സമഗ്രവും സർവകാലികവുമായ ഇസ്‌ലാം എന്ന ജീവിതപദ്ധതി നമുക്ക് മുന്നിലുണ്ടായിരിക്കെ മറ്റു മാർഗങ്ങൾ തേടിപ്പോകുന്നത് മതത്തെ കുറിച്ചുള്ള അജ്ഞതകൊണ്ടോ ഇസ്‌ലാമിക കാഴ്ചപ്പാടുകൾ തനിക്ക് അനുയോജ്യമല്ല എന്ന ചിന്തകൊണ്ടോ ആണ്. പ്രമുഖ മുജാഹിദ് നേതാവ് എംഎം അക്ബർ ഇസ്‌ലാമിനെക്കുറിച്ചുള്ള ഇത്തരം ആത്മവിശ്വാസക്കുറവ് കൊണ്ടാണ് പുത്രന്റെ നികാഹിന് മതം പഠിപ്പിച്ച രീതികൾ മാറ്റിവെച്ച് ഓൺലൈൻ തിരഞ്ഞെടുത്തത്. വരൻ കാനഡയിലും പ്രതിശ്രുത വധുവും വലിയ്യും കുടുംബവും ബാംഗ്ലൂരിലും. ഇങ്ങനെയുള്ള അവസ്ഥയിൽ വിവാഹം നടത്താൻ ഇസ്‌ലാമിൽ കൃത്യവും വ്യക്തവുമായ മാർഗനിർദേ ശങ്ങളുണ്ടായിരിക്കെ അതൊന്നും ഗൗനിക്കാതെ ‘മിട്ടു പ്പൂച്ചേ, തങ്കുപ്പൂച്ചേ…’ എന്ന ഓൺലൈൻ ക്ലാസ് പോലെയാണ് വിവാഹമെന്ന് തെറ്റിദ്ധരിച്ച മൗലവിമാർ സൂം മീറ്റിംഗ് ആപ്പിലൂടെ വിവാഹം നടത്തി ആകെ ആപ്പിലായിരിക്കുകയാണ്. ഇത് മതത്തോടുള്ള വെല്ലുവിളിയും ഖാദിയാനിസത്തിലേക്കുള്ള മുന്നൊരുക്കവുമാണ്. ആദ്യം ഓൺലൈൻ വഴി നികാഹ്, പിന്നെ ആഗോള ഖുത്വുബ, ശേഷം മൊത്തമായിട്ടൊരു ഇമാം, ഒറ്റൊരു വാങ്ക്. സംഗതി കുശാൽ!
ഖാദിയാനികൾ ജുമുഅക്ക് ആഗോളതലത്തിൽ ഒറ്റ ഖുത്വുബ എന്ന ആശയത്തിലേക്കെത്തിയത് ഒറ്റയടിക്കല്ല; നിരവധി പരിണാമങ്ങളിലൂടെയാണ്. അവർ എഴുതി: ‘പ്രസ്ഥാന സ്ഥാപകരുടെ കാലത്ത് ഒരു സ്വനഗ്രാഹി യന്ത്രത്തിലൂടെ (Grama phone) ലോകത്ത് ആദ്യമായി ഈ രംഗത്ത് പ്രത്യക്ഷപ്പെട്ടതാണ് ആധുനിക ശാസ്ത്രത്തിന്റെ ഈ സംഭാവന. അന്ന് വാഗ്ദത്ത മസീഹ് രചിച്ച ഒരു കവിത, അതിൽ ശബ്ദലേഖനം ചെയ്തു…. തുടർന്ന് ഖലീഫ രണ്ടാമന്റെ കാലത്ത് റേഡിയോ മുഖേന പ്രഭാഷണം നടത്താനുള്ള അവസരം കൈവന്നു. 1936ൽ ഖലീഫതുൽ മസീഹ് രണ്ടാമൻ തിരുമനസ്സ് കൊണ്ട് ബോംബെ റേഡിയോ നിലയത്തിൽ നിന്ന് ഞാൻ എന്തുകൊണ്ട് ഇസ്‌ലാം മതത്തിൽ വിശ്വസിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രഭാഷണം നടത്തിയതോടെ പുതിയൊരു സംജ്ഞാപന ശ്രേണി പ്രസ്ഥാന പുരോഗതിക്കായി സജ്ജമായി. കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്ത് മൂന്നാം ഖലീഫയുടെ കാലത്താണ് ആദ്യമായി റേഡിയോ നിലയം സ്ഥാപിക്കാനുള്ള സമാലോചന ഉയർന്ന് വന്നത്. നാലാം ഖലീഫ ഹസ്‌റത്ത് മിർസാ താഹിർ അഹ്‌മദ് അവർകളുടെ കാലത്ത് ഉപഗ്രഹ സംപ്രേഷണം അഹമ്മദിയ്യാ ജമാഅത്തിന്റെ പ്രചരണ രംഗത്ത് അത്യുജ്ജ്വലമായ ഒരു സഹായോപാധിയായി ഉപയോഗപ്പെടുത്താൻ സാധിച്ചു… 1993 ഡിസംബർ 31ാം തിയ്യതി മൊറീഷ്യസിൽ വെച്ച് ലോകത്തെങ്ങുമുള്ള അഹ്‌മദികൾക്ക് പുതുവർഷ മംഗളങ്ങൾ നേർന്ന് കൊണ്ട് താൻ ഒരു പുതുവർഷ സമ്മാനം നൽകുന്നതായി അറിയിക്കയുണ്ടായി… 1994 ജനുവരി 7ാം തിയതി വെള്ളിയാഴ്ച ജുമാ ഖുത്തുബയോടെ 7 ദിവസവും 12 മണിക്കൂർ വീതം പരിപാടികൾ സംപ്രേഷണം ചെയ്യുന്നതാണെന്നായിരുന്നു പ്രഖ്യാപനം’ (സത്യദൂതൻ വജ്രജൂബിലി പതിപ്പ് പേ. 92). ഇങ്ങനെ 1936ൽ തുടങ്ങി 58 വർഷങ്ങൾ കൊണ്ടാണ് ആഗോള ഖുത്വുബ എന്ന പരിണാമ ചക്രം അവർ പൂർത്തീകരിക്കുന്നത്. ഇതുപോലെ ഭാവിയിൽ ഓൺലൈൻ ഖുത്വുബ എന്ന അവസ്ഥയിലേക്ക് വഹാബികളും എത്തുമെന്നു തന്നെ കരുതാം. ഓൺലൈൻ നികാഹ് നടത്തിയവർക്ക് ഓൺലൈൻ ഖുതുബയും ജുമുഅയും നടത്താൻ തടസ്സമൊന്നുമില്ലല്ലോ.

നോമ്പ്, നിസ്‌കാരം തുടങ്ങിയ ആരാധനയിൽ വരുന്ന അബദ്ധം പോലെയല്ല ശരിയല്ലാത്ത നികാഹിലൂടെ സ്ഥാപിതമാകുന്ന വിവാഹ ബന്ധം. ഒരു തലമുറ മുഴുവനും ജാര സന്തതികളായി തുടരാൻ കാരണമാകുന്ന ഗൗരവമുള്ള വിഷയമാണത്. ആദർശപരമായ പിഴവിന് പുറമെ ജന്മംകൊണ്ടു തന്നെ പിഴയായൊരു സമൂഹ സൃഷ്ടി മതപരമായി നോക്കുമ്പോൾ മഹാദുരന്തം തന്നെയാണ്. സമൂഹത്തിലെ പ്രമാണിമാർക്ക് നിയമങ്ങളിൽ ഇളവു നൽകുന്ന ജൂത രീതിയാണ് നേതാവിന്റെ മകന് കെഎൻഎം അനുവദിക്കുന്നതെങ്കിൽ ഹാ കഷ്ടം എന്നു പറയാനേ നിർവാഹമുള്ളൂ! കാനഡയിലുള്ള മറ്റൊരാൾക്ക് വലിയ്യിന്റെ വക്കാലത്ത് കൊടുത്തോ, കാനഡയിലുള്ള പ്രതിശ്രുത വരന്റെ വക്കാലത്ത് നാട്ടിലുള്ളയാൾക്ക് നൽകിയോ നികാഹ് മതപരമാക്കാനുള്ള സാഹചര്യം ഒരുക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ.

ഇസ്‌ലാം എന്ത് പറയുന്നു?

‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും അതിൽ നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുവീൻ. ഏതൊരു അല്ലാഹു വിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ച് കൊണ്ടിരിക്കുന്നുവോ, അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു’ (നിസാഅ് 1).
‘നിങ്ങൾ സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചതും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ, തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് പാഠങ്ങളുണ്ട്’ (സൂറതു റൂം: 21).
അക്ബറിന്റെ മകന്റെ പ്രാമാണികമല്ലാത്ത വിവാഹ കാര്യത്തിൽ മൗലവി ഗ്രൂപ്പിന്റെ അഴകൊഴമ്പൻ നിലപാടുകളെയാണ് സമുദായം അപകടത്തോടെ കാണുന്നത്. ഈ നികാഹിന് ശേഷം വേറെയും ഓൺലൈൻ നികാഹുകൾ നടന്നതു വാർത്തയാവുകയുണ്ടായി. ഇത്തരം ആവർത്തനങ്ങൾ സമൂഹത്തിൽ വ്യാപകമായാലുണ്ടാകുന്ന അനർത്ഥങ്ങൾ കാണാതിരുന്നു കൂടാ. അക്ബറിനെ സംബന്ധിച്ചിടത്തോളം അറബി ഭാഷാ പരിജ്ഞാനമോ വിഷയങ്ങൾ മൂല സ്രോതസിൽ നിന്നു ഗ്രഹിക്കാനുള്ള വ്യുൽപത്തിയോ ഇല്ലാത്തതുകൊണ്ടും തിരുത്താൻ കെഎൻഎമ്മിന് ബാധ്യതയുണ്ടായിരുന്നു.
ചിന്തിക്കുന്നവർക്ക് അല്ലാഹുവിനെ മനസ്സിലാക്കാനുള്ള ഒരു ദൃഷ്ടാന്തമായിട്ടാണ് ഖുർആൻ വിവാഹത്തെ പരിചയപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കുടുംബ ബന്ധത്തിൽ സൂക്ഷ്മത പുലർത്തണമെന്നും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നും വിശുദ്ധ വേദം ഓർമപ്പെടുത്തി. ദൗർഭാഗ്യമെന്ന് പറയാം, വിവാഹത്തിൽ സൂക്ഷ്മത പാലിക്കാതെ സൂമി (Zoom)ലൂടെ നികാഹ് നടത്തുന്നവർക്ക് മതനിയമങ്ങളോടെന്തു താൽപര്യം?

