പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ നടപടികൾ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ കുറിച്ച് ഒരിക്കൽ കൂടി ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. കോടതിവിധികളെയും ന്യായാധിപരെയും അതിരുകടന്ന് വിമർശിക്കുമ്പോൾ കോടതിയലക്ഷ്യത്തിന്റെ വടിയെടുക്കാതെ വയ്യെന്നാണ് പ്രശാന്ത് ഭൂഷണിനെതിരായ കുറ്റവിചാരണയെ പിന്തുണക്കുന്നവർ വാദിക്കുന്നത്. നിയമനിർമാണ സഭയെയും നിയമനിർവഹണ വിഭാഗത്തെയും വിമർശിക്കും പോലെ നീതിന്യായ വിഭാഗത്തെ വിമർശിച്ചു കൂടാ. അതിന്റെ പ്രതിച്ഛായ ഇടിഞ്ഞു കൂടാ. അതിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിക്കൂടാ. കാരണം അത് ജനങ്ങളുടെ അവസാന ആശ്രയമാണ് എന്നൊക്കെ ഇവർ വാദിക്കുന്നു. കോടതികൾ നീതിപൂർവമല്ല പ്രവർത്തിക്കുന്നത് എന്ന ധ്വനി സ്ഥിരപ്പെട്ടാൽ നിയവാഴ്ച തന്നെ തകർന്ന് പോകും. അരാജകത്വമാകും ആത്യന്തിക ഫലമെന്നും കോടതിയലക്ഷ്യ നടപടികളെ ന്യയീകരിക്കുന്നവർ പറഞ്ഞുവെക്കുന്നു.
എന്നാൽ പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ കോടതിയലക്ഷ്യ ചട്ടങ്ങൾ പരമാവധി മൃദുവായിരിക്കണമെന്ന മറുവാദവും ശക്തമാണ്. കോടതികൾ വിശ്വാസ്യത ആർജിക്കേണ്ടത് വിമർശകരുടെ വായടപ്പിച്ചുകൊണ്ടല്ല, നീതി ഉയർത്തിപ്പിടിക്കുന്ന വിധികളിലൂടെയും ധീരമായ നീതിന്യായ ഇടപെടലുകളിലൂടെയും ആയിരിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വസ്തുതകളുടെ പിൻബലമില്ലാത്ത തീർപ്പുകൾ കോടതികളിൽ നിന്ന് നിരന്തരം പുറപ്പെടുമ്പോൾ ശക്തമായ വിമർശനമുയരുമെന്നത് സ്വാഭാവികമാണ്. അത്തരം എതിർസ്വരങ്ങൾ ജനാധിപത്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. പോലീസിന്റെ അനാസ്ഥയും പക്ഷപാതിത്വവും ഒരു ഭാഗത്ത്. ന്യായാധിപരുടെ ജുഡീഷ്യൽ മനഃസാക്ഷി നീതിയേക്കാൾ മറ്റ് ഘടകങ്ങൾക്ക് വശംവദരാകുന്ന സ്ഥിതിവിശേഷം മറുഭാഗത്ത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന സൂക്ഷ്മതയുടെ പുറത്ത് മാതൃകാപരമായ ശിക്ഷ മരീചികയായി മാറുന്നു. പണവും സ്വാധീനവുമുണ്ടെങ്കിൽ ഏത് കേസും അട്ടിമറിക്കാമെന്ന ഗതി വരുന്നു. അപ്പോൾ ജനങ്ങൾ എന്തുചെയ്യും? അവർ ഈ വ്യവസ്ഥയുടെ വശം ചെരിവിനെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കും. അപ്പോൾ വാക്കുകൾ കടുത്തുപോകും. പ്രശാന്ത് ഭൂഷൺ ചെയ്തിരിക്കുന്നത് ഈ വിളിച്ചുപറയലാണ്.
എന്താണ് അദ്ദേഹത്തിനെതിരായ കേസിന്റെ ആധാരം? രണ്ട് ട്വീറ്റുകളാണ് പ്രശ്നം. ഒന്നാമത്തേത് ഇങ്ങനെയാണ്: കഴിഞ്ഞ ആറ് വർഷങ്ങളിൽ ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ തകർക്കപ്പെട്ടെന്ന് വിലയിരുത്തുമ്പോൾ ഭാവിയിലെ ചരിത്രകാരൻമാർ സുപ്രീം കോടതിയുടെയും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് പ്രത്യേകം രേഖപ്പെടുത്തും. (ജൂൺ 27). രണ്ടാമത്തെ ട്വീറ്റ്: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് നാഗ്പൂർ രാജ്ഭവനിൽ ബിജെപി നേതാവിന്റെ അമ്പത് ലക്ഷം വില വരുന്ന ആഡംബര ബൈക്ക് ഹെൽമറ്റില്ലാതെ ഓടിക്കുന്നു. സുപ്രീം കോടതി ലോക്ഡൗണിലാണ്. സാധാരണ പൗരന്റെ നീതി ലഭിക്കാനുള്ള മൗലികാവകാശം നിഷേധിക്കപ്പെടുന്നു. (ജൂൺ 29).
