തിരുനബി(സ്വ)യുടെ കാലത്ത്തന്നെ കപട വിശ്വാസികൾ ഉണ്ടായിരുന്നു. രഹസ്യമാക്കിവച്ചിരുന്ന അവരുടെ കാപട്യത്തെ അല്ലാഹു നബി(സ്വ)ക്ക് വെളിപ്പെടുത്തിക്കൊടുത്തു. വിശുദ്ധ ഖുർആനിൽ അവരെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിപ്രകാരമാണ്: നബിയേ, താങ്കളുടെ അടുത്ത് കപട വിശ്വാസികൾ വരുമ്പോൾ അവർ പറയും: ‘തീർച്ചയായും താങ്കൾ അല്ലാഹുവിന്റെ റസൂൽതന്നെയാണെന്നു ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.’ താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്ന് അല്ലാഹുവിനറിയാം. തീർച്ചയായും കപട വിശ്വാസികൾ (മുനാഫിഖുകൾ) കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു (സൂറത്തുൽ മുനാഫിഖൂൻ).

തിരുനബി(സ്വ)യുടെ വഫാത്തിനുശേഷം ഇത്തരം കപടവിശ്വസികൾ അവരുടെ വികലവിശ്വാസങ്ങൾ പരസ്യപ്പെടുത്താൻ തുടങ്ങി. ചിലർ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത് കൊടുക്കാൻ വിസമ്മതിച്ചു. മറ്റു ചിലർ പ്രവാചകത്വം വാദിച്ചു. ഇത്തരക്കാരുടെ വഞ്ചനയിലകപ്പെട്ട് ചിലർ മതഭ്രഷ്ടരായിത്തീരുകയും ചെയ്തു. തിരുനബി(സ്വ)യുടെ സഹയാത്രികനും സന്തതസഹചാരിയുമായ ഇസ്‌ലാമിന്റെ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്(റ) ഇത്തരക്കാരെ അടിച്ചമർത്തുകതന്നെ ചെയ്തു.

അവർക്കെതിരെ ശക്തമായ നടപടികളാണ് മഹാൻ നടപ്പിലാക്കിയത്. സകാത്ത് നിഷേധികളോട് മൃദുസമീപനം സ്വീകരിക്കാൻ ചില സ്വഹാബികൾ സിദ്ദീഖ്(റ)നോട് പറഞ്ഞപ്പോൾ അദ്ദേഹം അംഗീകരിച്ചില്ല. മറിച്ച് നബി(സ്വ)യുടെ ജീവിതകാലത്ത് സകാത്ത് കൊടുക്കുമ്പോൾ മൃഗത്തിന്റെ കഴുത്തിലെ കയറോട് കൂടെയാണ് നൽകിയതെങ്കിൽ ഇപ്പോൾ ആ കയർ നൽകാൻ വിസമ്മതിക്കുന്നവരോട് പോലും താൻ യുദ്ധം ചെയ്യുമെന്ന് മഹാൻ പ്രഖ്യാപിക്കുകയുണ്ടായി.

ഇതേ കർശന നടപടിയായിരുന്നു പ്രവാചകത്വവാദികളോടും അബൂബക്കർ സിദ്ദീഖ്(റ) സ്വീകരിച്ചത്. ഒന്നാം ഖലീഫയുടെ ഭരണകാലത്ത് പ്രത്യക്ഷപ്പെട്ട പ്രവാചകത്വവാദികളെ നമുക്ക് ഹ്രസ്വമായൊന്ന് പരിചയപ്പെടാം.

 

