ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ ആധികാരിക ശബ്ദമാണ് ഇമാം ഇബ്നുല്‍ ജസ്രി(റ). തജ്വീദിലും ഇല്‍മുല്‍ ഖിറാഅത്തിലും അറിയപ്പെട്ട ധാരാളം പണ്ഡിത പ്രമുഖരുണ്ട്. അവരുടെ ചരിത്രം പരമാവധി ഇമാം ഇബ്നുല്‍ ജസ്രി(റ) തന്‍റെ ഗായതുന്നിഹായയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടുകാരനായ അല്‍ഹാഫിള് അബൂഉബൈദില്‍ ഖുറാസാനിയാണ് പാരായണ ശാസ്ത്ര ശാഖയില്‍ മഹത്തായ സേവനം നടത്തിയ ശ്രദ്ധേയ പണ്ഡിതന്‍. ഖുര്‍ആന്‍ പാരായണ രീതികള്‍ പരമാവധി അദ്ദേഹം ക്രോഡീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് അഞ്ചാം നൂറ്റാണ്ടില്‍ അബൂ അംറി നിദ്ദാനി(റ) അല്‍മുഖന്നഅ് ഫീ റസ്മി മുസ്വ്ഹഫില്‍ അംസ്വാര്‍, അത്തയ്സീര്‍ തുടങ്ങിയ കൃതികളില്‍ വ്യത്യസ്ത നിവേദനങ്ങളും പാരായണ രൂപങ്ങളും ഉള്‍ക്കൊള്ളിക്കുകയുണ്ടായി. ധാരാളം ഗ്രന്ഥങ്ങള്‍ ചെറുതും വലുതും പദ്യഗദ്യങ്ങളിലായി അദ്ദേഹത്തിനുണ്ട്.

അബൂഅംറി നിദ്ദാനി(റ)യുടെ ഗ്രന്ഥങ്ങള്‍ വിശാലവും കടുപ്പവുമായതിനാല്‍ അവയില്‍ നിന്നും ഒരു വിജ്ഞാന ശാഖ കടഞ്ഞെടുക്കുക അത്ര എളുപ്പമായിരുന്നില്ല. അതിനാല്‍ തന്നെ സുഗ്രാഹ്യതയുള്ള ഒരു സംക്ഷേപം അനിവാര്യമായി. അതിന്‍റെ സഹായത്തോടെ മൂലഗ്രന്ഥഗ്രാഹ്യത എളുപ്പമാകുമായിരുന്നതിനാല്‍ ആറാം നൂറ്റാണ്ടില്‍ ജനിച്ച അബൂ മുഹമ്മദു ശാത്തിബി(റ) എന്നറിയപ്പെടുന്ന അബുല്‍ ഖാസിമുബ്നു ഫിര്‍റൂഹ് അല്‍ ഉന്‍ദുലുസി എന്ന വിശ്രുത പണ്ഡിതന്‍ ഈ ദൗത്യത്തിന് സന്നദ്ധനായി. അന്ധനായിരുന്നിട്ടും നിരുപമമായ ഗ്രഹണശേഷിയും ബുദ്ധിശക്തിയും കൊണ്ട്, പ്രഗത്ഭമതികളായ പണ്ഡിതരില്‍ നിന്നും ഇല്‍മുല്‍ ഖിറാഅത്തടക്കം വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തി നേടിയ അദ്ദേഹം അങ്ങനെ ക്രോഡീകരിച്ചതാണ് 1200-ഓളം വരികളുള്ള പ്രസിദ്ധമായ ലാമിയ്യ. അശ്ശാത്തിബിയ്യ എന്ന പേരിലാണ് ഈ ഖണ്ഡകാവ്യം അറിയപ്പെടുന്നത്. വ്യത്യസ്ത പാരായണ രീതികളും പദവ്യത്യാസങ്ങളും അതില്‍ മനോഹരമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സ്വീകാര്യത നേടുകയും പ്രധാന പണ്ഡിതര്‍ അതിന് വ്യാഖ്യാനങ്ങളെഴുതുകയുമുണ്ടായി. എട്ടാം നൂറ്റാണ്ട് വരെയും പ്രഗത്ഭരുടെ കൈകളിലൂടെ അതിന്‍റെ കൈമാറ്റവും പകര്‍ച്ചയും നടന്നത് തനിക്കനുഭവമുണ്ടെന്ന് ഇമാം ഇബ്നുല്‍ ജസ്രി(റ) ഗായത്തുന്നിഹായയില്‍ എഴുതിക്കാണാം.

ഇബ്നുല്‍ ജസ്രി(റ) ഹിജ്റ 751 റമളാന്‍ 25-ാം രാവില്‍ ശനിയാഴ്ച രാത്രി ഡമസ്കസിലാണ് ജനിച്ചത്. നാല്‍പത് വയസ്സായിട്ടും സന്താന സൗഭാഗ്യമില്ലാതിരുന്ന പിതാവ് മുഹമ്മദുല്‍ ജസരി(റ) 750-ല്‍ നടത്തിയ ഹജ്ജ് യാത്രയില്‍ സംസം കുടിച്ച്, പണ്ഡിതനായ ഒരു സന്താനത്തെ ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തി ആദ്യത്തെ റമളാന്‍ അവസാനത്തിലാണ് പ്രാര്‍ത്ഥനാ പുലര്‍ച്ചയായി പുത്രന്‍ ജനിച്ചത്. തന്‍റെയും തന്‍റെ പിതാവിന്‍റെയും നാമം മുഹമ്മദ് എന്നായിരുന്നിട്ടും മകനും മുഹമ്മദ് എന്നുതന്നെ പേരുവിളിച്ചു.

