സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സില്‍വര്‍ ജൂബിലി സമ്മേളന പ്രഖ്യാപന വേദിയില്‍ താജുല്‍ ഉലമയെ കാണാനുള്ളതടക്കം ചില തിരക്കുകള്‍ സൂചിപ്പിച്ചു കൊണ്ടായിരുന്നു ഞാന്‍ പ്രസംഗത്തില്‍ നിന്ന് വിരമിച്ചത്. മഹാനവര്‍കളെ സന്ദര്‍ശിക്കാന്‍ വേണ്ടി എട്ടിക്കുളത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു എന്റെ താങ്ങും തണലുമായിരുന്ന അവിടുത്തെ വിയോഗ വാര്‍ത്ത അറിയുന്നത്. വീണ്ടുമൊരു അനാഥത്വം കൂടി കടന്നുവരുന്നതിന്റെ വേദനയായിരുന്നു എന്നില്‍.
ഓര്‍മ്മ വെച്ചകാലം തൊട്ടേ ഞങ്ങളുടെ കുടുംബത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത് താജുല്‍ ഉലമയായിരുന്നു. അഭിവന്ദ്യരായ പിതാവിന്റെ വിയോഗ ശേഷം സ്വന്തം ഉപ്പയെ പോലെ എന്റെ എല്ലാ മേഖലകളിലും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിച്ചതും പ്രാര്‍ത്ഥനകള്‍ കൊണ്ട് തണലേകിയതും മഹാനവര്‍കളായിരുന്നു. അഭേദ്യമായ ഈയൊരു ബന്ധത്തിനു നിരവധി കാരണങ്ങളുണ്ട്. ഒരേ ഖബീലയാണ് ഞങ്ങളുടേത്. നാടും തറവാടും ഒന്ന്. അടുത്തടുത്ത വീടുകള്‍. “ചെറിഞ്ഞാക്ക’ എന്നായിരുന്നു ഞങ്ങളുടെ ഉപ്പയും ഉമ്മയുമൊക്കെ അദ്ദേഹത്തെ വിളിച്ചിരുന്നത്. തങ്ങളുടെ ജ്യേഷ്ഠനെ “വല്യുഞ്ഞാക്ക’ എന്നും. സയ്യിദ് അബ്ദുറഹ്മാന്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍, വലിയ കുഞ്ഞിക്കോയ തങ്ങള്‍ എന്നിങ്ങനെയാണ് അവരുടെ പേര്. അവരുടെ ഉപ്പ സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി നാട്ടിലെ ഏത് വിഷയങ്ങള്‍ക്കും അവസാന വാക്കും അന്തിമ തീരുമാനവുമായിരുന്നു. വന്ദ്യരായ എന്റെ മൂത്താപ്പ സയ്യിദ് ബാ ഫഖ്റുദ്ദീന്‍ ബുഖാരിയും താജുല്‍ ഉലമയും സഹപാഠികളാണ്. ഏകദേശം പത്ത് വയസ്സ് കുറവാണ് എന്റെ ഉപ്പാക്ക്. താജുല്‍ ഉലമയുടെ ജീവിത രീതിയെ കുറിച്ചും തഖ്വയെ കുറിച്ചും സൂക്ഷമതയെ പറ്റിയും ഉപ്പ ഞങ്ങള്‍ക്ക് പറഞ്ഞു തരാറുണ്ടായിരുന്നു.
ഉപ്പ കരുവന്‍തിരുത്തി വലിയ ജുമുഅത്ത് പള്ളിയില്‍ ഓതുന്ന കാലം. താജുല്‍ ഉലമയും മൂത്താപ്പയും അന്ന് പുറംനാട്ടില്‍ പഠിക്കുകയാണ്. അവര്‍ നാട്ടില്‍ വന്നാല്‍ താജുല്‍ ഉലമ കരുവന്‍തിരുത്തി പള്ളിയുടെ മുകളിലത്തെ നിലയില്‍ കയറും. അന്ന് നിഗൂഢതകള്‍ സങ്കല്‍പ്പിക്കപ്പെടുന്നതിനാല്‍ അവിടേക്ക് ആരും കയറിയിരുന്നില്ല. മഹാനവര്‍കള്‍ അവിടെ നിന്നും ഉറക്കെ അല്‍ഫിയ ബൈത്തുകള്‍ ഓതും. അതുകൊണ്ട് തന്നെ “ചെറുകുഞ്ഞിക്കോയ തങ്ങള്‍’ നാട്ടിലെത്തിയാല്‍ നാട്ടുകാരെല്ലാം അറിയും. കുട്ടിക്കാലം തൊട്ടേ വ്യത്യസ്തമായ ജീവിതശൈലിയും സ്വഭാവവുമായിരുന്നു മഹാനവര്‍കളുടേത്.
