മിഥ്യകള്‍ക്കും പച്ചനുണകള്‍ക്കും മുകളില്‍ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്റാഈല്‍. സയണിസത്തിന്റെ സൈദ്ധാന്തിക തലവും സമൃദ്ധമായ നുണകളാണ്. ആട്ടിയോടിക്കലിന്റെ ചരിത്രത്തെ നുണകള്‍ കൂടി കൂട്ടിക്കുഴച്ച് പുനരവതരിപ്പിക്കുക വഴിയാണ് സയണിസം ഇന്നത്തെ പ്രഹര ശേഷിയും സൗഹൃദങ്ങളും ആര്‍ജിച്ചത്. അത്കൊണ്ട് തന്നെ ആക്രമണങ്ങളുടെയും കൂട്ടക്കുരുതിയുടെയും ക്രൂരമായ നുഴഞ്ഞ് കയറ്റങ്ങളുടെയും ചാരപ്രവര്‍ത്തനത്തിന്റെയും പിന്‍ബലമില്ലാതെ അതിന് നിലനില്‍ക്കാനാകില്ല. നിരവധി രാഷ്ട്ര നേതാക്കളുടെ, പുറത്തറിഞ്ഞാല്‍ തൊലിയുരിഞ്ഞ് പോകുന്ന രഹസ്യങ്ങള്‍ അതിന്റെ കൈയിലുണ്ട്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ക്ക് അവരുടെ സൈന്യം അതിര്‍ത്തി പോസ്റ്റുകളില്‍ ആത്മവിശ്വാസത്തോടെ നിലനില്‍ക്കണമെങ്കില്‍ ഇസ്റാഈലിന്റെ ആയുധങ്ങള്‍ വേണം. നിരവധി രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ നിലനില്‍ക്കണോ വീഴണോ എന്ന് സയണിസ്റ്റുകള്‍ തീരുമാനിക്കുന്നു.
ചിതറിയ സമൂഹത്തോട് പാശ്ചാത്യ ഭരണാധികാരികള്‍ കാണിച്ച സ്നേഹവായ്പും കാരുണ്യവും ഇന്ന് അവരെ തന്നെ ബന്ദിയാക്കിയിരിക്കുന്നു. അഥവാ സ്വയം ബന്ദിയാകാന്‍ അവര്‍ നിന്നു കൊടുക്കുന്നു. നിരുപാധികമായ സംരക്ഷണം ഒരുക്കുന്ന അമേരിക്ക തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരയും വേട്ടക്കാരനും. ഒരിക്കലും അമേരിക്ക പറഞ്ഞത് (തങ്ങള്‍ക്ക് അഹിതകരമാണെങ്കില്‍) ഇസ്റാഈല്‍ ചെവികൊണ്ടിട്ടില്ല. ഇസ്റാഈലിനെ ന്യായീകരിക്കുന്ന പഴുതുകളില്ലാതെ ഒരു കരാറും അമേരിക്കയും കൂട്ടാളികളും തയ്യാറാക്കിയിട്ടുമില്ല. എല്ലാ കരാറുകളും സയണിസം മുന്നോട്ട് വെച്ച നുണകളുടെ ട്രൂ കോപ്പികളായിരുന്നു.
ചോരയിലാണ് അതിന്റെ ജനനം, ചോരയിലൂടെയേ അതിന് ജീവിക്കാനാകൂ. രാഷ്ട്രവും ഇസ്രാഈലിന്റെ പ്രത്യയശാസ്ത്രവും അപകടകരമാം വിധം എ്യെപ്പെടുന്നതിന്റെ പേരാണ് ഇസ്റാഈല്‍. സയണിസത്തിന്റെ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്തു കൊണ്ട് റാല്‍ഫ് ഷൂമാന്‍ പറയുന്നുണ്ട്: നാല് കെട്ടുകഥകളാണ് ആധുനിക സമൂഹത്തില്‍ സയണിസത്തിന്റെ നിലനില്‍പ് സാധിതമാക്കിയത്. അവയില്‍ ആദ്യത്തേത്, “സ്വന്തമായി നാടില്ലാത്ത ജനങ്ങള്‍ക്ക് ജനങ്ങളില്ലാത്ത നാട് എന്നതാണ്’. മധ്യ പൗരസ്ത്യ ദേശത്തെ ഒരേയൊരു യഥാര്‍ഥ ജനാധിപത്യ രാഷ്ട്രം ഇസ്റാഈല്‍ ആണെന്നതാണ് രണ്ടാമത്തെ നുണ. പ്രാകൃതരും തങ്ങളോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്നവരുമായ അറബികളില്‍ നിന്ന് വലിയ ഭീഷണി നേരിടുന്നുണ്ടെന്നും അതിനെ സദാ പ്രതിരോധിക്കുകയാണ് തങ്ങളെന്നുമെന്നതാണ്് മൂന്നാം നുണ. ഹോളോകോസ്റ്റിന്റെ ആനുകൂല്യം എക്കാലവും ലോകം ഇസ്റാഈലിന് നല്‍കിക്കൊണ്ടിരിക്കണം എന്ന പരികല്‍പ്പനയാണ് നാലാമത്തേത്.