ഇമാമിന്‍റെ പിതാവ് പണ്ഡിതനും ഒപ്പം കച്ചവടക്കാരനുമായിരുന്നു. മകനുണ്ടാവാനും പണ്ഡിതനാവാനും പ്രാര്‍ത്ഥിച്ച പിതാവ് കുഞ്ഞ് പിറന്നപ്പോള്‍ നല്ല നിലയില്‍ വളര്‍ത്തുകയും മികച്ച പണ്ഡിതരുടെ ശിഷ്യത്വം നല്‍കുകയും ചെയ്തു. തന്‍റെ കൂടി ഗുരുനാഥനായ ശൈഖ് ഹസനുബ്നു അബ്ദില്ലാഹിസ്സറൂജി അദ്ദിമശ്ഖി(റ)യില്‍ നിന്നു തന്നെ മകനും ഖുര്‍ആന്‍ പാരായണത്തിനും മനഃപാഠത്തിനും അവസരമൊരുക്കി. വളരെ വേഗം ഖുര്‍ആന്‍ മനഃപാഠമാക്കിയ ജസ്രി അശ്ശാത്തിബിയ്യയില്‍ നിന്ന് സിംഹഭാഗവും മനഃപാഠം പഠിച്ചു.

പതിമൂന്നാം വയസ്സിലാണ് അദ്ദേഹം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നത്. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ മികവു പുലര്‍ത്തിയതിനാല്‍ 14 വയസ്സുള്ളപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ഗുരുനാഥന്‍ അനുമതി നല്‍കി. ഖുര്‍ആന്‍ പഠന കാലത്ത് തന്നെ ഹദീസ് പഠനത്തിലും ശ്രദ്ധിച്ചു. സുപ്രസിദ്ധ ഹദീസ് പണ്ഡിതന്‍ അബുല്‍ ഹസന്‍ അലിയ്യുബ്നു അഹ്മദുല്‍ ബുഖാരി(റ)യുടെ ശിഷ്യഗണത്തില്‍ നിന്നും ഹദീസ് സ്വീകരിക്കാന്‍ അവസരമൊത്തു.

നാട്ടിലും പരിസരത്തുമുള്ള പ്രസിദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്ര വിശാരദന്മാരായ പണ്ഡിതരില്‍ നിന്നും ഖിറാഅത്ത് പഠിക്കുന്നതില്‍ കൂടുതല്‍ താല്‍പര്യം കാണിച്ചു. അബൂ മുഹമ്മദ് അബ്ദുല്‍ വഹാബ് ബ്നു സല്ലാര്‍, അഹ്മദു ത്വഹ്ഹാന്‍, അഹ്മദ് ബ്നു റജബ് തുടങ്ങിയവരില്‍ നിന്നും പ്രസിദ്ധ തജ്വീദ് പണ്ഡിതനായ ഇബ്റാഹിമുല്‍ ഹമവി, അബുല്‍ മആലി ബ്നു ലബ്ബാന്‍ എന്നിവരില്‍ നിന്നും ഏഴ് ഖിറാഅത്തുകളും സ്വായത്തമാക്കി. അപ്പോള്‍ 17 വയസ്സായിരുന്നു അദ്ദേഹത്തിന്. മഹാ ഗുരുക്കളെയും പണ്ഡിതരെയും തേടി പിന്നെയും യാത്ര തുടര്‍ന്നു. അവരില്‍ നിന്നും സനദും അനുമതിയും സമ്പാദിക്കണമെന്ന ആഗ്രഹം കൂടുതലായി.

ഹിജ്റ 768-ല്‍ വിശുദ്ധ ഭൂമിയിലേക്ക് യാത്രയായി. മുഹമ്മദ് ബ്നു യൂസുഫ് ബ്നു അബ്ദില്ലാഹില്‍ ഉന്‍ദുലുസിയെ സമീപിച്ച് സനദ് വാങ്ങാനാഗ്രഹിച്ചു. അദ്ദേഹം സ്പെയ്നിലെ ഗ്രാനഡയിലെ പ്രശസ്ത ഖതീബും ഖുര്‍ആന്‍ പാരായണ ശാസ്ത്ര വിശാരദനുമായിരുന്നു. പക്ഷേ, അങ്ങോട്ടുള്ള യാത്രയുടെ പ്രയാസം കണക്കിലെടുത്ത് മാതാപിതാക്കള്‍ അതിനനുവദിച്ചില്ല. അങ്ങനെയാണ് ഹജ്ജിനും ഉപരിപഠനത്തിനുമായി പുണ്യ ഭൂമിയിലേക്ക് യാത്ര തിരിച്ചത്. മദീനയിലെ പ്രശസ്ത ഖിറാഅത്ത് പണ്ഡിതനായ മദീന ഇമാം ശൈഖ് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു സ്വാലിഹില്‍ ഖത്വീബിയില്‍ നിന്ന് ഇബ്നു ശുറൈഹിയുടെ അല്‍കാഫിയും അബൂ അംറിനിദ്ദാനി(റ)യുടെ അത്തയ്സീറും പഠിച്ചു. നാട്ടിലെത്തിയ ശേഷം അവിടെയുള്ള ഗുരുവര്യരില്‍ നിന്നും പഠനം തുടര്‍ന്നു.

