ആൺ-പെൺ ദ്വന്ദ്വത്തിലാണ് മനുഷ്യജീവിതത്തിന്റെ സാധാരണത്വം. ആണിന് ആണത്തം അഥവാ മാസ്കുലിൻ ജൻഡർ ഐഡന്റിറ്റിയും സ്ത്രീകൾക്ക് സ്ത്രൈണത അഥവാ ഫെമിനിൻ ജൻഡർ ഐഡന്റിറ്റിയുമാണ് സാധാരണഗതിയിൽ ഉണ്ടാകാറുള്ളത്. ഇതിനെ സിസ് ജൻഡർ എന്ന് പ്രയോഗിക്കുന്നു. ഇവർക്കുള്ള ഇസ്ലാമിക നിയമങ്ങൾ സമൃദ്ധമാണ്. ആണിന് ആണിന്റെയും പെണ്ണിന് പെണ്ണിന്റെയും വിധികളുണ്ട്. ഓപ്പോസിറ്റ് സെക്സിനോട് മാത്രം ലൈംഗിക ചായ്വ് പ്രകടിപ്പിക്കുന്നത് കൊണ്ട് ഇവർ ഹെട്രോ സെക്ഷ്വലുമാണ്. ഇതാണ് ലിംഗപരമായും ലൈംഗികമായുമുള്ള മുഖ്യധാര.
ഇതിൽ നിന്നും പലതരത്തിൽ വ്യതിയാനം സംഭവിച്ചവർ നമ്മുടെ സമൂഹത്തിലുണ്ട്. ഇതിൽ സങ്കീർണത കൊണ്ട് പ്രഥമ പരിഗണന അർഹിക്കുന്നവരാണ് ട്രാൻസ്ജൻഡർ അഥവാ മൂന്നാം ലിംഗക്കാർ എന്ന് നേരത്തെ വിളിക്കപ്പെട്ടിരുന്നവർ. പഠനങ്ങളനുസരിച്ച് രണ്ടുതരം ഐഡന്റിറ്റിയും ആണിലും പെണ്ണിലും ഉണ്ടാവാറുണ്ട്. പക്ഷേ എതിർ ലിംഗത്തിന്റെ ഐഡന്റിറ്റിയുടെ അളവ് വളരെ കൂടുതൽ മികച്ചു നിൽക്കുമ്പോൾ മാത്രമാണ് ഒരു ട്രാൻസ് ജൻഡർ രൂപപ്പെടുന്നത്.
ട്രാൻസ്ജൻഡറുകളെ മൂന്നാംലിംഗം, ഭിന്നലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ വിശേഷിപ്പിക്കരുതെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ട്രാൻസ്ജൻഡർ എന്ന പദം മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കിയാണ് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയത്. ട്രാൻസ്ജൻഡർ എന്നതിന് തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ഇത് തുടരണം. ഔദ്യോഗിക രേഖകളിലും ഈ പദമേ ഉപയോഗിക്കാവൂ. ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും രേഖകളിൽ ഉപയോഗിക്കുന്നതും ട്രാൻസ്ജൻഡർ വിഭാഗത്തിന് പ്രയാസമുണ്ടാക്കുന്നതായി മനസ്സിലാക്കിയാണ് ഇടപെടൽ.
പല ട്രാൻസുകളും നിഗൂഢ പദ്ധതികളുടെ ഭാഗമാവുന്നത് അവർക്ക് വേണ്ട സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തത് കൊണ്ടാണെന്നു പറയാറുണ്ട്. നിരന്തരം അപഹസിക്കപ്പെടുമ്പോഴാണ് അവർ വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാവുന്നത്. കുഞ്ഞുനാളിലേ ഇവർ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും അവഗണനകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നു. ഇത്തരക്കാർ ചേർന്ന് ഇപ്പോൾ സംഘടന രൂപീകരിക്കുകയും പുനരധിവാസ കേന്ദ്രങ്ങളുണ്ടാക്കി കൂടുതൽ ആളുകളെ അതിലേക്ക് ആകർഷിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഒരു കമ്മ്യൂണിറ്റിയായി ജീവിക്കുന്നതിന്റെ ഭാഗമായി പുതിയ അമ്മയെയും അച്ഛനെയും സ്വീകരിക്കുന്നു. പുതിയ ആചാരങ്ങളും വ്യവസ്ഥകളും വിശ്വസിക്കുന്നു. അവിടെ ആരുടെയൊക്കെയോ അജണ്ടകൾക്കനുസൃതമായി ജീവിക്കേണ്ടിവന്നാലും സ്വന്തം ഐഡന്റിക്ക് അംഗീകാരം ലഭിക്കുന്നു എന്നതാണവരുടെ ആശ്വാസം.
