കൊട്ടപ്പുറം സംവാദം ഇന്നും ഞെട്ടലോടെയല്ലാതെ വഹാബികൾക്ക് ഓർക്കാൻ സാധ്യമല്ല. അത്രയും ഭയാനകമായിരുന്നു അതിന്റെ അനന്തരഫലം അവരിലുളവാക്കിയത്. 1983 ഫെബ്രുവരി 1, 2, 3 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൊട്ടപ്പുറത്തു നടന്ന സുന്നി-മുജാഹിദ് സംവാദത്തിന് ദീർഘമായ നാൽപതാണ്ട് പിന്നിട്ടിട്ടും അതുണ്ടാക്കിയ ആഘാതം അവരിൽ നിന്ന് വിട്ടുമാറിയിട്ടില്ല. അതിനു തെളിവാണ് ഓരോ മുജാഹിദ് ഗ്രൂപ്പും വെവ്വേറെ കൊട്ടപ്പുറത്തോ പരിസരങ്ങളിലോ നടത്തുന്ന വാർഷികാചരണവും സുന്നികളോട് ഞങ്ങൾ തോറ്റിട്ടില്ല എന്ന് പരിദേവനവും. വഹാബികളിൽ ഏറ്റവുമൊടുവിൽ പിറവിയെടുത്ത ഈച്ച മുജാഹിദ് അടക്കമുള്ളവരും ആണ്ടാചരണവുമായി രംഗത്തുണ്ട്. വഹാബികൾ പൊതുവെ ചോദിക്കാറുള്ള, ആണ്ടാചരണം നബി(സ്വ) നടത്തിയിട്ടുണ്ടോ, ഖുലഫാഉ റാശിദുകൾ ചെയ്തിട്ടുണ്ടോ, സ്വഹാബത്തിന്റെ മാതൃകയുണ്ടോ പോലുള്ള ന്യായവാദങ്ങളൊന്നും ഈ ആണ്ടാചരണത്തിൽ ഒരു വിഭാഗവും ഉന്നയിക്കുന്നുമില്ലെന്നതാണ് വിചിത്രം! തോൽവിയുടെ ആഴം അത്രമേൽ വലുതും അതിൽ നിന്ന് എങ്ങനെയെങ്കിലും കരേറൽ അനിവാര്യവുമാണല്ലോ.
സംവാദത്തിലേക്കു വരാം. പ്രധാനമായും ഒരു ചോദ്യമാണ് അവരെ ഇത്രത്തോളം കുഴക്കിയത്. അത് സംഗ്രഹിച്ച് അൽമനാർ എഴുതി: ‘വിഷയത്തിന്റെ മർമത്തിൽ ഊന്നിക്കൊണ്ടാണ് രണ്ട് പണ്ഡിതന്മാരും തങ്ങളുടെ ആദ്യ ചോദ്യങ്ങൾ അവതരിപ്പിച്ചത്. ശിർക്കിന്റെ നിർവചനമെന്ത്? എന്നതായിരുന്നു കാന്തപുരത്തിന്റെ ചോദ്യം. അല്ലാഹുവിന്റെ ദാത്തിലോ സ്വിഫത്തിലോ അഫ്ആലിലോ പങ്കുചേർക്കുക എന്ന് എപി അബ്ദുൽ ഖാദിർ മൗലവി മറുപടി കൊടുത്തു’ (2009 ജനുവരി പേ. 49).
മറുപടി കൊടുത്തു എന്ന് അൽമനാർ അവകാശപ്പെട്ടാൽ മാത്രം പോരല്ലോ? മറുപടി സ്വീകരിക്കപ്പെടാനുള്ള മാനദണ്ഡം നേരത്തെ എഴുതി തയ്യാറാക്കിയിട്ടുണ്ട്. അതിങ്ങനെ: ‘വാദപ്രതിവാദത്തിൽ സ്വീകരിക്കുന്ന തെളിവുകൾ: 1. വിശുദ്ധ ഖുർആൻ 2. സ്വഹീഹായ ഹദീസ് 3. സ്ഥിരപ്പെട്ട ഇജ്മാഅ് 4. വ്യക്തമായ ഖിയാസ്’ (അൽഇസ്ലാഹ് 2001 ആഗസ്ത് പേ. 26).
