സ്റ്റുഡന്റ്‌സ് ആക്ടിവിസത്തിന്റെ സകല സൗന്ദര്യവും ആവാഹിച്ച, ആവിഷ്‌കരിച്ച അമ്പത് വർഷത്തിന്റെ കർമധന്യതയുടെ ആഘോഷമായിരുന്നു എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി. കെട്ടുപോകാൻ പാടില്ലാത്ത ആശയങ്ങൾക്ക് കാവലിരുന്നും വിദ്യാർത്ഥിത്വം മഹത്തായ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് ഉത്തരവാദിത്വത്തിലേക്ക് ഉണർന്നും ഉടനീളം ജീവിക്കുകയും നിരന്തരം അടയാളപ്പെടുത്തുകയും ചെയ്തു എന്നതാണ് കഴിഞ്ഞ അമ്പതു വർഷം എസ്എസ്എഫ് നിർവഹിച്ച ദൗത്യം. സ്റ്റുഡന്റ്‌സ് ആക്ടിവിസത്തിന്റെ വ്യാകരണങ്ങളെയെല്ലാം തിരുത്തിയുള്ള സഞ്ചാരത്തിൽ എസ്എസ്എഫിന്റെ മുദ്ര പതിയാത്ത ഒരു മേഖലയും ഇടവുമില്ല എന്ന് അൽപവും അതിശയോക്തിയില്ലാതെ പറയാൻ കഴിയും.
മതം, സമൂഹം, സംസ്‌കാരം, വിദ്യാഭ്യാസം, വിദ്യാർത്ഥിത്വം, രാഷ്ട്രീയം, കാമ്പസ്, പരിസ്ഥിതി, മീഡിയ, കുട്ടികൾ തുടങ്ങി എസ്എസ്എഫിന്റെ ക്രിയാത്മകമായ ഇടപെടലുകലുണ്ടായവയുടെ പട്ടിക നീണ്ടതാണ്. മണ്ണിൽ വേരാഴ്ത്തുകയും മനുഷ്യരെ കാണുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും അങ്ങനെ സമൂഹത്തിന്റെ തേട്ടങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചൊരു മുന്നേറ്റമാണ് സംഘടന നടത്തിയത്. കർമസാഫല്യത്തിന്റെ ആ അമ്പത് കാലങ്ങളെ ഒരു വർഷമായി ആഘോഷിക്കുകയായിരുന്നു എസ്എസ്എഫ്. അതിന്റെ കൊട്ടിക്കലാശമാണ് കണ്ണൂരിൽ കേരള വിദ്യാർത്ഥി സമ്മേളനത്തോടെ പൂർത്തിയായത്.
2022 ഏപ്രിൽ 29ന് ആലപ്പുഴയിൽ നടന്ന എൻഹാൻസ് ഇന്ത്യ കോൺഫറൻസിലാണ് ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ ഗോൾഡൻ ഫിഫ്റ്റി ആഘോഷിക്കുന്നതിന്റെ പ്രഖ്യാപനമുണ്ടാകുന്നത്. അതിനു ശേഷം ഒരു വർഷം നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾ, പ്രമേയത്തെ ആസ്പദമാക്കിയും മറ്റുമുള്ള വിവിധ പ്രോഗ്രാമുകൾ ഗോൾഡൻ ഫിഫ്റ്റിയെ തെരുവിലും മനസ്സുകളിലും മുദ്രണം ചെയ്യുന്നതിൽ നിർണായകമായി. സമ്മേളനത്തോടടുക്കും തോറും ചുവരിലും ചുണ്ടിലും ഗോൾഡൻ ഫിഫ്റ്റി പൂത്തുലഞ്ഞു.
