കോവിഡ് 19 കേരളത്തിൽ ഇത്ര വേഗം പടർന്നു കയറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിദേശത്തു നിൽക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയും മലയാളികളടക്കം ഇന്ത്യക്കാരുടെ മരണസംഖ്യ ഉയരുകയും ചെയ്യുന്നത് നെടുവീർപ്പോടെയാണ് കേട്ടുകൊണ്ടിരുന്നത്.
കേരളത്തിൽ അഞ്ച്, എട്ട്, പത്ത് എന്ന നിലയിൽ കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ കാണുമ്പോൾ നാട്ടിലെത്തിയെങ്കിൽ എന്ന് ആഗ്രഹിച്ചവരായിരുന്നു പ്രവാസികൾ മിക്കവരും. കോവിഡ് പശ്ചാത്തലത്തിൽ സൗദി ലോക് ഡൗണിലേക്ക് പോയപ്പോൾ ഐസിഎഫിന്റെ കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ ഊർജിതമാവുകയുണ്ടായി. ഇതിനിടയിലാണ് ഉമ്മ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്.
വേഗം ഉമ്മയുടെ അരികിലെത്തണമെന്ന ലക്ഷ്യത്തിൽ ഐസിഎഫിന്റെ ആദ്യത്തെ ചാർട്ടേർഡ് വിമാനത്തിൽ ഞാനും പുറപ്പെട്ടു. എന്നാൽ അപ്പോഴേക്ക് കേരളത്തിലെ സ്ഥിതിഗതികൾ മാറിമറിഞ്ഞിരുന്നു. ജാഗ്രതക്കുറവ് കൊണ്ടാണ് രോഗം വ്യാപിച്ചത് എന്ന് ഔദ്യോഗികമായി തന്നെ നിരീക്ഷിക്കപ്പെടുകയുണ്ടായി.
ക്വാറന്റീനിൽ കഴിയവെ അസ്വസ്ഥതയെത്തുടർന്ന് ടെസ്റ്റിന് കൊടുത്തു. റിസൾട്ട് വന്നപ്പോൾ പോസിറ്റീവ്. രാത്രിയാണ് റിസൾട്ട് വരുന്നത്. ആ രാത്രി മുഴുവൻ ഒരു പോസിറ്റീവുകാരനായി അസ്വസ്ഥതയോടെ കഴിച്ചുകൂട്ടി. ഏറെ നേരം ഖുർആൻ പാരായണത്തിലും പ്രാർത്ഥനയിലും മുഴുകി. പിറ്റേ ദിവസം മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു.
കോവിഡ് വാർഡിലെത്തിയപ്പോൾ നഴ്സ് എന്റെ കട്ടിൽ ചൂണ്ടിക്കാണിച്ചു. വാർഡിൽ അപ്പോൾ അഞ്ചു പേരാണുണ്ടായിരുന്നത്. പുതിയ ഒരാൾ കടന്നുവരുന്നത് കണ്ട് നേരത്തെയുള്ളവർ ഉറ്റു നോക്കുന്നുണ്ടായിരുന്നു. മൂകമായി നിന്ന നിമിഷങ്ങൾ. ശേഷം എല്ലാവരെയും പരിചയപ്പെട്ടു. ഓരോരുത്തരും അവരവരുടെ അല്ലലും അലട്ടലും വിശദീകരിക്കാൻ തുടങ്ങി. രോഗാവസ്ഥയിൽ പ്രധാനമായി വേണ്ടത് മനക്കരുത്താണല്ലോ. എനിക്കു മാത്രമല്ല, കൂടെയുള്ളവർക്കും മനക്കരുത്തുണ്ടാവണം. അതിനായി ഗൾഫിലായിരിക്കെ ഐസിഎഫ് നേതൃത്വത്തിൽ നടത്തിയ വിവിധ മോട്ടിവേഷൻ ക്ലാസുകളിൽ അവതരിപ്പിച്ച സംഭവങ്ങൾ, കഥകൾ, ചരിത്രങ്ങൾ ഓർത്തെടുത്തു. കൂടെയുള്ള പലരും പരിഭ്രാന്തിയിൽ കഴിയുന്നവരായിരുന്നു. ചർച്ചയിൽ ഇടപെട്ട് അത്തരം സംഭവങ്ങൾ അവസരത്തിനനുസരിച്ച് പറഞ്ഞുതുടങ്ങി. നിരാശയുടെ കാർമേഘങ്ങൾക്കിടയിൽ വെട്ടം അരിച്ചിറങ്ങുന്നതായി തോന്നി. എല്ലാവരുടെയും മുഖത്ത് പ്രതീക്ഷയുടെ വർണങ്ങൾ വിടർന്നു. അത് എന്റെ സ്ഥിതിയിലും പുരോഗതിയുണ്ടാക്കി. സഹരോഗികളിൽ പലരും വിദൂര ദിക്കിൽ നിന്നുള്ളവരായിരുന്നു. അവർക്ക് ആവശ്യമായ വസ്തുക്കൾ ബന്ധുക്കൾക്കോ മറ്റോ എത്തിക്കാൻ സാധിച്ചിരുന്നില്ല. അവസ്ഥ മനസ്സിലാക്കി സാന്ത്വനം വളണ്ടിയേഴ്സിനെ ബന്ധപ്പെടുകയും അവരത് എത്തിച്ചു കൊടുക്കുകയും ചെയ്തു.