ഇവയിൽ നിന്ന് ഏതു പ്രാമാണമാണ് തെളിവിനായി മൗലവി ഉദ്ധരിച്ചത്? അതില്ല. എന്നിട്ടും അവരെഴുതി വെളുപ്പിക്കാൻ ശ്രമിച്ചതിങ്ങനെ: ‘ഇങ്ങനെ കൃത്യമായ മറുപടി കൊടുത്തിട്ടും നാടുനീളെ ഇവർ പിന്നീട് പ്രസംഗിച്ച് നടന്നത് മുജാഹിദുകൾക്ക് ശിർക്കിന്റെ നിർവചനം പറയാൻ കഴിഞ്ഞില്ല എന്നായിരുന്നു’ (അൽമനാർ 2009 ജനുവരി പേ. 49). സംവാദത്തിൽ കൃത്യമായ ഉത്തരമില്ലാതെ പിന്നീട് കണ്ണീരൊഴുക്കിയിട്ടെന്തു പ്രയോജനം?
യഥാർത്ഥത്തിൽ ഈ മറുപടി തന്നെ അവരുടെ പരാജയമായിരുന്നു. അവരുടെ സംവാദ നായകരിലൊരാളായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മൗലവിയെ ഉദ്ധരിക്കാം: ‘എപി അബ്ദുൽ ഖാദർ മൗലവിയായിരുന്നു തലേദിവസം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത്. ശിർക്കിന്റെ നിർവചനം എന്താണെന്നായിരുന്നു കാന്തപുരത്തിന്റെ പ്രധാന ചോദ്യം. എപി അബ്ദുൽ ഖാദർ മൗലവി അതിന് കിതാബുകൾ നൽകിയ നിർവചനങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അതൊന്നും എടുത്തുപറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. നിർവചങ്ങൾ പഠിപ്പിക്കാനല്ല റസൂൽ വന്നത് എന്നു പറയാമായിരുന്നു’ (മുജാഹിദ് സംസ്ഥാന സമ്മേളനം വയനാട്, സുവനീർ പേ. 163). എന്തൊരു ദയനീയമാണെന്നു നോക്കൂ! കോടതി പിരിഞ്ഞ ശേഷം വക്കീൽ ന്യായവാദം നടത്തുകയാണ്!! ഇപ്പുറത്ത് കാന്തപുരം ഉസ്താദാണെന്ന് ആദ്യമേ ഓർക്കേണ്ടേ?
മുജാഹിദ് പരാജയത്തിന്റെ കാരണം മുജാഹിദ് നേതാവ് അബ്ദുസ്സലാം സുല്ലമിയുടെ വീഡിയോ ഇന്റർവ്യൂവിൽ വെളിപ്പെടുത്തുന്നതിങ്ങനെ: ‘ശിർക്കിന്റെ നിർവചനം ചോദിച്ചപ്പോൾ കുറെ ഖുർആനിന്റെ ആയത്തുകളോതി അങ്ങോട്ട് പ്രസംഗിച്ചാൽ മതിയായിരുന്നു. ഇതൊക്കെ ശിർക്കാണെന്നാണ് അല്ലാഹു പറഞ്ഞത്. നിർവചനം പറയുന്ന സ്വഭാവം ഖുർആനിലില്ല എന്ന് പറഞ്ഞാൽ മതിയായിരുന്നു…. പണ്ഡിതോചിതമായി സമർത്ഥിക്കാൻ സാധിച്ചില്ല…. ആ സംവാദത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ, അല്ലെങ്കിൽ അത് സമർത്ഥമായി അവിടെ അവതരിപ്പിക്കുന്നതിൽ മുജാഹിദ് പണ്ഡിതനായ എപി അബ്ദുൽ ഖാദിർ മൗലവിക്ക് ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്.’
