എത്ര തിരക്കു പിടിച്ച ജീവിതമാണെങ്കിലും നിരവധി ആളുകള്‍ പ്രത്യേകിച്ച് പുതിയ തലമുറ ഏറെ സമയം കണ്ടെത്തുന്നതാണ് കലാകായികാസ്വാദനം. ധര്‍മ ചിന്തക്കോ കുടുംബ ബന്ധം പുലര്‍ത്തുന്നതിനോ അരനിമിഷം ലഭിക്കാത്തത്ര ജോലിത്തിരക്കുള്ളവര്‍ക്കും നാലും അഞ്ചും ദിവസം മുഴുനീളെ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിരിക്കാന്‍ സമയം കിട്ടും. ഇങ്ങനെയുള്ള മൂന്ന് മത്സരം തീര്‍ന്നാലാണ് ഒരു ടീം പരമ്പര വിജയിച്ചുവെന്ന് തീരുമാനിക്കാനാവുക എന്നു കൂടി ഓര്‍ക്കുക.
യുവതയെ ആലസ്യങ്ങളില്‍ തളച്ചിടുന്നതില്‍ പലര്‍ക്കും പല താല്പര്യങ്ങളുണ്ട്. നിര്‍മാണാത്മകമായതൊന്നും അവരില്‍ നിന്ന് ഉണ്ടാകാതെ ഉറക്കികിടത്തുകയാണ് മാധ്യമങ്ങള്‍. ഇതിന്റെ ഭാഗമായാണ് ക്രിക്കറ്റ് ഇന്ത്യയുടെ അഭിമാനമായത്. പരസ്യം, സെക്സ്, മദ്യം, ചൂഷണം, കള്ളപ്പണം തുടങ്ങിയവയെല്ലാം കൂടി ചേര്‍ന്നാണ് ക്രിക്കറ്റു മത്സരമാവുന്നതെന്ന് ചിന്തിക്കാനും പുതിയ തലമുറക്ക് കഴിയില്ലല്ലോ. ഇന്ത്യന്‍ കായിക രംഗത്തെ കോഴകളുടെ കണക്കാണ് സച്ചിന്റെ മത്സര റിക്കാര്‍ഡുകളേക്കാള്‍ സമകാലത്ത് ശ്രദ്ധനേടുന്നത്. വെയിലുകൊണ്ട് ആര്‍പ്പുവിളിച്ച് ക്രിക്കറ്റും കണ്ട്, കളിക്കാരെ പ്രോത്സാഹിപ്പിച്ച് ഊര്‍ജ്ജവും ആയുസ്സും കളഞ്ഞിരിക്കുന്നവരെ ദൈവങ്ങളും ദൈവസ്രഷ്ടാക്കളും ചേര്‍ന്നു കുളിപ്പിച്ചു കിടത്തിയ കഥ കേട്ട് നാം അന്തിച്ചുനിന്നു. എന്തിനായിരുന്നു ഇവര്‍ക്കുവേണ്ടി ബഹളം വെച്ചതെന്ന് ഒരു നിമിഷം ആലോചിക്കുക.
കോഴ ജനാധിപത്യത്തിന്റെ ശാപമായിരിക്കുകയാണ്. നാട്ടിന് പുറത്തെ ചെറിയ ഓഫീസു മുതല്‍ പരമോന്നത സഭകളില്‍ വരെയും കോഴയാണ് താരം. വേണ്ടവിധം പ്രസാദിപ്പിക്കാതിരുന്നാല്‍ കാര്യം കുഴഞ്ഞതു തന്നെ. രാജ്യത്തിന്റെ പുരോഗതിക്കായി ഇത്തരം അധര്‍മങ്ങളെ വിപാടനം ചെയ്യാന്‍ നമുക്കാവണം. ക്രിക്കറ്റ് കോഴയിലെ ചെറുമീനുകളാണ് ഇപ്പോള്‍ വലയിലുള്ളത്. ഇതേ തന്റേടത്തോടെ വമ്പന്‍ സ്രാവുകളെയും കുത്തി മലര്ത്താനാവണം. ക്രിക്കറ്റിനപ്പുറം ഇതരമേഖലകളിലുള്ള കോഴകളും അവിഹിതങ്ങളും കണ്ടുപിടിക്കുകയും പരിഹാരമുണ്ടാക്കുകയും വേണം. ഏതാനും കോര്‍പ്പറേറ്റുകള്‍ മാത്രമല്ല, മഹാഭൂരിപക്ഷം ദരിദ്രനാരായണന്മാരും ഇന്ത്യക്കാരാണെന്ന സത്യം ഭരണാധികാരികള്‍ മനസ്സിലാക്കിയേ തീരൂ. മുകേഷ് അംബാനിയുടെയും ഡല്‍ഹിതെരുവിലെ ഭിക്ഷക്കാരന്റെയും വോട്ട് ഒന്നായിട്ടേ പരിഗണിക്കൂ എന്ന് മറക്കാതിരിക്കുക.