മതകീയ നികാഹ് ഇങ്ങനെ

കർമശാസ്ത്രം പറയുന്നത് കേൾക്കാം: രണ്ട് സാക്ഷികളുടെ സന്നിധിയിൽ രക്ഷിതാവ് തന്റെ ഉത്തരവാദിത്വത്തിലുള്ള ഒരു സ്ത്രീയെ നിശ്ചിത പദങ്ങൾ കൊണ്ട് (ഈജാബ്, ഖബൂൽ) അർഹതപ്പെട്ട ഒരു പുരുഷന് ഏൽപിച്ച് കൊടുക്കുന്ന ഇടപാടാണ് നികാഹ്.
വരൻ, വധു, രക്ഷിതാവ്, രണ്ട് സാക്ഷികൾ, വിവാഹ ഇടപാടിനെ കുറിക്കുന്ന വാചകങ്ങൾ എന്നീ ഘടകങ്ങൾ അവയ്ക്കുള്ള നിബന്ധനയോടെ ഒത്തുചേർന്നാൽ മാത്രമേ നികാഹ് സാധുവാകുകയുള്ളൂ. വരനോ വലിയ്യോ ഒരേ നാട്ടിലല്ലെങ്കിൽ നികാഹിന് വേണ്ടി വലിയ്യിനോ വരനോ മറ്റൊരാളെ ഏൽപിച്ച് വിവാഹം നടത്താവുന്നതാണ്. എത്ര സുന്ദരമാണ് ഇസ്‌ലാമിന്റെ നിയമങ്ങൾ!
നികാഹിന്റെ സാധൂകരണത്തിന് മഹ്‌റിന്റെ ആവശ്യമില്ലെങ്കിലും വിവാഹത്തിൽ വരൻ വധുവിന് നിർബന്ധമായും നൽകേണ്ട പാരിതോഷികമാണ് മഹ്‌റ്. നികാഹ് മുഖേനയോ സംയോഗം മുഖേനയോ ഇത് നിർബന്ധമാകും. വിവാദ ഓൺലൈൻ നികാഹിൽ ഭർത്താവിന്റെയും ഭാര്യയുടെയും സാക്ഷികളുടെയും നിബന്ധനകൾ ഇവിടെ വിശദീകരിക്കുന്നില്ല. എന്നാൽ വിവാഹ വാചകങ്ങൾ അംഗീകൃതമാകാനുള്ള നിബന്ധനകളിൽ പെട്ടതാണ് വലിയ്യിന്റെയും(ഭാര്യാ രക്ഷിതാവ്) ഭർത്താവിന്റെയും വിവാഹ വാചകങ്ങൾക്കിടയിൽ ദീർഘിച്ച മൗനമോ അന്യസംസാരമോ (അത് എത്ര കുറഞ്ഞതാണെങ്കിലും) ഉണ്ടാവാതിരിക്കണമെന്നത്(ഈ നികാഹിൽ അന്യസംസാരം ഉണ്ടായിട്ടുണ്ട്. ശേഷം വിശദീകരിക്കാം). എല്ലാവരും ഒരേ സദസ്സിലായിരിക്കണമെന്ന നിബന്ധനയും പാലിക്കേണ്ടതുണ്ട്. പണ്ട് വഹാബികൾക്കും ഇതെല്ലാം ബാധകമായിരുന്നു. അവരുടെ പഴയ അഭിപ്രായങ്ങൾ പരിശോധിക്കാം.