ഈ കമ്മ്യൂണിറ്റിയിൽ നിന്നും ട്രാൻസ് സെക്ഷ്വൽ ആവാനും ലൈംഗിക തൊഴിൽ ജീവിതവൃത്തിയാക്കാനും പ്രചോദനമാവുന്നുണ്ട്. സമൂഹത്തിന്റെ അവഗണനകൊണ്ട് മാന്യമായ തൊഴിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് ന്യായീകരണം പറയുമ്പോഴും ലൈംഗിക തൊഴിലിൽ നിന്ന് പിന്മാറാൻ അവരിൽ പലരും തയ്യാറാവാത്തത് താങ്ങാനാവാത്ത സർജറിക്ക് വേണ്ടി പണം കണ്ടെത്താനാണത്രെ. ട്രാൻസ്ജൻഡേഴ്സിന്റെ അതിജീവനത്തിനു വേണ്ടി ഈയിടെ നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. പലതും വേണ്ടത്ര പങ്കാളിത്തത്തോടെയല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്.
ജൻഡർഡിസ്ഫോറിയ വഴി വല്ലാത്ത മാനസിക പിരിമുറുക്കം ബാധിക്കുന്നവരാണിവരിൽ ഭൂരിഭാഗവും. എന്നാൽ മാനസിക പ്രയാസങ്ങൾ ഒട്ടും തന്നെ ഇല്ലാതെ കേവലം വ്യക്തിപരമായ താൽപര്യം കൊണ്ട് ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും ശ്രമിക്കുന്നുവെന്നതും വസ്തുതയാണ്. അവരും ട്രാൻസുകളായാണ് അറിയപ്പെടുന്നത്. ഇതിൽ ആദ്യം പറഞ്ഞ ആളുകൾക്ക് സാമൂഹിക സംരക്ഷണം കൊടുക്കൽ അത്യാവശ്യമാണ്. അവരുടെ കർമശാസ്ത്രപരമായ ഇളവുകളെ കുറിച്ചുള്ള ചർച്ചയും ഫിഖ്ഹിലുണ്ട്. രണ്ടാമത് പറഞ്ഞ വിഭാഗം മുതലെടുപ്പിന് ശ്രമിക്കുന്ന കേവലം വേഷംകെട്ടുകാരാണ്. അവരെ കുറിച്ചുള്ള ഓർമപ്പെടുത്തലും അവരോടു നടത്തേണ്ട കടുത്ത നിലപാടും ഹദീസുകളിൽ വന്നിട്ടുണ്ട്.
ജനിക്കുമ്പോഴുള്ള ലിംഗത്തിന് വിരുദ്ധമായ ലൈംഗിക ഗുണങ്ങളോടെ ജീവിക്കുന്നവരാണ് ട്രാൻസുകൾ. ശരീരം കൊണ്ട് ആണോ പെണ്ണോ ആകുമ്പോഴും മനസ്സുകൊണ്ട് എതിർലിംഗത്തിന്റെ വ്യക്തിത്വം ഉൾകൊണ്ടു ജീവിക്കുന്നുവെന്ന് പറയാം. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന് ഏകീകൃതവും സുവ്യക്തവും വസ്തു നിഷ്ഠവുമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നിരവധി കാര്യങ്ങൾ ഇതിന് കാരണമാകുമെന്ന് അനുമാനിക്കപ്പെടുന്നു. ജനിതക വ്യതിയാനങ്ങളും സാമൂഹിക ചുറ്റുപാടും ജൻഡർ ഡിസ്ഫോറിയയും അതിലേക്ക് നയിക്കും. അനുഭാവപൂർവം ലിംഗ ന്യൂനപക്ഷങ്ങളെ സമൂഹം ഏറ്റെടുക്കുമെന്ന് കാണുന്നത് കൊണ്ട് സ്വതന്ത്ര ലൈംഗിക താൽപര്യക്കാർ ഇവരെ കൂടെ നിർത്തി ഒരു പൊളിറ്റിക്സ് രൂപപ്പെടുത്തുന്നുണ്ട്. അങ്ങനെ ലൈംഗിക ന്യൂനപക്ഷവും ലിംഗ ന്യൂനപക്ഷവും ചേർന്ന് LGBTQIA + എന്ന ഒരു കമ്മ്യൂണിറ്റിയായി മാറിയിരിക്കുന്നു.
