കേരളത്തിന്റെ ധാർമിക യൗവനം കർമ ഗോദയിൽ കരളുറപ്പോടെ ജൈത്രയാത്ര തുടരുകയാണ്. കൊറോണ നിയന്ത്രണങ്ങൾ മനുഷ്യർക്കിടയിലുളവാക്കിയ മരവിപ്പുകളെ അപ്രസക്തമാക്കിയും പ്രാതികൂല്യങ്ങളെ അവസരങ്ങളാക്കിയുമാണ് ആ പ്രയാണം. എസ്വൈഎസ് പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ അംഗത്വകാല പ്രവർത്തനങ്ങൾ അപ്രതീക്ഷിത പ്രതിഫലനമാണുളവാക്കിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഇത്ര വലിയ മുന്നേറ്റം സാധ്യമാക്കാനാവുമെന്ന് പ്രതീക്ഷിച്ചതായിരുന്നില്ല. എന്നാൽ എല്ലാതരം ആശങ്കകളെയും അസ്ഥാനത്താക്കി ചിട്ടയോടെയും കാര്യക്ഷമതയോടെയും പ്രസ്ഥാന ഘടകങ്ങളുടെ പുന:സംഘാടനം പൂർത്തിയായി. ദൗത്യനിർവഹണ രംഗത്ത് വർധിത വീര്യവും കർമകുശലതയും സ്വന്തമാക്കാനിത് കാരണമായി.
എസ്വൈഎസ് പോലെയുള്ള യുവജന പ്രസ്ഥാനങ്ങൾക്ക് ഇനിയുമൊരുപാട് സഞ്ചരിക്കാനുണ്ടെന്ന് നാം തിരിച്ചറിയുന്നു. അത്രമേൽ സങ്കീർണമാണ് ആധുനിക യൗവനം. പുതിയ കാലത്തെ യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അരാഷ്ട്രീയ പ്രവണതകൾ യുവതയെ പിറകോട്ട് വലിക്കുകയോ ഷണ്ഡീകരിച്ച് നിർത്തുകയോ ചെയ്യുന്നുണ്ട്. വിശ്വാസ രംഗത്തെ വൈകല്യങ്ങൾ, കടപ്പാടുകളെ കുറിച്ചുള്ള അജ്ഞത, ആരോടും പ്രതിബദ്ധതയില്ലാത്ത അപഥ സഞ്ചാരം, ആർക്കോ പണയം വെച്ച ചിന്താശേഷി… എല്ലാം യുവത്വത്തെ നിഷ്ക്രിയമാക്കുന്നു.
രാഷ്ട്രീയ രംഗത്തെ അപജയങ്ങളാണ് മറ്റൊരു പ്രതിസന്ധി. രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ അനിവാര്യമായ പങ്കാളിത്തം വഹിക്കലാണ് ശരിയായ രാഷ്ട്രീയം. എന്നാൽ ഇന്ന് രാഷ്ട്ര നശീകരണ പ്രവണതകൾ രംഗം കയ്യടക്കിയിരിക്കുന്നു. കക്ഷിരാഷ്ട്രീയം അരാജകത്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ പ്രാഥമിക കാഴ്ചകൾ സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്. ഒരു സീറ്റിനു വേണ്ടി പാർട്ടി ഭേദമന്യേ ‘സ്ഥാനാർത്തി’കൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ലജ്ജാകരമാണ്. രാഷ്ട്രനിർമാണ പ്രക്രിയകളിൽ ഭാഗധേയത്വം വഹിക്കേണ്ട യുവത്വത്തിന്റെ മനംമടുപ്പിക്കുന്ന സംഗതികളാണിതെല്ലാം. ഇത്തരം അരാഷ്ട്രീയ നീക്കങ്ങളും അഴിമതിയും പണാധിപത്യവും വിഭാഗീയതയും സ്വജനപക്ഷപാതവുമെല്ലാം അരങ്ങുവാഴുന്ന കാലത്ത് യുവാക്കളെ പാർട്ടികളുടെ ചട്ടുകങ്ങളും ചാവേറുകളുമാക്കി നിർത്താനാണ് മിക്കപേർക്കും താൽപര്യം. ഇവിടെയാണ് എസ്വൈഎസ് യുവത്വത്തെ സക്രിയമാക്കി ബദലുകൾ സൃഷ്ടിക്കുന്നത്. സ്വതന്ത്രവും സമുന്നതവുമായ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിൽ യൗവനം സമർപ്പിക്കാനവസരം നൽകുകയാണ് സംഘടന. ആദർശ വിരുദ്ധ, യുക്തിവാദ ചൂഷകരിൽ നിന്നും യുവത്വത്തെ മോചിപ്പിക്കണം. സ്വന്തത്തിന്റെയും സമൂഹത്തിന്റെയും മാനസികവും ശാരീരികവുമായ ആരോഗ്യം തകർക്കാനിടവരുത്തുന്ന ചാപല്യങ്ങളിൽ നിന്നും ആലസ്യങ്ങളിൽ നിന്നും കരകയറ്റണം. ഇങ്ങനെ എത്രയെത്ര അജണ്ടകളാണ് ഒരു ധാർമിക യുവജന പ്രസ്ഥാനത്തിന് നിർവഹിക്കാനുള്ളത്. നമ്മുടെ നാടിന് ഒരു യുവജനനയം പോലുമില്ലെന്നത് എത്രമാത്രം അതിശയോക്തിപരമല്ല?
പല കാരണങ്ങളാൽ അരികുവത്ക്കരിക്കപ്പെട്ട മനുഷ്യ ജീവിതങ്ങൾക്ക് കൈത്താങ്ങായി മുഖ്യധാരയിലേക്ക് കൈപ്പിടിച്ചു കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ജനങ്ങളുടെ, വിശേഷിച്ചും രാഷ്ട്രത്തിന്റെ മുഖ്യഘടകങ്ങളായ ദരിദ്ര കോടികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിലൂടെയാണല്ലോ രാജ്യത്തിന് കെട്ടുറപ്പുണ്ടാവുക. രാജ്യത്തിന്റെ സമ്പദ് വിഹിതത്തിന്റെ സിംഹഭാഗവും കയ്യാളുന്ന പരിമിതരായ കുത്തകകളുടെ കരങ്ങളിലല്ല, മറിച്ച് സാധുക്കളും സാധാരണക്കാരുമായ ജനങ്ങളാണ് രാഷ്ട്രത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നത്. ആ നട്ടെല്ല് വളയാതെയും ക്ഷയിക്കാതെയും കാത്തുസൂക്ഷിക്കണം. എസ്വൈഎസ് യുവാക്കളെ കളത്തിലിറക്കി നടത്തുന്ന അനൽപങ്ങളായ സാന്ത്വന, സേവന, ജീവകാരുണ്യ കർമപദ്ധതികൾ ഈ ലക്ഷ്യത്തിലൂന്നിയാണ്. ഇവിടെ യുവത്വത്തിന് സേവന മേഖലയിൽ സർവവും സമർപ്പിക്കാനുള്ള അവസരങ്ങൾ ലഭ്യമാകുന്നു.
തൊഴിലില്ലായ്മയും പൗരൻമാരെന്ന നിലയിലുള്ള കടപ്പാടുകൾ സംബന്ധിച്ച അറിവില്ലായ്മയുമൊക്കെയാണ് യുവാക്കളെ വഴിതെറ്റിച്ച് സാമൂഹ്യദ്രോഹികളും അരാജകത്വത്തിന്റെ വക്താക്കളുമൊക്കെയാക്കി മാറ്റുന്നതെന്ന വസ്തുത മറച്ചുവെക്കാവതല്ല. മാത്രമല്ല, യുവത്വത്തെ ഇങ്ങനെ വഴിതിരിച്ചുവിട്ട് സങ്കുചിത താൽപര്യങ്ങൾക്കു വേണ്ടി ചൂഷണം ചെയ്യുന്നതും കക്ഷിരാഷ്ട്രീയത്തിലെ നാട്ടുനടപ്പായി മാറിയിരിക്കുന്നു. യൗവനത്തിന്റെ നഷ്ടപ്പെട്ടുപോയ/ പലരും ചേർന്ന് കവർന്നെടുത്ത അസ്ഥിത്വം വീണ്ടെടുക്കാൻ പ്രാപ്തമാക്കുകയാണ് എസ്വൈഎസ് ചെയ്യുന്നത്.
നീണ്ട അറുപതാണ്ടു കാലം പ്രസ്ഥാനത്തിന്റെ ബഹുജന ജനകീയ മുഖമായി കർമരംഗത്തെ സജീവ ഭാഗധേയം അടയാളപ്പെടുത്തിയ ശേഷം യുവജന വിഭാഗമായി പുന:ക്രമീകരിക്കപ്പെട്ട എസ്വൈഎസ് ഇപ്പോൾ ധാർമിക, യൗവന കേരളത്തിന്റെ പ്രതിനിധാനമായാണ് വർത്തിക്കുന്നത്. മത, സാമൂഹിക, സാംസ്കാരിക, സാന്ത്വന, സംഘാടന മേഖലകളിൽ അന്യൂനവും സമഗ്രവുമായ സംവിധാനങ്ങളൊരുക്കിയാണ് പ്രസ്ഥാനം കർമനിരതമാകുന്നത്. നേരത്തെ പ്രയോഗവത്കരിച്ച ക്യാബിനറ്റ് സിസ്റ്റം പുതിയ ഡയറക്ടറേറ്റ് സംവിധാനങ്ങളോടെ വിപുലപ്പെടുത്തിയാണ് കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്നത്. പുന:സംഘടനാ നടപടിക്രമങ്ങൾക്ക് സമാപ്തി കുറിച്ചുകൊണ്ട് ക്യാബിനറ്റും ഡയറക്ടറേറ്റുകളും ഉൾക്കൊള്ളുന്ന പുതിയ സംസ്ഥാന നേതൃത്വം രൂപീകരിക്കപ്പെട്ടതോടെ 2050 (റ്റ്വന്റിഫിഫ്റ്റി) കാഴ്ചപ്പാടോടെയുള്ള സമീപനരേഖയും സർവതല സ്പർശിയും സാർവത്രികവുമായ കർമപദ്ധതികളും മുന്നോട്ടുവെച്ച് ചുവടുറപ്പോടെ കാലെടുത്തുവെക്കാൻ സർവ സജ്ജമാവുകയാണീ സാർഥവാഹക സംഘം.
മുഹമ്മദ് പറവൂർ