ഗോഖലെയുടെ ഭാഷയിൽ പറഞ്ഞാൽ പണ്ഡിതന്റെ  ആത്മാവ് പൊതുമണ്ഡലത്തിലാണ് വസിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ഗാന്ധിജിയോട് ഗുരുവായ ഗോപാല കൃഷ്ണ ഗോഖലെ പറഞ്ഞു: ‘രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയൊന്ന് സഞ്ചരിക്കുക.’ ഇന്ത്യയിലെ ഗ്രാമങ്ങളും അവിടങ്ങളിൽ വസിക്കുന്ന ജനങ്ങളുമാണ് രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ജയപരാജയങ്ങളെ നിർണയിക്കുന്നതിൽ ഗ്രാമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ചുരുക്കം. അതേപ്രകാരം പൊതുമണ്ഡലവുമായി താദാത്മ്യം ചെയ്ത് കൊണ്ട് തന്നെയാണ് മതപണ്ഡിതന്റെ പ്രവർത്തന മണ്ഡലം നിർണയിക്കേണ്ടതും. പൊതുമണ്ഡലത്തിന്റെ സ്വഭാവം മനസ്സിലാക്കി, ക്രിയാത്മകമായി പ്രവർത്തിക്കുന്ന പണ്ഡിതനാണ് യഥാർത്ഥ വിജയി.

പൊതുമണ്ഡലം വിശാലമാണ്. വ്യക്തി, കുടുംബം, സമുദായം, സമൂഹം എന്നിവയെല്ലാം പൊതുമണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. പൊതുമണ്ഡലത്തിന്റെ സ്വഭാവം, അഭിരുചി എന്നിവ തിരിച്ചറിഞ്ഞ് കൊണ്ടായിരിക്കണം മതപണ്ഡിതൻ തന്റെ കർമ ഭൂപടം വരക്കേണ്ടത്. ജനങ്ങളിലെ മറ്റേത് വിഭാഗത്തിനുമില്ലാത്ത ഉത്തരവാദിത്വവും കടപ്പാടും പൊതുമണ്ഡലവുമായി മതപണ്ഡിതർക്കാണുള്ളത്. പണക്കാർ, രാഷ്ട്രീയക്കാർ, ഭരണാധികാരികൾ എന്നിവരൊന്നും പൊതുസമൂഹവുമായി മതപണ്ഡിതരെ പോലെയല്ല കടപ്പെട്ടിട്ടുള്ളത്.

ലോകരിൽ അത്യുന്നരായ നബി(സ്വ)പ്രവാചകരുടെ അനന്തരഗാമികളായി പണക്കാരെയോ രാഷ്ട്രിയക്കാരെയോ അല്ല ഉലമാഇ(മതപണ്ഡിതർ)നെയാണ് പറഞ്ഞത്. കാരണം അവർ മതത്തിന്റെ സൂക്ഷിപ്പുകാരാണ്. മറ്റേത് വിഭാഗങ്ങളുടെ സുരക്ഷയേക്കാൾ വലിയ സുരക്ഷ മതത്തിന് ലഭിക്കുന്നത് മതപണ്ഡിതരിലൂടെയാണ്.

മതം ഗുണകാംക്ഷയാണ്. പ്രത്യേക വിഭാഗത്തിന് മാത്രം ഗുണകാംക്ഷയല്ല. ലോകത്തെ സർവരും ആ ഗുണം അനുഭവിക്കണം. ഗുണകാംക്ഷയായ മതത്തിന്റെ ജീവനാഡികളായ പണ്ഡിതർ ലോകരുടെ മിടിപ്പനസുരിച്ച് പ്രവർത്തിക്കണം. രോഗിയുടെ രോഗം നിർണയിക്കേണ്ടതും ചികിൽസ നൽകേണ്ടതും വൈദ്യനാണല്ലോ. അപ്രകാരം പൊതുസമൂഹത്തെ ധാർമികമായി ചികിൽസിക്കേണ്ട ഉത്തരവാദിത്വം മതപണ്ഡിതനാണ്. സമൂഹത്തിലനുഭവപ്പെടുന്ന ഓരോ മിടിപ്പും സസൂക്ഷ്മം നിരീക്ഷിക്കേണ്ട ചുമതല ഉലമാഇനുണ്ട്.

