അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് ആദര്‍ശമായി സ്വീകരിച്ച ഭരണകൂടങ്ങളുടെയും ജ്ഞാനപ്രഭുക്കളുടെയും ഭരണസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷിയായ രാജ്യമാണ് ഇറാന്. ഇസ്ലാമിക ലോകത്തിന് വിലമതിക്കാനും വിസ്മരിക്കാനുമാവാത്ത അനര്‍ഘ സംഭാവനകള്‍ ചെയ്ത പരശ്ശതം നക്ഷത്രഗോപുരങ്ങള്‍ അന്നാട് ജന്മം നല്‍കിയിട്ടുണ്ട്. ഇമാം ഗസ്സാലിയും ഇമാം റാസിയും റൂമിയും ജാമിയും നിസാമിയും അഥാറും സഅ്ദിയും ഹാഫിസുമില്ലാതെ ഇസ്ലാമിക ചരിത്രം പൂര്‍ണമാണോ? ഇമാം ഗസ്സാലി(റ)യുടെ അമൂല്യ രചനകളും ഇമാം റാസി(റ)യുടെ ജ്ഞാന സംഭാവനകളും ധൈഷണിക ലോകത്ത് ചിരസ്മരണീയങ്ങളാണ്. സഅ്ദിയുടെ ഗുലിസ്താനും ബോസ്താനും റൂമിയുടെ മസ്നവിയും ഫീഹി മാ ഫീഹിയും അനായിയുടെ ഖംസയും ജാമിയുടെ കുല്ലിയ്യത്തും വേണ്ടെന്നു വെച്ചാല്‍ പിന്നെയുണ്ടാവുക സലഫിസത്തിന്റെയും തീവ്ര പ്യൂരിട്ടാനിസ്റ്റുകളുടെയും ഉണങ്ങിവരണ്ട തോടുമാത്രമായിരിക്കും.
ഇറാനുമായുള്ള സാംസ്കാരികകച്ചവട വിനിമയ ബന്ധം ഇന്ത്യയുടെ തീരദേശങ്ങില്‍ വളരെ കാലം മുതല്ക്കേ ആരംഭിച്ചിട്ടുണ്ട്. എഡി 636 മുതല്‍ പേര്‍ഷ്യന്‍ മുസ്ലിംകള് ഇന്ത്യയിലേക്ക് കുടിയേറാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ചരിത്രം. ബോംബെക്കടുത്ത സഞ്ചന്‍ പ്രദേശത്താണ് അവര്‍ ആദ്യം എത്തുന്നത്. ഇന്ത്യയെ എട്ടു നൂറ്റാണ്ടു കാലം ഭരിച്ച മുസ്ലിം ഭരണാധികാരികളില്‍ പലരും ഇറാനീ/പേര്‍ഷ്യന്‍ ബന്ധമുള്ളവരാണ്. ഇന്ത്യന്‍ മുസ്ലിംകളുടെ ആത്മീയാചാര്യന്മാരില് പലരും അന്നാട്ടില്‍ പിറവി കൊണ്ടവരാണ്. മുഈനുദ്ദീന് ചിശ്തി, ഫരീദുദ്ദീന്‍ സഞ്ച്ശകര്‍, നിസാമുദ്ദീന്‍ ഔലിയ, ജലാലുദ്ദീന്‍ ത്വബ്രീസി, ബഹാഉദ്ദീന്‍ സകവിയ്യ, ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാകി, സയ്യിദ് അലി ഹമദാനി തുടങ്ങിയ ശതക്കണക്കിനു ആത്മീയാചാര്യന്മാര് ജന്മംകൊണ്ടോ വംശം കൊണ്ടോ പേര്‍ഷ്യക്കാരാണ്.