അടിസ്ഥാന വൈരുധ്യം 
ഏറ്റവും ഒടുവില്‍ ഗസ്സയില്‍ നടന്ന നരമേധത്തിനും പ്രത്യക്ഷത്തില്‍ ഉയര്‍ത്തപ്പെട്ട കാരണം നുണയായിരുന്നു. ഇസ്റാഈല്‍ കൈയേറിയ വെസ്റ്റ്ബാങ്കിലെ ജൂതമതപാഠശാലയില്‍ നിന്നും മൂന്ന് കൗമാരക്കാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തയെന്നായിരുന്നു അത്. ഹമാസാണ് ഈ ക്രൂരതക്ക് പിന്നിലെന്ന് പ്രചരിപ്പിക്കപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങളില്‍ ഈ മൂന്ന് ചെറുപ്പക്കാരുടെ ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ നിറഞ്ഞു. ഒടുവില്‍ സത്യം പുറത്ത് വന്നു. തികച്ചും പ്രാദേശികമായ പ്രശ്നങ്ങളില്‍ ഇടപെട്ട, ഹമാസുമായി ബന്ധമില്ലാത്ത ഗ്രൂപ്പാണ് ഇതിന് പിന്നിലെന്ന്. ഈ സത്യം പുറത്ത് വരാതിരിക്കാന്‍ മാധ്യമ മേലാളന്‍മാര്‍ പരമാവധി ശ്രമിച്ചു. യാഥാര്‍ത്ഥ്യം പരസ്യമാവുന്നത് വല്ലാതെ വൈകിക്കാന്‍ അവര്‍ക്ക് സാധിച്ചു. ആ ഇടവേളയില്‍ 1700ലധികം മനുഷ്യരെ കൊന്നു തള്ളി ഇസ്റാഈല്‍. ഒരു ദശകത്തെ കഠിന പ്രയത്നം കൊണ്ടു പോലും പുനര്‍നിര്‍മിക്കാനാകാത്ത വിധം ഗസ്സയെ അവര്‍ തകര്‍ത്തെറിഞ്ഞു. കുട്ടികളുടെ മയ്യിത്ത് നിറഞ്ഞ മണ്ണാണ് ഇന്ന് ഗസ്സ ചീന്ത്. അഭയാര്‍ഥി ക്യാമ്പുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, വീടുകള്‍, തെരുവുകള്‍, പള്ളികള്‍ എല്ലാം തകര്‍ക്കപ്പെട്ടു. സംരക്ഷിത മേഖല (ബഫര്‍ സോണ്‍) പ്രഖ്യാപിച്ച് ഗസ്സക്കാരെ വെറും 40 ശതമാനം പ്രദേശത്തേക്ക് ചുരുക്കിയിരിക്കുന്നു ജൂതരാഷ്ട്രം. എന്നാലോ ഒരു ഹമാസ് നേതാവിനെപ്പോലും അവര്‍ക്ക് തൊടാനായില്ല. അവര്‍ ഉദ്ദേശിച്ചത് ഇത് തന്നെയാണ്. കൃത്യമായ ഇടവേളകള്‍ വെച്ച് ഫലസ്തീന്‍ ജനതയെ കൊന്ന് തീര്‍ക്കുക. കൊന്ന് ക്ഷീണിക്കുമ്പോള്‍ ഒരു വെടിനിര്‍ത്തല്‍. പിന്നെയൊരു നുണ ബോംബ്. റോക്കറ്റ് വീണേ എന്നൊരു കള്ളക്കരച്ചില്‍. സുരക്ഷിതത്വം അപകടത്തിലെന്ന മുറവിളി കേള്‍ക്കേണ്ട താമസം ഞാനിതാ വന്നു എന്ന അമേരിക്കന്‍ ആപല്‍ബാന്ധവത്വം. ഇസ്റാഈലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നത് ജൂതരാഷ്ട്രം ഉണ്ടായ അന്ന് മുതലുള്ള പ്രസ്താവനയാണ്. പഴി ഹമാസിനും. സംയമനം പാലിക്കണമെന്ന് ഇസ്റാഈലിന് ഉപേദശം. എല്ലാം തനിയാവര്‍ത്തനം.
