സുന്നത്തിനെ നിരാകരിക്കുവാനും തള്ളിക്കളയാനും എക്കാലത്തും ഹദീസ് നിഷേധികൾ രംഗത്തു വന്നിട്ടുണ്ട്. തങ്ങളുടെ വൈകൃതാശയങ്ങളുടെ പ്രചാരണത്തിനാണ് അവർ ഇതിന് തുനിഞ്ഞത്. സ്വഹീഹായ ഹദീസുകളെ നിഷേധിച്ചും വ്യാജഹദീസുകൾ നിർമിച്ചും അവർ ഈ രംഗം കൊഴുപ്പിച്ചു. ശീഇകളിലെ തീവ്രവാദികളായ റാഫിളികളാണ് ഇതിൽ പ്രബല വിഭാഗം. തനി വ്യാജവും കള്ളത്തരവുമായ സമീപനങ്ങളാണ് റാഫിളികളിൽ നിന്നുണ്ടായത്. ഇമാം മാലിക്(റ) പറഞ്ഞു: റാഫിളികളുമായി സഹവസിക്കരുത്. അവരിൽ നിന്ന് ഹദീസ് ഉദ്ധരിക്കുകയുമരുത്. കള്ളന്മാരാണവർ. ഇമാം ശാഫിഈ(റ) പറഞ്ഞു: റാഫിളികളെ പോലെ കള്ളസാക്ഷ്യവും അസത്യവും പ്രചരിപ്പിക്കുന്ന ഒരു വിഭാഗത്തെ ഞാൻ കണ്ടിട്ടില്ല.
ഇവർ പ്രചരിപ്പിച്ച ഏറ്റവും വലിയ വ്യാജഹദീസ് ‘ഖും’ തടാകത്തിലെ വസ്വിയ്യത്താണ്. അഥവാ ഹജ്ജത്തുൽ വദാഇൽ നിന്ന് നബി(സ്വ) തിരിച്ചുവരുമ്പോൾ ‘ഗദീർഖും’ എന്ന സ്ഥലത്ത് നബി(സ്വ) അനുചരന്മാരെ ഒരുമിച്ചുകൂട്ടി. അതിന് ശേഷം ഖലീഫയായി അലി(റ)വിനെ പ്രഖ്യാപിച്ചു എന്നതാണ് ഈ വ്യാജഹദീസിന്റെ പൊരുൾ. ഇസ്‌ലാമിന്റെ ഐക്യവും സൗന്ദര്യവും തകർക്കാൻ ശത്രുക്കൾ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ശീഇസം പിറക്കുന്നത്. നബികുടുംബത്തിനാണ് അധികാരമെന്നായിരുന്നു അവരുടെ വാദം. നേരത്തെ ഈ വാദം ഉന്നയിച്ച് മഹാന്മാരായ സ്വഹാബത്തിനിടയിൽ ചേരിതിരിവിന് ശ്രമം നടത്തുകയും മദീനയിൽ നിന്ന് ഈജിപ്തിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത അബ്ദുല്ലാഹിബ്‌നു സബത് ആണ് ശീഇകളുടെ അവലംബവും ആശയ കേന്ദ്രവും. മുസ്‌ലിം ലോകത്ത് മറ്റൊരു പ്രമാണത്തിന്റെ പിൻബലവും ശീഇകൾക്കില്ല.