സങ്കുചിത ദേശീയതയും അറബ് വംശീയവാദവും പ്രമോട്ട് ചെയ്യുന്ന ഖര്‍ദാവിയെപ്പോലുള്ളവര്‍ക്ക്, നജ്ദ് കേന്ദ്രീകരിച്ച് രക്തവിപ്ലവം നയിച്ച ഭീകരവാദികള്‍ക്ക് പക്ഷേ, പേര്‍ഷ്യന്‍ ഭൂമിക നല്കിയ മഹത്തായ ജ്ഞാനകലാആധ്യാത്മിക സംഭാവനകള്‍ കാണാന്‍ കഴിയുന്നില്ല. മിതവാദികളായ അഹ്ലുസ്സുന്ന പക്ഷേ, നന്മയും ജ്ഞാനവും ആരില്‍ നിന്നും സ്വീകരിക്കാന്‍ പാകമായിരുന്നു എക്കാലത്തും. സലഫികളുടെ ചോരക്കണ്ണുകൊണ്ട് ഇസ്ലാമിക ജ്ഞാന ശാസ്ത്രങ്ങളെയും ആധ്യാത്മിക സരണികളെയും സാംസ്കാരികത്തനിമകളെയും നിരീക്ഷിക്കുന്നവര്‍ ഇറാന് സ്പര്‍ശമുള്ളതും ഫാരിസി മുഴങ്ങുന്നതുമായ എല്ലാം ശീഇസമാണെന്ന് ബഹളം വെക്കുകയാണ്. ശീഈ സംഭാവനകളാണ് അഭിമാനിക്കാവുന്ന ഇസ്ലാമിക അടയാളങ്ങളഖിലവുമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചനയാണോ ശീഈ വിമര്‍ശനക്കുപ്പായമിട്ട ചിലരുടേത് എന്നും സംശയിക്കാവുന്നതാണ്. തീവ്ര സലഫീ തലച്ചോറിന്റെ പൊയ്വെടികള് അല്ലെങ്കില്‍ പിന്നെ, ശീഈ പ്രചാരണത്തിന്റെ പുത്തനടവാകാനേ തരമുള്ളൂ.
ഇറാനിലെ ശീറാസിനടുത്ത പ്രസിദ്ധ ദേശമാണ് കാസറൂന്‍. വ്യാപാരആത്മീയ സഞ്ചാരം ഇന്നാടിനെ കേന്ദ്രീകരിച്ച് നേരത്തെ സജീവമായിരുന്നു. ഇബ്നു ബതൂത്ത കോഴിക്കോട്ടെ കാസറൂന്‍കാരനായ ശിഹാബുദ്ദീന് എന്ന വ്യക്തിയെ കണ്ട അനുഭവം പരാമര്‍ശിക്കുന്നുണ്ട്. ഇതു കാണുമ്പോഴേക്ക് പതിനാലാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ ശീഈ ചലനം തുടങ്ങിയിട്ടുണ്ടെന്ന് വിധിക്കാന്‍ തല മരവിച്ചവര്‍ക്കേ കഴിയൂ.
തീരദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇന്ത്യഇറാന്‍ചൈന വ്യാപാര വിനിമയ ബന്ധങ്ങള്‍ സജീവമായിരുന്ന അക്കാലത്ത് കാസറൂനിലെ വ്യാപാരികളും ആത്മീയാചാര്യന്മാരും മുല്‍ത്താന, ഗുജറാത്ത് വഴി കോഴിക്കോട്ടെത്തുന്നതില്‍ യാതൊരു അസാംഗത്യവുമില്ല. അവരെല്ലാം ശീഇകളായിരുന്നുവെന്ന് പ്രഖ്യാപിക്കുന്നതെങ്ങനെ? കാസറൂന്‍ പ്രദേശം അക്കാലത്ത് ശീഈ ഭരണത്തിനു കീഴിലായിരുന്നോ? അവിടെ ശീഇസം വേരോടിയ കാലമാണോ അത്? ചരിത്ര പണ്ഡിതന്മാരായി ചമയുന്ന പലരുടെയും ചരിത്രാന്വേഷണ കഥ വളരെ പരിതാപകരമാണ്. ഇബ്നു ബതൂത്ത തന്നെയും കാസറൂന്‍ നഗരത്തെ പരിചയപ്പെടുത്തുന്നുണ്ട്. അക്കാലത്ത് കാസറൂന്‍ തുറമുഖം വ്യാപാര കേന്ദ്രമായിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും കാസറൂന്‍ ലക്ഷ്യമാക്കി നീങ്ങുന്ന കടല്‍ യാത്രികര്‍, യാത്രയില്‍ വല്ല അപകടവും ഭയക്കുമ്പോള്‍ കാസറൂനിലെ പ്രസിദ്ധ വലിയ്യായിരുന്ന അബൂ ഇസ്ഹാഖില്‍ കാസറൂനി(റ)ക്ക് നേര്‍ച്ചകള്‍ നേരുന്ന പതിവിനെക്കുറിച്ച് ഇബ്നു ബതൂത്ത എഴുതിയിട്ടുണ്ട്.
