കള്ളം പറയലും പ്രചരിപ്പിക്കലും പരിശുദ്ധ ഇസ്ലാം കഠിനമായി വിലക്കിയതാണ്. അതിരു വിടുന്ന തമാശകളും കുസൃതികളും പലപ്പോഴും അസത്യങ്ങളിലെത്തിയേക്കും. പെരുമാറ്റത്തിലും സംസാരത്തിലും സത്യസന്ധരാകേണ്ടവരാണ് യഥാര്‍ത്ഥ സത്യവിശ്വാസി. കളവ്, കാപട്യം, വഞ്ചന, തട്ടിപ്പ്, വെട്ടിപ്പ് എന്നിവയൊന്നും അവന്റെ സ്വഭാവത്തില്‍ പെട്ടതല്ല. തമാശക്ക് പോലും കളവു പറയാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.
ഇമാം മാലിക്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: തിരുനബി(സ്വ) പറഞ്ഞു: വിശ്വാസിയില്‍ നിന്ന് ചില ദുര്‍ബല നിമിഷങ്ങളില്‍ മറ്റേത് തെറ്റ് സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കിലും കളവ്, വഞ്ചന എന്നിവ ഏത് സാഹചര്യത്തിലും യഥാര്‍ത്ഥ വിശ്വാസിയില്‍ നിന്നുണ്ടാവുകയില്ല’.
നബി(സ്വ)ക്ക് ഏറ്റവും വെറുപ്പുള്ള സ്വഭാവം കളവായിരുന്നു. മുസ്ലിംകളില് ആരെങ്കിലും കളവ് പറയാനുള്ള സാഹചര്യമുണ്ടായാല്‍ അവര്‍ ആത്മാര്‍ത്ഥമായി തൗബ ചെയ്യുന്നത് വരെ അവിടുന്ന് മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. തന്റെ അടുത്ത വല്ലവരും അസത്യം പറഞ്ഞാല്‍ പശ്ചാത്തപിക്കുന്നത് വരെ റസൂല്‍(സ്വ) അവരോട് പിണങ്ങുമായിരുന്നു. അസത്യത്തിന്റെ വക്താക്കള്‍ക്ക് ഇസ്ലാമില്‍ യാതൊരു പരിഗണനയുമില്ല. മലക്കുകള്‍ ഇത്തരക്കാരില്‍ നിന്ന് അകന്നുനില്ക്കാനാണിഷ്ടപ്പെടുക. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ ഒരു കളവ് പറഞ്ഞാല്‍ അതു കാരണം വമിക്കുന്ന ദുര്‍ഗന്ധം നിമിത്തം മലക്കുകള്‍ അവനില്‍ നിന്ന് അകലുന്നതാണ്’.
താല്‍ക്കാലിക കാര്യലാഭത്തിന് വേണ്ടിയാണ് പലപ്പോഴും കളവ് പറയുക. എന്നാല്‍ സത്യസന്ധനായൊരാള്ക്ക് ഒരിക്കലുമതിന് സാധിക്കില്ല. ജുനൈദുല്‍ ബാഗ്ദാദി(റ) പറയുന്നു: ‘കളവ് പറഞ്ഞാല്‍ മാത്രം ലഭിക്കുന്ന നേട്ടങ്ങള്‍ വേണ്ടെന്ന്വച്ച് സത്യംതന്നെ പറയലാണ് യഥാര്‍ത്ഥ സത്യസന്ധത.’
രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ പ്രസ്താവന സ്മരണീയം: ‘സത്യം പറഞ്ഞത് കാരണം നേരിടേണ്ടിവരുന്ന തിരിച്ചടികളാണ് കളവ് പറഞ്ഞു ലഭിക്കുന്ന ഉയര്‍ച്ചയെക്കാള്‍ എനിക്കേറ്റവും പ്രിയങ്കരം.’