ഇവരിൽ സ്വവർഗാനുരാഗത്തിൽ ഏർപ്പെടുന്നവരുമുണ്ട്. ഇതിൽ ചിലർ ശരീരത്തെ വളരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയക്കും വിധേയരാവാറുണ്ട്. ജനിച്ച ലിംഗത്തിന്റെ അല്ലാത്ത ലിംഗ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലിംഗ ന്യൂനപക്ഷക്കാരെ ട്രാൻസ്ജൻഡർ എന്ന് വിളിക്കാമെങ്കിലും ഇവരിലും ലൈംഗിക ചായ്വ് പ്രകടമാവുന്നത് പല തരത്തിലായിരിക്കും. ലൈംഗിക ചായ്വ് എന്തെങ്കിലുമായിരിക്കെ അവർ സ്വയം തിരിച്ചറിയാൻ താൽപര്യപ്പെടുന്ന ലിംഗ അസ്ത്വിത്വം നേരെ വിപരീത ലിംഗത്തിന്റേതാകുമ്പോഴാണ് ട്രാൻസ്ജൻഡർ ഉണ്ടാവുന്നത്. ഇവർ ശരീരത്തിന് പിന്നീട് സംഭവിച്ചേക്കാവുന്ന വലിയ പ്രതിസന്ധികളെ കുറിച്ച് ശരിയായ ഗൈഡൻസ് ലഭിക്കാതെ വന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാവും. അവർ ട്രാൻസ് സെക്ഷ്വൽസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേവലം ഉപരിപ്ലവമായ ഒരു കോലപ്പെടുത്തൽ നിലവിലെ ബാഹ്യ-ആന്തരിക അവയവങ്ങളിൽ ഉണ്ടാക്കുന്നു എന്നതിൽ കവിഞ്ഞ് ശരിയായ ഒരു ലിംഗമാറ്റം അവിടെ നടക്കുന്നില്ല. ലിംഗമാറ്റം സംഭവിച്ചുവെന്ന ഒരു വ്യാജബോധം മനസ്സിലേക്ക് കൈമാറാനുള്ള വിഫല ശ്രമം മാത്രമാണ് യഥാർത്ഥത്തിൽ നിലവിലെ ലിംഗമാറ്റ ശസ്ത്രക്രിയ.
എന്നാൽ ശിഷ്ടകാല ജീവിതത്തിൽ ശാരീരിക പ്രയാസങ്ങളുടെ ദുരിതക്കയത്തിൽ ജീവിക്കാൻ വിധിക്കപ്പെടുന്നു ഇവർ. അഥവാ ലിംഗമാറ്റ ശസ്ത്രക്രിയ ശരിയായ ഉൽബോധനം കൊടുക്കാതെ, കേവലം ചിലരുടെ പൊളിറ്റിക്കൽ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണ് എന്നാണ് മനസ്സിലാവുന്നത്.
ജൻഡർ ഡിസ്ഫോറിയ ഒരു രോഗാവസ്ഥയാണോ എന്നതിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം തന്നെയാണ് ഈ മെഡിക്കൽ കണ്ടീഷൻ ട്രീറ്റ്മെന്റ് ചെയ്യുന്നത്. അഥവാ ഇതൊരു രോഗാവസ്ഥയായി കണക്കാക്കരുതെന്ന് ശാഠ്യം പിടിക്കുന്നത് ഏതോ അജണ്ട നിർണയിക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പേരിലാണെന്ന് തോന്നുന്നു. ട്രാൻസ്ജൻഡർ പ്രശ്നങ്ങൾക്ക് സ്ഥായിയും ഫലപ്രദവുമായ പരിഹാരങ്ങൾക്ക് പകരം അവരുടെ ദൈന്യത മുതലെടുത്ത് ചൂഷണം ചെയ്യുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്.
എൽജിബിടിക്ക് അനുകൂലമായതെന്ന വ്യാജേന അതിശക്തമായ രാഷ്ട്രീയ സമ്മർദങ്ങൾ നിലനിൽക്കുന്നതിന്റെ ഭാഗമായി വ്യാജമായ പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രീയ പ്രേരിത സയിന്റിഫിക് സ്റ്റഡീസ് വളരെ പക്ഷപാതപരമായി നടന്നിട്ടുമുണ്ട് എന്ന് മനസ്സിലാവുന്നു. മറിച്ചുള്ള ശാസ്ത്ര പഠനങ്ങളെ അട്ടിമറിക്കാനോ അസ്ഥിരപ്പെടുത്താനോ പോന്ന ലോബ്ബിയിങ്ങ് ഈ രംഗത്തുണ്ടെന്ന് അനുമാനമുണ്ട്. അതിന്റെ ഭാഗമായാണ് സ്വവർഗാനുരാഗികൾക്ക് സ്വവർഗ രതിക്കുള്ള അവസരം വേണമെന്ന അവകാശവാദം ഉയർന്നത്.
പ്രകൃതിപരമായി തലമുറയെ വാർത്തെടുക്കാനുള്ള ചോദനയാണ് ലൈംഗികത. ഇതുതന്നെ വളരെ നിയന്ത്രിതമായാണ് മതം അനുവദിക്കുന്നത്. സെക്ഷ്വൽ ഇൻഗ്ലിനേഷൻ സ്ട്രൈറ്റായിട്ടു പോലും വളരെ പരിമിതമായ അവസരമാണ് മനുഷ്യന് മതം അനുവദിക്കുന്നത്. ലൈംഗിക ചോദനയെ മനുഷ്യരാശിയുടെ ഉത്തരവാദിത്തത്തോടെയുള്ള പ്രത്യുൽപാദന ഘടനയുള്ള ബന്ധങ്ങളിൽ പരിമിതപ്പെടുത്തിയതാണ് മതം. മനുഷ്യേതര ജന്തുക്കളുടെ അത്രയും അവസരം ഇക്കാര്യത്തിൽ മനുഷ്യർക്കില്ല. ഈ ലോകം ആത്യന്തികമല്ല എന്നും എല്ലാ താൽപര്യങ്ങളും ഇവിടെ സംരക്ഷിക്കപ്പെടില്ല എന്നും വിശ്വാസിയുടെ അടിസ്ഥാന ബോധ്യമാണ്. എന്നല്ല ഈ ലോകം പരീക്ഷണ ഭൂമികയാണ് എന്നത് ഇസ്ലാമിന്റെ പ്രഖ്യാപിത നയവുമാണ്. നമ്മുടെ എല്ലാ ആഗ്രഹങ്ങളും സഫലീകൃതമാകുന്ന ആത്യന്തിക ലോകമായി ഇഹലോക ജീവിതത്തെ ഒരു തികഞ്ഞ വിശ്വാസി കാണുന്നില്ല. മഹ്റിനും ചെലവിനും വകയില്ലാത്തവൻ നോമ്പെടുത്ത് ആത്മനിയന്ത്രണം വരുത്താനാണ് മതത്തിന്റെ കൽപ്പന. ജന്മസിദ്ധമായ ലൈംഗികാവയവം കൊണ്ട് ലിംഗം നിർണയിക്കപ്പെട്ടാൽ അതിന് നേർവിപരീതമായ സെക്സിനോട് കൂടെ വിവാഹജീവിതം നയിക്കാം. അതിന് പ്രയാസമെങ്കിൽ വിവാഹജീവിതം വേണ്ടന്ന് വെക്കാം. ജൻഡർസ് ഫോറിയ ബാധിച്ച രണ്ട് ഓപ്പോസിറ്റ് സെക്സുകൾ വിവാഹംവഴി കൂടിച്ചേരുന്നത് പ്രശ്ന പരിഹാരത്തിന് വാതിൽ തുറക്കുകയാണെങ്കിൽ അതാകാവുന്നതാണ്. വിവാഹജീവിതം വേണ്ടന്നു വെക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്.
