jl1 (1)ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക് അവതരിപ്പിച്ചു (മുസ്തദ്റക്ഹാകിം).
മുകളില്‍ നിന്നും താഴോട്ട് ചലിക്കുക, ഒരു സ്ഥലത്ത് അഭയം പ്രാപിക്കുക എന്നൊക്കെ അര്‍ത്ഥമുള്ള നുസ്വൂല്‍ എന്ന പദവും അതിന്‍റെ ഭേദങ്ങളുമാണ് ഖുര്‍ആനിന്‍റെ അവതരണത്തെക്കുറിച്ച് ഖുര്‍ആനിലും നബിവചനങ്ങളിലും പൊതുവെ പ്രയോഗിച്ചിട്ടുള്ളത്. മറ്റുള്ളവരില്‍ നിന്നും രഹസ്യമായി വിവരം അറിയിക്കുക (വഹ്യ്) എന്നര്‍ത്ഥമുള്ള ഈഹാഅ് എന്ന പദത്തിന്‍റെ രൂപഭേദങ്ങളും ചിലയിടങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഖുര്‍ആന്‍ നബി(സ്വ)ക്ക് ഇറക്കിക്കൊടുത്തത് ഗ്രന്ഥരൂപത്തിലല്ല. മറിച്ച് ജിബ്രീല്‍(അ) തിരുസന്നിധിയില്‍ ആഗതനായി സാന്ദര്‍ഭികമായി പറഞ്ഞു കേള്‍പ്പിക്കുകയാണുണ്ടായത്.
ഖുര്‍ആനിന് മൂന്ന് അവതരണങ്ങളുണ്ട്. ഒന്ന്: ലൗഹുല്‍ മഹ്ഫൂളിലെ അവതരണം. ലൗഹുല്‍ മഹ്ഫൂളില്‍ ഖുര്‍ആനിന്‍റെ വചനങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. ഇഹപരലോകങ്ങളുടെ മൊത്തം വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തി. ലൗഹുല്‍ മഹ്ഫൂള് വായിക്കാന്‍ അനുമതിയുള്ള ജിബ്രീല്‍(അ)നെ പോലുള്ള മലക്കുകളെയും മറ്റും ലക്ഷ്യമാക്കിയായിരുന്നു ഈ അവതരണം. ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെട്ട ശ്രേഷ്ഠമായ ഖുര്‍ആനാണത് (ബുറൂജ്21,22) എന്ന സൂക്തം ഈ അവതരണത്തെയാണ് പരാമര്‍ശിക്കുന്നത്.
രണ്ട്: ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും ഒന്നാം ആകാശത്തേക്കുള്ള അവതരണം. മക്കാ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന കഅ്ബയുടെ നേര്‍മുകളിലായി ഒന്നാം ആകാശത്തിലുള്ള ബൈതുല്‍ ഇസ്സയിലേക്കായിരുന്നു ഈ അവതരണം. ഖുര്‍ആന്‍ ആദ്യാവസാനം അക്ഷരരൂപത്തില്‍ എഴുതിക്കൊണ്ടാണ് ഈ അവതരണം ഉണ്ടായത്. ഖുര്‍ആന്‍ അവസാന ഗ്രന്ഥമാണെന്നു അന്ത്യപ്രവാചകന്‍റെയും ശ്രേഷ്ഠ സമുദായത്തിന്‍റെയും ഗ്രന്ഥമാണെന്നും ഏഴ് ആകാശങ്ങളിലെയും നിവാസികളായ മലക്കുകളെ അറിയിച്ചുകൊണ്ട് ഖുര്‍ആനിന്‍റെ ആദരവും ശ്രേഷ്ഠതയും വര്‍ധിപ്പിക്കുകയായിരുന്നു ഈ അവതരണത്തിലെ യുക്തി.