മുജാഹിദ് വീഴ്ചകൾ പലവിധം
കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് ആശയത്തിൽ മാത്രമല്ല അവതരണങ്ങളിലും അടിസ്ഥാനപരമായ വീഴ്ചകൾ ധാരാളം പറ്റിയിട്ടുണ്ട്. സുന്നികളുമായി വ്യവസ്ഥയുണ്ടാക്കിയ സമയത്ത് കൈമാറിയ വിഷയാവതരണക്കാരുടെ ലിസ്റ്റിലില്ലാത്തവരെ തിരുകിക്കയറ്റിയിട്ടെങ്കിലും സുന്നികൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാനും ആസന്നമായ പരാജയം ഒഴിവാക്കാനും മുജാഹിദ് പക്ഷം ശ്രമിച്ചുനോക്കി. അങ്ങനെയാണ് ചെറിയമുണ്ടം മൗലവിയെ അവതരിപ്പിക്കുന്നത്. അവർ തന്നെ എഴുതി:
‘പത്തു പണ്ഡിതന്മാരുൾപ്പെടെ ഇരുപത്തഞ്ചിൽ കവിയാത്ത ആളുകൾക്ക് ഓരോ വിഭാഗത്തിൽ നിന്നും സ്റ്റേജിലിരിക്കാമെന്നും തീരുമാനിച്ചു. പണ്ഡിതന്മാരുടെയും നൂറു വീതം വളണ്ടിയർമാരുടെയും പേരുകൾ പരസ്പരം കൈമാറേണ്ടതാണ്’ (അൽഇസ്ലാഹ് 2001 ഓഗസ്റ്റ്). ഈ വ്യവസ്ഥയനുസരിച്ച് കൈമാറിയ ലിസ്റ്റിൽ ചെറിയമുണ്ടം മൗലവിയുടെ പേരില്ല. എന്നിട്ടും അദ്ദേഹം വ്യവസ്ഥ ലംഘിച്ച് സംവാദ സ്റ്റേജിൽ കയറി പിഴച്ച ആദർശം വെളുപ്പിച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിച്ചു. അങ്ങനെ പരാജയം ഇരന്നു വാങ്ങി. മൗലവി തന്നെ പിന്നീട് വെളിപ്പെടുത്തി: ‘വാദപ്രതിവാദത്തിനുള്ള ടീമിൽ ഞാനുണ്ടായിരുന്നില്ല. യാദൃച്ഛികമായിരുന്നു എന്റെ പ്രവേശനമെന്നു പറയാം (വയനാട് സമ്മേള സുവനീർ പേ. 163).
അദ്ദേഹം തുടരുന്നു: ‘അന്ന് ആദ്യ ദിവസം ഞാൻ പോയത് കേൾവിക്കാരനായി മാത്രമായിരുന്നു. അവിടെ വയലിലിരുന്ന് സംവാദം കേട്ടു. അന്ന് താമസിക്കാൻ ഞങ്ങളെല്ലാവരും മദീനത്തുൽ ഉലൂമിൽ പോയി. അവിടെ വെച്ച് പ്രഭാഷകരും പണ്ഡിതന്മാരുമെല്ലാം ചർച്ചകൾ നടത്തിയിരുന്നു. അതിൽ ഞാൻ ചില അഭിപ്രായങ്ങളൊക്കെ പറഞ്ഞു. അതോടെ എല്ലാവരും ഞാനും സംവാദത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞു. പിറ്റേന്ന് സിപി ഉമർ സുല്ലമി വിഷയവതരിപ്പിച്ചു. നമ്മുടെ ഭാഗത്ത് നിന്ന് ഞാൻ കാന്തപുരം മുസ്ലിയാരോട് ചോദ്യങ്ങൾ ചോദിച്ചു (വയനാട് സമ്മേള സുവനീർ, പേ. 163).