ഹിജ്റ 769-ല്‍ ഈജിപ്തിലേക്ക് പോയി. കൈറോയിലെ പ്രഗത്ഭരായ പണ്ഡിതരെ ലക്ഷ്യം വെച്ചായിരുന്നു യാത്ര. അവിടെ അന്ന് ധാരാളം ഖുര്‍ആന്‍ പണ്ഡിതരുണ്ടായിരുന്നു. ശൈഖ് മുഹമ്മദ് ബ്നു സ്വായിഗ്, അബ്ദുറഹ്മാനുല്‍ ബഗ്ദാദീ, അബൂബക്റുബ്നുല്‍ ജുന്‍ദീ തുടങ്ങിയവരില്‍ നിന്നും ഖിറാഅത്തും നിയമങ്ങളും പകര്‍ത്തി. ഇബ്നുല്‍ ജുന്‍ദി(റ)യുടെ മുമ്പാകെ ഇജാസത്തിനായി ഖുര്‍ആന്‍ പാരായണം തുടങ്ങി. സൂറത്തുന്നഹ്ലിലെ 90-ാം സൂക്തമായ ‘നിശ്ചയം അല്ലാഹു നീതിയും ഗുണം ചെയ്യലും കല്‍പിക്കുന്നു…’ എന്നിടത്ത് എത്തിയപ്പോള്‍ ഇബ്നുല്‍ ജസ്രി(റ) ഗുരുവിനോട് ഇജാസത്ത് നല്‍കാനായി അപേക്ഷിച്ചു. അദ്ദേഹം ഇജാസത്ത് നല്‍കുകയും അതിന് സാക്ഷികളെ വെക്കുകയും ചെയ്തു. വൈകാതെ ശൈഖ് മരണപ്പെടുകയുണ്ടായി. തുടര്‍ന്ന് മറ്റു രണ്ടു പ്രഗത്ഭരില്‍ നിന്നും പാരായണം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി.

നാട്ടിലെത്തി അല്‍പകാലം കഴിഞ്ഞ് വീണ്ടും കൈറോയിലേക്ക് തിരിച്ചു. നേരത്തെ കണ്ടുമുട്ടിയ രണ്ടു പണ്ഡിതരില്‍ നിന്നും ഇനിയും ഏറെ പഠിക്കാന്‍ കൊതിച്ചായിരുന്നു യാത്ര. അതിനോടൊപ്പം ശൈഖ് അബ്ദുറഹീം അല്‍ അസ്നവി(റ)യില്‍ നിന്നും ശാഫിഈ മദ്ഹബില്‍ കൂടുതല്‍ അവഗാഹം നേടുകയും ഹാഫിളുദ്ദിംയാത്വി(റ)യുടെ ശിഷ്യപ്രമുഖരില്‍ നിന്നും ഹദീസ് സമ്പാദിക്കുകയും ചെയ്തു. സമയം നഷ്ടപ്പെടുത്താതെ ഓരോരുത്തരില്‍ നിന്നും വ്യത്യസ്ത ജ്ഞാനമധു നുകര്‍ന്നു.

നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഖാളി അബൂയൂസുഫ് അഹ്മദ് ബ്നുല്‍ ഹുസൈന്‍(റ)യില്‍ നിന്നും ഏഴ് ഖിറാഅത്തും ഒരു ഖത്മില്‍ പൂര്‍ത്തിയാക്കി. ഈജിപ്തിലെ വിജ്ഞാന ഖനികളിലെ ദാഹം അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല. ഇല്‍മുല്‍ ഉസ്വൂല്‍, ഇല്‍മുല്‍ മആനി, ഇല്‍മുല്‍ ബയാന്‍ തുടങ്ങിയ വിജ്ഞാന ശാഖകളില്‍ ഗുരുവര്യരെ തേടിയായിരുന്നു പ്രധാനമായും മൂന്നാമത്തെ ഈജിപ്ത് യാത്ര. ശൈഖ് ളിയാഉദ്ദീന്‍ സഅ്ദുല്ലാഹില്‍ ഖസ്വീനിയില്‍ നിന്നും മറ്റും ഇവ സ്വായത്തമാക്കി. പിന്നീട് അലക്സാണ്ട്രിയയിലേക്ക് പോയി. അവിടെ സുല്‍ത്വാനുല്‍ ഉലമ ഇസ്സുബ്നു അബ്ദിസ്സലാം(റ)യുടെ ശിഷ്യരില്‍ നിന്നും ധാരാളം ഹദീസുകളും ഇതര വിജ്ഞാനീയങ്ങളും ശ്രവിച്ചു. ഖിറാഅത്തിന്‍റെ മറ്റു ഗുരുവര്യരുമായി കൂടുതലടുക്കുകയും പോഷിപ്പിക്കുകയും ചെയ്തു.

