ഉമറുബിൻ അബ്ദിൽ അസീസ്(റ) പറഞ്ഞതായി ഇമാം മാലിക്(റ) ഉദ്ധരിക്കുന്നു: ‘തിരുനബി(സ്വ) കുറേ സുന്നത്തുകൾ ചര്യയാക്കി. ശേഷം ഖലീഫമാരായി വന്നവരും സുന്നത്തുകൾ നടപ്പാക്കിയിട്ടുണ്ട്. അവയെല്ലാം സ്വീകരിക്കൽ, അല്ലാഹുവിന്റെ കിതാബിനെ വാസ്തവമാക്കലും അവനു വഴിപ്പെടലിന്റെ പൂർത്തീകരണവും ദീനിന്റെ ശക്തിയുമാണ്. അതിനെ മാറ്റിമറിക്കാനും പകരം വെക്കാനും അതിനെതിരായി ചിന്തിക്കാനും ആർക്കും അവകാശമില്ല. അതു പിന്തുടർന്നവർ സന്മാർഗം പ്രാപിച്ചു. അതിനെതിരായവൻ മുസ്‌ലിംകളുടെ മാർഗമല്ലാത്തത് പിന്തുടർന്നവനായിത്തീരും. അങ്ങനെ വന്നാൽ അല്ലാഹു അവനെ അവന്റെ പാട്ടിനു വിടും. ജഹന്നമെന്ന നരകത്തിൽ അവനെ പ്രവേശിപ്പിക്കുന്നതുമാണ്. അതു വളരെ ചീത്തയായ താവളമാണ്’ (തഫ്‌സീർ അദ്ദുർറുൽ മൻസൂർ).
മതവിഷയങ്ങളിൽ ഖുലഫാഉർറാശിദുകൾക്ക് ഈ പദവിയും പ്രാമാണികതയും നബി(സ്വ) നൽകിയത് അവർ അതിന് യോഗ്യരായതിനാലാണ്. അവരുടെ ജീവിതവും നിലപാടുകളും ആ അർഹത നന്നായി ബോധ്യപ്പെടുത്തുന്നതാണുതാനും. സ്വാർത്ഥ താൽപര്യങ്ങളോ അതിമോഹങ്ങളോ മതപരമായ ഒരു കാര്യം നിർമിക്കാനോ അലങ്കോലപ്പെടുത്താനോ അവരെ പ്രേരിപ്പിച്ചുവെന്ന് വിശ്വാസികൾക്ക് കരുതാനാവുമോ? കാരണം മുമ്പ് സൂചിപ്പിച്ച ഹദീസിലെ ‘അൽ മഹ്ദിയ്യീൻ’ എന്നത് മഹ്ദീ എന്നതിന്റെ ബഹുവചനമാണ്. ഹിദായ(സന്മാർഗം)ത്തായവർ എന്നല്ല, ഹിദായത്ത് നൽകപ്പെട്ടവർ എന്നാണതിനർത്ഥം. നബി(സ്വ)യിലൂടെ ഹിദായത്ത് നൽകപ്പെട്ടവർ എന്നു വിവക്ഷ. റസൂൽ(സ്വ)യാണ് അവർക്കിതു പതിച്ചു നൽകിയത്. അവരുടെ ജീവിതം വീക്ഷിച്ചു മാത്രമല്ല, ഭാവിയെക്കുറിച്ചുള്ള പ്രവചനം കൂടിയാണിത്.
അർറാശിദൂൻ എന്ന പ്രയോഗവും അവരുടെ മഹത്ത്വം വിളംബരപ്പെടുത്തുന്നു. റുശ്ദ് എന്ന ധാതുവിൽ നിന്നുള്ളതാണ് ഈ പദം. റാശിദിന് ഗുണസമ്പൂർണൻ എന്നാണർത്ഥം. തിരുനബി(സ്വ)യുടെ മാർഗവും രീതിയും അവലംബിച്ച് മുസ്‌ലിം ഉമ്മത്തിന്റെ നേതൃപദവിയിൽ അവർ നിലനിൽക്കുമെന്നും അതിനാൽ അവർ മാതൃകകളാണെന്നുമാണിത് സൂചിപ്പിക്കുന്നത്. അവരിൽ നിലനിൽക്കുകയും പ്രകടമാകുകയും ചെയ്യുന്ന നന്മകളെ കുറിച്ചുള്ള നബിയുടെ ദീർഘവീക്ഷണമാണ് ഇതും.