കനത്ത വേനലിലെ കത്തുന്ന ചൂടിലും ആവേശത്തിന്റെ താപനില ഉയർന്നുതന്നെ നിന്നു. അവസാന ദിവസങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ അവയെല്ലാം മിഴിവോടെ ദൃശ്യമായി. സമ്മേളനച്ചൂട് പരകോടിയിലേക്ക് പ്രവേശിക്കുമ്പോഴാണ് ഏപ്രിൽ 23ന് പതാക ഉയർത്തലോടെ ഗോൾഡൻ ഫിഫ്റ്റിക്ക് ഔദ്യോഗിക ആരംഭം കുറിക്കുന്നത്. അതോടെ കേരളത്തിന്റെ കണ്ണും കാതും കണ്ണൂരിലേക്ക് തിരിഞ്ഞു. പിന്നെ ഒരാഴ്ചക്കാലം കണ്ണൂരായിരുന്നു സുന്നി കൈരളിയുടെ കേന്ദ്രബിന്ദു.
അമ്പതു വർഷം സംഘടനയെ നയിച്ച സമുന്നത സാരഥികൾ ചേർന്നാണ് പോലീസ് മൈതാനത്ത് അമ്പത് പതാകകളുയർത്തിയത്. നൂറുകണക്കിന് പ്രവർത്തകരും പ്രസ്ഥാന നേതാക്കളും സംബന്ധിച്ച പരിപാടിയിൽ ആവേശോജ്വലമായ അന്തരീക്ഷത്തിൽ മൂവർണക്കൊടികൾ വാനിലുയർന്നു. ശേഷം നടന്ന നഗരി ഉദ്ഘാടനം, എജുസൈൻ കരിയർ എക്‌സ്‌പോ, പുസ്തകലോകം ബുക് ഫെയർ ഉദ്ഘാടനങ്ങളും പ്രമുഖരുടെ സാന്നിധ്യം കൊണ്ടും പ്രവർത്തകരുടെ നിറഞ്ഞ പങ്കാളിത്തത്താലും പ്രൗഢമായി.
ഏപ്രിൽ 25 മുതൽ സമ്മേളനാനുബന്ധ പരിപാടികൾ ആരംഭിച്ചു. കരിയർ വർക് ഷോപ്പ്, ഗോൾഡൻ അസംബ്ലി എന്ന പേരിൽ നടന്ന പ്രതിനിധി സമ്മേളനം, സാഹിത്യ സാംസ്‌കാരിക പരിപാടികൾ, രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ എന്നിവയായിരുന്നു പ്രധാന ഉപ പരിപാടികൾ. പോലീസ് മൈതാനിയിലെ പുസ്തകലോകം വേദി, എജുസൈൻ വേദി, കണ്ണൂർ നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ കലക്ടറേറ്റ് മൈതാനം, കാൾ ടെക്‌സ്, സ്റ്റേഡിയം കോർണർ, നെഹ്‌റു കോർണർ, ദിനേശ് ഓഡിറ്റോറിയം എന്നിങ്ങനെ ഏഴ് വേദികളിൽ ഒരേസമയം പല പരിപാടികൾ നടക്കുന്ന രീതി ശ്രദ്ധേയമായി. സംഘാടന ശേഷിയും മനുഷ്യ-മനുഷ്യേതര വിഭവങ്ങളും ഏറെ ആവശ്യമുള്ള യത്‌നമാണ് ഏറ്റെടുത്തതെങ്കിലും മികവുറ്റ രീതിയിൽ സംഘാടകർ അവ പൂർത്തീകരിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്. കണ്ണൂരിലെത്തുന്ന ഏതൊരാളും എവിടെ നോക്കിയാലും എസ്എസ്എഫിനെ കാണുക മാത്രമല്ല കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സുന്ദര ദൃശ്യം സമ്മേളനത്തിന്റെ വലുപ്പത്തെ വിളംബരപ്പെടുത്തി.
