ചരിത്രവിചാരം
കണക്കെടുപ്പ് ജീവിതത്തില്‍ നല്ലതാണ്. മുപ്പത്തിമൂന്നു വര്‍ഷം തന്റെയടുത്ത് ഓതിപ്പഠിച്ച ശിഷ്യനോട്, എന്തു നേടിയെന്ന് ഗുരു ചോദിച്ചപ്പോള്‍ എട്ടു കാര്യങ്ങളെന്നു പറയുമ്പോള്‍ അദ്ദേഹം മാത്രമല്ല, എല്ലാവരും ഞെട്ടും. നെറ്റി ചുളിക്കും. പക്ഷേ, കേട്ടുനോക്കിയാലോ വലിയ അര്‍ത്ഥങ്ങളുള്ള എട്ടു തത്ത്വങ്ങള്‍. അതാണു സ്വൂഫികളുടെ, ദര്‍വീശുകളുടെ വാക്കും പൊരുളും.
ശഖീഖുല്‍ ബല്‍ഖി(റ)യും ശിഷ്യന് ഹാത്വിമുല്‍ അസ്വമ്(റ)യും തമ്മിലുള്ള ഇത്തരത്തിലൊരു സംഭാഷണം കാണാം 1988 സപ്തംബര്‍ 915 ലക്കം സുന്നിവോയ്സില്‍. കെഎംകെ അരീക്കോടാണ് ഇഹ്യയില്‍ നിന്നത് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതില്‍ നിന്ന്:
ഒരിക്കല്‍ ഹാത്വിമുല്‍ അസ്വമ്(റ)യോട് അദ്ദേഹത്തിന്റെ വന്ദ്യരായ ഉസ്താദ് ശഖീഖുല്‍ ബല്‍ഖി(റ) ചോദിച്ചു:
“ഹാത്വിം, നീ എന്റെ അടുക്കല്‍ നിന്ന് പഠിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി?’
“മുപ്പത്തിമൂന്നു വര്‍ഷമായി ഗുരോ…’
“ഈ കാലയളവില്‍ എന്നില്‍ നിന്ന് എന്താണു നീ പഠിച്ചത്?’
“എട്ട് മസ്അല ഞാന്‍ പഠിച്ചു’
“ഇന്നാലില്ലാഹ്… എന്റെ വിലപ്പെട്ട ആയുസ്സ് നിന്നോട് കൂടെ വൃഥാ പാഴായിരിക്കുന്നു. എട്ടു മസ്അല മാത്രമാണോ നീ ഇക്കാലയളവില്‍ പഠിച്ചത്.’
ഉസ്താദിന്റെ വേദന മനസ്സിലാക്കിയ അനുസരണയുള്ള ആ ശിഷ്യന് പറഞ്ഞു: “അതേ ഗുരോ, അവയല്ലാതെ പഠിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കളവു പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’
തെല്ലൊരു നിശ്വാസത്തോടെ ഉസ്താദ് പറഞ്ഞു: “എങ്കില്‍ നീ പഠിച്ച ആ മസ്അല വിവരിച്ചുതരൂ…’
ശിഷ്യന് ഓരോന്നായി പറഞ്ഞു തുടങ്ങി.
ഒന്ന്: ഞാന്‍ മനുഷ്യരെ സംബന്ധിച്ച് ചിന്തിച്ചു. അപ്പോള്‍ ഓരോ മനുഷ്യനും ഓരോ സ്നേഹിതനുമായി കഴിഞ്ഞുകൂടാന്‍ ഇച്ഛിക്കുന്നു. പക്ഷേ, മരണം വരെ കൊണ്ടു നടക്കുന്ന ആ സ്നേഹിതന് മരണത്തോടെ അവനെ വിട്ടുപിരിയുന്നു. ഇത് മനസ്സിലാക്കിയ ഞാന്‍ സുകൃതങ്ങളെ എന്റെ ഇഷ്ടതോഴനാക്കി. കാരണം ഞാന്‍ മരിച്ചാലും എന്റെ സുകൃതങ്ങള്‍ എന്നെ പിരിഞ്ഞുപോവില്ല.
കേട്ടുനിന്ന ശഖീഖുല്‍ ബല്‍ഖി വിസ്മയഭരിതനായി. അദ്ദേഹം പറഞ്ഞു: “ശിഷ്യാ, നീ പറഞ്ഞതത്രെ വാസ്തവം! മുഴുവന്‍ പറയൂ.’
ശിഷ്യന് തുടര്‍ന്നു.