മര്‍ക്കസിന്റെ ശിലാസ്ഥാപന കര്‍മ്മത്തിന് സയ്യിദ് മുഹമ്മദ് അലവി മാലിക്കി മക്ക വന്നപ്പോള്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ ഉലമാ സമ്മേളനം ഉണ്ടായിരുന്നു. അന്നെന്റെ പ്രായം പതിനാലാണ്. നേതാക്കള്‍ വേദിയിലേക്ക് പോകുമ്പോള്‍ ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദുമൊക്കെ മുന്നില്‍ നടത്തിയത് താജുല്‍ ഉലമയെ ആയിരുന്നു. സ്റ്റേജിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും അവിടുത്തെ കരങ്ങളിലാണ്. അവിടുന്ന് കുടിച്ച വെള്ളത്തിന്റെ ബാക്കി കണ്ണിയത്ത് ഉസ്താദും ഇ.കെ ഉസ്താദും ആവേശത്തോടെ കുടിക്കുന്ന രംഗങ്ങള്‍ക്ക് ഞങ്ങളന്ന് സാക്ഷിയായി. അന്ന് താജുല്‍ ഉലമ നടത്തിയ ഗംഭീര പ്രസംഗം ഞാനിന്നും ഓര്‍ക്കുകയാണ്. “”ഇല്‍മ് എന്ന് പറഞ്ഞാല്‍ കുറേ സര്‍ട്ടിഫിക്കറ്റുണ്ടാക്കലും തൊഴില്‍ നേടലും കുറേ മനഃപാഠമാക്കലും മാത്രമല്ല.. നൂറുന്‍ യഖ്ദിഫുല്ലാഹു ഫീ ഖല്‍ബി അബ്ദിഹില്‍ മുഅ്മിന്‍….. അല്ലാഹു മുഅ്മിനായ മനുഷ്യന്റെ ഹൃദയത്തില്‍ ഇട്ടു കൊടുക്കുന്ന ഒരു ആത്മീയ വെളിച്ചമാണ്. അത് എല്ലാവര്‍ക്കും കിട്ടൂല……”. മഹാനവര്‍കളുടെ ജീവിതം ഇതിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു.
ഇതിനോടടുത്ത ദിവസമായിരുന്നു എന്റെ പെങ്ങളുടെ കല്യാണം. പ്രസ്ഥാനവുമായി ബന്ധപ്പെട്ട തിരക്കുകളുണ്ടായതിനാല്‍ താജുല്‍ ഉലമക്ക് വരാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസങ്ങളില്‍ വന്നപ്പോള്‍ തന്റെ പേരക്കുട്ടിക്ക് എന്റെ ജ്യേഷ്ഠനുമായി കല്യാണാന്വേഷണം നടത്തി. വീട്ടിലിപ്പോള്‍ ഒരു കല്യാണം കഴിഞ്ഞിട്ടേയുള്ളൂ…ജ്യേഷ്ഠനാണെങ്കില്‍ പ്രായം പതിനേഴും… പക്ഷേ താജുല്‍ ഉലമയാണ് അന്വേഷിക്കുന്നത്. അതിനപ്പുറം മറ്റൊരു ചര്‍ച്ചയോ തീരുമാനമോ ഇല്ലല്ലോ. പ്രസ്തുത കല്യാണം ഭംഗിയായി നടന്നു.
വൈകാതെയായിരുന്നു ഞങ്ങളുടെ ഉമ്മാമയുടെ വിയോഗം. താജുല്‍ ഉലമ അന്ന് കണ്ണോക്കിന് വന്ന രംഗം ഇപ്പോഴും ഓര്‍മയുണ്ട്. കൊലായിലെ തിണ്ണയിലാണ് അവര്‍ ഇരുന്നത്. ആദരവ് മാനിച്ച് ഉപ്പയും മൂത്താപ്പയുമൊക്കെ അവിടെ ഇരിക്കാതെ മാറി നിന്നപ്പോള്‍ തങ്ങള്‍ പറഞ്ഞു: “മന്‍ ജലസ ഫീ ആഖിരില്‍ മജ്ലിസി മസലന്‍ റആ അന്നഹു യസ്തഹിഖുല്‍ ജുലൂസ ഫീ സ്വദ്രിഹി… തവാളുഅ് എന്ന് പറഞ്ഞാല്‍ മാറി നില്‍ക്കലല്ല. പറഞ്ഞട്ത്ത് ഇരിക്ക്യാ…. എന്നിട്ട് ഞാനിവിടെ ഇരിക്കാന്‍ അര്‍ഹനല്ല എന്ന് മനസ്സില്‍ കരുതുക… അതാണ് തവാളുഅ്. അല്ലാതെ പിന്നില്‍ പോയി ഇരുന്നിട്ട് ഞാന്‍ മുന്നില്‍ ഇരിക്കേണ്ട ആളാണ്ന്ന് കരുതുകയല്ല വേണ്ടത്…അത് കിബ്റാണ്…” ആത്മീയ ലോകത്തെ ആ സൂര്യതേജസ്സ് അങ്ങനെയായിരുന്നു. പറയേണ്ടത് പറയാനും ഇടപെടേണ്ടിടത്ത് ഇടപെടാനും ആരെയും ഭയപ്പെടാത്ത മഹാമനീഷി.