1971-ലെ കോടതിയലക്ഷ്യ നിയമത്തിന്റെ പിൻബലത്തിലാണ് കണ്ടംപ്റ്റ് നടപടികൾ കോടതികൾ കൈകൊള്ളുന്നത്. അതുപ്രകാരം ആറ് മാസം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഭൂഷൺ ചെയ്തിരിക്കുന്നതെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു. എന്നാൽ 2006-ലെ ഭേദഗതി പ്രകാരം, കോടതിക്ക് അപകീർത്തിയുണ്ടായി എന്ന് പറയുന്ന പരാമർശത്തെ വസ്തുതകൾ നിരത്തി ന്യായീകരിക്കാൻ കുറ്റാരോപിതന് അവസരമുണ്ട്. വിമർശനം വിധിയെയല്ല ന്യായാധിപനെ തന്നെയായാലും പറഞ്ഞത് വസ്തുതയാണെന്ന് തെളിയിച്ചാൽ കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാകാവുന്നതാണ്. ഇവിടെ കഴിഞ്ഞ ആറ് വർഷക്കാലത്തിനിടെ വന്ന നിരവധി വിധികൾ എടുത്തുയർത്തി തന്റെ ഭാഗം ന്യായീകരിക്കാൻ പ്രശാന്ത് ഭൂഷണ് സാധിക്കും. ആഡംബര ബൈക്കിൽ ചീഫ് ജസ്റ്റിസ് ഇരിക്കുന്ന ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞതാണ്. അദ്ദേഹം മുഖാവരണവും ഹെൽമറ്റും ധരിച്ചിരുന്നില്ല. ഇക്കാലയളവിൽ കൊവിഡ് ഭീതി മൂലം കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടുവെന്നതും വസ്തുതയാണ്. ഈ വസ്തുതകൾ കണക്കിലെടുത്ത് പ്രശാന്തിനോട് ക്ഷമിക്കാവുന്നതേയുള്ളൂ. എന്നിട്ടും സുപ്രീം കോടതി മുന്നോട്ട് പോകുന്നുവെങ്കിൽ പക്വതയുടെ അതിർത്തി വിട്ട് വൈകാരികതയുടെ കാട്ടിൽ ന്യായാധിപർ എത്തിയെന്നേ കരുതാനാകൂ. ആ വൈകാരികതയുടെ അടിസ്ഥാന കാരണം കടുത്ത വിശ്വാസ്യതാ നഷ്ടമാണെന്നും വ്യക്തമാണ്.
നിയമ വ്യവസ്ഥയുടെ ആദ്യ ഭാഗം പോലീസാണല്ലോ. ഒരേസമയം അന്വേഷണ ഏജൻസിയും നീതിനിർവഹണ ഏജൻസിയുമായ പോലീസ് സംവിധാനം അനീതിയുടെ പ്രഭവകേന്ദ്രമാകുന്നതിന് എമ്പാടും ഉദാഹരണങ്ങൾ നമുക്ക് സമീപ കാലത്ത് കണ്ടെടുക്കാനാകും. പാലത്തായി ലൈംഗിക പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം ലഭിക്കാൻ ഇടയാക്കിയ അന്വേഷണ ഉദ്യോഗസ്ഥരുടെ കളികൾ പിണറായി സർക്കാറിന്റെയും പോലീസ് വകുപ്പിന്റെയും വിശ്വാസ്യത തകർത്തെറിയുന്നതായിരുന്നുവല്ലോ. കേസിന്റെ തുടക്കം മുതൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയുള്ള ഓരോ നടപടിയിലും പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് പോലീസ് നടത്തിയത്. മാർച്ച് 17-ന് കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതി നാട്ടിലുണ്ടായിരിക്കെ തന്നെ ഒരു മാസത്തോളം അറസ്റ്റ് ചെയ്യാതെ നീട്ടിക്കൊണ്ടുപോയി. പിന്നീട് കുറ്റപത്ര സമർപ്പണം നീട്ടിക്കൊണ്ടുപോയി. പ്രതി അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ വിചാരണക്കോടതിയിൽ നിന്ന് തന്നെ പ്രതിക്ക് ജാമ്യം ലഭിക്കുമെന്ന് പോലീസിന് അറിയാഞ്ഞിട്ടല്ല. ഇതിനെതിരെയും പ്രതിഷേധമുയർന്നതോടെയാണ് കാലാവധി തീരുന്നതിന്റെ ഒരു ദിവസം മുമ്പ് കുറ്റപത്രം സമർപ്പിച്ചത്. എങ്കിലും പോക്സോ വകുപ്പുകൾ ഒഴിവാക്കി ചെറിയ തടവുശിക്ഷ ലഭിക്കാവുന്ന താരതമ്യേന നിസ്സാര വകുപ്പുകളാണ് അതിൽ ഉൾക്കൊള്ളിച്ചത്. കുട്ടിയെ പ്രതി ശാരീരികമായി ഉപദ്രവിച്ചെന്നു മാത്രമേ കുറ്റപത്രത്തിൽ പറയുന്നുള്ളൂ. മൊഴികളും ശാസ്ത്രീയ തെളിവുകളും എമ്പാടുമുണ്ടായിട്ടും എന്തുകൊണ്ടാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് പോക്സോ വകുപ്പ് ഒഴിവായത്?
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി 2012-ൽ കൊണ്ടുവന്നതാണ് പോക്സോ നിയമം. വീടുകളിലും വിദ്യാലയങ്ങളിലുമുൾപ്പെടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ അപര്യാപ്തമാണെന്നു കണ്ട് കൂടുതൽ ശക്തമായ വകുപ്പുകൾ ചേർത്താണ് പോക്സോ വകുപ്പ് തയ്യാറാക്കിയത്. ലൈംഗിക ആക്രമണത്തിന് ഏഴ് വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ തടവുശിക്ഷയും പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണ്. 2012-ൽ നിമയം നിലവിൽവന്ന ശേഷം കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 20 ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഇരകളെ ഭീഷണിപ്പെടുത്തിയും സാക്ഷികളെ വശത്താക്കിയും കേസുകൾ അട്ടിമറിക്കപ്പെടുകയാണ് മിക്ക സംഭവങ്ങളിലും.
കെഎം ബഷീറിന്റെ ഒന്നാം ഓർമദിനം ഈ അടുത്താണല്ലോ കടന്നുപോയത്. അദ്ദേഹത്തിന്റെ ഘാതകനെ ഈ നിയമവ്യവസ്ഥ എങ്ങനെയാണ് കൈകാര്യം ചെയ്തത്? അർധരാത്രി മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ചു നിരപരാധിയായ മനുഷ്യനെ നിഷ്കരുണം കൊല്ലുക, രക്തപരിശോധനക്കു വിസമ്മതിക്കുക, സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടും അധികൃത കേന്ദ്രങ്ങളെ കബളിപ്പിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശനം നേടുക, കുറ്റം കൂടെയുണ്ടായിരുന്ന യുവതിയുടെ മേൽ കെട്ടിവെക്കുക, മറവിരോഗം അഭിനയിക്കുക തുടങ്ങി കേസിൽ നിന്ന് രക്ഷപ്പെടാൻ എല്ലാ അധാർമിക കളികളും പയറ്റിയ ഒന്നാം തരമൊരു ക്രിമിനലാണ് ശ്രീറാം വെങ്കട്ടരാമൻ. പ്രതി തെളിവുകൾ നശിപ്പിക്കാൻതക്ക സ്വാധീനമുള്ളയാളായിട്ടും അയാൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചു. സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധന വൈകിപ്പിച്ചു. കൃത്യമായി മൊഴിയെടുത്തില്ല. സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി തെളിവ് നശിപ്പിക്കാനുള്ള അവസരമുണ്ടാക്കി. പോലീസ് നടത്തിയ ഒത്തുകളിക്ക് എത്രയെത്ര തെളിവുകൾ മുന്നിലുണ്ട്. ഈ നിയമവ്യവസ്ഥക്ക് എന്തെങ്കിലും ചെയ്യാനായോ?
