അല്ലാഹുവിന്റെ കാരുണ്യം പല തരമുണ്ട്. ചെറുതും വലുതും രഹസ്യവും പരസ്യവും സാധാരണവും അസാധാരണവും വിശിഷ്ടവും അതിവിശിഷ്ടവും… അങ്ങനെയങ്ങനെ വൈവിധ്യമാർന്നതാന് നാഥന്റെ കാരുണ്യങ്ങൾ.
ഈ വചനം ശ്രദ്ധിക്കുക: അവനാണ് രാവിനെ വസ്ത്രമായും നിദ്രയെ സമാശ്വാസ മായും പകലിനെ ബഹിർഗമന വേളയായും സംവിധാനിച്ച മഹാശക്തി. തന്റെ കാരുണ്യ വർഷത്തിനു മുന്നോടിയായി കാറ്റുകളെ നിയോഗിച്ച വൻശക്തി അവനാണ്. നാം വാനഭാഗത്തു നിന്ന് ശുദ്ധജലം വർഷിപ്പിച്ചിരിക്കുന്നു. അതു മുഖേന നാം നിർജീവമായ ഭൂപ്രദേശത്തെ സജീവമാക്കുന്നു, നാം സൃഷ്ടിച്ച കന്നുകാലികൾക്കും ഒട്ടേറെ ജനങ്ങൾക്കും നാമത് കുടിപ്പിക്കുന്നു (സൂറതുൽ ഫുർഖാൻ).
ഈ വചനങ്ങൾ സൂചിപ്പിക്കുന്ന രാവ്, നിദ്ര, പകൽ, കാറ്റ്, മഴ, ജലം മുതലായ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും അനുഭവിക്കാനുള്ളതാണ്. ധർമി, അധർമി, വിശ്വാസി, അവിശ്വാസി തുടങ്ങിയ ഒരു വകഭേദവുമില്ല.
സൂറത് ഗാഫിറിന്റെ തുടക്കത്തിൽ തന്നെ കാണാം: ഞങ്ങളുടെ സർവ നാഥാ, എല്ലാ വസ്തുക്കളിലും നിന്റെ അറിവും കാരുണ്യവും വ്യാപിച്ചിരിക്കുന്നു. എന്നാൽ അല്ലാഹുവിനെ അംഗീകരിക്കുന്ന, ആദരിക്കുന്ന ധർമനിഷ്ഠർക്ക് അവൻ സവിശേഷമായ കാരുണ്യം ചൊരിയുന്നതാണ്.
ആകയാൽ അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മുറുകെ പിടിക്കുകയും ചെയ്യുന്നവരെ അവൻ സവിശേഷ കരുണയിലും ഔദാര്യത്തിലും പ്രവേശിപ്പിക്കുന്നതാണ്. അവർക്കവൻ നേർവഴി സമ്മാനിക്കുന്നതുമാണ് (സൂറത്തുന്നിസാ 175).
അല്ലാഹുവിനെ അനുസരിക്കുന്ന ധർമോപാസകർ വിവിധ നിലവാരങ്ങളിലുള്ളവരായിരിക്കുമല്ലോ. അവരവരുടെ നിലവാരമനുസരിച്ച് കാരുണ്യപ്രദാ നവും വ്യത്യസ്ത അളവുകളിലായിരിക്കും. സാധാരണക്കാരനായ വിശ്വാസിക്ക് ലഭിക്കുന്നതിലേറെ മികച്ച കാരുണ്യം പണ്ഡിതരും ധിഷണാശാലികളുമായ സമുന്നത വ്യക്തിത്വങ്ങൾക്ക് ലഭിക്കും. വലിയ്യോ പ്രവാചകനോ ആണെങ്കിൽ അവർക്ക് അല്ലാഹു സമ്മാനിക്കുന്ന കാരുണ്യത്തിന്റെ മികവും മൂല്യവും സവിശേഷമായിരിക്കും. വിശുദ്ധ ഖുർആൻ ആണയിട്ടു പറയുന്നു: അവർ യഥാർഥ വിശ്വാസികളാണ്, അവർക്ക് വ്യത്യസ്ത പദവികളും പാപമുക്തിയും ആദരണീയ വിഭവവുമുണ്ട് (സൂറതുൽ അൻഫാൽ 4).
