രു കല്യാണ വീടാണു രംഗം. വിവാഹം കഴിഞ്ഞ് മണവാട്ടി ഭർതൃ വീട്ടിലേക്ക് പോവുകയാണ്. പെട്ടെന്നാണ് അവൾക്ക് വസൂരി പോലെയുള്ള ഒരു രോഗം പിടിപെടുന്നത്. അവൾ അതീവ സുന്ദരിയായിരുന്നു, പക്ഷേ ഈ രോഗം കാരണം മുഖം വല്ലാതെ വികൃതമായി. ഇതവളെ മാനസികമായി തളർത്തി. തന്റെ വിരൂപ മുഖം ഭർത്താവ് കണ്ടാൽ എന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് അവൾ ദുഃഖിതയായി. അവളുടെ വീട്ടുകാരും വളരെ വിഷമത്തിലായി. അതേസമയം മറ്റൊന്നുകൂടി സംഭവിച്ചു. ഒരപകടത്തിൽ പെട്ട് തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി നവവരൻ സഹധർമിണിയെ അറിയിച്ചു. അവൾക്കു സഹതാപം തോന്നിയെങ്കിലും ഇരുവരും സംതൃപ്തിയോടെ ദാമ്പത്യ ജീവിതം നയിച്ചു.
20 വർഷത്തിനു ശേഷം അവൾ ഈ ലോകത്തോട് വിടപറഞ്ഞു. അന്ന് മഹാത്ഭുതമെന്ന് പറയാം, ആ ഭർത്താവിന്റെ കണ്ണുകൾക്ക് കാഴ്ചശക്തി പൂർണമായി തിരിച്ചുകിട്ടി. അതുകണ്ട് അവിടെയുണ്ടായിരുന്ന ജനങ്ങൾ ഞെട്ടിപ്പോയി. അവർ അത്ഭുതത്തോടെ ചോദിച്ചു: നിങ്ങളുടെ കണ്ണിന് കാഴ്ചയില്ലായിരുന്നല്ലോ. എങ്ങനെയാണ് ഭാര്യ മരിച്ചപ്പോൾ നിങ്ങൾക്ക് കാഴ്ചശക്തി തിരിച്ചു കിട്ടിയത്? അദ്ദേഹം പറഞ്ഞത് ചിന്തനീയമായിരുന്നു: ‘ഭാര്യയുടെ വികൃതമുഖം ഞാൻ കാണുന്നുണ്ടെന്ന വിചാരം അവൾക്കുണ്ടാവരുതെന്ന് കരുതി അന്ധത ബാധിച്ചതായി ഞാൻ നടിക്കുകയായിരുന്നു’.
ഈ സംഭവത്തിൽ നിന്നു നമ്മൾ മനസ്സിലാക്കേണ്ടത് ഏതൊരു കാര്യത്തിലും ഭാര്യയുടെ കുറ്റവും കുറവും കണ്ടുപിടിക്കുകയല്ല സഹായിക്കുകയും അവളെ ആശ്വസിപ്പിക്കുകയുമാണ് ഭർത്താവ് ചെയ്യേണ്ടതെന്നാണ്.
ആത്മീയ നായകൻ, ഭരണാധിപൻ, സൈന്യാധിപൻ തുടങ്ങിയ നിലകളിലെല്ലാം ഏറ്റവും മുന്നിൽ നിൽക്കുന്നവരായിരുന്നു പ്രവാചകർ(സ്വ). അതേസമയം അവിടന്ന് അടുക്കളയിൽ ഭാര്യമാരെ സഹായിച്ചിരുന്നു, അവർക്കാവശ്യമായ സേവനങ്ങൾ മടിയില്ലാതെ ചെയ്തുകൊടുത്തിരുന്നു. നബി(സ്വ)യും ആഇശ ബീവി(റ)യും തമ്മിൽ 40 വയസ്സിന്റെ അന്തരമുണ്ട്. എന്നാൽ ആഇശ(റ)യെ കാണുമ്പോൾ നബി(സ്വ) സ്‌നേഹാദരങ്ങളോടെ എഴുന്നേറ്റു നിൽക്കാറുണ്ടായിരുന്നു. കൊച്ചു തമാശകളിൽ ഏർപ്പെട്ടിരുന്നു. സ്ത്രീയെ മാനിക്കുന്നവനും ആദരിക്കുന്നവനുമാണ് ഉത്തമനായ പുരുഷനെന്നു പഠിപ്പിച്ച മാതൃകാ കുടുംബനാഥൻ കൂടിയാണല്ലോ തിരുദൂതർ(സ്വ).