ഇമാമിന്‍റെ ഗുരുവര്യന്മാര്‍ മുകളില്‍ വിവരിച്ചവരും അല്ലാത്തവരുമായി ഏറെയുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാനായ ഖിറാഅത്ത് പണ്ഡിതനായ അബുല്‍ ഖാസിമില്‍ ഹുദലി ഖിറാഅത്ത് പണ്ഡിതരെയന്വേഷിച്ച് വളരെയേറെ സഞ്ചരിക്കുകയുണ്ടായി. തന്‍റെ കിതാബായ അല്‍കാമിലില്‍ 365 ഗുരുവര്യരില്‍ നിന്നും ലഭിച്ചതാണ് ഞാനിതില്‍ ക്രോഡീകരിച്ചിരിക്കുന്നത് എന്നെഴുതിക്കാണാം. അതില്‍ 122 ഗുരുവര്യരുടെ പേര് വിവരം അല്‍കാമിലില്‍ നിന്നെടുത്ത് ഇബ്നുല്‍ ജസ്രി(റ) ഗായത്തില്‍ ചേര്‍ത്തിട്ടുണ്ട്. ദമസ്കസില്‍ അമവി മസ്ജിദില്‍ വെച്ച് ഇബ്റാഹീമുദ്ദിമശ്ഖി അല്‍ ഇസ്കന്‍ദരി(റ) മുമ്പാകെ അല്‍ കാമില്‍ എന്ന ഈ ഗ്രന്ഥം ഇബ്നുല്‍ ജസ്രി(റ) പാരായണം ചെയ്യുകയുണ്ടായി. ഇമാം സ്വഫ്റാവി(റ)യുടെ അല്‍ ഇഅ്ലാന്‍, കൈറോവില്‍ വെച്ച് ഇബ്റാഹിമുശ്ശാമീ(റ)യില്‍ നിന്ന് സ്വീകരിച്ചു. ഈ വിധം അനേകം ഗ്രന്ഥങ്ങളും വിജ്ഞാന ശാഖകളും പ്രഗത്ഭരില്‍ നിന്നും ചിലപ്പോള്‍ ഒന്നിലധികം പേരില്‍ നിന്നും നേടി. അദ്ദേഹം അറിവുതേടിയവരും അവരുടെ ഗുരുവര്യരും ശിഷ്യരുമായ നാലായിരത്തോളം പണ്ഡിതരുടെ വിവരണം ഗായത്തിലുണ്ട്.

ഗുരുനാഥന്മാരുടെ അംഗീകാരവും അനുമതിയും ഇമാം ഇബ്നുല്‍ ജസ്രി(റ) ആര്‍ജിച്ചു കൊണ്ടിരുന്നു. ഓരോ ഗ്രന്ഥവും പൂര്‍ണമായി ഓതുകയും ഓതിക്കേള്‍ക്കുകയും ചെയ്തുകൊണ്ട് പാരായണ ശാസ്ത്രത്തിന്‍റെ കുലപതിയായി മഹാന്‍ പ്രസിദ്ധനായി. 23 വയസ്സുള്ളപ്പോള്‍ ഇബ്നുകസീര്‍ ഫത്വ നല്‍കുന്നതിനുള്ള ഇജാസത്ത് സമ്മാനിച്ചു. 27-ാം വയസ്സില്‍ ളിയാഉദ്ദീനില്‍ ഖസ്വീനി(റ)യും 34 വയസ്സുള്ളപ്പോള്‍ ശൈഖുല്‍ ഇസ്‌ലാം അല്‍ബുല്‍ഖീനി(റ)യും ഫത്വ നല്‍കാന്‍ അനുമതി നല്‍കി.

നീണ്ട ജ്ഞാനാന്വേഷണ യാത്രകള്‍ക്കൊടുവില്‍ സ്വന്തം നാട്ടില്‍ കഴിയാന്‍ ഇമാം തീരുമാനിച്ചു. ദിമശ്ഖില്‍ അദ്ദേഹത്തിന്‍റെ പ്രശസ്തി വര്‍ധിച്ചു. അദ്ദേഹത്തെ തേടി അറിവന്വേഷകരൊഴുകി. അനേകം ദേശങ്ങളില്‍, സ്ഥാപനങ്ങളില്‍ ഏറെ ശിഷ്യ സമ്പത്തുണ്ടായി. ആര്‍ജിച്ച വിജ്ഞാന ശാഖകളിലെല്ലാം ശ്രദ്ധേയമായ ഗ്രന്ഥങ്ങളും രചിച്ചു. ഗ്രന്ഥങ്ങളും ശിഷ്യരും അനുയായികളും പരന്ന ബന്ധങ്ങളും അദ്ദേഹത്തെ ഏറെ സ്വീകാര്യനാക്കി.

ദമസ്കസിലെ ജാമിഉല്‍ അമവിയ്യയില്‍ വര്‍ഷങ്ങളോളമാണ് ദര്‍സ് നടത്തിയത്. പിന്നീട് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച തുര്‍ബത് ഉമ്മു സ്വലാഹില്‍ ഖിറാഅത്തിന്‍റെ ഗുരുവും മുദര്‍രിസുമായി. സമകാലത്തെ ഏറ്റവും ഉന്നതനായ പണ്ഡിതന്‍ മാത്രമേ അവിടെ ഗുരുവര്യരാകാവൂ എന്ന നിബന്ധനയുണ്ടായിരുന്നു. തന്‍റെ ഗുരുവായ അബ്ദുല്‍ വഹ്ഹാബ്ബ്നു സല്ലാര്‍ വഫാത്തായ ശേഷം ജസ്രി(റ) അവിടെ നിയമിതനായത് പാണ്ഡിത്യത്തിനുള്ള അംഗീകാരം കുറിക്കുന്നു.