രണ്ട്: അവന്റെ റബ്ബിന്റെ ശിക്ഷയെ പേടിക്കുകയും സ്വശരീരത്തെ ഇച്ഛകളെ തൊട്ട് വിരോധിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗമായിരിക്കും പ്രതിഫലം (ഖുര്‍ആന്‍) എന്ന അല്ലാഹുവിന്റെ വാക്കിന്റെ പൊരുളിനെ സംബന്ധിച്ച് ഞാന്‍ ചിന്തിച്ചു. അല്ലാഹുവിന്റെ വചനങ്ങള്‍ സത്യമാണെന്ന് ബോധ്യമായ ഞാന്‍ എന്റെ ശരീരത്തെ അല്ലാഹുവിന് കീഴൊതുക്കി നിറുത്താന്‍ വേണ്ടി സ്വേച്ഛയെ തട്ടിമാറ്റുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു.
മൂന്ന്: മര്ത്ത്യസമൂഹത്തെ വിചിന്തനം ചെയ്തപ്പോള്‍ എല്ലാവരും അവരുടെ പക്കല്‍ വിലയും നിലയുമുള്ള എല്ലാ വസ്തുവിനെയും ഉയര്‍ത്തിക്കൊണ്ട് വരുന്നവരും സൂക്ഷിക്കുന്നവരുമായും കാണാന്‍ കഴിഞ്ഞു. തുടര്‍ന്നു “നിങ്ങളുടെ പക്കലുള്ളത് ചെലവഴിക്കുകയും അല്ലാഹുവിന്റെയടുക്കല്‍ സൂക്ഷിക്കപ്പെട്ടത് നിലനില്ക്കുകയും ചെയ്യുമെന്നു’ള്ള വിശുദ്ധ ഖുര്‍ആന്‍ സൂക്തം എന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു. അതോടെ എന്റെ പക്കലുള്ള സര്‍വസ്വവും അല്ലാഹുവിനെ സൂക്ഷിക്കാനേല്‍പ്പിച്ചു, അതെന്നെന്നും നിലനില്ക്കാന്.
നാല്: മര്ത്ത്യസമൂഹത്തെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ എല്ലാവരും സമ്പത്തും സ്ഥാനമാനങ്ങളും തറവാടിത്തവും ആഗ്രഹിക്കുന്നതായി കാണാന്‍ കഴിഞ്ഞു. ഇവയാണെങ്കില്‍ ഒന്നുമല്ലതാനും. പിന്നീട് “നിങ്ങളില്‍ തഖ്വയുള്ളവരത്രെ നാഥന്റെ അടുക്കല്‍ സ്വീകാര്യന്‍’ എന്ന ദൈവസൂക്തം ചിന്താവിധേയമാക്കിയ ഞാന്‍ അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യനാവാന്‍ വേണ്ടി തഖ്വയില്‍ ഒതുങ്ങി ജീവിച്ചു.
അഞ്ച്: വീണ്ടും മനുഷ്യരെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അവര്‍ പരസ്പരം ആക്ഷേപിക്കുന്നവരും ശപിക്കുന്നവരും കുറ്റപ്പെടുത്തുന്നവരുമായി കഴിഞ്ഞുകൂടുന്നതായും അതിന്റെ അടിത്തറ അസൂയയാണെന്നും എനിക്ക് ബോധ്യമായി. അതോടെ, “ഭൗതിക ജീവിതത്തില്‍ ജനങ്ങള്‍ക്ക് ജീവിതമാര്‍ഗം വീതിച്ചുകൊടുക്കുന്നത് ഞാനാണെ’ന്ന അല്ലാഹുവിന്റെ പരിശുദ്ധ വാക്യത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. സത്യം മനസ്സിലാക്കിയ ഞാന്‍ സൃഷ്ടികളോടുള്ള എല്ലാ ശത്രുതയും വര്‍ജിക്കുകയാണ് ചെയ്തത്.
ആറ്: മനുഷ്യന് പരസ്പരം പോരടിച്ചും കടിച്ചുകീറിയും രക്തം ചിന്തിയും കഴിഞ്ഞുകൂടുന്നത് ഞാന്‍ കണ്ടു. എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നത് “പിശാച് നിങ്ങള്‍ക്ക് ശത്രുവാണ്. തന്നിമിത്തം പിശാചിനെ നിങ്ങള്‍ ശത്രുവാക്കുക’ എന്ന സൂക്തമാണ്. അതോടെ എന്റെ മുഴുസമയവും പിശാചാകുന്ന ശത്രുവിനെതിരെ ബദ്ധശ്രദ്ധനായി കഴിഞ്ഞുകൂടുന്നതിലായി. മറ്റു സൃഷ്ടികളോടുള്ള ശത്രുത പാടെ നീക്കിക്കളയുകയും ചെയ്തു.