പരാജയമെന്നു പറഞ്ഞാൽ പോരാ, തോൽവിയുടെ അങ്ങേയറ്റമാണ് മൗലവി തുറന്ന് സമ്മതിക്കുന്നത്. പണ്ഡിതന്മാരുൾപ്പെടെ 25 പേർ സ്റ്റേജിലുണ്ടായിരിക്കെ സംവാദ ചിത്രത്തിലേ ഇല്ലാത്ത ഒരാളെ അന്തിച്ചർച്ചയിൽ ഒരഭിപ്രായം പറഞ്ഞതിന്റെ പേരിൽ ‘തമ്മിൽ ഭേദം തൊമ്മൻ’ എന്ന നിലക്ക് ഉന്തി സ്റ്റേജിൽ കയറ്റിയിട്ടുണ്ടെങ്കിൽ കാന്തപുരം ഉസ്താദിന്റെ ജ്ഞാന സമൃദ്ധിക്കു മുന്നിൽ മുങ്ങിത്താണ മൗലവിമാർ ഒരു കച്ചിത്തുരുമ്പിന് വേണ്ടി എത്രത്തോളം ദാഹിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. വ്യവസ്ഥ പൊളിച്ച് ചെറിയമുണ്ടത്തെ നൂലിൽ കെട്ടിയിറക്കിയിട്ടും അർഹമായ പരാജയത്തിൽ നിന്ന് വഹാബികൾ രക്ഷപ്പെട്ടില്ല. ‘വയലിൽ’ കിടന്ന അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയിട്ടെന്തു കാര്യം? സംവാദകരുടെ പിഴ മാത്രമല്ല, വാദങ്ങളുടെ ആദർശ ശൂന്യതമാണല്ലോ കാതലായ പ്രശ്നം. മച്ചിയെ തൊഴുത്ത് മാറ്റിക്കെട്ടിയാൽ പ്രസവിക്കില്ലെന്നാണല്ലോ ചൊല്ല്! എന്നിട്ടെന്തുണ്ടായി? ഉള്ള ചോറും ചക്കയിലൊട്ടി എന്ന മട്ടിലായി. ആ കഥ സലാം സുല്ലമി പറയും: ‘ചെറിയമുണ്ടമാണെങ്കിൽ ഈ രംഗത്ത് അത്ര പ്രശോഭിച്ചിട്ടില്ല. അദ്ദേഹമാണെങ്കിൽ ഞങ്ങൾ പുളിക്കലിൽ ചർച്ച ചെയ്യുന്ന സമയത്തൊന്നും ഒരു നിമിഷനേരം പോലും ഇതിലില്ല. അദ്ദേഹം ക്ലാസ് കഴിഞ്ഞ് വരുന്ന സമയത്ത് അങ്ങോട്ട് കയറുകയാണ് വാദ പ്രതിവാദത്തിന്. വാദപ്രതിവാദത്തെ അങ്ങനെ കണ്ടാൽ മതിയോ? കിതാബുകൾ എന്തിന് എടുത്തുവെച്ചതാണെന്ന് അറിയില്ല. അതാണ് ഇബ്നു ജരീർ എടുത്ത് വായിച്ചിട്ട് മരമാണ്, മറ്റതാണ്, കല്ലാണ് എന്നൊക്കെ പറഞ്ഞ് വഷളാക്കിയത്. അന്ന് നമ്മൾ വാദിച്ചിരുന്നത് എന്താണെന്നറിയാമോ? ഇബ്നു ജരീർ അവിടെ വെച്ചിരുന്നത് ദുആഇന് അവിടെ ഇസ്തിഗാസ എന്ന് അർത്ഥമില്ല എന്ന് പറയുകയാണെങ്കിൽ ആ സന്ദർഭത്തിൽ വായിക്കാൻ വേണ്ടി എടുത്ത് വെച്ചതാണ്.
പക്ഷേ ഇതുമായി ബന്ധമില്ലാത്ത ആൾക്ക് അത് എന്തിന് വേണ്ടി എടുത്ത് വെച്ചതാണെന്നുപോലും അറിയില്ലല്ലോ? അങ്ങനെ കുറെ ന്യൂനതയുണ്ട്. നമ്മൾ സ്റ്റഡി ചെയ്തിട്ടില്ല. ശതുവിനെ പറ്റെ നമ്മൾ നിസ്സാരമാക്കി. വാദപ്രതിവാദത്തിൽ നമ്മൾ തോറ്റത് കൊട്ടപ്പുറത്ത് മാത്രമാണ് (സുല്ലമിയുടെ വീഡിയോ അഭിമുഖം).
എന്നാൽ ചെറിയമുണ്ടത്തെ പരാജയ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് എപി അബ്ദുൽ ഖാദിർ മൗലവി ശ്രമിച്ചുപോന്നത്. അദ്ദേഹം മൗലവിയെ ഇങ്ങനെ വിശേഷിപ്പിച്ചു: ‘കൊട്ടപ്പുറം ഹീറോ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മൗലവി’ (അൽഇസ്ലാഹ് ഫെബ്രുവരി 2001, പേ. 10).
പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ ചുമലിൽ മാത്രമായി ഒതുങ്ങാതെ പങ്കിട്ടെടുക്കാൻ ‘പാടത്തുനിന്നും കയറിവന്നയാൾ’ എന്ന കടപ്പാട് അദ്ദേഹം പുലർത്താതെ വയ്യല്ലോ. ഹീറോയുടെ അവസ്ഥ തന്നെ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരുടെ ദുരവസ്ഥ ആലോചിച്ചു നോക്കൂ.
ജയിച്ചെന്നു വരുത്താൻ
കളവും ആയുധം
‘വാദപ്രതിവാദങ്ങളിലൂടെ’ എന്ന കെഎൻഎം പുറത്തിറക്കിയ പുസ്തകത്തിൽ കൊട്ടപ്പുറം സംവാദത്തിലെ പ്രധാന ചോദ്യം എന്ന ഉപശീർഷകത്തിന് താഴെ പച്ചക്കളവെഴുതി രക്ഷപ്പെടാനുള്ള ശ്രമം പിൽക്കാലത്ത് മുജാഹിദുകൾ നടത്തി. ‘മരിച്ചവരോട് സഹായം തേടുന്നത് ശിർക്കാണ് എന്ന് ഞങ്ങൾ വാദിക്കുമ്പോൾ മറുപക്ഷം അത് അനുവദനീയമാണെന്നാണ് പറയുന്നത്. അനുവദനീയം എന്നതിന്റെ ഉദ്ദേശ്യം അത് ചെയ്താൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുന്നത് എന്നാണോ? ചെയ്താലും ചെയ്തില്ലെങ്കിലും സമം പ്രതിഫലമില്ലാത്ത ഒരു വെറുംപണി എന്നാണോ മുസ്ലിയാർ ഉദ്ദേശിച്ചത് എന്ന എപിയുടെ ചോദ്യം കൊട്ടപ്പുറം സംവാദത്തിലെ പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു. ചോദ്യം പല തവണ ആവർത്തിച്ചിട്ടും അതിന് പുണ്യമുണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കാതെ ശിർക്കല്ലാത്തത്, ഹറാമല്ലാത്തത് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മുസ്ലിയാർ’ (പേ. 211). ഇങ്ങനെയൊക്കെ ചരിത്രം നിർമിക്കാൻ കണ്ടാമൃഗത്തെ വെല്ലുന്ന തൊലിക്കട്ടി വേണം.
ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞ മറുപടി അവർ തന്നെ അൽമനാറിൽ എഴുതിയിട്ടുണ്ട്. വ്യാജ ചരിത്ര നിർമിതിക്കു മുമ്പ് മൗലവിക്ക് അതെങ്കിലും ഒരാവർത്തി വായിക്കാമായിരുന്നു. അതിങ്ങനെ: ‘ഓ, അപ്പോൾ ശിർക്കല്ലാന്ന് സമ്മതിച്ചോ? ആ കാര്യം ആദ്യം പറയൂ. എന്നിട്ട് പുണ്യമാണോ അല്ലേ എന്ന് നമുക്കു ചർച്ച ചെയ്യാം. ആദ്യം ചോദിച്ചത് അനുവദനീയം എന്നതിന്റെ വിവക്ഷയാണ്. വിവക്ഷ ഞാൻ പറഞ്ഞു. അത് അംഗീകരിച്ചോ? എങ്കിൽ അടുത്ത ചോദ്യത്തിൽ അതൊന്നു പറഞ്ഞേക്കണം. ശിർക്കല്ല എന്നംഗീകരിച്ചിരിക്കുന്നു. എന്നാൽ പുണ്യമാണോ അല്ലേ എന്ന് നമുക്ക് സംസാരിക്കാം. നിങ്ങൾ ശിർക്കാണെന്നു വാദിച്ചു, അതിന്നെതിരിൽ അനുവദനീയമാണെന്ന് പറഞ്ഞതിന്റെ അർത്ഥം ശിർക്കല്ലെന്നാണ്’ (അൽമനാർ 2009 ജനുവരി, പേ. 55).