അനുഗ്രഹീത രാവില്‍ ആ ഖുര്‍ആനിനെ നാം അവതരിപ്പിച്ചു (ദുഖാന്‍3). ഖദ്റിന്‍റെ രാത്രിയില്‍ ആ ഖുര്‍ആനിനെ നാം അവതരിപ്പിച്ചു (ദുഖാന്‍1) എന്നീ ആയത്തുകള്‍ ഈ രണ്ടാം അവതരണത്തെയാണ് പരാമര്‍ശിക്കുന്നത്.
മൂന്ന്: ഖുര്‍ആന്‍ ജിബ്രീല്‍(അ) നബി(സ്വ)ക്ക് ഓതിക്കേള്‍പ്പിക്കുന്നത്. 23 വര്‍ഷം കൊണ്ടാണ് ഈ അവതരണം പൂര്‍ത്തിയായത്. അല്ലാഹുവിന്‍റെ കല്‍പനയനുസരിച്ച് ഹിറാഗുഹയില്‍ ഏകാന്തനായി ഇബാദത്തില്‍ മുഴുകിയി വേളയില്‍ ആണ് ഈ അവതരണത്തിന്‍റെ തുടക്കം. റമളാന്‍ മാസം പതിനേഴാം രാവിലോ ഇരുപത്തിനാലാം ദിനത്തിലോ വിശുദ്ധ ഖുര്‍ആന്‍ അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ചു ആയത്തുകളാണ് അവിടെവെച്ച് ജിബ്രീല്‍(അ) ഓതിക്കേള്‍പ്പിച്ചത്.
അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കിയ മറ്റു ഗ്രന്ഥങ്ങളും റമളാന്‍ മാസത്തിലാണ് അവതരിപ്പിച്ചതെന്നാണ് പണ്ഡിതാഭിപ്രായം. ഇബ്റാഹിം നബി(അ)ന് ഏടുകള്‍ നല്‍കിയത് റമളാന്‍ ഒന്നാം രാവിലും മൂസാ നബി(അ)ന് തൗറാത്ത് നല്‍കിയത് ആറാം രാവിലും ദാവൂദ് നബി(അ)ന് സബൂര്‍ നല്‍കിയത് പന്ത്രണ്ടാം രാവിലും ഈസാ നബി(അ)ന് ഇന്‍ജീല്‍ നല്‍കിയത് പതിനെട്ടാം രാവിലുമായിരുന്നു.
ഉടമയും പരമാധികാരിയുമായ അല്ലാഹുവിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തമായ ഖുര്‍ആനിന്‍റെ അവതരണത്തിന് റമളാനിനെ തെരഞ്ഞെടുത്തത് ആ മാസത്തിന്‍റെ പ്രത്യേകതയാണ്. അടിമത്വ പൂര്‍ത്തീകരണത്തിന്‍റെയും പരമവിനയത്തിന്‍റെയും ലക്ഷണമായ നോമ്പ്ആ മാസത്തിലെ പ്രത്യേക ഇബാദത്തായി നിര്‍ണയിച്ച് റമളാനിനെ അല്ലാഹു വീണ്ടും ശ്രേഷ്ഠമാക്കി.
ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, പൊതു പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങള്‍, ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും തിരുനബി(സ്വ)ക്കെതിരെയുമുള്ള ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി, പ്രകൃതിയില്‍ സംഭവിക്കുന്ന പുത്തന്‍ പ്രതിഭാസങ്ങളോടുള്ള നിലപാടുകള്‍ തുടങ്ങി അവസരത്തിനനുസരിച്ച് വിശദീകരിക്കേണ്ട ഒട്ടനവധി പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് മൂന്നാമത്തേതും മുഖ്യമായതുമായ ഈ അവതരണം ഘട്ടം ഘട്ടമായി നടക്കാനുള്ള കാരണങ്ങളിലൊന്ന്. വഹ്യ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ജിബ്രീല്‍(അ)ന്‍റെ വരവും നിമിത്തം നബി(സ്വ)യെ സന്തോഷിപ്പിക്കുക. അഗാധവും അറ്റമില്ലാത്തതുമായ ഖുര്‍ആനിലെ വിജ്ഞാന വിശദീകരണങ്ങളും നിയമ വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളല്‍ അനായാസകരമാക്കുക, വൈജ്ഞാനിക വിശ്വാസ കര്‍മ കാര്യങ്ങളില്‍ പൊതുജനത്തെ ക്രമേണ പുരോഗമിപ്പിക്കുക, ഖുര്‍ആനിക കല്‍പനകളും നിരോധങ്ങളും ഉള്‍ക്കൊളളാനുള്ള സാവകാശം നല്‍കുക തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന്‍റെ പിന്നിലുണ്ട്. മൂന്നാം അവതരണം ഘട്ടം ഘട്ടമാക്കിയത് തിരുനബി(സ്വ)യോടും തങ്ങളുടെ ഉമ്മത്തിനോടുമുള്ള അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഭാഗമാണ്.
ക്രോഡീകരണം
പല സ്ഥലത്തുള്ളത് ചേര്‍ത്തുവെക്കുക എന്നതാണല്ലോ ക്രോഡീകരണം. ഈ അര്‍ത്ഥത്തിലുള്ള ജംഅ് എന്ന പദമാണ് ഖുര്‍ആന്‍ ക്രോഡീകരണത്തെക്കുറിച്ച് പല ഹദീസുകളിലുമുള്ളത്. എഴുതി ക്രോഡീകരിക്കുന്നതിന് ജാഅ് എന്നു പറയുന്നപോലെ മനഃപാഠമാക്കി എന്ന അര്‍ത്ഥത്തിലും ജംഅ് ഉപയോഗിക്കാറുണ്ട്. നബി(സ്വ)യുടെ വഫാതിനുശേഷം അലി(റ)യാണ് ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചത് എന്നു പറയുന്നത് മനഃപാഠമാക്കി എന്ന രണ്ടാം അര്‍ത്ഥത്തിലാണ്. അലി(റ) പറഞ്ഞു: ഞാന്‍ മുമ്പ്മനഃപാഠമാക്കിയതിലും അധികം ഖുര്‍ആനില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ആയതിനാല്‍ ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കുന്നതുവരെ (ക്രോഡീകരിക്കുന്നതുവരെ) നിസ്കരിക്കാന്‍ വേണ്ടിയല്ലാതെ മേല്‍തട്ടം ധരിച്ച് വീട്ടില്‍ നിന്നും പുറത്തിറങ്ങുകയില്ല എന്നു ഞാന്‍ ദൃഢനിശ്ചയം ചെയ്തു. ഈ അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിച്ച നിരവധി സ്വഹാബിമാര്‍ നബി(സ്വ)യുടെ കാലത്ത് തന്നെ ഉണ്ടായിരുന്നു.
ഖുര്‍ആന്‍ മൂന്നു തവണ ക്രോഡീകരിച്ചിട്ടുണ്ട്. ഒന്നാമത്തേത് നബി(സ്വ)യുടെ കാലത്തുതന്നെ. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), മുആവിയ(റ), അബ്ബാനിബ്നു സഈദ്(റ), ഖാലിദുബ്നുല്‍ വലീദ്(റ), ഉബയ്യുബ്നു കഅ്ബ്(റ), സൈദ് ബിന്‍ സാബിത്(റ), സാബിത് ബ്നു ഖൈസ്(റ) തുടങ്ങിയ വഹ്യ് എഴുതുന്നതിനായി നബി(സ്വ) തെരഞ്ഞെടുത്ത സ്വഹാബികളായിരുന്നു അന്ന് ഖുര്‍ആന്‍ ക്രോഡീകരിച്ചത്.
ഖുര്‍ആന്‍ അവസരങ്ങള്‍ക്കനുസരിച്ച് ഘട്ടങ്ങളായി അവതരിച്ചുകൊണ്ടിരിക്കുന്ന കാലമായതിനാല്‍ ഖുര്‍ആന്‍ ആദ്യാവസാനം ഇന്ന് നിലവിലുള്ള ക്രമത്തില്‍ ഒറ്റത്തവണയായി രേഖപ്പെടുത്തിയിരുന്നില്ല. മറിച്ച്, ഓരോ സന്ദര്‍ഭത്തിലും അവതരിക്കുന്ന ആയത്തുകള്‍ നബി(സ്വ) അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ഏതു സൂറത്തില്‍ ഏതു ഭാഗത്ത് എഴുതണമെന്ന് വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. അതനുസരിച്ച് അവര്‍ രേഖപ്പെടുത്തുകയും ചെയ്തു. പനയോല, തോല്, മൃഗങ്ങളുടെ പരന്ന എല്ല്, കല്ല് എന്നിവയിലൊക്കെയായിരുന്നു അവര്‍ ഖുര്‍ആന്‍ എഴുതിയിരുന്നത്. ഇങ്ങനെ നബി(സ്വ)യുടെ കല്‍പന പ്രകാരം ഖുര്‍ആന്‍ രേഖപ്പെടുത്തിയത് അവര്‍ സൂക്ഷിച്ചു. ഖുര്‍ആനിന്‍റെ ഒരു പതിപ്പ് പൂര്‍ത്തിയാകുന്നത് നബി(സ്വ)യുടെ വഫാത്തോടു കൂടിയായിരുന്നു. ആ പതിപ്പ് തോല്, എല്ല്, കല്ല്, ഇല തുടങ്ങിയവയിലായി പരന്നുകിടക്കുകയായിരുന്നു. ഘട്ടങ്ങളായി ഖുര്‍ആന്‍ അവതരിച്ച് കൊണ്ടിരിക്കുന്പോള്‍ അതൊരു ഗ്രന്ഥമായി ക്രോഡീകരിക്കുന്നതിനുള്ള അസൗകര്യവും അവതരിച്ച ആയത്തുകളില്‍ ഭേദഗതി (നസ്ഖ്) വരാനുള്ള സാധ്യതയും ഒക്കെയാണ് അന്ന് ഒറ്റ ഗ്രന്ഥമായി ക്രോഡീകരിക്കാതിരുന്നത്.
ഒന്നാം ഖലീഫ അബൂബക്ര്‍(റ)ന്‍റെ ഭരണകാലത്ത് അദ്ദേഹത്തിന്‍റെയും ഉമര്‍(റ)ന്‍റെയും മേല്‍നോട്ടത്തില്‍ ആയിരുന്നു ഖുര്‍ആനിന്‍റെ ഗ്രന്ഥരൂപത്തിലുള്ള ആദ്യ ക്രോഡീകരണം. ഹിജ്റ പന്ത്രണ്ടാം വര്‍ഷം കള്ളപ്രവാചകന്‍ മുസൈലിമതുമായുണ്ടായ ഏറ്റുമുട്ടലില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ എഴുപതോളം സ്വഹാബികള്‍ ശഹീദായതാണ് രണ്ടാം ക്രോഡീകരണത്തിന് നിമിത്തമായത്. ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ കൂടുതലായി രക്തസാക്ഷിത്വം വഹിച്ചാല്‍ മുസ്ലിം ഉമ്മത്തിന് ഖുര്‍ആന്‍ നഷ്ടപ്പെട്ടുപോകുമെന്ന് ആശങ്കപ്പെട്ട ഉമര്‍(റ) ഗ്രന്ഥരൂപത്തില്‍ ഖുര്‍ആന്‍ ആദ്യാവസാനം ക്രമമായി ക്രോഡീകരിക്കണമെന്ന് നിര്‍ദേശിച്ചു. അബൂബക്ര്‍(റ) ഈ ദൗത്യം ഏല്‍പിച്ചത് സൈദുബ്നു സാബിത്(റ)വിനെയാണ്.