ഇനി ഗുജറാത്തിൽ നിന്നുള്ള ഈ ജാമ്യക്കഥ നോക്കൂ. ഗുജറാത്ത് വംശഹത്യാ കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ നല്ലനടപ്പിനു തുറന്നുവിട്ടിരിക്കുകയാണ് സുപ്രീം കോടതി. മധ്യപ്രദേശിലേക്ക് മാറിത്താമസിച്ച് സാമൂഹികവും ആത്മീയവുമായ സേവനങ്ങളിൽ ഏർപ്പെടണമെന്ന വ്യവസ്ഥയോടെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇവർക്കു ജാമ്യം അനുവദിച്ചത്. പ്രതികൾ ആറ് മണിക്കൂർ ദിവസേന സാമൂഹിക സേവനം നടത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ഇൻഡോർ, ജബൽപൂർ ജില്ലാ അധികൃതർക്ക് നിർദേശവും നൽകിയിട്ടുണ്ട്. 2002 ഫെബ്രുവരി 28-ന് മെഹ്സാന ജില്ലയിലെ സർദാർപുര ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 33 മുസ്ലിംകളെ നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തവരാണ് ജാമ്യം നേടി പുറത്തിറങ്ങിയവർ. വീട്ടിലൊളിച്ചിരിക്കുകയായിരുന്ന മുസ്ലിംകളെ അഗ്നിക്കിരയാക്കുകയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന വംശഹത്യയെ കോടതി എത്ര ലാഘവത്തോടെയാണ് കാണുന്നതെന്നതിന് വേറെ തെളിവു വേണോ?
കൊടും കുറ്റവാളികളോടുള്ള പരമോന്നത കോടതിയുടെ ഈ കാരുണ്യം കാണുമ്പോൾ മൂന്ന് പതിറ്റാണ്ടു മുമ്പ് നടന്ന കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ്’ഭട്ടിനെയും, താൻ ചെയ്ത കുറ്റമെന്തെന്നറിയാതെ പതിറ്റാണ്ടുകളായി വിചാരണത്തടവനുഭവിക്കുന്ന അബ്ദുന്നാസിർ മഅ്ദനിയെയും ഓർത്തുപോകും. ആ ഓർമയെ തടയാൻ ഒരു കോടതിയലക്ഷ്യവും തടസ്സമാകില്ല. സഞ്ജീവ് ഭട്ടും മഅ്ദനിയും നിരന്തരം ഭരണകൂട ഭീകരതക്ക് ഇരയാകുമ്പോൾ, പൂർണ ഗർഭിണിയായ കൗസർബിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വയർ കുത്തിപ്പിളർത്തി ഭ്രൂണം പുറത്തെടുത്ത് ത്രിശൂലത്തിൽ ഉയർത്തിപ്പിടിച്ച് ആക്രോശിച്ച ബാബു ബംജ്രംഗിയെ തൊടാൻ നിയമവ്യവസ്ഥക്ക് സാധിച്ചിട്ടില്ല. അയാൾ പുറത്ത് സൈ്വര വിഹാരം നടത്തുന്നു. നരോദ്യപാട്യയിൽ ഹിന്ദുത്വരുടെ യോഗം വിളിച്ചുചേർത്ത് മുസ്ലിംകളെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാക്കളും പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളും സ്വതന്ത്രരാണ്.
ഏതു വ്യക്തിക്കും നിയമത്തിനു മുന്നിലുള്ള തുല്യതയും ഇന്ത്യയെങ്ങും തുല്യമായ നിയമസംരക്ഷണവും രാഷ്ട്രം ഉറപ്പ് വരുത്തണമെന്ന് ഭരണഘടനയുടെ 14-ാം അനുഛേദം വ്യക്തമാക്കുന്നുണ്ടല്ലോ. ബിജെപിക്ക് ആധിപത്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നത്? പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം തകർക്കാൻ ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ നരനായാട്ട് സംബന്ധിച്ച് ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം നോക്കൂ. അക്രമികളെയും കലാപത്തിന് ആഹ്വാനം ചെയ്തവരെയും ഗൂഢാലോചനക്കാരെയുമെല്ലാം ഒഴിവാക്കി. സിഎഎ വിരുദ്ധ സമരക്കാരെയും ജാമിഅ മില്ലിയ്യ വിദ്യാർത്ഥികളെയും ശഹീൻ ബാഗിലെ ആക്ടിവിസ്റ്റുകളെയുമാണ് പ്രതിപ്പട്ടികയിൽ ചേർത്തത്. കലാപത്തിനു പരസ്യമായി ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപിൽ മിശ്ര, വർഗീയ വിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ നടത്തിയ അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവരുടെ പേരുകൾ കുറ്റപത്രത്തിലില്ല. ജാഫറാബാദിൽ മറ്റൊരു ശഹീൻബാഗ് ഉയർന്നുവരാൻ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്ത കപിൽ മിശ്ര, പൗരത്വ നിയമത്തെ എതിർക്കുന്നവർക്ക് മറുപടി നൽകാനായി മൗജ്പൂരിൽ എത്തണമെന്നും അണികളോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചുപോകുന്നത് വരെ സമാധാനം പാലിക്കുമെന്നും അത് കഴിഞ്ഞാൽ പോലീസ് പറയുന്നത് കേൾക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടാകില്ലെന്നുമുള്ള കപിൽ മിശ്രയുടെ വാക്കുകളാണ് അക്രമത്തിന് അണികൾക്ക് പ്രചോദനമേകിയത്. എന്നിട്ടും കപിൽ മിശ്രയെ മാറ്റിനിർത്തി ആം ആദ്മി നേതാവ് താഹിർ ഹുസൈൻ അടക്കമുള്ളവരെ കേന്ദ്രീകരിച്ച് പടച്ചുണ്ടാക്കിയ കള്ളക്കഥകളിലൂടെ മുസ്ലിംകൾ നടത്തിയ കലാപമാണെന്നു വരുത്തിത്തീർക്കുകയായിരുന്നു പോലീസും കേന്ദ്ര-സംസ്ഥാന സർക്കാറുകളും.
ബാബരി മസ്ദിജ് കേസിലെ വിധി ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ എങ്ങനെയാണ് ഭൂരിപക്ഷ യുക്തിക്ക് കീഴ്പ്പെടുന്നത് എന്നതിന് എക്കാലത്തേക്കുമുള്ള ടെക്സ്റ്റ് ബുക്കായിരിക്കും ഈ വിധി. പള്ളി നിന്നിടത്താണ് രാമജൻമം നടന്നത് എന്നതിന് വസ്തുതയുടെ പിൻബലമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ഒരു ക്ഷേത്രം തന്നെയാണോ ഉണ്ടായിരുന്നത് എന്നതും തെളിയിക്കപ്പെട്ടിട്ടില്ല. 1949-ൽ അവിടെ വിഗ്രഹം കൊണ്ടുവെച്ചത് തെറ്റാണ്. 1992-ൽ പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണ്. അവർ വിചാരണ നേരിടണം. ഇതെല്ലാം പറയുന്ന കോടതിക്ക് എങ്ങനെയാണ് ക്ഷേത്രം അകത്തും പള്ളി പുറത്തുമാക്കാൻ സാധിച്ചത്? ഹിന്ദുത്വവാദികൾക്ക് എക്കാലവും ആഘോഷിക്കാൻ വിജയം സമ്മാനിച്ച കോടതി ഭാവിയിൽ വരാനിരിക്കുന്ന മസ്ജിദ് ധ്വംസനങ്ങൾക്ക് നിയമപരമായ സമ്മതം നൽകുകയാണ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിൽ കാണിക്കുന്ന സൂക്ഷ്മതയും തിടുക്കമില്ലായ്മയും റാഫേൽ കേസിലും നോട്ട് നിരോധനത്തിനെതിരായ ഹരജികളും കാണാതെപോയത് എന്തുകൊണ്ടാണ്? മുസ്ലിംകളിലെ വിവാഹ മോചനത്തെ മാത്രം പ്രശ്നവത്കരിക്കാൻ വഴിയൊരുക്കിക്കൊടുത്തത് കോടതിയല്ലേ.
