ഒരു വ്യക്തി ഏറ്റവും നല്ല സ്വഭാവവും പെരുമാറ്റവും കാഴ്ചവെക്കേണ്ടത് സ്വന്തം കുടുംബത്തിലാണ്. കുടുംബ ശുശ്രൂഷയുടെ മനോഹരങ്ങളായ പാഠങ്ങളും മാതൃകകളും അവതരിപ്പിച്ച പ്രവാചകർ(സ്വ) ഉദ്‌ബോധിപ്പിച്ചു: നിങ്ങളിൽ ഏറ്റവും മാന്യർ സ്വകുടുംബത്തോട് ഏറ്റവും നല്ല നിലയിൽ വർത്തിക്കുന്നവരാണ്. ഞാൻ എന്റെ കുടുംബത്തോട് ഏറ്റവും നല്ല സഹകാരിയാണ് (തുർമുദി, ഇബ്‌നുമാജ). കുടുംബജീവിതത്തിൽ മധുരവാത്സല്യങ്ങൾ നിറഞ്ഞുനിൽക്കണമെന്നാണ് തിരുനബിയുടെ ആഗ്രഹം. ആഇശ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: വിശ്വാസികളിൽ ഏറ്റവും സമ്പൂർണത കൈവരിച്ചവർ ഏറ്റവും നല്ല സൽസ്വഭാവികളാണ്, സ്വകുടംബത്തോട് ഏറ്റവും കൃപാ വാത്സല്യം കാണിക്കുന്നവരാണവർ (അഹ്‌മദ്, ബൈഹഖി).
അതുവഴി കുടുംബം സ്വർഗ സമാനമായിത്തീരുമെന്നു മാത്രമല്ല, അനശ്വര സ്വർഗലോകം സ്വായത്തമാക്കാൻ വഴിതെളിയുകയും ചെയ്യും. ഈ വസ്തുതകളെല്ലാം വിശുദ്ധ ഖുർആൻ പ്രകാശിപ്പിക്കുന്നുണ്ട്. യഥാർത്ഥ വിശ്വാസികളുടെ ഗുണഗണങ്ങൾ എണ്ണുമ്പോൾ ഖുർആൻ അവസാനമായി പറയുന്നതിങ്ങനെ: ഞങ്ങളുടെ ഇണകളിൽനിന്നും മക്കളിൽനിന്നും നീ ഞങ്ങൾക്ക് നയനാനന്ദം പ്രദാനം ചെയ്യേണമേ എന്നും ഞങ്ങളെ ഭക്തന്മാർക്ക് മാതൃകാ വ്യക്തിത്വങ്ങളാക്കേണമേ എന്നും പ്രാർത്ഥിക്കുന്നവർക്ക് ക്ഷമയുടെ പ്രതിഫലമായി സ്വർഗീയ അലംകൃത അറകൾ സമ്മാനിക്കപ്പെടുന്നതാണ് (സൂറത്തുൽ ഫുർഖാൻ 74, 75). കുടുംബബന്ധമെന്നത് കേവലം രക്തബന്ധം മാത്രമല്ല. മറിച്ച് സംസ്‌കൃതിയുടെ ബഹുവിധ പ്രചോദനമാണ്, കർമധർമങ്ങളുടെ വിളഭൂമിയാണ്.
കുടുംബത്തിന്റെ അനിവാര്യത
പ്രവാചകന്മാരിലെ പ്രമുഖനാണ് മൂസാ(അ). ഒരു കുടുംബ ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി മൂസാ(അ) വിനിയോഗിച്ചത് ജീവിതത്തിലെ വിലപ്പെട്ട പത്തു വർഷങ്ങളാണ്, അത്രയും കാലത്തെ കഠിനാധ്വാനമാണ്. മൂസാ(അ)മിന്റെ ഭാര്യാ പിതാവ് ശുഐബ് നബി(അ)യുടെ ആവശ്യം ഖുർആൻ ഉദ്ധരിച്ചു: ‘അദ്ദേഹം പറഞ്ഞു; താങ്കൾ എട്ടു വർഷം എനിക്ക് വേണ്ടി ജോലിയെടുക്കണമെന്ന വ്യവസ്ഥ പ്രകാരം എന്റെ രണ്ടു പെൺമക്കളിൽ ഒരാളെ ഞാൻ താങ്കൾക്ക് വിവാഹം കഴിച്ചുതരാൻ ഉദ്ദേശിക്കുന്നു. അത് പത്ത് വർഷമാക്കുകയാണെങ്കിൽ താങ്കളുടെ ഇഷ്ടം (സൂറത്തുൽ ഖസ്വസ്വ് 27). മൂസാ(അ) പത്ത് വർഷം പൂർത്തിയാക്കുകയുണ്ടായി (തഫ്‌സീർ ദുർറുൽ മൻസൂർ). കുടുംബവ്യവസ്ഥയുടെ അനിവാര്യതയും വിട്ടുവീഴ്ചയുടെ പ്രാധാന്യവും മനസ്സിലാക്കാൻ ഈ ഒരൊറ്റ ചരിത്രം ധാരാളം.