ഇസ്‌ലാമിക ഖിലാഫത്തിൽ സിദ്ദീഖ്(റ)ന്റെ പ്രഥമ സ്ഥാനം മുസ്‌ലിം ലോകം അംഗീകരിച്ചിട്ടുള്ളതാണ്. തിരുനബിയുടെ പരിഗണനയും സൂചനാ നിർദേശവുമെല്ലാം അത്തരത്തിലുള്ളതായിരുന്നു. പ്രവാചക വഫാതിന് ശേഷം സിദ്ദീഖ്(റ) ഖിലാഫത്ത് ഏറ്റെടുത്തപ്പോൾ ഒരു അപശബ്ദംപോലും സ്വഹാബികൾക്കിടയുണ്ടായില്ല. ഒറ്റക്കെട്ടായി അവരെല്ലാം അദ്ദേഹത്തെ ബൈഅത്ത് ചെയ്തു. നടേ സൂചിപ്പിച്ച ഗദീർഖും വസ്വിയ്യത്ത് വ്യാജമാണെന്നതിന് ഇതിൽപരം എന്ത് തെളിവ് വേണം? റസൂൽ(സ്വ)യുടെ നിർദേശമുണ്ടായിരുന്നെങ്കിൽ സ്വഹാബികൾ അലി(റ)നെയായിരുന്നല്ലോ പ്രഥമ ഖലീഫയാക്കുക. എന്നാൽ ഈ വ്യാജ ഹദീസിന്റെ മറപിടിച്ച് ശീഇകൾ, പ്രത്യേകിച്ച് തീവ്രവിഭാഗമായ റാഫിളികൾ വളരെ കടുത്ത ധിക്കാരവും അപരാധവുമാണ് സ്വഹാബത്തിനോട് ചെയ്തത്. പ്രമുഖ സ്വഹാബിമാരെ പോലും ശപിക്കാനും വിമർശിക്കാനും അവർ ധൃഷ്ടരായി. സിദ്ദീഖ്, ഉമർ, ഉസ്മാൻ(റ) എന്നിവരുടെ പേരിൽ ലഅ്‌നത്തിന് പ്രാർത്ഥിക്കുകയും അതിന് ആഹ്വാനം നൽകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. തങ്ങളുടെ വിതണ്ഡവാദങ്ങൾക്ക് ബലമേകാൻ നിരവധി വ്യാജഹദീസുകൾ റാഫിളികൾ നിർമിച്ചിട്ടുണ്ട്. വ്യാജഹദീസുകൾ നിർമിക്കുകയും സാധുവായ ഹദീസുകൾ തള്ളിക്കളയുകയും ചെയ്താണ് അവർ ലക്ഷ്യം നേടാൻ ശ്രമിച്ചത്. സ്വന്തം വീക്ഷണത്തിലെ വിശുദ്ധരുടെ ഹദീസുകൾ മാത്രമേ റാഫിളികൾ സ്വീകരിക്കുകയുള്ളൂ. നബിപത്‌നിമാരടക്കം പ്രമുഖരായ സ്വഹാബികളുദ്ധരിച്ച ഹദീസുകളെ തള്ളിക്കളയുന്നതിൽ ഒരു വിമ്മിട്ടവും ശീഇകൾക്കില്ല. മുസ്‌ലിംലോകം ഒന്നാകെ സ്വീകരിച്ച ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെയെല്ലാം തള്ളിപ്പറഞ്ഞാണ് ശീഇകൾ ഹദീസ് ശാത്രവം പ്രദർശിപ്പിച്ചത്.
അതിനു പുറമെ സ്വന്തമായി ഹദീസ് രചനകൾ നടത്തിയും മുസ്‌ലിം ലോകത്തിന് പരിചയമില്ലാത്ത ഹദീസ് നിദാനശാസ്ത്രം നിർമിച്ചും ശീഇകൾ ഇസ്‌ലാം വിരുദ്ധത കാണിച്ചു. മഹത്തുക്കളായ സ്വഹാബത്തിനെപോലും ഇസ്‌ലാമിൽ നിന്ന് മാറ്റിനിറുത്താനും മതഭ്രഷ്ട് കൽപിക്കാനും ശാപപ്രാർത്ഥന നടത്താനുമെല്ലാം അവർക്ക് കഴിഞ്ഞത് ഇത്തരം ശിഥില ചിന്തകൾ കാരണമായിരുന്നു. തങ്ങളുടെ വാദങ്ങളെ ബലപ്പെടുത്തുന്ന ഹദീസുകളായി ശിയാക്കൾ നിർമിച്ചത് ഒറ്റ നോട്ടത്തിൽ വ്യാജമെന്ന് തോന്നാത്ത വിധമുള്ള വചനങ്ങളാണ്. അതാണ് ശരിയെന്നു വരുത്താനുള്ള എല്ലാ കപടമാർഗങ്ങളും അവർ കണ്ടുപിടിക്കുകയുണ്ടായി. സുന്നികൾ അംഗീകരിക്കുന്ന പ്രമുഖരിലേക്ക് ഹദീസ് ചേർത്ത് പറയുക. അഹ്‌ലുസ്സുന്നത്തിന്റെ ഹദീസ് പണ്ഡിതന്മാരിൽ നിന്ന് സ്വഹീഹായ ഹദീസ് പഠിക്കുകയും അതിന്റെ മറവിൽ തങ്ങളുടെ വ്യാജഹദീസുകൾക്ക് മാർക്കറ്റ് ഉണ്ടാക്കുകയും ചെയ്യുക. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ നാമമുള്ള ശീഈ പണ്ഡിതന്മാരുടെ പേരിൽ ഹദീസ് രചനകൾ നടത്തുക. സ്വഹാബികളെ അധിക്ഷേപിക്കുന്ന ഗ്രന്ഥങ്ങൾ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ പേരിൽ രചിക്കുക. വളരെ പ്രചാരത്തിലുള്ള സ്വഹീഹായ ഹദീസുകളിൽ ശീഈ വിശ്വാസം കൂട്ടിച്ചേർക്കുക തുടങ്ങി നിരവധി കപടതകൾ ശിയാക്കളുടെ നിർമിതികളിൽ കാണാൻ കഴിയും. ശിയാക്കളുടെ ഹദീസ് ആക്രമണത്തെ കുറിച്ച് പ്രമുഖ ചരിത്രകാരൻ ഇബ്‌നു ഖൽദൂൻ വിശദമായി എഴുതിയിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു സബഇന്റെ അനുയായിയും ശിയാക്കളുടെ തലതൊട്ടപ്പനുമായ ജാബിർ ബിൻ യസീദ് ഈ ഹദീസ് ഫാക്ടറിയിൽ ഒന്നാമനാണ്. അഹ്‌ലുസ്സുന്നയുടെ ഹദീസ് സരണിയിൽ പ്രമുഖനാണ് മഹാനായ ഇബ്‌നു ഖുതൈബ(റ). അദ്ദേഹത്തിന് അൽമത്വരിജ് എന്നൊരു രചനയുണ്ട്. ശീഈ പണ്ഡിതനായ ഇബ്‌നു ഖുതൈബക്കുമുണ്ട് ഒരു അൽമത്വരിജ്. അന്വേഷകരെ വഴിപിഴപ്പിക്കാൻ ഇതുപോലെ പല രചനകളും ശിയാ ലോകത്ത് പിറവിയെടുത്തു.
ഹദീസുകൾ മാത്രമല്ല, തങ്ങളുടെ വിതണ്ഡവാദങ്ങൾ മുസ്‌ലിംകൾക്കിടയിൽ വിറ്റഴിക്കാൻ ഇമാം ഗസ്സാലി(റ) അടക്കമുള്ളവരുടെ പേരിൽ വ്യാജരചനകളും അവർ പുറത്തിറക്കുകയുണ്ടായി. ശീഈ പണ്ഡിതരിലെ അതിപ്രമുഖനായ കുലൈനിയുടെ അൽകാഫിയാത്ത് അവരുടെ ഏറ്റവും അവലംബമായ ഹദീസ് ഗ്രന്ഥമാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജങ്ങളാണ് അൽകാഫിയിൽ കുലൈനി ഉൾക്കൊള്ളിച്ചിട്ടുള്ളത്. അഹ്‌ലുസ്സുന്നയുടെ സരണിയിലെ പ്രമുഖരിലേക്ക് ചേർത്ത് ശീഈ ആശയങ്ങളെ ശരിവെക്കുന്ന ഹദീസുകളടക്കം അൽകാഫിയിൽ ചുട്ടെടുത്തിട്ടുണ്ട്.
