എസ്.വൈ.എസ് 60ാം വാര്‍ഷികവും അനുബന്ധ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകര്‍ നെഞ്ചോട് ചേര്‍ത്ത് ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട തയ്യാറെടുപ്പുകള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ത്വരിത ഗതിയില്‍ പൂര്‍ത്തിയായി വരുന്നു. ആഭ്യന്തര സജ്ജീകരണത്തിനായുള്ള ഒന്നാം ഘട്ട പദ്ധതികള്‍ ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാവുകയാണ്.
കാലം ആവശ്യപ്പെടുന്ന വിപുലമായ ആദര്‍ശ ബോധവല്‍ക്കരണമാണ് 60ാം വാര്‍ഷികത്തിലെ മുഖ്യഅജണ്ട. സംഘടന നിര്‍വഹിക്കുന്ന ഏറ്റവും വലിയ ദൗത്യമാണിത്. ദീനിന്റെ സമഗ്രമായ ദഅവത്ത് ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം. സ്വയം പഠിക്കുകയും ബോധ്യപ്പെടുകയും ചെയ്ത ആശയങ്ങളാണ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടത്. നാം സ്വീകരിക്കുന്ന ആദര്‍ശങ്ങളെക്കുറിച്ച് വിശദമായ പഠനവും അന്വേഷണവും നടത്തുകയും വേണം.
ആദര്‍ശ പഠനവും പ്രസ്ഥാന ചരിത്ര പഠനവും പ്രത്യേക പഠന വിഷയങ്ങളായി ആവിഷ്കരിച്ചിട്ടുണ്ട്. പ്രവര്‍ത്തകരിലും അനുബന്ധഘടകങ്ങളിലും സഹകാരികളിലും ഫാമിലികളിലും ഒരുപോലെ പഠനങ്ങള്‍ നടക്കണം. 60-ാം വാര്‍ഷികം അതിനായി വേദികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ തലങ്ങളിലും, എല്ലാ വ്യക്തികളിലും ആദര്‍ശ പഠനം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ പദ്ധതി പര്യാപ്തമാണ്.
അവ ഫലപ്രദമാക്കാനുള്ള തീവ്ര ശ്രമങ്ങളാണിനി വേണ്ടത്. പ്രവര്‍ത്തകര്‍ക്കും സംഘാടക സമിതികള്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ജില്ലാ തലത്തില്‍ “ഇഅ്തിസാം’ പ്രോഗ്രാമും സര്‍ക്കിള്‍ തലങ്ങളില്‍ “പാഠശാല’കളും പ്രവര്‍ത്തകര്‍ക്കായി നിര്‍ദേശിക്കപ്പെട്ടതാണ്. പ്രസ്ഥാനത്തിന്റെ സഹകാരികളായ പ്രഫഷണല്‍ വിഭാഗത്തിന് വേണ്ടി എമിനന്‍സ് അസംബ്ലിയും, വ്യാപാരിവ്യവസായി തുടങ്ങി ബഹുമുഖ വ്യക്തിത്വങ്ങള്‍ക്ക് വേണ്ടി എലൈറ്റ് അസംബ്ലികളും നടക്കുകയും ചെയ്യുന്നു.
വളരെ സൂക്ഷ്മതയോടെയും കാര്യക്ഷതമയോടെയും ഈ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കണം. എമിനന്സ്എലൈറ്റ് അസംബ്ലികളില്‍ പങ്കെടുപ്പിക്കുന്ന വ്യക്തിത്വങ്ങളെ നേരില്‍ സമീപിക്കുകയും പ്രോഗ്രാമുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തി ക്ഷണിക്കുകയും ചെയ്യണം. ഗൈഡിലെ നിര്‍ദേശങ്ങള്‍ കണിശമായി പാലിച്ചുവെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിന് വേണ്ടി നിയോഗിച്ച പ്രവര്‍ത്തകരും സംഘാടക സമിതികളും ഓരോന്നിന്റെയും പ്രാധാന്യം കണക്കിലെടുത്ത് ഉത്തരവാദിത്തം നിര്‍വഹിക്കണം. കര്‍മമാണ് നമ്മെ വിജയത്തിലെത്തിക്കുന്നതെന്നോര്ക്കുക.