നാം നിസ്സാരമായി കരുതുന്നതായിരിക്കും ചിലപ്പോൾ രോഗികൾക്ക് വളരെ ആവശ്യം. കോവിഡ് രോഗികളെ സംബന്ധിച്ചിടത്തോളം ചൂടുവെള്ളം പ്രധാനമാണ്. രോഗികൾ വർധിച്ചതോടെ ഉദ്ദേശിക്കുമ്പോൾ ചുടുവെള്ളം ലഭിക്കാതായി. ഒരു ദിവസം രണ്ടോ മൂന്നോ തവണയായാണ് വിതരണം ചെയ്യാറുള്ളത്. എന്നാൽ എന്റെ കൈവശം കെറ്റലുണ്ടായിരുന്നതിനാൽ യഥേഷ്ടം എല്ലാവർക്കും വെള്ളം ചൂടാക്കി കൊടുക്കുമായിരുന്നു. ഒരു ചായക്കാരന്റെ റോളിൽ എപ്പോഴും അതൊരു പണിയായി. വെള്ളം ചൂടാക്കാൻ അവരെ ഏൽപിക്കാനും പറ്റില്ല. കാരണം നമ്മളുപയോഗിക്കുന്ന ഒരു വസ്തുവും മറ്റൊരാൾക്ക് കൊടുക്കാനാവില്ലല്ലോ.
വാർഡിൽ നേരത്തെ അഡ്മിറ്റായ വഴിക്കടവുകാരൻ മോഹൻ ഇടയ്ക്കിടെ പറയും: ഉസ്താദേ, നെഗറ്റീവ് ആവുന്നില്ലല്ലോ. അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം നെഗറ്റീവായി. പുതുവസ്ത്രമണിഞ്ഞ് ആശുപത്രി വിട്ടു. അദ്ദേഹം ഇപ്പോഴും ഇടയ്ക്കു വിളിക്കുകയും ഓരോ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.
മോഹൻ പോയതിനു ശേഷം മഗ്രിബ് കഴിഞ്ഞാൽ ഞങ്ങൾ ഓരോരുത്തരും അവരവരുടെ കട്ടിലിലിരുന്ന് ഒരുമിച്ചു ബദ്ർ മൗലിദ് പാരായണം ചെയ്യാൻ തുടങ്ങി. ഒരു പോസിറ്റീവുകാരന്റെ മനോഗതി മാനസിക സമ്മർദമാണ്. എന്തൊക്കെ പറഞ്ഞാലും ആ വിഭ്രാന്തി എന്നെയും ചെറിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ബുർദ, മൗലിദ് പോലുള്ള ആത്മീയ മുറകൾ നൽകുന്ന ആശ്വാസം ചെറുതായിരുന്നില്ല.
വിവരങ്ങളറിഞ്ഞ് സൗദിയിലും നാട്ടിലുമുള്ള സംഘടനാ നേതൃത്വത്തിന്റെ പ്രാർത്ഥനയും പിന്തുണയും കരുത്തായി. വന്നയുടനെ അഭിവന്ദ്യ ഗുരു എപി ഉസ്താദിനെ വിളിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷം നേരിട്ട് വിളിക്കാൻ പ്രയാസം തോന്നി. ശിഷ്യരെ തലോടുന്ന ആ വലിയ മനസ്സിനോട് കോവിഡ് ബാധിച്ചെന്ന് എങ്ങനെ അവതരിപ്പിക്കും? എന്നാൽ എസ്വൈഎസ് സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് പറവൂരും എൻ അലി അബ്ദുല്ല സാഹിബും വിവരമറിയിച്ചപ്പോൾ ഉസ്താദ് പറഞ്ഞു: ‘അവൻ വൈകാതെ സുഖമായി വരും.’ പറഞ്ഞതുപോലെ എനിക്കു മുമ്പേ അഡ്മിറ്റായവർ ഡിസ്ചാർജാവുന്നതിന് മുമ്പ് തന്നെ ഞാൻ നെഗറ്റീവായി.
നമ്മുടെ മനസ്സിന് കരുത്തുണ്ടാവണം. കോവിഡിനെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ ഇമ്മ്യൂണിറ്റി അനുസരിച്ചാണ് വൈറസ് നിഷ്ക്രിയമാകുന്നതും ഗുരുതരമാകുന്നതും ഭേദമാകാൻ സമയമെടുക്കുന്നതുമെല്ലാം. ഇമ്മ്യൂണിറ്റി ശക്തി പ്രാപിക്കണമെങ്കിൽ മനക്കരുത്തും മാനസിക സന്തുലനവും അനിവാര്യമാണ്. രോഗം എന്നർത്ഥമുള്ള മറള് എന്ന പദം ഖുർആനിൽ 11 സ്ഥലങ്ങളിലും വന്നത് ഹൃദയം എന്നർത്ഥമുള്ള ഖൽബ് എന്ന പദത്തോടൊപ്പമാണ്. ഏതു രോഗവും മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. രോഗിയുടെ മനസ്സ് ദുർബലമായാൽ അയാൾ കൂടുതൽ സങ്കീർണതകളിലേക്ക് പോകും. മനസ്സ് ദൃഢമാണെങ്കിൽ വേഗത്തിൽ രോഗത്തെ മറികടക്കാൻ സാധിക്കുന്നു.
രോഗികളുടെ വാട്സാപ്പ് കൂട്ടായ്മ
ഒരു പോസിറ്റീവ് രോഗിക്ക് വേണ്ടത് മനസ്സിന്റെ ശക്തിയാണെന്നു പറഞ്ഞല്ലോ. മനസ്സ് മന്ത്രിക്കുന്ന ആകുലതകളാണ് പേഷ്യൻസ് ഓഫീഷ്യൽ വാട്സാപ്പ് ഗ്രൂപ്പിൽ രോഗികൾ പങ്കുവെക്കുന്നത്. ജില്ലയിൽ പോസിറ്റീവാകുന്ന എല്ലാ രോഗികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ജില്ലാ കോവിഡ് നോഡൽ ഓഫീസറാണ് ഓഫീഷ്യൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നത്.
ഗ്രൂപ്പിൽ ചേർത്തതിനു ശേഷം അതിലെ ഇടപെടലുകൾ കണ്ട് ഡോക്ടർ എന്നെയും അഡ്മിനാക്കി. അതോടെ ഉത്തരവാദിത്വങ്ങൾ വർധിച്ചു. ഗ്രൂപ്പ് അഡ്മിൻ എന്ന നിലയിൽ രോഗികൾക്ക് സാന്ത്വനമേകാനും സഹായങ്ങൾ ചെയ്യാനും അവസരമൊരുക്കിയ അദ്ദേഹത്തോട് കടപ്പാടുകൾ രേഖപ്പെടുത്തുന്നു. ജീവിതത്തിൽ കണ്ടുമുട്ടിയ ഡോക്ടർമാരിൽ വെച്ച് ജില്ലാ നോഡൽ ഓഫീസർ ഷിനാസ് ബാബു മനസ്സിൽ വലിയ ഇടം നേടുകയുണ്ടായി. ഉന്നത പദവിയിലിരിക്കുമ്പോഴും സാധാരണക്കാരനെ മനസ്സിലാക്കാനും അവരെ ചേർത്തുപിടിച്ചു കോവിഡിനെ അതിജയിക്കാൻ ഊർജം പകരാനും ഊണും ഉറക്കവും വകവയ്ക്കാതെ പ്രയത്നിക്കുന്നു അദ്ദേഹം. എന്റെ അറിവിൽ കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത സംവിധാനമാണ് ഈ വാട്സാപ്പ് കൂട്ടായ്മ. ഡോക്ടർ രോഗികളുമായി നേരിട്ട് ഇടപെടൽ നടത്തുകയാണിതിൽ. അദ്ദേഹം തിരക്കിലാവുമ്പോൾ ഞങ്ങൾ അഡ്മിൻസാണ് നിയന്ത്രിക്കുക. രോഗികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും, അറിയാത്തവ ഡോക്ടറോട് ചോദിച്ചു പറഞ്ഞുകൊടുക്കും.
കേരളത്തിലെ ആദ്യത്തെ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളേജിലാണ്. മുഖ്യമന്ത്രി മുമ്പൊരിക്കൽ പത്രസമ്മേളനത്തിൽ ഇത് പ്രത്യേകം പരാമർശിക്കുകയുണ്ടായി. പ്ലാസ്മ ബാങ്ക് രൂപീകരിച്ചത് ഈ വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ്. അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികൾക്കാണ് പ്ലാസ്മ തെറാപ്പി ചെയ്യാറുള്ളത്. പ്ലാസ്മ ആവശ്യമായി വരുമ്പോൾ ഗ്രൂപ്പിൽ വിവരമറിയിച്ച് കോഡിനേറ്റ് ചെയ്യാൻ വേണ്ടി നിർദേശിക്കും. ആളുകളെ കണ്ടെത്തി ഡോക്ടറെ അറിയിക്കും.
ഈയിടെ രണ്ട് പേർക്ക് പെട്ടെന്ന് പ്ലാസ്മ വേണ്ടിവന്നു. പ്ലാസ്മ വാഗ്ദാനം ചെയ്യുന്ന വ്യക്തികൾക്ക് ലോക്ഡൗൺ നിയന്ത്രണം മൂലം ഹോസ്പിറ്റലിൽ എത്തിപ്പെടാൻ പ്രയാസമായി. സ്വന്തമായി വാഹന സൗകര്യമില്ലാത്തതിനാൽ ടാക്സി വിളിച്ചുവരാൻ വലിയ സംഖ്യ വേണം. അതിനു പറ്റിയ സാഹചര്യത്തിലല്ല അവരുള്ളത്. ഒരാൾ ഗൾഫിൽ നിന്നു ജോലി നഷ്ടപ്പെട്ട് വന്നതാണ്. ഇതു മനസ്സിലാക്കി ടാക്സി വാടക ഞാൻ ഓഫർ ചെയ്തു. ബ്ലഡ് എടുത്ത് വീട്ടിലെത്തിയ അദ്ദേഹത്തെ വാടക കൊടുക്കാനായി വിളിച്ചപ്പോൾ മറുപടി പറഞ്ഞതിങ്ങനെയാണ്: വിദേശത്തുനിന്ന് വരുമ്പോൾ കരിപ്പൂരിൽ നിന്ന് നേരെ ആശുപത്രിയിലേക്കും അസുഖം ഭേദമായ ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും യാത്ര ചെയ്തത് നമ്മുടെ നാടിന്റെ വാഹനത്തിലാണ്. തീർത്തും സൗജന്യമായിരുന്നു ആ യാത്രകളെല്ലാം. അതിന്റെ വാടക കണക്കാക്കിയാൽ ഇത് അത്ര വരില്ലല്ലോ. അതുകൊണ്ട് ആ പണം വേണ്ടതില്ല.’ നമ്മുടെ നാടിന്റെ മനസ്സാണിത്. ഈ ഒരുമക്ക് മുമ്പിൽ കൊറോണ നിർവീര്യമാവുക തന്നെ ചെയ്യും.
ഗ്രൂപ്പിലെ അംഗങ്ങളിൽ നിരവധി പേർ വ്യക്തിപരമായി ബന്ധപ്പെടുകയും അവരുടെ മാനസിക വിഷമങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. സൗമ്യമായി സംസാരിച്ചും സാന്ത്വനപ്പെടുത്തിയും കഴിയുമ്പോൾ വലിയൊരു ഭാരം ഇറക്കിവെച്ചതായി അനുഭവപ്പെടുന്നു. തൈറോയ്ഡ് ക്യാൻസർ സർജറി കഴിഞ്ഞയാളാണ് താഹിർ. കാൻസർ പോലുള്ള മാരക രോഗമുള്ളവർക്ക് കോവിഡ് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വേവലാതി. ദിനേന എന്നവണ്ണം അദ്ദേഹം വിളിക്കും. താഹിറിനെ കൈവിടാതെ കൂടെ നിന്നു. അതിനിടയിലാണ് അവന്റെ ഉമ്മയും പോസിറ്റീവായി ആശുപത്രിയിലെത്തുന്നത്. ഉമ്മയുടെ സ്ഥിതിയാണെങ്കിൽ കുറച്ച് സങ്കീർണവും. പ്ലാസ്മ തെറാപ്പി വേണ്ടിവന്നു. അപ്പോഴും താഹിർ വിളിച്ചു. നെഗറ്റീവായി വീട്ടിലെത്തിയ അവൻ എനിക്കൊരു മെസ്സേജ് അയച്ചു: എന്റെ ദുആകളിൽ നിങ്ങൾ എപ്പോഴുമുണ്ടാവും. എന്റെ ജീവിതത്തിൽ ഏറ്റവും ഉപകാരപ്പെട്ടൊരു മനുഷ്യനാണ് നിങ്ങൾ.’ അതു വായിച്ചപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. ഇങ്ങനെയൊക്കെ പറയണമെങ്കിൽ അദ്ദേഹം എത്രമാത്രം വിഷമിച്ചിട്ടുണ്ടാവണം. നമ്മുടെ ഓരോ വാക്കും മറ്റൊരാളിൽ സൃഷ്ടിക്കുന്ന ആശ്വാസത്തിന്റെ ആഴമോർത്ത് ആത്മസംതൃപ്തി തോന്നി.
വിദേശത്തു നിന്നെത്തിയ ഒരു സ്ത്രീ പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് നെഗറ്റീവായപ്പോൾ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി ഏതാനും ദിവസങ്ങൾക്കു ശേഷം ശക്തമായ ശ്വാസംമുട്ട് അനുഭവപ്പെടുകയുണ്ടായി. പലരെയും വിളിച്ചെങ്കിലും കിട്ടുന്നില്ല. സംഗതിയറിഞ്ഞപ്പോൾ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആശുപത്രിയിലെത്തിക്കാനുള്ള മാർഗം ഒരുക്കുകയുമുണ്ടായി. രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാർജാആയി. ഇങ്ങനെ നിരവധി അനുഭവങ്ങൾ…
ഗ്രൂപ്പുകളിൽ രോഗികൾ അസൗകര്യങ്ങൾ അറിയിക്കുന്നത് നോട്ട് ചെയ്യുകയും ആവശ്യമായ സഹായസഹകരണങ്ങൾ എത്തിക്കുകയും ചെയ്യുന്നു. രോഗികൾ കൂടിയതോടെ ശയനോപകരണങ്ങൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടപ്പോൾ എസ്വൈഎസ് മലപ്പും ഈസ്റ്റ് ജില്ലാ സെക്രട്ടറി ജമാൽ കരുളായിയുമായി ബന്ധപ്പെട്ട് സാന്ത്വനം പദ്ധതിയുടെ ഭാഗമായി അൽജുബൈൽ ഐസിഎഫിന്റെ സ്പോൺസർഷിപ്പിൽ റെക്സിൻ കവറോട് കൂടിയ 100 തലയണകൾ എത്തിക്കാനായി.
ജില്ലയിലെ അഞ്ചാമത്തെ കോവിഡ് സെന്ററായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിരവധി അസൗകര്യങ്ങളനുഭവപ്പെട്ടതിനെ തുടർന്ന് യൂണിവേഴ്സിറ്റി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സരിത വിളിച്ചു. രോഗികൾക്ക് ചൂട് വെള്ളത്തിന് ഹീറ്റർ സംവിധാനമാണാവശ്യം. ഇക്കാര്യം കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ മുഹമ്മദ് പറവൂരിനെയും മുസ്തഫ കോഡൂരിനെയും അറിയിച്ചു. വൈകാതെ യൂണിവേഴ്സിറ്റി ഉൾക്കൊള്ളുന്ന എസ്വൈഎസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി 25 ലിറ്റർ ശേഷിയുള്ള മൂന്ന് ഹീറ്ററുകൾ സംവിധാനിച്ച് ആശ്വാസമരുളി. യൂണിവേഴ്സിറ്റി കോവിഡ് സെന്ററിലേക്കു വേണ്ട മുഴുവൻ ക്ലീനിംഗ് വസ്തുക്കളും ഉദാരമതികളുടെ സഹായത്തോടെ എസ്വൈഎസ് സംവിധാനിക്കുകയുണ്ടായി.
ഇതുപോലെ, കോവിഡ് മുക്തരായ ഒരു വിഭാഗം ആശുപത്രിയിലേക്ക് വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് രോഗികൾക്ക് വേണ്ടത് സമൂഹത്തിന്റെ പിന്തുണയാണ്, കൈത്താങ്ങാണ്. അവരുടെ മനസ്സിന് ഊർജം നൽകണം. ലോകസമൂഹത്തെ ബാധിച്ച കോവിഡിനെ തുരത്തേണ്ടതും സാമൂഹികമായി തന്നെയാണ്.
ഉമർ സഖാഫി മൂർക്കനാട്
(ഐസിഎഫ് സൗദി നാഷണൽ വിദ്യാഭ്യാസ സെക്രട്ടറിയാണ് ലേഖകൻ. ഇപ്പോൾ കോവിഡ് മലപ്പുറം ഒഫീഷ്യൽ ഗ്രൂപ്പ് അഡ്മിനായും പ്രവർത്തിക്കുന്നു.)