ഏകസിവിൽ കോഡിനെക്കുറിച്ച് ഇടക്കിടക്ക് ഓർമിപ്പിച്ച് കൊടുക്കുന്നത് നീതിപീഠങ്ങളല്ലേ. ഭരണഘടനയുടെ നിർദേശകതത്ത്വങ്ങളിൽ ഏകസിവിൽ കോഡിനെക്കുറിച്ച് (ആർട്ടിക്കിൾ 44) പരാമർശിക്കുന്നുവെന്നത് ശരിയാണ്. എന്നാൽ നിർദേശക തത്ത്വങ്ങൾ ന്യായവദാനർഹമാണ്. എന്നുവെച്ചാൽ അവ നടപ്പാക്കിയില്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഭരണഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മതസ്വാതന്ത്ര്യവും അതിന്റെ അടിസ്ഥാന ഉപാധിയായ വ്യക്തിനിയമങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. അത് ലംഘിക്കപ്പെട്ടാൽ കോടതിയിൽ പോകാം. ഇതറിയാതെയല്ല ന്യായാധിപൻമാർ അനവസരത്തിലുള്ള ഇടപെടലുകൾ നടത്തുന്നത്. അതിൽ ഏറ്റവും മാരകമായ വിധി വന്നത് 1985-ൽ ഷാബാനു ബീഗം കേസിലാണ്. ഭോപ്പാലിൽ നിന്നുള്ള അറുപതുകാരി ഷാബാനു തന്റെ മുൻഭർത്താവ് മുഹമ്മദ് ഖാനിൽ നിന്ന് താൻ പുനർവിവാഹിതയാകുന്നത് വരെ ജീവനാംശം തേടിയാണ് കോടതിയിലെത്തിയത്. മധ്യപ്രദേശ് ഹൈക്കോടതി അവർക്ക് അനുകൂലമായി വിധിച്ചു. മുഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ഷാബാനുവിന്റെ ആവശ്യം നിലനിൽക്കുന്നതല്ലെന്നും വാദിച്ചു. എന്നാൽ ക്രിമിനൽ പ്രൊസീജിയർ കോഡ് പ്രകാരമാണ് (സിആർസിപി സെക്ഷൻ 125) സുപ്രീം കോടതി വിധിയെഴുതിയത്. ഏകീകൃത സിവിൽ കോഡ് ദേശീയോദ്ഗ്രഥനത്തെ പരിപോഷിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് വൈവി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞുവെക്കുകയും ചെയ്തു. 1995-ൽ സരള-മുദ്ഗൽ കേസ് വിധി പ്രസ്താവനക്കിടെ ജസ്റ്റിസ് കുൽദീപ് സിംഗ് ഗുരുതരമായ പരാമർശം നടത്തി. സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഏകീകൃത സിവിൽ കോഡ് സംവിധാനം നിലവിൽ വരാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജുഡീഷ്യൽ പരിധിയിൽ വരാത്ത വിഷയമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ജസ്റ്റിസ് കുൽദീപ് കോമൺ കോഡ് ഒരിക്കൽ കൂടി വലിച്ചിട്ടത്.
ക്രിസ്ത്യൻ വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ആൽബർട്ട് ആന്റണി എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിൽ ജസ്റ്റിസ് വിക്രംജിത് സെൻ അധ്യക്ഷനായ ബെഞ്ചും ഇതേ തെറ്റ് ചെയ്തു. ക്രിസ്ത്യൻ ദമ്പതിമാർ ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചിതരാകണമെങ്കിൽ രണ്ട് വർഷം പിരിഞ്ഞ് കഴിയണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തായിരുന്നു ഹരജി. വ്യക്തിനിയമങ്ങൾ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും ജുഡീഷ്യൽ സൗകര്യത്തിന് കോഡ് ഏകീകരണം അനിവാര്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചുകളഞ്ഞു. ന്യായാധിപൻമാർ പൊതുബോധത്തിന്റെ തടവറയിൽ അകപ്പെടുകയും ഒരുവേള രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വഴിപ്പെടുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ദുരന്തമായിരുന്നു ഇവയെല്ലാം. ജുഡീഷ്യൽ, പോലീസ് കണ്ണുകളിലെ ഈ കൂറ്റൻ മരമുട്ടികൾ എടുത്തുമാറ്റുകയല്ലേ ആദ്യം വേണ്ടത്. എന്നിട്ടു പോരേ പ്രശാന്ത് ഭൂഷണിനെപ്പോലുള്ളവരുടെ കണ്ണിലെ കരടെടുക്കുന്നത്? പോലീസ് സംവിധാനവും നീതിന്യായ വിഭാഗവും അവിശുദ്ധ ബാന്ധവത്തിന്റെ പടുകുഴിയിൽ നിൽക്കുന്നുവെന്ന് ജനങ്ങൾ കരുതുന്നു. നീതി പുലരുന്നുവെന്ന് ഉറപ്പാക്കാത്തിടത്തോളം ജനങ്ങളുടെ അവിശ്വാസം തുടരും. രൂക്ഷ വിമർശങ്ങൾ ഉയർന്നുകൊണ്ടേയിരിക്കും. കോടതിയലക്ഷ്യത്തിന്റെ തുരുമ്പിച്ച വാൾ ചുഴറ്റിയാൽ ആരും പേടിക്കില്ല.
മുസ്തഫ പി എറയ്ക്കൽ