കുടുംബവ്യവസ്ഥയില്ലാതെ മൃഗതുല്യരായി മനുഷ്യൻ ജീവിക്കാൻ തുടങ്ങിയാൽ വലിയ സാംസ്‌കാരിക ദുരന്തങ്ങൾക്ക് ഇടവരും. മാനവിക മൂല്യങ്ങൾ തകരും. ലൈംഗിക-സാമ്പത്തിക മേഖലകളിൽ കടുത്ത അരാജകത്വം അരങ്ങേറും.
വികാരശമനം മാത്രമല്ല വിവാഹത്തിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ലൈംഗിക ശേഷിയില്ലാത്തവർക്കും വിവാഹം നിർദേശിക്കപ്പെടുന്നുണ്ട് (ഇഹ്‌യാ ഉലൂമിദ്ദീൻ). സിറിയയിൽ പടർന്നുപിടിച്ച വസൂരിയിൽ പെട്ട് മുആദ് ബിൻ ജബൽ(റ) മരണപ്പെടുന്നത് അറുപത്തി എട്ടാം വയസ്സിലാണ്. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും മരണപ്പെട്ടിരുന്നു. ഭാര്യമാർ മരിച്ചപ്പോൾ മരണാസന്നനാണെങ്കിലും മുആദ്(റ) വിവാഹം കഴിക്കാൻ താൽപര്യപ്പെടുകയുണ്ടായി. വിഭാര്യനായി അല്ലാഹുവിനെ അഭിമുഖീകരിക്കാൻ തനിക്ക് വിഷമമാണെന്നായിരുന്നു മഹാൻ പറഞ്ഞ കാരണം (ഇബ്‌നു അബീശൈബ).
കുടുംബം എന്തിനുവേണ്ടി?
കുടുംബ ജീവിതത്തിന് അമൂല്യങ്ങളായ അനേകം ലക്ഷ്യങ്ങളുണ്ട്. ലൈംഗിക സമാധാനം, ഇണയുടെ ലൈംഗിക സംതൃപ്തി, ലൈംഗിക വിശുദ്ധി, അഭിമാന സംരക്ഷണം, സന്താനോൽപാദനം വഴി മാനവവംശം നിലനിർത്തൽ, സ്‌നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആദാന പ്രദാനങ്ങൾ, നബിചര്യാനുധാവനം, ആത്മീയ രംഗത്തെ ബഹുമുഖ നേട്ടങ്ങളും പുരോഗതിയും. നികാഹിന്റെ ഗുണങ്ങളിൽ ചിലതാണിവ. ഇബ്‌നു അബ്ബാസ്(റ) പറയുകയുണ്ടായി: വിവാഹം കഴിക്കാതെ യുവതയുടെ ആരാധനാ കർമങ്ങൾ പൂർണത കൈവരിക്കുന്നതല്ല (ഖൂതുൽ ഖുലൂബ്).
പെണ്ണുകാണൽ ആവശ്യമാണ്. നബി(സ്വ) നിർദേശിച്ചിട്ടുള്ളതുമാണ്. മുഗീറതു ബിൻ ശുഅ്ബ(റ) ഒരു അൻസ്വാരീ യുവതിയെ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന വിവരം അറിയിച്ചപ്പോൾ നബി(സ്വ) അന്വേഷിച്ചു: താങ്കൾ അവളെ കണ്ടുവോ?
‘ഇല്ല.’
എങ്കിൽ കാണണം. അത് സ്‌നേഹബന്ധം നിലനിൽക്കാൻ ഏറെ സഹായകമാണ് (ത്വബ്‌റാനി, ബൈഹഖി).