ത്വുലൈഹത് ബിൻ ഖുവൈലിദിൽ അസ്ദ്

ബനൂഅസദ് ഗോത്രത്തിലെ ജ്യോതിഷിയായ തുലൈഹ പ്രവാചകർ(സ്വ)യുടെ കാലത്ത് ഇസ്‌ലാം സ്വീകരിച്ചിരുന്നു. നബി(സ്വ)ക്ക് രോഗം ബാധിച്ചപ്പോഴാണ് അധികാര മോഹത്തോടെ അയാൾ പ്രവാചകത്വവാദവുമായി രംഗത്ത് വന്നത്. തന്റെ അടുക്കൽ ജിബ്‌രീൽ(അ) വരുന്നുണ്ടെന്ന് വാദിച്ച തുലൈഹ നിസ്‌കാരത്തിലെ സുജൂദിനെ നിഷേധിച്ചു. മുഖത്തെ നിലത്ത് വെക്കാൻ ദൈവം കൽപിക്കുകയില്ലെന്നായിരുന്നു ന്യായം. ഈ വ്യാജനെ നേരിടാൻ ളിറാറു ബ്ൻ അസ്‌വദിൽ അസദി(റ)യെ നബി(സ്വ) നിയോഗിച്ചുവെങ്കിലും തിരുനബി(സ്വ)യുടെ വഫാത്തിന്റെ വാർത്ത അറിഞ്ഞ സംഘം യുദ്ധം ആരംഭിക്കും മുമ്പ് മദീനയിലേക്ക് മടങ്ങി. പിന്നീട് തുലൈഹ തന്റെ പ്രവാചകത്വവാദ പ്രചാരണം ശക്തമാക്കി. തത്ഫലമായി അസദ്, ഗഫ്ഫാൻ, സയ്യിഅ് ഗോത്രങ്ങൾ തുലൈഹക്ക് പിന്തുണ നൽകി. ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്(റ) അധികാരമേറ്റപ്പോൾ തുലൈഹയെ നേരിടാൻ ഖാലിദ്ബ്‌നു വലീദ്(റ)നെ നിയോഗിച്ചു. അവരുമായി നേരിടുന്നതിനുമുമ്പ് തുലൈഹ ശാമിലേക്ക് രക്ഷപ്പെട്ടു. ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു.

സജാഹ് ബിൻത് ഹാരിസ്

തമീം ഗോത്രത്തിലെ ബനൂ യർബൂഅ് കുടുംബത്തിലെ ക്രിസ്ത്യാനിയായ സ്ത്രീയാണ് സജാഹ്. തിരുനബി(സ്വ)യുടെ വഫാത്തിനു ശേഷമാണ് ഇവൾ പ്രവാചകത്വവാദവുമായി രംഗത്തെത്തിയത്. ക്രിസ്ത്യാനികളിൽ നിന്നൊരു സംഘം ഇവളെ പിന്തു ണച്ചു. അങ്ങനെ ശക്തിയാർജ്ജിച്ച അവൾ സിദ്ദീഖ്(റ)നോടും മുസ്‌ലിംകളോടും യുദ്ധം ചെയ്യാൻ മദീന ലക്ഷ്യമാക്കി പുറപ്പട്ടു. പക്ഷേ സൈനികർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടാവുകയും യുദ്ധ ശ്രമം ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് അവൾ മറ്റൊരു പ്രവാചകത്വവാദിയായ മുസൈലിമയെ വിവാഹം ചെയ്തു. ഇവരെ നേരിടാൻ ഖലീഫ അബൂബക്കർ സിദ്ദീഖ്(റ) ഖാലിദ്ബിൻ വലീദ്(റ)യെ നിയോഗിച്ചു. സൈന്യം അവരുടെ അനുയായികളെയെല്ലാം തുരത്തിയോടിച്ചു. പിൽക്കാലത്ത് സജാഹ് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.

 

മുസൈലിമതുൽ കദ്ദാബ്

യമാമയിലെ ബനൂഹനീഫ ഗോത്രത്തിൽപെട്ട പ്രവാചകത്വവാദിയാണ് മുസൈലിമതുൽ കദ്ദാബ്. ബനൂഹനീഫ ഗോത്രക്കരോടൊപ്പം ഹിജ്‌റ ഒമ്പതിൽ മദീനയിൽ വന്ന ഇയാൾ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കിലും നാട്ടിൽ തിരിച്ചെത്തി ഹിജ്‌റ പത്താം വർഷമാണ് പ്രവാചകത്വവാദവുമായി രംഗത്ത് വന്നത്. ധാരാളം ആളുകൾ മുസൈലിമയുടെ ചതിയിൽ അകപ്പെടുകയും ചെയ്തു.

നബി(സ്വ)യുടെ വഫാത്തിന് ശേഷം പ്രചാരണം ശക്തമാക്കി കൂടുതൽ ആളുകളെ തന്നിലേക്ക് ആകർഷിക്കാൻ ഈ കള്ളപ്രവാചകനു സാധിച്ചു. അതിനായി വ്യാജ ഖുർആൻ വരെ നിർമിച്ചു. മുഅ്ജിസതുകൾക്ക് സമാനമായ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ശ്രമം നടത്തി. എല്ലാം നേർവിപരീതമായാണ് സംഭവിച്ചതെന്ന് മാത്രം.

കള്ളപ്രവാചകനായ മുസൈലിമയെ നേരിടാൻ ഖലീഫ അബൂബക്കർ സിദ്ദീഖ്(റ) ഇക്‌രിമത്തുബിൻ അബീജഹൽ(റ)നെ നിയോഗിച്ചു. പിന്നീട് സഹായിയായി ഹസൻ(റ)നെയും ഖാലിദ്ബിൻ വലീദ്(റ)നെയും നിയോഗിച്ചു. യമാമയിൽവച്ച് ശക്തമായ യുദ്ധം അരങ്ങേറി. വഹ്ശിയുടെ കരങ്ങളാൽ മുസൈലിമ കൊല്ലപ്പെട്ടു.

 

അസ്‌വദുൽ അൻസി

തിരുനബി(സ്വ)യുടെ ജീവിത കാലത്ത്തന്നെ യമനിൽ നിന്നും പ്രവാചകത്വവാദവുമായി കടന്നുവന്ന വ്യക്തിയാണ് അസ്‌വദുൽ അൻസി. ജ്യോതിഷിയായിരുന്ന ഇദ്ദേഹം അത്ഭുത പ്രവർത്തനങ്ങൾ നടത്തി ജനങ്ങളെ വശീകരിച്ചു. ശക്തിയാർജിച്ച അസ്‌വദുൽ അൻസി മുസ്‌ലിംകൾക്കെതിരെ അക്രമം അഴിച്ചുവിട്ടു. ഒടുവിൽ അസ്‌വദിനെ നേരിടാൻ നബി(സ്വ)യുടെ അനുമതി ലഭിച്ചു. തുടർന്ന് ആയുധ സന്നാഹങ്ങളോടെ കാവൽനിൽക്കുന്നവരുടെ കണ്ണുവെട്ടിച്ച് അസ്‌വദിന്റെ വീട്ടിൽ കയറിപ്പറ്റിയ മുസ്‌ലിം പ്രതിനിധികൾ അയാളുടെ തലയറുത്ത് അവർക്ക് മുന്നിലിട്ടുകൊടുത്തു. പക്ഷേ ഈ സന്തോഷവാർത്ത മദീനയിലെത്തുമ്പോഴേക്കും റസൂൽ(സ്വ) വഫാത്താവുകയും സിദ്ദീഖ്(റ) അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

 

ലഖീത്ബ്‌നു മാലികുൽ അസ്ദി

റസൂൽ(സ്വ)യുടെ വഫാത്തിന് ശേഷം ഒമാനിൽനിന്നും പ്രവാചകത്വവാദവുമായി കടന്നുവന്ന വ്യക്തിയാണ് ലഖീത്. ഈ വിവരം അറിഞ്ഞ ഉടനെ സിദ്ദീഖ്(റ) ഈ വ്യാജവാദിയെ വകവരുത്താൻ ഹുസൈഫത്ത് ബ്ൻ മിഹ്‌സനുൽ ഹമീരി(റ)യെ ഒമാനിലേക്കും ഒമാനിന്റെയും ഹളറമൗത്തിന്റെയും ഇടയിലെ പ്രദേശമായ മഹ്‌റയിലെ മതഭ്രഷ്ടരെ തുരത്താൻ അർഫജതുൽ ബാരിഖി(റ)യെയും അയച്ചു. രണ്ട് പേരോടും ഒമാനിൽനിന്ന് ദൗത്യം ആരംഭിക്കാനായിരുന്നു നിർദേശിച്ചിരുന്നത്. വഴിയിൽവച്ച് മുസൈലിമയെ നേരിടാൻ നിയോഗിച്ച ഇക്‌രിമത്ത് ബിൻ അബൂജഹ്‌ലും അവരോട് കൂടെ ചേർന്നു. ഇവരുടെ വരവറിഞ്ഞ ലഖീത് ദുബായിൽ സംഘടിച്ചു. അവിടെവച്ച് ഇരുസൈന്യവും ഏറ്റുമുട്ടി. മുസ്‌ലിംകൾക്ക് ആദ്യം പരാജയമുണ്ടായെങ്കിലും ബനൂഅബ്ദുഖൈസ്, നാജിയത്ത് എന്നീ ഗോത്രക്കാരുടെ സഹായത്താൽ ആത്യന്തിക വിജയം കൈവന്നു. ലഖീതടക്കം പതിനായിരം ശത്രുക്കൾ കൊല്ലപ്പെട്ടു.

