തിരുനബി(സ്വ) പറഞ്ഞു: കാലത്തെ നിങ്ങൾ ദുഷിച്ച് പറയരുത്. നിശ്ചയം, കാലത്തെ ക്രമപ്പെടുത്തുന്നവൻ അല്ലാഹുവാണ് (ബുഖാരി).
നബി(സ്വ) പ്രബോധന പ്രവർത്തനം തുടങ്ങിയത് തൗഹീദ് വിളംബരം ചെയ്ത് കൊണ്ടാണല്ലോ. മക്കാ കാലഘട്ടം പൊതുവെ സത്യാദർശത്തിന്റെ അടിസ്ഥാന ശിലകൾ പാകിയ കാലമാണ്. അജ്ഞാന സമൂഹത്തിൽ അടിവേരുറച്ച അനേകം അബദ്ധ ധാരണകളുണ്ടായിരുന്നു. ശിർക്കൻ ആശയങ്ങളായിരുന്നു അവ പ്രതിഫലിപ്പിച്ചിരുന്നത്. നബി(സ്വ) അവ ഒന്നൊന്നായി തിരുത്തുകയുണ്ടായി. കാലത്തെ പഴിക്കുക എന്നത് അവരിൽ കണ്ടിരുന്നൊരു രീതിയാണ്. പ്രത്യക്ഷത്തിൽ അപാകമൊന്നും തോന്നില്ലെങ്കിലും അവരുടെ ശിർക്കൻ വിശ്വാസത്തോട് ചേർത്തുവെച്ചാൽ അതിന്റെ ഗുരുതരാവസ്ഥ ബോധ്യമാകും.
ഇമാം ശാഫിഈ(റ) ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ പറയുന്നു: അജ്ഞാന കാലഘട്ടത്തിൽ വല്ല ദുരിതമോ പ്രയാസമോ ആപത്തോ വന്നാൽ അറബികൾ പറയും; ‘യാ ഖൈബത്തദ്ദഹ്ർ’ (കാലക്കേട്/ നാശ കാലം) എന്ന്. ദുരിതങ്ങളെ അവർ കാലത്തിന്റെ മേൽ ചാർത്തി കാലത്തെ ദുഷിപ്പ് പറയും. നിശ്ചയം, അല്ലാഹുവാണ് അതിന്റെ കാര്യകർത്താവെന്നതുകൊണ്ട് ഫലത്തിൽ അവനെ ദുഷിച്ച് പറയുന്നത് പോലെയായിത്തീരുന്നു. ഇക്കാരണത്താൽ ഈ വിധം കാലത്തെ പഴിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അവർ കാര്യങ്ങൾ ചാർത്തിയതും ഉദ്ദേശിച്ചതുമായ കാലംകൊണ്ട് യഥാർഥത്തിൽ ഉദ്ദേശിക്കപ്പെടുന്നത് അല്ലാഹുവാണ് (തഫ്‌സീർ ഇബ്‌നുകസീർ).
കാലം ഒന്നിന്റെയും കർത്താവല്ലാത്തത് പോലെ ഇതിന്റെയും കർത്താവല്ല. അതിനാൽ ആക്ഷേപവും പഴിയും ചെന്നു പതിക്കുന്നത് കർത്താവും നിയന്താവുമായ അല്ലാഹുവിലാണ്. അവരുടെ ഈ പഴിയും ദുഷിപ്പുമെല്ലാം അല്ലാഹുവിനെതിരെ ആകുമെന്നതിന് പുറമെ, കാലമാണ് അവയുടെ കർത്താവും ഉപജ്ഞാതാവും എന്ന തെറ്റായ ആദർശവും അതിൽ പ്രകടമാകുന്നുണ്ട്.
കാലത്തെ പഴിക്കൽ എന്നെ ഉപദ്രവിക്കലാണെന്ന് ഖുദ്‌സിയായ ഹദീസിൽ വന്നിട്ടുണ്ട്. അല്ലാഹു പറഞ്ഞു: മനുഷ്യ പുത്രൻ എന്നെ ഉപദ്രവിക്കുകയാണ്, അവൻ കാലക്കേടേ എന്ന് പഴിക്കുന്നു. നിങ്ങളാരും അങ്ങനെ പറയരുത്. കാരണം ഞാനാണ് കാലത്തിന്റെ കർത്താവ്, രാപകലുകൾ ഞാനാണ് മാറ്റിമറിക്കുന്നത്. ഞാനുദ്ദേശിച്ചാൽ അവയെ ഞാൻ പിടിച്ചുവെക്കും (മുസ്‌ലിം).