സമാപന മഹാസമ്മേളനത്തിനു മുന്നോടിയായി അമ്പതു സമ്മേളനങ്ങൾ എന്നതായിരുന്നു ഗോൾഡൻ ഫിഫ്റ്റിയുടെ ഹൈലൈറ്റ്. അഞ്ച് ദിവസങ്ങളിലായി നടന്ന അമ്പത് ഉപ സമ്മേളനങ്ങളിൽ രാജ്യത്തെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, അക്കാദമിക മേഖലകളിലെ പ്രഗത്ഭരാണ് സംബന്ധിച്ചത്.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എജുസൈൻ കരിയർ എക്‌സ്‌പോ ആയിരുന്നു ഗോൾഡൻ ഫിഫ്റ്റിയുടെ അനുബന്ധ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയം. ഒരാഴ്ചക്കാലം നീണ്ടുനിന്ന എജുസൈൻ അനേകായിരം വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി. രണ്ടുലക്ഷം പേർ സന്ദർശകരായെത്തിയ കരിയർ എക്‌സ്‌പോയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്ക് കരിയർ ഡയറക്ഷൻ നൽകുകയുണ്ടായി. പന്ത്രണ്ടായിരം സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് പ്രത്യേകം സജ്ജീകരിച്ച 80 സ്റ്റാളുകളിലായി നടന്ന എജുസൈനിൽ കാൽലക്ഷം വിദ്യാർത്ഥികൾക്കാണ് വ്യക്തിഗത കരിയർ കൗൺസിലിംഗ് നടത്തിയത്.
സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് മേഖലയിലെ വ്യത്യസ്ത കോഴ്‌സുകൾ, രാജ്യത്തെ പ്രീമിയർ സ്ഥാപനങ്ങൾ, ടെക്‌നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാപഠനം, മീഡിയ, നിയമപഠനം, മെഡിക്കൽ, എഞ്ചിനീയറിംഗ്, ഓൺലൈൻ കോഴ്‌സുകൾ, സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശ യൂണിവേഴ്‌സിറ്റികൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ഷോർട്ട് ടേം കോഴ്‌സുകൾ, അപ്‌സ്‌കില്ലിംഗ്, കരിയർ മാപ്പിംഗ് തുടങ്ങിയ എൺപതോളം മേഖലകൾ ചർച്ച ചെയ്യുന്ന സ്റ്റാളുകൾ എക്‌സ്‌പോയിൽ സജ്ജമാക്കിയിരുന്നു. കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന 250ലധികം കരിയർ മെന്റർമാരുടെ സേവനവും ലഭ്യമാക്കി. നൂറിലധികം കരിയർ പ്രൊഫൈലുകളെ കുറിച്ച് അറിയാനുള്ള സംവിധാനവും ഒരുക്കുകയുണ്ടായി.
25ലധികം കേന്ദ്ര സർവകലാശാലാ പ്രതിനിധികളും 15ലധികം അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി പ്രതിനിധികളും സംബന്ധിച്ച പരിപാടിയിൽ മൈക്രോസോഫ്റ്റ് ഉൾപ്പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവുമൊരുക്കിയിരുന്നു. ക്യുഎസ് റാങ്കിംഗിൽ ആദ്യ സ്ഥാനങ്ങളിൽ വരുന്ന യൂണിവേഴ്‌സിറ്റികളുടെ വെർച്വൽ ടൂർ, ബിഫോർ എസ്എസ്എൽസി എന്നിവ എജ്യുസൈന്റെ പ്രത്യേകതയായിരുന്നു.
എമർജിംഗ് കരിയർ, കരിയർ സ്വിച്ചിംഗ്, കരിയർ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും മാറ്റങ്ങൾ, സ്‌കോളർഷിപ്, ഫെല്ലോഷിപ്, വിവിധ വിദേശ യൂണിവേഴ്‌സിറ്റികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്ലസ്ടുവിന് ശേഷമുള്ള ഇന്റഗ്രേറ്റഡ് സ്റ്റഡി തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക വിഷയാവതരണങ്ങൾ നടന്നത് നാളെ എന്തെന്ന സംശയത്തിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകുന്നതായി. ഉപരി പഠനം ആഗ്രഹിക്കുന്നവർക്കെല്ലാം വ്യക്തമായ ഉത്തരങ്ങൾ പകരുന്നതായിരുന്നു എജുസൈൻ കരിയർ എക്‌സ്‌പോ.