ജാബിർ(റ) നിവേദനം. നബി(സ്വ) അരുളി: ഒരാൾ ഒരു സ്ത്രീയെ വിവാഹം ഉദ്ദേശിക്കുന്നുവെങ്കിൽ അവരെ കാണട്ടെ (അഹ് മദ്, അബൂദാവൂദ്). മുഖത്ത് നോക്കി അഴകും മുൻകൈകൾ നോക്കി ശരീരപ്രകൃതവും മനസ്സിലാക്കാം. അതിനപ്പുറം നോക്കരുത്. സ്പർശനവും അരുത്. അപ്രകാരം ആ സ്ത്രീക്കും നിയുക്ത വരനെ കാണൽ സുന്നത്താണ് ( ഫത്ഹുൽ മുഈൻ). വിവാഹം നടക്കാൻ വ്യക്തമായ സാധ്യതയുണ്ടെങ്കിൽ മാത്രമേ ഈ കാഴ്ചക്ക് അനുവാദമുള്ളൂ (ഹാശിയതുൽ ജമൽ അലൽ മൻഹജ്). കല്യാണച്ചെറുക്കനും കൂട്ടുകാരും കൂട്ടത്തോടെ ചെന്ന് പെണ്ണുകാണൽ ചടങ്ങ് ഹറാമാക്കിത്തീർക്കരുത്. നിയുക്ത വരൻ മാത്രമേ ആ പെണ്ണിനെ കാണാവൂ. മറ്റുള്ളവർ കാണുന്നത് നിഷിദ്ധമാണ്. വിവാഹത്തിന്റെ പ്രഥമ കാൽവെപ്പിൽ തന്നെ ഹറാമുകൾ കലരുന്നത് അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതാണ്.
വിവാഹോദ്യമത്തിന്റെ പ്രഥമ ഘട്ടത്തിൽ തന്നെ അബദ്ധം പിണയുന്ന മറ്റൊരു കാര്യമുണ്ട്. സ്ത്രീയുടെ സൗന്ദര്യം മാത്രം ചിന്തിക്കുക എന്നതാണത്. ഇളം പ്രായത്തിലെ ഈ കാര്യത്തിൽ നിന്ന് മോചനം സാധിക്കാൻ നല്ല വിവേകവും ഉയർന്ന കാഴ്ചപ്പാടും ഉണ്ടായേ തീരൂ. ജീവിതത്തിലെ പരുപരുത്ത യാഥാർത്ഥ്യങ്ങളെയും കടുത്ത വെല്ലുവിളികളെയും നേരിടാൻ സൗന്ദര്യം മാത്രം മതിയാകില്ല, സമ്പത്തും തഥൈവ. ഈ തിരിച്ചറിവ് വിവാഹമാലോചിക്കുന്നവർക്ക് ഉണ്ടായിരിക്കണം. സ്വഭാവ മഹിമയും പക്വതയും മറ്റു പല ഗുണങ്ങളും സൗന്ദര്യത്തേക്കാൾ മികച്ചതും അനിവാര്യവുമാണ്. ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു ഭാര്യ മാത്രമല്ല, ജനിക്കാനിരിക്കുന്ന നമ്മുടെ മക്കളുടെ മാതാവ് കൂടിയാണ്. നമ്മുടെ മാതാപിതാക്കൾ, ഉറ്റവർ മുതലായവർക്കുള്ള സഹകാരിയാണ്. ആ നിലക്കെല്ലാം വിജയിക്കാൻ കഴിയുന്ന ഒരു ജീവിത പങ്കാളിയെയാണ് നമുക്കാവശ്യം. ഇവിടെയാണ് നബി(സ്വ)യുടെ നിർദേശം വരന്മാർക്ക് മാർഗദർശനമാകുന്നത്.
അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) അരുൾ ചെയ്തു: സ്ത്രീയെ അവളുടെ സമ്പത്തിനു വേണ്ടിയും കുടുംബ മഹിമക്കു വേണ്ടിയും സൗന്ദര്യത്തിന് വേണ്ടിയും മതബോധത്തിനു വേണ്ടിയും വിവാഹം ചെയ്യാറുണ്ട്. എന്നാൽ താങ്കൾ മതബോധമുള്ളവളെ സ്വീകരിച്ച് വിജയം നേടുക (ബുഖാരി, മുസ്‌ലിം).
അഹ്‌മദ് ബിൻ ഹമ്പൽ(റ) പെണ്ണന്വേഷിച്ചപ്പോൾ രണ്ടു സഹോദരിമാരെ കുറിച്ച് അറിയാനിടയായി. ഒരാൾ നല്ല സുന്ദരി, അപര സൗന്ദര്യം കുറഞ്ഞവളും. സൗന്ദര്യത്തിലും കാഴ്ചശക്തിയിലും കുറവുണ്ടെങ്കിലും ബുദ്ധിമതിയെയാണ് ഇമാം തിരഞ്ഞെടുത്തത് (ഇഹ്‌യാ ഉലൂമിദ്ദീൻ).