ഖലീഫതുല്ലാഹി (അല്ലാഹുവിന്റെ പ്രതിനിധി) എന്ന ശ്രേഷ്ഠ പദവി നൽകിയാണ് അല്ലാഹു മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചത്. നന്മ തിന്മകളെ വേർതിരിക്കുന്നതിനായി വർത്തിക്കുമ്പോഴാണ് ഖലീഫതുല്ലാഹി എന്ന ശ്രേഷ്ഠ പദവിയോട് മനുഷ്യൻ നീതിപുലർത്തുന്നത്.

സമൂഹത്തിലെ ഉയർച്ചയിലും താഴ്ച്ചയിലും പണ്ഡിതനു പങ്കുണ്ട്. നന്മ തിന്മകളെ വേർതിരിച്ച് സത്യപാതയിലേക്ക് സമൂഹത്തെ കൈ പിടിച്ചുയർത്തുന്നത്മൂലം സമൂഹത്തിനും മതത്തിനുമുണ്ടാകുന്ന അന്തസ്സിന് കാരണം പണ്ഡിതരാണ്. അതേ സമയം സമൂഹം ദുഷിക്കുമ്പോഴും അവർക്ക് നേർവഴി പകരാതെ മതപണ്ഡിതർ വിമുഖരായാൽ സമൂഹം ദുഷിച്ചതിന്റെ ഉത്തരവാദിത്വം അവരേറ്റെടുക്കേണ്ടി വരും. ഇമാം ഗസ്സാലി(റ)യുടെ വീക്ഷണത്തിൽ സമൂഹത്തിലെ നെടുംതൂണുകളാണ് മതപണ്ഡിതർ. പൊതുജനത്തിന് മാതൃകകളാണവർ. ഇവരുടെ ഹിതമനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പൊതുജനം പിന്തുണയർപ്പിക്കും. മതപരമായ കാര്യങ്ങൾക്ക് പണ്ഡിതർ അവലംബമായതിനാൽ അവർ ചെയ്യുന്നതെന്തും മത കാര്യമായി പൊതുസമൂഹം വീക്ഷിക്കും. മതപണ്ഡിതൻ സദ്‌വൃത്ത ജീവിതം നയിച്ചാൽ അത്കണ്ട് ഒരു പറ്റം ജനങ്ങൾ ഇസ്‌ലാം ആശ്ലേഷിച്ചേക്കും. ദുഷിച്ച കാര്യങ്ങൾ ചെയ്യുന്നതിൽ ലാഘവത്വം കാണിച്ചാൽ ജനം തെറ്റിദ്ധരിക്കും. അപ്പോൾ തുറന്നമനസ്സും ക്രിയാത്മക ഇടപെടലും നടത്തുന്ന പണ്ഡിതനാണ് ഇസ്‌ലാമിന് അർത്ഥം പകരുന്നത് പണ്ഡിതൻ തന്റെ അറിവ് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനനുസരിച്ചാണ് ജയപരാജയത്തെ നിർണയിക്കുന്നത് മനുഷ്യരിൽ ഭാഗ്യവാന്മാരായ വിഭാഗമായിട്ടാണ്  മതപണ്ഡിതരെ പരിചയപ്പെടുത്തുന്നത്. അവർക്ക് അല്ലാഹു അനുഗ്രഹങ്ങളത്രയും ചൊരിഞ്ഞിട്ടുണ്ട്. അവന്റെ അനുഗ്രഹത്തിന് ഒരുത്തനെ തിരെഞ്ഞടുക്കുകയാണെങ്കിൽ മതവിജ്ഞാനം നൽകുമെന്ന് തിരുനബിയരുൾ ചെയ്തിട്ടുണ്ട്. ജ്ഞാനമുണ്ടായത് കൊണ്ട്മാത്രം ഭാഗ്യവാനാകുന്നില്ല. സമ്പാദിച്ച അറിവിലൂടെ പാരത്രിക മോക്ഷത്തിനായി പ്രവർത്തിക്കണം. നിസ്വാർത്ഥ സേവനം ചെയ്യുന്ന പണ്ഡിതൻ ദൈവാനുഗ്രഹത്തിന് പാത്രമാവുകയും വിജയിച്ച ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുകയും ചെയ്യും. പാണ്ഡിത്യത്തെ ഭൗതിക നേട്ടങ്ങൾക്കും സ്ഥാന മാനങ്ങൾക്കും നീക്കിവെക്കുന്നവൻ സ്രഷ്ടാവിന്റെ കോപത്തിന് വിധേയമായവനാണ്. വിജ്ഞാനത്തെ സ്വന്തത്തിലേക്ക് പോലും തിരിച്ചുവിടാതെ നിഷ്‌ക്രിയത്വത്തെ പ്രണയിച്ചവൻ പരലോക ഭയാനകതയിൽ ശപിക്കപ്പെട്ടവനാണെന്നാണ് തിരുവരുൾ. ജനങ്ങളിൽ ഭാഗ്യരും നിർഭാഗ്യരുമായ പണ്ഡിതരുണ്ടെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു. അറിവ് രണ്ട് തരത്തിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒന്ന്, ചുണ്ടുകളിൽ മാത്രം തത്തിക്കളിക്കുന്നത്. രണ്ട്, മനസ്സിൽ ആഴ്ന്നിറങ്ങിയത്. ഹതഭാഗ്യനും ദുഷിച്ചവനുമായ പണ്ഡിതന്റെ ജ്ഞാനം അവന്റെ അധരങ്ങളിൽ മാത്രമായിരിക്കും. നല്ല പണ്ഡിതന്റെ ജ്ഞാനം അവന്റെ ഹൃദയത്തിലും.

മതവിജ്ഞാനം കൊണ്ട് നിറക്കപ്പെട്ട സ്ഫടികതുല്യ മനസ്സിലേക്ക് സമൂഹം നോക്കണം. പൊതുജനത്തിനവരുടെ ജീവിതത്തെ സൗന്ദര്യാത്മകമാക്കാൻ തുറന്ന്പിടിച്ച ദർപ്പണമായി പണ്ഡിതൻ വർത്തിക്കണം. അറിവ് അധരങ്ങളിൽ മാത്രം തത്തിക്കളിക്കുന്നവന്റെ മനസ്സ് തെളിഞ്ഞ ദർപ്പണമല്ല. അതഴുക്കുകൾ പുരണ്ട് കറുത്ത് പോയിട്ടുണ്ട്. ഈ പണ്ഡിതന്റെ മനസ്സ് നോക്കി പൊതുജനത്തിന് ജീവിതത്തെ മൊഞ്ചാക്കാൻ കഴിയില്ല.

ദുഷിച്ച പണ്ഡിതരെ കുറിച്ച് പ്രവാചകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുഷിച്ച പണ്ഡിതനാണെത്രെ ഭൂമിയിലെ ഏറ്റവും നികൃഷ്ട ജീവി. അവസാന കാലത്ത് വിവരമില്ലാത്ത ഉപാസകരും ദുഷിച്ച പണ്ഡിതരുമുണ്ടാകുമെന്ന് പ്രവാചകർ പഠിപ്പിക്കുന്നു.

പണ്ഡിത ധർമത്തെ കുറിച്ച് ബോധമില്ലാത്ത പണ്ഡിതൻ തന്റെ ആത്മാവിനെ പിശാചിന് വിൽക്കുകയാണ്.  ദുഷിച്ച പണ്ഡിതർ വേദം ചുമക്കുന്ന കഴുതകളെ പോലെയാണെന്നാണ് ഖുർആൻ ഉപമിച്ചത.് വേദവും കഴുതയും തമ്മിലെന്ത് ബന്ധം? വേദം വഹിക്കേണ്ടത് പണ്ഡിതനാണ്. കഴുത ചുമട് വഹിക്കുന്ന ജീവിയാണ്. ഏത് ചുമടും ആ ജീവി വഹിക്കും. ഗ്രന്ഥങ്ങൾ ചുമടാക്കിയാൽ അതും വഹിക്കും. പക്ഷേ അങ്ങനെ നൽകുന്നത് ഫല ശൂന്യമാണെന്ന് മാത്രം. കഴുതക്കെന്തിനാണ് വേദം? ഇതേ പ്രകാരമാണ് ചില പണ്ഡിതർ. അവർ പഠിച്ചതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമുണ്ടാകില്ല. ധർമ്മമായി പഠിച്ചതെന്തോ അതിനെതിരാണിവരുടെ പ്രവർത്തനം. ഇവരെകൊണ്ട് വല്ല ഗുണവുമുണ്ടോ? ഇവരാണ് കഴുതക്ക് തുല്യർ.

തന്റെ ധർമത്തെ കുറിച്ച് ബോധമില്ലാത്ത പണ്ഡിതരെ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. ഇസ്‌റാഈലീ പണ്ഡിതനായിരുന്ന ബൽആമുബ്‌നു ബാഊറ ചീത്ത പണ്ഡിതരുടെ ഉദാഹരണമാണ്. ഐഹിക ലാഭങ്ങൾക്കു വേണ്ടി സ്രഷ്ടാവിന്റെ ശാസനകളെ മറച്ചുവെന്നതാണ് അയാൾ ചെയ്ത പാതകം. അയാൾ തന്റെ ആത്മാവിനെ കുറിച്ച് ബോധവാനായില്ല. കല്ലെടുത്തെറിഞ്ഞാലും കിതച്ചുകൊണ്ട് നാവ് നീട്ടി കൊണ്ടിരിക്കുന്ന ശ്വാനന്മാരോടാണ് അത്തരക്കാരെ ഖുർആൻ ഉപമിച്ചിട്ടുള്ളത്. ഇത്തരം പണ്ഡിതർ പുറം മോടി പിടിപ്പിച്ച ശവക്കല്ലറകൾക്ക് തുല്യമാണെന്നാണ് ഇമാം ഗസ്സാലിയുടെ ഭാഷ്യം. ഈ കല്ലറക്കുള്ളിൽ ദുർഗന്ധം വമിക്കുന്ന അസ്ഥികളേ കാണൂ.

ഭൂമിയിലെ ഉപ്പാണ് പണ്ഡിതർ. ഭക്ഷ്യ വസ്തുക്കളിൽ ഉപ്പിന് പ്രഥമ സ്ഥാനമുണ്ടെന്നത് വ്യക്തം. ഭക്ഷണങ്ങൾക്ക് സംരക്ഷണവുമാണ് ഉപ്പ്. കേടുപാടുകൾ വരുന്നതിൽ നിന്ന് അത് ഭക്ഷ്യപദാർത്ഥങ്ങളെ സൂക്ഷിക്കുന്നു. അതേ സമയം ഉപ്പ്തന്നെ കേടു വന്നാൽ ഒന്നിനും അതിനെ നന്നാക്കാനാകില്ല എന്നതും സുവിതിദമാണ്. ജന സമൂഹത്തെ സംസ്‌കരിക്കേണ്ട ചുമതലയാണ് പണ്ഡിതർക്കുള്ളത്. സമൂഹം ദുഷിക്കുമ്പോഴും നിഷ്‌ക്രിയമാകുന്നത് പണ്ഡിതോചിതമല്ല. അങ്ങനെയെങ്കിൽ പണ്ഡിതരെ ഉപ്പിനോടുപമിക്കേണ്ടതില്ലല്ലോ.

നിസ്വാർത്ഥ സേവനത്തിൽ മുഴുകുന്ന പണ്ഡിതരാണ് ഭാഗ്യശാലികൾ. പ്രതിഫലേച്ഛയില്ലാതെ ജനങ്ങളെ സേവിക്കുന്ന പണ്ഡിതർക്ക് ആകാശത്തിലെ പറവകളും സമുദ്രത്തിലെ മത്സ്യങ്ങളും ഭൂമിയിലെ ജീവികളും മലക്കുകളും പ്രാർത്ഥിക്കുമെന്ന് തിരുനബിയരുളിയിട്ടുണ്ട്. പ്രതിഫലേച്ഛയില്ലാതെ എന്ന് പറഞ്ഞത് കൊണ്ട് വിവക്ഷ ജ്ഞാനം പകരുമ്പോൾ സമ്പത്ത് പ്രതീക്ഷിക്കാതിരിക്കുകയെന്നാണ്. പ്രതിഫലം കിട്ടില്ല എന്ന കാരണത്താൽ അറിവിനെ മറച്ചു വെക്കുന്നവൻ അല്ലാഹുവിന്റെ അടുക്കൽ കുറ്റക്കാരനാകുന്നു. ഇവരുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടില്ലെന്ന് ഇമാം ഗസ്സാലി പ്രസ്താവിച്ചിട്ടുണ്ട്.

സമ്പത്തും പ്രതിഫലവും ആഗ്രഹിക്കാതെ അറിവ് മറ്റുള്ളവർക്ക് പകർന്നത് കൊണ്ട് മാത്രം വിജയിയാവുകയില്ല. നിസ്വാർത്ഥമായിരിക്കണം. ദുൻയവിയ്യായ ഒരുദ്ദേശ്യവും ഇതോടൊപ്പം കലരരുത്. നബി(സ്വ)യുടെ ഒരു വചനം ഇങ്ങനെ ഗ്രഹിക്കാം: ‘ചില പണ്ഡിതരെ കൊണ്ട് ദീനിന് ഗുണമുണ്ടാകും. അവരുടെ പ്രഭാഷണവും എഴുത്തും സമൂഹ മന:സാക്ഷിയെ കൂടുതൽ സ്വാധീനിച്ചെന്നിരിക്കും. അവരെ സ്വർഗത്തിലെത്തിക്കാൻ പാകമായതെല്ലാം ഈ പണ്ഡിതരിൽ നിന്ന് അവർക്ക് കാണാൻ കഴിഞ്ഞിരിക്കും. പക്ഷേ ഖേദകരം തന്നെ. ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിച്ച ഈ പണ്ഡിതർ പരലോകത്ത് പരാജിതരാണ.്’ വിശ്രുത പണ്ഡിതൻ അബ്ദുറഊഫ് അൽമുനാവി തിരുനബിയുടെ പ്രസ്തുത വചനം വിശദീകരിച്ചു പറഞ്ഞത് ഇങ്ങനെ: ‘അവർ അല്ലാഹുവിന് വേണ്ടിയല്ലാതെ പ്രവർത്തിച്ചു. പ്രശസ്തി, പദവി, ജനശ്രദ്ധ എന്നിവയാണവർ ആഗ്രഹിച്ചത്. അവരാഗ്രഹിച്ചത് അവർക്ക് ഭൂമിലോകത്ത് നിന്നുതന്നെ ലഭിച്ചു.’ സത്കർമങ്ങളെ കരിച്ച് കളയുന്ന മാരകങ്ങളാണ് പദവിമോഹവും ഉൾനാട്യവും.

പേരും പ്രശസ്തിയുമുണ്ടാകുമെന്ന് പേടിച്ച് എത്ര വന്ദ്യാത്മാക്കളാണ് പൊതുജീവിതം അവസാനിപ്പിച്ച് ഏകാന്ത ജീവിതത്തിലേക്ക് കടന്നത്. പരിത്യാഗികളുടെ നേതാവ് ഇബ്‌റാഹീമുബ്‌നു അദ്ഹം(റ) രാജധാനിയിൽ നിന്ന് ഇറങ്ങിപ്പോയത് ഈ ഭയപ്പാടോടെയാണ്. അഞ്ചാം നുറ്റാണ്ടിന്റെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) നിളാമിയ്യയിലെ അധ്യാപനം സഹോദരൻ അഹ്മദ് ഗസ്സാലി(റ)യെ ഏൽപിച്ച് സിറിയയിലേക്ക് യാത്രയായതും ഈ ഭയപ്പാട് കാരണമായിരുന്നു.

യഥാർത്ഥ പണ്ഡിതനാര്?