‘വിവാഹബന്ധം ഈജാബും ഖബൂലും കൊണ്ട് പൂർണ്ണമാകും. പെണ്ണിന്റെ വലിയ്യോ വകീലോ നിനക്ക് ഞാൻ നികാഹ് ചെയ്ത് തന്നു, അല്ലെങ്കിൽ നിനക്ക് ഞാൻ ഇണയാക്കിത്തന്നു എന്നോ അതുപോലെയുള്ളതോ ആയ വാക്ക് പറയലാണ് ഈജാബ്. ഖബൂൽ എന്നാൽ, വരനോ വക്കീലോ ഈ വിവാഹം ഞാൻ സ്വീകരിച്ചു, അല്ലെങ്കിൽ തൃപ്തിപ്പെട്ടു എന്നോ അതേ അർത്ഥത്തിലുള്ളതോ ആയ വാക്ക് പറയലാണ്. നീതിമാൻമാരായ രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിലായിരിക്കണം അത്’ (അൽഇസ്വ്‌ലാഹ് മാസിക 2016 ജനുവരി).
കെഎൻഎം പ്രസിദ്ധീകരിച്ച ഇകെഎം പന്നൂരിന്റെ ‘ജവാബ് സംശയ നിവാരണ’മെന്ന ഫത് വാ സമാഹാരത്തിൽ ഒരു രജിസ്റ്റർ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ മറുപടിയിൽ പറയുന്നു: ‘ഇസ്‌ലാമിലെ നികാഹ് എന്നാൽ പിതാവോ, പിതാവിന്റെ അഭാവത്തിൽ അയാളുടെ സഹോദരൻമാരിലാരെങ്കിലുമോ, മകനോ, കുട്ടിയുടെ വലിയുപ്പയോ സാക്ഷികളുടെ സാന്നിധ്യത്തിൽ വരന് ഏൽപിച്ചു കൊടുക്കലാണ്’ (പേജ് 40).
യുഎഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദുബൈ പുറത്തിറക്കിയ അൽവജീസ് കർമശാസ്ത്ര സംഗ്രഹം എന്ന ഗ്രന്ഥത്തിൽ സാക്ഷികളുടെ സാന്നിധ്യം എന്ന ഉപശീർഷകത്തിൽ എഴുതി: ‘ആയിശ(റ) നിവേദനം, നബി(സ്വ) പറയുകയുണ്ടായി: രക്ഷകർത്താവിന്റെ അനുമതിയും മാന്യന്മാരായ സാക്ഷികളുമില്ലാതെ വിവാഹം സാധുവല്ല. ബൈഹഖി, ഇബ്‌നുഹിബ്ബാൻ (പേ. 407).
മുകളിൽ ഉദ്ധരിച്ച വഹാബി ഗ്രന്ഥങ്ങളിലെ വിവാഹ നിബന്ധനകളിൽ സാക്ഷികളുടെ സാന്നിധ്യം വേണമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. വിവാദ വിവാഹത്തിൽ സാക്ഷികളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ? പ്രതിശ്രുത വധുവിന്റെ രക്ഷിതാവും അല്ലെങ്കിൽ വക്കീലും, വരനും അല്ലെങ്കിൽ വക്കീലും, സാക്ഷികളുമെല്ലാം ഒരേ സദസ്സിലാകുമ്പോഴല്ലേ സാന്നിധ്യം എന്നതുണ്ടാവുകയുള്ളൂ.
ഇത് ഒന്നുകൂടെ വ്യക്തമാകാൻ കച്ചവടവുമായി ബന്ധപ്പെട്ട ചർച്ചയിൽ കർമശാസ്ത്ര പണ്ഡിതർ പറഞ്ഞ ഒരേ സദസ്സിലായിരിക്കണമെന്ന ഈ നിബന്ധന മുജാഹിദുകൾ തന്നെ വ്യക്തമാക്കിയത് ഉദ്ധരിക്കാം: ഒരാൾ തന്റെ അധീനതയിലുള്ള വസ്തു മറ്റൊരാൾക്ക് വിൽക്കാൻ സന്നദ്ധനാവുകയും മറ്റേ ആൾ അത് സ്വീകരിക്കുകയും ചെയ്യുന്നതാണ് ഈജാബ്, ഖബൂല് എന്നീ പദങ്ങൾ കൊണ്ടുള്ള വിവക്ഷ. ഇതിന് ഒരു സദസ്സിൽ ഒരുമിച്ച് കൂടുക അനിവാര്യമാണ്. രണ്ടിലൊരു കക്ഷിയിൽ നിന്നും ഇടപാട് റദ്ദാക്കുന്നതിനെ ധ്വനിപ്പിക്കുന്ന വാചകമുണ്ടാവുകയോ അല്ലെങ്കിൽ കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് അതിൽ നിന്ന് പിന്തിരിയുകയോ ചെയ്താൽ ആ ഇടപാട് അസാധുവായിത്തീരുന്നതാണ് (അത്തൗഹീദ് 2000 ഒക്ടോബർ). ഇവിടെ വിൽക്കുന്നവനും വാങ്ങുന്നവനും ഒരേ സദസ്സിൽ ഒരുമിച്ച് കൂടണം, സാക്ഷി വേണ്ട വിഷയത്തിൽ സാക്ഷിയും ആ സദസ്സിലുണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണല്ലോ. അല്ലെങ്കിലും സാക്ഷി(ശാഹിദ്) എന്ന പദത്തിന് ഹാജറുള്ള വ്യക്തി എന്നാണല്ലോ വിവക്ഷ.
ഓൺലൈൻ വിവാഹത്തിൽ സാക്ഷികളുണ്ടെന്ന് വഹാബികൾ ന്യായീകരിക്കാൻ സാധ്യതയുണ്ട്. അതായത് കാനഡയിൽ രണ്ടുപേരും നാട്ടിൽ രണ്ടുപേരും ഉണ്ടല്ലോ. അത് മതിയാവില്ലേ? ഒരിക്കലുമില്ല. കാരണം ഈജാബും ഖബൂലും ഒരേ സാക്ഷികൾ, ഒരേ സദസ്സിൽ വെച്ചു കേൾക്കണം. അല്ലെങ്കിൽ രണ്ട് ഭാഗത്തുള്ളവരും പകുതി മാത്രം കേട്ടതായല്ലേ പരിഗണിക്കുക!? പകുതി മാത്രം കേട്ടയാൾക്ക് ഈ സംഭവത്തിന്റെ മൊത്തം സാക്ഷി എന്ന് പറയാൻ പറ്റില്ലല്ലോ?
വിവാഹ വാചകത്തിന്റെ പ്രധാന നിബന്ധനയാണ് വാചകങ്ങൾക്കിടയിൽ ദീർഘിച്ച മൗനമോ അന്യസംസാരമോ ഉണ്ടാവാതിരിക്കുക എന്നത്. അങ്ങനെ സംഭവിച്ചാൽ രണ്ട് വാചകങ്ങളും (ഈജാബും ഖബൂലും) ആ വർത്തിക്കേണ്ടതാണെന്നാണ് പണ്ഡിതമതം. ഇതും വഹാബികൾ സമ്മതിച്ചതാണ്: ഒരേ സദസ്സിലില്ലാത്ത ആളുകൾ തമ്മിലുള്ള കച്ചവടം (രണ്ട് സദസ്സിൽ വെച്ചുള്ള വിവാഹവും കച്ചവടവും ഒരേപോലെയാണെന്ന് മനസ്സിലാക്കുന്നത് അബദ്ധമാണ്. കച്ചവടം പല രൂപത്തിലുണ്ട്. കച്ചവടത്തെ അപേക്ഷിച്ച് നിസ്സാരമല്ല വിവാഹം) ചർച്ച ചെയ്യുന്നയിടത്ത് ‘ഇങ്ങനെ രണ്ടുപേർ രണ്ട് ദിക്കിൽ നിന്ന് ബന്ധപ്പെടുന്ന സമയത്തെ ഇടപാട് സദസ്സായി പരിഗണിക്കാവുന്നതാണ്. എന്നാൽ അവരുടെ സംഭാഷണം മറ്റു വിഷയങ്ങളിലേക്ക് കടക്കുകയാണെങ്കിൽ സദസ്സ് പിരിഞ്ഞതായി പരിഗണിക്കപ്പെടും… ഒരു കക്ഷി ഒരു വസ്തു ഇന്റർനെറ്റിലൂടെ കച്ചവടാഭ്യർഥന നടത്തുകയും മറുകക്ഷി അതേ അവസരത്തിൽ തന്നെ അത് സ്വീകരിക്കുകയും ചെയ്താൽ ഇടപാട് സാധുവായി. ഇതിനിടയിൽ, അവർക്കിടയിൽ ബന്ധം വിഛേദിക്കപ്പെട്ടാൽ ഇടപാട് അസാധുവാകുന്നതാണ്. അവർക്കിടയിൽ സംഭാഷണം എത്രയും ദീർഘിക്കാം. വിഷയം മാറാതിരുന്നാൽ മതി. വിഷയം മാറിയാൽ ഈജാബും ഖബൂലൂം ആവർത്തിക്കേണ്ടിവരും’ (അത്തൗഹീദ് 2000 ഒക്ടോബർ).
അക്ബറിന്റെ പുത്രന്റെ വിവാഹത്തിൽ ഈജാബിന്റെയും ഖബൂലിന്റെയുമിടയിൽ സ്ഥലം (മകാൻ) കൊണ്ടുള്ള ഫസ്വ്‌ലിന്(വേർപിരിയൽ) പുറമേ വിവാഹ വാചകത്തിൽ പെടാത്ത മറ്റൊരു വാചകം കൊണ്ടുള്ള ഫസ്വ്‌ലും ഉണ്ടായിട്ടുണ്ട്. ആ ദൃശ്യങ്ങൾ ഇത് വ്യക്തമാക്കുന്നു.
വലിയ്യ് ഹംദും സ്വലാത്തും ചൊല്ലിയതിന് ശേഷം ‘എന്റെ മകൾ നൈലാ ജാസ്മിനെ ഈ ഡയമണ്ട് മോതിരം മഹ്‌റായി സ്വീകരിച്ച് കൊണ്ട് മേലേവീട്ടിൽ അത്വീഫ് അബ്ദുൽ റഹിമാൻ എന്ന താങ്കൾക്ക് ഞാൻ വിവാഹം ചെയ്തു തന്നിരിക്കുന്നു, ഹലാലായ ഇണയാക്കി തന്നിരിക്കുന്നു’ എന്ന ഈജാബിന്റെ വാചകം പറയുകയും ശേഷം വരൻ ഹംദും സ്വലാത്തും ചൊല്ലിയതിന് ശേഷം ‘താങ്കളുടെ മകൾ നൈല ജാസ്മിനെ താങ്കളെനിക്ക് വിവാഹം ചെയ്തു തന്നതിനെ മേലേവീട്ടിൽ അത്വീഫ് അബ്ദുൽ റഹിമാൻ എന്ന ഞാൻ സ്വീകരിച്ചിരിക്കുന്നു. തൃപ്തിപ്പെട്ടിരിക്കുന്നു’ എന്ന ഖബൂലിന്റെ വാചകം പറയുകയും ചെയ്തപ്പോൾ കേൾക്കാത്തത് കാരണം ‘ഒന്നും കൂടെ പറയണം, അത് വോയ്‌സ് മിസ്സായി’ എന്ന് പറയുകയും അത് കാരണമായി വരൻ ഒന്നുകൂടി ഖബൂലിന്റെ വാചകം ആവർത്തിക്കുകയും ചെയ്തു. പക്ഷേ ഈ അന്യസംസാരത്തോടെ ഈജാബിന്റെയും ഖബൂലിന്റെയും ഇടയിൽ ഫസ്വ്‌ല് വന്നു. ഇങ്ങനെ സംഭവിച്ചാൽ ഈജാബും ഖബൂലും മടക്കണമെന്നാണ് മതവിധി. അങ്ങനെ മടക്കാതിരുന്നാൽ വിവാഹമെന്ന ഇടപാട് ശരിയാവുകയില്ല എന്ന് ഇവർതന്നെ എഴുതി വെച്ചത് ഉദ്ധരിച്ചല്ലോ. ഇവകൾക്കിടയിൽ ഹംദ്, സ്വലാത്ത് എന്നിവ കൊണ്ട് തന്നെ വിടവുണ്ടാക്കാമോ എന്നു പണ്ഡിതർ ചർച്ച ചെയ്തതാണ്. അതുകൊണ്ടാണ് പണ്ഡിതർ നേതൃത്വം നൽകുന്ന നികാഹിൽ ഹംദും സ്വലാത്തും വലിയ്യും വരനും ഒരുമിച്ച് തുടക്കത്തിലേ ചൊല്ലുന്നതും ശേഷം നികാഹിന്റെ വാചകങ്ങൾ പറയുന്നതും. സാക്ഷികളുടെ സാന്നിധ്യമില്ലെന്നതു കൊണ്ടും ഈജാബിന്റെയും ഖബൂലിന്റെയും ഇടയിൽ ഫസ്വ്‌ല് വന്നത് കൊണ്ടും ഈ നികാഹ് അസാധുവാണെന്നതിൽ ആദർശബോധമുള്ള ആർക്കും സംശയമുണ്ടാകില്ല.

ഈ ഫത്വ്‌വകൾ
ഇപ്പോഴും നിലനിൽക്കുന്നുവോ?