എത്ര കൃത്യമാണ് ഉസ്താദിന്റെ മറുപടി. ശിർക്കല്ലാത്തത്, ഹറാമല്ലാത്തത് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു കാന്തപുരം ഉസ്താദെന്ന് എഴുതിപ്പിടിപ്പിച്ച് സംവാദം ജയിച്ചെന്നു വരുത്താനാണ് വഹാബികളുടെ പാഴ്ശ്രമം. അതുകൊണ്ട് മാത്രം വിജയിച്ച പ്രതീതി സൃഷ്ടിക്കാമെന്നത് കൊട്ടപ്പുറം ഷോക്കിൽ നിന്ന് ഇപ്പോഴും മോചിതരല്ലെന്നതിന്റെ ഒന്നാന്തരം തെളിവാണ്.
ഇവരുടെ മറ്റൊരു കബളിപ്പിക്കലാണ് തഫ്സീർ പറഞ്ഞില്ല എന്നത്: ‘കുപ്രസിദ്ധമായ ദുർവ്യാഖ്യാനത്തിന് നാൽപതാണ്ട് – കാന്തപുരം മുസ്ലിയാർ മറുപടി പറയുമോ?’ എന്ന തലവാചകത്തോടെ ഇസ്തിഗാസക്ക് തെളിവായി ഉസ്താദ് ഉദ്ധരിച്ച പരിശുദ്ധ ഖുർആനിലെ സൂറത്തു സുഖ്റുഫിലെ 45ാം ആയത്തിന്റെ ആശയ വിവർത്തനം അൽഇസ്ലാഹ് മാസിക ഉദ്ധരിക്കുന്നു: ‘താങ്കൾക്ക് മുൻപ് നാം നിയോഗിച്ചയച്ച റസൂലുകളോട് താങ്കൾ ചോദിക്കുക; റഹ്മാനായവന് പുറമെ ആരാധിക്കപ്പെടേണ്ട മറ്റു വല്ല ഇലാഹുകളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്’ (2022 സെപ്തംബർ പേ. 5).
ഇത് ഉദ്ധരിച്ചുകൊണ്ട് മൗലവി ചോദിക്കുന്നു: ‘കാന്തപുരം നൽകിയതു പോലുള്ള വ്യാഖ്യാനം അഹ്ലുസ്സുന്നത്തിന്റെ പ്രഗത്ഭരായ മുഫസ്സിറുകളിൽ ആരെങ്കിലും ഈ ആയത്തിന് നൽകിയിട്ടുണ്ടോ? …കാന്തപുരം മുസ്ലിയാർ ഈ ദുർവ്യാഖ്യാനം നടത്തിയിട്ട് നാൽപത് വർഷം തികയുന്നു. മരിക്കുന്നതിന് മുൻപ് മേൽപറഞ്ഞ ചോദ്യങ്ങൾക്ക് മറുപടി പറയുമോ?’ (അൽ ഇസ്ലാഹ് 2022 സെപ്തംബർ പേ. 8).
തെളിവായി തഫ്സീർ ഉദ്ധരിച്ചാൽ ഇവർ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. കാരണം, ഖുർആനാണ് വ്യവസ്ഥയിൽ പറഞ്ഞ ഒരു പ്രമാണം. അത് ഉസ്താദ് ഉദ്ധരിക്കുകയും ചെയ്തു. അത് കുറിക്കുകൊണ്ടപ്പോൾ പിന്നെ തഫ്സീർ ചോദിക്കുകയാണ്. അതംഗീകരിക്കാനല്ല; വെറും പുകമറ സൃഷ്ടിക്കാൻ മാത്രം.
തഫ്സീറുകളെ പറ്റിയുള്ള മുജാഹിദുകളുടെ തീരുമാനം അവർ തുറന്നെഴുതിയത് ഈ സന്ദർഭത്തിൽ വിലയിരുത്തേണ്ടതുണ്ട്. അവരെഴുതി: ‘തഫ്സീറുകൾ എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ ഖുർആനിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങൾ ഒരിക്കലും ഇസ്ലാമിന്റെ പ്രമാണ ഗ്രന്ഥങ്ങളല്ല. ഇവക്കു രൂപം നൽകുന്നത് തെറ്റിൽ നിന്നും പരിപൂർണമായി സുരക്ഷിതനായ മുഹമ്മദ് നബി(സ) അല്ല. പ്രത്യുത, തെറ്റ് സംഭവിക്കാൻ സാധ്യതയുള്ള പണ്ഡിതൻമാരാണ്. ഇസ്ലാം പണ്ഡിതന്മാർക്ക് ക്രിസ്ത്യാനികൾ സങ്കൽപ്പിക്കുന്നതുപോലെ അപ്രമാദിത്വം കൽപ്പിക്കുന്നില്ല… മുജാഹിദുകൾ തഫ്സീറുകൾ ഉദ്ധരിക്കുന്നത് അവ അന്തിമ തീരുമാനം എന്ന നിലക്കല്ല. പ്രത്യുത, മുജാഹിദുകൾ സ്വയം ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന മുസ്ലിയാക്കരുടെ വിമർശനത്തെ പ്രതിരോധിക്കുവാൻ വേണ്ടിയാണ്. നൂതന വാദം അവതരിപ്പിക്കുകയാണെന്ന ജൽപനത്തെ തകർക്കുവാനും എതിരാളികൾക്ക് തഫ്സീറുകൾ സ്വീകാര്യമായതിനാൽ നിങ്ങൾ അംഗീകരിക്കുന്ന തഫ്സീറുകളിൽ തന്നെ നിങ്ങൾക്ക് എതിർരേഖയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ്’ (അൽഇസ്ലാഹ് 2001 ഫെബ്രുവരി, പേ. 11).
തഫ്സീറുകൾ മുജാഹിദുകൾക്ക് തെളിവല്ലെന്നും എതിരാളികൾക്ക് സ്വീകാര്യമായതിനാൽ മാത്രമാണ് തങ്ങൾ തഫ്സീറുദ്ധരിക്കുന്നതെന്നും അതിലുള്ള തെളിവുകൾ ഞങ്ങൾ സ്വീകരിക്കാൻ പോകുന്നില്ലെന്നും ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ചവർ സംവാദത്തിൽ ഉസ്താദ് തഫ്സീറുദ്ധരിച്ചാൽ അംഗീകരിക്കുന്നതെങ്ങനെയാണ്?
കൊട്ടപ്പുറം സംവാദ വിജയം അവകാശപ്പെടാൻ ശ്രമിക്കുന്ന മുജാഹിദ് പ്രസ്ഥാനക്കാരോടെല്ലാം സലാം സുല്ലമി പണ്ടേ പറഞ്ഞതിതാണ്: ‘മുജാഹിദുകൾക്ക് അത്ര വിജയമൊന്നും ഉണ്ടായിട്ടില്ല… സുന്നി വിഭാഗത്തിന് നേതൃത്വം കൊടുത്ത കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംവാദത്തിൽ തിളങ്ങിയിട്ടുണ്ട്. അത് യാഥാർത്ഥ്യമാണ്. അത് നമ്മൾ മറച്ച് വെച്ചിട്ട് കാര്യമില്ല. ഞാൻ പൂർണമായും സംവാദത്തിൽ പങ്കെടുത്ത ആളാണ്.’ വഹാബിസത്തിന്റെ ആദർശ വിരുദ്ധത പൊതുസമൂഹത്തിന് ഏറെ ആഴത്തിൽ ബോധ്യപ്പെട്ട കൊട്ടപ്പുറം സംവാദത്തിന് നാൽപതാണ്ട് തികയുമ്പോൾ സ്വന്തം നേതാവിന്റെ ഈ കുമ്പസാരം വ്യാജ അവകാശവാദങ്ങളുമായി ഇപ്പോൾ രംഗത്തെത്തിയ, അന്തസ്സാര ശൂന്യതകൊണ്ട് പരസ്പരം ശിർക്ക്/കുഫ്ർവൽകരണക്കളി നടത്തുന്ന മുജാഹിദ് അണികൾക്ക് തിരിച്ചറിവു നൽകേണ്ടതാണ്.
റഊഫ് പുളിയംപറമ്പ്