ഏഴ്: മാനവ സമൂഹത്തെ വീണ്ടും നിരീക്ഷിച്ചപ്പോള്‍ അവരിലഖിലവും നിസ്സാരമായ ഈ ഭൗതിക സുഖങ്ങളെ ആശിച്ച് സ്വയം നിന്ദ്യരാകുകയും അനാവശ്യങ്ങളില്‍ കയ്യിടുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. “ഭൂമുഖത്ത് ഒരു ജീവിയുമില്ല, അല്ലാഹു അവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടല്ലാതെ’ എന്ന് ഖുര്‍ആന്‍ പറയുന്നു. ഞാനും അല്ലാഹു ഭക്ഷണം ഏറ്റെടുത്ത ജീവികളിലെ ഒരംഗമാണെന്ന് എനിക്ക് ബോധ്യമായതനുസരിച്ച് അല്ലാഹുവിന് വഴിപ്പെടുന്നതില്‍ ഞാന്‍ വ്യാപൃതനാവുകയും എന്റെ സമ്പത്ത് മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നീക്കിവെക്കുകയും ചെയ്തു.
എട്ട്: മനുഷ്യസമൂഹത്തില്‍ ഓരോരുത്തരും ഓരോ സൃഷ്ടികളുടെ കാര്യത്തില്‍ മുഴുകി ജീവിക്കുന്നു. ചിലര്‍ അവരുടെ കൃഷിയിടങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മറ്റു ചിലര്‍ കച്ചവടത്തിന്റെയും വ്യവസായങ്ങളുടെയും മേലില്‍ വ്യാപൃതരാവുന്നു. എല്ലാ സൃഷ്ടികളും അതിനോട് തുല്യമായ മറ്റൊരു സൃഷ്ടിയുടെ മേല്‍ മുഴുകുന്നു. “വല്ലവനും അല്ലാഹുവില്‍ കാര്യങ്ങളേല്പ്പിച്ചാല് അല്ലാഹു അവന് മതിയായവനാണെന്ന…’ ഖുര്‍ആന്‍ വചനമനുസരിച്ച് ഞാന്‍ എന്റെ സര്വവൃത്തികളും അല്ലാഹുവില്‍ അര്‍പ്പിച്ച് ജീവിച്ചു, അല്ലാഹു എനിക്ക് മതിയായവനാണ്.
ഹാത്വിമ് പറഞ്ഞു നിര്‍ത്തി.
എല്ലാം നിറഞ്ഞ കണ്ണുകളോടെ ശ്രവിച്ച ശഖീഖ് ശിഷ്യന്റെ ബുദ്ധിയെ പുകഴ്ത്തി അദ്ദേഹം പറഞ്ഞു. “ഹാത്വിം, അല്ലാഹു നിന്നെ ഉയര്‍ത്തട്ടെ. പരിശുദ്ധ ഗ്രന്ഥങ്ങളായ തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍, ഖുര്‍ആന്‍ മുഴുവനും ഞാന്‍ പരിശോധിച്ചു. അപ്പോള്‍ അവയിലെല്ലാമുള്ള തത്ത്വങ്ങള്‍ ഈ എട്ടുകാര്യങ്ങളില്‍ ഒതുങ്ങി നില്ക്കുന്നതായി എനിക്ക് ബോധ്യമായി. ഈ എട്ടു കാര്യങ്ങളില്‍ വല്ലവനും ഒതുങ്ങി ജീവിച്ചാല്‍ നിശ്ചയം നാലു ഗ്രന്ഥങ്ങളനുസരിച്ച് അവന് ജീവിച്ചു.’
ലേഖനം അവസാനിക്കുന്നു. കഥയില്ലാതെ സഞ്ചരിക്കുന്നവരല്ല, ചിന്താസാഗരത്തിലും ഇലാഹീ പ്രണയത്തിലും നിമഗ്നരായി പരമസത്യത്തെ തേടി യാത്രയാകുന്നവരാണവര്. ഹാത്വിമും റൂമിയുമെല്ലാം സ്വയം സമര്‍പ്പണം ചെയ്യുന്നതും ഈ ലക്ഷ്യത്തിനായാണ്.