സി.എം വലിയുല്ലാഹിയെ പോലുള്ള ഔലിയാഇന്റെയും സ്വൂഫിയാക്കളുടെയും തണലില്‍ വളര്‍ന്ന, പ്രവാചക പരമ്പരയില്‍ പിറന്ന വൈലത്തൂര്‍ തങ്ങള്‍ ഓര്‍മയായി. സി. എം പകര്‍ന്ന അധ്യാത്മിക ചിന്തകളും സ്വഭാവഗുണങ്ങളും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച സയ്യിദ് യൂസുഫുല്‍ ജീലാനി(ന.മ.) അല്ലാഹുവിന്റെ അടിമകളെ വാഴ്ത്തിപ്പാടിയ നവവി(റ) ഇമാമിന്റെ അര്‍ത്ഥ ഗര്‍ഭ വാക്കുകളുടെ ജീവിക്കുന്ന മാതൃകയായിരുന്നു: ‘നൈമിഷിക സുഖങ്ങളുടെ മേലങ്കിയണിഞ്ഞ ദുന്‍യാവിനെ വെറുത്ത മഹാന്‍ നാളെയുടെ പറുദീസയില്‍ സൗഖ്യങ്ങളുടെ അംബരചുംബികള്‍ക്കായി സത്കര്‍മങ്ങളുടെ നൗക പണിതു. പിന്നെ, ദിശ തേടിയുള്ള യാത്രക്കിടയില്‍, പ്രതിഷേധങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടെയും തിരമാലകള്‍ ആര്‍ത്തലച്ചു വന്നപ്പോഴും  പണിതുയര്‍ത്തിയ സത്കര്‍മങ്ങളുടെ നൗക ഉലയാതെയും പിളരാതെയും തകര്‍ന്നടിയാതെയും നോക്കി. എല്ലാം മറികടന്ന് മൗനത്തിന്റെ മന്ദമാരുതനൊത്ത് ഒഴുകാന്‍ പ്രയത്നിച്ചുകൊണ്ടിരുന്നു.’

അനുഭവജ്ഞാനങ്ങളും ഇതര ജ്ഞാനങ്ങളും ഇഴുകിച്ചേര്‍ന്ന തങ്ങള്‍ ദീനിന്റെ കര്‍മമണ്ഡലങ്ങളില്‍ ജീവസ്സുറ്റ സാന്നിധ്യമായപ്പോള്‍ അനുയായികള്‍ക്കും തങ്ങള്‍ ഒരാവേശമായി മാറി. എ. പി ഉസ്താദ് സ്റ്റേജിലേക്ക് കടന്നു വരുമ്പോള്‍ തങ്ങളുടെ ഉച്ചത്തിലുള്ള തക്ബീര്‍ വിളിയാളം മറക്കാനാവാത്തതാണ്.

ദുന്‍യാവിന്റെ പളപളപ്പില്‍ വഴുതി വീഴുന്നവരായിരുന്നില്ല തങ്ങള്‍. മര്‍ക്കസിന്റെ പരിപാടികളിലേക്ക് അകലെയുള്ള തന്റെ വീട്ടില്‍ നിന്ന് ടാക്‌സി വാഹനത്തില്‍ വന്നാലും വണ്ടിക്കൂലി പോലും തങ്ങള്‍ വാങ്ങില്ല. നിര്‍ബന്ധിച്ചു കൊടുക്കാന്‍ ശ്രമിച്ചാല്‍ പറയും: എനിക്കാവശ്യമില്ല. ദീനി സംരംഭങ്ങള്‍ക്കെത്താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്റെ കൈയില്‍ തന്നെ പണമുണ്ട്.

തങ്ങളുടെ ലാളിത്യത്തിന്റെ ചെറിയ ഉദാഹരണമാണ് അനുസ്മരണ പ്രഭാഷണത്തില്‍  ഖലീല്‍ തങ്ങള്‍ പങ്കുവെച്ചത്. ഫോണ്‍ വിളിച്ചാല്‍ മാത്രം മതി, മഅ്ദിനില്‍ നടക്കുന്ന ഏത് പരിപാടിക്കും തങ്ങള്‍ എത്തും. അവസാന ഘട്ടം വരെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും.