പന്ത്രണ്ട് ഇമാമുകൾക്ക് പാപസുരക്ഷിതത്വവും വ്യാജ സ്ഥാനമാനങ്ങളും നൽകിയാണ് ശീഈമതം കെട്ടിപ്പടുത്തിരിക്കുന്നത്. മഹാത്മാക്കളായ ഈ 12 പേരടക്കം തിരുനബിയുടെ സന്താന പരമ്പരകളെയും മുഴുവൻ സ്വഹാബത്തിനെയും പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിലപാടാണ് അഹ്‌ലുസ്സുന്നയുടേത്. എന്നാൽ കളവും വ്യാജവുമായ ഹദീസുകൾ റസൂൽ(സ്വ)യുടെ മേൽ കെട്ടിവെച്ചാണ് തങ്ങൾ ഉയർത്തിക്കാണിക്കുന്ന ഇമാമുകൾക്ക് ശീഇകൾ മാർക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടത്തുന്നത്. സ്വഹീഹായ പല ഹദീസുകളും തങ്ങളുടെ ഇമാമുകൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാനും മുസ്‌ലിം പണ്ഡിതലോകത്ത് ആരും നൽകാത്ത മാനങ്ങൾ സങ്കൽപിക്കാനും ശീഇകൾ തയ്യാറാവുന്നു. പന്ത്രണ്ട് ഖലീഫമാർ ഭരണം നടത്താതെ ഈ ലോകം അവസാനിക്കുകയില്ല, അവർ മുഴുവനും ഖുറൈശികളുമാണ് എന്നർത്ഥം വരുന്ന ഹദീസ് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, തങ്ങളുടെ 12 ഇമാമുമാരാണ് ഇവരെന്നാണ് ശിയാക്കൾ ജൽപിക്കാറുള്ളത്. എന്നാൽ അങ്ങനെയൊരു ഭരണം എപ്പോൾ, എവിടെ നടന്നു എന്ന ചോദ്യത്തിനൊന്നും മറുപടി ഉണ്ടാവാറില്ല.
മാഇദ അധ്യായത്തിന്റെ പന്ത്രണ്ടാം വചനത്തിന്റെ വിശദീകരണത്തിൽ ജാബിറുബ്‌നു സമുറയിൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത മേൽ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുകസീർ എഴുതി: സത്യസന്ധമായും നീതിപൂർവകവും ഭരണം നടത്തുന്ന പന്ത്രണ്ട് ഖലീഫമാർ ഉണ്ടാവുമെന്നുള്ള സന്തോഷം അറിയിക്കുകയാണ് ഈ ഹദീസിലൂടെ നബി(സ്വ). അത് തുടർച്ചയായി നടക്കണമെന്നില്ല. എന്നാൽ ഖുലഫാഉ റാശിദുകളായ നാല് പേരുടെ സൽഭരണം തുടർച്ചയായി ലഭിച്ചിട്ടുണ്ട്. അഞ്ചാം ഖലീഫ ഉമറുബ്‌നു അബ്ദുൽ അസീസ്(റ) അക്കൂട്ടത്തിൽ ഒരാളാണ്. അബ്ബാസിയ്യ ഭരണാധികാരികളിലെ ചിലരും ഇതിൽ ഉൾപ്പെടുന്നു. പ്രത്യക്ഷപ്പെടാനിരിക്കുന്ന മഹാനായ മഹ്ദിയും അവരിലൊരാളാണ്. ലോകം അവസാനിക്കുന്നതിന് മുമ്പ് ഖുറൈശികളായ പന്ത്രണ്ട് ഖലീഫമാരുടെ ഖിലാഫത്ത് നടന്നിരിക്കുമെന്നാണ് നബി(സ്വ)യുടെ തിരുമൊഴിയുടെ താൽപര്യം (ഇബ്‌നുകസീർ).
സിദ്ദീഖ്(റ) മുതൽ പന്ത്രണ്ട് പേർ തുടർച്ചയായി ഖിലാഫത്ത് കൈകാര്യം ചെയ്തവരാണ്. ഒന്നാം നൂറ്റാണ്ട് അവസാനിച്ചിട്ടാണ് അഞ്ചാം ഖലീഫ വഫാതാകുന്നത് ഹിജ്‌റ 101 ൽ. ജനങ്ങളുടെ പൂർണ തൃപ്തിയോടെയും അംഗീകാരത്തോടെയുമാണ് അവർ ഖിലാഫത്ത് കൈകാര്യം ചെയ്തത്. ഖുലഫാഉ റാശിദുകൾക്ക് പുറമെ മുആവിയ, യസീദ്, അബ്ദുൽ മലിക്, വലീദുബ്‌നു അബ്ദുൽ മലിക്, സുലൈമാനുബ്‌നു അബ്ദുൽ മാലിക്, യസീദുബ്‌നു അബ്ദുൽ മലിക്, ഹിശാമുബ്‌നു അബ്ദുൽ മലിക്, വലീദുബ്‌നു യസീദുബ്‌നു അബ്ദുൽ മലിക് എന്നിവരാണ് പ്രസ്തുത പന്ത്രണ്ട് ഖുലഫാക്കൾ. ശീഇകൾ പ്രചരിപ്പിക്കുന്ന പന്ത്രണ്ട് ഇമാമുകളിൽ എത്ര പേരാണ് ഈ കൂട്ടത്തിലുള്ളത്?
അലി(റ)വിന് ഖിലാഫത്ത് ഏൽപ്പിക്കാത്തതായിരുന്നുവല്ലോ സിദ്ദീഖ്, ഉമർ, ഉസ്മാൻ(റ) അടക്കമുള്ള പ്രമുഖ സ്വഹാബികൾക്ക് പോലും മതഭ്രഷ്ട് കൽപിക്കാൻ ശീഇകളെ പ്രേരിപ്പിച്ചത്. അതിനാവശ്യമായ വ്യാജ ഹദീസുകൾ നിർമിക്കുന്നതിൽ അസാമാന്യ പ്രാവീണ്യമാണ് ശീഇകൾ പ്രകടിപ്പിച്ചത്. ചില ശീഈ ഹദീസുകൾ പരിശോധിക്കാം: പന്ത്രണ്ട് ഇമാമുകളാണ് ഈമാനിന്റെ സ്തംഭം. അവരുടെ ശിപാർശ ഇല്ലാതെ അല്ലാഹു അടിമകളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കുകയില്ല. മറ്റൊരു വ്യാജ ഹദീസ് ഇങ്ങനെ: നബി(സ്വ) അലി, ഫാത്വിമ, ഹസൻ, ഹുസൈൻ(റ) എന്നിവർ ഇല്ലായിരുന്നുവെങ്കിൽ അല്ലാഹു ഈ പ്രപഞ്ചം തന്നെ സൃഷ്ടിക്കുമായിരുന്നില്ല. ആദം, അർശ്, കുർസ്, മലക്കുകൾ, ജിന്ന്, ഇൻസ്, ആകാശം, ഭൂമി തുടങ്ങിയവയുടെയെല്ലാം സൃഷ്ടിപ്പിന് കാരണക്കാർ ഈ അഞ്ച് പേരാണ്. നബി(സ്വ)യെയും അലി(റ)യെയും ഒരേ പ്രഭയിൽ നിന്നാണ് സൃഷ്ടിച്ചത്. അലി(റ)യുടെ മുഖത്തെ പ്രകാശത്തിൽ നിന്നാണ് മലക്കുകൾ സൃഷ്ടിക്കപ്പെട്ടത്- സമാന സ്വഭാവമുള്ള നിരവധി ഹദീസുകൾ ശീഈ ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും.
ഹദീസുകൾ കൈകാര്യം ചെയ്ത അനേകം പ്രതിഭാശാലികളായ പണ്ഡിതർ കഴിഞ്ഞുപോയി. അവരിൽ ഒരാൾ പോലും ഈ ഹദീസുകളൊന്നും കണ്ടിട്ടില്ല. ശീഈ വാറോലകളിലല്ലാതെ ഇവ കാണാനും കഴിയില്ല. മാത്രമല്ല, തിരുനബിയുടെ വചനങ്ങൾക്ക് അതിന്റെ ഒഴുക്കും സാഹിത്യ വൈഭവവും ശൈലിയും കാണാം. അതേസമയം, ശീഇകളുടെ ഹദീസുകളിൽ തിരുമൊഴിയുടെ മധുരമോ പ്രതിപാദന ശൈലിയോ ഒന്നും കാണാനാകില്ല. ചില തട്ടിക്കൂട്ട് വാക്യങ്ങളുടെ സമാഹാരമാണ് അവർ പടച്ചുവിട്ട ഹദീസുകൾ. ഇങ്ങനെയുള്ള കാരണങ്ങളാൽ എല്ലാവിധ വ്യാജഹദീസുകളെയും കണ്ടെത്താനും തിരസ്‌കരിക്കാനും ഈ ജ്ഞാനശാഖയെ പ്രാരംഭ വിശുദ്ധിയോടെ സംരക്ഷിക്കാനും പണ്ഡിതർക്കായി.