അന്ധ നേത്രങ്ങളില്‍ പോലും പ്രതിബിംബം സൃഷ്ടിക്കാന്‍ കഴിയുന്ന തീവ്രനോട്ടവും ബധിര കര്‍ണങ്ങളില്‍ ചെന്ന് പ്രകമ്പനം കൊള്ളുന്ന ശബ്ദ ഗാംഭീര്യവും മുഖത്തേക്ക് നോക്കുന്നവരുടെ രോമം എടുത്ത് പിടിക്കുമാറ് പ്രൗഢിയുമായിരുന്നു താജുല്‍ ഉലമയുടെത്. അതോടൊപ്പം തന്നെ വലിയ വിനയവുമായിരുന്നു. കോണോംപാറയില്‍ നിന്നും ഇറങ്ങിവന്ന മഅ്ദിനിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ മഹാനവര്‍കള്‍ ഇങ്ങോട്ടു വിളിച്ച് ചലനങ്ങള്‍ അന്വേഷിക്കുമായിരുന്നു. മഅ്ദിനിന്റെ തുടക്കം മുതല്‍ ഇന്ന് വരെയുള്ള എല്ലാ സംരംഭങ്ങളും താജുല്‍ ഉലമയുടെ നിയന്ത്രണത്തിലായിരുന്നു. ഓരോ മുന്നേറ്റത്തിലും വലിയൊരാശ്വാസവും തണലുമായി തങ്ങള്‍ ഒപ്പം നിന്നപ്പോള്‍ അനുഭവിച്ച മനക്കരുത്തും ആത്മവിശ്വാസവും അനിര്‍വചനീയമാണ്. മഅ്ദിനിന്റെ നിരവധി സംരംഭങ്ങള്‍ തുടങ്ങി തന്നതും അവിടുന്നായിരുന്നു. ഞാന്‍ ബുഖാരി തുടങ്ങിയത് താജുല്‍ ഉലമയില്‍ നിന്നാണ്. നിരവധി ഇജാസത്തുകള്‍ എനിക്ക് ലഭിച്ചതും താജുല്‍ ഉലമയില്‍ നിന്നായിരുന്നു. വഫാത്തിന്റെ അല്‍പ ദിവസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചപ്പോള്‍ “”എനിക്കുള്ള എല്ലാ ഇജാസത്തുകളും നിങ്ങള്‍ക്ക് തന്നിരിക്കുന്നു” എന്ന് പറഞ്ഞ രംഗം സന്തോഷപൂര്‍വ്വം അനുസ്മരിക്കുകയാണ്.
മൂന്നോ നാലോ വര്‍ഷം മുമ്പ് മഅ്ദിനില്‍ എസ്.പി സന്ദര്‍ശനം നടത്തിയപ്പോള്‍ അതിന്റെ ഫോട്ടോ പത്രത്തില്‍ വന്നിരുന്നു. അത്കണ്ട് “പ്രത്യേകിച്ച് എന്തെങ്കിലും വിഷയങ്ങളുണ്ടോ’ എന്ന് താജുല്‍ ഉലമ ഫോണ്‍ വിളിച്ച് അന്വേഷിച്ച രംഗം ഓര്‍മ്മിക്കുമ്പോള്‍ ഉന്നതസ്ഥാനീയനായ പണ്ഡിത കാരണവര്‍ മനസ്സില്‍ സൂക്ഷിക്കുന്ന താഴ്മയുടെ വലിയ ഭാവങ്ങളില്‍ അത്ഭുതം തോന്നുകയാണ്.
ഞാന്‍ റിയാദില്‍ തടവിലായ സമയം, എന്റെ അനുജന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി ദുആ ചെയ്യിപ്പിക്കാന്‍ താജുല്‍ ഉലമയുടെ സമീപത്തേക്ക് പോയപ്പോള്‍ അവിടുന്ന് എന്റെ മോചനത്തിന് വേണ്ടി അഹ്മദുല്‍ ബദവി തങ്ങളുടെ പേരില്‍ മൗലിദ് ഓതിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അനര്‍ഘ നിമിഷങ്ങളില്‍ നിന്നാണ് അവിടുത്തെ വിയോഗം എന്നില്‍ അനാഥത്വത്തിന്റെ നോവ് സൃഷ്ടിച്ചത്.