പ്രാർത്ഥന
വിവാഹവും മുന്നോട്ടുള്ള ജീവിതവും നല്ല നിലയിലായിത്തീരാൻ പ്രാർത്ഥന സുപ്രധാനമാണ്. ഒരു അൻസ്വാരീ സ്വഹാബിയുടെ വിവാഹ സദസ്സിൽ നബി(സ്വ) ദുആ ചെയ്തു: ഇണക്കത്തിലും നന്മയിലും ബറകത്തിലും വിഭവ സമൃദ്ധിയിലും ആയിത്തീരട്ടെ (ത്വബ്‌റാനി, മുഅ്ജമുൽ കബീർ). സ്വഹാബത്തിന്റെ വിവാഹ വേളയിൽ നബി(സ്വ) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹു താങ്കൾക്കും താങ്കൾക്കു മേലും ബറകത്ത് ചെയ്യട്ടെ, നിങ്ങൾക്കിടയിൽ നന്മനിറഞ്ഞ കൂട്ടുജീവിതം പ്രദാനം ചെയ്യട്ടെ (അഹ്‌മദ്, അബൂദാവൂദ്). വിവാഹ സദസ്സിൽ പങ്കെടുക്കുന്നവർക്ക് ഈ പ്രാർത്ഥന പ്രത്യേകം സുന്നത്താണ്. വിവാഹത്തിന് മുമ്പ്, വിവാഹ ശേഷം, പ്രഥമ കൂടിക്കാഴ്ചയിൽ, ഇണചേരുമ്പോൾ, ഗർഭിണിയാകുമ്പോൾ, കുട്ടി ജനിക്കുമ്പോൾ തുടങ്ങി ഏതു ഘട്ടത്തിലും പ്രാർത്ഥനയുണ്ടായിരിക്കണം.
അബ്ദുല്ലാഹിബ്‌നു അംറി(റ)ൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നിങ്ങൾ ഒരു ഇണയെ സമ്പാദിച്ചാൽ അവരുടെ നെറുകയിൽ കൈവെച്ച് ഇങ്ങനെ പ്രാർത്ഥിക്കുക. അല്ലാഹ് ഇവരുടെ നന്മയും ഇവരുടെ പ്രകൃതത്തിലെ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. ഇവരുടെ തിന്മയിൽനിന്നും ഇവരുടെ പ്രകൃതത്തിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു (ഇബ്‌നുമാജ).
പരമാവധി ഒന്ന് മതി
അനാവശ്യമായി, അല്ലെങ്കിൽ കേവലം രസത്തിനുവേണ്ടി രണ്ടും മൂന്നും അധികവും വിവാഹം കഴിക്കുന്ന ദുഷ്പ്രവണത വർധിച്ചു വരികയാണ്. വിവാഹം വലിയൊരു ഉത്തരവാദിത്വമാണെന്നും അതിൽ വീഴ്ച സംഭവിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അറിയാത്തതുകൊണ്ടാണിത്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ മഹാപണ്ഡിതനും സാത്വികനുമായ ബിശ്‌റുൽ ഹാഫീ(റ) ഒരു വിവാഹം പോലും കഴിച്ചില്ല. അതിന് അദ്ദേഹം കാരണം പറഞ്ഞത് ഖുർആനിലെ ‘അവർക്ക് കടപ്പാടുള്ളതു പോലെ അവർക്ക് മാന്യമായ അവകാശങ്ങളുമുണ്ട്’ (സൂറത്തുൽ ബഖറ 228) എന്ന താക്കീതാണ് തന്നെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ്. ഭാര്യയോടുള്ള കടപ്പാടുകൾ നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ അപരിഹാര്യമായ ദുരന്തമുണ്ടായേക്കാമെന്ന ആശങ്കയാണ് വിവാഹത്തിൽ നിന്ന് മഹാനെ പിന്തിരിപ്പിച്ചത്. നബി(സ്വ) പറഞ്ഞു: താൻ ചെലവ് നടത്താൻ ബാധ്യതപ്പെട്ടവരെ പാഴാക്കുന്നത് ഒരു വ്യക്തി പരാജയപ്പെടാൻ മതിയായ പാപമാണ് (മുസ്‌ലിം).
ഭൗതിക വിഭവങ്ങൾ, സ്‌നേഹവാത്സല്യങ്ങൾ, അറിവ്, സംസ്‌കരണം, സംരക്ഷണം തുടങ്ങി എണ്ണമറ്റ കടമകളാണ് വിവാഹത്തിലൂടെ ഒരാൾ ഏറ്റെടുക്കുന്നത്. അതിനാൽ അടിയന്തര ഘട്ടത്തിൽ മാത്രമേ രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കാവൂ. സകരിയ്യൽ അൻസ്വാരി(റ) രേഖപ്പെടുത്തുന്നു: അത്യാവശ്യമല്ലെങ്കിൽ രണ്ടാം വിവാഹം ഒഴിവാക്കൽ സുന്നത്താണ് (ശർഹുൽ ബഹ്ജ). പ്രമുഖ ശാഫിഈ പണ്ഡിതൻ അബ്ദുൽ വാഹിദുസ്സൈ്വമരീ(റ) പറയുന്നു: ഒരു ഭാര്യയെക്കാൾ വർധിപ്പിക്കാതിരിക്കൽ സുന്നത്താണ്. പ്രത്യേകിച്ച് നമ്മുടെ ഈ കാലഘട്ടത്തിൽ (ശർഹുൽ മുഹദ്ദബ്). പ്രകടമായ കാരണമില്ലാത്തപ്പോൾ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാതിരിക്കലാണ് സുന്നത്ത് (ശർവാനി, മുഗ്‌നി, നിഹായ). നീതി പാലിക്കാൻ കഴിയില്ലെന്ന് ആശങ്കപ്പെട്ടാൽ ഒരു ഭാര്യ മതി (സൂറത്തുന്നിസാഅ് 4).
നികാഹ്
നികാഹ് മസ്ജിദിൽവെച്ചാവുക, രാവിലെ ആയിരിക്കുക, വെള്ളിയാഴ്ചയാവുക, സജ്ജനങ്ങളുടെ സാന്നിധ്യത്തിലായിരിക്കുക തുടങ്ങിയവയെല്ലാം സുന്നത്തുകളാണ്. നികാഹ് സദസ്സിലേക്ക് വിളിച്ചുവരുത്തേണ്ടത് ചലച്ചിത്ര നടന്മാരെയോ കായിക താരങ്ങളെയോ കക്ഷി രാഷ്ട്രീയ നേതാക്കളെയോ അല്ല. മതപണ്ഡിതരെയും ഭക്തരെയും സജ്ജനങ്ങളെയുമാണ്. പ്രമുഖ താബിഈ പണ്ഡിതൻ മുഹമ്മദ് ബിൻ സീരീൻ(റ)വിന്റെ നികാഹ് സദസ്സിൽ ബദ്‌റിൽ പങ്കെടുത്ത പതിനെട്ട് സ്വഹാബികൾ സംബന്ധിച്ചിരുന്നു. ഉബയ്യ് ബിൻ കഅ്ബ്(റ) ദുആ ചെയ്തു. ജനങ്ങൾ ആമീൻ പറഞ്ഞു (ഉംദതുൽഖാരീ, ശദറാതുദ്ദഹബ്, വഫയാതുൽ അഅ്‌യാൻ). നികാഹും നികാഹ് സദസ്സും തീർത്തും മതകീയ ചടങ്ങാണ്. അതിനെ ആഭാസകരമായ ആഘോഷമാക്കരുത്.
നികാഹിന്റെ നിർബന്ധ ഘടകങ്ങൾ അഞ്ചാണ്. വരൻ, വധു, രക്ഷിതാവ്, രണ്ടു സാക്ഷികൾ, നികാഹിന്റെ വാചകം.
വധൂവരന്മാർ പരസ്പരം തൃപ്തിപ്പെട്ടതുകൊണ്ട് മാത്രം വിവാഹ ജീവിതം സാധുവാകില്ല. നിയമപ്രകാരമുള്ള നികാഹ് കർമം അനിവാര്യമാണ്. വരൻ നികാഹിന്റെ വാചകം പറയുമ്പോൾ കൃത്യമായ ഉദ്ദേശ്യം മനസ്സിലുണ്ടാവണം. അൽപ്പം ശബ്ദമുയർത്തി പറയുകയും വേണം. എങ്കിൽ മാത്രമേ സാക്ഷികൾക്ക് കേൾക്കാനാകൂ. വളരെ പതിയെ പറഞ്ഞാൽ നികാഹ് സാധുവാകില്ല.
പരസ്പരം ആദരിക്കുക
ഇസ്‌ലാമികവും വിജയകരവുമായ കുടുംബ ജീവിതം യാഥാർത്ഥ്യമാക്കാൻ വധൂവരന്മാർ പരസ്പരം സ്‌നേഹിക്കുന്നതോ അനുഭവിക്കുന്നതോ മാത്രം മതിയാകില്ല. പരസ്പരം ആദരവ് കൂടി പാലിക്കണം. ഭർത്താവ് ഭാര്യയുമായി വഴക്കിടുന്നതും അവളെ ഉപദ്രവിക്കുന്നതും ചില കുടുംബങ്ങളിൽ കാണാം. പക്ഷേ അത് നബി(സ്വ) നിരോധിച്ചിട്ടുള്ളതാണ്.