ഫലസ്തീനെന്ന ചരിത്രത്തിന്റെ പിന്‍ബലമുള്ള രാഷ്ട്രം നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത അപരാധമായും ഇസ്റാഈല്‍ എന്ന അപരാധി രാഷ്ട്രം സംരക്ഷിക്കപ്പെടേണ്ട, ഏത് വളപ്പിലും മേയാന്‍ അധികാരമുള്ള വിശുദ്ധ പശുവായും കൊണ്ടാടപ്പെടുന്നതിലെ വൈരുധ്യം എത്ര ഭീകരമാണ്. ഈ വൈരുധ്യം ഒരു പാശ്ചാത്യ മാധ്യമവും ഉയര്‍ത്തിക്കാണിക്കുന്നില്ല. അത്കൊണ്ട്, ഇസ്റാഈലും ഫലസ്തീനുമായുള്ള സംഘര്‍ഷമായി ഈ കൂട്ടക്കൊല വിവക്ഷിക്കപ്പെടുന്നു. ഇരുപക്ഷത്തിനും പങ്കാളിത്തമുള്ള ഒന്നല്ല ഇത്. തികച്ചും ഏകപക്ഷീയമായി സ്ഥാപിക്കപ്പെട്ട ഒരു കൂട്ടര്‍ നിരപരാധരായ ജനങ്ങള്‍ക്ക് മേല്‍ നടത്തുന്ന വംശഹത്യ. അതുമാത്രമാണ് ഗസ്സയില്‍ നടക്കുന്നത്. ഹമാസ് തൊടുത്തു വിടുന്ന റോക്കറ്റുകള്‍ ഫലസ്തീന്‍ ജനത മരിച്ചു തീര്‍ന്നിട്ടില്ലെന്ന പ്രഖ്യാപനം മാത്രമാണ്. ഇത്തവണ നേടിയ ചില മുന്നേറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അവ അതിവൈകാരികമായ പ്രതികരണം മാത്രമായി ചുരുങ്ങിപ്പോകുന്നു. ബ്രദര്‍ഹുഡ് പോലുള്ള തീവ്ര നിലപാടുകാരുമായുള്ള ആശയ സൗഹൃദം മൂലം സ്വന്തം ജനതക്കായി ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാനുള്ള നിരവധി അവസരങ്ങള്‍ ഹമാസ് കളഞ്ഞ് കുളിച്ചിട്ടുണ്ട്. ഒടുവിലിപ്പോള്‍ വെസ്റ്റ്ബാങ്കിന്റെ അധികാരം കൈയാളുന്ന ഫത്തയുമായി അനുരഞ്ജനത്തിന് തയ്യാറാകുക വഴി രാഷ്ട്രീയ പക്വത പുറത്തെടുത്ത ഘട്ടത്തില്‍ ഹമാസിനെ പ്രകോപിപ്പിച്ച് എ്യെത്തിന്റെ സാധ്യതകള്‍ തകര്‍ക്കാന്‍ സാധിക്കുമോ എന്ന് നോക്കുകയാണ് ഇസ്റാഈല്‍ ചെയ്തത്. അങ്ങനെ കുത്തിത്തിരിപ്പുകള്‍ക്ക് അവരെ പ്രേരിപ്പിക്കുന്ന ഘടകം രാഷ്ട്ര സംസ്ഥാപനത്തിലെ അസ്വാഭാവികത തന്നെയാണ്. മേഖലയിലെ പരമ്പരാഗത നിവാസികളായ അറബികള്‍ യഥാര്‍ഥ എ്യെത്തിലേക്ക് ഉണര്‍ന്നാല്‍ അവസാനിക്കുന്നതേയുള്ളൂ തങ്ങളുടെ അഹങ്കാരമെന്ന് മറ്റാരേക്കാളും ഇസ്റാഈലിന് അറിയാം.
അധിനിവേശ ചരിത്രം
സയണിസ്റ്റ് റിവിഷനിസ്റ്റ് സൈദ്ധാന്തികരില്‍ മുമ്പനായ വ്ളാദമീര്‍ ജബോട്ടിന്‍സ്കി 1920കളില്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. “യൂറോപ്പില്‍ നാം അനുഭവിച്ച വിവേചനത്തിന്റെ പേരില്‍ മറ്റൊരിടത്ത്, അവര്‍ പരമ്പരാഗതമായി താമസിക്കുന്നിടത്ത് രാഷ്ട്രം സ്ഥാപിക്കാന്‍ ചെന്നാല്‍ അവര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല. നാം ചെയ്യുന്നത് അതിക്രമം തന്നെയാണ്. ഈ അതിക്രമത്തിന് സമവായത്തിലൂടെ തദ്ദേശീയരുടെ പിന്തുണ നേടിയെടുക്കുകയെന്നത് അസാധ്യമാണ്. ആരുടെ പിന്തുണയുണ്ടെങ്കിലും അത്തരമൊരു നീക്ക് പോക്ക് നടക്കില്ല. അത്കൊണ്ട് പഴുതില്ലാത്ത ബലപ്രയോഗം മാത്രമേ വഴിയുള്ളൂ. ബന്ധുരാഷ്ട്രങ്ങളുടെ പിന്തുണ ഉപയോഗിക്കേണ്ടത് ബലപ്രയോഗത്തിനാണ്. ചെറുത്തു നില്‍പ്പുകള്‍ ആസാധ്യമാകും വിധം അവരെ ഉന്‍മൂലനം ചെയ്യണം.’ എത്ര കൃത്യമാണ് ഈ സൈദ്ധാന്തികന്റെ വാക്കുകള്‍.
ഹിറ്റ്ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കും മുന്പേ യൂറോപ്പിന്റെ ജൂതവിരോധം പ്രതീകവത്കരിക്കപ്പെട്ടത് ഫ്രാന്‍സില്‍ നടന്ന ഒരു കോര്‍ട്ട് മാര്‍ഷല്‍ നടപടിയിലൂടെയായിരുന്നു. ഫ്രാന്‍സിന്റെ പട്ടാള രഹസ്യങ്ങള്‍ ജര്‍മനിക്ക് ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തി ആല്‍ഫ്രഡ് ഡ്രേഫ്യൂസ് എന്ന ജൂത സൈനികനെ പരസ്യമായി വിചാരണ ചെയ്തു. ഫ്രാന്‍സിന്റെ ചരിത്രത്തിലെ അസാധാരണമായ നടപടിയായിരുന്നു അത്. ഫ്രഞ്ച് മാധ്യമങ്ങളും പൊതു സമൂഹവും വംശവെറിയോടെയാണ് ആ വിചാരണ ആഘോഷിച്ചത്. ഡ്രേഫ്യൂസ് തെറ്റുകാരനല്ലെന്ന് പിന്നീട് തെളിഞ്ഞു. 1895ലെ ആ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരെല്ലാം പാരീസിലെത്തി. ജൂതരെയാകെ ഒറ്റുകാരായി ചിത്രീകരിക്കുന്ന ആ രംഗം ആസ്ത്രിയയില്‍ നിന്നുള്ള ജൂതപത്രപ്രവര്‍ത്തകനായ തിയോഡോര്‍ ഹേര്‍സലിനെ ശക്തിയായി പിടിച്ചുലച്ചു. ഈ ആഘാതത്തില്‍ അദ്ദേഹം എഴുതിയ ദി ജ്യൂയിഷ് സ്റ്റേറ്റ് എന്ന പുസ്തകത്തിലാണ് ആദ്യമായി പ്രത്യേക ജൂതരാഷ്ട്രം എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. ഈ ഹേര്‍സല്‍ പിന്നെ കണ്ണില്‍ ചോരയില്ലാത്ത അധിനിവേശങ്ങള്‍ക്ക് രൂപരേഖകള്‍ തീര്‍ത്തു. ആധുനിക സയണിസത്തിന്റെ പിതാവായി ഗണിക്കപ്പെടുന്നത് ഇദ്ദേഹത്തെയാണ്.
1897ല്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ ബേസിലില്‍ ചേര്‍ന്ന ആദ്യ ലോക ജൂത സമ്മേളനം അദ്ദേഹത്തിന്റെ ആശയം സഫലമാക്കാന്‍ ആഹ്വാനം ചെയ്തു. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വമ്പന്‍ രാഷ്ട്രങ്ങളിലെല്ലാം ജൂതര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അവരുണ്ടായിരുന്നു. നിരവധി രാജ്യങ്ങളുടെ നയതന്ത്ര തലപ്പത്ത് ജൂതരായിരുന്നു. പലിശക്ക് പണം കൊടുക്കുന്ന വമ്പന്‍ മൂലധന ഉടമകള്‍, വ്യവസായികള്‍, വ്യാപാരികള്‍. ഈ സാമ്പത്തിക രാഷ്ട്രീയ ശക്തിയാകെ ഒറ്റ ലക്ഷ്യത്തിനായി വിനിയോഗിക്കാന്‍ ജൂത സമ്മേളനം ആഹ്വാനം ചെയ്തു. തീര്‍ത്തും വര്‍ഗീയമായ ഒരു ആശയം മുന്നോട്ട് വെച്ചിട്ടും ആരും അതിനെ അപരിഷ്കൃതമെന്ന് വിളിച്ചില്ലെന്നതാണ് വിരോധാഭാസം. ജൂതര്‍ക്ക് അധിവസിക്കാനായി ശൂന്യമായ ഒരു “വാഗ്ദത്ത ഭൂമി’ ലോകത്തൊരിടത്തും ഇല്ലെന്നറിഞ്ഞിട്ടും അങ്ങനെയൊന്നുണ്ടെന്ന മിഥ്യ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജറൂസലം കേന്ദ്രീകരിച്ച് ജൂതര്‍ അധിവസിക്കുന്ന പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാമെന്ന നിര്‍ദേശം വരുന്നത് ഈ മിഥ്യയുടെ പിന്‍ബലത്തിലാണ്. അറബ് ഭൂരിപക്ഷമായ ഈ മേഖലയില്‍ അവിടുത്തെ പരമ്പരാഗത നിവാസികളായ ജൂതര്‍ക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അവരോട് വിവേചനവും അറബികള്‍ കാണിച്ചില്ല. ജൂതസമ്മേളനത്തിന്റെ നിര്‍ദേശം പ്രാബല്യത്തിലാകുന്നതോടെ തങ്ങളുടെ മണ്ണാണ് കവര്‍ന്നെടുക്കാന്‍ പോകുന്നതെന്ന കാര്യം അന്നത്തെ ഫലസ്തീന്‍ ജനത ഗൗനിച്ചതേയില്ല. ജൂത ലോബി തുര്‍ക്കി സുല്‍ത്താനെയും ജര്‍മനിയെയും ഒരു പോലെ സ്വാധീനിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ബ്രിട്ടന്റെ മുന്നേറ്റം തടയാന്‍ തങ്ങള്‍ സഹായിക്കാമെന്ന് ജര്‍മനിക്കും തുര്‍ക്കിക്കും അവര്‍ ഒരു പോലെ ഉറപ്പ് നല്‍കി. എന്നാല്‍ സയണിസ്റ്റുകളെ കൈക്കലാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായിരുന്നു തിടുക്കം.
1918ല്‍ ബ്രിട്ടീഷ് നയന്ത്രജ്ഞന്‍ എ ബി ബാല്‍ഫര്‍ ജൂതരാഷ്ട്ര സംസ്ഥാപനത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ കടമയായി പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതാണ് കുപ്രസിദ്ധമായ ബാല്‍ഫര്‍ ഡിക്ലറേഷന്‍. അപ്പോഴേക്കും ഭൗമരാഷ്ട്രീയത്തില്‍ മേഖലയിലെ അനിഷേധ്യ ശക്തിയായി മാറിക്കഴിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ 1948 മെയ് 15ന് ഇസ്റാഈല്‍ നിലവില്‍ വന്നു. ഇതിനിടക്ക് സ്വന്തം കൃഷിയിടത്തില്‍ നിന്ന് അറബ് വംശജരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി ചെറുത്തു നില്‍പ്പുകള്‍ അരങ്ങേറിയിരുന്നു. കൊന്നു തള്ളിയാണ് ഈ ചെറുത്തു നില്‍പ്പുകളെ ബ്രിട്ടീഷ് സാമ്രാജ്യത്വം അപ്രസക്തമാക്കിയത്. ഇസ്റാഈല്‍ നിലവില്‍ വന്ന ശേഷം അമേരിക്കയും ബ്രിട്ടനും ജര്‍മനി പോലും ജൂതസംരക്ഷണത്തിനായി ആയുധവും അര്‍ത്ഥവും ഒഴുക്കി. പിന്നെ എത്രയെത്ര കൂട്ടക്കൊലകള്‍. ഓരോ കൂട്ടക്കൊലയും ഇസ്റാഈലിന്റെ നിലനില്‍പ്പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു.
1967ലെ ആറ് ദിവസ ആക്രമണത്തില്‍ ഫലസ്തീന്‍ മണ്ണ് പിന്നെയും കവര്‍ന്നു ഇസ്റാഈല്‍. ഗാസാ മുനമ്പ്, സിനായി പര്‍വത മേഖല, വെസ്റ്റ്ബാങ്ക്, ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഏറെക്കുറെ പൂര്‍ണമായി ഇസ്റാഈല്‍ അധീനതയിലാക്കി. 1993ലെ ഓസ്ലോ കരാര്‍ ഇതില്‍ ഒരു ഭാഗം തിരിച്ച് കിട്ടുന്നതിന് വഴിയൊരുക്കി. അങ്ങനെയാണ് ഗാസയുടെ സ്വയംഭരണാവകാശം തിരികെ ലഭിക്കുന്നത്. ഇന്‍തിഫാദകളുടെ ഉശിരന്‍ കാലത്ത് യാസര്‍ അറഫാത്തെന്ന ഒറ്റപ്പര്യായമേ ഫലസ്തീന്‍ ചെറുത്തു നില്‍പ്പിന് ഉണ്ടായിരുന്നുള്ളൂ. പിന്നെ അനുരഞ്ജനത്തിന്റെ തണുപ്പിലേക്ക് അദ്ദേഹവും കൂപ്പുകുത്തി. അറഫാത്തിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്ത അസംഖ്യം കരാറുകള്‍ ഒരര്‍ത്ഥത്തില്‍ അധിനിവേശത്തിന്റെ സമ്മതിപത്രങ്ങളായിരുന്നു.
ശിഥിലീകരണ തന്ത്രം
ഇവിടെയാണ് ഹമാസിന്റെ നിലപാടുകള്‍ ഫലസ്തീന്‍ ജനതയുടെ മനംകവര്‍ന്നത്. 2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത് വരെ ഹമാസ് ഒരു സായുധ സംഘം മാത്രമായിരുന്നു. ഗസ്സയില്‍ ഒരു ഭരണ സംവിധാനം ഒരുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇസ്റാഈലിനെ അംഗീകരിക്കാന്‍ ഒരുക്കമല്ലെന്ന് അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം കൈയാളിയ ഫത്തയുടെ ലൈന്‍ വേറെയായിരുന്നു. അറഫാത്തിന്റെ പ്രിയ ശിഷ്യന്‍ മഹ്മൂദ് അബ്ബാസ്(അബൂ മാസന്‍) അനുരഞ്ജനത്തിന്റെ വക്താവായിരുന്നു. അദ്ദേഹം ചര്‍ച്ചാ മേശകളിലേക്ക് നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്നു. ഫത്ത കൈകാര്യം ചെയ്യുന്ന ഫലസ്തീന്‍ അതോറിറ്റിക്ക് അന്താരാഷ്ട്ര സഹായം പ്രവഹിച്ചു കൊണ്ടിരുന്നു. ഗസ്സക്ക് ഉപരോധം മാത്രം. ഫലസ്തീന്‍ ജനതയെ ശിഥിലീകരിക്കാനും അതുവഴി പോരാട്ടത്തെ അപ്രസക്തമാക്കാനുമുള്ള സയണിസത്തിന്റെ തന്ത്രം വിജയിക്കുകയായിരുന്നു. ഫത്തയും ഹമാസും നിരന്തരം ഏറ്റുമുട്ടി. പലപ്പോഴും അത് തെരുവുയുദ്ധത്തോളം എത്തി. അപ്പോഴെല്ലാം ഇസ്റാഈല്‍ ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ പണിത് ഫലസ്തീന്‍ മണ്ണ് കവര്‍ന്നു കൊണ്ടിരുന്നു.