ഈ വിഷയത്തിൽ വഹാബികൾ 1979ൽ കൊടുത്ത ഫത്‌വ കൂടി പരിശോധിക്കാം: ‘വിവാഹം ടെലഫോണിലൂടെ: സ്ത്രീയും പുരുഷനും തമ്മിൽ വിവാഹപ്പൊരുത്തം (كفو) ഉണ്ടായി. പക്ഷേ, സ്ത്രീയുടെ രക്ഷകർത്താവ് ( ولي) ഒരു നാട്ടിലും വരൻ മറ്റൊരു നാട്ടിലുമാണ്. ഈ പരിതസ്ഥിതിയിൽ ടെലഫോണിലൂടെ വിവാഹ കർമ്മം നിർവ്വഹിച്ചു കൂടെ?
മറുപടി: ഫോണിലൂടെയുള്ള വിവാഹ രീതി അനുവദിക്കപ്പെടാവുന്നതല്ല. രണ്ട് വസ്തുതകൾ പരിഗണിച്ചാണ് പ്രസ്തുത വിവാഹ രീതി പാടില്ലെന്ന് നാം പറയുന്നത്. ഒന്നാമതായി: വഞ്ചനയും തട്ടിപ്പും ഇക്കാലത്ത് പെരുകിയിട്ടുണ്ടെന്ന് മാത്രമല്ല അവയ്ക്ക് പുതിയ ശൈലിയും സ്വഭാവവും കൈവരിക കൂടി ചെയ്തിട്ടുണ്ട്. മനുഷ്യൻ മറ്റ് മനുഷ്യരുടെയും ഇതര ജീവികളുടെയും ശബ്ദം അനുകരിക്കുന്നു. ഒരാൾ തന്നെ ഒരേ സമയത്ത് സ്ത്രീയുടെയും പുരുഷന്റെയും ശബ്ദം അനുകരിക്കുന്നു. ഒരു സമൂഹത്തെ മുഴുവൻ ഒരേ സന്ദർഭത്തിൽ ശബ്ദത്തിലൂടെ അനുകരിക്കുന്നു. സംസാരിക്കുന്നത് ഒരാൾ. പക്ഷെ കേൾക്കുന്നത് കുട്ടികളും സ്ത്രീകളും വൃദ്ധൻമാരും ഉൾപ്പെട്ട ഒരു സമൂഹത്തിന്റെ കോലാഹലം! ആധുനിക മനുഷ്യന്റെ ഇത്രയും കൂടിയ കുസ്സാമർത്ഥ്യങ്ങൾ സാധാരണമായിത്തീർന്ന കാലഘട്ടമാണിത്.
രണ്ടാമതായി: മനുഷ്യന്റെ അഭിമാനത്തെയും ഗോപ്യാവയവങ്ങളെയും (ലൈംഗികം) പരിരക്ഷിക്കുന്നതിലുള്ള ശരീഅത്തിന്റെ ശ്രദ്ധ മറ്റേത് അനുഷ്ഠാന കർമ്മബന്ധങ്ങളുടെ പരിരക്ഷണത്തിലുള്ള ശ്രദ്ധയേക്കാൾ ഇസ്‌ലാം കണിശമാക്കീട്ടുണ്ട്. ആകയാൽ, വിവാഹ വിഷയം അത്ര ലാഘവമായി കൈകാര്യം ചെയ്യപ്പെട്ടു കൂടാത്തതാണ്. അതിനാൽ, വിവാഹ കർമ്മത്തിലെ  قبول,ايجاب,وكالة  തുടങ്ങിയ വിഷയങ്ങൾ ഫോൺ സന്ദേശങ്ങളെ ആശ്രയിച്ച് ഒരിക്കലും കൈകാര്യം ചെയ്ത് കൂടെന്ന് ഞങ്ങൾ അഭിപ്രായപ്പെടുന്നു (അൽമനാർ 1979 സപ്തംബർ പേ. 33,34)
നികാഹ് ടെലിഫോണിലൂടെ പറ്റില്ലെന്ന് വളരെ കൃത്യമായി മുജാഹിദ് ഫത്‌വ കൊടുത്തതാണിത്. അൽമനാറിലേക്ക് വന്ന ചോദ്യത്തിന് റിയാളിലെ ഫത്‌വാ ബോർഡ് കൊടുത്ത വിധി അംഗീകരിച്ച് കൊണ്ടാണ് ഈ മറുപടി പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് തന്നെ മുജാഹിദുകളെ സംബന്ധിച്ച് എല്ലാ അർത്ഥത്തിലും ഇത് ആധികാരികമാണ്. നേതാക്കന്മാരുടെ വാക്കല്ലേ എന്നു പറഞ്ഞു ഫത്‌വ തള്ളാൻ പറ്റുമോ? ഇല്ലേയില്ലെന്ന് ഇവർ കട്ടായം പറഞ്ഞിട്ടുണ്ട്. ഫത്‌വയുടെ പോരിശ വിശദീകരിക്കുന്നതിങ്ങനെ: ‘വ്യക്തി എന്ന നിലക്ക് തന്റെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായി രൂപപ്പെട്ടുവരുന്നതാണ് ഫത്‌വാ എങ്കിലും ജനസാമാന്യത്തെ സംബന്ധിച്ച് അത് ഇസ്‌ലാമികമായ ഒരു വിധിയുടെ സ്ഥാനത്താണ് നിൽക്കുന്നത്. ഇത് അല്ലാഹുവിനെയും റസൂലിനെയും പ്രതിനിധീകരിച്ച് സംസാരിക്കുന്നതിന് തുല്യമാണ്’ (അത്തൗഹീദ് 2013 ജനുവരി പേ. 28).
അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നുണ്ടെങ്കിൽ കുഞ്ഞാടുകളേ ഈ ഫത്‌വയും നിങ്ങൾ അംഗീകരിച്ചേ പറ്റൂവെന്ന്. ഇവിടെ പറയാനിടയുള്ള ഒരു ന്യായീകരണമുണ്ട്. ടെലിഫോൺ പോലെയല്ലല്ലോ സൂം. സൂമിലൂടെ കാണുകയും കേൾക്കുകയും ചെയ്യാം, ടെലിഫോണിലൂടെ കേൾക്കുക മാത്രമല്ലേയുള്ളൂ. വഞ്ചനയും ശബ്ദാനുകരണവും നടക്കില്ലല്ലോ എന്ന്. പക്ഷേ വസ്തുത അതാണോ? കാണാനും കേൾക്കാനും സൗകര്യമേറിയ കാലത്ത് ചതി കൂടുകയാണോ കുറയുകയാണോ ഉണ്ടായത്? 41 വർഷം മുമ്പ് ടെലിഫോൺ രംഗത്തുള്ള തട്ടിപ്പുകളാണ് ഫത്‌വയിൽ ഒന്നാമതായി സൂചിപ്പിച്ചെതെങ്കിൽ ഇന്ന് ഓൺലൈൻ രംഗത്ത് അതിലും വലിയ തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പറയേണ്ടതില്ല.
അതുകൊണ്ടാണ് സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി മുന്നറിയിപ്പു നൽകിയത്. പത്രവാർത്ത കാണുക: സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്രം. ന്യൂഡൽഹി: വീഡിയോ കോൺഫറൻസിനുള്ള സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ സൂം വിവാദങ്ങൾ നേരിടുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ അടച്ചിടൽ കാലത്ത് വീഡിയോ കോൺഫറൻസിങ്ങിനായി സൂം ആപ്പ് ഉപയോഗിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു (മാതൃഭൂമി 2020 ഏപ്രിൽ 29).
ഫത്‌വ ന്യായീകരിച്ച് ഓൺലൈൻ നികാഹ് സാധുവാക്കാനുള്ള എല്ലാ കുരുട്ടു ന്യായങ്ങളും ഇതോടെ തലകുത്തി നിൽക്കുകയാണ്. തട്ടിപ്പുകൾ മനസ്സിലാക്കി കേന്ദ്രഗവൺമെന്റാണ് സുരക്ഷിതമല്ലെന്ന് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഓൺലൈൻ ചതിക്കുഴികളെ കുറിച്ച് മുമ്പ് ഇവർ തന്നെ എഴുതിയിട്ടുമുണ്ട്: ‘വിവര സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ വളർച്ചയും വാർത്താവിനിമയ രംഗത്തെ നൂതന കണ്ടുപിടുത്തങ്ങളും സദാചാരത്തകർച്ചയുടെ ഇരുണ്ട ഗർത്തത്തിലേക്കാണ് യുവതലമുറയെ തള്ളിവിട്ടിരിക്കുന്നത്. ഇ സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്ന മലയാളി സമൂഹം സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിലും ഒട്ടും പിന്നിലല്ല. ഇന്റർനെറ്റ് ലോകം തുറന്നിടുന്ന അദ്ഭുത വിഹായസ്സിൽ ഒരു നിയന്ത്രണവുമില്ലാതെ വിഹരിക്കുമ്പോൾ അപകടകരമായ ചതിക്കുഴികളെ കുറിച്ച് അധികമാരും അറിയുന്നില്ല (അൽമനാർ 2010 ഏപ്രിൽ പേ. 6).
