Rasool S and Sidheeq R- Malayalam

 

 

അന്ധകാരത്തിന്റെ സർവ തിന്മകളും നിറഞ്ഞുനിൽക്കുന്ന അറേബ്യയിലാണ് അബൂബക്കർ സിദ്ദീഖ്(റ)ന്റെ ജനനം. രക്തച്ചൊരിച്ചിലും കൊള്ളയും മദ്യപാനവും വിഗ്രഹാരാധനയും അന്ധവിശ്വാസങ്ങളും ജനങ്ങളെ നിയന്ത്രിക്കുന്ന കാലം. നഗ്നരായി കഅ്ബയെ പ്രദക്ഷിണം ചെയ്യുകയും പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുകയും ദാരിദ്ര്യം ഭയന്ന് മക്കളെ കൊന്നുകളയുകയും വിഗ്രഹങ്ങളുടെ പ്രീതിക്കായി ബലിയറുക്കുകയും ചെയ്തിരുന്ന ജനത. അവലക്ഷണം നോക്കിയാണവരെല്ലാം ചെയ്തിരുന്നത്. ചൂതുകളി പ്രധാന വരുമാന മാർഗമായി കണ്ടു. ഇത്തരമൊരു സാമൂഹികാന്തരീക്ഷത്തിലും ആസുരതകളോട് രാജിയാവാതെ വേറിട്ട ജീവിതമാണ് അബൂബക്കർ(റ) നയിച്ചത്.

മലീമസമായ സാഹചര്യങ്ങളിൽ ഒഴുക്കിനെതിരെ നീന്താൻ അദ്ദേഹം ധൈര്യം കാണിച്ചു. ബുദ്ധിയെ മരവിപ്പിക്കുന്നതായതിനാൽ മദ്യപാനം സ്വമേധയാ വർജിച്ചു. മനുഷ്യ നിർമിത വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുന്നതിൽ യുക്തി കാണാത്തതിനാൽ അതിനു തുനിഞ്ഞില്ല. മാനക്കേട് ഭയന്ന് പെൺകുട്ടികളെ കുഴിച്ചുമൂടുന്നത് അഭിമാനമുള്ള കുടുംബനാഥന്റെ ശൈലിയല്ലാത്തതിനാൽ അതിൽ നിന്നു വിട്ടുനിന്നു. ദാരിദ്ര്യം ഭയന്ന് കുഞ്ഞുങ്ങളെ വധിക്കുന്നത് അധ്വാനിക്കാൻ വൈമനസ്യമുള്ളവരാണെന്ന കാഴ്ചപ്പാടു മൂലം അതും വിസമ്മതിച്ചു. ഇങ്ങനെ സമുദായം അക്കാലത്തു വച്ചുപുലർത്തിയിരുന്ന അനാചാരങ്ങളോടും തിന്മകളോടും പടപൊരുതിയാണ് അബൂബക്കർ(റ) ജീവിതയാത്ര തുടർന്നത് (ഹയാതു രിജാലിൽ ഇസ്‌ലാം: പേ 17-19).

ചെറുപ്പം മുതൽതന്നെ ജനങ്ങളോട് ഇണങ്ങിയും അവരുടെ പ്രശംസ പിടിച്ചുപറ്റിയുമാണ് അബൂബക്കർ(റ) ജീവിച്ചത്. നല്ല സ്വഭാവവും സവിശേഷമായ പെരുമാറ്റവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. പല കാര്യങ്ങളിലും ജനങ്ങൾ അവലംബമായി സമീപിച്ചിരുന്നത് മഹാനെയാണ്. അത്രക്കു വിശ്വാസമായിരുന്നു അവർക്ക് അദ്ദേഹത്തിൽ. പ്രവാചകത്വ ലബ്ധിക്കു മുമ്പുതന്നെ മഹാൻ നബി(സ്വ)യുമായി ബന്ധം പുലർത്തിയിരുന്നു. അവിടത്തെ സത്യസന്ധതയും വിശ്വസ്തതയും സദ്‌സ്വഭാവവും വിഗ്രഹ വിദ്വേഷവും തിരിച്ചറിഞ്ഞ അബൂബക്കർ(റ) നബി(സ്വ)യുടെ സന്തതസഹചാരിയായി മാറി (അൽബിദായതുവന്നിഹായ: 3/27).

നുബുവ്വത്തിന്റെ മുമ്പ്തന്നെ പ്രവാചകർ(സ്വ)യും സമൂഹത്തിൽ ശ്രദ്ധേയരായിരുന്നുവെന്നതും ജാഹിലിയ്യാ കാലത്തെ യാതൊരു അപഭ്രംശവും അവിടത്തെ സ്പർശിച്ചിട്ടില്ലെന്നതും ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയുണ്ടായി. ചെറുപ്പം മുതലേ റസൂൽ(സ്വ)യുടെ സർവ നന്മകളും കണ്ട് വളർന്ന അബൂബക്കർ(റ)വിന് അവിടുത്തെ പ്രസ്താവനകൾ ഉൾക്കൊള്ളാൻ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. നബി(സ്വ) പറയുന്നു: ഞാൻ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്തവരൊക്കെ ആ വിഷയത്തിൽ ഏതെങ്കിലുമൊരു വിധത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അബൂബക്കർ ഒഴികെ. ഞാനെന്തു പറയുമ്പോഴും അതിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയോ ഉൾക്കൊള്ളുന്നതിൽ കാലതാമസം വരുത്തുകയോ ചെയ്തില്ല (ഇബ്‌നു അസാകിർ: 133).

തിരുനബി(സ്വ) പ്രബോധനം ആരംഭിച്ചപ്പോഴുണ്ടായ അപശബ്ദങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിപ്പിച്ച് അവിടത്തേക്ക് താങ്ങും തണലുമാകാൻ അബൂബക്കർ(റ) ശ്രമിച്ചുകൊണ്ടിരുന്നു. തന്റെ കുടുംബത്തിൽ നിന്നാണ് അതിനുള്ള ശ്രമം തുടങ്ങിയത്. അങ്ങനെ ഭാര്യ ഉമ്മു റൂമാനും(റ) മകൾ അസ്മയും(റ) മകൻ അബ്ദുല്ല(റ)യും മാതാവ് ഉമ്മുൽ ഖൈറും(റ) സേവകൻ ആമിറും(റ) മുസ്‌ലിമായി. പിതാവ് അബൂഖുഹാഫ(റ) പിന്നീട് ഇസ്‌ലാം സ്വീകരിച്ചു.

സ്വകുടുംബത്തിലെ പ്രബോധനത്തിനു ശേഷം പൊതുജനങ്ങളെ സത്യദീനിലേക്ക് ക്ഷണിച്ച് അബൂബക്കർ(റ) തിരുനബി(സ്വ)ക്ക് കരുത്തുപകർന്നുകൊണ്ടിരുന്നു. ഉസ്മാൻബ്‌നു അഫ്ഫാൻ, സുബൈറുബ്‌നുൽ അവ്വാം, അബ്ദുറഹ്മാനുബ്‌നു ഔഫ്, സഅദ്ബ്‌നു അബീവഖാസ്, ഉസ്മാനുബ്‌നു മള്ഊൻ, അബൂ ഉബൈദതുൽ ജർറാഹ്, അബൂസലമതുബ്‌നു അബ്ദിൽ അസദ്, അർഖമുബ്‌നു അബിൽ അർഖം(റ) തുടങ്ങിയവരെല്ലാം അബൂബക്കർ(റ) മുഖേനയാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത് (ഇബ്‌നുഹിശാം-സീറത്തുന്നബവിയ്യ: 1/250-252).

ഇസ്‌ലാമിക പ്രബോധനത്തിന് നബി(സ്വ) മുന്നിട്ടിറങ്ങിയപ്പോഴുണ്ടായ പ്രയാസങ്ങളിലെല്ലാം സാന്ത്വന ഹസ്തമായും പ്രശ്‌നപരിഹാരമായും സിദ്ദീഖ്(റ) കൂടെയുണ്ടായിരുന്നു. ഉർവബ്‌നു സുബൈർ(റ) പറയുന്നു: ഞാനൊരിക്കൽ അബ്ദുല്ലാഹിബ്‌നു അംറിബ്‌നിൽ ആസ്വ്(റ)നോട് ചോദിച്ചു: മുശ്‌രിക്കുകൾ നബി(സ്വ)യോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയെന്തായിരുന്നു?’ അദ്ദേഹം പറയുകയുണ്ടായി: ഒരു ദിവസം കഅ്ബയിൽ വച്ച് നിസ്‌കരിക്കുകയായിരുന്നു നബി(സ്വ). അപ്പോൾ ശത്രുവായ ഉഖ്ബതുബ്‌നു അബീമുഹീത്വ് കടന്നുവന്നു. ഒരു തുണി പ്രവാചകരുടെ കഴുത്തിൽ ചുറ്റി വരിഞ്ഞു മുറുക്കാൻ തുടങ്ങി. ഉടനടി അബൂബക്കർ(റ) സ്ഥലത്തെത്തി. അയാളുടെ ചുമലിൽ പിടിച്ചു മാറ്റുകയും നബി(സ്വ)യെ രക്ഷിക്കുകയും ചെയ്തു. ശേഷം അബൂബക്കർ(റ) അവനോട് ചോദിച്ചു: എന്റെ റബ്ബ് അല്ലാഹുവാണ് എന്നു പറഞ്ഞതിന് നിങ്ങൾ ഒരാളെ വധിച്ചുകളയുകയാണോ? (സ്വഹീഹുൽ ബുഖാരി: 3856). അനസ്ബ്‌നു മാലിക്(റ) പറയുന്നു: ഒരു ദിവസം ശത്രുക്കൾ തിരുനബി(സ്വ)യെ ശക്തമായി പ്രഹരിച്ചു. തന്നിമിത്തം അവിടുന്ന് ബോധംകെട്ടു വീണു. ഉടനെ അബൂബക്കർ(റ) ബഹളംവച്ചു: ‘നിങ്ങൾക്കാണ് സർവ നാശവും. എന്റെ റബ്ബ് അല്ലാഹുവാണെന്ന് പറഞ്ഞതിനാണോ നിങ്ങൾ ഒരാളെ കൊല്ലുന്നത്?’ ഇത് കേട്ട ശത്രുക്കൾ നബിയെ വിട്ട് അബൂബക്കർ(റ)നെ ആക്രമിച്ചു (ഹാകിം 3/67).

പ്രവാചകരോടുള്ള സിദ്ദീഖ്(റ)ന്റെ അദമ്യ സ്‌നേഹത്തിൽ മനോവിഷമമുള്ള ഖുറൈശികൾ ഇസ്‌റാഅ്, മിഅ്‌റാജ് സംഭവത്തെ കൂട്ടുപിടിച്ച് അബൂബക്കർ(റ)നെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയതു പ്രസിദ്ധം. അപ്പോഴും അദ്ദേഹം തിരുനബി(സ്വ)യുടെ ഭാഗം ചേരുകയാണുണ്ടായത്. ആഇശ(റ) പറയുന്നു: നബി(സ്വ) നിശാപ്രയാണം നടത്തിയതിനെ കുറിച്ച് പൊതുജന സംസാരം ഉയർന്നപ്പോൾ അവർ വന്ന് അബൂബക്കർ(റ)നോട് പറഞ്ഞു: ‘എന്ത് പറ്റി നിന്റെ കൂട്ടുകാരന്? ഒറ്റ രാത്രികൊണ്ട് ബൈത്തുൽ മുഖദ്ദസിൽ പോയി വന്നുവെന്ന് മുഹമ്മദ് അവകാശപ്പെടുന്നല്ലോ.’ ഉടനെ സിദ്ദീഖ്(റ) ചോദിച്ചു: ‘അവിടുന്ന് അങ്ങനെ പറഞ്ഞുവോ?’ അതേയെന്നായി അവർ. അപ്പോൾ മഹാന്റെ പ്രതികരണം: ‘പ്രവാചകർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതു സത്യംതന്നെ’ (ഹാകിം).

ശാരീരികമായി മാത്രമല്ല, സാമ്പത്തികമായി റസൂൽ(സ്വ)ക്ക് പിന്തുണ നൽകുന്നതിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. ആഇശ(റ) പറയുന്നു: അബൂബക്കർ(റ) നബിക്ക് വേണ്ടി ചെലവഴിച്ചത് നാൽപതിനായിരം ദിർഹമാണ് (ഇബ്‌നു ഹിബ്ബാൻ). സൈദുബ്‌നു അസ്‌ലം(റ) പറഞ്ഞു: അബൂബക്കർ(റ) കച്ചവടത്തിൽ പ്രസിദ്ധനായിരുന്നു. നബി(സ്വ) പ്രവാചകരായി നിയുക്തരായപ്പോൾ അദ്ദേഹത്തിന്റെ പക്കൽ നാൽപതിനായിരം ദിർഹമുണ്ടായിരുന്നു. അതു മുഴുവൻ അടിമകളെ മോചിപ്പിക്കാനും മുസ്‌ലിംകൾക്ക് ശക്തി പകരാനും അദ്ദേഹം ചെലവഴിച്ചു. അയ്യായിരം ദിർഹമുമായാണ് പിന്നീടദ്ദേഹം മദീനയിൽ വന്നത്. മക്കയിൽ ചെയ്തിരുന്ന സദ്പ്രവർത്തികളെല്ലാം മദീനയിലും മഹാൻ തുടർന്നു (ഇബ്‌നുസഅദ്: 3/182). നബി തങ്ങൾ സ്വന്തം സമ്പത്ത് പോലെ അദ്ദേഹത്തിന്റെ സമ്പത്തിൽ വിനിമയം നടത്തുമായിരുന്നുവെന്ന ഹദീസ് സഈദുബ്‌നു മുസ്വയ്യബ്(റ) ഉദ്ധരിച്ചിട്ടുണ്ട്.

അബൂബക്കർ(റ)ന്റെ ദാനരീതിയുടെ മഹത്ത്വത്തെ കുറിച്ച് ഉമർ(റ) റിപ്പോർട്ട് ചെയ്ത ഹദീസ് ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: ഒരു ദിവസം നബി(സ്വ) ഞങ്ങളോട് സ്വദഖ നൽകാൻ ആവശ്യപ്പെട്ടു. ആ സമയത്ത് എന്റെ കൈവശം നല്ല പണമുണ്ടായിരുന്നു. എന്നെങ്കിലുമൊരു നാൾ എനിക്ക് അബൂബക്കറിനെക്കാൾ മുന്നിലാവാൻ കഴിയുമെങ്കിൽ ഇന്ന് അതിനുള്ള അവസരമാണെന്ന് ഞാൻ സ്വയം പറഞ്ഞു. എന്റെ പണത്തിൽ നിന്ന് പകുതിയെടുത്ത് ഞാൻ വന്നു. നബി(സ്വ) ചോദിച്ചു: ‘കുടുംബത്തിന് വേണ്ടി നിങ്ങൾ എന്താണ് ബാക്കിവച്ചിട്ടുള്ളത്?’ ഞാൻ പറഞ്ഞു: ‘ഇത്ര തന്നെ അവർക്കായി ബാക്കിവച്ചിട്ടുണ്ട്.’ പിന്നീട് അബൂബക്കർ വന്നു. കൈവശമുള്ളതെല്ലാമായാണ് അദ്ദേഹം വന്നിരുന്നത്. തിരുനബി(സ്വ) ചോദിച്ചു: കുടുംബത്തിന് വേണ്ടി നിങ്ങൾ എന്ത് ബാക്കിവച്ചിട്ടുണ്ട്? അല്ലാഹുവിനെയും റസൂലിനെയുമാണ് അവർക്കായി ബാക്കിയാക്കിയിട്ടുള്ളതെന്നായിരുന്നു മഹാന്റെ മറുപടി. അപ്പോൾ ഞാനിങ്ങനെ പറഞ്ഞുപോയി: ഒരു കാലത്തും താങ്കളെ എനിക്കു മറികടക്കാനാകില്ല (അബൂദാവൂദ്: 1678). ഇതുകൊണ്ടു തന്നെയാണ് വഫാത്തിനു നിദാനമായ രോഗാവസ്ഥയിൽ റസൂൽ(സ്വ) അബൂബക്കർ(റ)നെ പ്രത്യേകം പ്രശംസിച്ചതും. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) ഒരുനാൾ പുറത്തുവന്നു. വഫാത്തിനു നിദാനമായ രോഗമുള്ളപ്പോഴായിരുന്നു അത്. അവിടുത്തെ തലയിൽ ഒരു കെട്ടുണ്ടായിരുന്നു. മിമ്പറിലിരുന്ന പ്രവാചകർ അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്ത ശേഷം പറയുകയുണ്ടായി: ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അബൂബക്കറിനെക്കാൾ നമുക്ക് ഗുണം ചെയ്ത ഒരാളും മനുഷ്യരുടെ കൂട്ടത്തിലില്ല (സ്വഹീഹുൽ ബുഖാരി: 467).