ഇരുപത്തിഏഴാം രാവിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ തലേദിവസം എനിക്ക് ശാരീരികമായ അസ്വസ്ഥതകള്‍ കാരണം സ്റ്റേജില്‍ കയറാന്‍ പറ്റാത്ത അവസ്ഥ വന്നു. പതിനാറ് വര്‍ഷം മുന്പാണിത്. ഇന്നുള്ളത് പോലെ വിപുലമല്ലാത്തതിനാല്‍ പുറത്ത് നിന്നാരെയും വിശിഷ്ടാഥിതികളായി കൊണ്ടുവരലുണ്ടായിരുന്നില്ല. ദുആ ചെയ്യിപ്പിക്കാന്‍ വേണ്ടി അനുജന്‍ താജുല്‍ ഉലമയെ കാണാന്‍ പോയി. എന്നെ ഫോണില്‍ വിളിച്ച് കൊണ്ട് മഹാനവര്‍കള്‍ ദുആ ചെയ്യുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പേടിക്കേണ്ടെന്നും എല്ലാം സന്തോഷത്തിലാവുമെന്നും പറഞ്ഞു. “കുറേ ആളുകള്‍ കൂടുന്ന സ്വലാത്ത് മജ്ലിസല്ലേ..നാളെ ഞാനും വരുന്നുണ്ടെ’ന്നുകൂടി അറിയിച്ചു. സ്വലാത്ത് മജ്ലിസിനോട് അത്ര കണ്ട് താല്‍പര്യമായിരുന്നു മഹാനവര്‍കള്‍ക്ക്. പെട്ടെന്നായതിനാല്‍ പത്രത്തില്‍ പരസ്യം കൊടുക്കാന്‍ കഴിഞ്ഞില്ല. സി ഹൈദര്‍ ഹാജിയെ ബന്ധപ്പെട്ട് പരിപാടിയുടെ ദിവസം 12.20 ന്റെ ആകാശവാണി വാര്‍ത്തയിലൂടെയാണ് താജുല്‍ ഉലമ സംബന്ധിക്കുന്ന വിവരം പുറത്ത് വിട്ടത്.
പ്രസ്തുത പരിപാടിയില്‍ മഹാനവര്‍കള്‍ പറഞ്ഞത് പോലെ എന്റെ അസ്വസ്തകളെല്ലാം നീങ്ങുകയും സന്തോഷത്തോടെ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്തു. അന്നു മുതല്‍ എല്ലാ വര്‍ഷവും 27ാം രാവിന്റെ മജ്ലിസില്‍ തങ്ങള്‍ വരാറുണ്ട്. അവിടെ തടിച്ചു കൂടുന്ന വിശ്വാസി ലക്ഷങ്ങള്‍ക്ക് ഇജാസത്തുകളും നല്‍കാറുണ്ട്. സ്വലാത്തിനെ സ്നേഹിച്ച, സ്വലാത്ത് മജ്ലിസിനെ ആദരിച്ച അവിടുത്തെ അവസാന പൊതുപരിപാടിയും മഅ്ദിനിലെ കഴിഞ്ഞ റമളാന്‍ 27ാം രാവിലെ പ്രാര്‍ത്ഥനാ സമ്മേളനമായിരുന്നു. അതിനു ശേഷം താജുല്‍ ഉലമ ഒരു സ്റ്റേജിലും കയറിയിട്ടില്ല.
അവസാനം പിതൃസ്ഥാനീയനായ എന്റെ പ്രിയ നേതാവിനെ കാണാന്‍ വഫാത്തിന്റെ പത്ത് ദിവസം മുമ്പ് ഞാന്‍ പോയപ്പോള്‍ “സുഖമല്ലേ? ഉംറ കഴിഞ്ഞ് വരികയാണോ?’ എന്ന് ചോദിച്ചു. ശേഷം മഹാനവര്‍കളുടെ മകന്‍ ഫസല്‍ കോയമ്മ തങ്ങളോട് ഞങ്ങള്‍ക്ക് വെള്ളം തരാന്‍ ആംഗ്യം കാണിച്ചു. അപ്പോഴും സുന്നി കൈരളിയുടെ അവസാന വാക്കും ആധികാരിക ശബ്ദവുമായിരുന്ന ആ മഹാമനീഷിയുടെ ചുണ്ടുകളില്‍ നിന്നും ദിക്റും സ്വാലാത്തും മന്ത്രിച്ച് കൊണ്ടേയിരിക്കുകയായിരുന്നു.

സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