ഓരോ റമളാന്‍ മാസത്തിലും അന്നുവരെ അവതരിച്ച ഖുര്‍ആന്‍ ഭാഗങ്ങള്‍ ജിബ്രീല്‍(അ) നബി(സ്വ)ക്ക് ആദ്യാവസാനം ഒരു തവണ ഓതിക്കേള്‍പ്പിക്കുക പതിവായിരുന്നു. നബി(സ്വ) വഫാതാവുന്നതിന് തൊട്ടുമുമ്പുള്ള റമളാനില്‍ ജിബ്രീല്‍(അ) നബി(സ്വ)ക്ക് രണ്ടു തവണ ഓതിക്കേള്‍പ്പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ മനഃപാഠമുള്ള ആള്‍, വഹ്യ് എഴുതാന്‍ നബി(സ്വ) ഏല്‍പിച്ചവരില്‍ പ്രധാനി എന്നതിന് പുറമെ ജിബ്രീല്‍(അ) നബി(സ്വ)ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ച സദസ്സില്‍ സന്നിഹിതനുമായിരുന്നു എന്നതായിരുന്നു സൈദുബ്നു സാബിത്(റ)നെ ഈ ദൗത്യനിര്‍വഹണം ഏല്‍പിക്കാന്‍ ഹേതുകം.
ഖലീഫയുടെ നിരന്തര സമ്മര്‍ദ്ദം കാരണമാണ് സൈദ്(റ) ഖുര്‍ആന്‍ ക്രോഡീകരണത്തിന് മുതിര്‍ന്നത്. സൈദ്(റ) പറഞ്ഞു: ഒരു വന്‍മല അതിന്‍റെ സ്ഥാനത്തുനിന്ന് മാറ്റിവെക്കാന്‍ അദ്ദേഹം എന്നോട് കല്‍പിച്ചിരുന്നെങ്കില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള ഈ കല്‍പനയേക്കാള്‍ എളുപ്പമായിരുന്നു അത് (തിര്‍മുദി).
തനിക്ക് പൂര്‍ണമായി മനഃപാഠമുണ്ടായിട്ടും അതനുസരിച്ച് ഖുര്‍ആന്‍ ക്രോഡീകരിക്കുകയായിരുന്നില്ല സൈദ്(റ) ചെയ്തത്. നബി(സ്വ)യുടെ സാന്നിധ്യത്തില്‍ വെച്ച് രേഖപ്പെടുത്തിയ ഖുര്‍ആന്‍ ഭാഗങ്ങള്‍ കൈവശമുള്ളവര്‍ അത് മസ്ജിദുന്നബവിയില്‍ ഹാജരാക്കാന്‍ ഖലീഫ ആഹ്വാനം ചെയ്തതു പ്രകാരം ലഭിച്ച ഖുര്‍ആന്‍ ഭാഗങ്ങള്‍ വിലയിരുത്തിയായിരുന്നു. നബി(സ്വ)യുടെ സന്നിധിയില്‍ വെച്ച് രേഖപ്പെടുത്തിയതാണെന്നതിന് സ്വീകാര്യമായ രണ്ടു സാക്ഷികളെക്കൂടി ഹാജരാക്കിയതിനു ശേഷമാണ് അവ സ്വീകരിച്ചിരുന്നത്. ഉമര്‍(റ), സൈദ്(റ) എന്നിവരുടെ സാന്നിധ്യത്തിലാവുകയും വേണം ഈ സാക്ഷ്യപ്പെടുത്തല്‍. ഈ രീതിയില്‍ അതീവ സൂക്ഷ്മതയോടു കൂടി ക്രോഡീകരിച്ച ഖുര്‍ആന്‍ നബി(സ്വ)യുടെ വീട്ടില്‍ ഉണ്ടായിരുന്ന, ഓല, കല്ല്, എല്ല് തുടങ്ങിയവയില്‍ രേഖപ്പെടുത്തിയ ഖുര്‍ആന്‍ പതിപ്പിനോടോ സൈദ്(റ) അടക്കമുള്ള സ്വഹാബിമാര്‍ക്ക് മനഃപാഠമുണ്ടായിരുന്ന ഖുര്‍ആനിനോടോ ഒരു വൈരുധ്യവുമുണ്ടായിരുന്നില്ല.
എന്നാല്‍ തനിക്ക് മനഃപാഠമുണ്ടായിരുന്നതും നബി(സ്വ)യുടെ വീട്ടിലുണ്ടായിരുന്ന ഖുര്‍ആനിലുണ്ടായിരുന്നതുമായ സൂറതുത്തൗബയിലെ അവസാന രണ്ടു ആയത്തുകള്‍ അബൂഖുസൈമതുല്‍ അന്‍സ്വാരി(റ) മാത്രമേ എഴുതി സൂക്ഷിച്ച രൂപത്തില്‍ ഹാജരാക്കിയിരുന്നുള്ളൂ എന്ന് സൈദ്(റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്. നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ എഴുതി സൂക്ഷിച്ച ഓല, കല്ല്, എല്ല് എന്നിവ ശേഷിപ്പുണ്ടായിരുന്നിട്ടും ഖലീഫ അബൂബക്ര്‍(റ), സൈദ്(റ) തുടങ്ങിയ ആയിരങ്ങള്‍ക്ക് മനഃപാഠമുണ്ടായിരുന്നിട്ടും അവ മാത്രം അവലംബിക്കാതെ സ്വഹാബത്തിന്‍റെ കൈവശം അവര്‍ എഴുതി സൂക്ഷിച്ച ആയിരക്കണക്കിന് കോപ്പികള്‍ മുഴുവന്‍ സൂക്ഷ്മമായി പരിശോധിച്ച് അവ തമ്മില്‍ അന്തരം ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രം ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ അവര്‍ക്ക് പ്രചോദനം ദീന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സ്വഹാബത്തിന്‍റെ നിസ്തുലമായ സൂക്ഷ്മത തെളിയിക്കുന്നു.
നബി(സ്വ) ഖുര്‍ആനിനെ ഗ്രന്ഥരൂപത്തിലാക്കിയിട്ടില്ല എന്ന കാരണത്താല്‍ പ്രഥമ ഘട്ടത്തില്‍ അബൂബക്ര്‍(റ), ഉമര്‍(റ) നിര്‍ദേശത്തിന് സമ്മതിച്ചില്ല. സൈദ്(റ)വും ആദ്യം വിസമ്മതം പറഞ്ഞു. എന്നാല്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാതിരുന്നാല്‍ പില്‍ക്കാലത്ത് ഉണ്ടാകാവുന്ന വിപത്തുകളെക്കുറിച്ച് ബോധ്യമായപ്പോള്‍ അവരെല്ലാം അതിന് സര്‍വസജ്ജരായി. ഖലീഫയുടെ ഈ നിസ്തുല സേവനത്തെക്കുറിച്ച് പിന്നീട് അലി(റ) പറഞ്ഞു: മുസ്ഹഫുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പുണ്യം ലഭിക്കുന്നത് അബൂബക്ര്‍(റ)വിനാണ്. അബൂബക്ര്‍(റ)വിന് അല്ലാഹുവിന്‍റെ കാരുണ്യമുണ്ടാകട്ടെ. അദ്ദേഹമാണ് ഖുര്‍ആനിനെ ആദ്യമായി ഗ്രന്ഥരൂപത്തിലാക്കിയത് (അബൂദാവൂദ്).
പല വസ്തുക്കളിലായി ആദ്യം എഴുതിയ ഖുര്‍ആന്‍ പതിപ്പിലും രണ്ടാം ഖുര്‍ആന്‍ പതിപ്പിലും ഖുര്‍ആന്‍ പാരായണത്തിന്‍റെ വ്യത്യസ്തമായ ഏഴു രീതികളും ഉള്‍പ്പെടുത്തിയിരുന്നു. സൈദ്(റ) പുസ്തക രൂപത്തില്‍ എഴുതി ക്രോഡീകരിച്ച് ഖുര്‍ആന്‍ കോപ്പിക്ക് കൂടിയാലോചനയിലൂടെ സ്വഹാബത്ത് മുസ്വ്ഹഫ് എന്ന പേര് നല്‍കി. ഈ മുസ്വ്ഹഫ് അബൂബക്ര്‍(റ) സൂക്ഷിച്ചു. അദ്ദേഹത്തിന്‍റെ വഫാതിന് ശേഷം രണ്ടാം ഖലീഫ ഉമര്‍(റ)വും. ഉമര്‍(റ)ന്‍റെ വഫാത്തിനു ശേഷം അദ്ദേഹത്തിന്‍റെ മകളും തിരുനബി(സ്വ)യുടെ പ്രിയപത്നിയുമായ ഹഫ്സ(റ)യാണ് ഇത് കൈവശം വെച്ചത്.
മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് ഹിജ്റ 2425 വര്‍ഷത്തിലാണ് മൂന്നാമത്തെ ക്രോഡീകരണം. രണ്ടാം ഖലീഫ ഉമര്‍(റ)ന്‍റെ കാലത്ത് ഇസ്ലാമിക സാമ്രാജ്യത്തിനു വികസനവും മുസ്ലിം അംഗസംഖ്യയുടെ അഭൂതപൂര്‍വമായ വര്‍ധനവും പാരായണത്തിന്‍റെ പേരിലുണ്ടായ വ്യത്യാസങ്ങളുമാണ് മൂന്നാം ക്രോഡീകരണത്തിന് ഹേതുവായത്. ഖുര്‍ആന്‍ പാരായണത്തില്‍ ഏഴ് രീതികള്‍ ഉണ്ടായതിനാല്‍ അവയിലെ വ്യത്യസ്ത രീതികളാണ് സ്വഹാബികള്‍ പൊതുവെ അവലംബിച്ചിരുന്നത്. ഖുര്‍ആന്‍ പാരായണത്തില്‍ വിദഗ്ധരായ ഓരോ സ്വഹാബിയുടെ രീതിയാണ് വിവിധ നാട്ടുകാര്‍ അവലംബിച്ചത്. ഉദാഹരണമായി സിറിയ ഉള്‍പ്പെടുന്ന അവിഭക്ത ശാമുകാര്‍ ഉബയ്യുബ്നു കഅ്ബ്(റ)ന്‍റെ പാരായണ രീതിയും ഇറാഖിലെ കൂഫക്കാര്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്‍റെ രീതിയും അവലംബിച്ചു. തല്‍ഫലമായി ഒരുപക്ഷം അവരുടേതല്ലാത്ത ഖുര്‍ആന്‍ പാരായണം ശരിയല്ലെന്ന് പറഞ്ഞ് മറുനാട്ടുകാരെ പഴിചാരുന്ന അവസ്ഥ ഉടലെടുത്തു. അര്‍മീനിയ, അസര്‍ബൈജാന്‍ തുടങ്ങിയ നാടുകളിലേക്ക് പ്രബോധനത്തിന് പോയ നിയുക്ത സംഘം മടങ്ങിവന്നപ്പോള്‍ ആ കൂട്ടത്തിലുണ്ടായിരുന്ന ഹുദൈഫതുബ്നു യമാന്‍(റ)വാണ് ഈ അഭിപ്രായ ഭിന്നതയെക്കുറിച്ച് ഖലീഫ ഉസ്മാന്‍(റ)വിനെ വിവരം അറിയിച്ചതും അടിയന്തിര പരിഹാരം കാണാന്‍ അപേക്ഷിച്ചതും.