ഇതെല്ലാം കൊണ്ടുതന്നെ അവരുടെ ഭരണ നടപടികളെ ഖുലഫാഉകളുടെ സ്വന്തം ചെയ്തികളായി കാണാനാവില്ല. അന്നുണ്ടായിരുന്ന സ്വഹാബികളടക്കമുള്ള മുസ്‌ലിംകളുടെയെല്ലാം പിന്തുണയും അംഗീകാരവും അവർക്കുണ്ടായിട്ടുണ്ട്. ഗവേഷണം നടത്തി ഇന്ന് അവരെ തിരുത്തുകയോ നിരൂപിക്കുകയോ ചെയ്യുന്നവർ അവരെ മാത്രമല്ല, സ്വഹാബത്തിനെ മൊത്തത്തിലാണ് തിരുത്താൻ ശ്രമിക്കുന്നത്. ശ്രേഷ്ഠത പറയുകയും നിങ്ങൾക്കു മാതൃകയാണെന്നു റസൂൽ(സ്വ) നിർദേശിക്കുകയും ചെയ്ത ഈ മഹത്തുക്കളെ തിരുത്താൻ പിൽക്കാലക്കാർക്ക് അർഹതയുണ്ടാവുന്നതെങ്ങനെ?
ഭരണകാര്യങ്ങളിലും മതപരമായ ദൗത്യ നിർവഹണത്തിലും ഖലീഫമാരുടെ നിലപാടെന്തായിരുന്നുവെന്നതിന് അവരുടെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും തെളിവുകളാണ്. ഖലീഫയായി നിയമിക്കപ്പെട്ട ശേഷം അബൂബക്കർ(റ) നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ കാണാം: ‘നിശ്ചയം ഞാൻ നബി(സ്വ)യെ പിന്തുടരുന്നവനാണ്. സ്വന്തമായി മതത്തിൽ പുതിയത് നിർമിക്കുന്നവനല്ല. അതിനാൽ ഞാൻ നേരെ നീങ്ങുന്നുവെങ്കിൽ നിങ്ങളെന്നെ പിന്തുടരുക. ഞാൻ വ്യതിചലിക്കുന്നുവെങ്കിൽ നിങ്ങളെന്നെ നേരെയാക്കുക’ (താരീഖുത്വിബ്‌രി).
മറ്റു ഖലീഫമാരും മറിച്ചായിരുന്നില്ല. അധികാരത്തിന്റെ ശക്തിയിൽ അഹങ്കാരികളായി അപരാധമൊന്നും അവർ ചെയ്തിരുന്നില്ല. സമൂഹത്തിന്റെയും മതത്തിന്റെയും ഉത്തരവാദിത്തം ചുമലിൽ വന്നപ്പോൾ കൂടുതൽ വിനയാന്വിതരാവുകയായിരുന്നു അവരെല്ലാം. മതപരമായ കാര്യങ്ങളിൽ റസൂലിന്റെ സരണിയിൽ നിന്ന് ഒട്ടും വ്യതിചലിക്കാൻ അവർ ഒരുക്കമായിരുന്നുമില്ല.
നബി(സ്വ)യുടെ വഫാത്തിനു ശേഷം ഒരു വിഭാഗമാളുകൾ സകാത്ത് നൽകാൻ വിസമ്മതിക്കുകയുണ്ടായി. അതിന് ഖുർആൻ സൂക്തം തന്നെയാണവർ ‘തെളിവാ’ക്കിയത്. സിദ്ദീഖ്(റ) അവരോട് കർക്കശമായ നിലപാടെടുത്തു. കൂടിയാലോചനാ ഘട്ടത്തിൽ സാവകാശത്തിന് ചില പ്രമുഖ സ്വഹാബിമാർ ആവശ്യപ്പെട്ടപ്പോൾ സിദ്ദീഖ്(റ) അതിന് തയ്യാറായില്ല. സാഹചര്യമെന്തായാലും ഇസ്‌ലാം കാര്യങ്ങളിൽ പ്രധാനമായ ഒരു കാര്യത്തെ മുൻഗണനാ ക്രമത്തിൽ നിന്നും മാറ്റിവെക്കാൻ സിദ്ദീഖ്(റ) ഒരുക്കമായിരുന്നില്ല. അദ്ദേഹം പറഞ്ഞു: ‘അല്ലാഹു സത്യം, നിസ്‌കാരത്തിന്റെയും നോമ്പിന്റെയും ഇടയിൽ വേർപിരിക്കുന്നവർക്കെതിരെ ഞാൻ പോരാടുക തന്നെ ചെയ്യും. നബി(സ്വ)യുടെ കാലത്ത് സകാത്ത് മൃഗങ്ങളുടെ കൂടെ നൽകിയിരുന്ന കയറിന്റെ കഷ്ണം തരാതിരുന്നാൽ പോലും ഞാനതിന്റെ പേരിൽ അവരോട് സമരം ചെയ്യും’ (മുസ്‌ലിം).
കൂടിയാലോചനയിൽ സാവകാശം നിർദേശിച്ച ഉമർ(റ)നോട് സിദ്ദീഖ്(റ) പറഞ്ഞു: ‘ഇസ്‌ലാമിനു മുമ്പ് ശൂരനായിരുന്ന താങ്കൾ ഇസ്‌ലാമിൽ ഭീരുവാകുന്നുവോ, നിശ്ചയം വഹ്‌യ് നിലച്ചുപോയിട്ടുണ്ട്. മതം പൂർണമായിട്ടുമുണ്ട്. ഇനി ഞാൻ ജീവിച്ചിരിക്കെ മതം ചുരുങ്ങുകയോ’ (അർറിയാളുന്നളിറ). സിദ്ദീഖ്(റ)ന്റെ നിലപാടുകൾ സർവാംഗീകൃതമാവുകയും ലക്ഷ്യം നേടുകയും ചെയ്തു.
ഖുർആനിലെ ‘മുതശാബിഹ്’ (അർത്ഥം വ്യക്തമാക്കാത്ത) സൂക്തങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അനാവശ്യ ചർച്ച നടത്തി സംശയിപ്പിച്ചിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. സ്വബീഗ്ബ്‌നു അസൻ എന്നായിരുന്നു അയാളുടെ പേര്. ഖലീഫ ഉമർ(റ)ന്റെ മുന്നിൽ അദ്ദേഹത്തെ ഹാജരാക്കപ്പെട്ടു. ആ തെറ്റിദ്ധരിപ്പിക്കലിൽ നിന്നും പിന്മാറും വരെ അദ്ദേഹത്തെ ഈത്തപ്പനപ്പട്ട കൊണ്ട് അടിക്കുകയുണ്ടായി. ശേഷം നാട്ടിലേക്കയച്ചു. ഗവർണർ അബുമൂസൽ അശ്അരി(റ)ന് ഖലീഫ ഒരു കത്ത് നൽകി. അതിലിങ്ങനെ എഴുതിയിരുന്നു: ഇയാളുമായി വിശ്വാസികളാരും ഇടപഴകരുത്. പിന്നീട് അദ്ദേഹം ശരിയായ തൗബ ചെയ്തു എന്ന് ഉറപ്പുവന്ന ശേഷമാണ് അയാളുമായി ഇടപഴകാൻ അനുവാദം നൽകപ്പെട്ടത്.
പരിശുദ്ധ ഖുർആനിന്റെ കാര്യത്തിൽ വളരെ അനിവാര്യമായ പകർപ്പുകളെടുക്കുക എന്ന കൃത്യം നിർവഹിച്ച ഉസ്മാൻ(റ) നിരവധി ഫിത്‌നകൾക്കാണ് അന്ത്യം കുറിച്ചത്. അർമീനിയയിൽ നിന്നും ഹുദൈഫ(റ)വന്നത് വലിയ ആശങ്കയറിയിച്ചു കൊണ്ടായിരുന്നു; തെറ്റായി ഖുർആൻ പാരായണം ചെയ്യപ്പെടുന്നുവെന്നായിരുന്നു അത്. ഉസ്മാൻ(റ) ഉടനെ ആദ്യ മുസ്വ്ഹഫിന്റെ പകർപ്പുകളെടുത്ത് വിവിധ നാടുകളിലേക്കെത്തിച്ചു. അങ്ങനെ ഖുർആനിന്റെ പേരിൽ നടക്കാൻ സാധ്യതയുണ്ടായിരുന്ന ഫിത്‌നകൾ ഇല്ലാതായി.
