അതിരുകളില്ലാത്ത അനുഗ്രഹവര്‍ഷത്തിന്റെ സുവര്‍ണകാലമാണ് വിശുദ്ധ റമളാന്‍. ഈ അനുഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസികള്‍ക്ക് ആവേശവും ആഹ്ലാദവും ആത്മീയ ചൈതന്യവും ആരോഗ്യപരിരക്ഷയും സമ്മാനിക്കുന്നു. മനുഷ്യജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ശുദ്ധീകരണ പ്രക്രിയയുടെ വസന്തകാലം. ബാഹ്യവും ആന്തരികവുമായ ഒട്ടേറെ അനുഗ്രഹങ്ങള്‍ വിശ്വാസിക്ക് നേടിത്തരുന്ന പ്രത്യേക സന്ദര്‍ഭം.
വിശുദ്ധ റമളാനിന്റെ പ്രശസ്തമായ അറുപതിലധികം നാമവിശേഷങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് പേരുകളാണ് ശഹ്റുര്റഹ്മ- കാരുണ്യമാസം, ശഹ്റുല്‍ ഉമ്മ-സമുദായം രക്ഷപ്രാപിക്കുന്ന മാസം എന്നിവ. മനുഷ്യര്‍ക്കിടയിലും കാരുണ്യം വഴിഞ്ഞൊഴുകുന്നത് കൊണ്ടാണ് ഈ പേര് ലഭിച്ചതെന്ന് പണ്ഡിതര്‍ പറയുന്നു.
പട്ടിണി കാരുണ്യമോ?
പകല്‍ മുഴുവന്‍ പട്ടിണി കിടക്കുന്ന മാസം കാരുണ്യമാകുന്നതെങ്ങനെ? അന്നപാനീയങ്ങളെയും വികാര വിചാരങ്ങളെയും തടഞ്ഞുവെക്കുന്നത് അവകാശ ധ്വംസനമല്ലേ? ദാഹിച്ചുവലയുന്ന അത്യുഷ്ണകാലത്തെ റമളാന്‍ ആര്‍ക്കാണ് അനുഗ്രഹമാവുക? മതവിരോധികളുടെയും പരിഷ്കരണവാദികളുടെയും ആരോപണങ്ങളാണിത്.
കാരുണ്യം രണ്ട് വിധമുണ്ട്. ബാഹ്യം- ആന്തരികം, നൈമിഷികം-ശാശ്വതം. കുഴിമടിയനായ മകനെ ശിക്ഷിക്കാതിരിക്കുന്നത് കാരുണ്യം കൊണ്ടാണെന്ന് പറയാം. എന്നാല്‍ ബാഹ്യമായി ഇത് കാരുണ്യമാണെങ്കില്‍ ആന്തരികമായി പീഡനമാണ്. മകന്റെ ഭാവിതന്നെ ഒരു പക്ഷേ ഇത്കൊണ്ട് തകരും. അവന് പഠിക്കുകയോ മര്യാദക്ക് ജോലി ചെയ്യുകയോ ഇല്ല. ഇത് അവനും കുടുംബത്തിനും മാത്രമല്ല, സമൂഹത്തിന് തന്നെയും വലിയ നഷ്ടമാണ്.
ഇനി അവനെ ശാസിച്ചും ശിക്ഷിച്ചും മടിയും കുടിയും മാറ്റുകയും പഠനത്തില്‍/ജോലിയില്‍ ഉത്സുകനാക്കുകയും ചെയ്തെന്ന് വെക്കുക. എങ്കില്‍ അവന് നല്കിയ ശിക്ഷകൊണ്ട് അവനും സമൂഹവും രക്ഷപ്പെടും. അതുവഴി അവര്‍ വലിയ പുരോഗതി നേടുകയും ചെയ്യും. ഇങ്ങനെ നോക്കിയാല്‍ അത് പരമകാരുണ്യമാകും.
ഒരു പിതാവ് മകന് വിലപിടിപ്പുള്ള വിഭവങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നിര്‍ബന്ധിച്ച് തീറ്റിച്ചു. മകന്റെ പ്രായമോ ആരോഗ്യമോ രോഗമോ ഒന്നും പരിഗണിച്ചില്ല. അവന് നല്ലവണ്ണം ഭക്ഷിച്ച് അതിവേഗം വലുതാകട്ടെ എന്നാണയാള്‍ കരുതിയത്. ഇത് പിതാവിന്റെ ബാഹ്യമായ കാരുണ്യം എന്നു പറയാം. പക്ഷേ ആന്തരികമായി അത്യന്തം അപകടകരവും അക്ഷന്തവ്യവുമാണ്.
മറ്റൊരു പിതാവ് മകന് ആവശ്യപ്പെട്ടത് പൂര്‍ണമായി നല്‍കിയില്ല. പലതും തടഞ്ഞുവച്ചു. മിതമായ ആഹാരം, ആവശ്യമായ മരുന്ന്, ആരോഗ്യ സംരക്ഷണത്തിന് വേണ്ട നിയന്ത്രണങ്ങളെല്ലാം അവന് നല്കി. മകന് ആവശ്യപ്പെട്ടതത്രയും നല്‍കാതിരുന്നത് ബാഹ്യവീക്ഷണത്തില്‍ കാരുണ്യമല്ല. പക്ഷേ പരോക്ഷമായി അതാണ് കാരുണ്യം. ശരിയായ സ്നേഹപ്രകടനത്തിന്റെ രീതിശാസ്ത്രമാണത്. ചോദിക്കുന്നതെന്തും നല്‍കുന്നത് മകന് നശിക്കാനും കുടുംബം തകരാനും സമുദായത്തിന് തെറ്റായ സന്ദേശം പകരാനും കാരണമാകും.
ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ റമളാനില്‍ പട്ടിണി കിടക്കണമെന്ന അല്ലാഹുവിന്റെ കല്പന ഒരിക്കലും ശിക്ഷയല്ല, രക്ഷയാണ്. അക്ഷരാര്‍ത്ഥത്തില്‍ കാരുണ്യവും. വര്‍ഷത്തില്‍ 12 മാസവും വിശ്രമമില്ലാതെ ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ഗുരുതരമായ രോഗങ്ങളില്‍ നിന്നുമുള്ള സംരക്ഷണവും സംസ്കരണവുമാണ് നോമ്പിന്റെ ഭാഗമായി പട്ടിണി കിടക്കുന്നതിലൂടെ സാധ്യമാകുന്നത്. ഇതൊരിക്കലും പീഡനമോ അവകാശ ധ്വംസനമോ അല്ല. ആരോഗ്യകരമായ ശുദ്ധീകരണ പ്രക്രിയയാണ്. 13 മണിക്കൂറിലേറെ വരുന്ന പകലിലും ചുട്ട് തിളക്കുന്ന ചൂടിലും വിശന്നും ദാഹിച്ചും വലയുന്ന നോമ്പുകാരനെ വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍നിന്നും നോമ്പിന്റെ പകലില്‍ വിലക്കുന്നത് വിശ്വാസികളോട് അല്ലാഹുവിനുള്ള കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഭാഗംതന്നെയാണ്.
വാത്സല്യനിധിയായ മാതാപിതാക്കള്‍ രോഗിയായ കുട്ടികള്‍ക്ക് ചില ഭക്ഷ്യവിഭവങ്ങള്‍ തടഞ്ഞുവെക്കുന്നത് അവരോടുള്ള സ്നേഹക്കുറവ് കൊണ്ടല്ല. രോഗശമനത്തിനത് പ്രയാസം സൃഷ്ടിക്കുന്നത് കൊണ്ടാണ്. ഇത് കുട്ടിക്ക് മനസ്സിലാകാത്തത് പോലെ റമളാനിന്റെ പകലില്‍ ഭക്ഷണം പാടില്ലെന്ന് പറഞ്ഞതിന്റെ പൊരുള്‍ പലര്‍ക്കും ഗ്രാഹ്യമാകുന്നില്ലെന്ന് മാത്രം. നൈമിഷികവും താല്കാലികവുമായ സുഖാസ്വാദനങ്ങളല്ല അല്ലാഹു മനുഷ്യന് അഭിലഷിക്കുന്നത്. നിത്യനിദാന്തമായ സംതൃപ്തിയും ആരോഗ്യവുമാണ് വിഭാവന ചെയ്യുന്നത്. മാതാപിതാക്കള്‍ നിശ്ചിത നിയന്ത്രണങ്ങളിലൂടെ കുട്ടിയെ ശരിയായ ആരോഗ്യാവസ്ഥയിലേക്കും സൗഖ്യത്തിലേക്കും നയിക്കുന്നതു പോലെ അല്ലാഹു നിശ്ചിത സമയത്തെയും ദിവസത്തെയും ഭക്ഷണ-വികാര വിചാരനിയന്ത്രണത്തിലൂടെ സമ്പൂര്‍ണ-ശാശ്വത ആരോഗ്യത്തിലേക്കും വിജയത്തിലേക്കുമാണ് വിശ്വാസിയെ പാകപ്പെടുത്തുന്നത്.
തണുപ്പ് അനുഭവിക്കുന്നവന് മാത്രമേ ചൂടിന്റെ ശരിയായ അവസ്ഥ ആസ്വദിക്കാനാകൂ. മറിച്ചും. ഇത് പോലെയാണ് സുഖവും ദു:ഖവും. ചൂടില്ലെങ്കില് തണുപ്പിനോ ദു:ഖമില്ലെങ്കില്‍ സൗഖ്യത്തിനോ പട്ടിണിയില്ലെങ്കില് വിശപ്പടക്കുന്നതിനോ വിലയില്ല. ഓരോന്നും ശരിക്കും ആസ്വദിക്കണമെങ്കില്‍ അതിന്റെ വിപരീതം അനുഭവിക്കേണ്ടതുണ്ട്. തന്നിമിത്തം തണുപ്പും ചൂടും സുഖവും ദു:ഖവുമെല്ലാം അല്ലാഹു സംവിധാനിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ അവന്റെ കാരുണ്യമാണ്. അനുഗ്രഹവര്‍ഷത്തിന്റെ പ്രായോഗിക ശൈലിയും. എന്റെ അനുഗ്രഹം എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നവെന്ന നാഥന്റെ പ്രഖ്യാപനം എന്തുമാത്രം ശ്രദ്ധേയമാണ് (അഅ്റാഫ്: 156).
കുറ്റവാളിക്കും അനുഗ്രഹം
പാപം ചെയ്യാനുള്ള സൗകര്യത്തിലും സാഹചര്യത്തിലും ജീവിക്കുന്ന മനുഷ്യന് എന്നും കുറ്റവാളിയാകുന്നത് അല്ലാഹുവിന് ഇഷ്ടമല്ല. ഇടക്കിടെ ഏത് ക്രിമിനല്‍ വാസനയുള്ളവനും നന്നാകാനുള്ള അവസരം സൃഷ്ടിക്കുകയാണ് റമളാനിലൂടെ. 11 മാസത്തെ പാപക്കറകള്‍ ഒരു മാസത്തെ ഉപവാസത്തിലൂടെയും സവിശേഷ ആരാധനകളിലൂടെയും ശുദ്ധീകരിക്കുന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം മഹാകാരുണ്യം തന്നെയാണ്. ഇങ്ങനെയൊരു സുവര്‍ണാവസരം ഇല്ലാത്തപക്ഷം മനുഷ്യന് ആയുഷ്കാല കുറ്റവാളിയായിത്തീര്ന്നേക്കും. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്തവിധം നരകാവകാശിയായി മാറുകയും ചെയ്യും. റമളാന്‍ മോക്ഷത്തിന്റെ സുഭാഷിതവും വിജയത്തിന്റെ വസന്തവുമാണ്.
റമളാന്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മാസമായതിനാല്‍ ഏതൊരു വിശ്വാസിയും സല്കര്മങ്ങളധികരിപ്പിക്കാനും ദുഷ്കര്മങ്ങളില് നിന്ന് അകലം പാലിക്കാനും ജാഗ്രത കാണിക്കാതിരിക്കില്ല. 70 മുതല്‍ 700 വരെ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട പുണ്യമാസത്തില്‍ ആരാധനാനിരതരാവാന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അറുപിശുക്കന്മാര് പോലും ഉദാരമതികളായി മാറുന്ന റമളാന്‍ എന്തുകൊണ്ടും അനുഗ്രഹവര്‍ഷത്തിന്റെ അനര്‍ഘ നിമിഷമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകും.
പ്രവാചകര്‍(സ്വ)യുടെ ഒരു പ്രസ്താവനയിങ്ങനെ: അല്ലാഹുവിന്റെ ദാസന്മാര് റമളാന്‍ എന്താണെന്ന് വേണ്ടവിധം മനസ്സിലാക്കിയിരുന്നുവെങ്കില്‍ കൊല്ലം മുഴുക്കെ റമളാനായിരുന്നെങ്കിലെന്ന് അവരാഗ്രഹിക്കുമായിരുന്നു (ബൈഹഖി).
നോമ്പ് കാലത്തെ ആരാധനകളിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും ആര്‍ജിച്ചെടുക്കുന്ന വിശുദ്ധിയും ചൈതന്യവും നേട്ടങ്ങളുമെല്ലാം ആത്യന്തിക വിശകലനത്തില്‍ അനുഗ്രഹമാണ്. ശരീരവും മനസ്സും ഇച്ഛകളും നിയന്ത്രിക്കുക, ആത്മാവിനെ പരിപോഷിപ്പിക്കുക, ആത്മശുദ്ധിയും ദര്‍ശനവും ലഭിക്കുക, പാവപ്പെട്ടവന്റെ വിശപ്പും ദാഹവും അനുഭവിച്ചറിയുക, വികാരങ്ങള്‍ നിയന്ത്രിക്കുക, നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദഹനേന്ദ്രിയങ്ങള്‍ക്കും മറ്റും വിശ്രമം നല്‍കുക, ആരോഗ്യം നിലനിര്‍ത്തുക, അല്ലാഹുവിനെ ഓര്‍ക്കാന്‍ മാത്രം മനസ്സിനും ശരീരത്തിനും അവധി നല്‍കുക, കഴിഞ്ഞകാല വീഴ്ചകള്‍ പരിഹരിച്ച് കൂടുതല്‍ നന്നാകാന്‍ ശ്രമിക്കുക, അല്ലാഹുവിന് വേണ്ടി എന്തും ത്യജിക്കാനും സഹിക്കാനും ആത്മധൈര്യം ശേഖരിക്കുക തുടങ്ങി ഒട്ടേറെ ഗുണങ്ങളും ലക്ഷ്യങ്ങളും റമളാന്‍ നോമ്പ് നേടിത്തരുന്നു. ഇവയത്രയും വ്യത്യസ്തമായ രൂപത്തില്‍ കാരുണ്യമാണ്.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനാദികള്‍ ഉപേക്ഷിച്ചാല്‍ ശരീരവും മനസ്സും ക്ഷീണിക്കുമെന്നാണ് പ്രഥമ ദൃഷ്ട്യാ പലരും വിചാരിക്കുക. എന്നാല്‍ ശരിയാംവണ്ണം പഠിച്ചറിഞ്ഞാല്‍ കാര്യം നേരെ മറിച്ചാണ്- അനുഭവവും. നിരവധി രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും നോമ്പ് പരിഹാരമാണ്. ഇവയെല്ലാം ആര്‍ക്കാണ് അനുഗ്രഹമാകാതിരിക്കുക? നോമ്പ് നിങ്ങള്‍ക്ക് ഗുണമാണെന്ന ഖുര്‍ആന്‍ വചനവും നോമ്പ് പരിചയാണ് എന്ന തിരുവചനവും ചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്.
നോമ്പ് കാലത്ത് വിശ്വാസികളുടെ ഏത് വീട്ടിലും പള്ളിയിലും ആര്‍ക്കും നോമ്പ് തുറക്കുള്ള സൗകര്യമൊരുക്കുന്നത് വലിയ അനുഗ്രഹമാണ്. ഏത് നാട്ടുകാരനും ഭാഷക്കാരനും സുഭിക്ഷമായ ഭക്ഷണവും ദാനധര്‍മങ്ങളും ലഭിക്കുന്നു. പട്ടിണിപ്പാവങ്ങളോടും അവശതയനുഭവിക്കുന്നവരോടും ഏറ്റവും കൂടുതല്‍ അനുകമ്പ തോന്നുന്ന, ഉദാരത പ്രകടിപ്പിക്കുന്ന അനുഗൃഹീത മാസം. കൊടുക്കാന്‍ വേണ്ടി മാത്രമായി ഇരിക്കുന്നവരും രഹസ്യമായി ധാരാളം ധര്‍മം ചെയ്യുന്നവരും റമളാനിന്റെ പ്രത്യേകതയത്രെ.
അനുഗ്രഹത്തിന്റെ പത്ത്
ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലമാണ് റമളാന്‍. അതിന്റെ ഓരോ ദിനരാത്രവും കാരുണ്യമാണ്. പ്രഥമരാത്രിയിലും അവസാനരാത്രിയിലും പ്രത്യേക അനുഗ്രഹവും പാപമോചനവും ലഭിക്കും. മൂന്ന് പത്തുകളില്‍ ആദ്യത്തേത് കാരുണ്യവര്ഷത്തിന്റേതാണ്. വിശ്വാസികള്‍ നിരന്തരം അല്ലാഹുവോട് കാരുണ്യം ആവര്‍ത്തിച്ച് ചോദിക്കുന്ന പത്ത് കൂടിയാണത്.
വെയില് ചൂടില്‍ വെന്തുകിടക്കുന്ന മരുഭൂമിയിലേക്ക് അവിചാരിതമായി കടന്നുവരുന്ന മഴയെ കുറിക്കാന്‍ അറബികള്‍ റമദ് എന്നു പ്രയോഗിക്കാറുണ്ട്. വരണ്ട് വിണ്ടുകീറി ഊഷരമായിക്കിടക്കുന്ന മനുഷ്യ ഹൃദയങ്ങള്‍ക്ക് മേല്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന കുളിര്‍മാരി പോലെയാണ് റമളാനിന്റെ കടന്നുവരവ്. കോരിച്ചൊരിയുന്ന മഴയില്‍ കുണ്ടും കുളവും തോടുകളും നിറഞ്ഞുകവിയുന്നത് പോലെ റമളാന്‍ രാപകലുകളില്‍ ദൈവകാരുണ്യം കവിഞ്ഞൊഴുകുന്നു.
തിരുനബി(സ്വ) പറഞ്ഞു: റമളാനില്‍ അതിമഹത്തായ അഞ്ച് അനുഗ്രഹങ്ങള്‍ എന്റെ സമുദായത്തിന് നല്കപ്പെട്ടിരിക്കുന്നു. എനിക്ക് മുമ്പ് ഒരു പ്രവാചകനും അതു ലഭിച്ചിട്ടില്ല. ഒന്ന്, റമളാനിലെ പ്രഥമരാവ് സമാഗതമായാല്‍ അല്ലാഹുവിന്റെ അനുഗ്രഹം അവരെ കടാക്ഷിക്കുന്നു. അങ്ങനെ അനുഗ്രഹിക്കപ്പെടുന്നവന് പിന്നീടൊരിക്കലും ശിക്ഷിക്കപ്പെടുകയില്ല. വ്രതമനുഷ്ഠിക്കുന്ന ആദ്യപകലിന് തൊട്ടുമുമ്പുള്ള രാത്രിയാണിത്. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സോടെയും പ്രാര്‍ത്ഥനയോടെയും രണ്ട് മാസം വിശ്വാസികള്‍ കാത്തിരിക്കുന്നതാണിതിന് കാരണം.
അനസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ പ്രസക്ത ഭാഗം ഇങ്ങനെയാണ്: ‘നിശ്ചയം വിശുദ്ധ റമളാനിനെ നിയമാനുസൃതം വരവേല്‍ക്കുന്ന സത്യവിശ്വാസിക്ക് റമളാനിന്റെ ആദ്യപ്രഭാതത്തില്‍ തന്നെ അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല.’
നോമ്പുകാരന്റെ പാപമോചനത്തിനായി മലക്കുകള്‍ സദാപ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് രണ്ടാം അനുഗ്രഹം. ഒരു മലക്ക് മാത്രം മുഴുവന്‍ മനുഷ്യര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ പോലും അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുമെന്നിരിക്കെ മുഴുവന്‍ മലക്കുകളും പ്രാര്‍ത്ഥിച്ചാല്‍ എന്തായാലും സ്വീകൃതമാകുമല്ലോ (ഖുര്‍ത്വുബി 15/295).