സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു എന്നൊക്കെ ഖുർആനിലുണ്ടല്ലോ. യഥാർത്ഥത്തിൽ സൂര്യൻ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ല. ഒരു ‘പരന്ന’ ഭൂമിയിൽ കിഴക്ക് നിന്ന് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്ന പുരാതന കാലത്തെ സൂര്യനെ കുറിച്ചുള്ള അബദ്ധ സങ്കൽപ്പം തന്നെയല്ലേ ഖുർആനിലുള്ളത്?
സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു എന്ന് പറയുമ്പോഴേക്ക് അതൊന്നും അശാസ്ത്രീയമാവുകയില്ല. മനുഷ്യാനുഭവങ്ങളുടെ ആവിഷ്‌കാരമാണ് ഭാഷ. ഈ ആധുനിക യുഗത്തിലും സ്‌കൂൾ പാഠപുസ്തകങ്ങളിൽ പോലും സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നതായി പരാമർശിക്കുന്നുണ്ട്. നമ്മുടെ അനുഭവങ്ങളുടെ ഒരാവിഷ്‌കാരമാണത്. ശാസ്ത്രം പറയാൻ വേണ്ടി വന്ന ഗ്രന്ഥമല്ല ഖുർആൻ, മറിച്ച് ജനങ്ങളുടെ ജീവിതാനുഭവങ്ങളും അവരുടെ നേർക്കാഴ്ചകളും അടയാളങ്ങളായി പരിചയപ്പെടുത്തി എല്ലാം സംവിധാനിച്ച റബ്ബിലേക്ക് വെളിച്ചം വിതറുന്ന ഒരു വിളക്കുമാടമാണ് ഖുർആൻ. ജനങ്ങളുടെ ഭാഷയിലാണ് ഖുർആൻ സംവദിക്കുന്നത്. ഓർക്കണം, അതൊരു സയൻസ് ടെക്സ്റ്റ് അല്ല.
പക്ഷേ അങ്ങനെയൊക്കെയാണെങ്കിലും ഖുർആനിന് ഒരു കാര്യത്തിലും പിഴക്കുന്നില്ല എന്നതാണ് അത്ഭുതം. യഥാർത്ഥത്തിൽ സൂര്യന് പ്രത്യേകമായ ഒരു ഉദയ സ്ഥാനമോ അസ്തമയ സ്ഥാനമോ ഇല്ല. എല്ലാ നിമിഷവും അത് ഉദിക്കുകയും അസ്തമിക്കുകയുമാണ് ചെയ്യുന്നത്. അതായത് അതിന് ഒട്ടനവധി ഉദയാസ്തമയ സ്ഥാനങ്ങളുണ്ട് എന്നർത്ഥം. ഇത് നൂറ്റാണ്ടുകൾക്കു മുമ്പ് ഖുർആൻ പറഞ്ഞു: ‘റബ്ബുൽ മശാരിഖി വൽ മഗാരിബ്!’ (37/5).
പരന്ന ഭൂമിയിൽ എങ്ങനെയാണ് ഒട്ടനവധി ഉദയാസ്തമയ സ്ഥാനങ്ങളുണ്ടാവുക? ഭൂമി ഉരുണ്ടതാണെന്നാണ് ഖുർആന്റ കാഴ്ചപ്പാട് എന്നതിന്റെ കൂടി തെളിവാണിത്.
ഭൂമി പരന്നതാണെന്നല്ലേ ഖുർആൻ പച്ചയായി പറഞ്ഞത്? എന്നിട്ടിപ്പോൾ ഖുർആനിലെ പരന്ന ഭൂമിയെ സാഹസികമായി ഉരുട്ടിയെടുക്കുകയാണോ?
ഭൂമി പരന്നതാണെന്ന് ഖുർആൻ എവിടെയും പറഞ്ഞിട്ടില്ല. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന് പറയാൻ വേണ്ടി വന്ന ഗ്രന്ഥവുമല്ല ഖുർആൻ. അതൊക്കെ മനുഷ്യൻ കണ്ടുപിടിക്കേണ്ടതാണ്. എന്നാൽ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന സൃഷ്ടികർത്താവിന്റെ കുറിമാനങ്ങൾ കാണിച്ച് അവരെ ആ സ്രഷ്ടാവിലേക്ക് അടുപ്പിക്കുകയാണ് ഖുർആൻ ചെയ്യുന്നത്.
ഭൂമിയെ നിങ്ങൾക്ക് പരത്തിത്തന്നു എന്ന് ഖുർആൻ (71/19) പറയുന്നുണ്ടല്ലോ.
ഭൂമിയെ നിങ്ങൾക്ക് തൊട്ടിലാക്കി (78/6) എന്നും പറയുന്നുണ്ട്. അതിനർത്ഥം ഭൂമി രണ്ട് കയറിൽ ആടുകയാണ് എന്നല്ലല്ലോ. ചലിക്കുമ്പോഴും നിങ്ങൾക്ക് സുഖനിദ്ര പ്രദാനം ചെയ്യുന്നവിധം വാസയോഗ്യമാക്കി തന്നില്ലേ എന്നാണ് അതിനർത്ഥം. ഭൂമിയുടെ ആകൃതിയല്ല, പ്രകൃതിയാണ് ഈ ഈ സൂക്തങ്ങളിലെ പ്രതിപാദ്യ വിഷയം. ഭൂമി നമുക്ക് മുമ്പിൽ പരന്ന് കിടക്കുകയാണ്. എവിടെയും പരന്ന് കിടക്കുന്നു. എന്തുകൊണ്ടാണിത്? ഇതിനെക്കുറിച്ച് ചിന്തിക്കാനാണ് ഖുർആന്റെ ആഹ്വാനം. ചിന്തിച്ചപ്പോൾ നമുക്ക് മനസ്സിലായി; ഭൂമി ഉരുണ്ടതായത് കൊണ്ടാണെന്ന്! പരന്നതാണെങ്കിൽ ഒരിടത്ത് അവസാനിക്കില്ലേ? പരപ്പ് അവസാനിക്കാത്തത് ഉരുണ്ടതായത് കൊണ്ടാണ്. ഭൂമിയെ പരന്നതായി നിനക്ക് അനുഭവവേദ്യമാക്കിത്തന്ന അല്ലാഹുവിനെ നീ കണ്ടെത്തൂ എന്നാണ് സൂക്തത്തിന്റെ താൽപര്യം.
ഭൂമി ചലിക്കുന്നുണ്ടെന്നും ഖുർആനിലുണ്ട് എന്നാണോ പറഞ്ഞ് വരുന്നത്.
അതേ! സൂക്ഷ്മ വായനയിൽ അങ്ങനെ തന്നെയാണ് മനസ്സിലാകുന്നത്. രാത്രി പകലിനെ തേടുന്നു എന്നാണ് ഖുർആൻ പറയുന്നത്. പ്രസക്തമായ ചോദ്യമിതാണ്; എങ്ങനെയാണ് മുഹമ്മദ് നബി ഇതൊക്കെ പറഞ്ഞത്?
സൂര്യൻ ചലിക്കുന്നത് കൊണ്ടാണ് രാപ്പകലുകളുണ്ടാകുന്നതെങ്കിൽ പകൽ സഞ്ചരിക്കുകയും പകൽ വരുമ്പോൾ രാത്രി ഇല്ലാതാവുകയുമാണ് ചെയ്യുക. എന്നാൽ ഭൂമി കറങ്ങുന്നത് കൊണ്ടാണ് രാപ്പലുകൾ ഉണ്ടാകുന്നതെങ്കിൽ രാത്രിയായിരിക്കു സഞ്ചരിക്കുന്നത്. ഭൂമിയുടെ നിഴലാണല്ലോ രാത്രി. മേഘങ്ങൾ സഞ്ചരിക്കുന്നത് പോലെ പർവതങ്ങൾ സഞ്ചരിക്കുന്നുണ്ട് എന്ന സൂക്തത്തിൽ നിന്ന് ഭൂമി കറങ്ങുന്നുണ്ടെന്നു കണ്ടുപിടിച്ച ഖുർആൻ പണ്ഡിതൻമാരുണ്ട്. എങ്ങനെയാണ് ഇതൊക്കെ ഖുർആനിന് പറയാൻ സാധിച്ചത്?