പില്‍ക്കാലത്ത് ഡമസ്കസില്‍ അദ്ദേഹം ഒരു ദാറുല്‍ ഖുര്‍ആന്‍ സ്ഥാപിക്കുകയുണ്ടായി. ഇല്‍മുല്‍ ഖിറാഅത്തില്‍ വിദഗ്ധ പഠനത്തിനായി സ്ഥാപിച്ചതാണിത്. അതില്‍ അദ്ദേഹം പ്രധാന ഗുരുനാഥനായിരുന്നു. അല്‍ മദ്റസതുസ്വലാഹിയ്യയില്‍ ഒരു വര്‍ഷം മുദരിസായി. ശൈഖ് നജ്മുദ്ദീന്‍ ബ്നു ജമാഅ(റ)ന് ശേഷമായിരുന്നു ഇത്. ശീറാസിലും ഓത്ത് പഠിക്കാനെത്തുന്നവര്‍ക്കായി ദാറുല്‍ ഖുര്‍ആന്‍ സ്ഥാപിച്ചു ദര്‍സ് നടത്തി.

ദാറുല്‍ ഹദീസില്‍ അശ്റഫിയ്യയിലും മദ്റസതുല്‍ അതാബികയിലും ദര്‍സ് നടത്തി. ഭരണകൂടവുമായി ബന്ധപ്പെട്ട് ചില ഔദ്യോഗിക പദവികളും അദ്ദേഹം വഹിക്കുകയുണ്ടായി. ഈജിപ്തില്‍ അല്‍ മലികുല്‍ മുഅയ്യദ് അഹ്മദുല്‍ അലാഇക്കുവേണ്ടി സുപ്രധാന എഴുത്തുകുത്തുകള്‍ നടത്തിയത് ഇതിലൊന്നാണ്. ശീറാസിലും ശാമിലും കുറച്ചു കാലം നിര്‍ബന്ധിത സാഹചര്യത്തില്‍ ഖാളിയായും സേവനമനുഷ്ഠിച്ചു. ഡമസ്കസിലെ ജാമിഉത്തൗബയില്‍ ഖത്വീബുമായി.

വൈജ്ഞാനിക സാധനക്ക് വ്യത്യസ്ത നാടുകളില്‍ സഞ്ചരിച്ചതുപോലെ അധ്യാപനത്തിനായും ദേശങ്ങള്‍ താണ്ടി. ആരോഗ്യവും ആയുഷ്കാലവും അറിവിനുവേണ്ടി ചെലവഴിക്കണമെന്നായിരുന്നു മഹാന്‍റെ തത്ത്വം. അങ്ങനെ ഈജിപ്തിലേക്കും അലക്സാണ്ട്രിയയിലേക്കും റോമന്‍ നാടുകളിലേക്കും യാത്ര ചെയ്തു. യാത്രാമധ്യേ ഉസ്മാനിയ ഖലീഫ ബായസീദ് ഇമാമിനെ വലിയ ബഹുമതി നല്‍കി സ്വീകരിക്കുകയുണ്ടായി. ഖിറാഅത്തും ഖുര്‍ആനിക വിജ്ഞാനങ്ങളും ഹദീസും വ്യാപകമായി പ്രചരിപ്പിക്കാന്‍ അനുകൂല സാഹചര്യമൊരുക്കി. ഏഴു വര്‍ഷക്കാലം അവിടെ കഴിഞ്ഞു.

സുല്‍ത്വാന്‍ ബായസീദിന്‍റെ മരണശേഷം മാവറാഅന്നഹ്റിലെ ഭരണാധിപന്‍ തയ്മൂര്‍ ലന്‍കിന്‍റെ അടുത്തേക്ക് പോയി. അദ്ദേഹവും അധ്യാപന സൗകര്യമൊരുക്കി. പിന്നീട് സമര്‍ഖന്ദിലും ഖുറാസാനിലും ഇസ്ഫഹാനിലും കഴിഞ്ഞു. തുടര്‍ന്ന് ശീറാസിലെത്തി. അവിടുത്തെ ഭരണാധികാരികള്‍ ചിരകാലം അവിടെ താമസിക്കാന്‍ നിര്‍ബന്ധിച്ചു. നീതിമാനായ ഖാളിയായും അവര്‍ക്കദ്ദേഹത്തെ ആവശ്യമായിരുന്നു. 14 വര്‍ഷം അവിടെ ജീവിച്ചു. മുകളില്‍ സൂചിപ്പിച്ച ദാറുല്‍ ഖുര്‍ആന്‍ ഈ അവസരത്തിലാണ് സ്ഥാപിക്കുന്നത്. അവിടെ ധാരാളം ശിഷ്യസമ്പത്തുണ്ടായി. ശീറാസില്‍ നിന്ന് ഇമാം 821-ലാണ് ഇറാഖിലേക്ക് പോയത്. എങ്കിലും എട്ട് വര്‍ഷത്തിനു ശേഷം ശീറാസില്‍ തന്നെ തിരിച്ചെത്തി. അവിടെ വെച്ചാണ് അന്ത്യം.