അബൂഹുറൈറ, ഇബ്‌നു അബ്ബാസ്(റ) എന്നിവരുടെ നിവേദനം. നബി(സ്വ) പറഞ്ഞു: അല്ലാഹു യതീംകുട്ടിയുടെ കാര്യത്തിൽ കോപിക്കുന്നതുപോലെ സ്ത്രീകളുടെ കാര്യത്തിലും അമർഷം കൊള്ളുന്നതാണ് (അൽമത്വാലിബുൽ ആലിയ). അബൂഹുറൈറ(റ) നിവേദനം. റസൂൽ(സ്വ) പറഞ്ഞു: വിശ്വാസിയായ ഒരു വ്യക്തിയും തന്റെ ഭാര്യയോട് ദേഷ്യപ്പെടരുത്. അവളുടെ ഒരു പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെങ്കിൽ മറ്റൊന്ന് തൃപ്തികരമായിരിക്കും (സ്വഹീഹ് മുസ്‌ലിം). ഖുർആന്റെ കൽപന കാണുക: നിങ്ങൾ അവരോട് ഏറ്റവും നല്ല നിലയിൽ കൂട്ടുജീവിതം നയിക്കുക. നിങ്ങൾക്ക് അവരോട് അനിഷ്ടം തോന്നുന്നുവെങ്കിൽ നിങ്ങൾ ഒരു കാര്യം വെറുക്കുകയും അല്ലാഹു അതിൽ ധാരാളം നന്മ സ്ഥാപിക്കുകയും ചെയ്‌തേക്കാം (സൂറത്തുന്നിസാഅ് 19).
തിരുനബി(സ്വ) വിടവാങ്ങൽ പ്രസംഗത്തിൽ പോലും ഭാര്യമാരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉയർത്തിയിട്ടുണ്ട്. അംറ്(റ) നിവേദനം. നബി(സ്വ) വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു: അറിഞ്ഞുകൊള്ളുക, നിങ്ങൾ സ്ത്രീകളുടെ കാര്യത്തിൽ നന്മ ചെയ്യണമെന്ന വസ്വിയ്യത്ത് ഏറ്റെടുക്കുക. അവർ നിങ്ങളുടെ കൂടെ കഴിയുന്നവരാണല്ലോ (തുർമുദി, ഇബ്‌നുമാജ). ഉമർ(റ) പറയുന്നു: ഭർത്താവ് ഭാര്യയുടെ മുന്നിൽ കൊച്ചുകുട്ടിയെപ്പോലെയായിരിക്കണം ( ശർഹുസ്സുന്ന). ഭർത്താവ് ഭാര്യയോട് രാജാവിനെ പോലെയോ മേലധികാരിയെ പോലെയോ അല്ല വർത്തിക്കേണ്ടതെന്ന് ചുരുക്കം. നബി(സ്വ) ഭാര്യമാരോട് തമാശകൾ പറയുമായിരുന്നു. അവരുടെ നിലവാരത്തിലേക്ക് ഇറങ്ങി ഇടപെടുമായിരുന്നു.
ക്ഷമതന്നെ പ്രധാനം
ഭാര്യയും ഭർത്താവും രണ്ടു വ്യക്തികളാണ്. ഇരുവർക്കും വെവ്വേറെ തലയും ഖൽബുമുണ്ട്. അതിനാൽ വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിലപാടുകളുമായിരിക്കും. അവിടെ പുരുഷൻ തന്റെ തടിമിടുക്കുകൊണ്ട് അവളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഒട്ടും ശരിയല്ല. അനുഭാവ പൂർണമായ നിലപാട് മാത്രമേ എടുക്കാവൂ. സ്ത്രീസഹജമായ ചില ദു:സ്വഭാവങ്ങൾ അവരിലുണ്ടായേക്കാം. സഹിച്ചും സഹകരിച്ചും മുന്നോട്ട് പോകാൻ കഴിയുന്നതാണ് പുരുഷന്റെ മഹിമ. നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഭാര്യയുടെ ദു:സ്വഭാവത്തിൽ ക്ഷമ പാലിക്കുകയും പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്താൽ അയ്യൂബ് നബി(അ)ക്ക് നൽകുന്നതിന് സമാനമായ പ്രതിഫലം അല്ലാഹു സമ്മാനിക്കുന്നതാണ് (അൽമത്വാലിബുൽ ആലിയ).
ഉമർ(റ)വിന്റെ ഭരണകാലത്ത് ഒരാൾ തന്റെ ഭാര്യയുടെ രൂക്ഷമായ വായാടിത്തത്തെ പറ്റി പരാതി പറയാൻ ഖലീഫയെ സന്ദർശിച്ചു. ഉമർ(റ)ന്റെ വീടിന് സമീപമെത്തിയപ്പോൾ ഖലീഫയുടെ ഭാര്യ ഉമ്മുകുൽസൂം അദ്ദേഹത്തോട് തട്ടിക്കയറി സംസാരിക്കുന്നതാണ് പരാതിക്കാരന് കേൾക്കാനായത്. അദ്ദേഹം പരാതി പറയാതെ തിരിച്ചുപോകാനൊരുങ്ങി. അത് ഉമർ(റ) കണ്ടു. അദ്ദേഹത്തെ തിരിച്ചുവിളിച്ച് ഖലീഫ കാര്യം തിരക്കി. അദ്ദേഹം പറഞ്ഞു: ഞാൻ എന്റെ ഭാര്യയുടെ വായാടിത്തത്തെ കുറിച്ച് പരാതിയുമായി വന്നതായിരുന്നു. പക്ഷേ താങ്കളും എന്റേതിനു സമാനമായ പ്രശ്‌നം അനുഭവിക്കുന്ന യാളാണെന്ന് മനസ്സിലായപ്പോൾ ഞാൻ മടങ്ങിപ്പോകാനൊരുങ്ങിയതാണ്.
ഉമർ(റ) പറഞ്ഞു: ഞാനത് അവളോട് ക്ഷമിക്കുകയാണ്. കാരണങ്ങൾ കേട്ടോളൂ.
ഒന്ന്: ഹറാമിൽ വീഴാതെ അവൾ എന്നെ പരിരക്ഷിക്കുന്നു.
രണ്ട്: ഞാൻ പുറത്തു പോയാൽ അവളാണ് വീട് കാക്കുന്നത്.
മൂന്ന്: അവളാണ് എന്റെ വസ്ത്രങ്ങൾ അലക്കുന്നത്.
നാല്: അവൾ എന്റെ മക്കളുടെ ഉമ്മയാണ്.
അഞ്ച്: അവളാണ് എന്റെ പാചകക്കാരി.
അപ്പോൾ ആഗതൻ: എന്റെ ഭാര്യയും ഇതെല്ലാമാണ്. ഞാനും താങ്കളെ പോലെ ക്ഷമിച്ചുകൊള്ളാം.
ഭാര്യയുടെ സേവനങ്ങളെ കൃതഘ്‌നതയോടെ വിസ്മരിക്കുമ്പോഴാണ് ഭർത്താവിന്റെ സ്വഭാവം മോശമാവുക. സ്ത്രീകളും ഭർത്താവിനെ മനസ്സിലാക്കാനും ആദരിക്കാനും സന്നദ്ധരാകണം. ഒരിക്കലൊരു സ്വഹാബി വനിത നബി(സ്വ)യെ വന്നു കണ്ടു. അവിടന്ന് ചോദിച്ചു: നിനക്ക് ഭർത്താവുണ്ടോ?
അവർ: ഉണ്ട്.
നീ ഭർത്താവിനോട് നന്നായി സഹകരിക്കുന്നുണ്ടോ?
അവരുടെ മറുപടി: കഴിവിന്റെ പരമാവധി.
നബി(സ്വ)യുടെ പ്രതികരണം: നീ ഭർത്താവിനോട് എങ്ങനെ പെരുമാറുന്നു എന്ന് ചിന്തിക്കണം. തീർച്ചയായും ഭർത്താവാണ് നിന്റെ സ്വർഗവും നരകവും (അഹ്‌മദ്, ത്വബ്‌റാനി). അതായത് ഭർത്താവിനോട് നല്ല നിലയിൽ സഹകരിച്ചാൽ സ്വർഗം നേടാം, അല്ലെങ്കിൽ നരകം നേടാം. ഭർത്താവിന് സംതൃപ്തിയും സന്തോഷവും പകരാൻ ഭാര്യ സദാ സന്നദ്ധയായിരിക്കണം. എത്രത്തോളം? ഹദീസിൽ കാണാം: തന്റെ ശരീരം ഭർത്താവിന് സമർപ്പിക്കും മുമ്പേ ഒരു സ്ത്രീയും ഉറങ്ങുന്നത് അനുവദനീയമല്ല (അൽമത്വാലിബുൽ ആലിയ). മറ്റൊരു നബിവചനം: അബ്ദുല്ലാഹിബ്‌നു നബി(സ്വ) പറഞ്ഞതായി ഉമർ(റ) ഉദ്ധരിക്കുന്നു; പിന്നീട് ആവാം എന്ന് പറയുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു. അതായത്, ഭർത്താവ് വിരിപ്പിലേക്ക് വിളിക്കുമ്പോൾ പിന്നീടാവാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഭാര്യമാരെ (ത്വബ്‌റാനി).