കളവ് ശീലമാക്കിയവര്‍ക്കുള്ള ശിക്ഷ കഠിനമാണ്. ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ്വ) പറഞ്ഞു: ‘ ഞാന്‍ വേദനാ ജനകമായ ഒരു സ്വപ്നം കണ്ടു. ഒരാള്‍ തന്റെ വായ തുറക്കുന്നു, തത്സമയം രണ്ടു പിളര്‍പ്പായി അത് കീറുന്നു. ഇത് പലവുരു ആവര്‍ത്തിക്കപ്പെടുന്നു. അത് കള്ളം പറയുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കുള്ള ശിക്ഷയാണെന്ന് രണ്ട് പേര് വന്ന് എനിക്ക് വിശദീകരിച്ച് തന്നു. അന്ത്യനാള്‍ വരെ അഭംഗുരം ഇത് തുടരുകയും ചെയ്യും (ഇമാം അഹ്മദ്). സോഷ്യല്‍ മീഡിയയും മറ്റും ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായ ഇക്കാലത്ത് ഈ ഹദീസ് ഏറെ ചിന്തനീയമാണ്. ഇത്തരക്കാരുടെ സങ്കേതം നാളെ നരകമായിരിക്കും. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ‘കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തി ലേക്കും നയിക്കുമെന്നുണ്ട്.’
കളവ് പതിവാക്കിയവന് അല്ലാഹുവിങ്കല്‍ ‘നുണയന്’ എന്നാണറിയപ്പെടുന്നത്. ‘കയ്പുള്ളതാണെങ്കിലും സത്യം മാത്രമേ പറയാവൂ. കളവിന്റെ പര്യവസാനം ദു:ഖവും സത്യത്തിന്റേത് സന്തോഷവുമായിരിക്കും. സ്വഹാബിവര്യനായ കഅബ്(റ)ന്റെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. തബൂക്ക് യുദ്ധത്തിന് നബി(സ്വ)യും സ്വഹാബത്തും പുറപ്പെട്ടപ്പോള്‍ കഅബ്(റ)ന്റെ സാഹചര്യം തീര്‍ത്തും അനുകൂലമായിരുന്നു. മുസ്ലിം സൈന്യത്തില്‍ ചേരണമെന്നദ്ദേഹം ആഗ്രഹിച്ചു. അതിന് വേണ്ടി ഒരുക്കങ്ങള്‍ നടത്തി. പക്ഷേ എന്തുകൊണ്ടോ അത് പൂര്‍ത്തിയായില്ല, അദ്ദേഹം യുദ്ധത്തിന് പോയതുമില്ല. യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പോകാതെ മാറിനിന്ന പലരും നബി(സ്വ)യോട് കളവ് പറഞ്ഞു രക്ഷപ്പെട്ടു. പക്ഷേ കഅബ്(റ) സത്യം തുറന്നുപറഞ്ഞു. അദ്ദേഹം ബോധിപ്പിച്ചു: ‘നബിയേ, യുദ്ധത്തില്‍ ചേരാതിരിക്കാന്‍ പറയത്തക്ക കാരണങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. അങ്ങയോടല്ലാതെ മറ്റാരോടെങ്കിലുമായിരുന്നെങ്കില്‍ എനിക്ക് കളവ് പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. ‘ഉടനെ നബി(സ്വ) പ്രതിവചിച്ചു: താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. അതുകൊണ്ട് താങ്കളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ മാറി നില്‍ക്കണം. തിരുനബി(സ്വ)യുടെ കല്പനപ്രകാരം എല്ലാവരാലും അദ്ദേഹം ബഹിഷ്കൃതനായി. മറ്റു പലരും കള്ളം പറഞ്ഞു രക്ഷപ്പെട്ടതുപോലെ രക്ഷപ്പെടാത്തതിന് അടുപ്പക്കാര്‍ പലരും കുറ്റ പ്പെടുത്തി. ബഹിഷ്കരണം കൂടുതല്‍ ശക്തമായി. ആള്‍ക്കൂട്ടത്തില്‍ ഏകാന്തതയുടെ തീക്ഷ്ണത ദിവസങ്ങളോളം അനുഭവിച്ചു. പ്രലോഭനങ്ങളും വന്‍കിട വാഗ്ദാനങ്ങളുമായി ഇസ്ലാമിന് പുറത്തുള്ള പലരും അദ്ദേഹത്തെ സമീപിച്ചുനോക്കി. പക്ഷേ ആ സത്യസന്ധനു മുന്നില്‍ അവര്‍ക്കെല്ലാം നിരാശരായി മടങ്ങേണ്ടിവന്നു. വന്നുപോയ അപരാധത്തില്‍ അദ്ദേഹം ഉള്ളുരുകി പശ്ചാത്തപിച്ചു.
50 ദിവസത്തിനു ശേഷം കഅ്ബിന്റെ പശ്ചാത്താപം സ്വീകരിച്ചതായി അല്ലാഹു ആയത്തിറക്കി. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, സത്യസന്ധരോടൊപ്പം അണിനിരക്കുകയും ചെയ്യുക.’ ഈ സൂക്തത്തോടെയാണ് കഅ്ബ്(റ)ന്റെ വിഷയത്തില്‍ ഇറങ്ങിയ ആയത്തുകളെ അല്ലാഹു അവസാനിപ്പിച്ചത്.
സത്യഭാഷണത്തിന് മുതുനെല്ലിക്കയുടെ സ്വാദാണെന്നു പറയാം. തുടക്കത്തില്‍ അല്പം കയ്പ്പ് അനുഭവപ്പെട്ടാലും അവസാനം മധുരമാണ്. അമ്പത് ദിവസത്തെ കയ്പിന് അന്ത്യനാള്‍ വരെയുള്ള മധുരം! കഅബ്(റ)ന്റെ സത്യസന്ധത ലോകാവസാനം വരെയുള്ള സത്യവിശ്വാസികള്‍ ഖുര്‍ആനിലൂടെ അനുസ്മരിച്ചുകൊണ്ടിരിക്കുന്നു. പരലോകത്ത് ലഭിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങള്‍ വേറെയും. സന്തോഷാധിക്യത്താല്‍ അദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയോടി മദീനാ പള്ളിയിലെത്തി. തന്റെ അനുയായിയുടെ സത്യസന്ധതക്ക് ലഭിച്ച അവര്‍ണനീയ ബഹുമതി കാരണം ആനന്ദത്തിലായ പുണ്യപ്രവാചകര്(സ്വ) പൗര്‍ണമി കണക്കെ പ്രശോഭിത മുഖവുമായി കഅബ്(റ)നെ സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു: ‘യാ റസുലല്ലാഹ്, എന്റെ സത്യസന്ധതയണ് എന്നെ രക്ഷിച്ചത്. ഇനിയൊരിക്കലും ഞാന്‍ കളവ് പറയില്ല’. സത്യസന്ധതയുടെ മധു നുകര്‍ന്ന അദ്ദേഹം ആത്മഗതം ചെയ്തു. സംഭവബഹുലമായ ആ പുരുഷായുസ്സ് അവസാനിക്കുന്നത് വരെ ഒരു കളവും പറഞ്ഞില്ല.
പറയുന്ന ഒരു വാക്കിലും കളവിന്റെ അംശം വരാതിരിക്കാന്‍ മുന്‍ഗാമികളായ മഹാന്മാര് അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. റബീഉബ്നു ഖൈസം(റ)ന്റെ വീട്ടില്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹോദരി വന്നു. റബീഇന്റെ കുട്ടിയെ വാല്‍സല്യപൂര്‍വം ‘എന്റെ പൊന്നു മോനേ’ എന്ന് വിളിച്ചു. ഉടനെ മഹാന് പ്രതികരിച്ചു: ‘നിനക്ക് സഹോദര പുത്രാ എന്ന് വിളിച്ച് സത്യം പറഞ്ഞു കൂടായിരുന്നോ പെങ്ങളേ…?’
ഔനുബ്നു അബ്ദില്ല(റ) പറയുന്നു: കുട്ടിയാ യിരുന്നപ്പോള്‍ പിതാവ് എനിക്ക് നല്ല ഭംഗിയുള്ള വസ്ത്രം വാങ്ങി നല്കി. അത് ധരിച്ചുകണ്ട കൂട്ടുകാര്‍ ചോദിച്ചു: ഇതു നമ്മുടെ അമീര്‍ തന്നതാണോ? അങ്ങനെ തോന്നിക്കാന്‍ വേണ്ടി ഞാന്‍ രാജാവിനു വേണ്ടി ദുആ ചെയ്തു. ഇതറിഞ്ഞ പിതാവ് എന്നെ ഉപദേശിച്ചു: ‘നീ കളവ് പറയരുത്. കളവ് പോലുള്ളതും പറയരുത്.’
സഹ്ലുബ്നു അലി(റ)യോട് ഒരിക്കല്‍ ഉമ്മ വാതിലിന്റെ പകുതി അടക്കാന്‍ പറഞ്ഞു. അദ്ദേഹം ഒരു നൂല്വച്ച് അളന്നു പകുതി കൃത്യമായി അടച്ചു.
കളവിന്റെ കാര്യത്തില്‍ ഇത്രയും കണിശതയാണ് മുന്‍ഗാമികള്‍ പ്രകടിപ്പിച്ചത്. ഏതു പ്രതിസന്ധിഘട്ടത്തിലും സത്യം മുറുകെ പിടിക്കുന്നവരുടെ സ്ഥാനം ശുഹദാക്കളുടെയും മീതെയാണ്. അതുകൊണ്ട് തന്നെ തിരുനബി(സ്വ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ‘അല്ലാഹുവേ, സത്യം മാത്രം പറയുന്ന നാവ് ഞാന്‍ നിന്നോട് ചോദിക്കുന്നു’ (തുര്‍മുദി).
അന്ത്യനാളിന്റെ ചെറുതും വലുതുമായ നിരവധി അടയാളങ്ങള്‍ നബി(സ്വ) എണ്ണിയ കൂട്ടത്തില്‍ കളവ് വ്യാപകമാകല്‍ എന്നു കാണാം. കച്ചവട വിജയത്തിനു വേണ്ടി ചരക്കുകളുടെ ഇല്ലാത്ത ഗുണങ്ങള്‍ പരസ്യം ചെയ്യുകയും ന്യൂനതകള്‍ മറച്ച് വെക്കുകയും ചെയ്യുക, ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുക, കുട്ടികള്‍ക്ക് വല്ലതും വാക്ക് കൊടുത്ത് അത് ലംഘിക്കുക, കേസില്‍ നിന്ന് രക്ഷപ്പെടാനോ മറ്റുള്ളവരെ കേസില്‍ കുടുക്കാനോ കളവ് പറയുക, അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ കളവ് പറയുക, കാണാത്ത സ്വപ്നം ഉണ്ടാക്കി പറയുക, ഖുര്‍ആനിനെ കുറിച്ചും ഹദീസിനെ കുറിച്ചും അറിയാതെ വ്യാഖ്യാനം പറയുക തുടങ്ങിയവ സര്‍വസാധാരണയായി കണ്ടുവരുന്ന കളവുകളില്‍ ചിലതാണ്.
കളവില്‍ നിന്ന് ഒരുനിലക്കും ഒഴിഞ്ഞു മാറാന്‍ പറ്റില്ല എന്ന അവസ്ഥ വന്നാല്‍ അവിടെ വല്ല ആലങ്കാരിക പ്രയോഗങ്ങളും നടത്തി വ്യക്തമായ കളവില്‍ നിന്ന് രക്ഷനേടുകയാണ് ചെയ്യേണ്ടത്. ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസ് ഇതിനുദാഹരണമാണ്: അബൂത്വല്‍ഹ(റ) രാവിലെ വീട്ടില്‍ നിന്ന് ജോലിക്കിറങ്ങുമ്പോള്‍ ഏക മകന് രോഗഗ്രസ്ഥനാണ്. അദ്ദേഹം തിരിച്ചുവന്നപ്പോഴേക്ക് രോഗം മൂര്‍ച്ഛിച്ച് കുട്ടി മരിച്ചിരുന്നു. പക്ഷേ പകല്‍ മുഴുവന്‍ അധ്വാനിച്ച് ക്ഷീണിതനായെത്തിയ പ്രിയതമനെ പുത്രന്റെ വിയോഗവിവരം ഭാര്യ വ്യക്തമായി അറിയിച്ചില്ല. അദ്ദേഹം രോഗവിവരം അന്വേഷിച്ചപ്പോള്‍ മഹതി ഇപ്രകാരം മറുപടി നല്കി: ‘ഹദഅ നഫ്സുഹു’ (അവന്റെ ആത്മാവ് സുഖമായിരിക്കുന്നു). പിന്നീട് ഈ വിവരം അറിഞ്ഞ നബി(സ്വ) അതിന് അംഗീകാരം നല്കുകയുണ്ടായി.
അനിവാര്യമെങ്കില്‍ മൂന്ന് സമയങ്ങളില്‍ കളവ് പറയാന്‍ തിരുനബി(സ്വ) അനുമതി നല്കിട്ടുണ്ട്. യുദ്ധസമയം, പിണങ്ങിക്കഴിയുന്നവര്ക്കിടയില് രഞ്ജിപ്പിന് ശ്രമിക്കുമ്പോള്‍, ഭാര്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഭര്‍ത്താവിന് എന്നിവയാണവ (ബൈഹഖി). സ്നേഹബന്ധത്തിനും മതത്തിന്റെ വിജയത്തിനും റസൂല്‍(സ്വ) നല്കുന്ന പ്രാധാന്യം കൂടി ഇതില്‍ നിന്നു മനസ്സിലാക്കാം.