ഹിജ്റ 822-ല്‍ മദീനയിലേക്ക് യാത്രയായി. കൂടെ കാസറൂനിലെ ഖാളിയായ പ്രമുഖ ശിഷ്യന്‍ മുഈനുദ്ദീനുബ്നു അബ്ദില്ലയും ഉണ്ടായിരുന്നു. അവര്‍ നജ്ദിലെത്തിയപ്പോള്‍ ചില മരുഭൂവാസികള്‍ പിടികൂടി. പക്ഷേ, അല്ലാഹു അവരെ രക്ഷപ്പെടുത്തി; കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ടെങ്കിലും. ഹജ്ജ് യാത്ര മുടങ്ങി. ഇനൈസയില്‍ കഴിയവെ ഇമാം ഒരു കാവ്യം രചിച്ചു. അതില്‍ ഈ ദുരന്താനുഭവം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഹജ്ജ് നഷ്ടപ്പെട്ടെങ്കിലും അവര്‍ ഹറമൈനിയിലെത്തി. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഖിറാഅത്ത് പഠിപ്പിച്ചും ഗ്രന്ഥം രചിച്ചും അവിടെ കഴിഞ്ഞു. ശേഷം ഇറാഖിലേക്ക്. പിന്നീട് ഹജ്ജിനെത്തി. അതുകഴിഞ്ഞ് കൈറോയിലേക്കാണ് പോയത്. പുറപ്പെടും മുമ്പ്, 20 വര്‍ഷമായി റോമില്‍ കഴിയുന്ന പുത്രന്‍ അഹ്മദിനോട് കൈറോയിലെത്താന്‍ ആവശ്യപ്പെട്ട് കത്തയച്ചു. അങ്ങനെ പിതാവും പുത്രനും പത്തു ദിവസം കൈറോയില്‍ ഒത്തുകൂടി. സുല്‍ത്വാന്‍ അശ്റഫ് ഇമാമവര്‍കളെ ആദരവോടെ സ്വീകരിച്ചു.

അടുത്ത ഹജ്ജ് സീസണിലും മക്കയിലെത്തി. മാസങ്ങളോളം അവിടെ താമസിച്ചു. പിന്നീട് കടല്‍ വഴി യമനിലെത്തി. അവിടെ കച്ചവടവും അധ്യാപനവുമായി കൂടി. ഇമാമിന്‍റെ ഗ്രന്ഥമായ ‘അല്‍ ഹിസ്വ്നുല്‍ ഹസ്വീന്‍ മിന്‍ കലാമി സയ്യിദില്‍ മുര്‍സലീന്‍’ യമനില്‍ പ്രചാരം നേടിയിരുന്നു. അതിനാല്‍ യമനികള്‍ ഇമാം ഇബ്നുല്‍ ജസ്രി(റ)യെ വളരെ ആദരപുരസ്സരം സ്വീകരിക്കുകയുണ്ടായി. അടുത്ത ഹജ്ജ് സീസണ്‍ വരെ അവിടെ ഖിറാഅത്ത് പഠിപ്പിച്ചു.

ഹിജ്റ 828-ല്‍ ഹജ്ജിനായി മക്കയിലേക്ക് തിരിച്ചു. പിന്നെ ഈജിപ്തില്‍ ചെന്നു. 829 ജമാദുല്‍ ആഖിറില്‍ പുത്രന്‍ അഹ്മദുമൊന്നിച്ച് ദമസ്കസിലേക്ക് വന്ന ശേഷം മകന്‍ റോമിലേക്കും ഇമാം ശീറാസിലേക്കും പോയി.

എണ്‍പതിലധികം ഗ്രന്ഥങ്ങള്‍ ഇമാം രചിച്ചു. കാവ്യവും ഗദ്യവുമായി അവ പരന്നുകിടക്കുന്നു. മിക്കതും ഇപ്പോഴും ലഭ്യം. ഇല്‍മുല്‍ ഖിറാഅത്തിലാണ് കൂടുതല്‍ രചനകള്‍. എങ്കിലും ഇല്‍മുല്‍ ഹദീസിലും താരീഖിലും മനാഖിബിലും ഫിഖ്ഹിലും ഫളാഇലുകളിലും മൗലിദിലും കനപ്പെട്ട ഗ്രന്ഥങ്ങളുണ്ട്. ഇല്‍മുല്‍ ഖിറാഅത്തിലും തജ്വീദിലും 27 കിതാബുകള്‍ പദ്യ-ഗദ്യങ്ങളിലായുണ്ട്. ഇല്‍മുല്‍ ഹദീസില്‍ 15 ഗ്രന്ഥങ്ങള്‍, താരീഖ്, മനാഖിബ് ഫളാഇല്‍ 13, ഫിഖ്ഹും സുഹ്ദും തസ്വവ്വുഫും മൗലിദുകളും മറ്റുമായി 20 രചനകളും.

ഇബ്നുല്‍ ജസ്രി(റ)യെ സലഫിയായി ചിത്രീകരിച്ച് ആഘോഷിക്കുന്നവരുണ്ട്. കാരണം ഇബ്നുല്‍ ജസ്രി(റ)യെ അവഗണിച്ച് ഇല്‍മുല്‍ ഖിറാഅത്ത് പൂര്‍ണമാകില്ലെന്നതിനാല്‍ അദ്ദേഹത്തെ തങ്ങളുടെയാളാക്കേണ്ടതനിവാര്യമാണ്. അദ്ദേഹത്തിന്‍റെ മുഖദ്ദിമയുടെ ചില പതിപ്പുകളില്‍ മുഹമ്മദ് ബ്നുല്‍ ജസ്രി അശ്ശാഫിഈ എന്നതിന്‍റെ സ്ഥാനത്ത് മുഹമ്മദ് ബ്നുല്‍ ജസരി അസ്സലഫി എന്ന് അച്ചടിച്ചാണ് അവര്‍ ഈ വിദ്യയൊപ്പിച്ചത്. ഇതിലെ സലഫി എന്ന പ്രയോഗമാണ് അവര്‍ക്ക് ആധാരം.