എന്നാൽ സ്വവർഗാനുരാഗം അവന്റെ കരുതിക്കൂട്ടിയുള്ള ബോധത്തിന്റെ ഭാഗമല്ലാതെയാണെങ്കിൽ അവന് അതിന്റെ പേരിൽ ശിക്ഷയുണ്ടാവില്ല. അതിൽ കവിഞ്ഞ് ലൈംഗിക താൽപര്യത്തിന്റെ വൈകാരികതയോടെ സ്പർശന, ദർശന, ലൈംഗിക പ്രവർത്തിയിലേക്ക് പോവുന്നത് ശിക്ഷാർഹമാണ്. ഹെട്രോ സെക്ഷ്വാലിറ്റിക്ക് തന്നെയും അവിഹിത തലത്തിലുള്ള ലൈംഗിക ആസ്വാദനത്തിന് ശിക്ഷയുണ്ട്. കാരണം ഈ ലോകം എല്ലാ താൽപര്യങ്ങളെയും സംരക്ഷിക്കുന്നില്ല. നിയന്ത്രിതമായ, നിബന്ധനാപൂർവമായ ലൈംഗികതക്കാണ് മതത്തിന്റെ അനുമതിയുള്ളത്. ബാക്കിവരുന്ന താൽപര്യങ്ങൾ മുഴുവൻ ആത്മനിയന്ത്രണത്തിന്റെ മറ്റു മാർഗങ്ങൾ ഉപയോഗപ്പെടുത്തി ശമിപ്പിക്കേണ്ടതാണ്.
അറുപതിലേറെ ലൈംഗിക ചായ്വുകൾ മനുഷ്യൻ പ്രകടിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഓപ്പോസിറ്റ് സെക്സുകൾക്കിടയിലെ വൈവാഹിക ലൈംഗികത മാത്രമാണ് ഇസ്ലാം അനുവദിക്കുകുന്നത്. ദൈവിക വിധിക്ക് സമ്പൂർണ അനുസരണയാണ് ഇസ്ലാം.
ഫിഖ്ഹ് അനുസരിച്ച് ലൈംഗിക അവയവം (ജനനേന്ദ്രിയവും യോനിയും) ഉള്ള ആൾ ആണോ പെണ്ണോ ആകുന്നു. രണ്ടും ഗുപ്തമായാൽ (രണ്ടും ഉണ്ടാവുകയോ അല്ലെങ്കിൽ രണ്ടും ഇല്ലാതാവുകയോ ചെയ്താൽ) ഖുൻസയുമാണ്. ഇന്റർസെക്സ് എന്ന ഗണത്തിലാണിവർ വരിക. അവർ പ്രകടിപ്പിക്കുന്ന സ്വഭാവം സ്ത്രീകളുടേതാണെങ്കിൽ സ്ത്രീയായും പുരുഷന്റേതാണെങ്കിൽ പുരുഷനായും കണക്കാക്കപ്പെടും. ഈ ഐഡന്റിറ്റിയും പ്രകടമാവാതെ വരുമ്പോൾ ഖുൻസാ മുശ്കിൽ ആണ് അവർ. വളരെ അപൂർവമായേ അത്തരമൊരു അവ്യക്തത വരുകയുള്ളൂ. പ്രത്യേകിച്ചും മെഡിക്കൽ സയൻസ് വികസിച്ച ഇക്കാലത്ത് ഒരു ഇന്റർസെക്സിൽ ആൺ ഗുണമാണോ പെൺ ഗുണമാണോ മികച്ചതെന്ന് തീർപ്പാക്കാൻ കഴിയും. തീർപ്പാവുന്നത് വരെ ആണുങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പെണ്ണായും പെണ്ണുങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആണായും ഗണിക്കപ്പെടണം. അതാണല്ലോ സമ്പൂർണ സൂക്ഷ്മത.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണിന് പെണ്ണാവാനോ പെണ്ണിന് ആണാകാനോ ഇസ്ലാമികമായി സാധ്യമല്ല. അങ്ങനെ അവയവം മാറ്റിയത് കൊണ്ട് അവരുടെ പൂർവ നിയമങ്ങളിൽ മാറ്റം വരികയുമില്ല. ഇതാണ് പ്രബലമായ കർമശാസ്ത്ര വീക്ഷണം.
ഈ ലോകം വിശ്വാസിക്ക് താൽക്കാലിക താവളമാണെന്ന ബോധമുള്ളവന് ഇക്കാര്യത്തിൽ മതത്തിൽ വിമത സ്വരം ഉയർത്തില്ല. ശാരീരിക-മാനസിക പ്രയാസമുള്ളവർ നിലവിലെ അവസ്ഥയിൽ ക്ഷമ കൈകൊള്ളുകയും ഇലാഹീ സ്മരണയും തഖ്വയും അവലംബിക്കുകയുമാണ് വേണ്ടത്. ഇസ്ലാം പ്രാക്റ്റീസ് ചെയ്യാത്തവർക്ക് എന്തുമാവാം എന്ന് പറയേണ്ടതില്ലല്ലോ.
അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം