UN-malayalam

രണ്ടാം ലോകമഹായുദ്ധത്തിന്  ജയപരാജയങ്ങളെ അപ്രസക്തമാക്കുന്ന പരിസമാപ്തിയാണ് ഉണ്ടായത്. കൊളോണിയൽ യുദ്ധങ്ങൾക്കൊടുവിൽ ജയിക്കുന്ന ശക്തിക്ക് മണ്ണും വിഭവങ്ങളും കരഗതമായിരുന്നു. ആ യുദ്ധങ്ങൾ  ഏൽപ്പിച്ച പ്രത്യക്ഷ ആഘാതത്തെ അങ്ങനെ മറികടക്കാൻ ഈ വിഭവങ്ങൾ സാമ്രാജ്യത്വ ശക്തികളെ പര്യാപ്തമാക്കി. എന്നാൽ ലോകമഹായുദ്ധം അത്തരത്തിലുള്ള അതിർത്തി വ്യാപനങ്ങൾക്കോ വിഭവ സമാഹരണത്തിനോ ഒന്നും വഴിവെച്ചില്ല. പകരം കടുത്ത പ്രതിസന്ധിയാണ് ജയിച്ചവർക്കും തോറ്റവർക്കും ഒരു പോലെ വരുത്തിവെച്ചത്. സാമ്പത്തിക  തകർച്ചയുടെ ആഴങ്ങളിലേക്ക് രാജ്യങ്ങൾ എടുത്തെറിയപ്പെട്ടു. സാമൂഹിക മേഖലയിൽ വലിയ അരാജകത്വത്തിന് അത് വഴിവെച്ചു. യുദ്ധത്തിന്റെ ആരോഗ്യ ആഘാതം വിവരണാതീതമായിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും എല്ലാവരെയും ഗ്രസിച്ചു. ഏത് വൻ ശക്തിയെയും പാപ്പരാക്കാനുള്ള പ്രഹരശേഷി യുദ്ധത്തിനുണ്ടായിരുന്നു. ഈ പ്രതിസന്ധിയാണ് ഇനിയൊരു യുദ്ധം ഉണ്ടാകരുതെന്ന നിശ്ചയത്തിൽ വൻ ശക്തികളെ എത്തിച്ചത്. എന്നുവെച്ചാൽ യുദ്ധവിരാമം ജയിച്ചവരുടെ ആവശ്യമായിരുന്നു. തോറ്റവരുടേതായിരുന്നില്ല.  ഇനിയൊരു യുദ്ധം വേണ്ടാ എന്ന മുദ്രാവാക്യം  ലോകത്തെ കുറിച്ചുള്ള കരുതലിൽ നിന്ന് ഉണ്ടായ ഒന്നല്ല. ജയിച്ചു നിൽക്കുന്നവർ സ്വയം നടത്തിയ കരുതലിന്റെ സങ്കുചിതമായ തലത്തിൽ നിന്നുള്ള മുദ്രാവാക്യം മാത്രമായിരുന്നു അത്. സായുധമായ ഏറ്റുമുട്ടൽ വേണ്ടെന്നേ അവർ ആഗ്രഹിച്ചുള്ളൂ. സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മറ്റെല്ലാ ഏറ്റുമുട്ടലുകളും തുടരണമെന്ന് അവർ ആഗ്രഹിച്ചു. അത്‌കൊണ്ട് പരിമിത അർത്ഥത്തിലുള്ള യുദ്ധവിരാമമെന്ന  അജണ്ട നടപ്പാക്കാൻ ഒരു അന്താരാഷ്ട്ര സംഘടന വേണമായിരുന്നു. അതാണ് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം  ലീഗ് ഓഫ് നേഷനായും പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഐക്യ രാഷ്ട്ര സംഘടനയായും (യു എൻ ഒ) ആവിഷ്‌കരിക്കപ്പെട്ടത്. ജയിച്ചവർ ജയിച്ചവർക്കായി രൂപവത്കരിച്ച ഒന്നായി അതിനെ കാണാവുന്നതാണ്. അത്‌കൊണ്ടാണ് എഴുപത് വർഷം പിന്നിടുമ്പോഴും യു എൻ ലോക സമാധാനത്തിന്റെ യഥാർത്ഥ ചാലശക്തിയായി മാറാനാകാതെ മുരടിച്ച് നിൽക്കുന്നത്. പരിഷ്‌കരണത്തിന് വിധേയമാകാതെ തളംകെട്ടി നിൽക്കുന്ന ഒരു  സംഘടനയായി യു എൻ അധഃപതിച്ചതിന്റെ ചരിത്രം നവ സാമ്രാജ്യത്വത്തിന്റെ ചരിത്രം തന്നെയാണ്. ഇന്നിപ്പോൾ ഉത്തര കൊറിയൻ ആകാശത്ത് ഉരുണ്ടു കൂടിയ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ എന്തിനാണ് ഇത്തരമൊരു സംഘടന എന്ന  ചോദ്യമാണ് ഉയരുന്നത്.