സൂറതുന്നിസാഇന്റെ നാലാം വാക്യം ഇങ്ങനെ: അവൻ വിവിധ പദവികളും പാപവിമുക്തിയും മഹാകാരുണ്യവും നൽകുന്നു, അല്ലാഹു അത്യധികം പൊറുക്കുന്നവനും ഏറെ കരുണ ചൊരിയുന്നവനുമാണ്. വിശുദ്ധരായ പ്രവാചകന്മാർ അല്ലാഹുവിന്റെ മഹാകാരുണ്യ വാഹകരാണ്. അവൻ അവരെ സവിശേഷ കരുണയാൽ മഹത്ത്വപ്പെടുത്തുന്നു.
അൽഇസ്‌റാഅ് 55ാം വാക്യം വളരെ കൃത്യമായും വ്യക്തമായും ഇക്കാര്യം പറയുന്നു: പ്രവാചകന്മാരിൽ ചിലരെ മറ്റു ചിലരേക്കാൾ നാം ശ്രേഷ്ഠപ്പെടുത്തിയിട്ടുണ്ട്. സൂറത്തുൽ ബഖറ 253ൽ ഉദ്‌ബോധിപ്പിച്ചു: ആ സത്യദൂതന്മാരിൽ ചിലരെ നാം മറ്റു ചിലരേക്കാൾ മഹതത്ത്വപ്പെടുത്തിയിട്ടുണ്ട്. അവരിൽ അല്ലാഹുവോട് സംസാരിച്ചവരുണ്ട്. ഇനിയും അവരിൽ ചിലരെ അവൻ മഹാ പദവികളേക്ക് ഉയർത്തിയിരിക്കുന്നു.
അല്ലാഹുവിനെക്കാൾ കരുണ ചൊരിയുന്ന ഒരു വ്യക്തിയോ ശക്തിയോ ഇല്ല. അല്ലാഹുവിന്റെ കാരുണ്യം മുഹമ്മദ് നബിയെക്കാൾ കൈപ്പറ്റിയ മറ്റൊരു ശക്തിയോ വ്യക്തിയോ അതുമില്ല. നമ്മുടെ നബി തന്നെ ഒന്നാമൻ. അല്ലാഹു സത്യവിശ്വാസികളോട് റഹീമാണ് (സൂറതുൽ അഹ്‌സാബ് 43).
അതേ, കരുണ ചൊരിയുന്നവൻ!
തിരുനബിയും സത്യവിശ്വാസികളോട് റഹീമാണ്. ആശങ്ക വേണ്ട; വിശുദ്ധ തൗഹീദ് അത്ര പെട്ടെന്ന് പൊട്ടിത്തകരില്ല.
അല്ലാഹു അവന്റെ വചനത്തിലൂടെ തുറന്ന് പറയുന്നു: സത്യവിശ്വാസികളോട് അവിടന്ന് കൃപാലുവാണ്, റഹീമുമാണ് (സൂറതുത്തൗബ 128).
അല്ലാഹുവിന്റെ അധ്യാപനത്തെക്കാൾ വലിയ തൗഹീദ് വിശുദ്ധി വ്യാജമാണ്, കപടമാണ്, ആത്മീയ ദുരന്തമാണ്. നമ്മുടെ നബിയെ കുറിച്ച് ഖുർആൻ തന്നെ റഹീം എന്ന് പരിചയപ്പെടുത്തിയതുകൊണ്ട് ചില ഖുർആൻ വ്യാഖ്യാതാക്കൾ ബിസ്മിയിലെ അർറഹീം എന്നതിന്റെ വിവക്ഷ നബി(സ്വ)യാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് (തഫ്‌സീറുൽ ഖുർതുബി, സൂറതുൽ ഫാതിഹ).
സൂറതുൽ ഇസ്‌റാഈലിന്റെ എൺപത്തി ഏഴാം വാക്യം പ്രത്യേകം ഉൾക്കൊള്ളുക: തീർച്ച തന്നെ അവന്റെ ഔദാര്യം താങ്കളിൽ അത്യധികം വലുതായിരിക്കുന്നു.
വീണ്ടും വീണ്ടും മനനം ചെയ്ത് മനസ്സ് നിറക്കാൻ മാത്രം ഈ വചനത്തിൽ ആശയാദർശങ്ങളുണ്ട്. ഒന്നുകൂടി കാണണം: അല്ലാഹുവിന്റെ ഔദാര്യം താങ്കളിൽ അതിഗംഭീരമായിരിക്കുന്നു (സൂറതുന്നിസാഅ് 113).

സുലൈമാൻ മദനി ചുണ്ടേൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