മറുപടി ലളിതമാണ്: ‘ലോകരക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതീർണമായ ഗ്രന്ഥമത്രെ അത്.’
ഹാമാനെ ഖുർആൻ മോഷ്ടിച്ചതോ?
ആറാം നൂറ്റാണ്ടിലെ അറേബ്യൻ സാഹചര്യത്തിൽ നിന്ന് മനസ്സിലാകാത്ത ചില ശാസ്ത്രീയ കാര്യങ്ങളൊക്കെ ഖുർആനിലുണ്ടെന്ന് ഏറെക്കുറെ മനസ്സിലായി. അതവിടെ നിൽക്കട്ടെ. ഇതര വേദങ്ങൾ സംബന്ധിച്ച ചില ചോദ്യങ്ങൾ കൂടി ഉന്നയിക്കാനുണ്ട്. ഖുർആനിലെ ചരിത്ര സംഭവങ്ങളുടെ കഥയെന്താണ്? അവ അമാനുഷികമാണോ?
പ്രവാചകൻമാരുടെ പേരുകൾ ഖുർആൻ പറയുന്നു. അതിൽ അധികപേരുടെയും ചരിത്രങ്ങൾ വിശദീകരിക്കുന്നു. അവരുടെ സമൂഹങ്ങളെക്കുറിച്ച് അവബോധം നൽകുന്നു. അവയുടെ ഉത്ഥാന പതനങ്ങളെക്കുറിച്ച് വാചാലമാകുന്നു. എവിടെയും ഒരു തെറ്റും സംഭവിക്കുന്നില്ല.
എല്ലാം ബൈബിളിൽ നിന്ന് കോപ്പിയടിച്ചതല്ലേ?
അത് ഇനി പറയരുത്. അത് നാം സലക്ഷ്യം മുമ്പ് ഖണ്ഡിച്ചതാണ്.
എങ്കിൽ ബൈബിളിലില്ലാത്ത ഖുർആൻ കഥകൾ ഒന്ന് പറഞ്ഞാട്ടേ!
ബൈബിളിൽ പറയാത്ത എത്രയോ സംഭവങ്ങൾ ഖുർആനിലുണ്ട്.
ഉദാഹരണം:
1. മൂസാ, ഹാമാൻ സംഭവം
2. മൂസാ, ഖളിർ സംഭവം
3. ഈസാ നബിയുടെ ജന്മസമയത്തെ അത്ഭുതങ്ങൾ
4. ദുർഖർനൈൻ സംഭവം
മോശെയുടെ കാലത്ത് ഹാമാൻ എന്ന ഒരാൾ ചരിത്രത്തിൽ ജീവിച്ചതിന് ഒരു തെളിവുമില്ല. ബൈബിളിലെ എസ്‌തേറിന്റെ പുസ്തകത്തിലാണ് ഒരു ഹാമാൻ കടന്നുവരുന്നത്. അതുകൊണ്ട് തന്നെ ഇത് ചരിത്രാബദ്ധമാണ്- എന്ത് പറയുന്നു?
ബൈബിളിലുള്ളത് പറഞ്ഞാൽ കോപ്പിയടി. ബൈബിളിലില്ലാത്തതാണെങ്കിൽ ചരിത്രാബദ്ധം! ഇതെന്ത് തമാശ? ഇസ്‌ലാം വിമർശകരുടെ പതിവ് കുതന്ത്രമാണത്.
ഇക്കാര്യത്തിൽ ആദ്യമായി കണ്ടുപിടുത്തം നടത്തിയത് ഓറിയന്റലിസ്റ്റ് എഴുത്തുകാരനായ ലുഡോവി കോ മറാകിയോ (Ldovico Marraccio) ആണ്. അദ്ദേഹം തന്റെ ലാറ്റിൻ ഖുർആൻ പരിഭാഷയിൽ പറയുന്നു: ‘യഥാർത്ഥത്തിൽ പേർഷ്യയിലെ Ahaseures െന്റെ ഉപദേശകനായ ഹാമാനെ ഫറോവയുടെ മന്ത്രിയാക്കി കഥ മെനയുകയായിരുന്നു മുഹമ്മദ്’
എന്നാൽ, ബൈബിളിൽ പറഞ്ഞത് മാത്രമാണ് ചരിത്രം എന്ന് ചിലരെങ്കിലും മനസ്സിലാക്കിയ പുരാതന കാലമല്ല ഇത്. ഈജിപ്തിനെക്കുറിച്ച് പ്രത്യേകമായി അവലോകനം ചെയ്യുന്ന ഈജിപ്‌റ്റോളജി എന്ന പഠനശാഖ തന്നെ ഇപ്പോഴുണ്ട്. ഈ പഠനശാഖ വളരെയധികം വികാസം പ്രാപിക്കുകയും പുരാതന ഈജിപ്തിൽ നിലവിലുണ്ടായിരുന്ന ചിത്രലിപി ഹൈറെഗ്ലിഫുകൾ പൂർണമായി വായിച്ചെടുക്കുന്നതിൽ 1822ൽ ജീൻഫ്രാൻ കോയിസ് ചാംപോളിയൻ എന്ന ശാസ്ത്രജ്ഞൻ വിജയിക്കുകയും ചെയ്തു. പുരാതന ഈജിപ്തിനെ പറ്റി ബൈബിളുകളിലുള്ളതിലേറെ കാര്യങ്ങൾ ഇന്ന് അവയിലൂടെ നമുക്ക് ലഭ്യമാണ്.
ഹാമാൻ സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധ ഖുർആൻ ഗവേഷകനായ മോറിസ് ബുക്കായി നടത്തിയ പഠനം ഇവിടെ പ്രസ്താവ്യമാണ്. അദ്ദേഹം ഹാമാൻ എന്ന പദം ഖുർആനിൽ എഴുതിയത് പോലെ കോപ്പിയെടുത്ത് ഒരു ഫ്രഞ്ച് ഈജിപ്‌തോളജിസ്റ്റിനെ സമീപിച്ചു. ഏഴാം നൂറ്റാണ്ടിലെ ഒരു രേഖയിൽ (ഖുർആൻ) ഈജിപ്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട ഒരാളെ സൂചിപ്പിക്കുവാൻ പ്രയോഗിച്ച നാമമാണ് ഇതെന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോൾ അതിന്റെ ഹീറോഗ്ലിഫ് ലിപ്യന്തരണം അദ്ദേഹം എഴുതിക്കൊടുക്കുകയും ഏഴാം നൂറ്റാണ്ടിൽ ഹീറോഗ്ലിഫുകൾ പൂർണമായും വിസ്മൃതിയിലാണ്ടതിനാൽ അന്നത്തെ ഒരു രേഖയിൽ ഇത് കണ്ടെത്തുക തികച്ചും അസംഭവ്യമാണെന്ന് കൂട്ടിച്ചേർക്കുകയുമുണ്ടായി. തുടർപഠനങ്ങൾക്ക് വേണ്ടി Dictionary of Personal names of the new kingdom എന്ന പുസ്തകം നിർദേശിക്കുകയും ചെയ്തു. ആ പുസ്തകത്തിൽ അദ്ദേഹം എന്റെ മുന്നിൽ വെച്ച് എഴുതിയതു പോലെത്തന്നെയുള്ള ഹൈറെഗ്ലിഫ് ലിപികളിൽ എഴുതപ്പെട്ട പ്രസ്തുത നാമവും അതിന്റെ ജർമ്മൻ ഭാഷയിലുള്ള ലിപ്യന്തരണവും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു.
ബുക്കായി ആശ്ചര്യഭരിതനായി പറയുന്നത് നോക്കൂ: “I was stupefied to read the profession of haman- The chief of the workers- in the stone quarries” ഹാമാന്റെ തൊഴിൽ വായിച്ചപ്പോൾ ഞാൻ സ്തബ്ധനായിപ്പോയി. കല്ലുവെട്ടു കുഴിയിലെ തൊഴിലാളികളുടെ നേതാവ്. ഖുർആനിലെന്താണോ പറയുന്നത് കൃത്യമായും അതുതന്നെ! ഫറോവയുടേതായി ഖുർആൻ ഉദ്ധരിക്കുന്ന വചനം ഒരു കെട്ടിട നിർമാതാവിനെയാണല്ലോ അഭിസംബോധന ചെയ്യുന്നത്.
ഹാമാനെ കുറിച്ച് നേരത്തെ സൂചിപ്പിച്ച നിഘണ്ടുവിൽ പരാമർശിക്കപ്പെട്ട പേജിന്റെ ഫോട്ടോ കോപ്പിയും ഖുർആനിലെ പ്രസ്തുത നാമമുള്ള പേജുകളും നടേ പറഞ്ഞ വിദഗ്ധന് കാണിച്ചു കൊടുത്തപ്പോൾ അയാൾ നിശ്ശബ്ധനായിപ്പോയി.’ (M.Bucaille,Moses and Pharaoh: the Hebrews in Egypt 1995,Tokyo.qtd: Quran.org).
വിസ്മയകരം! അത്ഭുതകരം! ബൈബിളിന്റെ വെളിച്ചത്തിൽ ഖുർആനെ വിമർശിച്ചവർക്ക് പുതിയ ഗവേഷണങ്ങളുടെ ഉച്ചവെയിലിൽ സൂര്യാഘാതമേറ്റിരിക്കുന്നു!! ഹൈറെഗ്ലിഫുകളെക്കുറിച്ച് ഒന്നുമറിയാത്ത കാലത്ത് അവതീർണമായ ഗ്രന്ഥത്തിൽ ചേർക്കാൻ ഇത്തരം അറിവുകൾ മുഹമ്മദ്(സ്വ)ക്ക് എവിടെ നിന്ന് കിട്ടി? ‘പ്രതാപിയും കാരുണ്യവാനുമായ അല്ലാഹുവിൽ നിന്ന് അവതീർണമായ ഗ്രന്ഥമാണിത്’ (വി.ഖു 36:5).
പക്ഷേ, ഈ ആരോപണത്തിൽ ഒരു തമാശയുണ്ട്. യഥാർത്ഥ ചരിത്രമെന്ന് പറഞ്ഞ് ആരോപകർ എഴുന്നള്ളിച്ച ബൈബിളിലെ എസ്‌തേറിന്റെ പുസ്തകത്തിലെ കഥ തന്നെ ചരിത്രപരമല്ല, കേവലം ഭാവനയാണെന്നും പ്രൊഫ. ജോൺ ലെവിൻസോ ആൽബർട്ട് അടക്കുള്ള ഒട്ടേറെ ഗവേഷകർ പറഞ്ഞിട്ടുണ്ട് (Historical errors of Quran: Pharaoh Haman: mquran.org. മന്ത് മറ്റേ കാലിലാണ് എന്ന് പറയുന്നതിൽ ഖേദമുണ്ട്.
ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി