ഒരു ദഅവാ പ്രവര്‍ത്തകനു വേണ്ട യോഗ്യതകളെന്തൊക്കെയാണ്. പ്രധാന വിശേഷണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാമെന്നു തോന്നുന്നു. വിശുദ്ധ മതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അത്യാഗ്രഹം, ‘ഞാനെന്ന മഹാന്’ തത്ത്വത്തിനു വിരുദ്ധമായ വിനയഭാവം, ചില വിഭാഗങ്ങളെ മാത്രം പരിഗണിക്കാതിരിക്കല്‍, താന്‍ വിശുദ്ധന്, എന്റെ സ്ഥിരം തെറ്റുകള്‍ നിസ്സാരം; എന്നാല്‍ മറ്റെയാള്‍ക്ക് സംഭവിച്ചത് പൊറുക്കാനാവാത്ത മഹാ അപരാധം എന്ന വിശ്വാസം പുലര്‍ത്താതെ വിട്ടുവീഴ്ചക്കൊരുങ്ങുന്ന വിശാലമായ മനസ്സ്, ശേഷം തനിക്കറിയാവുന്ന വിജ്ഞാനം മറ്റൊരാള്‍ക്ക് കൈമാറാന്‍ സന്നദ്ധത കാണിച്ചു തുടങ്ങുമ്പോള്‍ ഒരു പ്രബോധകന് പിറക്കുന്നു.
സമ്പത്തും സ്വാധീനവുമുള്ള നിരവധി മുസ്ലിംകള് താമസിക്കുന്ന ഒരു നഗരത്തില്‍ ഒറ്റയും തെറ്റയുമായി ചിലരും, നാലഞ്ചു കുടുംബങ്ങള്‍ ഒന്നിച്ചും സാമ്പത്തിക പ്രലോഭനങ്ങളില്‍ പെട്ട് നരകം തെരഞ്ഞെടുത്തതറിഞ്ഞ ദുഃഖാവസ്ഥയിലാണ് ഇത് കുറിക്കുന്നത്. ഓരോ പ്രവര്‍ത്തകനും ഓരോ ദാഇയായിത്തീരുകയാണ് ഇന്നിന്റെ ആവശ്യം.
നബി(സ്വ)യുടെ ജന്മമാസം വിടപറയുന്നു. ഏറെ പീഡിതനായി മതം പ്രബോധനം ചെയ്യുക മാത്രമല്ല തിരുദൂതര്‍(സ്വ) ചെയ്തത്. അതിന്റെ തുടര്‍ ചലനങ്ങളും പ്രചാരണവും നമുക്ക് ഏല്‍പ്പിച്ചു തരിക കൂടിയാണ്. അവിടുത്തോട് നീതി പുലര്‍ത്താന്‍ എത്രപേര്‍ക്ക്, എത്ര ശതമാനം സാധിച്ചുവെന്ന കണക്കെടുപ്പാവട്ടെ ഈ റബീഇന്റെ ശേഷിപ്പുസ്വത്ത്.
‘നബി(സ്വ) എന്റേതാണ്; ഞാന്‍ നബിയുടേതാണ്’ എന്ന അവകാശവാദത്തിനപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ അനുഭവം നേടാന്‍, പ്രകടനതല്പരതയില്ലാതെ എന്തെങ്കിലുമൊക്കെ സാധിച്ചെടുക്കാന്‍ നമുക്കാവണം. നാഥന് തുണക്കട്ടെ.
മുഖമൊഴി