സ്വര്‍ഗവാസത്തിന് മനുഷ്യ മനസ്സിന്റെ അനിഷ്ടങ്ങളാല്‍ കെട്ടിപ്പടുത്ത കനത്ത ഭിത്തികള്‍ ഭേദിക്കേണ്ടതുണ്ട്. ആത്മീയ സാധനയുടെ തീച്ചൂളയില്‍ മനസ്സിനെ മെരുക്കിയെടുത്താലേ അതിനു സാധിക്കൂ. മനോമുകുരത്തില്‍ അത്തരമൊരു ജീവിതം കിനാവു കണ്ട തങ്ങള്‍ ദേഹേച്ഛകളോടുള്ള ജിഹാദിനു ആത്മീയ ഗുരുക്കന്മാരുടെ സാരോപദേശങ്ങള്‍ തേടിയിരുന്നു. അവരില്‍ പ്രമുഖരാണ് സി.എം വലിയുല്ലാഹി മടവൂര്‍, വേങ്ങര കോയപ്പാപ്പ, വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍, ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, തണ്ണീര്‍ക്കോട് ചീയാമു മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍. തങ്ങളുടെ പ്രധാന ഉസ്താദുമാര്‍ ഇവരാണ്: തവനൂര്‍ മമ്മാലിക്കുട്ടി മുസ്‌ലിയാര്‍, പൂക്കയില്‍ കുഞ്ഞയമു മുസ്‌ലിയാര്‍, പട്ടര്‍കുളം കുഞ്ഞാലി മുസ്‌ലിയാര്‍, അയനിക്കര ഹാജി മുഹമ്മദ് മുസ്‌ലിയാര്‍.

രണ്ടു പതിറ്റാണ്ടോളം സി.എം വലിയുല്ലാഹിയെ പിന്തുടര്‍ന്നു അവിടുത്തെ അനുഗ്രഹാശിസുകള്‍ കരസ്ഥമാക്കിയ തങ്ങളുപ്പാപ്പ പ്രധാന ദിവസങ്ങളിലും യാത്രാവേളകളിലും മടവൂരില്‍ സിയാറത്ത് ചെയ്യുമായിരുന്നു. വിവിധ ത്വരീഖത്തുകളുടെ ഇജാസത്ത് കരസ്ഥമാക്കിയ സയ്യിദവര്‍കളോട് സി.എം പറയും: ‘നിങ്ങള്‍ക്ക് എല്ലാം നല്‍കാം. നിങ്ങള്‍ക്ക് നിബന്ധനയില്ല. സ്വീകരിക്കുന്നവര്‍ക്ക് നിബന്ധനയുണ്ട്.’ വലിയുല്ലാഹിയുടെ കറാമത്തുകള്‍ പരിചയപ്പെടുത്തിയുള്ള തങ്ങളുടെ പ്രഭാഷണങ്ങള്‍ ഇന്നും പലരുടെയും സ്മരണകളില്‍ തെളിഞ്ഞു കിടപ്പുണ്ടാകും. സി.എമ്മിന്റെ നിര്‍ദേശപ്രകാരം തങ്ങള്‍ 1974 ലാണ് കൊടുവള്ളിയില്‍ ചികിത്സ തുടങ്ങിയത്. സി.എം വലിയുല്ലാഹിയുടെ അതേ ശൈലിയില്‍.

കോഴിക്കോട് കരുവമ്പൊയിലില്‍ ഒത്തൊരുമിച്ച വിശ്വാസി ഹൃദയങ്ങള്‍ക്ക് സാരോപദേശങ്ങളാലും പ്രാര്‍ത്ഥനകളാലും ആത്മീയ പോഷണം നല്‍കി ഏതാനും മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു തങ്ങളുടെ ആകസ്മിക വിയോഗം.

1946-ലായിരുന്നു തങ്ങളുടെ ജനനം. പിതാവ് താനൂര്‍ ജുമുഅ മസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന കോയഞ്ഞിക്കോയ തങ്ങളാണ്. മാതാവ് തിരൂര്‍ പുത്തന്‍തെരു ആഇശാ ബീവിയും. ചാവക്കാട് ബുഖാറയിലെ മുത്തുക്കോയ തങ്ങളുടെ മകള്‍ സ്വഫിയ്യാ ബീവിയാണ് ഭാര്യ. തങ്ങള്‍ ജനമനസ്സുകളില്‍ ഇടംപിടിച്ചതിന് തെളിവാണ് ജനാസയില്‍ സംബന്ധിച്ച വന്‍ജനാവലി. മയ്യിത്തു നിസ്‌കാരം പതിനൊന്നു തവണയായി നടത്തേണ്ടി വന്നു. അവിടുത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നല്ലോ എ.പി ഉസ്താദ് ഉള്ളപ്പോള്‍ മരിക്കണമെന്നത്. അങ്ങനെ മരിച്ചാല്‍ തനിക്ക് ഉസ്താദിന്റെ പ്രാര്‍ത്ഥന ലഭിക്കുമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ആ ആഗ്രഹവും സഫലമാക്കിയിട്ടാണ് നാഥന്റെ സന്നിധാനത്തിലേക്ക് അദ്ദേഹം യാത്രയായത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള പ്രാര്‍ത്ഥനാ വചസ്സുകള്‍ ഏറ്റുവാങ്ങിയ പണ്ഡിത പ്രതിഭക്ക് വൈലത്തൂര്‍ നഴ്‌സറിപ്പടിയിലെ വീട്ടുവളപ്പിലാണ് ഇനി നിത്യനിദ്ര.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