ഉസ്താദിന് ഏറെ സന്തോഷം നൽകുന്ന കാര്യം ദർസാണല്ലോ. ഇനി അതിനെക്കുറിച്ചു പങ്കുവെച്ചാലും.
1962-ൽ ദയൂബന്ദിൽ നിന്ന് ഉപരി പഠനം കഴിഞ്ഞ് മടങ്ങുന്ന വഴി ബോംബെയിൽ ചെന്ന് ജ്യേഷ്ഠനെ കണ്ടത് പറഞ്ഞല്ലോ. ഈജിപ്തിൽ പഠിക്കാൻ പോകുന്നുവെങ്കിൽ എല്ലാ സൗകര്യവും ചെയ്യാമെന്ന് ജ്യേഷ്ഠൻ പറഞ്ഞിട്ടും നിരസിച്ചത് ഓതിക്കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്. നാട്ടിലെത്തിയപ്പോൾ ആദ്യക്ഷണം കിട്ടിയത് കുമ്പോലിൽ നിന്നാണ്. കുറച്ചു കാലം ഓതിയ സ്ഥലം, നാടിന്റെ തൊട്ടടുത്തും. സാദാത്തീങ്ങളാൽ പ്രസിദ്ധമായ പ്രദേശവുമാണല്ലോ കുമ്പോൽ. എല്ലാം അനുകൂലമാണെങ്കിലും ചില ആളുകളോട് ആലോചിക്കാനുണ്ട്, എന്നിട്ട് പറയാമെന്നാണ് ബന്ധപ്പെട്ടവരെ അറിയിച്ചത്.
എന്നിട്ട് കോട്ടുമല ഉസ്താദിനെ കാണാൻ പോയി. അദ്ദേഹം പറഞ്ഞു: അലിക്കുഞ്ഞീ, നീ പോയി ചൊല്ലിക്കൊടുക്ക്. എനിക്കൊന്നുമറിയില്ലല്ലോ എന്നായി ഞാൻ. നീയങ്ങ് പോയി ഓതിക്കൊടുക്ക് എന്ന് ഉസ്താദ് വീണ്ടും. അതൊരു ഇജാസത്തായി സ്വീകരിച്ച് റാഹത്തായി തിരിച്ചുപോന്നു. പിന്നെ കാഞ്ഞങ്ങാട് അബൂബക്കർ ഹാജിയുടെ അടുത്തു പോയി സമ്മതം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘കോട്ടുമല ഉസ്താദ് സമ്മതം തന്നില്ലേ. അതു മതി. അല്ലാഹു ഒരാളെ ഹിദായത്തിലാക്കിയാൽ അവനെ അദബിന്റെ വഴിയിലൂടെ സഞ്ചരിപ്പിക്കും. നീ എന്റെയടുത്ത് കുറച്ചുകാലം ഓതിയതിനാലാണ് സമ്മതം ചോദിക്കാൻ വന്നത്. അതാണ് അദബ്. നീ അദബ് പാലിച്ചു. കുമ്പോലിൽ മുദരിസിനെ ആവശ്യമുള്ളത് ഞാനും അറിഞ്ഞിട്ടുണ്ട്. നീ പോയി ജോലി ഏറ്റെടുത്തോ. വലിയ വിജയമുണ്ടാകും.’ ആലുവ അബൂബക്കർ മുസ്ലിയാരെ കാണാൻ ചെന്നപ്പോഴും ദർസ് ഏൽക്കാനായിരുന്നു നിർദേശം.
ഉസ്താദുമാരുടെ പൊരുത്തവും ആശീർവാദവും വലിയ അനുഗ്രഹമാണ്. അതാണ് ശിഷ്യന്മാരുടെ വിജയത്തിന് അടിസ്ഥാനം. ഖൽബും കണ്ണും നിറഞ്ഞുപോയ സന്ദർഭമായിരുന്നു അതെല്ലാം.
കുമ്പോലിലെ ദർസ് അനുഭവം?
അന്നവിടെ കമ്മിറ്റിയൊന്നുമില്ല. സയ്യിദ് ഫസൽ പൂക്കോയ തങ്ങളായിരുന്നു മുതവല്ലി. വീട്ടിൽ നിന്നും ബൈത്തൊക്കെ ചൊല്ലിയാണ് മഹല്ലത്തുകാർ വരവേറ്റത്. ഇന്ന് അതൊക്കെ ഒരു കൗതുകമായി തോന്നും. നാൽപതോളം മുതഅല്ലിമുകളാണുണ്ടായിരുന്നത്. ഖത്തീബിന്റെ ചുമതലയും നോക്കണം. മഞ്ഞനാടി ഉസ്താദാണ് ജലാലൈനി ഓതിക്കൊടുത്ത് ദർസ് തുടങ്ങിത്തന്നത്.
മാസം എഴുപത്തഞ്ച് രൂപയാണ് അവർ ശമ്പളം നിശ്ചയിച്ചത്. അടുത്ത വർഷം ചോദിക്കാതെ തന്നെ നൂറ് രൂപയാക്കി. കുറച്ചു കഴിഞ്ഞപ്പോൾ, അന്നത്തെ 7000 രൂപ ശമ്പളം കിട്ടുന്ന ഒരു ജോലി ജിദ്ദയിൽ കണ്ടുവെച്ചിട്ടുണ്ടെന്ന് ജ്യേഷ്ഠൻ അറിയിച്ചു. സംഗതിയൊക്കെ നല്ലതു തന്നെ. പക്ഷേ ദർസ് മുടങ്ങിപ്പോകുമല്ലോ. 75 രൂപയുള്ള ഈ ജോലി കൊണ്ട് തൃപ്തിപ്പെടുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അൽഹംദുലില്ലാഹ്! ഇതുവരെ യാതൊരു പ്രയാസവുമില്ലാതെ ഈ ചെറിയ വേതനം കൊണ്ട് കുടുംബം പോറ്റാൻ എനിക്കു കഴിഞ്ഞു. അല്ലാഹു കണക്കാക്കിയ ശമ്പളം സ്വീകരിക്കുക. ചോദിച്ചു വാങ്ങുന്നതിൽ ബറകത്ത് കുറയും.
അന്നത്തെ പ്രധാന ശിഷ്യന്മാർ ആരൊക്കെയായിരുന്നു?
സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ, ബേക്കൽ ഇബ്റാഹീം മുസ്ലിയാർ, കാക്കു ഉമർ മുസ്ലിയാർ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, അഹ്മദ് മുസ്ലിയാർ ചെർക്കളം തുടങ്ങിയവരൊക്കെ കമ്പോൽ ദർസിൽ എന്റെയടുത്ത് ഓതിയവരാണ്.
എപ്പോഴാണ് അവിടെ നിന്ന് പിരിയുന്നത്?
എട്ട് വർഷം തുടർന്നു. നാട്ടിലെ ചില സംഭവങ്ങൾ കാരണം മസ്ലഹത്ത് കരുതി കുമ്പോൽ തങ്ങളുടെ ഉപദേശം സ്വീകരിച്ച് അവിടെ നിന്ന് രാജിവെക്കുകയായിരുന്നു. കുമ്പോൽ തങ്ങൾക്ക് എന്നോട് വലിയ കാര്യമായിരുന്നു. മുതഅല്ലിമുകളുടെ കാര്യം പ്രത്യേകം ചോദിച്ചറിയും. രാവിലെ നാസ്തക്കു പുറമെ ഉച്ചക്കു മുമ്പായി ഒരു കഞ്ഞി കൂടി മുതഅല്ലിമുകൾക്കുണ്ടായിരുന്നു. അതു മുടങ്ങിയാൽ പോലും എന്റെ മക്കൾക്കു വിശക്കുമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരോട് ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. കെഎസ് ആറ്റക്കോയ തങ്ങൾക്ക് ഉള്ളാൾ തങ്ങളുടെ മകളെ വിവാഹം നിശ്ചയിപ്പോൾ എന്നോട് കൂടിയാലോചിച്ചത് ഓർക്കുന്നു. അത്രക്കു വിനയവും പരിഗണനയുമായിരുന്നു തങ്ങൾക്ക്. ഞാൻ പ്രധാന സംഗതികളെല്ലാം അദ്ദേഹത്തോട് ചോദിച്ചാണ് ചെയ്യാറുള്ളത്. മഹാന്റെ വഫാത്തിനു ശേഷം മക്കളിലൂടെ ആ ബന്ധം തുടരുന്നു. അതുപോലുള്ള സയ്യിദന്മാരുടെ പൊരുത്തമായിരിക്കാം തങ്ങന്മാരായ ഒരുപാട് ശിഷ്യന്മാരെ സാധാരണക്കാരനായ എനിക്ക് കിട്ടാൻ കാരണം.
ഇടക്കു വെച്ചാണ് അവിടെ നിന്നൊഴിഞ്ഞത് എന്നു കേട്ടിട്ടുണ്ട്.
അതേ, റമളാൻ അവധിക്ക് മൂന്ന് മാസം ബാക്കിയുള്ളപ്പോഴാണ് പിരിഞ്ഞത്. ശരിക്കുമൊരു പ്രതിസന്ധി തന്നെയായിരുന്നു അത്. ആ മൂന്ന് മാസത്തേക്ക് മറ്റൊരിടത്ത് ജോലി ചെയ്യാനൊക്കില്ലല്ലോ. എന്റെ മുതഅല്ലിമീങ്ങളുമായി എന്ത് ചെയ്യും? ദർസ് മുടങ്ങുന്നത് ആലോചിക്കാനും വയ്യ. ഏതായാലും ഞാൻ അജ്മീർ സിയാറത്ത് ഉദ്ദേശിച്ച് വണ്ടി കയറി. ഖാജാ തങ്ങളുടെ സവിധത്തിൽ ചെന്ന് വിഷമം പറഞ്ഞു: നിങ്ങൾ കാണിച്ചു തന്ന ദീനിന്റെ ചെറിയൊരു ഖാദിമാണ് ഞാൻ. ശറഇനു വിരുദ്ധമായത് കണ്ടതിനാലാണ് ഞാൻ ജോലി വിട്ടു വന്നിട്ടുള്ളത്. എന്റെ ആയുസ്സിന്റെ കണക്ക് തീർന്നിട്ടുണ്ടെങ്കിൽ ഇവിടെ വെച്ച് ഈമാനോടെ മൗത്താകട്ടെ. ആയുസ്സ് ബാക്കിയുണ്ടെങ്കിൽ ഞാനിഷ്ടപ്പെടുന്ന, എന്നെ ഇഷ്ടം വെക്കുന്ന നല്ലൊരു നാട്ടിൽ ജോലി ശരിയാക്കിത്തരണം- അജ്മീർ ശൈഖിനെ മുൻനിർത്തി നടത്തിയ തേട്ടം അല്ലാഹു ഖബൂലാക്കാതിരിക്കോ? സിയാറത്ത് കഴിഞ്ഞ് നാട്ടിലെത്തിയ ഉടനെ ചെറുവത്തൂർ കാടങ്കോട് നിന്നും ക്ഷണിക്കാൻ ആളു വന്നു.
കാടങ്കോട്ടെ പ്രമുഖനായ പട്ടേലർ കുഞ്ഞഹമ്മദാജി ഉസ്താദിന്റെ വലിയ മുഹിബ്ബായിരുന്നവല്ലേ?
തീർച്ചയായും. ഞങ്ങൾ വലിയ പിരിശത്തിലായിരുന്നു. ദീനീ സ്നേഹിയും എംഎ ഉസ്താദടക്കമുള്ള പണ്ഡിതരുടെ വലിയ ഇഷ്ടക്കാരനുമായിരുന്ന പട്ടേലർ കുഞ്ഞഹ്മദ് ഹാജി. മഹല്ല് പ്രസിഡന്റും അദ്ദേഹമാണ്. കാഞ്ഞങ്ങാട് അബൂബക്കർ ഹാജിയുമായും നല്ല അടുപ്പമായിരുന്നു മൂപ്പർക്ക്. അദ്ദേഹമാണ് എന്നെ കാടങ്കോട്ടേക്ക് ക്ഷണിച്ചത്. മരണരോഗത്തിൽ കിടക്കുമ്പോൾ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ വസ്വിയ്യത്ത് പോലെ പട്ടേലർ പറഞ്ഞു: എന്റെ മരണ ശേഷം ഉസ്താദ് ഇവിടെ തുടരരുത്.
അതു മാനിച്ച് അദ്ദേഹം മരിച്ചതിന്റെ പിറ്റേന്നു തന്നെ ജോലി രാജിവെച്ചു പോന്നു. 12 വർഷമാണ് അവിടെ മുദരിസായിരുന്നത്. ഇത് സൂചിപ്പിച്ചുകൊണ്ട്, ജുമുഅക്കു ശേഷമുള്ള പ്രസംഗത്തിൽ പള്ളിയിലെ ക്ലോക്കിലേക്ക് ചൂണ്ടി ഞാൻ പറഞ്ഞു: പന്ത്രണ്ടിലേക്കെത്തിയാൽ എന്റെ ജോലി തീർന്നു. പതിമൂന്നില്ല. പന്ത്രണ്ടാണ്ട് നിങ്ങൾക്കിടയിൽ ഞാൻ പൂർത്തിയാക്കി. ഇനി നിങ്ങൾ പുതിയ ഒരാളെ നോക്കുക.
അവർക്ക് വലിയ വിഷമമായെങ്കിലും അജ്മീറിൽ വെച്ചുള്ള ദുആയുടെ ബറകത്ത് പോലെ ആ നാടുമായി ഇന്നും നല്ല ബന്ധം സൂക്ഷിക്കുന്നു. കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് എംഎസ് തങ്ങൾ, ബിഎസ് ഫൈസി, ഉബൈദുല്ലാഹ് നദ്വി, മൂസൽ മദനി തലക്കി, അബ്ദൽ മജീദ് ഫൈസി, സകരിയ്യാ ഫൈസി തുടങ്ങിയവർ കാടങ്കോട് ദർസിൽ പഠിച്ചവരിൽ പ്രധാനികളാണ്.
ഇകെ ഉസ്താദ് സേവനം നടത്തിയിരുന്ന പൂച്ചക്കാട്ടായിരുന്നില്ലോ പിന്നീട്?
അതേ. ശംസുൽ ഉലമ ഇകെ ഉസ്താദ് പട്ടിക്കാട് വിട്ട സമയത്ത് ജോലി ചെയ്ത സ്ഥലമാണ് പൂച്ചക്കാട്. അങ്ങനെയാണ് ആ നാട് പ്രസിദ്ധി നേടിയത്. ആറു വർഷം ഞാനവിടെ തുടർന്നു. എംപി ഫൈസി, ഇബ്റാഹീം ഫൈസി, ഇബ്റാഹീം ഖാസിമിയടക്കമുള്ളവർ ഇക്കാലത്തെ ശിഷ്യന്മാരാണ്. ശേഷം ഒരു വർഷം ഉപ്പിനങ്ങാടിയായിരുന്നു ദർസ്.
ബല്ലാകടപ്പുറം മുദരിസ് എന്ന നിലയിലാണ് ഉസ്താദ് അറിയപ്പെട്ടത് അല്ലേ?
ഒമ്പത് വർഷമാണ് കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്ത് ദർസ് തുടർന്നത്. ജീവിതത്തിൽ ഓർമിക്കാൻ പറ്റുന്ന കാലം തന്നെയാണ് അത്. കുമ്പോൽ ത്വാഹാ തങ്ങൾ, സുലൈമാൻ സഖാഫി ദേശാംകുളം, സാദാത്ത് ബുർഹാനക്കര, പാത്തൂർ മുഹമ്മദ് സഖാഫിയൊക്കെ അവിടെ വെച്ചാണ് കിതാബോതുന്നത്. അവിടെ നിന്നു പിരിഞ്ഞ ശേഷം ഒരു കൊല്ലം പള്ളിപ്പുഴയിലായിരുന്നു.
ലത്തീഫിയ്യ സ്ഥാപിക്കുന്ന പശ്ചാത്തലം പറയാമോ?
സ്വന്തം നാട്ടിൽ ഞാൻ കൂടി സ്ഥാപിച്ച സ്ഥാപനമായി ഷിറിയ ലത്തീഫിയ്യയിൽ ചുമതയേൽക്കേണ്ടി വന്നതിനാലാണ് മഹല്ല് ദർസുകൾ തൽക്കാലം ഒഴിവാക്കിയത്. അങ്ങനെ അഞ്ച് വർഷം ലത്തീഫിയ്യയിൽ കഴിഞ്ഞു. ശേഷം പൊയ്യത്ത് ബയൽ ജുമാമസ്ജിദിൽ ദർസ് ഏറ്റെടുക്കുകയായിരുന്നു.
കാടങ്കോട് ദർസ് നടത്തുന്ന സമയത്ത് മുട്ടം കുഞ്ഞിക്കോയ തങ്ങൾ, കെഎസ് ആറ്റക്കോയ തങ്ങൾ എന്നിവർക്കൊപ്പം അജ്മീർ സിയാറത്തിനു പോയിരുന്നു. ആ യാത്രയിൽ ഉരുത്തിരിഞ്ഞതാണ് ജില്ലയുടെ വടക്കേ അറ്റത്ത് ഒരു സ്ഥാപനമെന്ന ആശയം. ഖാജയുടെ സവിധത്തിൽ വെച്ച് ഗരീബ് നവാസ് സംഘം എന്ന പേരിൽ കമ്മറ്റിയുണ്ടാക്കാൻ തീരുമാനിച്ചു. വെല്ലൂരിലെ ലത്തീഫിയ്യ കോളേജിനെ ഓർമിക്കുന്ന നിലയിൽ ലത്തീഫിയ്യ ഇസ്ലാമിക് കോംപ്ലകസ് എന്ന് പേരിടുകയും ചെയ്തു. നാട്ടിലും വിദേശത്തുമുള്ള നല്ലവരായ ഉദാരമതികളുടെ സഹായം കൊണ്ട് അത് മുന്നോട്ട് പോകുന്നു. പൊയ്യത്ത് ബയലിൽ ദർസേറ്റുവെങ്കിലും ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്സിന്റെ പ്രസിഡന്റും പ്രിൻസിപ്പാളുമെന്ന നിലയിൽ എളിയ സേവനം തുടരുന്നുണ്ട്. വീടിനു തൊട്ടടുത്താണ് ലത്തീഫിയ്യ എന്നൊരു സൗകര്യവുമുണ്ടല്ലോ.
പൊയ്യത്തു ബയലിൽ ദർസ് സ്ഥാപിച്ചതും ഉസ്താദല്ലേ? താങ്കൾ അവിടെ നടത്തിയ ഒരു വഅളിനെ തുടർന്നാണ് മഹല്ലിൽ ദർസ് ആരംഭിക്കുന്നതിനെ സംബന്ധിച്ച് നാട്ടുകാർ ആലോചിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. 2009 ഫെബ്രുവരി 24-ന് ശിഷ്യന്മാരും പൊയ്യത്തു ബയൽ ജമാഅത്തും ഉസ്താദിന് ആദരവ് നൽകുകയുമുണ്ടായല്ലോ?
കുമ്പോൽ മുദരിസായ സമയത്തേ ആ നാടുമായി ബന്ധമുണ്ടായിരുന്നതിനാൽ പൊയ്യത്തു ബയലുകാർ രണ്ട് ദിവസത്തെ വഅളിന് ക്ഷണിക്കുകയുണ്ടായി. ദർസ് ചൊല്ലിക്കൊടുക്കുന്നത് മുടങ്ങാതിരിക്കാൻ അധികവും പരിപാടികൾ ഏറ്റിരുന്നത് വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. അവരോടും അതു തന്നെ പറഞ്ഞു. അന്ന് വൈദ്യതിയൊന്നുമില്ലാത്ത ചെറിയൊരു പള്ളിയാണ് അവിടെയുള്ളത്. ഗ്യാസ് ലൈറ്റിന്റെ വെട്ടത്തിലാണ് വഅള്. പ്രസംഗ മധ്യേ ദർസിന്റെ ആവശ്യകതയും മഹത്ത്വവും നന്നായി പറഞ്ഞു. സാമ്പത്തിക ശേഷിയില്ലെങ്കിലും ദീനീ തൽപരരായ നാട്ടുകാർ അത് ഉൾക്കൊണ്ടു. പിറ്റേന്നും വഅളുള്ളതിനാൽ അന്നവിടെ തങ്ങി.
ജുമുഅ കഴിഞ്ഞ ശേഷം മുതവല്ലി വന്ന് ഇവിടെ ദർസ് തുടങ്ങണമെന്നും മുദരിസിനെ തരണമെന്നും പറഞ്ഞപ്പോൾ വലിയ റാഹത്തായി. പ്രസംഗം ഫലം ചെയ്തല്ലോ. ഓതിപ്പഠിക്കുന്ന മുതഅല്ലിമിന് ഒരു നേരത്തെ കഞ്ഞി നൽകാൻ ആരുണ്ട് എന്ന് ചോദിച്ചപ്പോൾ പലരും മുന്നോട്ടുവന്നു. അഞ്ച് മുതഅല്ലിമുള്ള ഒരു മുദരിസിനെ ഏർപ്പാടാക്കിക്കൊടുത്തു. പിന്നെ മുദരിസ് ഒഴിയുമ്പോൾ എന്നെ സമീപിക്കും, കണ്ടെത്തി കൊടുക്കും. അവസാനം അവർ പറഞ്ഞു; ഇനി വേറെ ആളെത്തരേണ്ട, ഉസ്താദ് തന്നെ ഇവിടെ നിൽക്കണം. ലത്തീഫിയ്യയുമായി ബന്ധപ്പെട്ട് നാട്ടിൽ തന്നെയാവുന്നത് ഗുണമായതിനാൽ അതേറ്റെടുത്തു.
അമ്പതിലേറെ മുതഅല്ലിമുകളുണ്ട്. എന്റെ ശിഷ്യനായ മജീദ് ഫൈസിയെപ്പോലുള്ളവർ സഹായത്തിനുള്ളതിനാൽ 18 വർഷത്തോളമായി അവിടെ തുടർന്നു പോകുന്നു. ഖാളി എന്ന നിലക്കും നാടുമായി കൂടുതൽ ബന്ധപ്പെടേണ്ടതുണ്ടല്ലോ. എന്റെ ഉസ്താദുമാരുടെയൊക്കെ പൊരുത്തം കൊണ്ടാണ് ഇന്നും കിതാബ് ചൊല്ലിക്കൊടുക്കുന്നത്. ഞാൻ വലിയ ആലിമൊന്നുമല്ല. അവസാന ശ്വാസം വരെ തദ്രീസ് മുടങ്ങാതെ കൊണ്ടുപോകാണമെന്നാണ് വലിയ ആഗ്രഹം. അതിന് നിങ്ങളെല്ലാവരും ദുആഇരക്കണം…
പ്രഭാഷണങ്ങളിലും ശിഷ്യന്മാരുമായുള്ള സംസാരങ്ങളിലുമെല്ലാം ഉസ്താദ് ഊന്നിപ്പറയുന്ന വിഷയമാണ് ഗുരുനാഥന്മാരുടെ പൊരുത്തമാണ് ജീവിത വിജയത്തിന് നിദാനമെന്ന്…
സുന്നത്ത് ജമാഅത്തിന്റെ അടിത്തറ തന്നെ ഗുരുവിൽ നിന്ന് ശിഷ്യനിലേക്ക് പൊരുത്തത്തോടെ കൈമാറുന്ന സനദാണ്. മുത്ത് നബി(സ്വ)യിലേക്ക് കണ്ണി മുറിയാതെ എത്തുന്ന സനദുള്ളത് സുന്നി ആലിമീങ്ങൾക്കു മാത്രമാണ്. മുജാഹിദായാലും ജമാഅത്തായാലും തബ്ലീഗായാലും അവരെല്ലാം ഇമാമീങ്ങളെ തള്ളിപ്പറഞ്ഞവരാണ്. അവരുടെ കണ്ണി എത്തിച്ചേരുന്നത് ആ പാർട്ടിയുടെ സ്ഥാപക നേതാക്കളിലേക്കാണ്. അതിന് മോലോട്ടതു പോകില്ല. ഉസ്താദുമാരുടെ ഗുരുത്വവും പൊരുത്തവുമില്ലാത്തതാണ് അവരുടെയെല്ലാം പ്രശ്നം. സനദ് ഉസ്താദുമാരിൽ നിന്ന് മനപ്പൊരുത്തത്തോടെ കിട്ടണം. ഇൽമിന്റെ വഴിയിലായി നീങ്ങാൻ അതാവശ്യമാണ്. സനദ് കിട്ടിയാലും ഉസ്താദുമാർക്കെതിരെ തിരിയരുത്. എത്ര ഉന്നതനായി മാറിയാലും അവരെക്കാൾ താൻ ഉഷാറാണെന്ന് ഖൽബിൽ വിചാരിക്കാനും പാടില്ല. പഠിക്കുന്ന കാലത്തേ ഉസ്താദുമാരെ നന്നായി പിൻപറ്റണം. പേടിച്ചു കൊണ്ടുള്ള അനുസരണമല്ല വേണ്ടത്. ഇഷ്ടത്താലുള്ളതാണ്. അതേ നിലനിൽക്കൂ. എല്ലാ അർത്ഥത്തിലും അവരുടെ ജീവിതം ഒപ്പിയെടുക്കുകയാണ് ശിഷ്യന്മാർ ചെയ്യുന്നത്. ഉസ്താദുമാർ മാതൃകാ യോഗ്യരും ശിഷ്യന്മാർ പഠനത്തിനു മാത്രം പ്രാമുഖ്യം കൊടുക്കുന്നവരായാൽ അത് നടക്കും.