കാലവുമായി ബന്ധപ്പെട്ട് ശുഭാശുഭ വിചാരം പ്രമാണ വിരുദ്ധമല്ല. മഹത്ത്വങ്ങളും നന്മകളും കൂടുതലുള്ള സമയങ്ങളും ദിവസങ്ങളും ദശദിനങ്ങളും മാസങ്ങളുമുണ്ടെന്നത് അവിതർക്കിതമാണ്. എങ്കിൽ പിന്നെ അവയല്ലാത്തവ താരതമ്യേന താഴ്ന്ന നിലവാരമുള്ളവയാണെന്നതിലും തർക്കം വേണ്ട. ഇതിനർഥം ഇവയെല്ലാം ഈ സവിശേഷതകൾ സ്വയം ഉണ്ടാക്കിയതോ സ്വന്തമായി പ്രകടിപ്പിക്കുന്നതോ ആണെന്നല്ല. അത്തരം ധാരണകൾ അബദ്ധം മാത്രമല്ല, അപകടവുമാണ്. സമയം, ദിവസം, മാസം തുടങ്ങിയവ ഗുണദോഷങ്ങളെ ഉൽപാദിപ്പിക്കുന്നില്ല. അല്ലാഹു മാത്രമാണ് അവയുടെ ഉപജ്ഞാതാവ്. അവന്റെ നാമങ്ങളിൽ നാഫിഅ്, ളാർറ് എന്നിവയുണ്ട്. ഉപദ്രവത്തെയും ഉപകാരത്തെയും പടക്കുന്നവനായ അല്ലാഹു എന്നാണവയുടെ അർഥം. മറ്റാരും, മറ്റൊന്നും ഉപകാര-ഉപദ്രവങ്ങളെ പടക്കുന്നില്ല എന്ന ആശയമാണ് ഈ നാമങ്ങൾ പ്രദാനിക്കുന്നത്.
ദിവസങ്ങളിലെ/കാലത്തിലെ ശുഭാശുഭങ്ങളെ അല്ലാഹുവാണ് നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ അവയുടെ ലഭ്യതയും നഷ്ടവും അവന്റെ വിധിക്ക് വിധേയമായി മാത്രമേ നടക്കൂ. ഗുണകരമായതിന്റെ ഗുണം ലഭിക്കാനും അല്ലാത്തവയുടെ ഉപദ്രവങ്ങൾ ഏൽക്കാതിരിക്കാനും നമ്മളാണ് പരിശ്രമിക്കേണ്ടത്. മഹത്ത്വമുള്ളതും ഗുണകരവുമായ സമയത്തിന്റെ നേട്ടങ്ങൾ എന്ന പോലെ സമീപനത്തിന്റെ സ്ഥിതിയനുസരിച്ച് അവ കോട്ടങ്ങൾക്കും കാരണമാകാനിടയുണ്ട്. നല്ല കാലങ്ങളിലും സ്ഥലങ്ങളിലും ഹറാമായവ വരാതെ സൂക്ഷിക്കാൻ നിർദേശിച്ചത് ഇതുകൊണ്ടാണ്.
ഏതൊന്നിലും നിക്ഷിപ്തമായ ഗുണങ്ങൾ തനിക്ക് ലഭിക്കണമെന്ന വിചാരത്തിലുള്ള നീക്കങ്ങളാണ് വിശ്വാസിയിൽ നിന്നുണ്ടാവേണ്ടത്. അതവന് ഗുണകരമായിത്തീരുകയും ചെയ്യും. അത് പോലെ ഗുണം കുറഞ്ഞതും ദോഷ സാധ്യതയുള്ളതുമായ കാലത്തിന്റെ ദൂഷ്യങ്ങൾ ഏൽക്കാതിരിക്കാനും കരുതലും ജാഗ്രതയും വേണം. നല്ല നിയ്യത്തോടെ നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത കാലം വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇല്ല. നല്ല മാസങ്ങളിലും അശുഭ ദിനങ്ങളുണ്ടാകാം. പക്ഷേ, നല്ല മാസത്തിന്റെ ഗുണം കുറയാതെയായിരിക്കും അത്. അശുഭ ദിനങ്ങൾ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട വിശേഷ ദിനത്തോടൊത്ത് വന്നേക്കാം. അപ്പോൾ അശുഭാവസ്ഥ പരിഗണിക്കാതെ സാന്ദർഭികമായ പുണ്യം നിർവഹിക്കുകയാണ് വേണ്ടത്. ചുരുക്കത്തിൽ, നമ്മുടെ ഗണനയും നിരീക്ഷണവും അല്ലാഹുവിന്റെ ഖളാഇന്റെയും ഖദ്‌റിന്റെയും (വിധിയും കഴിവും) പരിധിയിൽ തികച്ചും ദുർബലമാണ്. അല്ലാഹുവിലർപ്പിച്ച് കാര്യങ്ങൾ നിർവഹിക്കാൻ നാം തയ്യാറാകണം.
ജാഹിലിയ്യ സമൂഹവും മാനുഷ്യകത്തിന്റെ ഭാഗമാണല്ലോ. അതിനാൽ തന്നെ അവരുടെ പിഴച്ച ധാരണയുടെ നിഴലാട്ടം പിൽക്കാലത്തും ചിലരിൽ കണ്ടേക്കാം. അവർ കാലക്കേടെന്നും അന്ത്യകാലമെന്നും പറഞ്ഞുകൊണ്ടിരിക്കും. കാലത്തിലും അതുവഴി അല്ലാഹുവിലും ചെന്നെത്തും വിധത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കിയേതീരൂ.
ചരിത്രത്തിലെ വ്യത്യസ്ത ഘട്ടങ്ങളെ പുരോഗതിയോടും നവോത്ഥാനത്തോടുമൊക്കെ ചേർത്ത് പറയുന്നത് പ്രയോഗ സൗകര്യത്തിന് വേണ്ടിയാണ്. നവോത്ഥാനവും പുരോഗതിയുമൊന്നും കാലം സൃഷ്ടിച്ചതല്ല. ആ കാലഘട്ടത്തിൽ നടന്ന സാമ്പത്തികമോ സാമൂഹികമോ ആയ മാറ്റത്തെയാണത് സൂചിപ്പിക്കുന്നത്. നവോത്ഥാന ശിൽപ്പികൾ പരിശ്രമിച്ച കാലത്താണ് നവോത്ഥാനം നടന്നതെന്നർഥം. വർത്തമാന കാലത്തെ ഇകഴ്ത്താൻ നമുക്കവകാശമില്ല. നമ്മുടെ കാലത്തെ നാം പഴിക്കേണ്ടതില്ല. അതിന് നമുക്കർഹതയുമില്ല. ഇമാം ശാഫിഈ(റ)യുടെ കവിതയിങ്ങനെ: ‘നാം നമ്മുടെ കാലത്തെ പഴിക്കുന്നു, യഥാർഥത്തിൽ പഴിക്കേണ്ടത് നമ്മെത്തന്നെയാണ്. കാലത്തിന് വല്ല ന്യൂനതയുമുണ്ടെങ്കിൽ അത് നാം അതിൽ ജീവിക്കുന്നുവെന്നതാണ്.’
ഒരു കുറ്റവുമില്ലാതെ നാം കാലത്തെ പഴിക്കുകയാണ്. കാലത്തിനു സംസാരശേഷിയുണ്ടായിരുന്നെങ്കിൽ അത് നമ്മെ പഴിക്കുമായിരുന്നു. പളുങ്കു പാത്രം പോലെ നിർമലവും പരിശുദ്ധവുമാണ് കാലം. അതിൽ നിറച്ചുവെച്ചിരിക്കുന്നത് നമ്മെത്തന്നെയാണ്. നാമാണ് അതിന്റെ തെളിമ കളങ്കപ്പെടുത്തിയിരിക്കുന്നത്. നമ്മൾ മാറിനിന്നാൽ കാലത്തിന്റെ കളങ്കം ഇല്ലാതാകും.
കാലത്തിന്റെ സൃഷ്ടിപ്പ് മുതൽ അതിന്റെ സഞ്ചാരവും ചംക്രമണവുമെല്ലാം അല്ലാഹുവാണ് നിശ്ചയിക്കുന്നത്. നബി(സ്വ) അരുളി: നിശ്ചയം, ആകാശഭൂമികളെ അല്ലാഹു സൃഷ്ടിച്ച അന്ന് മുതൽ കാലം അതിന് നിശ്ചയിക്കപ്പെട്ട വിധം ചംക്രമണം നടത്തിക്കൊണ്ടിരിക്കുന്നു (ബുഖാരി, മുസ്‌ലിം).
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശുഭാശുഭ വിശേഷണങ്ങൾ ചാർത്തപ്പെടുന്ന സ്ഥലകാലങ്ങളെല്ലാം വിശ്വാസത്തിന്റെ കരുത്തുകൊണ്ട് അതിജീവിക്കാൻ സാധിക്കും. അല്ലാഹുവിലുള്ള നേരായ വിശ്വാസത്തിന്റെ സദ്ഫലങ്ങളിൽ പെട്ടതാണത്. കാലം നമുക്കായി കരുതിവെച്ച ഗുണങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി പൂർവികർ സ്വീകരിച്ച രീതികളെ തെറ്റായി മനസ്സിലാക്കാതെ, അവരുടെ സദുദ്ദേശ്യത്തെ നാം അംഗീകരിക്കണം. അവർ കാലത്തെ പഴിച്ചതോ അവഗണിച്ചതോ അല്ല, സ്വജീവിതത്തെ ക്രമപ്പെടുത്തിയതാണ്. പ്രത്യക്ഷമായി ഭൗതിക പ്രധാനമായ കാര്യങ്ങളിൽ ചില കാലത്ത് അവർ സ്വയം നിയന്ത്രണം ചെയ്തിരുന്നു. അത് ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനത്രെ. നമുക്കും ആ മാർഗം സ്വീകരിക്കാവുന്നതാണ്. പ്രത്യുത, അവർ കാലത്തിന് മോശം ചാർത്തുകയായിരുന്നു എന്ന് ധരിക്കേണ്ടതില്ല.
മഹാന്മാർ പഠിപ്പിച്ച ഒരു പ്രാർഥനയുണ്ട്: ‘അല്ലാഹുമ്മ ഇന്ന ഹാദിഹിസ്സനത്ത വ നഹ്‌നു ഖൽഖുൻ മിൻ ഖൽഖിക ഫലാതബ്ലുനാ ഫീഹാ ബി സൂഇൻ വലാ മക്‌റൂഹിൻ യാ റബ്ബൽ ആലമീൻ’ (അല്ലാഹുവേ, ഈ വർഷവും ഞങ്ങളും നിന്റെ സൃഷ്ടികളിൽ പെട്ട സൃഷ്ടികളാണല്ലോ. ആകയാൽ അതിൽ തിന്മകൊണ്ടും മോശമായതുകൊണ്ടും നീ ഞങ്ങളെ പരീക്ഷിക്കരുതേ നാഥാ).
മോശമായി നമുക്ക് തന്നെ തോന്നുന്ന കാര്യങ്ങൾ വരാതെ ഓരോ ദിവസവും ആരംഭിക്കുക. ഖളാആകാതെ സ്വുബ്ഹ് നിസ്‌കാരം, പ്രഭാത വിർദുകൾ തുടങ്ങിയവ കൊണ്ടാരംഭിക്കുന്ന ദിനങ്ങൾ നമുക്കനുകൂലമാകാതിരിക്കില്ല. നാം സ്വയം സദ് ജീവിതത്തിലേക്ക് പരിവർത്തനപ്പെടുക, എങ്കിൽ നമുക്ക് കാലത്തെയും നമ്മെത്തന്നെയും പഴിക്കേണ്ടി വരില്ല.
അലവിക്കുട്ടി ഫൈസി എടക്കര