ഭാര്യാ ഭർതൃജീവിതം വൺവേ അല്ലെന്നോർക്കണം. പാലമിട്ടാൽ അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും കടക്കണമല്ലോ. അങ്ങോട്ട് സ്‌നേഹം കൊടുത്താൽ ഇങ്ങോട്ടും കിട്ടും. കൊടുക്കൽ വാങ്ങൽ പോളിസിയാണ് ദാമ്പത്യ ജീവിതത്തിലുള്ളത്. അടുപ്പിനോട് പോയി എനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞാൽ ചോറ് കിട്ടുമോ? വിറകു വെച്ച് കത്തിച്ച് അരി വെക്കേണ്ടേ? ഇതുപോലെയാണ് കുടുംബ ജീവിതത്തിലെ ഓരോ സംഗതിയും. ആകയാൽ സന്തുഷ്ട കുടുംബജീവിതത്തിന്, ഭാര്യയിൽ നിന്നു നല്ല പ്രതികരണം ലഭിക്കാൻ നല്ല ഭർത്താവാകൽ അത്യന്താപേക്ഷിതമാണ്.
വീട്ടിൽ കീരിയും പാമ്പും പോലെയാണ് ചിലർ. മറ്റു ചിലർ ഭാര്യയെ അടിമയെപ്പോലെയാണ് കാണുന്നത്. ‘എടീ, നീ ഇവിടെ വന്ന് ഈ വിരിപ്പൊക്കെ ഒന്ന് റെഡി ആക്കിക്കാ…’ ഭക്ഷണപ്പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ, അല്ലെങ്കിൽ തിരക്കുപിടിച്ച മറ്റു ജോലി ചെയ്യവെയായിരിക്കും ഭർത്താവിന്റെ വിളിയും കൽപനയും. ‘ഞാനിപ്പോൾ വരാം, ഇതൊന്ന് കഴുകിക്കോട്ടെ’. അവൾ പറയുന്നു. ‘അത് പറ്റില്ല, ഇത് കഴിഞ്ഞ് പൊയ്‌ക്കോ’ എന്ന് ഭർത്താവിന്റെ വാശി.
ഭക്ഷണത്തിന് സമയമായി. ടേബിളിൽ അപ്പോഴും വിഭവങ്ങളെത്തിയിട്ടില്ല. അൽപ നേരം കാത്തിരുന്നപ്പോഴേക്ക് ഭർത്താവിന് കലി കയറി. ‘എടീ, നീ എന്തെടുക്കുകയാണവിടെ? എത്ര നേരമായി കാത്തിരിക്കുന്നു? സമയമായാൽ ഫുഡ് കൊണ്ടുവന്നു വെച്ചു കൂടേ?’ കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കുന്നതിനിടയിൽ ഭക്ഷണം കൊണ്ടുവെക്കാൻ സാവകാശം കിട്ടിയിട്ടുണ്ടാവില്ല ഭാര്യക്ക്. സ്‌കൂൾ വണ്ടി വീട്ടുപടിക്കൽ കാത്തിരിക്കുകയാവും ചിലപ്പോൾ. അതിന്റെ ടെൻഷനിലായിരിക്കും ഭാര്യ. അതൊന്നും തനിക്കറിയേണ്ട എന്നാണു ചിലരുടെ ഭാവം. ഇങ്ങനെ പരുഷമായി പെരുമാറുന്നവരാണ് പല ഭർത്താക്കന്മാരും. സന്ദർഭം മനസ്സിലാക്കി അൽപം കൂടി കാത്തിരിക്കുകയോ പോയി എടുത്തു കൊണ്ടുവന്നു കഴിക്കുകയോ ചെയ്താൽ വീട്ടുകാരിക്ക് എത്ര ആശ്വാസമായിരിക്കും.
സത്യത്തിൽ ഭർത്താവിന് ഭാര്യയോട് കടപ്പാടൊന്നുമില്ലേ? എല്ലാ പണികളും ഭാര്യമാർ തന്നെ ചെയ്യണോ? രണ്ടുപേർക്കും പരസ്പരം ഉത്തരവാദിത്തങ്ങളുണ്ട്. ദാമ്പത്യത്തിൽ പുരുഷന്മാർ ഇണകളെ നല്ല രൂപത്തിൽ സഹായിക്കുകയും സമീപിക്കുകയും സ്‌നേഹിക്കുകയും ചെയ്താൽ മാതൃകാപരമായ കുടുംബജീവിതം നയിക്കാൻ സാധിക്കും. നമ്മുടെ ജീവിതത്തിൽ മാത്രമല്ല, മക്കളുടെ കാര്യത്തിലും നല്ലൊരു മാതൃകയായി മാറാനാവും. അവരുടെ മനസ്സുകളിൽ നിന്ന് സമ്മർദങ്ങളൊഴിയും. ദമ്പതികൾക്കിടയിൽ കലഹങ്ങൾ, വേർപിരിയൽ, സ്ത്രീധന പീഡനങ്ങൾ,ആത്മഹത്യകൾ നിത്യവാർത്തയായി മാറിയ സമകാലത്ത് അത്തരമൊരന്തരീക്ഷം സ്വന്തം വീട്ടിലില്ലാതിരിക്കാൻ ഭാര്യമാർക്ക് കൈത്താങ്ങാകാം നമുക്ക്. അതൊരു താഴ്ന്ന ഏർപ്പാടല്ല, പുണ്യ പ്രവൃത്തിയാണെന്ന് ഉൾക്കൊള്ളുക.

സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