പുസ്തക പ്രേമികൾ ഒഴുകിയെത്തിയ പുസ്തകലോകം ബുക് ഫെയർ ഗോൾഡൻ ഫിഫ്റ്റിയുടെ മറ്റൊരു സവിശേഷതയായിരുന്നു. 5000 ശീർഷകങ്ങളിലായി അമ്പതോളം പ്രസാധകരുടെ പുസ്തകങ്ങളാണ് സജ്ജീകരിച്ചിരുന്നത്. കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ്, മലയാള സാഹിത്യങ്ങളും ഒരുക്കിയിരുന്നു. ഏകദേശം മൂന്ന് ലക്ഷം പേരാണ് പുസ്തകലോകത്തേക്കെത്തിയത്. ഐപിബിയുടെ 50 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ബുക് ഫെയറിൽ നടന്നു. ‘പുതിയ പുലരികൾ പുതിയ പൂക്കൾ’ എന്ന പേരിൽ പുസ്തക രചയിതാക്കളുടെ അനുഭവം പങ്കുവെക്കുന്ന സെഷനും യുവ എഴുത്തുകാരുടെ സംഗമമായ സർഗം, സാഹിത്യ സംവാദങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്‌കാരിക സംസാരങ്ങൾ എന്നിവയും പുസ്തകലോകത്തിന്റെ ജനകീയ പങ്കാളിത്തം വർധിപ്പിച്ചു.
സംസ്ഥാനത്തെ 120 ഡിവിഷൻ കമ്മിറ്റികളിൽ നിന്നു തിരഞ്ഞെടുത്ത ആയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത സംസ്ഥാന പ്രതിനിധി സമ്മേളനം ഗോൾഡൻ ഫിഫ്റ്റിയുടെ പ്രധാന നീക്കിയിരുപ്പാണ്. പ്രവർത്തകരുടെ ധൈഷണിക വികസനവും സാമൂഹിക ബോധവികാസവും ലക്ഷ്യംവെക്കുന്ന വിവിധ പഠന സെഷനുകൾ പ്രതിനിധി സമ്മേളനത്തെ ബൗദ്ധിക വിചാരങ്ങളാൽ സമ്പന്നമാക്കി.
സമ്മേളന സംസ്‌കാരത്തിന് പുതുവഴി സൃഷ്ടിച്ചാണ് ഗോൾഡൻ ഫിഫ്റ്റിയുടെ അനുബന്ധ പരിപാടികൾ പൂർത്തിയായത് ക്രിയാത്മകതയുടെ മാതൃകയും വൈവിധ്യങ്ങളുടെ സൗന്ദര്യവും നിറഞ്ഞുനിന്ന ഒരാഴ്ചക്കാലത്തിനു ശേഷം സംസ്ഥാനം കാത്തിരുന്ന ആ ദിവസമെത്തി.
കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ബാനറുകൾ കെട്ടിയ വാഹനങ്ങളെ കണി കണ്ടാണ് ഏപ്രിൽ 29ന്റെ പുലരിയിലേക്ക് നാട് മിഴി തുറന്നത്. വിദ്യാർത്ഥി റാലി ആരംഭിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുമ്പുതന്നെ ജനബാഹുല്യം കൊണ്ട് കണ്ണൂർ നഗരം വീർപ്പുമുട്ടി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടു. അസ്വർ നിസ്‌കാരത്തിനു ശേഷം കേരള വിദ്യാർത്ഥി റാലി ആരംഭിച്ചു. കണ്ണൂരിന്റെ വിപ്ലവ വീഥികളെ ഉൾപുളകമണിയിച്ച റാലി വിദ്യാർത്ഥി ബാഹുല്യം കൊണ്ടും ആശയ പ്രകാശനങ്ങളുടെ ഗരിമ കൊണ്ടും വ്യത്യസ്തമായി. പ്രഭാത് ജംഗ്ഷനിൽ നിന്ന് അഞ്ചു വരിയായാണ് ആരംഭിച്ചത്. സംസ്ഥാന ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും മുൻനിരയിൽ നിന്നപ്പോൾ പിന്നിലായി പ്രത്യേകം തിരഞ്ഞെടുത്ത അമ്പതിനായിരത്തോളം വരുന്ന ഐൻ ടീം അംഗങ്ങളും അവർക്ക് പിറകിലായി മറ്റു വിദ്യാർത്ഥി പ്രവർത്തകരും അണിനിരന്നു. എസ്ബിഐ റയിൽവേ വഴി പഴയ ബസ്റ്റാന്റ് കടന്ന് പൊതുസമ്മേളന വേദിയായ ജവഹർ സ്റ്റേഡിയത്തിലാണ് റാലി സമാപിച്ചത്. റാലിയുടെ മുൻനിര സമ്മേളന നഗരിയണഞ്ഞപ്പോഴും സ്റ്റാർട്ടിംഗ് പോയന്റിൽ പ്രകടനമായി നീങ്ങാൻ അണിയൊപ്പിച്ച് പ്രവർത്തകർ കാത്തുനിൽക്കുകയായിരുന്നു. പൊതുസമ്മേളനം തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് നഗരിയുടെ പരിസരത്ത് ഇവർക്കെത്താൻ സാധിച്ചത്. പൊതു സമ്മേളനത്തിലേക്കൊഴുകിയെത്തിയ പതിനായിരങ്ങൾ വഴിയിലുടനീളം മഹാറാലിയെ അഭിവാദ്യം ചെയ്തു. പ്രസ്ഥാനത്തിന്റെ സമുന്നത സാരഥികൾ നിശ്ചയിക്കപ്പെട്ട കോർണറിൽ സംഘടിച്ച് റാലിക്ക് അഭിവാദ്യമർപ്പിച്ച കാഴ്ചയും കുളിർമയേകി.
മതം, സമൂഹം, സാഹിത്യം, സംസ്‌കാരം, വിദ്യാഭ്യാസം, രാഷ്ട്രീയം, ലഹരി, പരിസ്ഥിതി, വിദ്യാർത്ഥിത്വം തുടങ്ങി വിവിധ ആശയങ്ങൾ പ്രകാശിപ്പിച്ച ബാനറുകൾ റാലിക്ക് മാറ്റുകൂട്ടി. കവിത പൂക്കും കാമ്പസുകളിൽ ഇടിമുറികൾക്കിടമെവിടെ/ ശക്തമായ ഭരണഘടനക്ക് ധീരമായി കാവലിരിക്കും/ മണ്ണാണ് ജീവന്റെ ആധാരം, മലിനമാക്കരുത് തുടങ്ങിയ അർത്ഥപൂർണമായ നൂറ് ആശയങ്ങളാണ് ബാനറുകളിലുണ്ടായിരുന്നത്. അനീതിയെ നീതിബോധം കൊണ്ട് ചെറുക്കാനും അധർമത്തെ ധാർമികബോധം കൊണ്ട് തോൽപിക്കാനും പ്രേരിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ റാലിയിലുടനീളം മുഴങ്ങിക്കേട്ടു.
