അല്ലാഹുവിന്റെ മാസമെന്നറിയപ്പെടുന്ന മുഹര്‍റം ഹിജ്റ കലണ്ടറിലെ പ്രഥമ മാസവും യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിലൊന്നുമാണ്. അല്ലാഹു പറയുന്നു: “ആകാശ ഭൂമികള്‍ സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ചു മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലു മാസം വിശുദ്ധങ്ങളുമാണ്’ (വിശുദ്ധ ഖുര്‍ആന്‍ 9/36). ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണ് പ്രസ്തുത നാലു മാസങ്ങള്‍ (ജലാലൈനി 1/205). യുദ്ധം നിഷിദ്ധമായ മാസമായതു കൊണ്ടാണ് മുഹര്‍റം എന്ന പേര് ഈ മാസത്തിനു ലഭിച്ചത്. ഇബ്ലീസിനു സ്വര്‍ഗം വിലക്കപ്പെട്ടതു കൊണ്ടാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട് (തുഹ്ഫ 8/453).
ജാഹിലിയ്യാ കാലഘട്ടത്തിലെ അക്രമികള്‍ പോലും ഈ നാലു മാസങ്ങളെ ആദരിച്ചിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഹിജ്റ എട്ടാം വര്‍ഷം റബീഅ ഗോത്രക്കാര്‍ അബ്ദുല്‍ ഖൈസിന്റെ പ്രതിനിധികളായി നബി(സ്വ)യെ സന്ദര്‍ശിച്ചപ്പോള്‍ “മുളര്‍ ഗോത്രത്തിലെ ശത്രുക്കള്‍ ഞങ്ങളെ തടയുന്നതു കാരണം യുദ്ധം നിഷിദ്ധമല്ലാത്ത മാസങ്ങളില്‍ ഞങ്ങള്‍ക്ക് അങ്ങയുടെ സവിധത്തി ലെത്താന്‍ സാധിക്കുന്നില്ലെന്ന്’ പരാതിപ്പെട്ടിരുന്നു. ഇതു വിശകലനം ചെയ്ത് മുല്ലാ അലിയ്യുല്‍ ഖാരി(റ) രേഖപ്പെടുത്തുന്നു: “ജാഹിലിയ്യാ കാലത്ത് ജനങ്ങള്‍ യുദ്ധ കോലാഹലങ്ങള്‍ നിരന്തരം നടത്താറുണ്ടെങ്കിലും പവിത്രമായ നാലു മാസങ്ങളുടെ മഹത്ത്വം കണക്കിലെടുത്ത് മുഴുവന്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവര്‍ വിട്ടു നില്‍ക്കുമായിരുന്നു’ (മിര്‍ഖാത്തുല്‍ മഫാതീഹ്). യുദ്ധ നിരോധന നിയമം പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും പ്രസ്തുത നാല് മാസങ്ങളുടെ മഹത്ത്വത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. മറ്റുളള എട്ട് മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഇന്നും അവയ്ക്കുണ്ട് (നിഹായ 7/300). അതേസമയം ഈ നാലു മാസങ്ങളില്‍ ഏറ്റവും പ്രധാനം മുഹര്‍റം തന്നെയാണ്. അതു കൊണ്ടാണ് യുദ്ധം നിഷിദ്ധമായതെന്നര്‍ത്ഥമുള്ള “അല്‍ മുഹര്‍റം’ എന്ന നാമം ഇതിനുമാത്രം ലഭിച്ചത് (തുഹ്ഫ 8/453).