ചതിക്കുഴികൾ പല വിധത്തിലുമുണ്ടല്ലോ. അൽമനാർ ഫത്‌വയുടെ ഒന്നാം ഭാഗം വീണേടത്തുരുണ്ട് ഒപ്പിക്കാൻ ശ്രമിച്ചാലും രണ്ടാം ഭാഗത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് ഒരിക്കലും ഇവർക്ക് രക്ഷപ്പെടാൻ സാധ്യമല്ല. കണ്ടു എന്നത് കൊണ്ട് കേൾവിയുടെ പ്രാധാന്യം ഇല്ലാതാവുകയില്ല. കേൾക്കേണ്ടത് കേൾക്കുക തന്നെ വേണം. അതുകൊണ്ടാണ് സൂം ആയിട്ട് പോലും പറഞ്ഞത് കേട്ടില്ലാ എന്ന് നികാഹിനിടയിൽ വിളിച്ചറിയിക്കേണ്ടി വന്നത്. കാണണമെന്ന് കർമശാസ്ത്രം പറഞ്ഞ കാര്യങ്ങൾ തടിയോട് കൂടെ തന്നെ കാണണം, അല്ലാതെ സൂമിലൂടെ പ്രതിബിംബം കണ്ടാൽ മതിയാവുകയില്ല. ഒന്ന് കൂടി വ്യക്തമാക്കിയാൽ, അങ്ങോട്ടും ഇങ്ങോട്ടും കാണുകയും കേൾക്കുകയും ചെയ്യുന്ന രൂപത്തിൽ ഒരു സദസ്സിനെ ഗ്ലാസ് കൊണ്ട് വേർപിരിച്ചാൽ പോലും നികാഹ് ശരിയാവുകയില്ലെന്നാണ് ഇബ്‌നു ഹജർ(റ) വ്യക്തമാക്കിയിട്ടുള്ളത്. ഈ മഹാപണ്ഡിതനേക്കാൾ വലിയ ഫഖീഹും മുഫ്തിയും മുജാഹിദ് പ്രസ്ഥാനത്തിലുണ്ടെന്ന് വിശ്വസിക്കാൻ മുസ്‌ലിംകൾക്ക് ചിന്താ പ്രശ്‌നങ്ങളൊന്നുമില്ല.
ഇസ്‌ലാമിക ശരീഅത്തിലെ മറ്റേത് അനുഷ്ഠാന കർമങ്ങളുടെയും പരിരക്ഷയെക്കാൾ കണിശത വിവാഹത്തിന് വെച്ചിട്ടുണ്ടെന്നും അതിനാൽതന്നെ വിവാഹത്തിലെ ഈജാബും ഖബൂലും പോലോത്ത സംഗതികൾ ആധുനിക മാർഗങ്ങളെ ആശ്രയിച്ച് നടത്താൻ ഒരിക്കലും പാടില്ലെന്നും അങ്ങനെ നടത്തിയാൽ ആ വിവാഹം ബാത്വിലാണെന്നുമാണല്ലോ ഈ ഫത്‌വയുടെ ആകെത്തുക.
കേക്ക് മുറിയിലൂടെ സമാപിച്ച വിവാഹ മാമാങ്കത്തിന് തെളിവുണ്ടാക്കുവാൻ അക്ബർ മൗലവി ഒരു വിഫല ശ്രമം നടത്തുന്നത് സോഷ്യൽ മീഡിയയിൽ കാണാനിടയായി. അബ്‌സീനിയയിലായിരുന്ന ഉമ്മുഹബീബ(റ)യെ മദീനയിലുള്ള നബി(സ്വ) വിവാഹം ചെയ്തതാണ് സംഗതി. പറയുന്നത് കേട്ടാൽ തോന്നും സൂം ആപ്പിലൂടെയായിരുന്നു ആ വിവാഹമെന്ന്.
എന്താണ് സംഭവം? വിചിന്തനം പറയട്ടെ: ‘ഉമ്മുഹബീബ എന്ന റംലയുമായുള്ള വിവാഹവും നബി(സ്വ)യുടെ കാരുണ്യത്തിന്റെയും ബാധ്യതാ ബോധത്തിന്റെയും തെളിവായിരുന്നു. ഉറച്ച ഇസ്‌ലാം മതവിശ്വാസിയായ റംല നബി(സ്വ)യുടെ കടുത്ത ശത്രുവായിരുന്ന അബൂസുഫ്‌യാന്റെ മകളായിരുന്നു. ഭർത്താവായ ഉബൈദുല്ലാഹിബ്‌നുൽ ജഹ്ശിയോടൊപ്പം അവർ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി. അവിടെയെത്തിയ ശേഷം ഭർത്താവ് ക്രിസ്തുമതം സ്വീകരിച്ചു. റംലയാകട്ടെ ഇസ്‌ലാം മതത്തിൽ ഉറച്ച് നിന്നു. അന്യനാട്. സംരക്ഷിക്കേണ്ട പിതാവ് ഇസ്‌ലാമിന്റെ ബദ്ധവൈരി. ആരുമില്ല തുണയായി. അല്ലാഹുവിന്റെ റസൂൽ ആ വിശ്വാസിനിയോട് കരുണ കാണിച്ചു; അവരെ ജീവിത പങ്കാളിയാക്കിക്കൊണ്ട്’ (വിചിന്തനം 2018 ഫെബ്രുവരി പേ. 9).
അതേ, ഈ വിഷയം അറിഞ്ഞ നബി തങ്ങൾ വിവാഹം ആലോചിച്ച് കൊണ്ട് അബ്‌സീനിയയിലെ രാജാവായ നജ്ജാശിക്ക് കത്തയച്ചു. നജ്ജാശിയുടെ അന്വേഷണത്തിൽ മഹതി വിവാഹത്തിന് സമ്മതിക്കുകയും തന്റെ പിതാവ് അന്നത്തെ മുശ്‌രിക്കുകളുടെ നേതാവായതുകാരണം മഹതിയെ വിവാഹം നടത്തി കൊടുക്കുവാനുള്ള അധികാരം മഹതി തന്നെ മറ്റൊരാളെ ചുമതലപ്പെടുത്തു കയും(തഹ്കീം) ചെയ്തു. ഏറ്റെടുക്കുവാൻ നബി തങ്ങൾ ഒരു ദൂതനെയും വക്കാലത്താക്കി. ഇങ്ങനെ അവർ തമ്മിലാണ് വിവാഹം നടന്നത്. ഇത് ഇസ്ലാമിക രീതിയാണ്. ഇങ്ങനെ വക്കാലത്താക്കാമെന്ന് മുജാഹിദുകളും അംഗീകരിക്കുന്നുണ്ട് (അൽഇസ്‌ലാഹ് മാസിക 2016 ജനുവരി).
തഹ്കീമാക്കിയുള്ള വിവാഹത്തെക്കുറിച്ച് വഹാബികളുടെ നിലപാട് പരിശോധിക്കാം: പെണ്ണിനു വലിയ്യ് വേണം. ആൾ സ്ഥലത്തില്ലെങ്കിൽ പകരം ആളെ നിശ്ചയിക്കാം(വക്കാലത്താക്കാം). വലിയ്യ് നല്ല വിവാഹത്തിന് തടസ്സമാണെങ്കിൽ അവൾക്കൊരാളെ നിശ്ചയിക്കാം (തഹ്ക്കീമാക്കാം) (ശബാബ് 97 ഒക്ടോബർ). മാത്രമല്ല, നബി(സ്വ)യുടെ കാലത്ത് നടന്ന വിവാഹങ്ങളൊക്കെ വലിയ്യുകൾ നടത്തിക്കൊടുത്തതായിരുന്നു (ശബാബ് 2003 ജനുവരി).
എത്ര വ്യക്തമാണ് കാര്യങ്ങൾ. സാധാരണ രൂപത്തിൽ തഹ്കീമാക്കി കൊണ്ടും വക്കാലത്താക്കി കൊണ്ടുമുള്ള വിവാഹമാണ് തിരുനബി(സ്വ) നടത്തിയത്. അതുകൊണ്ടു തന്നെ ഈ സംഭവം ഓൺലൈൻ നികാഹിന് തെളിവേയല്ല, അതിന്റെ എതിർ പ്രമാണമാണ്.
മോങ്ങം അബ്ദുസ്സലാം മൗലവിയാണ് മകന്റെ നികാഹിലെയും ഖത്വീബ്. മുജാഹിദുകൾക്കിടയിൽ പുള്ളി ചില്ലറക്കാരനല്ലെങ്കിലും ബിദ്അത്തുകളുടെ മാലപ്പടക്കമായിരുന്നു തന്റെ ഖുത്വുബയിലാകെയും.

ഖുതുബയിലെ ബിദ്അത്തുകൾ

ബിദ്അത്ത്1. വഹാബികൾ പഠിപ്പിക്കുന്നു: ‘ഖുതുബയുടെ ഫർളുകൾ അഞ്ചാകുന്നു. (1) അല്ലാഹു തആലയെ സ്തുതിക്കുക. (2) നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക….’ (കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്ത് എന്ന മുജാഹിദ് പാഠപുസ്തകം പേ. 41, അൽമനാർ 2009 മെയ്, അൽ ഇസ്‌ലാഹ് ദ്വൈവാരിക 2002 ഫെബ്രുവരി, അഹ്‌ലുസ്സുന്ന വൽ ജമാഅ പേ. 10).
എല്ലാ മുജാഹിദും ഒരുമിച്ച് പഠിപ്പിക്കുന്ന ഖുത്വുബയിലെ രണ്ടാമത്തെ ഫർളാണ് നബി(സ്വ)യുടെ പേരിലുള്ള സ്വലാത്ത്. എന്നാൽ ഇത് നബി(സ്വ) ചൊല്ലിയിട്ടുണ്ടോ? ഇല്ലെന്നാണ് വഹാബികൾ തന്നെ പഠിപ്പിക്കുന്നത്:
‘ജുമുഅ ഖുത്വ്ബയുടെ ആരംഭത്തിൽ നബി(സ്വ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല’ (ശബാബ് വാരിക 2009 ജൂലൈ). അപ്പോൾ നബി തങ്ങൾ പഠിപ്പിക്കാത്ത സ്വലാത്ത് എങ്ങനെ മുജാഹിദുകൾക്ക് ഫർളായി? മാത്രമല്ല, ‘റസൂൽ(സ്വ) ചെയ്തതോ ചെയ്യാൻ കൽപിച്ചതോ ആയ കാര്യം അല്ല എങ്കിൽ ഏതു കാര്യവും ബിദ്അത്താണ്. അത് തള്ളിക്കളയേണ്ടതുമാണ്’ (അൽമനാർ 2011 ഫെബ്രുവരി) എന്ന് അർത്ഥശങ്കക്കിടമില്ലാത്ത വിധം അവർ പ്രഖ്യാപിച്ചതുമാണ്. ഇതിൽ മുജാഹിദുകൾ ഇന്നും ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ ഹംദിന് ശേഷം രണ്ടാമത്തെ ഫർളായി ചൊല്ലിയ സ്വലാത്ത് ബിദ്അത്തല്ലേ?
ബിദ്അത്ത് 2. വഹാബികളുടെ ഉസൂലനുസരിച്ച് നബി തങ്ങൾ പഠിപ്പിക്കാത്ത ഏതു സ്വലാത്തും ബിദ്അത്താണെന്ന് മാത്രമല്ല ആ ബിദ്അത്തിനെ എതിർക്കാതിരുന്നാൽ സ്വർഗം ലഭിക്കുകയുമില്ല. ‘പ്രവാചകനും സ്വഹാബത്തിനും പരിചയമില്ലാത്ത ദിക്‌റുകളും ദുആകളും സ്വലാത്തുകളും പ്രചരിപ്പിക്കുകയും ചെയ്യുക എന്നിവയെല്ലാം തന്നെ ദീനിന്റെ ആണിക്കല്ലിളക്കുന്ന തരം ബിദ്അത്തുകളിൽ എണ്ണാവുന്ന ചില ഉദാഹരണങ്ങളാണ്. ഇവയെ സമ്പൂർണമായി അവഗണിക്കാനും അതിനെതിരെ ശക്തമായി പ്രതികരിക്കാനും സാധ്യമായില്ലെങ്കിൽ നമ്മുടെ സ്വർഗപ്രവേശം അവതാളത്തിൽ തന്നെയാണ്’ (അൽബുസ്താൻ ദഅ്‌വാ മാഗസിൻ 2011 പേ. 170).
എന്നാൽ ഈ ഖുതുബയിൽ ചൊല്ലിയ
اللهم صل وسلم على عبدك ورسول نبينا محمد وعلى اله وصحبه ومن تبعهم باحسان الى يوم الدين
എന്ന സ്വലാത്ത് നബി(സ്വ) പഠിപ്പിച്ചതാണോ? അക്ബർ മൗലവിയുടെ ഭാര്യാ പിതാവ് അബ്ദുൽ ഖാദർ മൗലവി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്തായിരിക്കും പ്രതികരണം. നാരിയതു സ്വലാത്തുമായി ബന്ധപ്പെട്ട് അദ്ദേഹമുണ്ടാക്കിയ പുകിൽ കേരളം അത്രവേഗം മറക്കില്ലല്ലോ.

ബിദ്അത്ത് 3. ഈ ഖത്വീബ് ആമുഖത്തിന് ശേഷം തുടങ്ങുന്നത് തന്നെ ‘ഖുതുബ നിർബന്ധമില്ല, പ്രത്യേകിച്ച് ഈ കുട്ടികളെ സംബന്ധിച്ച്’ എന്ന് പറഞ്ഞുകൊണ്ടാണ്. മൗലവിയോട് ചോദിക്കാനുള്ളത് ഇസ്‌ലാമിലെ ഒരു ഇബാദത്ത് ആളുകൾക്കനുസരിച്ചാണോ നിർബന്ധമാക്കുന്നതെന്നാണ്. ഖുത്വുബ നിർബന്ധമില്ല എന്ന് പറഞ്ഞത് ശരിയാണെങ്കിലും സുന്നത്താണെന്ന് പണ്ട് നിങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്ന് മറക്കരുതായിരുന്നു: ‘നികാഹിന് മുന്നോടിയായി ഒരു പ്രഭാഷണം (ഖുതുബ) നടത്തുക എന്നത് സുന്നത്താണ്’ (കെഎൻഎമ്മിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പുറത്തിറക്കിയ അൽവജീസ് പേ. 408).
എന്നാൽ ആദർശപരിണാമത്തിന്റെ ഭാഗമായി ഇപ്പോൾ വിവാഹ ഖുതുബ തന്നെ ബിദ്അത്താവുകയാണ്: ‘അടിസ്ഥാന വിഷയം മറന്ന് നബി(സ്വ) ചെയ്തിട്ടില്ലാത്ത ഒരു ഖുത്വ്ബയുടെ ഭാഷയുടെയും അത് നടത്തുന്ന ആളിന്റെ ഗ്രൂപ്പിന്റെയും പേരിൽ വിവാഹം മുടങ്ങുന്നു. തൗഹീദും സുന്നത്തുമാകുന്ന ആദർശം ഇലാസ്റ്റിക്കായി മാറുകയും മതത്തിൽ ഇല്ലാത്ത നിക്കാഹ് ഖുത്വ്ബ ആദർശത്തിന്റെ ഇരുമ്പ് ദണ്ഡായി, ഉലക്കയായി, ഉടക്കി നിൽക്കുകയും ചെയ്യുന്നു. ശിർക്കിന്റെ പേരിൽ മുടങ്ങാത്ത എത്ര വിവാഹങ്ങളാണ് ഈയൊരു ഖുതുബയുടെ പേരിൽ മുടങ്ങിയിട്ടുള്ളത്?! നബി(സ്വ) ഒമ്പതിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ട്. ഒരെണ്ണത്തിന് പോലും നബി(സ്വ)യോ മറ്റാരെങ്കിലുമോ ഒരു ഖുതുബയെങ്കിലും നടത്തിയതായി യാതൊരു രേഖയുമില്ല. നബി(സ്വ) നടത്താത്ത കാര്യം പിന്നെയെങ്ങിനെ നബിചര്യയാകും? ഇനി സ്വഹാബത്തിൽ ആരെങ്കിലുമോ ഖലീഫമാരിൽ ആരെങ്കിലുമോ നടത്തിയതായി വല്ല രേഖയുമുണ്ടോ? നബി(സ്വ)യുടെ ലക്ഷത്തിൽപരം വരുന്ന സ്വഹാബികൾ വിവാഹം കഴിച്ചിട്ടുണ്ട്. അതിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചവർ നിരവധിയുണ്ട്. ഇവരിൽ ആരുടെയെങ്കിലും വിവാഹത്തിന് അമീറും ക്വാദിയുമായ നബി(സ്വ)യോ മറ്റാരെങ്കിലുമോ വിവാഹ ഖുതുബ നടത്തിയതായി വല്ല രേഖയുമുണ്ടാ? ഇല്ലേയില്ല. അതായത് നബി(സ്വ)യുടെ ചര്യയില്ലെന്ന് മാത്രമല്ല, സ്വഹാബത്തിന്റെ ചര്യയിലും ഇല്ലാത്ത ഒന്നാണ് വിവാഹ ഖുത്ബ എന്നർത്ഥം’ (അൽ ഇസ്വ്‌ലാഹ് 2016 ജനുവരി പേ. 36,37).
അവരുടെ ഉസ്വൂലടിസ്ഥാനത്തിൽ ഖുത്വുബ തന്നെയും ബിദ്അത്ത്? ഈ ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിച്ചാൽ ദഹനക്കേട് മാറിക്കിട്ടുന്നതെങ്ങനെയാണെന്നു വ്യക്തമാക്കാൻ കെഎൻഎമ്മിന് ബാധ്യതയില്ലേ?
മാത്രമല്ല, പ്രസ്തുത മൗലവി ഇതുവരെ നടത്തിയ ബിദ്അത്തുകളെയും ശേഷം അവിടെ നടക്കാൻ പോകുന്ന ബിദ്അത്തുകളെയും കുറിച്ച് വ്യക്തമായി അറബിയിൽ പറഞ്ഞാണ് ഖുതുബ അവസാനിപ്പിച്ചത്. സ്ഥിരം പാടുന്ന പാട്ടായതു കൊണ്ട് അറിയാതെ നാവിൽ വന്നതാകാനാണ് സാധ്യത. അത് ഇങ്ങനെ വിവർത്തനം ചെയ്യാം: കാര്യങ്ങളിൽ വെച്ച് ഏറ്റവും മോശമായത് പുതുനിർമിതങ്ങളാണ് (ഈ വിവാഹം പോലെ/ലേഖ). എല്ലാ പുതുനിർമിതങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. എല്ലാ വഴി കേടുകളും നരകത്തിലുമാണ്’ (സൂം വീഡിയോ ക്ലിപ്പിലെ സമയം 9.09). ഈ ഹദീസ് എല്ലാ നിലക്കും ഈ വിവാഹ കൂദാശയോട് വളരെയധികം യോജിച്ചിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

കേക്കു മുറി ഹലാലെങ്കിൽ
മെഴുകുതിരിയുടെ കുറവെന്താണ്?

വിശ്വാസിയുടെ ദീനിയ്യായ കർമങ്ങളുടെ മൂന്നിൽ രണ്ട് ഭാഗത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട അമലുകളിലൊന്നാണ് വിവാഹമെന്നത് സുവിദിതം. ആ അമലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുന്നത്തിന്റെ പരിധിയിൽ വരുന്നതാണ്. നികാഹിന് ശേഷം അന്യസ്ത്രീ പുരുഷൻമാരുമായി ഇടകലർന്ന് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടു പാടി കൊഞ്ചിക്കുഴഞ്ഞ് കൈമുട്ടിക്കളിച്ചുകൊണ്ട് കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം. വധുവിനോട് സമ്മതം ചോദിക്കുകയും കേക്കിന്റെ ഒരു കഷ്ണം സൂമിലൂടെ മറുഭാഗത്തുള്ള ഭാര്യയുടെ വായയിലേക്ക് കൊടുക്കാൻ വിഫലശ്രമം നടത്തുന്നതും ദൃശ്യത്തിലുണ്ട്. ക്രിസ്ത്യൻ ആഘോഷങ്ങളുടെ പ്രതീതിയാണ് ഇതുണർത്തുന്നതെന്ന് ഏതെങ്കിലും സാധാരണക്കാരൻ സംശയിച്ചാൽ കുറ്റം പറയാനൊക്കുമോ? സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കിയിട്ടത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്താണ് ഇതിന്റെയൊക്കെ ഇസ്‌ലാമിക വിധിയെന്ന് മുജാഹിദ് ഫത്‌വ ബോർഡിനെങ്കിലും വല്ല നിശ്ചയവുമുണ്ടോ ആവോ? നബിയോ സ്വഹാബത്തോ ഇത് പഠിപ്പിച്ചിട്ടുണ്ടോ? ഇതിലെ പോഴത്തങ്ങൾ മാറ്റി വെച്ച് കേക്ക് മുറിയെക്കുറിച്ച് മാത്രം തെളിവ് ചോദിച്ചാൽ, ദീനിയ്യായ ആചാരമെന്ന നിലക്കല്ല ഞങ്ങൾ കേക്ക് മുറിച്ചത്, ദീനിയ്യായ ആചാരമാണെങ്കിലേ തെളിവ് വേണ്ടതുള്ളൂ എന്ന് പറയാൻ സാധ്യതയുണ്ട്. യഥാർത്ഥത്തിൽ മതത്തെക്കുറിച്ച് ഇവർക്കുള്ള അജ്ഞതയും സ്വന്തമായി കെട്ടിപ്പടച്ചുണ്ടാക്കിയ ഉസ്വൂലിന്റെ തകരാറുമാണിത് വെളിപ്പെടുത്തുന്നത്. മീലാദാഘോഷത്തിന് മിഠായി നൽകിയാൽ ബിദ്അത്തും മൗലവിയുടെ നികാഹിന് കേക്ക് മുറിച്ചാൽ തൗഹീദുമാകുന്നത് എങ്ങനെയാണ്?
ലോക മുസ്‌ലിംകളെ സംബന്ധിച്ച് ഈ വിഷയത്തിലും കർമശാസ്ത്ര പണ്ഡിതർ വ്യക്തമായ കാഴ്ചപ്പാടുകൾ നൽകിയിട്ടുണ്ട്. അനുവദനീയമായ എല്ലാ കാര്യങ്ങളും നിയ്യത്തനുസരിച്ച് അമലുകളായി മാറും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഏതൊരു മുസ്‌ലിമിന്റെയും അടക്കവും അനക്കവും അഞ്ചിലൊരു വിധിയിൽ നിക്ഷിപ്തമാണ്. ഇത് വഹാബികളും സമ്മതിച്ചതാണ്: ‘ഒരു മുസ്‌ലിമിന്റെ ഏതൊരു പ്രവർത്തനവും ഒന്നുകിൽ സ്വർഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക് നയിക്കും’ (സ്രഷ്ടാവിലേക്ക് സമാധാനത്തിലേക്ക്, സമ്മേളന ലഘുലേഖ പേ. 3). നബിദിനത്തിന് സന്തോഷം പ്രകടിപ്പിച്ചാൽ അതിന് ഇവർക്ക് ആയത്തു വേണം, ഹദീസ് വേണം! ഇവിടെ നിങ്ങൾക്കുള്ള പ്രമാണമെന്താണ്?
വിവാഹത്തിലെ അനാചാരങ്ങളെ കുറിച്ച് പൂർവ മുജാഹിദുകൾ എഴുതിയത് എന്തുകൊണ്ടും ഈ കല്യാണത്തിനും ചേരും: ‘ഇസ്‌ലാമിക വിവാഹം വളരെ ലളിതവും പവിത്രവും മാതൃകാപരവുമാണ്. എന്നാൽ ഇന്ന് വിവാഹങ്ങളുടെ അവസ്ഥ നേരെ മറിച്ചാണ്. അത് നൂതനാചാരങ്ങൾ കൊണ്ടും ആർഭാടങ്ങൾ കൊണ്ടും വൈകൃതമായിരിക്കുകയാണ്’ (അന്നദ് വ സുവനീർ, 2006 പേ. 202).
‘മൗലിദാഘോഷങ്ങൾ മറക്കുന്ന പ്രവാചക പാഠങ്ങൾ’ എന്ന തലവാചകത്തിന് താഴെ ‘ശോഭ യാത്രക്ക് സമാനമായ മൗലിദ് ജാഥകളും, ക്രിസ്തുമസിനോട് സദൃശമായ മതചടങ്ങുകളും സർവ്വസാധാരണമാണ്…. പ്രത്യേകം സജ്ജമാക്കിയ കേക്കിൽ കൊളുത്തിയ മെഴുകുതിരികൾ ഊതിക്കെടുത്തുകയും തുടർന്ന് കേക്ക് മുറിക്കുകയും ചെയ്യുന്നു. അതോടനുബന്ധിച്ച് സദ്യയും സംഘടിപ്പിക്കാറുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും കലാലയങ്ങളിലും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ഹാപ്പി ബർത്‌ഡേ ടു യു എന്ന് പാടി (ഇവിടെ മാണിക്യാമലർ… എന്ന വ്യത്യാസം മാത്രം/ലേഖ.) ഉല്ലസിക്കുകയും ചെയ്യുന്നു… കേക്ക് മുറിക്കലും സദ്യയും മധുര പലഹാര വിതരണവുമെല്ലാം ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു… പാശ്ചാത്യ സംസ്‌കാരത്തിന്റെ കുത്തൊഴുക്കിൽ പെട്ട ഇന്നത്തെ തലമുറ അവയുടെ എല്ലാം പിന്നാലെ പരക്കം പായുകയാണ്. ‘നിങ്ങൾ ജൂതക്രൈസ്തവരുടെ മാർഗത്തെ ചാണിനു ചാണായും മുഴത്തിനു മുഴമായും അനുകരിക്കുമെന്ന’ നബി(സ്വ)യുടെ മുന്നറിയിപ്പ് ഇപ്പോൾ പുലർന്ന് കഴിഞ്ഞിരിക്കുന്നു! ‘നമ്മുടെ ആജ്ഞയില്ലാതെ ചെയ്യുന്ന ഏത് പ്രവർത്തനവും തള്ളപ്പെടേണ്ടതാണ്'(മുസ്‌ലിം). നബി(സ്വ)യുടെ ആജ്ഞയില്ലാതെ നിർമ്മിക്കപ്പെടുന്ന എല്ലാ ആചാരങ്ങളും നരകത്തിലേക്കാണെന്ന് അവിടുന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. ‘നിങ്ങൾ നവീന കാര്യങ്ങളെ ഭയന്നുകൊള്ളുക. തീർച്ചയായും എല്ലാ പുതിയ കാര്യങ്ങളും ബിദ്അത്തുകളാണ്. ബിദ് അത്തുകളെല്ലാം നരകത്തിലേക്കുമാണ്’ (തിർമിദിയും മറ്റും ഉദ്ധരിച്ചത്).’ (ശബാബ് വാരിക 2009 മാർച്ച് 6, പേജ് 22, 23). കല്യാണമാമാങ്കത്തിന്റെ കെട്ടിറങ്ങുമ്പോൾ മൗലവിമാർ ഇതൊന്നു കൂടി വായിക്കുന്നത് നന്നായിരിക്കും.
തീർന്നില്ല: ‘കല്യാണോത്സവങ്ങൾക്കെതിരെ കൈകോർക്കാം. വിവാഹം ആഘോഷമോ ഉത്സവമോ ആക്കുന്ന രീതി പ്രവാചകന്റെ കാലത്തോ സച്ചരിതരായ ഖലീഫമാരുടെ കാലത്തോ പതിവുണ്ടായിരുന്നില്ല… ഇത്തരമൊരു വിപരീത സാഹചര്യത്തിലാണ് കല്യാണോത്സവ സംസ്‌കാരത്തിന്റെ എല്ലാ സീമകളെയും ഭേദിച്ച് സമുദായത്തിന് നാണക്കേടായി മാറിയിരിക്കുന്നത്. അതുകൊണ്ടാണ് ദുരന്തം മണക്കുന്ന സമുദായമായി മുസ്‌ലിംകൾ സ്വയം രൂപപ്പെടുകയാണോ എന്ന് ഭയപ്പെടേണ്ടി വരുന്നത്’ (2014 ശബാബ് സെപ്റ്റംബർ 19 പേ. 32).
‘ഏതൊരു സമുദായത്തിനുമുള്ളത് പോലെ മുസ്‌ലിം സമുദായത്തിനും അവരുടേതായ സ്വന്തം സംസ്‌കാരികത്തനിമയുണ്ട്. ഇസ്‌ലാമിന്റെ സാംസ്‌കാരിക ഭൂമികയെന്നത് വിശുദ്ധ ഖുർആനിന്റെയും നബി(സ്വ)യുടെ ചര്യയുടെയും അധ്യാപനങ്ങളിൽ നിന്ന് രൂപപ്പെടുന്നതാണ്. മുസ്‌ലിം സമുദായത്തിലെ അത്യുത്തമ തലമുറ ജീവിതചര്യയാക്കി മാതൃക കാണിച്ച ജീവിത രീതിയിൽ നിന്ന് കിട്ടുന്നതുമാണത്. ഇസ്‌ലാമിക സാംസ്‌കാരിക സ്വത്വത്തെ മലിനമാക്കും വിധമുള്ള അന്യസമൂഹങ്ങളുടെ സാംസ്‌കാരിക പാരമ്പര്യങ്ങളോട് സമരസപ്പെടുന്നതിനാണ് തശബ്ബുഹ് എന്ന് പറയുക. നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഒരാൾ ഒരു സമൂഹവുമായി സാദൃശ്യപ്പെട്ടാൽ അവൻ അവരുടെ കൂട്ടത്തിൽ പെട്ടവനാണ്. സ്വന്തം സംസ്‌കാരത്തെ അന്യസംസ്‌കാരങ്ങളുമായി കൂട്ടിക്കലർത്താതെ സംരക്ഷിക്കണം എന്നതാണ് റസൂൽ(സ്വ)യുടെ ഈ അധ്യാപനം ബോധ്യപ്പെടുത്തുന്നത്. അന്യസംസ്‌കാരങ്ങളെ ഏറ്റെടുത്ത് നടപ്പിലാക്കുക എന്നത് നിഷിദ്ധ കാര്യമാണ് (അൽ ഇസ്‌ലാഹ് 2015 സെപ്തംബർ പേ. 14).
ഇത്രയും ഉദ്ധരിച്ചതിൽ നിന്നും കേക്ക് മുറിക്കൽ മറ്റു സമുദായത്തിന്റെ ആചാരമാണെന്നു ബോധ്യമാകും. ഇനി ആചാരമല്ല, വെറും സാംസ്‌കാരിക പാരമ്പര്യമാണെന്നു വന്നാൽ പോലും അവൻ ആ വിഭാഗത്തിൽ പെട്ടവനായി മാറുമെന്നും നരകത്തിൽ പ്രവേശിക്കുമെന്നുമാണ് മുജാഹിദുകളുടെ പൂർവികർ പഠിപ്പിച്ചത്. മതാചാരമല്ല, വെറും ഭൗതികാചാരമാണെന്ന നിലക്കാണെങ്കിൽ പോലും പിന്നീടത് ആചാരമായി മാറാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് കുട്ടികളുടെ ജന്മദിനത്തിൽ കേക്ക് മുറി പോയിട്ട് വെറും മധുരം പോലും നൽകാൻ പാടില്ലെന്നാണ് വിചിന്തനത്തിലെ വഹാബി ഫത്‌വ എന്നു കൂടി ഓർമിക്കുന്നത് നല്ലതാണ്. ശബാബിനെ അവഗണിച്ചാലും വിചിന്തനം പ്രസ്ഥാനത്തിന്റെ മൂശയിൽ ഊതിക്കാച്ചി എടുത്തതായതു കൊണ്ട് അതേതായാലും തള്ളാൻ നിർവാഹമില്ലല്ലോ. ചോദ്യം: തൊപ്പി ധരിക്കുന്നത് അനുവദനീയ കാര്യമാണ്. കാരണം അതിന് വിലക്കില്ല എന്നതു തന്നെ. എന്നാൽ മതപരമായിട്ടാണ് അത് ചെയ്യുന്നതെങ്കിൽ തെളിവു വേണം… ഈ ആചാരങ്ങൾ ഭൗതികം എന്ന നിലക്ക് അനുവദനീയമായ പോലെ കുട്ടികളുടെ ജന്മദിനത്തിൽ മധുരം നൽകുന്നത് തെറ്റാണോ?
ഉത്തരം: …ജന്മമരണ ദിനങ്ങളെ പ്രത്യേക ആരാധനാ ദിനങ്ങളാക്കുന്ന ഇതര മതങ്ങളുടെ അനുഷ്ഠാനങ്ങളോട് അത് ഏതെങ്കിലുമൊരു നിലക്ക് സാമ്യപ്പെടുന്നതിനാൽ ആ സംസ്‌കാരം നാം സ്വീകരിക്കരുത്. വെറും ഭൗതികം എന്ന നിലക്ക് ആരംഭിക്കുന്ന കാര്യങ്ങൾ പിന്നീട് ആചാരവും നിർബന്ധ നിയമവുമായി മാറിയ ചരിത്രമുണ്ടല്ലോ.
‘ഇന്നലെ ചെയ്‌തോരബദ്ധം ലോകർ
ക്കിന്നത്തെ യാചാരമാകാം
നാളത്തെ ശാസ്ത്രമതാകാം അതിൽ
സമ്മതം മൂളായ്ക രാജൻ’
എന്ന കവിവാക്യം നമ്മുടെ കാര്യത്തിലും പ്രസക്തമാണ്. ജന്മദിനത്തിൽ പതിവിലും നേരെത്തെയുണർന്ന്, കുളിച്ച് കുറി ചാർത്തി അമ്പലത്തിൽ പോയി അനുഗ്രഹം വാങ്ങുന്ന സമ്പ്രദായം ഇതര സമുദായങ്ങളിൽ നിലനിൽക്കുന്നു. ഇന്ന് മധുരം നൽകുന്നതിൽ നിന്നാരംഭിച്ച ജന്മദിനാഘോഷം പിൽക്കാലത്ത് ജന്മദിനത്തിൽ ജാറങ്ങളിൽ പോയി അനുഗ്രഹം വാങ്ങുന്ന അവസ്ഥയിലെത്തും. അതിന് നമ്മുടെ പ്രവൃത്തി വഴിവെക്കരുത് എന്ന നിർബന്ധബുദ്ധി നമുക്കുണ്ടാവണം. ആ നിലക്ക് ചിന്തിക്കുമ്പോൾ മതാചാരമല്ല എന്ന വിശ്വാസത്തോടു കൂടിയാണെങ്കിലും ജന്മദിനത്തിൽ മധുരവിതരണം ചെയ്യാവതല്ല’ (വിചിന്തനം 2005 ഏപ്രിൽ 22).
കേക്ക് മുറിച്ചത് മതാചാരമെന്ന നിലക്കല്ല, വെറും ഭൗതികാചാരമെന്ന നിലക്കാണെന്ന് ന്യായീകരിക്കുന്നവരോട് ഏറ്റുമുട്ടുകയാണ് സ്വന്തം ഫത്‌വ. സുന്നികളെ സംബന്ധിച്ച് ഇത് ബാധകമേയല്ല. ഭക്ഷണം കൊടുക്കലും മുഅ്മിനീങ്ങളുടെ ഹൃദയത്തിൽ സന്തോഷമുണ്ടാക്കലും സുന്നത്താണെന്ന് ഇമാമുമാർ പഠിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് നബിദിനം പോലുള്ള സന്തോഷ വേളകളിൽ മധുരം നൽകുന്നു. അത് ശിർക്കാണ്, കുഫ്‌റാണ്, ബിദ്അത്താണ് എന്നു പറഞ്ഞ് തള്ളാൻ വഹാബി പ്രസ്ഥാനത്തിന് പ്രമാണമൊന്നും സഹായകമല്ലെന്നു സുവ്യക്തം.
അവസാനമായി, സദുദ്ദേശ്യത്തോടെ ടി.കെ അബ്ദുൽ നാസ്വിറിനോട് ഒരു കാര്യമുണർത്തട്ടെ. ഈ പറയുന്നത് സുന്നിമുജാഹിദ് തർക്കമായി കാണാതെ താങ്കളുടെ മകളെ അതീഫ് അബ്ദുൽ റഹ്‌മാന് ഇസ്‌ലാമിക ശരീഅത്ത് പ്രകാരം തന്നെ നികാഹ് ചെയ്ത് കൊടുക്കുക. അത് പരസ്യമാക്കണമെന്നില്ല. നിങ്ങളും അവനും (അല്ലെങ്കിൽ വകീൽ) രണ്ട് സാക്ഷികളും മാത്രം സംബന്ധിച്ചാൽ മതിയല്ലോ! താങ്കളുടെയും മകളുടെയും ശിഷ്ട തലമുറയുടെയും ദീനിയ്യായ ഗുണത്തിനു വേണ്ടി അതു ചെയ്യാൻ ദുരഭിമാനവും വഴിതെറ്റിക്കുന്ന മുജാഹിദ് മൗലവിമാരും താങ്കൾക്ക് തടസ്സമാകാതിരിക്കട്ടെ എന്ന് ആശിക്കുന്നു. മകളുടെ നികാഹ് ഇസ്‌ലാമികമാകാൻ രക്ഷിതാവിനെക്കാൾ താൽപര്യമുള്ള മറ്റൊരാളുണ്ടാവാൻ സാധ്യതയില്ലെന്നതുകൊണ്ടാണ് സോദ്ദേശ്യത്തോടെ ഇക്കാര്യം താങ്കൾക്കു മുന്നിൽ വെക്കുന്നത്. കാനഡയിലെ ഉമർ സാഹിബിനോ മറ്റോ വക്കാലത്ത് കൊടുക്കുകയോ അല്ലെങ്കിൽ അതീഫ് നാട്ടിലെ ആരെയെങ്കിലും വക്കാലത്താക്കുകയോ ചെയ്തും നികാഹ് പ്രവാചക ചര്യയാക്കാവുന്നതാണ്. അടുത്ത ബന്ധുക്കൾക്ക് വേണമെങ്കിൽ സൂമിലൂടെ വീക്ഷിക്കുകയും ചെയ്യാം. തെറ്റിദ്ധാരണ കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിലകപ്പെട്ടുപോയ സാധാരണക്കാർക്ക് മാറിച്ചിന്തിക്കാനും യഥാർത്ഥ ദീനിനും പ്രവാചകചര്യക്കും അനുസൃതമായി വിവാഹവും ജീവിതരീതി മൊത്തത്തിലും പുന:ക്രമീകരിക്കാനും ഇതൊരു സുവർണാവസരമാകട്ടെ.

അബ്ദുറഊഫ് പുളിയംപറമ്പ്

 

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