‘ഫാഷിസം വാഴ്ച നിലക്കട്ടെ, കോർപ്പറേറ്റടിപതറട്ടെ ഇന്ത്യ ജയിച്ചു ജ്വലിച്ചീടട്ടെ, നെഞ്ചിൽ കൈകൾ ചേർത്ത് വിളിക്കുക നമ്മളെന്നും ഇന്ത്യൻ ജനത’ പോലുള്ള വർത്തമാന കാല ഇന്ത്യയെ അഭിസംബോധന ചെയ്യുന്ന മുദ്രാവാക്യങ്ങളും സ്വാതന്ത്ര്യത്തിൻ പേരു പറഞ്ഞ് തോന്ന്യാസങ്ങളെ ആഘോഷിക്കും ലഹരിയിൽ മുങ്ങി കൗമാരങ്ങൾ നാടിൻ ഭാവിയിൽ ഇരുൾ നിറക്കുന്നു’ എന്നിങ്ങനെയുള്ള സാമൂഹിക തിന്മകൾക്കെതിരെയുളള പ്രതിഷേധങ്ങളും ജാഥയിൽ മുദ്രാവാക്യങ്ങളായി മുഴങ്ങി. റാലിക്ക് അകമ്പടിയായി പാട്ടു സംഘങ്ങൾ അണിനിരന്നത് കൂടുതൽ മിഴിവേകി.
റാലി സമാപിച്ചതോടെ സമാപന സമ്മേളനമാരംഭിച്ചു. പൊതുസമ്മേളനം നടന്ന ജവഹർ സ്റ്റേഡിയം ജനബാഹുല്യത്താൽ വീർപ്പുമുട്ടി പുറത്തേക്കും കിലോമീറ്ററുകളോളം ജനസാഗരമൊഴുകി. പൊതുസമ്മേളനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. നിലക്കാത്ത മുദ്രാവാക്യം വിളികളോടെയാണ് സമുദായത്തിന്റെ സാരഥിയെ സദസ്സ് വരവേറ്റത്.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തി കേരളത്തെ വിഭജിക്കരുതെന്ന് കാന്തപുരം പറഞ്ഞു. സഹിഷ്ണുത കൊണ്ടും സാഹോദര്യം കൊണ്ടും മാനവിക വിചാരങ്ങൾ കൊണ്ടും അറിയപ്പെട്ട നാടാണ് നമ്മുടേത്. സമീപ കാലത്തായി മതസൗഹാർദം തകർക്കുന്ന, മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന പല പ്രവർത്തനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനു പിന്നിൽ പല താൽപര്യങ്ങളുമുണ്ട് അങ്ങനെയൊരു പ്രതിലോമ പ്രവർത്തനത്തിന്റെ ഭാഗമായാണ് പുതിയൊരു സിനിമ പുറത്തിറങ്ങുന്നത്. സ്ത്രീകളെ ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി തീവ്രവാദ പ്രസ്ഥാനങ്ങളിൽ ചേർക്കുന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്. തീർത്തും തെറ്റായ പ്രചാരണമാണിത്. ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതനുവദിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, ലൗ ജിഹാദ് നമ്മുടെ നാട്ടിൽ ഇല്ലെന്ന് നീതിന്യായ സംവിധാനങ്ങളും പാർലമെന്റും തീർപ്പു പറഞ്ഞിരിക്കെ ഇങ്ങനെ വ്യാജ പ്രചാരണം നടത്തുന്നത് നാടിനെ കുറിച്ച് നുണ പറഞ്ഞ് വെറുപ്പ് പരത്തുകയാണ്. ഇത് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്.
നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം പഠിക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണം. പാഠപുസ്തകങ്ങളിൽ ശരിയായ ചരിത്രം പഠിപ്പിക്കണം. രാജ്യത്തിന്റെ പൂർവ ചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. അഖണ്ഡഭാരതമെന്ന ആശയമാണ് നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്നത്.
