പ്രവാചകരുടെ അനുയായികളും പിൽക്കാല ഭരണാധികാരികളുമായ നാലു സ്വഹാബി വര്യന്മാരാണ് ഖുലഫാഉന്നബി(സ്വ) അഥവാ നബിയുടെ പ്രതിനിധികൾ. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരാണവർ. ഹിജ്‌റ പതിനൊന്നാം വർഷം നബി(സ്വ) വഫാത്തായതു മുതൽ ഹിജ്‌റ 40 റമളാൻ 17-ന് അലി(റ) വധിക്കപ്പെടുന്നതു വരെയാണ് അവരുടെ ഭരണകാലം. ഇവരുടെ ഭരണം അൽ ഖിലാഫത്തുർറാശിദ എന്നും അവരെ അൽ ഖുലഫാഉർറാശിദൂൻ എന്നും വിശേഷിപ്പിക്കപ്പെടുന്നു.
തിരുനബി(സ്വ)യുടെ പിൻഗാമികളായി ദൗത്യം നിർവഹിക്കുന്നതിൽ വിജയിക്കാനായവരാണവർ. സച്ചരിതരായ പ്രതിപുരുഷർ എന്നർത്ഥമുള്ള അൽ ഖുലഫാഉർറാശിദൂൻ എന്ന വിശേഷണം അവർക്ക് ലഭിച്ചത് ഇതുകൊണ്ടാണ്. ഹദീസിൽ തന്നെ അൽഖുലഫാഉർറാശിദൂൻ എന്ന വിശേഷണം വന്നിട്ടുണ്ട്. ഇർസാള്ബ്‌നു സാരിയ(റ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ്. റസൂൽ(സ്വ) പറഞ്ഞു: ‘നിങ്ങൾ എന്റെ ചര്യയും എനിക്ക് ശേഷമുള്ള സച്ചരിതരായ ഖുലഫാഉർറാശിദുകളുടെ ചര്യയും അവലംബിക്കുക, അണപ്പല്ലുകൾ കൊണ്ട് അത് നിങ്ങൾ കടിച്ചുപിടിക്കുക. നിർമിതമായ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി).
ഹുദൈഫ(റ)യിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിൽ ഇവരുടെ ഖിലാഫത്ത് കാലത്തെ നബി(സ്വ) പ്രശംസിച്ചതു കാണാം. അവിടുന്ന് പറഞ്ഞു: ‘അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും നിങ്ങളിൽ നുബുവ്വത്ത് നിലനിൽക്കും. ഉദ്ദേശിക്കുമ്പോൾ അതിനെ അവൻ ഉയർത്തും. പിന്നീട് നുബുവ്വത്തിന്റെ സരണിയിലുള്ള ഖിലാഫത്ത് വരും. അല്ലാഹു ഉദ്ദേശിക്കുന്ന കാലം അത് നിലനിൽക്കും. അവനുദ്ദേശിക്കുമ്പോൾ അതിനെയും ഉയർത്തും’ (അഹ്മദ്).
സഫീന(റ)യിൽ നിന്നുദ്ധരിക്കപ്പെട്ട ഒരു ഹദീസിൽ ഖിലാഫത്തിന്റെ കാലം പോലും കൃത്യമായി വന്നിട്ടുണ്ട്. ആ കാലത്തെ ഖിലാഫത്ത് നുബുവ്വത്തിന്റെ ഖിലാഫത്താണെന്നാണു ഹദീസ് വിശേഷിപ്പിച്ചത്. നബി(സ്വ) പറഞ്ഞു: ‘നുബുവ്വത്തിന്റെ ഖിലാഫത്ത് 30 വർഷമാണ്. പിന്നീട് അല്ലാഹു ഉദ്ദേശിച്ചവന് അവൻ അധികാരം നൽകും’ (അബൂദാവൂദ്).