തിരുനബി(സ്വ)ക്ക് വേണ്ടി സർവസ്വവും സമർപ്പിക്കുന്നതിലായിരുന്നു അബൂബക്കർ(റ)ന് സന്തോഷം. അതാകട്ടെ മഹാനവർകളുടെ ചെറുപ്പം മുതലുള്ള ശീലവുമായിരുന്നു. ആഇശ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ്: മുസ്‌ലിംകൾക്ക് കനത്ത പരീക്ഷണമുണ്ടായപ്പോൾ അബൂബക്കർ(റ) അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകാനൊരുങ്ങി. ബർകുൽ ഗിമാദ്(മക്കയിൽ നിന്ന് യമനിലേക്കുള്ള വഴിയിൽ അഞ്ച് രാത്രി വഴിദൂരമുള്ള പ്രദേശം) എന്ന സ്ഥലത്തെത്തിയപ്പോൾ ഇബ്‌നുദ്ദഗിനയെ കണ്ടുമുട്ടി. (പ്രസിദ്ധമായ ഖാറ ഗോത്രത്തിന്റെ തലവനായ ഇദ്ദേഹം അവിശ്വാസിയായിരുന്നു). അദ്ദേഹം ചോദിച്ചു: ‘അബൂബക്കർ, എങ്ങോട്ടാണ് പോകുന്നത്?’ അദ്ദേഹം മറുപടി നൽകി: ‘എന്റെ ജനത എന്നെ പുറത്താക്കി. ഞാൻ ഭൂമിയിൽ ചുറ്റിനടന്ന് അല്ലാഹുവിനെ ആരാധിക്കാനാണ് ഉദ്ദേശിക്കുന്നത്.’ അപ്പോൾ ഇബ്‌നുദ്ദഗിന പറഞ്ഞു: താങ്കളെ പോലോത്തവർ പുറത്ത് പോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യേണ്ടവരല്ല. താങ്കൾ ദരിദ്രരെ സഹായിക്കുകയും കുടുംബബന്ധം ചേർക്കുകയും അശരണർക്കും അനാഥർക്കും അത്താണിയാവുകയും അതിഥികളെ സൽക്കരിക്കുകയും ചെയ്യുന്നയാളാണല്ലോ. ഞാൻ നിങ്ങളുടെ അയൽവാസിയല്ലേ. അത്‌കൊണ്ട് താങ്കൾ തിരിച്ചുപോയി സ്വന്തം നാട്ടിൽ വച്ചുതന്നെ അല്ലാഹുവിനെ ആരാധിക്കുക (അബ്ദുറസാഖ്: 9743).

നാടുവിടാൻ തുനിഞ്ഞ സിദ്ദീഖ്(റ)നെ പിന്തിരിപ്പിക്കാൻ അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ട് ഇബ്‌നുദ്ദഗിന നടത്തിയ പ്രയോഗങ്ങൾ, പ്രവാചകത്വം ലഭിച്ച വേളയിൽ ഭയന്നുവിറച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യ ഖദീജ(റ) നബി(സ്വ)യെ ആശ്വസിപ്പിച്ച അതേ വാക്കുകളായിരുന്നുവെന്നത് ചരിത്ര നിയോഗം. ഇരുവരും തമ്മിലുള്ള സ്വഭാവച്ചേർച്ച കൂടുതൽ പ്രകടമാകുന്ന ഒരു രംഗം കൂടിയാണിത്.

തിരുനബിയുടെ പ്രബോധന യാത്രയിൽ താങ്ങും തണലും തന്നെയായിരുന്നു സിദ്ദീഖ്(റ). ശത്രുശല്യം ഭയന്ന് ഗുഹയിൽ താമസിക്കുന്ന സമയത്ത് അവർ പരസ്പരം നടത്തിയ സംഭാഷണം അതിനുദാഹരണം. അനസ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ സിദ്ദീഖ്(റ) പറയുന്നു: ഞാൻ ഗുഹയിലായിരിക്കെ നബി(സ്വ)യോട് പറഞ്ഞു; ആരെങ്കിലും കാൽപാദങ്ങൾക്കിടയിലൂടെ നോക്കിയാൽ നമ്മെ കാണുമല്ലോ. ഉടൻ അവിടുന്ന് പ്രത്യുത്തരം നൽകി: അബൂബക്കർ, നാം രണ്ട് പേരിൽ മൂന്നാമനായി അല്ലാഹു ഉള്ളപ്പോൾ താങ്കൾ എന്തിന് അങ്ങനെ ചിന്തിക്കണം? (മുസ്‌ലിം: 2381). ഗുഹാമുഖത്തിരുന്ന് വല്ലവരും അകത്തേക്ക് ശ്രദ്ധിച്ചു നോക്കുന്നതുവഴി മുത്ത് നബി(സ്വ)ക്ക് അപായം പിണയുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഇത് അദ്ദേഹത്തിന് നബി(സ്വ)യോടുള്ള ഉറ്റ പ്രേമമാണ് വ്യക്തമാക്കുന്നത്. അല്ലാഹു കൂടെയുള്ളപ്പോൾ നാം എന്തിനു ഭയക്കണമെന്ന തിരുനബിയുടെ പ്രസ്താവന അബൂബക്കർ(റ)നോടുള്ള പ്രവാചകരുടെ കരുതലും ആശ്വസിപ്പിക്കലുമത്രെ. ഗുഹയിലേക്ക് നബിക്ക് മുമ്പ് സിദ്ദീഖ്(റ) കയറിയതും അവിടെയുള്ള ചെറു മാളങ്ങൾ തുണിക്കഷ്ണം കൊണ്ട് അടച്ചതും ശേഷിച്ച ദ്വാരം കാൽപാദം കൊണ്ട് അടച്ചുപിടിച്ചതുമെല്ലാം അദ്ദേഹത്തിന് നബി(സ്വ)യോടുള്ള അഗാധ സ്‌നേഹം പ്രതിഫലിപ്പിക്കുന്നു.

റസൂൽ(സ്വ)യുടെ എല്ലാ അവസ്ഥകളിലും സിദ്ദീഖ്(റ) നിഴൽ പോലെ കൂടെയുണ്ടായിരുന്നു. സന്തോഷത്തിലും സന്താപത്തിലും അദ്ദേഹം ഭാഗഭാക്കായി. ഉമർ(റ) പറഞ്ഞു: ബദ്ർ യുദ്ധ ദിവസം നബി(സ്വ) മുശ്‌രിക്കുകളിലേക്ക് ഒന്നു നോക്കി. അവർ ആയിരം പേരുണ്ട്. മുസ്‌ലിംകളാകട്ടെ മുന്നൂറിൽ പരവും. അവിടുന്ന് ഖിബ്‌ലക്കഭിമുഖമായി നിന്ന് ഇരുകരങ്ങളും നീട്ടി അല്ലാഹുവിനോട് പറയാൻ തുടങ്ങി: അല്ലാഹുവേ, നീ എനിക്ക് വാഗ്ദാനം ചെയ്തതു നീ നിറവേറ്റിത്തരേണമേ. നീ എനിക്കു നൽകാമെന്നു പറഞ്ഞത് നീ നൽകേണമേ. അല്ലാഹുവേ, മുസ്‌ലിംകളിൽ പെട്ട ഈ ചെറു സംഘത്തെയെങ്ങാനും നീ നശിപ്പിക്കുന്നപക്ഷം ഭൂമിയിൽ നിന്നെ ആരാധിക്കാൻ ആരുമുണ്ടാകില്ല. ദീർഘനേരമായി നബി(സ്വ) പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. അവിടുത്തെ ചുമലിലുണ്ടായിരുന്നു വസ്ത്രം താഴെ വീണു. ഉടനെ അബൂബക്കർ(റ) ഓടി വന്ന് അതെടുത്ത് പ്രവാചകരുടെ ചുമലിൽ വച്ചുകൊടുത്തു. ശേഷം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, മതി. അങ്ങയോട് വാഗ്ദാനം ചെയ്തതൊക്കെ അവൻ നൽകുന്നതാണ്. അപ്പോഴാണ് ‘നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദർഭം (ഓർക്കുക). തുടരെത്തുടരെ ആയിരം മലക്കുകളെ അയച്ചുകൊണ്ട് നാം നിങ്ങളെ സഹായിക്കുന്നതാണ് എന്ന് അപ്പോൾ അവൻ നിങ്ങൾക്ക് മറുപടി നൽകി’ എന്ന ആശയം വരുന്ന ആയത്ത് അവതരിച്ചത് (മുസ്‌ലിം: 1763). പ്രയാസഘട്ടത്തിൽ തിരുനബിയോട് ആശ്വാസത്തിന്റെ വചനങ്ങൾ പറഞ്ഞ് സാന്ത്വനം നൽകുന്ന സിദ്ദീഖ്(റ) നിലപാടുകൾ ചരിത്രത്തിൽ നിരവധി കാണാം.

പുതിയ മതവുമായി വന്ന നബി(സ്വ)യുടെ പ്രധാന സഹായി അബൂബക്കർ(റ)വാണെന്നത് ശത്രുക്കളും അംഗീകരിച്ച കാര്യമാണ്. അത് കൊണ്ടാണ് പ്രവാചകരെ വകവരുത്താനുള്ള ശ്രമത്തിനോടൊപ്പം അവിടുത്തെ പ്രിയ അനുയായികളായ സിദ്ദീഖ്, ഉമർ(റ)വിനെയും അവർ ലക്ഷ്യമിട്ടത്. ബദ്ർ യുദ്ധമെല്ലാം തീർന്നതിനു ശേഷം അബൂസുഫ്‌യാൻ നടത്തിയ അന്വേഷണത്തിൽ നിന്ന് ഇക്കാര്യം ബോധ്യപ്പെടും: ഇക്കൂട്ടത്തിൽ മുഹമ്മദുണ്ടോ? മൂന്ന് തവണ ചോദ്യം ആവർത്തിച്ചു. മറുപടി നൽകേണ്ടെന്ന് നബി(സ്വ) സ്വഹാബത്തിന് നിർദേശം നൽകി. അയാൾ വീണ്ടും ചോദിച്ചു: ഇക്കൂട്ടത്തിൽ അബൂഖുഹാഫയുടെ മകനു(അബൂബക്കർ)ണ്ടോ? ഇതും മൂന്ന് തവണ ചോദിച്ചു. പിന്നീട് തിരക്കി: ഇക്കൂട്ടത്തിൽ ഖത്വാബിന്റെ മകനു(ഉമർ)ണ്ടോ? മൂന്ന് പ്രാവശ്യം അതും ആവർത്തിച്ചു. മറുപടിയില്ലെന്ന് കണ്ട് അയാൾ അനുയായികളുടെയടുക്കൽ ചെന്ന് പറയുകയുണ്ടായി: ‘അവരൊക്കെ കൊല്ലപ്പെട്ടിരിക്കുന്നു.’ ഇതു കേട്ട് ഉമർ(റ)ന് ആത്മനിയന്ത്രണം ലഭിച്ചില്ല. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം. നീ പറയുന്നത് കള്ളമാണ്. നീ എണ്ണിപ്പറഞ്ഞവരെല്ലാം ജീവിച്ചിരിപ്പുണ്ട് (സ്വഹീഹുൽ ബുഖാരി: 3039). റസൂൽ(സ്വ)യുടെ പ്രധാന സഹായികൾ അബൂബക്കർ(റ)വും ഉമർ(റ)വുമാണെന്ന് ശത്രുക്കൾക്ക് ബോധ്യപ്പെടുന്നവിധം അങ്ങേയറ്റത്തെ സ്‌നേഹവും സൗഹൃദവും ഇരുവരും അവിടത്തോട് പുലർത്തിയിരുന്നു.

അബൂബക്കർ(റ)നെ തിരുനബി(സ്വ) ഏറെ സ്‌നേഹിച്ചു. മരണശയ്യയിൽ കിടക്കുന്ന നബി(സ്വ) അബൂബക്കർ നിസ്‌കാരത്തിന് നേതൃത്വം നൽകുന്ന രംഗം കണ്ടപ്പോൾ ഏറെ സന്തോഷിച്ചുവെന്ന ഹദീസ് ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്: തിരുദൂതർ വാതിൽ തുറന്നു നോക്കി. അല്ലെങ്കിൽ കർട്ടൺ മാറ്റി നോക്കി. അപ്പോൾ ജനങ്ങളെല്ലാം അബൂബക്കർ(റ)ന്റെ പിറകിൽ നിന്നു നിസ്‌കരിക്കുകയാണ്. ഈ നല്ല രംഗം കണ്ട് അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു (ഇബ്‌നുമാജ: 1599).

തിരുദൂതരോടൊപ്പം എല്ലാ കാര്യത്തിലും ചേർന്നുനിന്ന അബൂബക്കർ(റ) അവിടുത്തെ വഫാത്ത് സമയത്തുണ്ടായ അനിശ്ചിതാവസ്ഥയിലും വേറിട്ട നിലപാട് സ്വീകരിക്കുകയും ബുദ്ധിപരമായ നീക്കങ്ങൾ നടത്തുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) വിവരിക്കുന്നു: അബൂബക്കർ(റ) വന്നപ്പോൾ ഉമർ(റ) ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അബൂബക്കർ(റ) ഉമർ(റ)നോട് ഇരിക്കാൻ പറഞ്ഞു. അദ്ദേഹം ഇരിക്കാൻ വിസമ്മതിച്ചു. അപ്പോൾ ജനങ്ങളെല്ലാം അബൂബക്കർ(റ)വിലേക്ക് തിരിഞ്ഞു. അദ്ദേഹം അവരോട് സംസാരമാരംഭിച്ചു: നിങ്ങളിലാരെങ്കിലും മുഹമ്മദ് നബിയെ ആരാധിക്കുന്നുവെങ്കിൽ (അറിഞ്ഞുകൊള്ളുക) അവിടുന്ന് വഫാത്തായിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിൽ അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമാണ് (ഹാകിം).

അങ്ങനെ ഭീഷണമായ സാഹചര്യത്തിൽ ഇസ്‌ലാമിക സാമ്രാജ്യത്തെയും മുസ്‌ലിംകളെയും ഏകീകരിച്ചും ഐക്യപ്പെടുത്തിയും നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. എല്ലാവരും അംഗീകരിച്ചുവെന്നത് തന്നെ അദ്ദേഹത്തിന് സ്വഹാബത്തിനിടയിലുണ്ടായിരുന്ന സ്വീകാര്യതക്ക് തെളിവാണ്. തിരുദൂതരോട് ചെറുപ്പം മുതൽ പുലർത്തിപ്പോന്ന സൗഹൃദത്തിന്റെയും സ്‌നേഹബന്ധത്തിന്റെയും അംഗീകാരമായി അത്.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ജീവിതം: നബിമാതൃക

നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു…

● നിസാമുദ്ദീൻ അസ്ഹരി പറപ്പൂർ

തിരുനബി(സ്വ)യുടെ സ്‌നേഹലോകം

കാരുണ്യത്തിന്റെ പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ ലോകത്തിന് ലഭിച്ചതിലുള്ള സന്തോഷം പങ്ക് വെക്കുകയാണ് ആഗോള മുസ്‌ലിംകൾ. തിന്മകൾ…

● എസ് വൈ എസ് മീലാദ് കാമ്പയിൻ പ്രമേയം