1945-നിലവിൽ വന്ന സംഘടനയുടെ അടിസ്ഥാനപ്രമാണമായി യു എൻ ചാർട്ടറിൽ നാലു ലക്ഷ്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അന്തർദേശീയ സമാധാനവും സുരക്ഷയും സംരക്ഷിക്കുക,  രാജ്യങ്ങൾക്കിടയിൽ പരസ്പര സൗഹാർദം വർധിപ്പിക്കുക, സാമൂഹികവും സാമ്പത്തികവുമടക്കം എല്ലാ പ്രശ്‌നങ്ങളും അന്തർദേശീയ സഹകരണത്തോടെ പരിഹരിക്കുക,  പൊതുലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ട സംഘടിത പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കാനുള്ള കേന്ദ്രമായി പ്രവർത്തിക്കുക എന്നിവയാണ് അവ. ഇതിൽ ഏത് ലക്ഷ്യമാണ് യു എൻ നേടിയിട്ടുള്ളത്? ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴെല്ലാം വൻശക്തികളുടെ താത്പര്യങ്ങളിൽ തട്ടി ആ ഉദ്യമങ്ങൾ തകരുകയാണ് ചെയ്യാറുള്ളത്. യു എന്നിന്റെ ഘടന തന്നെയാണ് അടിസ്ഥാനപരമായ പ്രശ്‌നം. യു എന്നിന്റെ നയരൂപവത്കരണ സമിതിയായ രക്ഷാ സമിതിയുടെ ഘടന നോക്കൂ. അഞ്ച് സ്ഥിരാംഗങ്ങളാണ് തുടക്കത്തിലേ രക്ഷാ സമിതിയിലുള്ളത്. ഇന്നും അത് വിപുലീകരിക്കാതെ നിൽക്കുന്നു. ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, അമേരിക്ക എന്നിവയാണവ. അഞ്ചു പേരും യുദ്ധം ജയിച്ചവർ. വൻ സാമ്പത്തിക സൈനിക ശക്തികൾ. ഈ അഞ്ചു സ്ഥിരാംഗങ്ങളും പൊതുസഭയിലെ അംഗങ്ങളുടെ മൂന്നിൽ രണ്ട് വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളും ചേർന്നതാണ് രക്ഷാസമിതി. രണ്ടു വർഷമാണ് താത്കാലികാംഗങ്ങളുടെ ഔദ്യോഗിക കാലാവധി. സ്ഥിരാംഗങ്ങളെല്ലാം അനുകൂലിച്ച് വോട്ടുചെയ്താൽ മാത്രമേ രക്ഷാസമിതിയിൽ ഒരു പ്രമേയം പാസ്സാവുകയുള്ളൂ. സ്ഥിരാംഗങ്ങൾക്ക് വീറ്റോ അധികാരമുണ്ട്. എന്നുവെച്ചാൽ വൻകിട ശക്തികളായ അഞ്ച് രാഷ്ട്രങ്ങളിൽ ഒന്നിനെങ്കിലും ഹിതകരമല്ലാത്തതാണ്  തീരുമാനമെങ്കിൽ നടപ്പാകില്ലെന്ന് തന്നെ. അങ്ങേയറ്റം കുടുസ്സായ ചിന്താഗതികളും നിലപാടുകളും വെച്ചു പുലർത്തുന്ന, നവ സാമ്രാജ്യത്വത്തിന്റെയും യുദ്ധോത്സുകതയുടെയും മുസ്‌ലിം വിരുദ്ധതയുടെയും പൗരസ്ത്യ അധമവത്കരണത്തിന്റയും പ്രതീകങ്ങളായ ഈ രാജ്യങ്ങളിൽ നിന്ന് ആഗോള സമാധാനത്തിനായുള്ള എന്ത് കൂട്ടായ ശ്രമമാണ് ഉണ്ടാകുക? ആഗോള താപനവും കാർബൺ എമിഷനുമായി ബന്ധപ്പെട്ട പ്രശ്‌നം വന്നല്ലോ. അപ്പോൾ അമേരിക്ക എടുത്ത പ്രതിലോമ നിലപാടിൽ തട്ടി ആഗോള കരാർ തകർച്ചയുടെ വക്കിലെത്തുകയാണ് ചെയ്തത്. ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാത്തവരോട് ആണവ സഹകരണമില്ലെന്ന് പറയും. ഇഷ്ടക്കാരാണെങ്കിൽ പഴുതൊരുക്കുകയും ചെയ്യും.

രക്ഷാ സമിതി സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം യു എന്നിന് മുകളിൽ അഞ്ച് സൂപ്പർ  അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്. പൊതുസഭ ദിവസങ്ങളോളം കുത്തിയിരുന്നു ആലോചിച്ചുറപ്പിച്ച് തയ്യാറാക്കുന്ന പ്രമേയം രക്ഷാ സമിതിയിൽ എത്തുന്നു. അവിടെ ഏതെങ്കിലും ഒരു രാജ്യം വീറ്റോ ചെയ്യുന്നതിലൂടെ ആ പ്രമേയം നിഷ്ഫലമാകുന്നു. ഇത്രയും നിരർത്ഥകമായ ഏർപ്പാട് വേറെയുണ്ടോ? അന്താരാഷ്ട്ര സമൂഹമെന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന വൻകിടക്കാരുടെ കൂട്ടായ്മ ഇച്ഛിക്കുന്നതിനപ്പുറത്തേക്ക് ഒരു ഈച്ചയും പറക്കില്ല എന്നതാണ് സ്ഥിതി. യു എന്നിനും മുകളിലാണ് ‘അന്താരാഷ്ട്ര സമൂഹ’ത്തിന്റെ സ്ഥാനം. ഇന്റർനാഷനൽ കമ്യൂണിറ്റി ഇടപെടാൻ വൈകിയെന്നാണല്ലോ യു എൻ അധികാരികൾ തന്നെ പറയാറുള്ളത്. ഇന്ത്യയെപ്പോലുള്ള വമ്പൻ ജനാധിപത്യ രാജ്യങ്ങൾക്കോ ചൈനക്കോ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കോ അന്താരാഷ്ട്ര സമൂഹത്തിൽ അംഗത്വമില്ല. ആഫ്രിക്കൻ രാജ്യങ്ങളുടെ കാര്യം പറയുകയേ വേണ്ട. അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്റെ തീർപ്പിന് ഇരയാകേണ്ട അനുയായികൾ മാത്രമാണ്. ഇങ്ങനെയങ്ങ് ഗ്രൂപ്പിൽ പെടാത്തവയെ മുഴുവൻ ഒഴിവാക്കി കഴിഞ്ഞാൽ അമേരിക്കയും അവരോട് ഒട്ടിനിൽക്കുന്ന ഏതാനും സമ്പന്ന പാശ്ചാത്യ രാജ്യങ്ങളും അവശേഷിക്കും. അവരാണ് ഈ അന്താരാഷ്ട്ര സമൂഹക്കാർ.  എവിടെയും തോന്നിയ പോലെ കയറി ഇടപെടാനുള്ള ലൈസൻസായി ഈ അന്താരാഷ്ട്ര സമൂഹം സൃഷ്ടിച്ചെടുത്ത തത്ത്വമാണ് ‘റസ്‌പോൺസിബിലിറ്റി ടു പ്രൊട്ടക്ട്. ഏതെങ്കിലും ഒരു രാജ്യം അവിടുത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ അന്താരാഷ്ട്ര സമൂഹത്തിന് നോക്കി നിൽക്കാനാകില്ലെന്നതാണ് ഈ തത്ത്വത്തിന്റെ വാക്യാർത്ഥം. ഏതെങ്കിലും രാജ്യത്ത് സ്വന്തം  താത്പര്യങ്ങൾ ഹനിക്കപ്പെട്ടാൽ പാഠം പഠിപ്പിക്കുമെന്നതാണ് ഈ തത്ത്വത്തിന്റെ ആന്തരാർത്ഥം. ശരിക്കും പറഞ്ഞാൽ ഈ ഏർപ്പാട് നടത്തിയെടുക്കാനുള്ള  സംവിധാനം മാത്രമാണ് യു എൻ.

രക്ഷാ സമിതിയിലെ വീറ്റോ അധികാരം പൊളിച്ചെഴുതണമെന്ന ആവശ്യത്തിന് യു എന്നിനോളം തന്നെ പഴക്കമുണ്ട്. ഏറ്റവും ഒടുവിൽ 2015-ൽ, യു എന്നിന് എഴുപത് വയസ്സ് തികയുന്ന ഘട്ടത്തിൽ നൂറ് രാജ്യങ്ങൾ ഒപ്പുവെച്ച ഒരു പ്രസ്താവന ഇറങ്ങി. അതിൽ ബ്രിട്ടനും ഫ്രാൻസും ഒപ്പുവെച്ചുവെന്നതും ശ്രദ്ധേയമായി.   വംശഹത്യകൾ, കൂട്ടക്കൊലകൾ, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയവക്കെതിരെ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യില്ലെന്ന് ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചു. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഈ ഉദ്യമത്തിന് പിന്തുണ നൽകിയിട്ടുണ്ട്. അമേരിക്കയും റഷ്യയും ചൈനയും തങ്ങളുടെ താത്പര്യങ്ങൾക്കായി വീറ്റോ അധികാരം പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് കൂടുതലായും വീറ്റോ അധികാരത്തിൽ പുനർവിചിന്തനം ആവശ്യപ്പെടുന്നത്. ഫലസ്തീന്റെ സ്വാതന്ത്യ പോരാട്ടവുമായി ബന്ധപ്പെട്ട പ്രമേയങ്ങളിൽ അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ചതിന്റെ ചരിത്രം മാത്രം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. എപ്പോഴൊക്കെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതിക്കെതിരെ യു എൻ നിലയുറപ്പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അമേരിക്ക അത്തരം പ്രമേയങ്ങളെ വീറ്റോ ചെയ്തിട്ടുണ്ട്. അനധികൃത ജൂത കുടിയേറ്റ വിഷയത്തിൽ ഇസ്‌റാഈലിനെതിരെ കൊണ്ടുവന്ന പ്രമേയം മാത്രമാണ് അപവാദമായി നിൽക്കുന്നത്. അന്ന് ഇസ്‌റാഈലിനെതിരായ പ്രമേയം വോട്ടിനിട്ടപ്പോൾ അമേരിക്ക വിട്ടുനിന്നു. ബരാക് ഒബാമ സ്ഥാനമൊഴിയാനിരിക്കെയായിരുന്നു അത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിച്ചില്ലല്ലോ എന്ന കുറ്റബോധത്തിൽ നിന്ന് ഉത്ഭവിച്ചതായിരുന്നു ആ വിട്ടു നിൽക്കൽ തീരുമാനം.  സിറിയക്കെതിരായ പ്രമേയങ്ങളെ റഷ്യയും നിരവധി തവണ വീറ്റോ ചെയ്തിരുന്നു. റഷ്യയും മുൻഗാമിയായ സോവിയറ്റ് യൂനിയനും കൂടി 81 തവണയാണ് വീറ്റോ അധികാരം പ്രയോഗിച്ചത്. അമേരിക്ക 77 തവണ വീറ്റോ ഉപയോഗിച്ചു. ബ്രിട്ടൻ 32 തവണയും ഫ്രാൻസ് 18 തവണയും ചൈന ഒമ്പത് തവണയുമാണ് വിവിധ വിഷയങ്ങളിൽ വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതി പ്രമേയങ്ങൾ തടഞ്ഞത്. ഇവയെല്ലാം അവരവരുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയായിരുന്നു.

രക്ഷാ സമിതി പ്രമേയം ദുർവ്യാഖ്യാനം ചെയ്ത് തങ്ങളുടെ താത്പര്യ പൂർത്തീകരണങ്ങൾ നടത്തിയതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണമായിരുന്നു ലിബിയയുടെ കാര്യത്തിൽ ഉണ്ടായത്. 2011 മാർച്ചിൽ യു എൻ രക്ഷാ സമിതി പാസ്സാക്കിയ ‘പ്രമേയം 1973’ന്റെ പിൻബലത്തിലാണ് അമേരിക്കയും കൂട്ടരും ലിബിയയിൽ കയറി നിരങ്ങിയത്. അന്ന് രക്ഷാസമിതിയിൽ  10 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ചൈനയും റഷ്യയും അടക്കം അഞ്ച് അംഗങ്ങൾ വിട്ട് നിന്നു. ലിബിയയിൽ ജനാധിപത്യവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നായിരുന്നു പ്രമേയത്തിന്റെ താത്പര്യം. സംഭവിച്ചതെന്താണ്? മുഅമ്മർ  ഗദ്ദാഫിയെ വകവരുത്തുകയെന്ന അമേരിക്കൻ താത്പര്യം പൂർത്തിയായി. എണ്ണ സമ്പത്ത് കൊള്ളയടിക്കാൻ പാകത്തിൽ ലിബിയ സമ്പൂർണ അരാജകത്വത്തിലേക്ക് കൂപ്പു കുത്തി. ഈ നാട് ഭീകര ഗ്രൂപ്പുകളുടെ താവളമാണിന്ന്. നോം ചോംസ്‌കിയുടെ വിലയിരുത്തൽ എത്ര കൃത്യമാണ്. ‘യു എന്നും യു എസും ഭീകരവാദമെന്ന കൊതുകിനെക്കൊല്ലാൻ തോക്കെടുക്കും. കൊതുകുകളെ വളർത്താനുള്ള ചതുപ്പ് സൃഷ്ടിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും’.

ഇറാഖിൽ കൂട്ട നശീകരണ ആയുധമുണ്ടെന്ന അമേരിക്കൻ റിപ്പോർട്ട് മാത്രം കണക്കിലെടുത്താണ് അധിനിവേശത്തിന് യു എൻ പച്ചക്കൊടി കാണിച്ചത്. സദ്ദാമിനെ വധിക്കുകയും ശിയാ ഭൂരിപക്ഷ സർക്കാറിനെ വാഴിക്കുകയും ചെയ്തപ്പോൾ ദൗത്യം പൂർത്തിയായി. ഇവിടെ നിന്നാണ് ഇസിൽ തീവ്രവാദികൾ ശക്തി സംഭരിച്ചത്. ഇപ്പോൾ ഇസിൽ വിരുദ്ധ ദൗത്യത്തിലാണ് അമേരിക്ക. ഇറാൻ ആണവായുധം വികസിപ്പിക്കുന്നുവെന്ന ഇസ്‌റാഈൽ പരിദേവനത്തിന്റെ പിറകേ പോയ യു എൻ ആണവ ഏജൻസി എത്രയെത്ര പരിശോധനകളാണ് നടത്തിയത്. ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ ഇതേ ഇറാനുമായി അമേരിക്ക ആണവ കരാറിലെത്തുന്നതാണ് കണ്ടത്. അതത് കാലത്തെ ബാന്ധവങ്ങൾക്കനുസരിച്ച് അമേരിക്ക നിലപാടെടുക്കുകയും അതിനായി യു എൻ തുള്ളിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. വീറ്റോ അധികാരികളുടെ ആജ്ഞാനുവർത്തി മാത്രമാണ് യു എൻ സെക്രട്ടറി ജനറൽ. കോഫി അന്നാന്റെ കാലത്ത് അദ്ദേഹത്തിന്റെ വ്യക്തിപരമായ മികവിൽ ചില മുന്നേറ്റങ്ങൾ നടത്താനും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കാനും അദ്ദേഹത്തിന് സാധിച്ചു. ബാൻ കിമൂണിലെത്തിയപ്പോൾ സ്വന്തമായി സൈന്യമോ അധികാരമോ ഇല്ലാത്ത സാമന്തനാണ് ലോകമേധാവിയെന്ന് എക്കാലത്തേക്കാളും വ്യക്തമായി തെളിയിക്കപ്പെട്ടു.

പുതിയ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ നീതിബോധവും വ്യക്തിപരമായ ഇച്ഛാശക്തിയും മ്യാൻമറിലും ഉത്തര കൊറിയയിലും മാറ്റുരക്കപ്പെടുകയാണ്. മ്യാൻമർ കൂട്ടക്കൊലയെ യു എൻ മനുഷ്യാവകാശ ഏജൻസിയും അഭയാർഥി ഏൻസിയും ശക്തമായി അപലപിക്കുന്നുണ്ടെങ്കിലും പ്രശ്‌നത്തിന്റെ മർമം തൊടാൻ രക്ഷാസമിതി തയ്യാറായിട്ടില്ല. അഭയാർത്ഥികളായെത്തുന്ന റോഹിംഗ്യൻ മുസ്‌ലിംകളെ സ്വീകരിക്കാൻ ബംഗ്ലാദേശടക്കമുള്ള രാജ്യങ്ങൾക്ക് യു എൻ നിർദേശം നൽകുന്നുണ്ട്. അതിന് സാമ്പത്തിക സഹായവും. എന്നാൽ ഈ മനുഷ്യർ ഇങ്ങനെ അലയേണ്ടി വരുന്നതിന്റെ അടിസ്ഥാന കാരണം ബുദ്ധമതക്കാരായ ഭീകരവാദികളുടെ ക്രൂരതയാണെന്നും മ്യാൻമർ ഭരണകൂടത്തിന്റെ പിന്തുണയിലാണ് ഈ വംശഹത്യ നടക്കുന്നതെന്നും ഉച്ചത്തിൽ പറയാൻ യു എൻ രക്ഷാസമിതി തയ്യാറായിട്ടില്ല. ശക്തമായ നടപടി യു എന്നിൽ നിന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. കാരണം, അമേരിക്കക്കും ചൈനക്കും മ്യാൻമറിൽ വലിയ താത്പര്യങ്ങളുണ്ട്. പ്രകൃതി വാതകമടക്കമുള്ള വിഭവങ്ങളുടെ നിയന്ത്രണം തന്നെയാണ് പ്രധാനം. മ്യാൻമറിന്റെ തന്ത്രപരമായ പ്രാധാന്യവുമുണ്ട്. അത്‌കൊണ്ട് മ്യാൻമറിന്റെ അസ്ഥിക്ക് തൊടുന്ന നിലപാടിലേക്ക് യു എൻ നീങ്ങിയാൽ ഈ രാജ്യങ്ങൾ വീറ്റോ ചെയ്യും. പൊതുസഭ ഈ വിഷയം ചർച്ചക്കെടുക്കുമ്പോൾ ഒന്ന് ചെന്ന് കേൾക്കാൻ പോലും ആംഗ് സാൻ സൂകിയെന്ന മ്യാൻമർ അധികാരി തയ്യാറാകുന്നില്ലെന്നത് ഇതിന്റെ തെളിവാണ്. വലിയ ജനാധിപത്യവാദിയായ സൂകിക്ക് റോഹിംഗ്യൻ മുസ്‌ലിംകളോടുള്ള ശത്രുത ഇന്ന് ലോകത്തിന് മുമ്പിൽ വെളിവാക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ വെളിപ്പെടാൻ അവർക്ക് ആത്മവിശ്വാസം കൈവന്നത് പിന്തുണ നൽകാനായി അമേരിക്കയും ചൈനയും മത്സരിക്കുന്നത് കൊണ്ടാണ്.

ഉത്തര കൊറിയൻ പ്രശ്‌നം കൂടുതൽ സങ്കീർണമാകുകയാണ്. അമേരിക്കയാണ് പരുങ്ങുന്നത്. കീഴ്‌മേൽ നോക്കാനില്ലാത്തതിനാലാവാം, ഉ. കൊറിയൻ മേധാവി കിം ജോംഗ് ഉൻ ഭീഷണിപ്പെടുത്തലിന്റെ ഏറ്റവും അപകടകരമായ  പദങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നു. പുറത്ത് വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആണവായുധങ്ങൾ അടക്കം പരീക്ഷിച്ചുറപ്പിച്ച് സജ്ജമായി നിൽക്കുകയാണ് കൊറിയ.  ഇനിയും ആണവ പരീക്ഷണം ഉണ്ടായാൽ കൊറിയക്ക് നേരെ നടപടി സ്വീകരിക്കാൻ യു എൻ അനുമതി നേടാനുള്ള അമേരിക്കയുടെ നീക്കം റഷ്യ വീറ്റോ ചെയ്തിരിക്കുകയാണ്. ഇത് ഉ. കൊറിയയുടെ  ആത്മവിശ്വാസം വർധിപ്പിച്ചു. അത്‌കൊണ്ട് വീണ്ടും പരീക്ഷണം നടന്നു. രക്ഷാസമിതിയിൽ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തോട് ചൈന ഉൾപ്പെടെ 14 രാഷ്ട്ര പ്രതിനിധികളും യോജിച്ചുവെങ്കിലും റഷ്യ അറ്റകൈ പ്രയോഗിച്ച് കൊറിയയെ രക്ഷപ്പെടുത്തുകയായിരുന്നു. ചൈനയുടെ ഇപ്പോഴത്തെ നിലപാട് ശാശ്വതമാണെന്ന് കാണാനാകില്ല. അവർക്ക് ഉത്തര കൊറിയയോട് മൃദുസമീപനമുണ്ടെന്നത് വസ്തുതയാണ്.  മറ്റിടങ്ങളിൽ കയറിക്കളിച്ചപോലെയല്ല കാര്യങ്ങളെന്ന് അമേരിക്ക മനസ്സിലാക്കുന്നുണ്ട്.  ഉത്തര കൊറിയ ആദ്യം ആക്രമിക്കുക ദക്ഷിണ കൊറിയയെയും ജപ്പാനെയുമായിരിക്കുമെന്ന് അവർക്കറിയാം. അത് നേരിടാൻ ശ്രമിക്കുമ്പോൾ ചൈനയും റഷ്യയും പ്രവേശിക്കും. അതോടെ യുദ്ധത്തിന്റെ ഗതിയാകെ മാറും. അമേരിക്കൻ ഭരണ പ്രദേശമായ ഗുവാമിലേക്ക് തിരിച്ചുവെച്ച മിസൈലുകൾ ഗർജിക്കും.

ആണവായുധം പ്രയോഗിക്കാൻ  കിം ജോംഗ് ഉൻ മടിക്കില്ല. ‘അമേരിക്ക തന്നെ നശിച്ചു ചാരമാകുന്ന തരത്തിലുള്ള ആക്രമണമായിരിക്കും അവർക്ക് നേരിടേണ്ടി വരിക’യെന്നാണ് ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം മുന്നറിയിപ്പ് നൽകിയത്. അത്‌കൊണ്ട് പ്രത്യക്ഷ യുദ്ധത്തിന് ഇറങ്ങും മുമ്പ് അമേരിക്ക പലവട്ടം ആലോചിക്കും. തങ്ങളുടെ യുദ്ധക്കപ്പൽ കൊറിയൻ തീരത്തേക്ക് പുറപ്പെട്ടുവെന്ന് പ്രചരിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നതും ട്രംപിന്റെ ഭീഷണികളും മനശ്ശാസ്ത്രപരമായ നീക്കമായേ കാണാനാകൂ.

ഉത്തര കൊറിയൻ ആകാശത്ത് നിന്ന് യുദ്ധഭീതി ഒഴിഞ്ഞു പോയാൽ അതിന് കാരണം യു എന്നോ, സമാധാന കാംക്ഷികളുടെ ഇടപെടലോ ആയിരിക്കില്ല. മറിച്ച് കൂട്ട നശീകരണ ആയുധങ്ങളുടെ സാന്നിധ്യമാകും. ഇറാഖിൽ അതില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അമേരിക്ക ആക്രമിച്ചത്. ഉത്തര കൊറിയയുടെ കൈയിൽ ചിലത് ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആക്രമിക്കാൻ അറച്ച് നിൽക്കുന്നതും. അമേരിക്കയും ഇസ്‌റാഈലുമാണ് ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികൾ. അവരാണ് മറ്റാർക്കും ആണവായുധം പാടില്ലെന്ന് ശഠിക്കുന്നതും. ഇതെങ്ങനെ വിലപ്പോകും? ആയുധ കിടമത്സരത്തെ പിന്തുണക്കുകയാണെന്ന് വ്യാഖ്യാനിക്കപ്പെടാമെങ്കിലും ഒരു വസ്തുത പറയാതിരിക്കാനാകില്ല. അമേരിക്കക്കും സഖ്യ ശക്തികൾക്കും ആണവായുധമാകാമെങ്കിൽ മറ്റെല്ലാവർക്കും അതാകാം. അങ്ങനെ എല്ലാവരും ആയുധ സജ്ജരാകുമ്പോൾ ‘ഭീകരമായ ശാന്തത’  സംജാതമാകും. യു എന്നിനെപ്പോലെ ഒരു ചത്ത കുതിരയാണ് ലോകത്തെ ഏറ്റവും വലിയ സമാധാനപാലക സംഘമെന്നതിനാൽ അത്തരമൊരു ശാന്തതയിൽ പ്രതീക്ഷയർപ്പിക്കുകയേ തരമുള്ളൂ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