ഈ നാലു ഖലീഫമാരുടെ ഭരണവും ശേഷം അൽപകാലത്തെ ഹസൻ(റ)ന്റെ ഖിലാഫത്തും ചേരുമ്പോൾ തിരുപ്രവചനം പോലെ 30 വർഷം തികയും. ഉമവീ ഭരണത്തിന് ഖിലാഫത്ത് എന്നു പ്രയോഗമുണ്ടെങ്കിലും അത് ഖിലാഫത്തുന്നുബുവ്വ ആയിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ആ ഭരണാധികാരികൾ ഖലീഫ എന്നറിയപ്പെട്ടത്? ഇമാം ബഗ്‌വി(റ)യുടെ മറുപടി:
‘ഖിലാഫത്ത് മുപ്പത് വർഷമാണെന്നതിന് ഹുമൈദുബ്‌നു സഞ്ചവൈഹി നൽകുന്ന വിശദീകരണമിതാണ്: സ്വന്തം പ്രവർത്തനങ്ങൾ വഴി ഈ പേരിനെ യാഥാർത്ഥ്യമാക്കുകയും തിരുനബി(സ്വ)യുടെ ചര്യ മുറുകെപ്പിടിക്കുകയും ചെയ്തവർക്കാണ് യഥാർത്ഥ ഖിലാഫത്ത് ഉള്ളതും ഉണ്ടായിരുന്നതും. ഇതിന് യോജിക്കാതെ ഭരണ നടപടികൾ മാറ്റിയവർ രാജാക്കളായി മാറി. അവർക്ക് ഖുലഫാക്കൾ എന്നു പേര് പറയുന്നുണ്ടെങ്കിലും രാജഭരണമാണത്. മുസ്‌ലിം സേവകരെ അമീറുൽ മുഅ്മിനീൻ എന്നും ഖലീഫ എന്നും പറയുന്നതിനു വിരോധമൊന്നുമില്ല. നീതിനിർവഹണത്തിൽ പൂർവികരോട് കൃത്യമായി തുടർന്നവരല്ലെങ്കിലും മുഅ്മിനീങ്ങളുടെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുകയും വിശ്വാസികൾ അവരെ അനുസരിക്കുകയും ചെയ്യുന്നുണ്ടല്ലോ. അവർ മുൻഗാമികൾക്ക് പിൻഗാമികളെന്ന നിലയിലും ഖലീഫ എന്ന പ്രയോഗത്തിനർഹരാണ് (ശറഹുസ്സുന്ന).
ഖിലാഫത്തുന്നുബുവ്വ എന്ന വിശേഷണത്തിനർഹമായ നാല് ഖലീഫമാരുടെ ഭരണകാലവും അനുബന്ധമായ ഹസൻ(റ)ന്റെ ഖിലാഫത്ത് കാലവും ചേരുമ്പോഴാണ് 30 വർഷം തികയുക. ഹസൻ(റ)ന്റെ ഭരണകാലം വളരെ ഹ്രസ്വമാണ്. ഖുലഫാഉർറാശിദുകളെപ്പോലെ ഇതിഹാസമായി മാറിയ ചരിത്ര മുഹൂർത്തങ്ങളോ മതനിയമ വിശദീകരണങ്ങളോ ആ കാലത്ത് നടന്നിട്ടില്ല.
ഖുലഫാഉന്നബി എന്ന പ്രയോഗം യഥാർത്ഥത്തിൽ ഖിലാഫത്തുന്നുബുവ്വ എന്നതിൽ നിന്നു ഉത്ഭൂതമായതാണ്. അബൂബക്കർ(റ)ന് ശേഷം ഖലീഫത്തു റസൂലില്ലാഹി എന്ന പദം കൊണ്ട് ആരും വിശേഷിപ്പിക്കപ്പെട്ടില്ല. ഉമർ(റ) മുതലുള്ള ഭരണാധിപർ അമീറുൽ മുഅ്മിനീൻ എന്നാണ് വിളിക്കപ്പെട്ടത്.