ഹി. 426ല്‍ മരണപ്പെട്ട സുപ്രസിദ്ധ വലിയ്യായിരുന്നു ഇബ്റാഹീമുബ്നു ശഹ്റയാര്‍ എന്ന അബൂ ഇസ്ഹാഖ്(റ). ശൈഖ് ജീലാനി(റ)യോടൊപ്പം എണ്ണപ്പെടാറുള്ള സ്വൂഫിയാണദ്ദേഹം. അദ്ദേഹത്തിന്റെ കറാമത്തുകള്‍ പ്രചുരപ്രചാരം നേടിയിരുന്നു. കടല്‍ യാത്രികര്‍ അതു പലവട്ടം അനുഭവിച്ചറിഞ്ഞതുമാണ്. അതിനാല്‍ തന്നെ, ചൈനയില്‍ നിന്നും വരുന്ന, ഇന്ത്യയില്‍ നിന്നും പോകുന്ന സഞ്ചാരികള്‍ കാസറൂനിയുടെ മദ്ഹുപാടിയും അദ്ദേഹത്തിന്റെ ജാറത്തിലേക്ക് നേര്‍ച്ച നേര്‍ന്നും അല്ലാഹുവിന്റെ സഹായം തേടുമായിരുന്നു. അബൂ ഇസ്ഹാഖുല്‍ കാസറൂനിയുടെ മഹത്ത്വം പ്രസിദ്ധമായിരുന്നു എന്നതു കൊണ്ടുതന്നെയാണ്, അല്ലാമാ അബൂയഹ്യാ സൈനുദ്ദീന്‍ അഹ്മദുബ്നു അലി എന്ന ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിനെക്കുറിച്ച്, പൊന്നാനിയിലെ കുഞ്ഞുബാവ മുസ്ലിയാര് രചിച്ചതും 1950കളില്‍ പൊന്നാനി ജുമാമസ്ജിദ് കമ്മറ്റി അച്ചടിച്ചു വിതരണം ചെയ്തിരുന്നതുമായ മൗലിദില്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യോടൊപ്പം ശൈഖ് അബൂ ഇസ്ഹാഖ് അല്‍കാസറൂനി(റ)യും അനുസ്മരിക്കപ്പെട്ടത്.
ഇറാനികളുമായുള്ള സജീവ വ്യാപാരആത്മീയ ബന്ധത്തിലൂടെ പേര്‍ഷ്യന്‍ ഭാഷയുമായുള്ള അടുപ്പം മലബാറില്‍ പോലും പ്രകടമായി. അല്ലാമാ സൈനുദ്ദീന്‍ മഖ്ദൂം അവ്വല്‍(റ) രചിച്ച ശുഅബുല്‍ ഈമാന്‍ എന്ന അറബി കൃതി ഈ ബന്ധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പേര്‍ഷ്യയിലെ ദാറാബജ്റദ് പ്രവിശ്യയില്‍ പെട്ട ഈജ് ദേശത്തുകാരനായ സയ്യിദ് മുഹമ്മദ്ബ്നു അബ്ദുല്ലാഹ് എന്ന നൂറുദ്ദീനില്‍ ഈജി പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച, വിശ്വാസ ശാഖകളെക്കുറിച്ചുള്ള ഗ്രന്ഥം മഖ്ദൂം അവ്വല്‍ അറബി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയായിരുന്നു. ഇമാം നവവി(റ)യുടെ നാല്പതു ഹദീസുകള്‍ക്ക് സിറാജുത്വാലിബീന്‍ എന്ന പേരില്‍ ഫാരിസി ഭാഷയില്‍ വ്യാഖ്യാനം എഴുതിയിട്ടുള്ള ഈജി(റ)യുടെ പൂര്‍വികരും പിന്‍ഗാമികളും വിശ്രുതരായ അഹ്ലുസ്സുന്ന പണ്ഡിതന്മാരും ഗ്രന്ഥകര്‍ത്താക്കളുമാണ്.
