മലബാറിലെ ഇസ്ലാമിക ചലനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു പ്രദേശമാണ് ചാലിയം. കോഴിക്കോട്ടു നിന്ന് പതിനാറു കി.മീറ്റർ അകലെ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചാലിയത്തിന്റെ ഇന്നലെകൾ സദാ ചലനാത്മകമായിരുന്നു. പ്രാചീന കാലത്തെ തിരക്കുപിടിച്ച നഗരം. നല്ലയിനം തുണിത്തരങ്ങൾക്ക് പ്രസിദ്ധിയാർജിച്ച ചാലിയത്തെ നെയ്ത്തുശാലകൾ അന്തരീക്ഷത്തെ ശബ്ദായമാനമാക്കിയിരുന്നു. നേരിനെ നെഞ്ചോടു ചേർക്കാൻ അറച്ചുനിൽക്കാത്ത ചാലിയത്തിന്റെ മണ്ണും മനസ്സും സാംസ്കാരിക നന്മകൾ ഇരുകയ്യും നീട്ടി എന്നും സ്വീകരിച്ചിട്ടേയുള്ളൂ.
മധ്യേഷ്യയിൽ നിന്നു കുടിയേറിയ യഹൂദന്മാരാണ് ചാലിയത്തെ വ്യവസായ നഗരമാക്കി പരിവർത്തിപ്പിച്ചത്. ബിസി 970 മുതൽ എഡി നാലാം നൂറ്റാണ്ട് വരെ യഹൂദരുടെ കുടിയേറ്റ പട്ടണമായിരുന്നു ഇത്. എഡി 1225 വരെ പോളനാട് രാജാവ് പോളാതിരിയുടെ കീഴിലായിരുന്നു ചാലിയം. സുലൈമാൻ നബി(അ)യുടെ വാണിജ്യ കപ്പലുകൾ ചാലിയം തുറമുഖത്തും വന്നിരുന്നുവെന്ന് പെരിപ്ലാസ് എരിത്രിയൻ കടൽ യാത്ര എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു. ജലഗതാഗത സൗകര്യമാണ് ഈ നാടിന് ശത്രുക്കളെയും മിത്രങ്ങളെയും നേടിക്കൊടുത്തത്.
പേരിൽ നെയ്ത ശാലിയം
ശാലിയൻ എന്നതിന്റെ ഉച്ചാരണഭേദമാണ് ചാലിയൻ. ശാലിയൻ എന്ന പദത്തിന് നൂൽചെട്ടി എന്നാണ് ശബ്ദതാരാവലി നൽകുന്ന അർത്ഥം. ശാലയിലുള്ളവർ എന്ന അർത്ഥത്തിലാണ് ഇവരെ ശാലിയർ എന്നു വിളിക്കുന്നതെന്നും പറയപ്പെടുന്നു. ശല്യപുരാണത്തിൽ ശല്യർ മഹർഷിയുടെ സന്തതി പരമ്പരകളാണ് ശാലിയർ എന്നൊരു പരാമർശമുണ്ട്. ജാലികനും ശാലികനും ചാലിയനും ശാലിയനുമൊക്കെ ഒന്നുതന്നെ. കേരളത്തിനു പുറമെ തമിൾനാട്, ആന്ധ്ര, കർണാടക തുടങ്ങിയ പ്രദേശങ്ങളിലും ശാലിയ സമുദായക്കാർ ഉണ്ട് (കാസർകോട്: ചരിത്രവും സമൂഹവും പേ. 254).
വിദേശ വിപണികളിൽ ശാലിയാത്തി തുണികൾക്ക് വൻ ഡിമാന്റായിരുന്നു. പ്രാചീന ചാലിയന്മാർ ചേലുള്ള വസ്ത്രങ്ങൾ നെയ്യാൻ അതിവിദഗ്ധരായിരുന്നു. ചാലിയത്തു നായർ, കൈക്കോളൻ, പട്ട്യാരൻ, തെരുവൻ എന്നൊക്ക അറിയപ്പെട്ടു. പിന്നാക്ക വിഭാഗത്തിൽപെട്ട ചാലിന്മാർ ഇന്നുമുണ്ട്. പരപ്പനങ്ങാടി ഭാഗങ്ങളിൽ ഇവർ ചെട്ടികളും ചെട്ടിച്ചികളുമാണ്. ഏതായാലും ചേല നെയ്യുന്നവർ എന്നു സൂച്യാർത്ഥം നൽകുന്ന വിളിപ്പേരാണ് ചാലിയർ. ഇതിൽ നിന്നാവാം ചാലിയത്തിന്റെ പിറവി.
സഞ്ചാരികളായ ഇബ്നുബത്തൂത്തയും അബുൽഫിദായും ശാലിയാത്തി എന്നാണ് ചാലിയത്തെ വിശേഷിപ്പിക്കുന്നത്. അറബികൾക്ക് സുപരിചിതമായ പ്രദേശമാണ് ചാലിയം. പഞ്ചനൂർ ദേശത്തിന്റെ ഒരംശമായിരുന്ന ഈ നാടിന് ചാലിയം എന്നായിരുന്നു പേര്. അറബിയിൽ ‘ച’ കാരം ഇല്ലാത്തതുകൊണ്ട് ‘ശ’ കാരം ആയതാകാം. അനാചാരങ്ങൾ വെടിഞ്ഞ് സദാചാരം സ്വീകരിച്ച നാടായതുകൊണ്ട് സ്വാലിഹാത്ത് ആവുകയും പ്രയോഗഭേദത്താൽ ശാലിയാത്തിയും ചാലിയത്തുമായി പരിണമിക്കുകയുമായിരുന്നു എന്നൊരു വ്യാഖ്യാനവുമുണ്ട്. ‘സ്വ’ കാരം അറബിയിലുള്ള അക്ഷരമായതുകൊണ്ട് അതിനു പകരം ‘ശ’ ഉപയോഗിച്ചു എന്നതിൽ ചില പൊരുത്തക്കുറവുകളുണ്ട്.
ഇസ്ലാം ചാലിയത്ത്
മാലിക് ദീനാർ(റ)വിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ പള്ളി പണിത ശേഷം സംഘത്തെ നയിച്ചത് മാലിക്ബ്നു ഹബീബ്(റ)വായിരുന്നു. അദ്ദേഹം ചാലിയത്തു വന്ന് ഒരു പള്ളി പണിതു. അദ്ദേഹത്തെ ചാലിയത്തേക്ക് നയിക്കാൻ ചില കാരണങ്ങളുണ്ടായിരുന്നു. ചാലിയത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ് അതിലൊന്ന്. മറ്റൊന്ന് ദീനാർ സംഘത്തിൽ നാലു ചാലിയത്തുകാരുമുണ്ടായിരുന്നുവെന്നതാണ്. പെരുമാൾ രാജാവിനോടൊപ്പം മക്കയിലേക്ക് യാത്ര തിരിച്ചവരായിരുന്നു അവർ. ഹാജി മുസ്താ മദുക്കാദ് അലി ഖാജാ, ഹാജി നീലി നിഷാദ് അഹമ്മദ് ഖാജാ, ഹാജി നീലി നിഷാദ് ഉസ്മാൻ ഖാജാ, ഹാജി സാദീബാദ് ഹസ്സൻ ഖോജാ എന്നിവരായിരുന്നു അവർ (സികെ കരീം, പ്രാചീന കേരളവും മുസ്ലിം ആവിർഭാവവും പേ. 69). സ്വന്തം നാട്ടിൽ താന്താങ്ങളുടെ മതം പ്രചരിപ്പിക്കാൻ ആവേശമുണ്ടാവുക സ്വാഭാവികം. ഈ നാൽവർ സംഘം ദീനാർ സംഘത്തെ ചാലിയത്തേക്ക് നയിച്ചു എന്നു വേണം വിശ്വസിക്കാൻ.
അഞ്ചു മാസം ചാലിയത്തു താമസിച്ച് മാലിക്ബ്നു ഹബീബ് മതപ്രബോധനം നടത്തി. അത് വിജയത്തിൽ കലാശിക്കുകയുമുണ്ടായി. മമ്മത്ത രായൻ ഇല്ലം, പുഴക്കര ഇല്ലം, എമസ്സരായൻ ഇല്ലം, പൊക്കക്കള ഇല്ലം എന്നീ നാലു പ്രമുഖ നമ്പൂതിരി ഇല്ലങ്ങളും സഹായികളും കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചു. ജാതീയ ഉച്ചനീചത്വങ്ങൾക്ക് അതീമായതു കൊണ്ട് ധാരാളം കീഴ്ജാതിക്കാരും ഇസ്ലാമിലേക്ക് കടന്നുവന്നു. ഹബീബ് ബ്നു മാലിക്(റ)നായിരുന്നു ചാലിയത്തിന്റെ ചുമതല. ഖാളിയായ അദ്ദേഹം പള്ളിക്കു സമീപം താമസിച്ചു. രാജാവിന്റെ ഇസ്ലാം സ്വീകരിച്ച വിധവയായ മകൾ ശ്രീദേവി ലക്ഷ്മിത്തമ്പുരാട്ടിയെ അദ്ദേഹം വിവാഹം ചെയ്തു. മഹതി സയ്യിദത്ത് എന്ന നാമമാണ് സ്വീകരിച്ചിരുന്നത്. ആ ദമ്പതികൾക്ക് ഹി. 87ൽ ഒരു സന്തതി ജനിച്ചു. പേര് അബ്ദുറഹ്മാൻ. എറമാക്ക വീട്ടുകാർ എന്ന സ്ഥാനപ്പേരിലായിരുന്നു ഈ കുടുംബം അറിയപ്പെട്ടത്. വർഷങ്ങൾക്കു ശേഷം കുടുംബം തിരൂരങ്ങാടിയിലേക്കു മാറിത്താമസിച്ചു.
കപ്പൽ കടത്തിയ ചരിത്രം
ചരിത്രാതീത കാലം മുതൽ ചാലിയത്തിന് അറേബ്യയുമായി വാണിജ്യ ബന്ധമുണ്ടായിരുന്നു. പ്രദേശത്തെ ഇസ്ലാം മതാഗമനത്തിന് ഇതുമൊരു കാരണമായിട്ടുണ്ട്. മാലിക് ബ്നു ഹബീബും സംഘവും ചാലിയത്തു നിർമിച്ച പുരാതന പള്ളി പോർച്ചുഗീസുകാർ നശിപ്പിച്ചു. ചാലിയം പള്ളിയിൽ രേഖപ്പെടുത്തിയിരുന്ന ചുമർ ലിഖിതങ്ങൾ അവരുടെ ആക്രമണത്തിൽ നാമാവശേഷമായി. മുസ്ലിംകളുടെ നാൾവഴി കോറിയിട്ടിരുന്ന അവശിഷ്ട കല്ലച്ചു പലകകൾ അവർ ലിസ്ബണിലേക്കു കടത്തിക്കൊണ്ടു പോയി. അതോടെ നൂറ്റാണ്ടുകൾ നീണ്ട മുസ്ലിം ചരിത്ര രേഖകൾ നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തു.
ചരിത്രം കടൽ കടത്തിയ പ്രസ്തുത സംഭവം മറ്റൊരു ചരിത്രമായി. അനേകം കല്ലച്ച് പാളികളും ഓലക്കെട്ടുകളും ചെമ്പുതകിടുകളും മറ്റു സാധനങ്ങളും നിറച്ച കപ്പൽ ദീർഘയാത്രക്കു ശേഷം ചൈനാ കടലിൽ വെച്ച് കാറ്റിലും കോളിലും അകപ്പെട്ടു. കപ്പിത്താനും സഹയാത്രികരും സംഭ്രമത്തിലായി. ലിസ്ബണിലെ പുരാവസ്തു കേന്ദ്രത്തിന് മുതൽക്കൂട്ടാമെന്നു കരുതിയ ഈ അപൂർവ ചരിത്ര ശിലകളുടെ ഭാരത്താൽ കപ്പൽ മുങ്ങാൻ തുടങ്ങി. കപ്പലും യാത്രക്കാരും രക്ഷപ്പെടണമെങ്കിൽ വസ്തുക്കൾ കടലിലെറിയേണ്ട സ്ഥിതി വന്നു. രേഖകളുടെ കൂടെ സഞ്ചരിച്ച സമർത്ഥരായ ചരിത്രകാരന്മാർ അതിനു സന്നദ്ധരായില്ല. അവർ പലതവണ ചിന്തിച്ചു. അവസാനം ഈ അപൂർവ ശിലാരേഖകൾ നഷ്ടപ്പെടാതിരിക്കാൻ കൂടെയുള്ള നിരവധി ജീവനക്കാരോട് കടലിൽ ചാടാൻ പറഞ്ഞു. കോഴിക്കോട്ടെ മുസ്ലിംകളുടെ അപൂർവ ചരിത്രങ്ങൾ രക്ഷിക്കാൻ നിരവധി കപ്പൽ ജീവനക്കാർ കടലിൽ ചാടി കപ്പലിന്റെ ഭാരം ചുരുക്കി. അത്രയും ജീവനക്കാർ മറ്റു കപ്പലുകളെ ആശ്രയിക്കുകയോ മരണത്തിനു കീഴടങ്ങുകയോ ചെയ്തു. അങ്ങനെ കപ്പൽ സുരക്ഷിതമായി പോർച്ചുഗലിൽ നങ്കൂരമിട്ടു (കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം പേ. 126).
കോഴിക്കോട്ടെ മുസ്ലിം ആസ്ഥാനം
കോഴിക്കോട്ടെ ആദ്യത്തെ പള്ളി ഉയർന്നത് ചാലിയത്തും പിന്നെ പന്തലായനിയിലുമായിരുന്നല്ലോ. അതുകൊണ്ട് തന്നെ കോഴിക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും മുസ്ലിംകളുടെ ആദ്യകാല ആസ്ഥാനം ചാലിയമായിരുന്നു. കോഴിക്കോട്ടെ ഖാളിമാരുടെ കേന്ദ്രവും ഇവിടെയായിരുന്നു. മാലിക് ബ്നു ഹബീബ് ഒരിടത്തെത്തി പള്ളി പണിതാൽ ഒരു സംഘാംഗത്തെ അവിടത്തെ ഖാളിയാക്കി നേതൃത്വമേൽപിച്ച് അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങുകയായിരുന്നു ചെയ്തത്. ചാലിയത്ത് സൈനുദ്ദീനു ബ്നു മുഹമ്മദ് ബ്നി മാലികിൽ മദനിയെയും പന്തലായനിയിൽ സൈനുദ്ദീനുബ്നു മാലികിനെയുമാണ് ഖാളിമാരായി നിയമിച്ചത്. ചാലിയം കേന്ദ്രമാക്കിയുള്ള കോഴിക്കോട്ടെ ആദ്യ ഖാളി മാലിക്ബ്നു ഹബീബിന്റെ പൗത്രൻ സൈനുദ്ദീനു ബ്നു മുഹമ്മദാണ്.
ഖാളിമാരുടെ ആസ്ഥാനം കുറ്റച്ചിറയിലേക്കു മാറുന്നതു വരെ മുസ്ലിംകളുടെ എല്ലാ നിലക്കുമുള്ള ആശ്രയം ചാലിയം പള്ളിയായിരുന്നു. സൈനുദ്ദീൻ മദനിക്കു ശേഷമുള്ള ഖാളിമാരുടെ ചരിത്രം ചാലിയം പള്ളിയിൽ സൂക്ഷിച്ചിരുന്നുവത്രെ. എഡി 1571ൽ പോർച്ചുഗീസുകാർ ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള യുദ്ധത്തിനിടയിൽ ജുമുഅത്ത് പള്ളി അഗ്നിക്കിരയാക്കി. പള്ളിയിൽ സൂക്ഷിച്ചിരുന്ന ചരിത്ര ശേഖരങ്ങളും അപൂർവ കയ്യെഴുത്ത് പ്രതികളും വട്ടെഴുത്ത് പലകകളും കത്തിനശിക്കുകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്തു. ഇബ്നു ബത്തൂത്തയുടെ സഞ്ചാരക്കുറിപ്പുകളും കോഴിക്കോട് ഖാളിയായിരുന്ന അബൂബക്കർ കുഞ്ഞി ഖാളിയുടെയും ശറഹു വിത്രിയ്യ എന്ന കയ്യെഴുത്ത് ഗ്രന്ഥവും ചുമർ ലിഖിതങ്ങളും മറ്റും ആസ്പദിച്ചാണ് കുറച്ചെങ്കിലും വിവരം ലഭ്യമായത്.
ചാലിയം കോട്ട
പോർച്ചുഗീസുകാർ ആദ്യം കപ്പലിറങ്ങിയത് കാപ്പാട്ടാണെങ്കിലും കോഴിക്കോട്ട് ആധിപത്യമുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സാമൂതിരിയുമായുള്ള ഏറ്റുമുട്ടലുകളിൽ പരാജയമേറ്റുവാങ്ങിയ അവർ രക്ഷയില്ലെന്നു കണ്ട് കൊച്ചിയിൽ ചെന്ന് രാജാവിന്റെ അനുമതിയോടെ അവിടെ കോട്ട കെട്ടി. തുടർന്ന് സമാന രീതിയിൽ കണ്ണൂരും കോട്ട പണിതു. കച്ചവടവും കൊള്ളയും അക്രമവും പതിവാക്കി. മുസ്ലിംകളോടായിരുന്നു അവർക്ക് കഠിന വിരോധം. കഴിവിന്റെ പരമാവധി അവർ മുസ്ലിംകളെ ആക്രമിച്ചു. സ്വത്തുക്കൾ കവർന്നു, പള്ളികൾ തകർത്തു, സ്ത്രീകളെ അപമാനിച്ചു. പക്ഷേ ഇതൊന്നും സാമൂതിരിയുടെ നാട്ടിൽ നടന്നിരുന്നില്ല.
പോർച്ചുഗീസുകാരുടെ കോഴിക്കോട്ടെ കോട്ട കീഴടക്കിയ സാമൂതിരി രാജാവിനു ശൗര്യം കുറഞ്ഞു. പ്രായമേറി. മദ്യപാനം വിനയായി. പോർച്ചുഗീസുകാരുമായി സന്ധിസംഭാഷണത്തിന് തയ്യാറായ അദ്ദേഹം ചാലിയത്തു കോട്ട കെട്ടാൻ അവർക്കനുമതി നൽകി. വെട്ടത്തു നാടുവാഴി അതിനു വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. ഈ കോട്ട നാടിനാപത്താണെന്ന് മുസ്ലിം നേതാക്കൾ മുന്നറിയിപ്പു നൽകിയിട്ടും ഫലമുണ്ടായില്ല.
സാമൂതിരിയുടെ അനുമതി ലഭിക്കേണ്ട താമസം എഡി 1531ൽ അവർ കപ്പൽ നിറയെ സാധന സാമഗ്രികളുമായി ചാലിയത്തെത്തി. കുറഞ്ഞ കാലം കൊണ്ട് കോട്ട കെട്ടി. ചരിത്ര പ്രധാനമായ പുഴക്കര പള്ളിയും മറ്റു രണ്ടു പള്ളികളും പൊളിച്ച് കല്ലുകളെടുത്താണ് പണി പൂർത്തിയാക്കിയത്. കോട്ട ഉയർന്നതോടെ പോർച്ചുഗീസുകാർ കൂടുതൽ ശക്തരും അക്രമോത്സുകരുമായി. കച്ചവടം അവരുടെ വരുതിയിലാക്കി. സാമൂതിരിയെ കീഴ്പ്പെടുത്തി രാജ്യം കയ്യടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. പോർച്ചുഗീസുകാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നു. അവരുടെ അനുമതിയില്ലാതെ കച്ചവടം നടത്തരുതെന്ന് പാസാക്കി. നാൾക്കുനാൾ അവരുടെ അക്രമം വർധിച്ചുകൊണ്ടിരുന്നു.
കോട്ട പണിയുന്നതിനു മുമ്പേ പഴയ സാമൂതിരി മരണപ്പെട്ടിരുന്നു. പുതിയ രാജാവ് ചുമതലയേറ്റു. അദ്ദേഹം പല തവണ പറങ്കികളുമായി സന്ധിയിലേർപ്പെട്ടെങ്കിലും തക്കം കിട്ടുമ്പോളൊക്കെ അവരത് ലംഘിച്ചുപോന്നു. ഗത്യന്തരമില്ലാതെ സാമൂതിരി യുദ്ധത്തിനൊരുങ്ങി. മുസ്ലിം യോദ്ധാക്കളും നായർപടയും കൈകോർത്ത് ചാലിയത്ത് തമ്പടിച്ചു. പറവണ്ണ, താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംകളും സംഘത്തിൽ ചേർന്നു. യുദ്ധവും ഉപരോധവുമായി രണ്ടു മാസം നീണ്ടു. മൂന്നു മുസ്ലിംകളും അനേകം പറങ്കികളും കൊല്ലപ്പെട്ടു. ഭക്ഷണവും വെള്ളവും കിട്ടാതെ വിദേശികൾ ജീവനുമായി മല്ലിട്ടു. രക്ഷപ്പെടാൻ മറ്റൊരു പഴുതുമില്ലാതായപ്പോൾ അവർ സാമൂതിരിയുടെ മുമ്പാകെ കീഴടങ്ങി. അപമാനിതരായി കൊച്ചിയിലേക്ക് മടങ്ങി.
തുടർന്ന് സാമൂതിരി പറങ്കികളുടെ ചാലിയം കോട്ട പൊളിച്ചു നിരപ്പാക്കി. കല്ലും മരവും പള്ളിക്കു വിട്ടുകൊടുത്തു. ബാക്കി വന്നവ കോഴിക്കോട്ടേക്കു കൊണ്ടുപോയി. എഡി 1571 (ഹി. 979)നായിരുന്നു ഇത്. അതോടെ പറങ്കികളുടെ മുസ്ലിം വിരോധം പതിന്മടങ്ങായി. ഓർക്കാപ്പുറത്ത് അവർ പല രീതിയിലും അക്രമങ്ങളഴിച്ചു വിടാനാരംഭിച്ചു. പിന്നീട് മരക്കാർമാരും പറങ്കികളും തമ്മിൽ നടന്ന യുദ്ധങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗം. ചാലിയം കോട്ടയുടെ നാശാവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാം.
ശൈഖ് നൂറുദ്ദീൻ
ചാലിയത്തിന്റെ ചരിത്ര സ്മൃതികളിൽ മായാത്ത മുദ്രയാണ് ശൈഖ് നൂറുദ്ദീൻ അൽഹമദാനി(ന.മ). അബൂബക്കർ സിദ്ദീഖ്(റ)ന്റെ വംശാവലിയിൽപെട്ട ഉസ്മാനുൽ ഹമദാനിയുടെ പൗത്രനാണ് അദ്ദേഹം. പിതാവ് കമാലുദ്ദീൻ ബാലാഫതനി. ഹിജ്റ പതിനൊന്നാം ശതകത്തിൽ വേണ്ടാട്ടു ജനിച്ച ശൈഖ് തൊട്ടടുത്ത പ്രദേശമായ കല്ലായിയിലെത്തി. പൊന്നാനിയിൽ വന്ന് പഠനം പൂർത്തീകരിച്ച ശേഷം പുറത്തീലിൽ താമസമാക്കി.
ഐഹിക വിരക്തനായി കുറേ കാലം വനാന്തരങ്ങളിലും മറ്റും ഏകാന്തവാസം നയിച്ചു ശൈഖ്. 1820ലാണ് മതപ്രചാരണത്തിനായി ചാലിയത്തെത്തുന്നത്. താഴത്തകം വീട്ടിൽ നിന്ന് ഒരു നിർധന യുവതിയെ വിവാഹം ചെയ്ത് ചാലിയത്ത് താമസമാക്കി. മുനമ്പത്തെ പള്ളിയും വലിയകത്തെ സ്രാമ്പിയും അദ്ദേഹമാണ് പണികഴിപ്പിച്ചത്. വേണ്ടാട് കീഴല്ലൂർ റോഡു ഭാഗത്തുള്ള പരന്ന പാറ മെതിടയിപ്പാറയായി പ്രസിദ്ധമായതിനു പിന്നിൽ ശൈഖിന്റെ ചില സിദ്ധികളുള്ളതായി വിശ്വസിക്കപ്പെടുന്നു. നിരവധി കറാമത്തുകൾക്കുടമയായ മഹാൻ 1041 ജമാദുൽ ഊലയിലാണ് വഫാത്തായത്. അദ്ദേഹത്തിന്റെ കറാമത്തുകൾ വിവരിക്കുന്ന മാലയും മൗലിദും നിലവിലുണ്ട്.
ശൈഖ് നൂറുദ്ദീൻ(ന.മ)യുടെ മഖ്ബറ പ്രസിദ്ധമാണ്. മമ്പുറം തങ്ങൾ ഇവിടം സന്ദർശിച്ചിരുന്നു. ചാലിയം ജാറം എന്ന പേരിലറിയപ്പെടുന്ന ഈ മഖ്ബറ സർവരാലും ആദരിക്കപ്പെടുന്നു. ഇതിന്റെ തെക്കു വശത്ത് പുറത്തിയിൽ പുതിയകത്ത് ശൈഖ് കുഞ്ഞിക്കുട്ടി അലി തങ്ങൾ, കല്ലായി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ എന്നിവരുടെ മഖ്ബറകളും കാണാം.
അഹ്മദ് കോയശ്ശാലിയാത്തി
ആധുനിക ഗസ്സാലി എന്ന് വിശ്രുതനായ മഹാപണ്ഡിതനാണ് അബുസ്സആദാത്ത് ശിഹാബുദ്ദീൻ അഹ്മദ് കോയശ്ശാലിയാത്തി(ന.മ). ഹി. 1302 ജമാദുൽ ഉഖ്റാ 22 (എഡി 1884)നാണ് ജനനം. പിതാവ് കുഞ്ഞാലിക്കുട്ടി മുസ്ലിയാർ, മാതാവ് ഫരീദ. വലിയ പണ്ഡിതനായിരുന്ന പിതാവിൽ നിന്നു തന്നെയാണ് പ്രാഥമിക പഠനം. ഖിലാഫത്ത് സമര നേതാവ് ആലി മുസ്ലിയാർ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, മദിരാശിയിലെ ഖാളീഖുളാത്തായിരുന്ന ശംസുൽ ഉലമാ മുഫ്തി മഹ്മൂദ് സാഹിബ് എന്നിവർ പ്രധാന ഗുരുവര്യന്മാരാണ്. വെല്ലൂർ ലത്വീഫിയ്യയിൽ നിന്ന് ഉപരിപഠനം നേടി.
1909ലാണ് ബിരുദധാരിയായി ലത്വീഫിയ്യയിൽ നിന്ന് പുറത്തിറങ്ങുന്നത്. കർമശാസ്ത്ര പ്രാവീണ്യം കാരണം അതിന്റെ മൂന്നു വർഷം മുമ്പു തന്നെ അവിടത്തെ ഫത്വാ ബോർഡിൽ അംഗമായിരുന്നു. തിരുനെൽവേലിക്കടുത്ത പേട്ട രിയാളുൽ ജിനാൻ, ലത്വീഫിയ്യ വെല്ലൂർ, തിരൂരങ്ങാടി, കൊടിയത്തൂർ, മദ്രാസ്, നാഗൂർ, ബട്കൽ എന്നിവിടങ്ങളിൾ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനിടെ ഉത്തരേന്ത്യയിൽ പോയി സയ്യിദ് മുഹമ്മദ് അഹ്മദ് റസാഖാന്റെ ശിഷ്യത്വം സ്വീകരിച്ച് ഹനഫീ മദ്ഹബും പഠിച്ചു. ഹി. 1345ൽ ഹൈദരാബാദ് നൈസാം സുൽത്താൻ ഉസ്മാൻ അലീഖാൻ അദ്ദേഹത്തെ തന്റെ ആസ്ഥാന പണ്ഡിതനായും തെന്നിന്ത്യൻ മുഫ്തിമാരിൽ ഒരാളായും നിയമിച്ചു. നൂറു രൂപയായിരുന്നു അന്നത്തെ ശമ്പളം.
സൂക്ഷ്മതയും ലാളിത്യവും നിറഞ്ഞ ശാന്തഗംഭീര ജീവിതം നയിച്ച മഹാൻ പുത്തനാശയക്കാരെ നഖശിഖാന്തം എതിർത്തു. അറബിയിലും അറബി മലയാളത്തിലുമായി അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥാപിച്ച അസ്ഹരിയ്യ ഖുതുബ്ഖാന പ്രസിദ്ധം. 1954 സെപ്തംബർ 26 (ഹി. 1374 മുഹർറം 27)നാണ് വഫാത്ത്. ചാലിയം കരുവൻതിരുത്തി റോഡിന്റെ കിഴക്കു ഭാഗത്തു കൂടി അൽപം സഞ്ചരിച്ചാൽ ശാലിയാത്തിയുടെ മഖ്ബറയിലെത്താം.
അലി സഖാഫി പുൽപറ്റ