സന്താനങ്ങൾ
ചില മാതാപിതാക്കൾക്കെങ്കിലും ഒരു തെറ്റിദ്ധാരണയുണ്ട്; മക്കളോട് തങ്ങൾക്ക് പ്രത്യേക ബാധ്യതയൊന്നും ഇല്ലെന്ന്. ആ ധാരണ തിരുത്തിയേ പറ്റൂ. വിശുദ്ധ ഖുർആനിൽ മാതാപിതാക്കളോടുള്ള കടമകൾ പറയുന്നതിന് തൊട്ടു പിറകെ മക്കളോടുള്ള കടമകളും പരാമർശിക്കുന്നുണ്ട്. ഉദാ: മാതാപിതാക്കൾക്ക് നന്മ ചെയ്യുക, കുടുംബാംഗങ്ങളോടും (അൽബഖറ 82). സൂറത്തുന്നിസാഅ് 36, സൂറത്തുൽ അൻആം 151 തുടങ്ങിയ വാക്യങ്ങളിലും ഇതേ ആശയം കാണാം. ഇമാം ബുഖാരി(റ)യുടെ അൽഅദബുൽ മുഫ്‌റദ് എന്ന വിഖ്യാത ഗ്രന്ഥത്തിൽ ബിർറുൽവാലിദൈനി (മാതാപിതാക്കൾക്ക് നന്മ ചെയ്യൽ) എന്നൊരു അധ്യായമുണ്ട്. തൊട്ടടുത്തുതന്നെ ബിർറുൽഅബി ലി വലദിഹി (പിതാവ് മക്കൾക്ക് നന്മ ചെയ്യൽ) എന്ന അധ്യായവും കാണാം.
സന്താനങ്ങൾ അല്ലാഹു നൽകുന്ന നിധികുംഭങ്ങളാണ്. സ്‌നേഹവും പരിലാളനകളും പ്രാർത്ഥനകളും നൽകി അവരെ ശ്രദ്ധാപൂർവം പരിപാലിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെയോ സ്വാധീനത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ മാതാപിതാക്കൾ മക്കളെ രണ്ടു തരത്തിൽ കാണരുത്. എല്ലാ മക്കളെയും ഒരുപോലെ പരിഗണിക്കണം. സ്വഹീഹുൽ ബുഖാരിയിലെ 51/11ാം അധ്യായം മക്കൾക്കിടയിൽ നീതി പാലിക്കുക എന്നതാണ്.
ബശീറുബ്‌നു സഅദ്(റ) എന്ന സ്വഹാബി തന്റെ മകൻ നുഅ്മാന് ഒരു പാരിതോഷികം നൽകി. ആ വിവരം നബി(സ്വ)യെ ധരിപ്പിച്ചു. ഉടനെ അവിടന്ന് ചോദിച്ചു: താങ്കളുടെ എല്ലാ മക്കൾക്കും ഇതുപോലെ നൽകിയിട്ടുണ്ടോ?
അദ്ദേഹം പറഞ്ഞു: ഇല്ല.
അപ്പോൾ നബി(സ്വ): എങ്കിൽ അത് തിരിച്ചുവാങ്ങുക (ബുഖാരി 2586).
കുടുംബം നിരീക്ഷിക്കുന്നു
ഭാര്യയും ഭർത്താവും മക്കളും മാതാപിതാക്കളും മറ്റ് ഉടയവരുമെല്ലാം അടങ്ങുന്ന കുടുംബം മരണശേഷവും ആദരിക്കപ്പെടേണ്ടവരാണ്. നമ്മുടെ കർമങ്ങൾ മരണമടഞ്ഞ കുടുംബാംഗങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. സൽകർമങ്ങൾ അവരെ സന്തോഷിപ്പിക്കും. നമ്മുടെ തിന്മകൾ അവരെ അലോസരപ്പെടുത്തും. റസൂൽ(സ്വ) ഉണർത്തുന്നു: കർമങ്ങൾ വ്യാഴാഴ്ചയും തിങ്കളാഴ്ചയും അല്ലാഹുവിങ്കൽ പ്രദർശിപ്പിക്കപ്പെടും. വെള്ളിയാഴ്ച ആ കർമങ്ങൾ പ്രവാചകൻമാർക്കും മാതാപിതാക്കൾക്കും മുന്നിൽ പ്രദർശിപ്പിക്കപ്പെടും. സൽകർമങ്ങളാണെങ്കിൽ അവർക്ക് സന്തോഷമാണ്. അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ ശ്രദ്ധിച്ചു ജീവിക്കുക. നിങ്ങളിൽ നിന്ന് മരണപ്പെട്ടവരെ ഉപദ്രവിക്കാതിരിക്കുക (നവാദിറുൽ ഉസൂൽ).
സുലൈമാൻ മദനി ചുണ്ടേൽ