അലി(റ)നെ ദൈവമാക്കുന്ന രൂപത്തിൽ വാദിച്ചു രംഗത്തുവന്നവരെ മഹാൻ തന്നെ അമർച്ച ചെയ്തത് ചരിത്രമാണ്. ശീഇകളോടും ഖവാരിജുകളോടും അദ്ദേഹം കർക്കശ നിലപാടാണ് സ്വീകരിച്ചത്.
നാലു ഖലീഫമാരുടെ കാലത്ത് നടപ്പിലാക്കപ്പെട്ട ഇത്തരം ധാരാളം കാര്യങ്ങളുണ്ട്. നബി(സ്വ) ചെയ്യാത്തതാണെങ്കിലും അവയെല്ലാം അവിടുത്തെ ചര്യയിൽ പെട്ടതായിരുന്നു. ഇതിനെതിരെ തിരിഞ്ഞവരാണ് യഥാർത്ഥ ബിദ്അത്തുകാർ. ഖുലഫാഇനെ അംഗീകരിക്കാനും പിൻപറ്റാനുമുള്ള കൽപനയിൽ അവരുടെ ചര്യകളെ അനുസരിക്കലും പിന്തുടരലും ഉൾപ്പെടും. അവരുടെ ചര്യകൾ സുന്നത്താവണമെങ്കിൽ അവ നബി(സ്വ) ചെയ്യണമെന്ന വാദം നിരർത്ഥകമാണ്.
ഖുലഫാഉർറാശിദുകളെ, നബി(സ്വ)ക്കു ശേഷം ഭരണം കയ്യാളിയ കേവലം ഭരണാധികാരികൾ മാത്രമായി കാണാൻ വിശ്വാസികൾക്കു പറ്റില്ല. ദീനിൽ പ്രമാണങ്ങളാവാൻ കൂടി നിയുക്തരായവരാണ് അവർ. അല്ലാഹുവിന്റെ റസൂൽ നൽകിയ സ്ഥാനവും മഹത്ത്വവും അവർക്ക് അംഗീകരിച്ച് നൽകുന്നു അഹ്‌ലുസ്സുന്ന. അവരും സമകാലികരായ സ്വഹാബത്തും ഏതെങ്കിലുമൊരു അനാചാരം സ്ഥാപിക്കുകയോ കൂട്ടായി അതംഗീകരിക്കുകയോ ചെയ്യില്ല എന്നാണു ലോക മുസ്‌ലിം നിലപാട്. മതത്തിൽ സംശയം ജനിപ്പിച്ച് മതവ്യതിയാനവും മതനിരാസവും വളർത്താൻ ശ്രമിക്കുന്ന ഇസ്‌ലാം വിരുദ്ധ കേന്ദ്രങ്ങളാണ് ഖലീഫമാരുടെ മഹത്ത്വത്തെ ഇകഴ്ത്താൻ പ്രോത്സാഹിപ്പിക്കുന്നത്.
ഖുലഫാഉർറാശിദുകളുടെ ആത്മീയതയും ആദർശ ശക്തിയും ജീവിതവിശുദ്ധിയും കർത്തവ്യ ബോധവും അനിതരമായ ചരിത്ര സത്യങ്ങളാണ്. അവർ നൽകിയ വെളിച്ചവും ഐക്യബോധവും പ്രശ്‌നങ്ങളെ സമീപിച്ച രീതിയും തികച്ചും മാതൃകാപരവുമാണ്. അതു പിന്തുടരുന്നവരാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ. എന്നാൽ ബിദ്അത്തിന്റെ പാർട്ടികളെല്ലാം ഖലീഫമാരുടെയും സ്വഹാബത്തിന്റെയും പ്രവർത്തനങ്ങളെയും നിലപാടുകളെയും വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നതാണ് ചരിത്രവസ്തുത. മക്കത്തെ ഉമറിനെ തിരുത്തുമെന്ന് അവകാശവാദമുന്നയിച്ച വെളിയങ്കോട്ടെ ഉമറിനെ നാം കണ്ടതാണല്ലോ?
അലവിക്കുട്ടി ഫൈസി എടക്കര