സലഫുകളോടുള്ള യഥാര്‍ത്ഥ ബന്ധത്തെ സൂചിപ്പിച്ച് പൂര്‍വകാല മഹാന്മാര്‍ പേരിനൊപ്പം സലഫി എന്ന് പ്രയോഗിച്ചത് അപൂര്‍വമല്ലാതെ കാണാം. അല്‍ഹാഫിള് അബൂത്വാഹിര്‍ അസ്സലഫി-റ (മ. 576)യെ കുറിച്ച് ഇബ്നുല്‍ ജസ്രി തന്നെ ഗായത്തുന്നിഹായയില്‍ വിവരിച്ചിട്ടുമുണ്ട്. അതിനാല്‍ തന്നെ ഇബ്നുല്‍ ജസ്രി(റ)യെ സലഫിയാക്കി തനിക്കാക്കുന്നവര്‍ ഇമാമവര്‍കളുടെ ജീവിതവും ആദര്‍ശവും അറിയാത്തവരാണെന്നു മനസ്സിലാക്കേണ്ടതുണ്ട്.

ഇബ്നുല്‍ ജസ്രി(റ)യുടെ അല്‍ഹിസ്നുല്‍ ഹസ്വീന്‍ മിന്‍ കലാമി സയ്യിദില്‍ മുര്‍സലീന്‍ എന്ന കൃതി ദിക്റുകളും ദുആകളും വിവരിക്കുന്ന ഗ്രന്ഥമാണ്. അതില്‍ അദ്ദേഹം അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും കൊണ്ട് തവസ്സുല്‍ ചെയ്യണമെന്നും അവരുടെ ഖബ്റുകളുടെ അടുത്ത് ദുആക്ക് ഇജാബത്ത് പ്രതീക്ഷിക്കാമെന്നും നിര്‍ദിഷ്ട നിബന്ധനകളൊത്താല്‍ സ്വാലിഹീങ്ങളുടെ ഖബ്റിടങ്ങളില്‍ ഇജാബത്ത് ലഭിക്കുമെന്നത് പരീക്ഷിച്ചറിഞ്ഞതാണെന്നും രേഖപ്പെടുത്തിക്കാണാം. ശൗകാനീ ഈ ഗ്രന്ഥത്തിന് വ്യാഖ്യാനക്കുറിപ്പെഴുതിയിട്ടുമുണ്ട്. തുഹ്ഫത്തുദ്ദാകിരീന്‍ എന്നാണതിന്‍റെ പേര് (നോക്കുക: പേ 51,70).

ഗായത്തുന്നിഹായയില്‍ ഇമാം ശാഫിഈ(റ)നെ കുറിച്ച് പറയുന്നതിങ്ങനെ: ഇമാം ശാഫിഈ(റ)യുടെ ഖബ്ര്‍ ഈജിപ്തിലെ ഖറാഫയില്‍ പ്രസിദ്ധം. അവിടെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. ഞാന്‍ അവിടെ സിയാറത്ത് ചെയ്തപ്പോള്‍ ഇങ്ങനെ പാടിയിരുന്നു: ഞാന്‍ ഇമാം ശാഫിഈ(റ)യെ സന്ദര്‍ശിച്ചിരിക്കുന്നു, കാരണം അതെനിക്ക് ഉപകാരപ്രദമാണ്. അതുമൂലം മഹാന്‍റെ ശഫാഅത്ത് എനിക്ക് ലഭിക്കണം, ആദരണീയരായ ശിപാര്‍ശകനത്രെ അദ്ദേഹം (2/97).

അബ്ദുല്ലാഹിബ്നുല്‍ മുബാറക്(റ)നെ കുറിച്ച് മഹാന്‍ പറഞ്ഞു: അദ്ദേഹത്തിന്‍റെ ഖബ്റിടം ഹീത്തിലാണ്. ജനങ്ങള്‍ സിയാറത്ത് ചെയ്യുന്ന അവിടെ ഞാന്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഖബര്‍ കൊണ്ട് ഞാന്‍ ബറകത്തെടുത്തിട്ടുമുണ്ട് (1/446).

ഇല്‍മുല്‍ ഖിറാഅത്തില്‍ തന്‍റെ പൂര്‍വികനായ ഇമാം ശാത്വിബി(റ)യെ കുറിച്ച്: അദ്ദേഹത്തിന്‍റെ ഖബ്ര്‍ പ്രസിദ്ധമാണ്. അവിടെ സിയാറത്തിനായി ജനങ്ങളെത്തുന്നു. ഞാന്‍ പല പ്രാവശ്യം സിയാറത്ത് ചെയ്തിട്ടുണ്ട്. ദുആക്ക് ഇജാബത്ത് ലഭിക്കുക എന്ന ബറകത്ത് ഞാനവിടെ അനുഭവിച്ചിട്ടുണ്ട് (2/23).