“പിന്ഗാമികളില് പെട്ട ജ്ഞാനപ്രഭുവും ശ്രേഷ്ഠ ഗുണവാനുമായ മഹാനവര്കള് പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച വിശ്വാസ ശാഖകളെക്കുറിച്ചുള്ള ഗ്രന്ഥംഅദ്ദേഹത്തെക്കൊണ്ടും മറ്റെല്ലാ ജ്ഞാനികളെക്കൊണ്ടും അല്ലാഹു നമുക്ക് ഉപകാരം നല്‍കുമാറാകട്ടെവളരെയേറെ പൊരുളുകളടങ്ങിയതും ഉപകാരപ്രദവുമാകയാല്‍…’ എന്നു പറഞ്ഞാണ് മഖ്ദൂം അവ്വല്‍ അതിന്റെ പരിഭാഷയിലേക്ക് കടക്കുന്നത്. “ലാഇലാഹ ഇല്ലല്ലാഹ്’യുടെ അര്‍ത്ഥം, അറബിഫാരിസി ഭാഷയില്‍ (ഫാരിസി ശബ്ദം അറബി ലിപിയില്‍) തന്നെ ഗ്രന്ഥത്തില്‍ നല്കിയതും കാണാം (പേ. 10). ദര്‍സ് പഠനത്തിന്റെ പ്രാരംഭത്തില്‍ ഓതുന്ന അറബി ഭാഷാ പഠനഗ്രന്ഥമായ മീസാനില്‍ പോലും അസ്, ദറൗ എന്നീ പേര്‍ഷ്യന്‍ ശബ്ദങ്ങള്‍ കടന്നുകൂടിയത് ശീഈ ഉപജാപങ്ങളുടെ അടയാളമായി ആരെങ്കിലും കണ്ടെത്തിയേക്കാം!
ഭാര്യാ സന്തതികളോടുള്ള കടമകള്‍ പറയവേ, അവര്‍ക്ക് അഹ്ലുസ്സന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടത് ഭര്‍ത്താവ്രക്ഷിതാവിന്റെ മേല്‍ ബാധ്യതയാണെന്നു പറയുന്നുണ്ട്. അതുപോലെ, ദീനിന്റെ വക്താക്കളെ സ്നേഹിക്കുകയും അവരോടു അടുപ്പം പുലര്‍ത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പറയുമ്പോള്‍, മഖ്ദൂം പ്രത്യേകം എഴുതുന്നു: “അല്ലാഹു സ്നേഹിച്ചവരെ സ്നേഹിക്കേണ്ടത് നിര്‍ബന്ധമാണെന്ന് നീ അറിയണം; അല്ലാഹുവിങ്കല്‍ സ്ഥാനമേറുന്തോറും സ്നേഹബാധ്യതയുടെ കടുപ്പമേറും. സ്വഹാബത്തിനോടും അവരെ പിന്‍പറ്റുന്നവരോടും ശത്രുത പുലര്‍ത്തുന്നത് വന്‍ പാപങ്ങളില്‍ പെട്ടതത്രെ.’ തുടര്‍ന്ന് സ്വഹാബത്തിന്റെ മഹത്ത്വം പറയുന്ന പ്രമാണങ്ങളുദ്ധരിക്കുന്നു. പേര്‍ഷ്യക്കാരനായ ഈജിയുടെ ഗ്രന്ഥം അതുകൊണ്ടുതന്നെ ശീഇസമായിരുന്നെന്ന് വിമര്‍ശകര്‍ പറയില്ലെന്നാശിക്കാം.
സ്വഹാബത്തിനെ പഴിക്കുന്നതില്‍ ശീഇസവും സലഫിസവും ഒരേ നിലപാടിലാണെന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. അക്കാര്യം അന്യത്ര ചര്‍ച്ച ചെയ്യുന്നുണ്ട്. ഇമാം മഖ്ദൂം അവ്വല്‍ ചിശ്തിശതാരിയ്യ ത്വരീഖത്തുകളുടെ ഖലീഫയായിരുന്നുവല്ലോ. പേര്‍ഷ്യന്‍ രക്തമൊഴുകുന്ന ചിശ്തി പാരമ്പര്യത്തെ ശീഇസത്തില്‍ കൂട്ടിക്കെട്ടാനെളുപ്പമാണ്. അപ്രകാരം തന്നെയാണ് ശഥാരിയ്യ ത്വരീഖത്തും. മുഗള്‍ ഭരണാനുകൂല്യങ്ങളുടെ തണലില്‍ മധ്യേന്ത്യയില്‍ ഒരുകാലത്ത് വ്യാപകമായിരുന്ന ശഥാരിയ്യ ത്വരീഖത്തിന്റെ ആചാര്യന് ശൈഖ് അബ്ദുല്ലാ ശഥാരിഷാ(റ) നിശാപൂരിലൂടെ കടന്നുപോയതിനാല്‍ ശീഈ ബാധയുണ്ടായിട്ടുണ്ടാകാനിടയുണ്ടെന്ന് പറയാന്‍ എളുപ്പമാണല്ലോ. (തുടരും)
ശീഇസം2/മസ്വ്ലൂല്‍