അബൂബക്ര്‍(റ)ന്‍റെ കാലത്ത് ക്രോഡീകരിച്ചതും ഹഫ്സ(റ)യുടെ കൈവശമുള്ളതുമായ മുസ്ഹഫിന്‍റെ കുറേയധികം പകര്‍പ്പുകളെടുത്ത് ഉസ്മാന്‍(റ) മുസ്ലിം നാടുകളില്‍ വിതരണം ചെയ്യുകയും ആ എഴുത്തുരീതിയിലല്ലാതെ അവര്‍ സ്വന്തമായി എഴുതിയ മറ്റു പ്രതികള്‍ നശിപ്പിക്കാന്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. ഖുര്‍ആനിന്‍റെ പേരില്‍ പിന്നീടുണ്ടാവാനിടയുള്ള ഭിന്നത എന്നെന്നേക്കുമായി അവസാനിപ്പിക്കാനായിരുന്നു ഉസ്മാന്‍(റ) ഈ മാര്‍ഗം സ്വീകരിച്ചത്. അതനുസരിച്ച്, ഹഫ്സ(റ) സൂക്ഷിച്ചിരുന്ന മുസ്വ്ഹഫ് മടക്കിക്കൊടുക്കാമെന്ന് ഉറപ്പുനല്‍കി ഉസ്മാന്‍(റ) വരുത്തിച്ചു. പകര്‍ത്തിയെഴുതാനായി ഒന്നാം തവണ ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതില്‍ പങ്കുവഹിക്കുകയും രണ്ടാം ക്രോഡീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സൈദ്(റ)നെ തന്നെ ചുമതലപ്പെടുത്തി. മൂന്നംഗസംഘത്തെ ഇതിലദ്ദേഹത്തെ സഹായികളായി ഏര്‍പ്പെടുത്തുകയുണ്ടായി. അബ്ദുല്ലാഹിബ്നു സുബൈര്‍(റ), സഈദുബ്നു ആസ്വ്(റ), അബ്ദുറഹ്മാനിബ്നില്‍ ഹാരിസ്(റ) എന്നിവരായിരുന്നു അവര്‍.
ഖുര്‍ആനിന്‍റെ പേരില്‍ ഇനിയൊരിക്കലും ഭിന്നത ഉടലെടുക്കാത്ത രീതിയില്‍ ആശങ്കക്കിടയില്ലാത്ത വിധം ഖുര്‍ആന്‍ പാരായണത്തിലെ ഏഴ് രീതികളും ഇങ്ങനെ പകര്‍ത്തിയെഴുതിയ മുസ്ഹഫുകളിലും അവര്‍ രേഖപ്പെടുത്തി. ആറ് പകര്‍പ്പുകളാണ് അവര്‍ എഴുതി ഉണ്ടാക്കിയതെന്നാണ് പ്രബലാഭിപ്രായം. ശേഷം ഹഫ്സ(റ)യില്‍ നിന്നും വാങ്ങിയ മുസ്വ്ഹഫ് തിരിച്ചുകൊടുത്തു. പകര്‍ത്തിയെഴുതിയവയില്‍ ഒരു കോപ്പി ഉസ്മാന്‍(റ) സൂക്ഷിച്ചു. ആ കോപ്പി മുസ്ഹഫുല്‍ ഇമാം എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി. നാല് കോപ്പികള്‍ മക്ക, ശാം, ബസ്വറ, കൂഫ എന്നീ നാടുകളിലേക്ക് കൊടുത്തയക്കുകയും ഒരു കോപ്പി മദീനയില്‍ തന്നെ പൊതുജനാവശ്യാര്‍ത്ഥം സൂക്ഷിക്കുകയും ചെയ്തു.

എഎ ഹകീം സഅദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