ നിന്ന് ഗ്രഹിക്കാം. വീക്ഷണ വ്യത്യാസങ്ങളിലേക്കോ അവയുടെ വ്യവഛേദങ്ങളിലേക്കോ കടന്നുചെല്ലാതെ ഏതൊരാൾക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന രൂപത്തിൽ വിഷയമവതരിപ്പിക്കുന്നതിൽ രചയിതാവ് പൂർണ വിജയം നേടിയിട്ടുണ്ട്. പ്രപഞ്ച സ്രഷ്ടാവിന്റെ ഉൺമക്കും അവന്റെ മറ്റു സ്വിഫത്തുകൾക്കും ഖണ്ഡിതമായ പ്രമാണങ്ങൾ കൊണ്ടുവന്നാണ് ആ ചർച്ച ഉപസംഹരിക്കുന്നത്. നാസ്തിക സംവാദകർ ഇന്നും ഉയർത്തുന്ന അനേകം സന്ദേഹങ്ങളിലേക്കും അവയുടെ പ്രാമാണിക നിവാരണത്തിലേക്കും അവിടെ സൂചിപ്പിക്കുന്നുണ്ട്.
കോസ്മോളജിക്കൽ, കണ്ടിൻജന്റ് വാദങ്ങളും കോസ് & എഫക്ട് തിയറികളും ഇൻഫിനിറ്റി റിഗ്രസ് (തസൽസുൽ), ലോജിക്കൽ റോളിങ് (ദൗറ്) ഉൾപ്പെടെയുള്ള ഫിലോസഫിക്കൽ സിദ്ധാന്തങ്ങളും വരികൾക്കിടയിൽ ചികഞ്ഞെടുക്കാൻ സാധിക്കും. ധൈഷണികമായി ഇസ്‌ലാമിന്റെ വിശ്വാസശാസ്ത്രം സുഭദ്രമാണെന്ന വസ്തുത വായനക്കാർക്ക് പകർന്നുകൊടുക്കുകയാണ് ഗ്രന്ഥകർത്താവ്.
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വിശുദ്ധ വാചകത്തിന്റെ ആന്തരിക വിസ്തൃതിയിലെ കാതലായ ഭാഗങ്ങൾ പറഞ്ഞവസാനിപ്പിച്ച് ‘മുഹമ്മദുർറസൂലുല്ലാഹ്’ എന്നതിന്റെ വിശദീകരണത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് പ്രവാചകന്മാരെയും അവരുടെ നിബന്ധനകളെയും കുറിച്ചുള്ള ചർച്ച വരുന്നത്. ഇസ്‌ലാമിക വിശ്വാസ സംഹിതകളിലെ അതിപ്രധാനമായ പ്രവാചക വിശ്വാസത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരനെ ക്ഷണിക്കുകയാണ് ഗ്രന്ഥകർത്താവ്. പ്രപഞ്ചനാഥനിൽ നിന്ന് ദിവ്യസന്ദേശം സ്വീകരിക്കുന്ന, സൃഷ്ടിക്കും സ്രഷ്ടാവിനുമിടയിലെ മധ്യവർത്തിയായ നബിമാർക്ക് ഉണ്ടാകൽ അത്യാവശ്യമായതും ഉണ്ടാവരുതാത്തതുമായ വിശേഷണങ്ങളെ കുറിച്ചുള്ള വിശദീകരണവും അവയുടെ പ്രാമാണിക സമർത്ഥനങ്ങളും ഇവിടെ കാണാം. പ്രവാചകത്വത്തെ നിഷേധിച്ച് ഇസ്‌ലാമിന്റെ മൗലികതയെ തിരസ്‌കരിക്കാൻ നാസ്തിക അന്ധവിശ്വാസികൾ മുന്നോട്ടുവെക്കാറുള്ള സന്ദേഹങ്ങളുടെ മുനയൊടിക്കാനുള്ള പ്രാമാണികമായ വിശകലനങ്ങൾ ഇവിടെ കൊണ്ടുവരുന്നുണ്ട്.
ഇസ്‌ലാമിന്റെ വിശ്വാസ സംഹിതകളെയും സാംസ്‌കാരിക ധാർമിക സാമൂഹിക കാഴ്ചപ്പാടുകളെയും കുറിച്ചുള്ള വിമർശനാത്മക ചർച്ചകളും സംവാദങ്ങളും നാസ്തികരുടെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയകളിലും സമൂഹത്തിന്റെ വിവിധ കോണുകളിലും ധാരാളമായി സംഘടിപ്പിക്കപ്പെടുന്ന പോസ്റ്റ് മോഡേൺ കാലത്ത് വിശ്വാസ വീര്യം ചോർന്നുപോകാൻ സാധ്യതയേറെയാണ്. സ്വതന്ത്രചിന്ത എന്ന ധൈഷണിക സങ്കുചിതത്വത്തിലേക്കും മതനിരാസത്തിലേക്കും കൊണ്ടെത്തിക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ അനർത്ഥമായ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന് മതത്തിന്റെ മൗലിക സംഹിതകളുടെ പ്രമാണിക പഠനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ഏതൊരു സാധാരണക്കാരനും ലഭ്യമാവുന്ന രൂപത്തിൽ ഇസ്‌ലാമിന്റെ അന്തഃസത്തയെ കുറിച്ച് നമ്മുടെ സ്ഥാപനങ്ങളിലും പ്രസ്ഥാനത്തിലും വ്യവസ്ഥാപിതമായി നടന്നുപോരുന്ന പഠന വിശകലന വേദികളിൽ പങ്കെടുത്തും ഉമ്മുൽ ബറാഹീൻ പോലുള്ള ആധികാരിക ഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നും വിശ്വാസത്തെ പ്രമാണങ്ങളിലൂടെ ശാക്തീകരിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെന്നതിൽ സംശയമില്ല.

 

അൽവാരിസ് മുഹമ്മദ് മുസ്തഫ നുസ്‌രി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