ഇമാം ഗസ്സാലി(റ) മതപണ്ഡിതരെ രണ്ടായി തിരിച്ചിട്ടുണ്ട്. ഐഹിക പണ്ഡിതരും പാരത്രിക പണ്ഡിതരും. പാരത്രിക പണ്ഡിതർ ഇലാഹീ പ്രീതിക്ക് വേണ്ടി ജീവിക്കുന്നവരാണ്. അവരുടെ ജീവിതം സംശുദ്ധമായിരിക്കും. കാപട്യങ്ങളൊന്നും ആ ജീവിതത്തിൽ പ്രകടമാകില്ല. വാക്കുകളും   പ്രവർത്തികളും തമ്മിൽ അനിഷ്ടമുണ്ടാകില്ല. സ്വയം അനുഷ്ഠിക്കുന്നതേ സമൂഹത്തോട് ഉപദേശിക്കൂ. വിശുദ്ധ ഖുർആൻ പറയുന്നു: ‘സത്യവിശ്വാസികളേ നിങ്ങൾ ചെയ്യാത്തത് എന്തിന് പറയുന്നു, നിങ്ങൾ പ്രവർത്തിക്കാത്തത് പറയുന്നത് അല്ലാഹുവിങ്കൽ കൂടുതൽ വെറുപ്പുളവാക്കുന്നതാണ്’ (വി.ഖു.61/2,3).

പരലോക മോക്ഷത്തിനുതകുന്ന കാര്യങ്ങളിൽ വ്യാപൃതരായിരിക്കും യഥാർത്ഥ പണ്ഡിതർ. പരലോക ചിന്തയിൽ നിന്നകറ്റുന്നതിൽ നിന്നവർ ഓടിയകലും. പരലോക ചിന്തയെ ഊതിക്കാച്ചുന്ന ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയെന്നാണ് പാരത്രിക മോക്ഷത്തിനുള്ള മാർഗങ്ങൾ തേടിയ ശിഷ്യനോട് ഇമാം ഗസ്സാലി(റ) പറഞ്ഞത്. ഭൗതികതയിലേക്ക് ശ്രദ്ധ തിരിക്കുന്ന തർക്കവിതർക്കങ്ങളിൽ ഇവർ സമയവും ഊർജവും നഷ്ടപ്പെടുത്തില്ല. സുഖലോലുപതയിലോ ആഡംഭരങ്ങളിലോ ഇവർ അഭരമിക്കില്ല. ഭക്ഷണം, വസ്ത്രം, പാർപ്പിടം മുതലായവയിലെല്ലാം മിതത്വം പുലർത്തിയിരിക്കും. ഉള്ളത് കൊണ്ടവർ തൃപ്തിപ്പെടും. അല്ലാഹുവിലുള്ള അവരുടെ വിശ്വാസം അചഞ്ചലമായിരിക്കും. ദൃഢമായ ജ്ഞാനം ദൃഢമായ വിശ്വാസത്തിലേക്ക് നയിക്കുന്നു. സംശയരഹിതമായ വിശ്വാസമാണല്ലോ അചഞ്ചലമായ വിശ്വാസം. ഇത്തരം പ്രതിഭകളാണ് ലോകത്തിനു പ്രകാശമാകുന്നത്.

യഥാർത്ഥ പണ്ഡിതർ സൗമ്യരും ശാന്ത ചിത്തരും എളിയവരുമായിരിക്കും. ജ്ഞാനം കൂടുന്തോറും വ്യക്തിജീവിതം വിനയാന്വിതമാകും. ഭയം, ഭക്തി, സത്‌സ്വഭാവം, ഐഹിക വിരക്തി എന്നിവ മുഖമുദ്രയായിരിക്കും. മറ്റുള്ളവർക്കീ ജീവിതങ്ങൾ നന്മയുടെ തുറന്ന പുസ്തകമായിരിക്കും. ഇവരിൽ നിന്ന് ഹൃദയ ശുദ്ധി പ്രകടമാകും. ആ ഹൃദയ വെൺമ മൂലം സമൂഹത്തിന് ഒരുപാട് അറിവുകൾ ലഭിക്കും. അല്ലെങ്കിൽതന്നെ പുറത്തുനിന്ന് ലഭിക്കുന്ന അറിവിനേക്കാൾ ഉന്നതമാണല്ലോ അകത്തുനിന്ന് വരുന്ന അറിവ്. ഭൂമിയുടെ അടിത്തട്ടിൽ ഉറവയെടുക്കുന്ന വെള്ളം പറമ്പിലൂടെ ഒഴൂകി വരുന്ന വെള്ളത്തേക്കാൾ ശുദ്ധവും തെളിഞ്ഞതുമായിരിക്കുമല്ലോ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