വിശുദ്ധ ഖുര്‍ആനിലെ എണ്‍പത്തൊമ്പതാം അധ്യായത്തിലെ പ്രഥമ സൂക്തത്തില്‍ അല്ലാഹു സത്യം ചെയ്ത് പറയുന്ന “പ്രഭാതം’ മുഹറമിലെ ആദ്യ പ്രഭാതത്തെക്കുറിച്ചാണെന്ന് ഇമാം ഖതാദ (റ) അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഇമാം ഖുര്‍ത്വുബി (റ)വും “പത്ത് രാവുകള്‍’ എന്ന പരാമര്‍ശം മുഹര്‍റത്തിലെ ആദ്യ പത്ത് ദിനങ്ങളെ സംബന്ധിച്ചാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ത്വബരി(റ)വും ഉദ്ധരിച്ചിട്ടുണ്ട്.
മുഹര്‍റം മാസത്തിന് പൊതുവെയും ആദ്യത്തെ പത്തിന് പ്രത്യേകിച്ചും സവിശേഷതകളുണ്ട്. എന്നാല്‍ പത്താമത്തെ ദിവസത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് മുഹര്‍റം പത്ത്. ഫറോവയുടേയും മാരണക്കാരുടേയും കെണിവലകളില്‍ നിന്ന് മൂസാ നബി(അ)ന് അല്ലാഹു വിജയം നല്‍കിയത് ഈ ദിവസത്തിലാണ് (അല്‍ ബിദായതു വന്നിഹായ 1/354).
ചരിത്രപാഠങ്ങള്‍
ചരിത്രത്തിലെ പ്രധാന ധിക്കാരിയും അക്രമിയുമായ ഫറോവയുടെ ദയനീയമായ അധഃപതനവും മൂസാനബിയുടെയും ജനതയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പും മുഹര്‍റം പത്തിന്റെ ദീപ്ത സ്മരണകളില്‍പ്പെട്ടതാണ്. അധികാരത്തിന്റെ തിണ്ണ ബലത്തില്‍ അഹങ്കാരത്തിന്റെ പല്ലക്കിലേറി ദുര്‍ബല വിഭാഗങ്ങളെ അടിമകളാക്കിയും അടിച്ചൊതുക്കിയും കിരാത ഭരണം കാഴ്ചവെച്ച ഫറോവക്കെതിരെ സത്യവിശ്വാസത്തിന്റെ കരുത്തുമായി നിലകൊണ്ട മൂസാനബി(അ)യുടെയും അനുയായികളുടെയും വിജയത്തിന്റെ അവിസ്മരണീയമായ പാഠങ്ങള്‍ അയവിറക്കുന്ന ദിവസമാണത്. ധിക്കാരികള്‍ക്കു മുന്നില്‍ സ്ഥ്യൈവും ദൃഢവിശ്വാസവും കൈവിടാതെ പ്രബോധന രംഗത്തുറച്ചു നിന്ന മൂസാ നബിയുടെയും അനുചരരുടെയും വിജയ ചരിത്രങ്ങള്‍ നവ സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലും സത്യ വിശ്വാസികള്‍ക്ക് പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടുപോകാനുള്ള പ്രചോദനം നല്‍കുന്നതാണ്.
മഹാ ജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കപ്പല്‍ കയറിയ നൂഹ് നബി(അ)യും വിശ്വാസികളും കപ്പലിറങ്ങിയതും മുഹര്‍റം പത്തിനാണ് (ഇമാം ബൈഹഖി, ശുഅബുല്‍ ഈമാന്‍/3640). തിരുനബി(സ്വ)യുടെ പൗത്രനും ഇമാം അലി(റ)ന്റെ പുത്രനുമായ ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ രക്ത സാക്ഷിയായതും ഇതേ ദിവസമാണ് (ഇമാം ത്വബ്റാനി, അല്‍ മുഅ്ജമുല്‍ കബീര്‍/2736).
കൂടാതെ സ്വര്‍ഗം, നരകം, ഖലം, അര്‍ശ്, ലൗഹുല്‍ മഹ്ഫൂള് തുടങ്ങിയവയെല്ലാം സൃഷ്ടിക്കെപ്പട്ടതും മുഹര്‍റം പത്തിനാണ്. ആദം നബി(അ)ന്റെ തൗബ അല്ലാഹു സ്വീകരിച്ചതും ഇബ്രാഹീം നബി(അ)നെ നംറൂദിന്റെ തീയില്‍ നിന്നു രക്ഷ പ്പെടുത്തിയതും മൂസ നബി(അ)ന് തൗറാത്ത് അവതീര്‍ണമായതും യൂസുഫ് നബി(അ) ജയില്‍ മോചിതനായതും യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചു ലഭിച്ചതും അയ്യൂബ് നബി(അ)ക്ക് ആരോഗ്യം തിരിച്ചുകിട്ടിയതും സുലൈമാന്‍ നബി(അ) ലോകത്തിന്‍റ ചക്രവര്‍ത്തിയായതും യൂനുസ് നബി(അ) മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന് രക്ഷപ്പെട്ടതും ആദ്യമായി മഴ വര്‍ഷിച്ചതുമെല്ലാം ഇതേ ദിവസം തന്നെ (ഇആനത്ത് 2/266). ഇസ്‌ലാമിന്റെ ശോഭന ചരിത്രത്തിലേക്ക് പുതിയ പല അധ്യായങ്ങളും തുന്നിച്ചേര്‍ത്ത പുണ്യദിനമാണ് മുഹര്‍റം പത്തെന്ന് ചുരുക്കം.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനും അതിരറ്റ സന്തോഷം പ്രകടിപ്പിക്കുന്നതിനുമാണ് മുഹര്‍റം പത്തിന്റെ (ആശൂറാഅ്) നോമ്പ് സുന്നത്താക്കിയിട്ടുള്ളത്. നന്ദി പ്രകടനത്തിന്റെ ഒരു പ്രധാന ആരാധനയാണല്ലോ വ്രതം. സുജൂദ്, നോമ്പ്, സ്വദഖ, ഖുര്‍ആന്‍ പാരായണം തുടങ്ങിയ ആരാധനകള്‍ കൊണ്ടെല്ലാം അല്ലാഹുവിനോടുള്ള നന്ദി പ്രകടനമാകാമെന്ന് ഇമാം സുയൂത്വി(റ) വ്യക്തമാക്കിയിട്ടുണ്ട് (അല്‍ഹാവി ലില്‍ ഫതാവ). ലോക ഗുരു മുഹമ്മദ് നബി(സ്വ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായതു കൊണ്ടാണല്ലോ എല്ലാ തിങ്കളാഴ്ചകളിലും നോമ്പ് സുന്നത്തായത്.
മൂസാ നബി(അ)യും കൂട്ടുകാരും ഫറോവയുടെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ നന്ദി പ്രകടിപ്പിച്ച് ജൂതന്മാരും മുഹര്‍റം പത്തിന് വ്രതമനുഷ്ഠിച്ചിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: “പ്രവാചകര്‍(സ്വ) മദീനയില്‍ ചെന്നപ്പോള്‍ ആശൂറാഅ് ദിവസം ജൂതന്മാര്‍ നോമ്പ് എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെപ്പറ്റി ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: “ഈ ദിവസമാണ് മൂസാ നബി(അ)യെയും ബനൂഇസ്റാഈല്യരെയും ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചത്. അതു കൊണ്ട് ആ ദിവസത്തെ ആദരിച്ചു കൊണ്ട് ഞങ്ങള്‍ നോമ്പ് അനുഷ്ഠിക്കുന്നു’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഞങ്ങളാണ് നിങ്ങളേക്കാള്‍ മൂസാ നബി(അ) യുമായി ഏറ്റവും ബന്ധമുള്ളവര്‍’. അങ്ങനെ ആ ദിവസം നോമ്പ് അനുഷ്ഠിക്കാന്‍ നബി(സ്വ) കല്‍പ്പിച്ചു (സ്വഹീഹുല്‍ ബുഖാരി). മുസ്‌ലിം(റ)ന്റെ റിപ്പോര്‍ട്ടില്‍ “ആ ദിവസം മൂസാ നബി(അ) നന്ദിപ്രകടനമായി നോമ്പനുഷ്ഠിച്ചു. അതുകൊണ്ട് ഞങ്ങളും നോമ്പ് അനുഷ്ഠിക്കുന്നു’ എന്നു കൂടിയുണ്ട്’ (സ്വഹീഹ് മുസ്‌ലിം).
നബി(സ്വ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോന്പിലായിരുന്നുവെന്ന് ഈ ഹദീസിനര്‍ത്ഥമില്ല. പ്രത്യുത, മദീനയിലെത്തിയതിന് ശേഷമുള്ള മുഹറം പത്തിന് അവര്‍ നോന്പെടുക്കുമ്പോള്‍ നബി(സ്വ) അതിനെക്കുറിച്ച് ജൂതന്മാരോട് അന്വേഷിക്കുകയായിരുന്നു. അല്ലാത്തപക്ഷം, ജൂതര്‍ ആശുറാഅ് നോമ്പ് റബീഉല്‍ അവ്വലിലാണ് അനുഷ്ഠിച്ചതെന്ന് വരും. കാരണം നബിയുടെ ഹിജ്റ നടന്നത് റബീഉല്‍ അവ്വലിലാണല്ലോ. ആശൂറാഅ് ദിനത്തിന്റെ പ്രാധാന്യം നബി(സ്വ) മനസ്സിലാക്കുന്നത് ജൂതന്മാരില്‍ നിന്നാണോ എന്ന ചോദ്യവും അസ്ഥാനത്താണ്. കാരണം മക്കയില്‍ വെച്ച് തന്നെ നബി(സ്വ) ഖുറൈശികളോടൊപ്പം മുഹര്‍റം പത്തിനു നോമ്പനുഷ്ഠിച്ചിരുന്നുവെന്ന ഹദീസ് ആഇശാ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹതി പറയുന്നു: “അജ്ഞാന കാലത്ത് ഖുറൈശികള്‍ ആശൂറാഅ് ദിവസം നോന്പെടുത്തിരുന്നു. നുബുവ്വത്തിനു മുമ്പ് നബി(സ്വ)യും ഈ നോന്പെടുത്തു. അവിടുന്ന് മദീനയില്‍ പോയപ്പോള്‍ പ്രസ്തുത നോമ്പ് സ്വയം അനുഷ്ഠിക്കുന്നതിനു പുറമെ അനുയായികളോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു’ (അബൂദാവൂദ്, നസാഈ). മദീനയിലെ പ്രബല സമുദായമായ ജൂതന്മാരുടെ വിശപ്പ് ദിനത്തെ മുസ്‌ലിംകളും മാനിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താനും സൗഹൃദം നിലനിര്‍ത്താനും വേണ്ടി മാത്രമാണ് നബി(സ്വ) ഇക്കാര്യം അവരോട് അന്വേഷിച്ചതെന്നും ഇതില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ശിര്‍ക്ക് നിറഞ്ഞ ഓണാഘോഷത്തിനു പോലും ഈ സംഭവം വേണ്ടവിധം മനസ്സിലാക്കാതെ ചില വികട പണ്ഡിതര്‍ തെളിവാക്കുന്നത് കൗതുകകരമാണ്.
സുന്നത്തു നോമ്പുകളില്‍ അധി പ്രധാനമാണ് മുഹര്‍റം മാസത്തിലെ നോമ്പ്. വിശിഷ്യാ പത്താമത്തെ ദിവസം. “ദിവസങ്ങളുടെ കൂട്ടത്തില്‍ മുഹര്‍റം പത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമളാനിലുമാണ് നബി(സ്വ) ഏറെ നിര്‍ബന്ധ ബുദ്ധിയോടെ നോന്പെടുക്കുന്നതായി ഞാന്‍ കണ്ടതെന്ന്’ ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട് (സ്വഹീഹുല്‍ ബുഖാരി). ആശുറാഇന്റെ നോമ്പ് ഒരു കൊല്ലത്തെ ദോഷം പൊറുപ്പിക്കുന്നതാണെന്ന നബിവചനം അബൂ ഖതാദ(റ) ഉദ്ധരിച്ചിട്ടുണ്ട് (സ്വഹീഹു മുസ്‌ലിം).
മുഹര്‍റം ഒന്ന് മുതല്‍ പത്ത് വരെയുള്ള വ്രതാനുഷ്ഠാനം ശക്തമായ സുന്നത്തും ആ മാസം മുഴുവന്‍ നോന്പെടുക്കല്‍ സുന്നത്തുമാണ് (ഫതാവല്‍ കുബ്റാ 2/79). ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) എഴുതുന്നു: “റമളാനൊഴികെയുള്ള മാസങ്ങളില്‍ വെച്ച് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളാണ്. അവയില്‍ തന്നെ ഏറ്റവും ശ്രേഷ്ഠത മുഹര്‍റത്തിനും. ശേഷം റജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്‍ഖഅ്ദുമാണ് ( ഫത്ഹുല്‍ മുഈന്‍/204).
മുഹര്‍റം പത്തിനു വ്രതം സുന്നത്തുള്ളതു പോലെ ഒമ്പതിനും (താസൂആഅ്) സുന്നത്തുണ്ട്. മാസപ്പിറവിയുടെ നിര്‍ണയത്തില്‍ വന്നേക്കാവുന്ന ധാരണപ്പിശക് മൂലം ദിവസ വ്യത്യാസത്തിനുള്ള സാധ്യതയില്ലാതാവുക, പത്തിനു മാത്രം നോന്പെടുത്തിരുന്ന ജൂതന്മാരോട് എതിരാവുക തുടങ്ങിയവയാണ് ഇതിനു പിന്നിലെ രഹസ്യങ്ങള്‍ (മുഗ്നി1/446).
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു: “പ്രവാചകന്‍(സ്വ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: പ്രവാചകരേ, ഈ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്ത്വപ്പെടുത്തുന്നുണ്ടല്ലോ? അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഒമ്പതാമത്തെ ദിവസവും നാം നോമ്പനുഷ്ഠിക്കുന്നതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു: അടുത്ത വര്‍ഷമായപ്പോഴേക്കും നബി (സ്വ) വഫാത്തായിരുന്നു’ (മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് താസൂആഅ് ദിനത്തിലും നോമ്പ് സുന്നത്തുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നത്.
ജൂതര്‍ക്കൊപ്പം മുഹര്‍റം പത്തിന് നോന്പെടുക്കുന്ന നിലപാട് എട്ട് വര്‍ഷത്തോളം തുടര്‍ന്നതിനു ശേഷം ഹിജ്റയുടെ പത്താം വര്‍ഷം അഥവാ നബി(സ്വ)യുടെ അറുപത്തി മൂന്നാം വയസ്സിലാണ് ആ പ്രഖ്യാപനം. പരമാവധി സഹകരണം പ്രകടിപ്പിച്ചിട്ടും ബനുന്നളീര്‍, ബനൂഖുറൈള, ബനൂ ഖൈനുഖാഅ് തുടങ്ങിയ ജൂത ഗോത്രങ്ങള്‍ തിരു നബിയെ പലതവണ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തതു നിമിത്തം ഇനിയൊരു നിലക്കും രജ്ഞിപ്പിലെത്താന്‍ സാധ്യമല്ലെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടപ്പോഴാണ് ജൂതരോട് നിസ്സഹകരണവും എതിര്‍പ്പും പ്രകടിപ്പിക്കാനുള്ള ഈ കല്‍പന വരുന്നതെന്നുകൂടി മനസ്സിലാക്കണം.
മുഹര്‍റം ഒമ്പതിനും പത്തിനുമൊപ്പം പതിനൊന്നിനും നോന്പെടുക്കല്‍ സുന്നത്താണ്. “നിങ്ങള്‍ ആശൂറാഅ് ദിവസം നോന്പെടുക്കുക. ജൂതന്‍മാരോട് വ്യത്യാസം പുലര്‍ത്തുന്നവരാകുക. അതിന് മുന്പൊരു ദിവസവും ശേഷമൊരു ദിവസവും നിങ്ങള്‍ വ്രതമനുഷ്ഠിക്കുക’ എന്നു നിര്‍ദേശമുള്ള റിപ്പോര്‍ട്ട് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട് (ഇആനത്ത് 2/266).
മാസപ്പിറവിയുമായി ബന്ധപ്പെട്ട സൂക്ഷ്മതക്കു വേണ്ടി ഒമ്പതിന് നോന്പെടുത്താലും പതിനൊന്നിനും നോമ്പ് സുന്നത്തു തന്നെയാണ്. കാരണം പിറവിയിലെ പിഴവ് മുന്തിയും പിന്തിയുമൊക്കെയാവാമല്ലോ (ശര്‍വാനി 3/456). അതേ സമയം ഒമ്പതിനു നോമ്പനുഷ്ഠിച്ചവര്‍ക്കും അനുഷ്ഠിക്കാത്തവര്‍ക്കും പത്തോടൊപ്പം പതിനൊന്നിനും വ്രതം സുന്നത്തു തന്നെയാണ് (ഫത്ഹുല്‍ മുഈന്‍/203). ഇനി ഒരാള്‍ പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ മാത്രമാണ് അനുഷ്ഠിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അവന് ഏറ്റവും ഉത്തമം ഒമ്പതാണ്. കാരണം അതില്‍ ജൂതന്മാരോടുള്ള നിസ്സഹകരണവും മുഹര്‍റത്തിന്റെ ആദ്യ പത്തു ദിനമെന്ന ശ്രേഷ്ഠതയുമുണ്ട്. ഇനി ഒമ്പതോ പതിനൊന്നോ ഇല്ലാതെ പത്തിനു മാത്രം നോമ്പനുഷ്ഠിക്കുന്നതും കറാഹത്തല്ല (ഇബ്നുഖാസിം 3/455).
ആശൂറാഅ് ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കലും ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്/327).
മുഹറം പത്തില്‍ ഭക്ഷണ വിശാലത നല്‍കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ സമൃദ്ധി ലഭിക്കുമെന്ന് പ്രമാണയോഗ്യമായ ഹദീസുകളിലുണ്ട്. ആശുറാഅ് ദിനത്തില്‍ കുടുംബത്തിനു വിശാലത നല്‍കിയവര്‍ക്ക് അല്ലാഹു വളരെ കൂടുതല്‍ വിശാലത നല്‍കിയതായി ഈ ഹദീസിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അനുഭവമുണ്ടെന്ന് ഇമാം കുര്‍ദി(റ) വ്യക്തമാക്കിയിട്ടുണ്ട് (തര്‍ശീഹ്/170). ആശുറാഅ് ദിവസവുമായി ബന്ധപ്പെട്ട് പല ആചാരങ്ങളും പ്രചാരത്തിലുണ്ടെങ്കിലും നോന്പും കുടുബത്തിനു നല്‍കുന്ന ഭക്ഷണ സുഭിക്ഷതയുമൊഴികെയുള്ള ഒന്നും തന്നെ സ്വഹീഹായ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടില്ലെന്ന് സയ്യിദ് ബകരി(റ) രേഖപ്പെടുത്തുന്നു.
പവിത്രമായ മുഹറം മാസത്തിലെ ആചാരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം അനാചാരങ്ങള്‍ പ്രചരിപ്പിക്കാനും അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കാനുമാണ് ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നത്. മുഹര്‍റം മാസപ്പിറവി മറഞ്ഞു കാണുന്നതു ജീവിതത്തിലെ ഏറ്റവും വലിയ ദുശ്ശകുനമാണെന്നും മുഹര്‍റത്തില്‍ നഷ്ടം വന്നാല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും നഷ്ടം വരുമെന്നും മുഹറം പത്തിനുമുമ്പ് വിവാഹം, സല്‍ക്കാരം, ഗൃഹപ്രവേശം, കച്ചവടം പോലുള്ളവ തുടങ്ങാന്‍ പാടില്ലെന്നുമുള്ള അന്ധവിശ്വാസങ്ങള്‍ക്ക് മതത്തില്‍ യാതൊരു തെളിവുമില്ല. മുന്‍ഗാമികള്‍ മുഹര്‍റത്തിലെ ആദ്യത്തെ പത്തു ദിവസം നിര്‍ബന്ധ ബുദ്ധ്യാ നോന്പെടുത്തിരുന്നതു നിമിത്തം സദ്യ വിളമ്പുന്ന പരിപാടികളെല്ലാം പത്തിനു ശേഷമുള്ള ദിവസങ്ങളിലേക്ക് മാറ്റിവെച്ചതില്‍ നിന്ന് തെറ്റിദ്ധരിച്ചുണ്ടായതാവണം ഈ ധാരണ.
മുഹര്‍റത്തിലെ ഇത്തരം അന്ധവിശ്വാസങ്ങളെ മുഴുവന്‍ പണ്ഡിതന്മാര്‍ നഖശിഖാന്തം വിമര്‍ശിക്കുക യാണ് ചെയ്തത്. അവര്‍ പറയുന്നതു കാണുക: “ആശൂറാഇന്റെ ദിവസം സുറുമയിട്ടാല്‍ ആ വര്‍ഷം കണ്ണ് രോഗമുണ്ടാകില്ല, അന്നു കുളിച്ചാല്‍ ആ വര്‍ഷം തീരെ രോഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകളെല്ലാം നിര്‍മിതങ്ങളാണ്’ (ഇആനത്ത് 2/266,267). ആശൂറാഅ് ദിനത്തില്‍ സുറുമയിടുന്ന സന്പ്രദായം ഹുസൈന്‍(റ)ന്റെ ഘാതകര്‍ ആവിഷ്ക്കരിച്ചതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശര്‍വാനി 3/455). ഈ ദിവസത്തില്‍ ആശൂറാ പായസം കഴിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടെന്നും അതിനു മറ്റു ഭക്ഷണത്തേക്കാള്‍ മഹത്ത്വമുണ്ടെന്നും ശരീരത്തില്‍ എണ്ണ പുരട്ടലും ചായം തേയ്ക്കലുമെല്ലാം പ്രസ്തുത ദിവസം പ്രത്യേകം പുണ്യമുള്ളതാണെന്നുമുള്ള ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട് (തര്‍ശീഹ്/170).
ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ശിയാക്കള്‍ സംഘടിപ്പിക്കാറുള്ള ശാരീരിക പീഡനങ്ങള്‍ നടത്തിയുള്ള മുഹര്‍റം ആഘോഷത്തിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ഹിജ്റ 61ാം വര്‍ഷം മുഹറം പത്തിനാണ് ഹുസൈന്‍(റ) വധിക്കപ്പെട്ടതെന്നതു ചരിത്ര സത്യ മാണ്. എന്നാല്‍ അനുഗ്രഹങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കാനും വിപത്തുകളില്‍ ക്ഷമ കൈക്കൊ ള്ളാനുമാണ് ഇസ്‌ലാമിന്റെ ആഹ്വാനം. പ്രവാചകന്മാരുടെ വഫാത്ത് ദിനങ്ങളുടെ ദുഃഖാചരണം പോലും അല്ലാഹുവോ പ്രവാചകനോ അനുവദിച്ചിട്ടില്ലെന്നിരിക്കെ, മറ്റുള്ളവരുടെ പേരില്‍ ദുഃഖാചരണം നടത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് പണ്ഡിതമതം.
സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