പ്രവാചകത്വവാദികളോടും മതഭ്രഷ്ടരോടും യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ ശക്തമായി അവരെ നേരിടുകയായിരുന്നു ഒന്നാം ഖലീഫ സിദ്ദീഖ്(റ) ചെയ്തത്. പ്രവാചകത്വവാദികളിൽ പലരും അല്ലാഹുവിലും തിരുനബി(സ്വ)യിലും വിശ്വസിച്ചവരായിരുന്നു. എന്നിട്ടും സിദ്ദീഖ്(റ) അവരെ ഉന്മൂലനം ചെയ്യുകയാണുണ്ടായത്. അല്ലാഹുവിലും തിരുദൂതർ(സ്വ)യിലും വിശ്വസിക്കുന്നവരാണ് ഞങ്ങൾ എന്ന് പറഞ്ഞും ശഹാദത്ത് കലിമയുടെ പടുകൂറ്റൻ ഫ്‌ളക്‌സുകൾ തങ്ങളുടെ പള്ളികൾക്കും  ഓഫീസുകൾക്കും മുമ്പാകെ സ്ഥാപിച്ചും ഇസ്‌ലാമിന്റെ കുപ്പായമണിയാൻ ശ്രമിക്കുന്ന ആധുനിക പ്രവാചകത്വവാദികളായ മീർസായികൾക്കുള്ള മുന്നറിയിപ്പാണ് പ്രവാചകത്വവാദികളോട് സിദ്ദീഖ്(റ) സ്വീകരിച്ച ശക്തമായ നിലപാട് നമ്മോട് വിളിച്ചോതുന്നത്.

തിരുനബി(സ്വ)യെ ശ്രേഷ്ഠ പ്രവാചകനായി മാത്രം കാണാതെ അന്ത്യപ്രവാചകൻ കൂടിയാണെന്ന ഉറച്ച വിശ്വാസം സിദ്ദീഖ്(റ)ന് ഉണ്ടായിരുന്നത് കൊണ്ടാണല്ലോ തിരുദൂതരിൽ വിശ്വസിച്ച പ്രവാചകത്വവാദികളോട് പോലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതിരുന്നത്. അവരെ തനികാഫിറുകളായി കാണുകയും അവിശ്വാസികളോടുള്ള സമീപനരീതി സ്വീകരിക്കുകയുമാണ് സ്വഹാബികൾ ചെയ്തത്.

അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)ക്കുശേഷം ഒരാളെ നബിയായി വേഷംകെട്ടിച്ച് എഴുന്നള്ളിക്കാൻ ഖുർആനിക സൂക്തങ്ങളും തിരുഹദീസുകളും ദുർവ്യാഖ്യാനം ചെയ്യുന്ന മീർസായികൾ മനസ്സിലാക്കേണ്ട ചരിത്ര വസ്തുതയാണിത്.

 

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

Rasool S and Sidheeq R- Malayalam

റസൂൽ (സ്വ) – സിദ്ദീഖ്‌ (റ); ഇഴപിരിയാത്ത സൗഹൃദം

    അന്ധകാരത്തിന്റെ സർവ തിന്മകളും നിറഞ്ഞുനിൽക്കുന്ന അറേബ്യയിലാണ് അബൂബക്കർ സിദ്ദീഖ്(റ)ന്റെ ജനനം. രക്തച്ചൊരിച്ചിലും കൊള്ളയും…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ
rifaee mala-malayalam

രിഫാഈ മാല: ആത്മജ്ഞാനത്തിന്റെ കീര്‍ത്തനഹാരം

മഹാനായ ശൈഖുല്‍ ആരിഫീന്‍ രിഫാഈ(റ – 512-578) ന്റെ പേരില്‍ രചിക്കപ്പെട്ട കാവ്യ കീര്‍ത്തനമാണ് രിഫാഈ…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്