ഒടുവിലിപ്പോള്‍ ഈ 2014ല്‍ ജൂണ്‍ രണ്ടിന് ഫലസ്തീനിലെ ഏറ്റവും ജനസ്വാധീനമുള്ള രണ്ട് ഗ്രൂപ്പുകള്‍ഹമാസും ഫത്തയും ആത്യന്തികമായ അനുരഞ്ജന കരാറില്‍ ഒപ്പു വെക്കുകയുണ്ടായി. എ്യെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവര്‍ തീരുമാനിച്ചു. വിഭജിച്ച് ഭരിക്കുകയെന്ന സാമ്രാജ്യത്വാജണ്ട ഇനി വിലപ്പോകാത്ത സ്ഥിതിയായി. ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന് പേരിട്ട ഇപ്പോഴത്തെ ആക്രമണ പരമ്പരയുടെ അടിസ്ഥാന കാരണം ഈ എ്യെമാണ്. ശരിയായ എ്യെ സര്‍ക്കാര്‍ സാധ്യമായാല്‍ ഫലസ്തീന്‍ ജനത കണക്ക് ചോദിച്ചു തുടങ്ങുമെന്ന് ഇസ്റാഈലിന് നന്നായറിയാം. ഫലസ്തീന് പിന്തുണയേറുമെന്നും. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് എന്ന പേരില്‍ സിറിയ, ഇറാഖ്, തുര്‍ക്കി, ഫലസ്തീന്‍ എന്നിവ ചേര്‍ത്ത് വിശാല രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സായുധ സംഘവുമായി സൗഹൃദം ഹമാസിനുണ്ടെന്ന് ഇസ്റാഈല്‍ വിലയിരുത്തുന്നു. ഇതും ഇപ്പോഴത്തെ ആക്രമണത്തിന്റെ പശ്ചാതലമാണ്. ബെഞ്ചമിന്‍ നെതന്യാഹു ആഭ്യന്തരമായി കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. അതിതീവ്ര വിഭാഗങ്ങള്‍ ഭരണ സഖ്യം കീഴടക്കിയിരിക്കുന്നു. ഇസ്റാഈല്‍ പത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഇസ്റാഈല്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ പരീക്ഷിച്ച് കൃത്യത വരുത്താനുള്ള ഷൂട്ടിംഗ് റേഞ്ചായാണ് ജൂത ഭീകരവാദികള്‍ ഗസ്സയെ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ ആയുധ കച്ചവടക്കാര്‍ ഇസ്റാഈല്‍ ആണല്ലോ.
മുമ്പത്തെപ്പോലെയല്ല
ഇത്തവണത്തെ നരമേധത്തിലും അതിനോടുള്ള പ്രതികരണങ്ങളിലും മുമ്പൊന്നുമില്ലാത്ത ചില സവിശേഷതകള്‍ ദൃശ്യമാണ്. അമേരിക്ക നേരിട്ട് സ്പോണ്‍സര്‍ ചെയ്യുന്ന വംശഹത്യയാണ് നടക്കുന്നത്. ഇക്കാര്യം അനുദിനം വെളിപ്പെട്ടുവരികയാണ്. ജൂതബാലന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ബരാക് ഒബാമ നടത്തിയ പ്രതികരണം എത്ര തീക്ഷ്ണമായിരുന്നു. ആര് കൊന്നുവെന്ന് അന്വേഷിക്കാന്‍ അദ്ദേഹം മെനക്കെട്ടില്ല. വരാനിരിക്കുന്ന കൂട്ടക്കൊലക്ക് വിസില്‍ മുഴക്കുകയായിരുന്നു അദ്ദേഹം. ജൂലൈ എട്ടിന് തുടങ്ങിയ കുരുതി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വൈറ്റ് ഹൗസ് പേരിനൊന്ന് അപലപിക്കാന്‍ തയ്യാറായത്. എന്നിട്ടോ തൊട്ടടുത്ത മണിക്കൂറില്‍ ഇസ്റാഈലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനുള്ള ഉത്തരവില്‍ ഒബാമ ഒപ്പുവെച്ചു. ഇസ്റാഈലിന്റെ റോക്കറ്റ് പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിന്റെ പരിഷ്കരണത്തിനായി കോടിക്കണക്കിന് ഡോളര്‍ നല്‍കുകയും ചെയ്തു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നേതൃത്വം നല്‍കുന്ന വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ പോലും ഇസ്റാഈലിന് സംരക്ഷണ വലയമൊരുക്കാനായി രൂപകല്‍പ്പന ചെയ്തതാണ്. അത്കൊണ്ട് സയണിസത്തിനെതിരായ പ്രതിരോധത്തിന്റെ കുന്തമുന നീളേണ്ടത് അമേരിക്കന്‍ സാമ്രാജ്യത്വത്തിലേക്ക് തന്നെയാണ്. യു എന്നെന്ന പല്ലുകൊഴിഞ്ഞ സിംഹത്തെ ഇനിയെങ്കിലും ദയാവധത്തിന് വിധേയമാക്കിക്കൂടേ എന്ന ചോദ്യവും ഉയരേണ്ടിയിരിക്കുന്നു.
ഇത്തവണ ഹമാസിന്റെ റോക്കറ്റുകളില്‍ ചിലതെങ്കിലും ലക്ഷ്യം കണ്ടുവെന്നതാണ് മറ്റൊരു കാര്യം. അയേണ്‍ ഡോമിന്റെ കണ്ണുവെട്ടിച്ച് അത് ടെല്‍ അവീവ് വരെ ചെന്നെത്തി. ഏതാനും ഐ ഡി എഫ് ഭടന്‍മാരെ അത് വകവരുത്തി. ഡ്രോണ്‍ വിമാനങ്ങള്‍ വിജയകരമായി പറത്താനായി. ഇതില്‍ ഇസ്റാഈലിന് കടുത്ത ഇച്ഛാഭംഗമുണ്ട്. അത്കൊണ്ടാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ നിരന്തരം ബോംബ് വര്‍ഷിച്ച് അവര്‍ കലി തീര്‍ക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി, ഇറാന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സൈനിക സഹായം തേടാന്‍ എ്യെപ്പെട്ട ഫലസ്തീന്‍ ശ്രമിക്കണമെന്ന സന്ദേശം ഈ വിജയങ്ങള്‍ നല്‍കുന്നു. വൈകാരികമായ പ്രകടനങ്ങളിലൂടെ മാത്രം രാഷ്ട്രം കെട്ടിപ്പടുക്കാനാകില്ലെന്ന് ഹമാസ് മനസ്സിലാക്കണം.
പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ എത്ര വളച്ചൊടിച്ചിട്ടും സത്യം പുറത്ത് വരുന്നുവെന്നതാണ് മറ്റൊരു ആശ്വാസം. സൈബര്‍ ലോകത്തെ കൂട്ടായ്മകള്‍ അത്രമേല്‍ ശക്തമാണിപ്പോള്‍. അത് കൊണ്ട് നുണപ്രചാരണങ്ങള്‍ക്ക് പണ്ടേപ്പോലെ കാറ്റുപിടിക്കുന്നില്ല. ഇസ്റാഈലിനും അമേരിക്കക്കുമെതിരായ ബഹിഷ്കരണ പ്രസ്ഥാനങ്ങള്‍ മുമ്പത്തേക്കാള്‍ ശക്തമാണ്. ഡെസ്മണ്ട് ടുടുവിനെപ്പോലുളള നൊബേല്‍ ജേതാക്കളും നോം ചോംസ്കിയെപ്പോലുള്ള ബുദ്ധിജീവികളും കലാകാരന്‍മാരും കവികളും മതപണ്ഡിതരും ആക്ടിവിസ്റ്റുകളും ട്രേഡ് യൂനിയനുകളും ശക്തമായ സാമ്രാജ്യത്വവിരുദ്ധ അവബോധം സൃഷ്ടിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യം മുഴങ്ങുന്നു.
മുമ്പത്തെപ്പോലെയല്ല. ഫലസ്തീന്‍ അതോറിറ്റി ഗസ്സക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. 51 കിലോമീറ്റര്‍ നീളത്തില്‍ 18 ലക്ഷം മനുഷ്യരുള്ള ഈ ഭൂവിഭാഗത്തെ വളയുക വഴി ഫലസ്തീന്‍ വിമോചന സ്വപ്നങ്ങളെയാണ് ബന്ദിയാക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നു. ഈ എ്യെത്തോട് ലോകത്തെ നേര്‍ബുദ്ധിയുള്ള മുഴുവന്‍ പേരും എ്യെപ്പെടുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ സയണിസ്റ്റ്, യാങ്കി അച്ചുതണ്ടിന് സാധിക്കില്ല. അറബ് ലോകം ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ തയ്യാറായാല്‍ മാത്രം മതി, ഗസ്സയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ രക്തസാക്ഷിത്വം പാഴാകില്ല.

മുസ്തഫ പി. എറയ്ക്കല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