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു ചരിത്ര വിവരണം എന്നതിലുപരി മഹാന്‍റെ ജീവിത ചിത്രവും ആദര്‍ശവും വ്യക്തമാക്കുന്നതാണ്. അതിനാല്‍ തന്നെ ശാഫിഈ മദ്ഹബും സുന്നി അഖീദയും ഗുരുവര്യരുടെയും സലഫിന്‍റെയും മാതൃകയും ജീവിതവും നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു ഇബ്നുല്‍ ജസ്രി(റ).

ഇമാമവര്‍കളുടെ സന്താന പരമ്പരയില്‍ ഏറെ പണ്ഡിതപ്രതിഭകളുണ്ടായിട്ടുണ്ട്. ഗായത്തുന്നിഹായയില്‍ ഇമാം അഞ്ചാളുകളെക്കുറിച്ച് വിവരിച്ചു കാണാം. അബുല്‍ ഫത്ഹ് മുഹമ്മദ്, ഇബ്നു മുഹമ്മദ് അല്‍ജസ്രി പിതാവിനെ പോലെ ഇല്‍മുല്‍ ഖിറാഅത്തില്‍ വ്യുല്‍പത്തി നേടി. 37-ാം വയസ്സില്‍ വഫാത്തായി. അബുല്‍ ഖൈര്‍ മുഹമ്മദ് ഇല്‍മുല്‍ ഖിറാഅത്തില്‍ വലിയ പാണ്ഡിത്യം നേടി. മുഖ്യ ഗുരു പിതാവ് തന്നെ. അബൂബക്ര്‍ അഹ്മദ് ഇല്‍മുല്‍ ഖിറാഅത്തും ഹദീസിലും ഏറെ ഗ്രന്ഥങ്ങള്‍ മനഃപാഠമാക്കി. മറ്റൊരാള്‍ ഹദീസ് പണ്ഡിതന്‍ അലിയ്യുബ്നു മുഹമ്മദ്. സല്‍മാ ബിന്‍ത് മുഹമ്മദ് ഖുര്‍ആനും ഇല്‍മുല്‍ ഖിറാഅത്തും ആര്‍ജിക്കുകയും പിതാവിന്‍റെ ഏതാനും ഗ്രന്ഥങ്ങള്‍ മനഃപാഠമാക്കുകയും ചെയ്ത പുത്രിയാണ്. മറ്റു വിജ്ഞാന ശാഖകളും സ്വായത്തമാക്കി. അറബിയിലും പേര്‍ഷ്യനിലും കവിതകളെഴുതി. ഹദീസിലും നിപുണ.

അബുല്‍ ബഖാഅ് ഇസ്മാഈല്‍, അബുല്‍ ഫള്ല്‍ ഇസ്ഹാഖ്, ഫാത്വിമ, ആഇശ തുടങ്ങിയവരും സന്തതികളാണ്. എല്ലാ മക്കളും തജ്വീദിലും ഇല്‍മുല്‍ ഖിറാഅത്തിലും പ്രാവീണ്യം നേടിയവരും പിതാവിന്‍റെ വിവിധ ഗ്രന്ഥങ്ങള്‍ മനഃപാഠമാക്കിയവരുമാണ്. ഹിജ്റ 729-ല്‍ യാത്ര പറച്ചിലെന്നവണ്ണം സ്വന്തം നാട്ടില്‍ വന്ന ശേഷം ശീറാസിലേക്ക് തിരിച്ചു. മൂന്നു വര്‍ഷത്തോളം വൈജ്ഞാനിക സേവനത്തില്‍ മുഴുകി. ദാറുല്‍ ഖുര്‍ആനിലെത്തുന്ന വിജ്ഞാന കുതുകികളെ പ്രഗത്ഭരാക്കി സമൂഹത്തിനു സംഭാവന ചെയ്തു. ഹിജ്റ 833 റബീഉല്‍ അവ്വല്‍ അഞ്ച് വെള്ളിയാഴ്ച ആ താരകം ലോകത്തോട് വിടപറഞ്ഞു. ഗായത്തുന്നിഹായയില്‍ ജീവിത ചരിത്രം കുറിച്ചതിന്‍റെ അവസാനത്തില്‍ ശിഷ്യന്‍ ഇങ്ങനെ ചേര്‍ത്തിരിക്കുന്നു:

അവിടുത്തെ സാഗര സമാന ജ്ഞാനത്തില്‍ നിന്നും നുകര്‍ന്ന എളിയ ശിഷ്യനാണു ഞാന്‍. ഗുരുവിനെ അദ്ദേഹം സ്ഥാപിച്ച ദാറുല്‍ ഖുര്‍ആനിലാണ് ഞങ്ങള്‍ മറമാടിയത്. പ്രമുഖരും സാധാരണക്കാരുമായി വന്‍ ജനാവലി പങ്കെടുത്തു. ജനാസ വഹിക്കാനും അതില്‍ മുത്തം നല്‍കാനും സ്പര്‍ശിക്കാനും അവര്‍ തിരക്കുകൂട്ടി. വൈകിയെത്തിയതിനാല്‍ ബറകത്തെടുക്കാന്‍ സൗകര്യപ്പെടാത്തവര്‍ ജനാസ വഹിച്ചവരെ സ്പര്‍ശിച്ച് ബറകത്തെടുത്തു (ഗായത്തുന്നിഹായ 2/251).

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