നാലു ഖലീഫമാരുടെ കാലഘട്ടം നുബുവ്വത്തിന്റെ കാലത്തിന്റെ വിശദീകരണമാണെന്നു പറയാം. അവരുടെ സുന്നത്തിനെ അവലംബിക്കാൻ നബി(സ്വ) നിർദേശിച്ചിട്ടുണ്ട്. തിരുനബി(സ്വ)യുടെ സുന്നത്തിനോട് ചേർത്തിയാണവ പരാമർശിക്കപ്പെടുന്നതും. തന്റെ സുന്നത്തും ഖുലഫാഉർറാശിദുകളുടെ സുന്നത്തും അവലംബിക്കുകയും അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കുകയും ചെയ്യണമെന്നു തിരുനബി(സ്വ) കൽപ്പിച്ചതുമാണല്ലോ. അതിനാൽ അവരുടെ ചര്യകൾക്ക് മതനിയമങ്ങളുടെ വിശദീകരണമെന്ന നിലയിൽ സ്ഥാനവും അംഗീകാരവുമുണ്ട്. മതവിരുദ്ധമായതും നബിചര്യക്കെതിരായതും അവരിൽ നിന്നുണ്ടാവുകയില്ല എന്ന് പ്രസ്തുത ഹദീസ് വാക്യം സാക്ഷ്യപ്പെടുത്തുന്നു.
മതത്തിൽ നിർമിതമായ പുതുകാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം എന്ന നിർദേശം ആ ഖലീഫമാർ മതത്തിൽ പുതിയ നിയമം നിർമിക്കുന്നവരല്ലെന്നതിന്റെ ശുദ്ധിപത്രമാണ്. ഹദീസിന്റെ ആദ്യത്തിൽ പറയുന്ന, ‘എനിക്ക് ശേഷം ജീവിക്കുന്നവർ ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണും’ എന്നതിന് പരിഹാരമായാണ് സുന്നത്ത് സ്വീകരിക്കലും ബിദ്അത്ത് നിരാകരിക്കലും പറഞ്ഞത്. അപ്പോൾ മതപരമായ വിഷയങ്ങളിൽ തർക്കമുണ്ടാകുന്ന ഘട്ടങ്ങളിൽ രണ്ടു സുന്നത്തുകളും മുറുകെ പിടിക്കുകയാണ് വിശ്വാസിയുടെ വിജയവഴി എന്നുവരുന്നു. കാരണം അവർ ‘മിൻഹാജുന്നുബുവ്വ’ അഥവാ നുബുവ്വത്തിന്റെ വഴിയെ സഞ്ചരിക്കുന്നവരാണ്. അവരോടെതിരാവുന്നതും അവരുടെ ചര്യ തിരസ്‌കരിക്കുന്നതും തിരുനബി(സ്വ)യുടെ നിർദേശത്തെ അവഗണിക്കലാണെന്നു ചുരുക്കം.
തിരുനബി(സ്വ) പിന്തുടരാൻ പറഞ്ഞവരുടെ ചര്യയെ അനാചാരമെന്നു വിളിക്കുന്നത് വലിയ അപരാധമാണ്. അവർ ബിദ്അത്ത് ചെയ്തുവെന്നും ബിദ്അത്ത് പാടില്ല എന്ന നിരോധനത്തെ അവർ ലംഘിച്ചുവെന്നുമാണ് അത്തരക്കാർ വ്യംഗ്യമായി സ്ഥാപിക്കുന്നത്. ബിദ്അത്ത് ഉണ്ടാകാൻ സാധ്യതയുള്ളവരെ സന്മാർഗാവലംബികളും സദാചാരികളുമെന്ന് തിരുനബി(സ്വ) പരിചയപ്പെടുത്തി എന്ന ധ്വനി കൂടി ആ വാദത്തിനുണ്ടാകും. എന്നാൽ തിരുനബി(സ്വ)യോടൊപ്പം ഉത്തമ ജീവിതം നയിച്ചവർ തിരുവഫാത്തിനു ശേഷം വഴിമാറി സഞ്ചരിച്ചുവെന്ന് കരുതാൻ വിശ്വാസിക്ക് കഴിയില്ല.
സമൂഹത്തിൽ മതവിഷയങ്ങളിൽ തർക്കങ്ങളുണ്ടാവുമെന്നും ബിദ്അത്തുകളുണ്ടാവുമെന്നും അറിയിച്ച് തരികയാണ് നബി(സ്വ). എന്നിട്ട് അത്തരം ഘട്ടത്തെ അതിജീവിക്കാനും വിശ്വാസം സംരക്ഷിക്കാനും ഖുലഫാഇന്റെ ചര്യ കൂടി അവലംബിക്കണമെന്നുണർത്തി.
എന്റെ ശേഷം ജീവിക്കുന്നവർ അനേകം അഭിപ്രായ വ്യത്യാസങ്ങൾ കാണും എന്ന ഹദീസിന്റെ വിശദീകരണത്തിൽ ഇബ്‌നു റജബിൽ ഹമ്പലി(റ) എഴുതുന്നു: ‘വിശ്വാസ കാര്യത്തിലും വാക്കുകളിലും പ്രവർത്തനങ്ങളിലും മതത്തിന്റെ അടിസ്ഥാന നിയമങ്ങളിലും ശാഖാപരമായ കാര്യങ്ങളിലും പ്രവാചകർ(സ്വ)ക്ക് ശേഷം ഉണ്ടായിത്തീർന്ന അഭിപ്രായ വ്യത്യാസങ്ങളുടെ ആധിക്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്. സമുദായം എഴുപതിലധികം പാർട്ടികളായി പിരിയുമെന്നും ഒന്നല്ലാത്തതെല്ലാം നരകത്തിലാണെന്നും ആ ഒരു വിഭാഗം നബി(സ്വ)യും സ്വഹാബത്തും നിലകൊണ്ടതിൽ നിലകൊണ്ടവരാണെന്നുമുള്ള ഹദീസിനോട് ഒത്തുവരുന്നതുമാണിത്.
സുന്നത്ത് എന്നാൽ സഞ്ചരിച്ച മാർഗം എന്നാണർത്ഥം. അതിനാൽ പ്രവാചകരും ശേഷം ഖുലഫാറുർറാശിദുകളും വിശ്വാസ കാര്യങ്ങളിലും വാക്കുകളിലും പ്രവർത്തികളിലും ഏതൊന്നിലായിരുന്നുവോ അത് മുറുകെപ്പിടിക്കണമെന്നാണു നിർദേശം. പൂർണമായ സുന്നത്ത് അതാണ്. പൂർവികരാരും ആദ്യനൂറ്റാണ്ടു മുതലേ രണ്ടു സുന്നത്തുകളെയും ഉൾപ്പെടുത്തിയല്ലാതെ സുന്നത്ത് എന്ന് പറയുമായിരുന്നില്ല (ജാമിഉൽ ഉലൂമി വൽ ഹികം).
ഭരണാധികാരികളെ അനുസരിക്കണമെന്ന പൊതുവായ നിർദേശത്തിന് ശേഷം, തിരുദൂതർ(സ്വ)യുടെ സുന്നത്തും ഖുലഫാഉർറാശിദുകളുടെ സുന്നത്തും പിന്തുടരണമെന്ന പ്രത്യേക കൽപനയിൽ, നബി(സ്വ)യുടെ സുന്നത്ത് പോലെ തന്നെ, ഖുലഫാഉർറാശിദുകളുടെ സുന്നത്തും പിന്തുടരേണ്ടതാണെന്നതിന് തെളിവുണ്ട്. എന്നാൽ ഖുലഫാഉർറാശിദുകളല്ലാത്ത ഭരണാധികാരികൾ അങ്ങനെയല്ല (ജാമിഉൽ ഉലൂമി വൽ ഹികം).
തുടരും
അലവിക്കുട്ടി ഫൈസി എടക്കര