ഹദീസുകൾക്കെതിരെ ശക്തവും ആസൂത്രിതവുമായ ആക്രമണം നടത്തിയവരാണ് ഖവാരിജുകൾ. അവരുടെ ന്യായവും വ്യാഖ്യാനവുമാണ് ആധുനിക ഹദീസ് നിഷേധികളുടെ പിൻബലം. അലി(റ)വും മുആവിയ(റ)വും തമ്മിൽ നടന്ന മധ്യസ്ഥ ചർച്ചക്കെതിരെ രംഗത്ത് വന്നവരാണല്ലോ ഖവാരിജ്. നിയമനിർമാണം അല്ലാഹുവിന് മാത്രം എന്നായിരുന്നു അവരുടെ ന്യായം. ഖുർആൻ മതി നമുക്ക് എന്ന ചില ആധുനികരുടെ വാദത്തിന്റെ ആദ്യ പതിപ്പ്. എന്നാൽ മധ്യസ്ഥ തീരുമാനം അംഗീകരിച്ചവരും കാഫിറുകളാണെന്നാണ് ഖവാരിജുകൾ വാദിച്ചത്. വലിയൊരു ഭാഗം ഹദീസുകളെ അവർ നിരാകരിച്ചു. ശീഇകളെ പോലെ തന്നെ തങ്ങളുടെ സങ്കുചിത ന്യായവാദങ്ങൾക്ക് ബലം കിട്ടാൻ സ്വഹീഹായ ഹദീസുകളിൽ ദുർവ്യാഖ്യാനം നടത്തിയും കൂട്ടിച്ചേർത്തും ഖവാരിജുകളും ഹദീസുകൾക്കെതിരെ ആക്രമണം നടത്തി.
മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബികളെ പുകഴ്ത്തിയും വിശ്വസ്തരായി പരിഗണിച്ചുമാണ് മുസ്‌ലിംലോകം എന്നും നിലനിന്നിട്ടുള്ളത്. ഖുർആൻ പലയിടങ്ങളിൽ മഹത്തുക്കളായ സ്വഹാബത്തിനെ പ്രകീർത്തിച്ച് സംസാരിച്ചിട്ടുണ്ട്. തിരുമൊഴികളിലും നിരവധി വചനങ്ങൾ ഇവ്വിഷയകമായി കാണാൻ കഴിയും. പക്ഷേ, സ്വഹാബത്തിനെ വകഞ്ഞ് മാറ്റി നീങ്ങിയാലേ തങ്ങളുടെ ദുർവാദങ്ങൾക്ക് മേൽവിലാസമുണ്ടാവൂ എന്ന പരികൽപനയിലാണ് ഹദീസ് നിഷേധികൾ എന്നും സഞ്ചരിച്ചിട്ടുള്ളത്. അബൂഹുറൈറ(റ) അടക്കമുള്ള സ്വഹാബി പ്രമുഖരെ ശക്തമായി വിമർശിക്കുന്നവരുടെ ഉള്ളിലിരുപ്പും അത് തന്നെ. വിശ്വാസ രംഗത്ത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും സ്വഹാബത്ത് അടക്കമുള്ള വലിയൊരു സമൂഹത്തെ ഇസ്‌ലാമിൽ നിന്ന് മാറ്റി നിറുത്താനുമാണ് ഖവാരിജുകളുടെ ഹദീസ് ഗവേഷണം വിപുലമാക്കിയത്.
അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്