മനുഷ്യർക്ക് സാഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവസരമാണ് രാജ്യത്തിന്റെ മേന്മ. ഭയന്നു ജീവിക്കുന്നവരുള്ള രാജ്യത്ത് മറ്റെന്തു വികസനമുണ്ടായിട്ടും കാര്യമില്ല. ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങൾ എല്ലാവർക്കും ലഭിക്കണം. വിശ്വാസവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടരുത്. എന്തിന്റെ പേരിലായാലും ഇന്ത്യൻ ജനത വിഭജിക്കപ്പെടരുത്. ഇന്ത്യക്കാരെന്നതിൽ നമുക്ക് അഭിമാനബോധം വേണം. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതു പോലെ നമ്മൾ ഇന്ത്യൻ ജനത എന്ന് തെളിമയോടെ പറയാൻ നമുക്ക് സാധിക്കണം.
ഭാവിയുടെ പൗരസമൂഹമായ വിദ്യാർത്ഥികൾ നന്നായി പഠിക്കണം. പഠിക്കുന്നതിനൊപ്പം സമൂഹത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രവർത്തിക്കണം. ജീവിതത്തിൽ സത്യസന്ധത പുലർത്തണം. ആത്മാർത്ഥതയും അർപ്പണ മനോഭാവവും വേണം. മാതാപിതാക്കളെയും ഗുരുനാഥരെയും ബന്ധുമിത്രാദികളെയും അയൽക്കാരെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യണം. ഇസ്‌ലാമിക സംസ്‌കാരവും പാരമ്പര്യവും അതാണ്. വിശ്വാസവും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചു ജീവിക്കാൻ പുതുതലമുറ ശ്രദ്ധിക്കണം- കാന്തപുരം ഉണർത്തി.
രിസാല വാരികയുടെ പുതിയ ഡിജിറ്റൽ പ്രസിദ്ധീകരണ സംരംഭമായ രിസാല അപ്‌ഡേറ്റിന്റെ പ്രകാശനവും കാന്തപുരം നിർവഹിച്ചു. എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ പ്രമേയ പ്രഭാഷണവും സംസ്ഥാന ജന.സെക്രട്ടറിയുടെ നയപ്രഖ്യാപനവും സംഘടനയുടെ ആത്മീയ ആശയങ്ങളുടെ ഉള്ളടക്കങ്ങളവതരിപ്പിച്ച പ്രസിഡന്റിന്റെ ഉദ്‌ബോധനവുമെല്ലാമായി വിഭവ സമൃദ്ധമായിരുന്നു സമാപന സംഗമം.
സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാരുടെ അനുഗ്രഹ ഭാഷണം, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയുടെ മുഖ്യപ്രഭാഷണം, ശൈഖുനാ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നസ്വീഹത്തുമെല്ലാം ചേർന്നപ്പോൾ ആത്മീയാനുഭൂതിയാൽ പ്രവർത്തകരുടെ മനം നിറഞ്ഞു.
അക്ഷരാർത്ഥത്തിൽ കണ്ണൂരിനെ അമ്പരപ്പിച്ചാണ് അമ്പതാം വാർഷികം കൊടിയിറങ്ങിയത്. അഞ്ച് പതിറ്റാണ്ടു കൊണ്ട് സംഘടന സാധിച്ച വിപ്ലവത്തിന്റെ സർഗാത്മക അടയാളങ്ങളെല്ലാം കണ്ണൂരിൽ ദൃശ്യമായിരുന്നു. വേരുകൾ ചിറകുകളായ 50 വർഷത്തെ ആഘോഷിച്ച പുതുതലമുറ അര നൂറ്റാണ്ട് മുമ്പ് വീണ വെളിച്ചത്തിന്റെ വിത്തിനെ കൂടുതൽ പ്രകാശിപ്പിക്കാനുള്ള പ്രതിജ്ഞയുമായാണ് മടങ്ങിയത്. ഗ്രാമങ്ങളിലും കാമ്പസുകളിലും ധാർമിക വിപ്ലവത്തിന്റെ പുതിയ കവിത രചിച്ചു തുടങ്ങും ഈ വിദ്യാർത്ഥി പ്രസ്ഥാനം.
കെ.ബി ബശീർ