ഉസ്താദിന് ഖിദ്മത്ത് ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. ഒരു സംഭവം ഓർത്തു പോവുകയാണ്. ഞാൻ പരപ്പനങ്ങാടിയിൽ ഓതുന്ന സമയത്ത് രാമനാട്ടുകര ഭാഗത്ത് സമസ്തയുടെ വലിയൊരു സമ്മേളനം നടന്നിരുന്നു. 1956 ഡിസംബറിലാണെന്നാണോർമ. ഞാനും സമ്മേളനത്തിന് പോയി. അന്ന് മൗലാനാ ഖുതുബി തങ്ങൾ നടത്തിയ പ്രസംഗത്തിലെ ഒരു പരാമർശം ഇതായിരുന്നു: ‘പലരും പറയുന്നു; ഞാൻ ശാഫിഈ മദ്ഹബിലെ വലിയ പണ്ഡിതനാണന്നും മുഫ്തിയാണെന്നുമൊക്കെ. പക്ഷേ ഞാൻ ഇമാം ശാഫിഈ(റ)നെ പിന്തുടർന്നിട്ടില്ല. എനിക്കതിന് കഴിവില്ല. ഇമാം നവവി(റ)നോടും തുടർന്നിട്ടില്ല. ഇബ്നു ഹജർ(റ)നോടും തുടർന്നിട്ടില്ല. ഇബ്നു ഹജർ തങ്ങളുടെ കാലിലിട്ട ചെരുപ്പിന്റെ അടിയിലെ മണ്ണിന് പോരാ ഞാൻ. ഞാൻ തുടർന്നത് എന്റെ ഉസ്താദിനോടാണ്. ഉസ്താദ് കാണിച്ചു തന്നതാണ് എന്റെ മദ്ഹബ്. എനിക്കത്രയേ കഴിയൂ.
ശിഷ്യന്മാരോട് ഈ സംഭവം ഞാൻ സ്ഥിരമായി പറഞ്ഞുകൊടുക്കാറുണ്ട്. ശിഷ്യന്മാർ മസ്അല ചോദിച്ചാലും കിതാബിലെ ഉദ്ധരണി പറയുന്നതിനു പകരം എന്റെ ഉസ്താദുമാർ അത് സംബന്ധമായി പറഞ്ഞ വാക്കുകളാണ് പലപ്പോഴും പറയാറുള്ളത്. ഉസ്താദുമാർ ശിഷ്യന്മാർക്ക് ദുആ ചെയ്തു കൊള്ളണമെന്നില്ല, എന്നാൽ ഉസ്താദുമാരുടെ കൺമണിയാകാൻ കഴിഞ്ഞാൽ അതു തന്നെയാണ് അവർക്ക് കിട്ടുന്ന വലിയ ദുആ.
ആറ് പതിറ്റാണ്ട് നീണ്ട ദർസനുഭവത്തിന്റെ വെളിച്ചത്തിൽ ഈ മേഖലയിലെ പുതുതലമുറയോടുള്ള ഉപദേശമെന്താണ്?
ആരെയും ഉപദേശിക്കാൻ ഞാനാളല്ല. എന്റെ ഉസ്താദുമാരിൽ കണ്ട ശിക്ഷണരീതിയാണ് ദർസിൽ ഞാൻ സ്വീകരിച്ചത്. അവരുടെ വിനയവും താഴ്മയും എന്റെ മക്കൾക്കും പകർന്നുകൊടുക്കുന്നു. സഭ്യേതരമായ ശൈലിയിൽ ശിഷ്യന്മാരെ വിളിക്കരുത്. എടോ, പോടോ വിളി നമുക്ക് ചേർന്നതല്ല. അത്തരം വിളികൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം മറ്റു തരത്തിലായിരിക്കും. നമ്മുടെ അഭാവത്തിലും മുതഅല്ലിമുകൾ ദീനീ ചിട്ടയിൽ നീങ്ങുന്നുവെന്ന് ഉറപ്പാക്കണം. മുദരിസ് സ്വന്തം മക്കളുടെ അടുത്തേക്ക് പോകുമ്പോഴും മക്കളെക്കാൾ സ്നേഹം ശിഷ്യന്മാരോടാണെന്ന് ശിഷ്യന്മാർക്ക് അനുഭവിക്കാനാകണം. അങ്ങനെ വരുമ്പോഴേ ഗുരു-ശിഷ്യ ബന്ധം ഖൽബറിഞ്ഞുള്ളതാകൂ. അതേസമയം ശറഇയ്യായ തർബിയ്യത്ത് ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. അങ്ങനെയുണ്ടായാൽ റബ്ബിനോട് സമാധാനം പറയേണ്ടിവരും.
ഉസ്താദിന് ഖിദ്മത്തെടുക്കുന്നതിനെ പറ്റി പറഞ്ഞില്ലേ. ആവശ്യപ്പെട്ടു സ്വീകരിക്കേണ്ടതല്ല ഖിദ്മത്ത്. അതൊരു ഭാഗ്യമാണ്. നാം ഉസ്താദുമാർക്ക് എത്രമാത്രം ഖിദ്മത്ത് ചെയ്തിട്ടുണ്ടോ, അതിലുപരി നമ്മുടെ ശിഷ്യന്മാർ നമുക്ക് ഖിദമത്ത് ചെയ്യും. അതാണ് അനുഭവം. പൊസോട്ട് അഢ്യാർ കണ്ണൂർ ഉസ്താദിന്റെ ദർസിൽ പഠിക്കുന്ന സമയം. സുന്നത്ത് നോമ്പിന്റെ ദിവസമാണ്. അന്നെന്തോ നല്ല ക്ഷീണമുണ്ട്. ഒരു മുതഅല്ലിമിനെ വിളിച്ച് ഉസ്താദ് വീട്ടിലെ ആർക്കോ അത്യാവശ്യമായ മരുന്ന് കൊണ്ടുപോയി കൊടുക്കാൻ ആവശ്യപ്പെടുന്നതും നോമ്പിന്റെ ക്ഷീണം പറഞ്ഞ് അവൻ ഒഴിഞ്ഞു മാറുന്നതും കണ്ടു. ഉടൻ ഉസ്താദിന്റെ അടുക്കൽ ചെന്ന്, ഞാൻ എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞു. കർണടാകയിലാണ് ഉസ്താദിന്റെ വീട്. മരുന്നുമായി സൈക്കിൾ ചവിട്ടിയാണ് പോയത്. അത്ര ദൂരം കാലി വയറ്റിൽ പോകുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി അടുത്ത പീടികയിൽ പോയി ചായയും കടിയും കഴിച്ച് നോമ്പ് ഒഴിവാക്കി. ഇതൊക്കെ ഖിദ്മത്തിന് വീണു കിട്ടുന്ന സന്ദർഭങ്ങളാണ്. തളിപ്പറമ്പിൽ പഠിക്കുമ്പോൾ ശംസുൽ ഉലമ ഉസ്താദവർകൾ, ഇകെ ഹസൻ മുസ്ലിയാർ, മടവൂർ ശൈഖ് തുടങ്ങിയവരുടെ മനസ്സിൽ ഒരു ഇടം കിട്ടിയതും ചെറിയ ചെറിയ ഖിദ്മത്ത് കൊണ്ടാണ്.
മുതഅല്ലിമീങ്ങളോട് പറയാനുള്ളത്, നമ്മുടെ ഈ വേഷത്തോട് വലിയ ആദരവ് വേണമെന്നാണ്. മശാഇഖുമാർ കൈമാറിത്തന്നതാണ് ഈ ഖമീസും തലപ്പാവും. നമ്മൾ അതിന്റെ അന്തസ്സ് കാക്കണം. മറ്റു ഫാഷനുകൾ നമുക്ക് വേണ്ട. നമ്മുടെ എല്ലാമായ എപി ഉസ്താദിനെ കണ്ടില്ലേ. മൂപ്പര് അന്തസ്സായി തലക്കെട്ട് കെട്ടി ഖമീസിട്ടാണ് ഏത് ഭരണാധികാരിയുടെ മുമ്പിലും കയറിച്ചെല്ലുന്നത്. അതാണ് നമുക്ക് മാതൃക. കാടങ്കോട് മുദരിസായ സമയത്ത് പട്ടേലർ ഹാജി മലേഷ്യയിലേക്ക് ഒരു വിസിറ്റിംഗ് വിസ തന്നിരുന്നു. കൂട്ടത്തിൽ മലേഷ്യൻ പ്രധാന മന്ത്രിയെ കാണാനും അവസരമുണ്ടായി. പ്രധാന മന്ത്രിയെ സന്ദർശിക്കണമെങ്കിൽ അവിടത്തെ പരമ്പരാഗത ഡ്രസ്സ് ധരിക്കണമത്രെ. ഞാനാണെങ്കിൽ നമ്മുടെ മുസ്ലിയാർ വേഷത്തിലും. ഇത് മാറ്റേണ്ടിവരുമോ എന്ന് അവിടെയുള്ള ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ മറുപടി രസാവഹമായിരുന്നു: വേണ്ട, ഇത് ഇന്റർനാഷണൽ ഡ്രസ്സ്!
പ്രഭാഷണ മേഖലയിൽ ഉസ്താദ് സജീവമാകുന്നതെങ്ങനെയാണ്. തുടക്ക കാലത്തെ കുറിച്ചുള്ള ഓർമകൾ?
ഓതിപ്പഠിക്കുന്ന സമയത്ത് മള്ളങ്കൈ, ഒളയം, മുട്ടം, ഷിറിയ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഉറുദി പറയാൻ പോയിരുന്നു. പഠിച്ച കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാനും മുതഅല്ലിമുകൾക്ക് പ്രസംഗ വൈഭവമുണ്ടാക്കാനും നല്ലൊരു മാർഗമായിരുന്നു ഇത്തരം ഉറുദികൾ. ആളുകൾ നൽകുന്ന നാണയത്തുട്ടുകൾ കിതാബ് വാങ്ങാനും മറ്റും ചെറിയ ആശ്വാസവുമായിരുന്നു. മുസ്വല്ല വിരിച്ചാണ് ഈ പൈസ ശേഖരിക്കുക. കുഞ്ഞിപ്പ ഹാജിയുടെ സഹോദരനായത് കൊണ്ടാവാം നാടിനടുത്തൊന്നും വഅള് പറയുമ്പോൾ എനിക്ക് മുസ്വല്ല വിരിക്കാറില്ലായിരുന്നു. അലിക്കുഞ്ഞിക്ക് അതിന്റെ ആവശ്യമില്ലെന്നാണ് അവർ കരുതിയിരുന്നത്. ഞാനൊട്ട് ചോദിക്കാറുമില്ലായിരുന്നു.
ഒരിക്കൽ മള്ളങ്കൈയിൽ നിന്ന് രാത്രി ഉറൂസ് വഅളിന് ക്ഷണിക്കാൻ പത്തോളം പേർ വീട്ടിൽ വന്നു. വെള്ളിയാഴ്ചകളിൽ പ്രസംഗിച്ച പരിചയമേ എനിക്കുള്ളൂ. മൂന്നുനാല് മണിക്കൂർ വലിയ സദസ്സിനു മുമ്പിൽ മൈക്കിൽ പ്രസംഗിക്കേണ്ടതല്ലേ. ഓർത്തപ്പോഴേ എനിക്കു കരച്ചിൽ വന്നു. ഇത് കണ്ട് ഉമ്മ സമാധാനിപ്പിക്കുകയും ദുആ ചെയ്ത് ധൈര്യം പകരുകയുമുണ്ടായി. ഉമ്മയുടെ പിൻബലത്തിൽ അവരോടൊപ്പം പുറപ്പെട്ടു. പെട്രോമാക്സെല്ലാം കത്തിച്ച് വലിയ ആഘോഷമായി ദഫ് മുട്ടിയാണ് വഅളിനായി കൊണ്ടുപോകുന്നത്. അന്നത്തെ പതിവ് അതാണ്. ഏതായാലും അരങ്ങേറ്റം ഒരുവിധം നന്നായെന്നു പറയാം. പൊതുവേദിയിൽ പ്രസംഗിക്കാനുള്ള ധൈര്യം അതുവഴി ലഭിച്ചു. പിന്നീട്, കോട്ടുമല ഉസ്താദിന്റെ ദർസിൽ പഠിക്കുമ്പോൾ മലപ്പുറം വേങ്ങരക്കടുത്ത് ഒരു നബിദിന പരിപാടിയിൽ മുഖ്യപ്രഭാഷകനായി അദ്ദേഹം പറഞ്ഞയക്കുകയുണ്ടായി. സമസ്തയുടെ സാരഥിയായ വാളക്കുളം അബ്ദുറഹ്മാൻ മുസ്ലിയാരായിരുന്നു യോഗാധ്യക്ഷൻ. അന്നും മോശമല്ലാതെ പ്രസംഗിക്കാൻ കഴിഞ്ഞു. പ്രസംഗം കഴിഞ്ഞയുടനെ വാളക്കുളം ഉസ്താദ് എന്നോട് നാടെവിടെയാണെന്ന് ചോദിച്ചു. കാസർകോടെന്ന് പറഞ്ഞപ്പോൾ മഹാൻ: നല്ല ശുദ്ധ മലയാളത്തിൽ പ്രസംഗിക്കുന്നത് കേട്ടപ്പോൾ ഞാൻ കരുതിയത് തെക്കുഭാഗത്തുള്ള ആളാണെന്നാണ്. തെക്കു നിന്നുള്ളവരായിരുന്നു അന്ന് പൊതുവെ തെളിമലയാളത്തിൽ പ്രഭാഷണം നടത്തിയിരുന്നത്. ഏതായാലും അദ്ദേഹത്തിന്റെ ആ അഭിനന്ദനം വലിയ പ്രചോദനമായി.
ഇന്നത്തെ പ്രഭാഷകരെ ഉസ്താദ് ശ്രദ്ധിക്കാറുണ്ടോ. അവരോടു വല്ല നിർദേശവും?
സാധാരണക്കാരാണ് നമ്മുടെ സദസ്സിൽ കൂടുതലുമുണ്ടാവുക. അതുകൊണ്ട് അവരെക്കൂടി പരിഗണിച്ചായിരിക്കണം പ്രസംഗം. കേൾക്കുന്നവരെല്ലാം നന്നാകണമെന്ന നല്ല നിയ്യത്ത് വേണം. ജനങ്ങൾക്ക് ഉപദേശം തുടർന്നുകൊണ്ടേയിരിക്കണം. ഫലപ്പെടുമോ ഇല്ലയോ എന്നത് നമ്മുടെ വിഷയമല്ല. ഫലമുണ്ടാക്കുന്നവൻ അല്ലാഹുവാണ്. ഫലവും പ്രതിഫലവും കിട്ടിയാലും ഇല്ലെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ നമുക്ക് കൂലി കിട്ടും. ആളുകളുടെ മന:ശാസ്ത്രം മനസ്സിലാക്കി പ്രസംഗിക്കാൻ കെൽപ്പുള്ള അനേകം പ്രസംഗകർ ഇന്ന് നമുക്കുണ്ട്. ആരമ്പ റസൂലിനോടുള്ള സ്നേഹത്തിലേക്ക് പൊതുജനങ്ങളെ കൈപിടിച്ചുയർത്തുന്ന ഉറുദികൾ നല്ല ഫലം ചെയ്യും.
ദർസിലെ സമാജങ്ങളിൽ പ്രസംഗിക്കുകയാണെങ്കിലും വിഷയം നന്നായി നോക്കിവെക്കണം. അലസത പാടില്ല. എങ്കിലേ കുറച്ചെങ്കിലും നന്നായി പ്രസംഗിക്കാൻ പറ്റൂ. പ്രസംഗം ശീലിച്ചുകഴിഞ്ഞാൽ പിന്നെ കുറച്ചു നോക്കിയാലും കൂടുതൽ പ്രസംഗിക്കാൻ പറ്റും. മറ്റുള്ളവരുടെ പ്രസംഗം ശ്രദ്ധിച്ചു കേൾക്കണം. കുറെ പുതിയ അറിവുകൾ നമുക്ക് അതിൽ നിന്നു കിട്ടും. നമുക്ക് അറിയുന്ന വിഷയമാണെങ്കിലും ശ്രദ്ധിക്കണം. അവരുടെ അവതരണത്തിൽ വല്ല അപാകവും കണ്ടാൽ അത് നമ്മുടെ പ്രസംഗത്തിൽ വരാതെ നോക്കാമല്ലോ. അവസരങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. സമാജങ്ങളും സംഘടനാ വേദികളും ഉറുദികളുമെല്ലാം അസുലഭ അവസരമാണ്. ഫലവത്തായി ഉപയോഗപ്പെടുത്തിയവർ ആ മേഖലയിൽ ശോഭിക്കും.
കുമ്പോൽ മുദരിസായിരുന്ന സമയത്തല്ലേ ഉസ്താദിന്റെ വിവാഹം?
അതേ. 1964-ലായിരുന്നു മംഗലം. കുമ്പോലിലെ മുക്രിക്കയാണ്, കാഞ്ഞങ്ങാട് അബൂബക്കർ ഹാജി നിങ്ങളെ കാണാൻ വേണ്ടി കുമ്പള പള്ളിയിൽ വന്ന് കാത്തിരിക്കുന്നുണ്ട്, കൂട്ടിവരാനായി എന്നെ പറഞ്ഞയച്ചതാണ് എന്നറിയിച്ചത്. ഉടനെ റെയിൽ പാളത്തിലൂടെ നടന്ന് ഞാൻ കുമ്പളയിലെത്തി. സമസ്തയുടെ നേതൃനിരയിൽ ഏറെ പ്രസിദ്ധരാണ് കാഞ്ഞങ്ങാട് അബൂബക്കർ ഹാജി. കുറച്ചു കാലം ഞാൻ അദ്ദേഹത്തിന്റെ ദർസിൽ ഓതിയതുമാണ്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മൂപ്പര് പറഞ്ഞു: മരം വലുതായാൽ കൊമ്പ് പിടിച്ചാണ് കയറുക. നിന്റെ കുടുംബം വലിയ സമ്പന്നരും പ്രമാണിമാരുമായത് കൊണ്ടാണ് നിന്നോട് നേരിട്ട് പറയുന്നത്. എന്റെ മകൾ മറിയമിനെ നിനക്ക് വിവാഹം ചെയ്തു തരാൻ ഞാനാഗ്രഹിക്കുന്നു. ഇത് നീ ഉമ്മയോട് പറയണം. ഉമ്മ ബാപ്പയോടും ബാപ്പ വലിയ ജ്യേഷ്ഠൻ കുഞ്ഞിപ്പയോടും പറഞ്ഞുകൊള്ളും.
ഉസ്താദ് ഏൽപിച്ച പ്രകാരം ഞാൻ ചെയ്തെങ്കിലും ജ്യേഷ്ഠന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: അബൂബക്കർ ഹാജി വലിയ പണ്ഡിതനാണ്. അലിക്കുഞ്ഞി പാവവും. മൂപ്പരുടെ മകൾ നമുക്ക് യോജിക്കില്ല. അബൂബക്കർ ഹാജിയെ ഞങ്ങളെല്ലാം ബഹുമാനിച്ചിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ആലോചന തൽകാലം അവിടെ അവസാനിച്ചു. അധികം താമസിയാതെ അബൂബക്കർ ഹാജി വഫാത്തായി. കുറച്ചു മാസം കഴിഞ്ഞുകാണും. അബൂബക്കർ ഹാജിയുടെ ഉറ്റ സുഹൃത്തായ തലശ്ശേരി മുത്തുത്തങ്ങൾ ഞങ്ങളുടെ വീട്ടിൽ വന്ന് പഴയ വിവാഹക്കാര്യം ഉപ്പയോടും ജ്യേഷ്ഠനോടും സംസാരിച്ചു. അപ്പോൾ ജ്യേഷ്ഠൻ പറഞ്ഞു: ഇനിയിത് നടക്കണം. പെണ്ണ് യത്തീമായിപ്പോയി.
ഞങ്ങളുടെ മഹല്ലായ ഒളയം ജുമുഅത്ത് പള്ളിയിൽ വെച്ചായിരുന്നു നികാഹ്. വധൂഗൃഹത്തിലേക്കുള്ള യാത്ര വൈകുന്നേരത്തെ എക്സ്പ്രസ്സ് ട്രെയ്നിലായിരുന്നു. കുമ്പോൽ കെഎസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ അറുപത് പേർ കാഞ്ഞങ്ങാട് സ്റ്റേഷനിലിറങ്ങി നടന്നാണ് ഭാര്യവീട്ടിലെത്തുന്നത്. അവിടെയെത്തുമ്പോൾ ഇശാഅ് കഴിഞ്ഞിരുന്നു. ഖുത്തുബി തങ്ങളുടെ നേതൃത്വത്തിൽ ഹദ്ദാദ് നടക്കുകയാണ് അപ്പോൾ. ഹദ്ദാദിനിടയിൽ മഹാൻ മറ്റൊന്നും ശ്രദ്ധിക്കില്ല. അതിനിടെ രസകരമായൊരു സംഭവമുണ്ടായി. കൊയിലാണ്ടി സയ്യിദ് അലി ബാഫഖി തങ്ങളും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ദർസിൽ അൽപകാലം ഞങ്ങൾ സഹപാഠികളായിരുന്നു. ഞങ്ങളുടെ ശരീര പ്രകൃതം ഏതാണ്ട് ഒരുപോലെയാണ്. യാദൃച്ഛികമെന്നു പറയാം, ഇരുവരും ധരിച്ച കോട്ടും ഖമീസും തലപ്പാവുമെല്ലാം ഒരേപോലെ. ആരാണ് പുതിയാപ്പിള എന്ന് വധുവിന്റെ വീട്ടുകാർക്ക് മനസ്സിലായില്ല. ഹദ്ദാദ് കഴിഞ്ഞ ശേഷമാണ് വരനും സംഘവും എത്തിയത് ഖുതുബി തങ്ങൾ അറിയുന്നത്. മഹാനവർകൾ എന്നെ സ്വീകരിച്ചു കൊണ്ടുപോകുമ്പോഴാണ് ഞാനാണ് പുതിയാപ്പിളയെന്ന് അവർ മനസ്സിലാക്കുന്നത്. ഖുതുബി തങ്ങളുടെ മകനാണ് അബൂബക്കർ ഹാജിയുടെ മറ്റൊരു മകളെ കല്യാണം കഴിച്ചിരുന്നത്. ആ ബന്ധം കാരണമാണ് എല്ലാ കാര്യങ്ങൾക്കും മഹാൻ നേതൃത്വം നൽകിയത്. എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സ്വീകരണവും ആശീർവാദവും വലിയ അനുഗ്രഹമായി. എന്നെ അടുത്തിരുത്തിയാണ് അദ്ദേഹം ഭക്ഷണം കഴിപ്പിച്ചത്. വിവാഹാലോചനയുമായി വന്ന മുത്തു തങ്ങളും എല്ലാറ്റിനും നേതൃത്വം നൽകിക്കൊണ്ട് അവിടെയുണ്ടായിരുന്നു. അന്നത്തെ രീതിയനുസരിച്ച് മൂന്ന് ദിവസം വധൂഗൃഹത്തിൽ തങ്ങിയ ശേഷമാണ് എന്റെ വീട്ടിലേക്ക് മടങ്ങിയത്.
എന്റെ ഉപ്പ ഭംഗിയായി കോട്ട് ധരിക്കുന്നയാളായിരുന്നു. ഞാനും ഇടക്കൊക്കെ ധരിക്കുമായിരുന്നു. ഭാര്യാ വീട്ടിൽ പോകുമ്പോൾ ഞാൻ ശരിയായി ധരിച്ചില്ലെങ്കിൽ ഉപ്പ കോട്ട് ശരിപ്പെടുത്തിത്തരുന്നതും മറക്കാത്ത ഓർമയാണ്.
കാഞ്ഞങ്ങാട് അബൂബക്കർ ഹാജിയെക്കുറിച്ചുള്ള ഓർമകൾ?
ഞങ്ങൾ കുടുംബബന്ധമാകുന്നതിനു മുമ്പ് തന്നെ മഹാനവർകൾ വഫാതായല്ലോ. കുറച്ചു കാലം മൂപ്പരുടെ കീഴിൽ ഓതിയ സമയത്തുള്ള അനുഭവവും ഉറ്റവർ പങ്കുവെച്ച കാര്യങ്ങളുമാണ് ഓർമയിൽ വരുന്നത്. സമസ്ത മുശാവറയിൽ വടക്കു ഭാഗത്തു നിന്നുള്ള പ്രധാനിയായിരുന്നു അദ്ദേഹം. വലിയ പാണ്ഡിത്യത്തിനുടമ എന്നതു പോലെ നല്ല അസറുള്ളയാളുമായിരുന്നു. പല അത്ഭുത സംഭവങ്ങളും അടുത്തറിഞ്ഞവർ അയവിറക്കാറുണ്ട്. എംഎ ഉസ്താദ് സമസ്തയുടെ ചരിത്രമെഴുതിയപ്പോൾ മഹാന്റെ സേവനങ്ങളെ പ്രകീർത്തിച്ചതു കാണാം.
കല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞപ്പോൾ ഖുതുബിയവർകൾ മുത്തുത്തങ്ങളോട്, കല്യാണത്തിന് കടം വരുമോ എന്ന് ചോദിക്കുന്നതും ഇല്ലായെന്ന് അദ്ദേഹം മറുപടി പറയുന്നതും കേട്ടു. അപ്പോൾ ഖുത്തുബി ചോദിച്ചു: ഇതെല്ലാം നമ്മളാണ് നിയന്ത്രിച്ചതെന്ന് കരുതുന്നുണ്ടോ? നമ്മളല്ല. അബൂബക്കർ ഹാജി നേരിട്ട് നിയന്ത്രിച്ചതാണ്.
ഉസ്താദിന്റെ കുടുംബം?
ലാഹിഖായ ഇണയെയാണ് അബൂബക്കർ ഹാജിയുടെ മകൾ മറിയമ്മയിലൂടെ അല്ലാഹു എനിക്കു നൽകിയത്. ഞങ്ങളുടെ മക്കൾ അബ്ദുറഹ്മാൻ നിസാമി, അബൂബക്കർ, മുഹമ്മദ് ത്വയ്യിബ്, ഹാഫിള് അൻവർ അലി സഖാഫി, ആയിശ, സൈനബ, ഖദീജതുൽ കുബ്റാ, റാബിഅ എന്നിവരാണ്.
നിറഞ്ഞ യൗവന കാലത്തേ സമസ്ത മുശാവറയിലെത്തിയിട്ടുണ്ടല്ലോ ഉസ്താദ്. അതിനു മുമ്പുള്ള സംഘടനാ പ്രവർത്തനത്തെ കുറിച്ച്?
അമ്പതുകളിൽ നാട്ടിലും പരിസരത്തും ചെറിയ തോതിൽ ജമാഅത്തെ ഇസ്ലാമി തലപൊക്കിയിരുന്നു. അവിടത്തെ ഒരു മരുന്നു കച്ചവടക്കാരനിലൂടെയായിരുന്നു ആ ബിദ്അത്ത് പ്രചരിച്ചിരുന്നത്. മരുന്നിനൊപ്പം അയാൾ ജമാഅത്ത് പോരിശ കൂടി വിളമ്പുന്നതറിഞ്ഞപ്പോൾ മുതഅല്ലിമായിരുന്ന ഞാൻ ജുമുഅക്കു ശേഷം നാട്ടിലെ പള്ളിയിൽ വെച്ച് അതിനെതിരെ പ്രസംഗിച്ചു. അത്തരമൊരാളുടെ അടുത്ത് മരുന്നിന് പോകരുതെന്ന് പറഞ്ഞാണ് പ്രസംഗം നിറുത്തിയത്. ഇതോടെ നാട്ടിൽ രണ്ട് ചേരിയായി. അയാളെ അനുകൂലിക്കുന്നവരും പ്രതിയോഗികളും. അന്ന് കുമ്പോൽ മുദരിസായിരുന്ന അബൂബക്കർ ഹാജി വിവരമറിഞ്ഞ് ജ്യേഷ്ഠൻ കുഞ്ഞിപ്പ ഹാജിയെയും മറ്റും വിളിപ്പിച്ച് സംഭവം ചോദിച്ചറിഞ്ഞു. അലിക്കുഞ്ഞി ചെയ്തതാണ് ശരിയെന്നായിരുന്നു മഹാന്റെ വിധിതീർപ്പ്.
അതിനെ തുടർന്ന് ജ്യേഷ്ഠൻമാരെയും ഫഖ്റുദ്ദീൻ ഹാജിയെപ്പോലുള്ള പ്രമുഖരെയും വിളിച്ചുകൂട്ടി സ്വാഗത സംഘം രൂപീകരിക്കുകയും വലിയൊരു സമ്മേളനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. 1956-ലാണത്. അങ്ങനെയൊരു പരിപാടി പ്രദേശത്ത് ആദ്യമായിരുന്നു. എനിക്കന്ന് ഇരുപതിൽ താഴെയാണ് പ്രായം. അനൗൺസ്മെന്റ് ചുമതല എനിക്കും അനുജൻ അബൂബക്കറിനുമായിരുന്നു. കാസർകോട് നിന്ന് കാറ് വിളിച്ചു കൊണ്ടുവന്ന് അതിൽ മൈക്ക് കെട്ടി നാടിന്റെ മുക്കിലും മൂലയിലും അനൗൺസ്മെന്റ് നടത്തി. വിട്ള, പുത്തൂർ വരെ ആ വാഹനമെത്തി.
ആയിരങ്ങൾ ഒത്തുകൂടിയ വലിയ സമ്മേളനമായി അതു മാറി. ജനറേറ്റർ അന്ന് ഇവിടെ അത്ര പ്രചാരമില്ല. അതിനാൽ ജ്യേഷ്ഠന്റെ സഹായത്തോടെ ബോംബെയിൽ നിന്നാണ് ജനറേറ്റർ വരുത്തിച്ചത്. ഖുത്ബി മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ആ സുന്നി മഹാസമ്മേളനത്തിൽ കോട്ടുമല ഉസ്താദ്, വാണിയമ്പലം ഉസ്താദ്, കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാർ, മുത്തുത്തങ്ങൾ തലശ്ശേരി, മഞ്ഞനാടി ഉസ്താദ് തുടങ്ങി ധാരാളം പണ്ഡിതർ പ്രസംഗിച്ചു. അന്ന് മഞ്ഞനാടി ഉസ്താദിന്റെ പ്രസംഗത്തിലെ ഒരു നർമം ഇപ്പോഴും ഓർമയുണ്ട്: ഞാൻ വലിയ പണ്ഡിതനോ പ്രസംഗകനോ അല്ല. പക്ഷേ അസ്ഹാബുൽ കഹ്ഫിന്റെ നായയെപ്പോലെ വലിയ ഏഴ് പണ്ഡിതർക്കൊപ്പം നടക്കുന്ന എട്ടാമനാണ് ഞാൻ.
ജമാഅത്തെ ഇസ്ലാമിയുമായി തർക്കുൽ മുവാലാത്ത് പ്രമേയം ആ യോഗത്തിൽ പാസ്സാക്കപ്പെട്ടു. അറബി മലയാളത്തിലുള്ള അതിന്റെ കോപ്പി ഇപ്പോഴും എന്റെ കയ്യിലുണ്ട്. സമ്മേളനം ഭംഗിയായി സമാപിച്ചു. നാട്ടിൽ ജമാഅത്ത് ശല്യം അതോടെ തീർന്നു. സ്വാഗതം സംഘം പിരിച്ചു വിടാൻ അബൂബക്കർ ഹാജിയും വന്നിരുന്നു. നല്ലൊരു തുക മിച്ചമുണ്ടായി. സമ്മേളനത്തിന് ഓടി നടന്ന അലിക്കുഞ്ഞിക്ക് എന്തെങ്കിലും കൊടുക്കണമെന്ന് ഫഖ്റുദ്ദീൻ ഹാജി ഉസ്താദിന്റെ ചെവിയിൽ പറഞ്ഞപ്പോൾ മഹാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: വേണ്ട, അവനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പടച്ചവൻ അവനെ നല്ലൊരു പണ്ഡിതനാക്കട്ടെ.
ഖാദിയാനികൾ ഉസ്താദിന്റെ കോലം കത്തിച്ചതായി കേട്ടിട്ടുണ്ട്?
അത് ഞാൻ മുദരിസായ സമയത്താണ്. ഞങ്ങളുടെ അകന്ന ബന്ധത്തിൽപെട്ട ഒരാൾ ഖാദിയാനിയുടെ മകളെ കല്യാണം കഴിച്ചു. അത് നാട്ടിൽ വലിയ ചർച്ചയായി. എന്റെ ഉസ്താദ് കൂടിയായ ഒളയം ഖത്തീബ് എന്നോട് ഖാദിയാനിസത്തിനെതിരെ ജുമുഅക്കു ശേഷം പ്രസംഗിക്കാൻ നിർദേശിച്ചു. ഖാദിയാനിസം കുഫ്രിയ്യത്താണെന്ന് സമർത്ഥിച്ച് പ്രസംഗിച്ചു. പതിവു പോലെ പിറ്റേന്ന് ശനിയാഴ്ച കാടങ്കോട് ദർസിലേക്ക് മടങ്ങി. സാധാരണ വ്യാഴാഴ്ച പകലാണ് ഞാൻ നാട്ടിൽ വരാറുള്ളത്. പിറ്റേ ആഴ്ച ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ യതീംഖാനയുടെ പിരിവിനായി വന്നതിനാൽ മഹാനോടൊപ്പം ചിലയിടങ്ങളിൽ പോകേണ്ടിവന്നു. അതു കാരണം രാത്രി വൈകി വീട്ടിലെത്തിയപ്പോൾ മുറ്റത്ത് വലിയൊരു ആൾക്കൂട്ടം. വെള്ളിയാഴ്ചത്തെ പ്രസംഗത്തിൽ പ്രകോപിതരായി ഖാദിയാനികൾ എന്റെ കോലം കത്തിച്ചത് അറിയുന്നത് തന്നെ അപ്പോഴാണ്. ഈ സംഭവം അറിഞ്ഞ് അപമാന ഭാരത്താൽ ഞാൻ നാടുവിട്ടത് കൊണ്ടാണ് സാധാരണ വീട്ടിലെത്തുന്ന സമയമായിട്ടും വരാത്തതെന്ന് കരുതി ഉമ്മ കരയുകയായിരുന്നു അപ്പോൾ. ഈ ബഹളത്തിലേക്കാണ് ഇതൊന്നുമറിയാതെ ഞാൻ ചെല്ലുന്നത്. അവരോട് പറഞ്ഞു: സാധാരണ നെഹ്റുവിനെപ്പോലുള്ള വലിയ ആളുകളുടെ കോലമാണല്ലോ എതിരാളികൾ കത്തിക്കാറുള്ളത്. ഇപ്പോൾ ഞാനും അത്ര മോശമല്ല അല്ലേ! തമാശ നാട്ടുകാരും ആസ്വദിച്ചു. ഏതായാലും കോലം കത്തിച്ച ഖാദിയാനിസം നാട്ടിൽ ക്രമേണ ക്ഷയിച്ചുപോയി.
ബിദ്അത്തുകാർക്കെതിരായ ഈ കാർക്കശ്യം ചെറുപ്പത്തിലേ എങ്ങനെയാണ് കൈവന്നത്?
ഉസ്താദുമാരിൽ നിന്നു ലഭിച്ച ആദർശബോധം തന്നെയാണ് പ്രധാന കാരണം. നാട്ടിൽ തലപൊക്കിയ ബിദ്അത്തിനെതിരെയുള്ള പ്രവർത്തനങ്ങളും സംഘടനാ നിലപാടുകളും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. എന്നെ പഠിപ്പിച്ച ഉസ്താദുമാരെല്ലാം ആദർശ രംഗത്ത് തിളങ്ങിയിരുന്ന മഹാന്മാരാണ്. കോട്ടുമല ഉസ്താദിന്റെ ദർസിൽ പഠിക്കുന്ന സമയത്ത് പള്ളിക്കു സമീപം വന്ന് ജമാഅത്തെ ഇസ്ലാമിക്കാരൻ ഉസ്താദിനെ വ്യക്തിപരമായി ചീത്ത പറഞ്ഞു. ശിഷ്യന്മാരായ ഞങ്ങൾക്കത് സഹിച്ചില്ല. ഞങ്ങൾ അയാളെ പിടികൂടി പള്ളിയിൽ കൊണ്ടുവന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി അയാളെ കൊണ്ടുപോയി. ശിഷ്യന്മാർക്കും അഹ്ലുസ്സുന്നത്തിന്റെ ആദർശം പകർന്നു കൊടുക്കണം. എന്റെ ദർസിൽ കുട്ടികൾക്ക് സമസ്തയുടെ പഴയകാല ആലിമീങ്ങളുടെ ചരിത്രവും അവരുടെ ആദർശ ധീരതയും പറഞ്ഞുകൊടുക്കാറുണ്ട്. അത് വലിയ ഫലം ചെയ്യും. ബിദ്അത്ത് തലപൊക്കുമ്പോൾ പണ്ഡിതർ മൗനം പാലിക്കരുത്. പ്രബോധനം പക്ഷേ പ്രകോപനമാകാതെ നോക്കണം. എന്നാലേ ഫലമുണ്ടാകൂ. അല്ലെങ്കിൽ തെറ്റിദ്ധാരണയാണ് ഉണ്ടാവുക.
എന്റെ ശിഷ്യൻ ജോലി ചെയ്യുന്ന മഹല്ലിൽ തറപ്രസംഗം നടത്താൻ കമ്മിറ്റിക്കാർ നിർബന്ധിക്കുന്നതായി കുട്ടി അറിയിച്ചപ്പോൾ ഒരു വള്ളിയാഴ്ച ഞാനവിടെ ജുമുഅക്ക് പോയി. നിസ്കാര ശേഷമുള്ള പ്രസംഗം എന്റെ ഉസ്താദുമാരുടെ ചരിത്രം അയവിറക്കി കൊണ്ടാണ് നടത്തിയത്. അവസാനം, ഇവരാരും ഇതുവരെ അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്തിയിട്ടില്ല. അതുപോലെ ജുമുഅക്ക് മുമ്പൊരു മലയാള പ്രസംഗവും ചെയ്തിട്ടില്ല. അതെല്ലാം തെറ്റായത് കൊണ്ടാണ് അവർ ചെയ്യാതിരുന്നതെന്ന് പറഞ്ഞപ്പോൾ നാട്ടുകാർക്ക് ഹഖ് ബോധ്യപ്പെട്ടു.
ഉസ്താദിന്റെ ചെറുപ്പത്തിൽ ആദർശ പഠന വേദികൾ സജീവമായിരുന്നോ?
ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം സമസ്ത നടത്തുന്ന സമ്മേളനങ്ങളും പരമ്പര വഅളുകളുമായിരുന്നു ആദർശ പഠനത്തിനുള്ള അന്നത്തെ മുഖ്യമായ വേദികൾ. സുന്നി വിരുദ്ധരുടെ ചതിക്കുഴികളെ തൊട്ട് ആളുകളെ ഉണർത്താനുള്ള ക്യാമ്പുകളും നടന്നിരുന്നു. തളങ്കര തെരുവത്ത് 15 ദിവസം നീണ്ടുനിന്ന പണ്ഡിത ക്യാമ്പ് എടുത്തു പറയേണ്ടതാണ്. സുന്നത്ത് ജമാഅത്ത് മാത്രം ചർച്ചയാക്കി അത്ര ദീർഘമായി നടത്തിയ മറ്റൊരു ക്യാമ്പ് എന്റെ ഓർമയിലില്ല. എൺപത് പണ്ഡിതർ അവിടെ താമസിച്ച് പരസ്പരം ചർച്ച ചെയ്തുള്ള ക്യാമ്പിൽ ഇകെ ഹസൻ മുസ്ലിയാർ, എപി ഉസ്താദ് എന്നിവരാണ് കാര്യമായി ക്ലാസെടുത്തിരുന്നത്. സുന്നികളും ബിദ്അത്തുകാരും തമ്മിൽ തർക്കമുള്ള എല്ലാ വിഷയങ്ങളും കോർത്തിണക്കിയ ക്ലാസുകൾ മുദരിസുമാരും ഖത്തീബുമാരുമായ ഞങ്ങളെല്ലാം നോട്ട് ചെയ്തിരുന്നു. ജീവിതത്തിലുടനീളം അത് വലിയ പ്രയോജനം ചെയ്തിട്ടുണ്ട്. പഴയ ദർസ് പഠനകാലം തിരിച്ചുകിട്ടിയ പ്രതീതിയാണ് ആ ക്യാമ്പ് സമ്മാനിച്ചത്. ചിത്താരി ഹംസ മുസ്ലിയാർ, ത്വാഹിർ തങ്ങളെല്ലാം ക്യാമ്പിലെ പ്രതിനിധികളായിരുന്നു. ഇത്തരം ക്യാമ്പുകൾ യുവപണ്ഡിതർക്ക് എല്ലാ കാലത്തും ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം.
(തുടരും)
താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ/
പിബി ബശീർ പുളിക്കൂർ