വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും അതിയായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്ലാം. അതുകൊണ്ടു തന്നെയാണ് ഇന്ന് ആഗോളതലത്തിൽ സാർവത്രികമായ ചേലാകർമത്തെ ഇസ്ലാം ഏറെ പ്രോത്സാഹിപ്പിച്ചതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരാസവാദികളുമടക്കം ജനലക്ഷങ്ങൾ നടത്തുന്ന ഒന്നായി ചേലാകർമം മാറിയിട്ടുണ്ടെന്നതു പരമ സത്യമാണ്. അമേരിക്കയിൽ മാത്രം വർഷം തോറും ഒരു മില്യണിലധികം പേർ ചേലാകർമത്തിനു വിധേയരാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. ക്രിസ്തുവിന് നാലായിരം വർഷം മുമ്പ് സുമേറിയക്കാർ ഇറാഖിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്തപ്പോൾ അവിടെയെല്ലാം ചേലാകർമ സംസ്കാരം നിലനിന്നിരുന്നതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്.
ഗർഭ കാലത്ത് ലിംഗാഗ്ര ചർമം കുഞ്ഞിന്റെ അനിവാര്യതയാണ്. ഗർഭപാത്രത്തിൽ കിടക്കു മ്പോഴുള്ള പലതരം അണുബാധയിൽ നിന്നും ലിംഗമുഖത്തെ സംരക്ഷിച്ചുവെക്കലാണ് അപ്പോഴുള്ള പുറംതൊലിയുടെ ധർമമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭസ്ഥശിശു പോഷകങ്ങളും ഓക്സിജനും വലിച്ചെടുക്കുന്ന പ്ലാസന്റയുടെ ആവശ്യം പ്രസവ ശേഷമില്ലാത്തതു കൊണ്ട് അത് ഒഴിവാക്കാലാണ് പതിവ്. ജനനം മുതൽ കുഞ്ഞ് വായ കൊണ്ട് ഭക്ഷിക്കാനും ശ്വാസകോശം കൊണ്ടു ശ്വസിക്കാനും തുടങ്ങുമല്ലോ. അതുപോലെ തന്നെയാണ് ജനനത്തിനു ശേഷമുള്ള ലിംഗാഗ്ര ത്തിന്റെ അവസ്ഥയും. വിസർജനവും പ്രജനനവുമടക്കമുള്ള വലിയ ധർമങ്ങൾ നിർവഹിക്കാനുള്ളതു കൊണ്ടു തന്നെ ആവശ്യമില്ലാത്തതും ദോഷം ചെയ്യുന്നതുമായ ലിംഗാഗ്ര ചർമത്തെ മുറിച്ചു മാറ്റുന്നത് കൂടുതൽ സുരക്ഷ നൽകുന്നതുകൊണ്ടാണ് ഇസ്ലാം ഇതു നിർദേശിക്കുന്നത്.
ജന്മനാ അഗ്രചർമം ഛേദിക്കപ്പെടാത്തവർക്ക് ചേലാകർമം നടത്തൽ നിർബന്ധമാണെന്നാണ് ഇസ്ലാമിക പ്രമാണം. ഹസ്റത്ത് ഇബ്റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).
പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി). ഖത്വീബുശ്ശിർബീനി(റ) എഴുതുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം നടത്തിയത് ഇബ്റാഹീം നബി(അ)യും സ്ത്രീകളിൽ നിന്നു ഹാജർ ബീവി(റ)യുമാണ്. ആദം(അ), ശീസ്(അ), നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്വ്(അ) ശുഐബ്(അ), യൂസുഫ്(അ), മൂസാ(അ), സുലൈമാൻ(അ), സകരിയ്യ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ), തുടങ്ങിയവരെല്ലാം സുന്നത്ത് കഴിഞ്ഞവരായാണ് ജനിച്ചത് (മുഗ്നിൽ മുഹ്താജ് 4/203).
തിരുനബി(സ്വ) ചേലാകർമം കഴിഞ്ഞവരായാണ് പ്രസവിക്കപ്പെട്ടതെന്നതു നിരവധി ഹദീസുകളിൽ വന്നിട്ടുള്ള യാഥാർത്ഥ്യമാണ്. ഇമാം അബൂനുഐം(റ) രേഖപ്പെടുത്തുന്നു: ഇബ്നു ഉമർ(റ)യിൽ നിന്നു നിവേദനമുള്ള ഒരു ഹദീസിൽ ‘നബി(സ്വ) സുന്നത്തു കർമം കഴിക്കപ്പെട്ടവരായാണ് പ്രസവിക്കപ്പെട്ടതെന്നു വന്നിട്ടുണ്ട്’ (അഖ്ബാറു ഇസ്വ്ബഹാൻ). അനസ്(റ)വിൽ നിന്നു നിവേദനമുള്ള മറ്റൊരു ഹദീസിൽ നബി(സ്വ) പറഞ്ഞു: ‘ഞാൻ സുന്നത്തു കർമം നിർവഹിക്കപ്പെട്ടവരായി പ്രസവിക്കപ്പെട്ടതും എന്റെ സ്വകാര്യാവയവം ഒരാളും കണ്ടിട്ടില്ലെന്നതും എന്റെ രക്ഷിതാവ് എന്നെ ആദരിച്ചതിന്റെ ഭാഗമാണ്’ (ദലാഇലുന്നുബുവ്വ).
ചേലാകർമത്തിന്റെ മതപക്ഷം
പരിച്ഛേദനം, മാർക്കം കഴിക്കൽ, മാർഗക്കല്യാണം, സുന്നത്തു കല്യാണം എന്നീ പേരുകളിലറിയപ്പെടുന്ന ചേലാകർമം പ്രായപൂർത്തിയാകുന്നതിനു മുമ്പു നടത്തലാണ് സുന്നത്ത്. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക് വളരെ പെട്ടെന്നു തന്നെ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 9/199). ലിംഗത്തിന്റെ അഗ്രഭാഗത്തെ വലയം ചെയ്യുന്ന തൊലി പൂർണമായും നീക്കം ചെയ്യലാണ് പുരുഷ ചേലാകർമം. സ്ത്രീയുടെ മൂത്രദ്വാരത്തിനു മീതെ ഉയർന്നു നിൽക്കുന്ന തൊലിയിൽ നിന്ന് വളരെ ചെറിയ ഭാഗം നീക്കം ചെയ്യലാണ് സ്ത്രീയുടെ ചേലാകർമം (തുഹ്ഫ 9/198-199).
സാധിക്കുമെങ്കിൽ പ്രസവം കഴിഞ്ഞ ഏഴാമത്തെ ദിവസം തന്നെ ഖിതാൻ(ചേലാകർമം) നടത്തലാണ് സുന്നത്ത്. നബി(സ്വ) ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ ഖിതാൻ നടത്തിയത് ഏഴാമത്തെ ദിവസമാണെന്ന ആഇശാ(റ)വിൽ നിന്നുള്ള ഹദീസ് ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നുണ്ട്. അതിനു മുമ്പ് നടത്തൽ കറാഹത്താണ്. ഏഴാമത്തെ ദിവസം നടത്തുന്നില്ലെങ്കിൽ പിന്നെ നാൽപതാം ദിവസവും അതിനും സൗകര്യപ്പെട്ടില്ലെങ്കിൽ ഏഴാമത്തെ വയസ്സിലും നിർവഹിക്കൽ സുന്നത്താണ്. കാരണം അതു നിസ്കാരം കൊണ്ടു കൽപ്പിക്കപ്പെടുന്ന പ്രായമാണല്ലോ (മുഗ്നിൽ മുഹ്താജ് 4/203).
ഖിതാനിന്റെ കാര്യത്തിൽ ദിവസം കണക്കാക്കുന്നത് പ്രസവത്തിന്റെ തൊട്ടു ശേഷമുള്ള പകൽ മുതലാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവിച്ച പകൽ എണ്ണത്തിൽ ഗണിക്കില്ലെന്നർത്ഥം. ഉദാഹരണമായി തിങ്കളാഴ്ച പകലിലോ തിങ്കൾ അസ്തമിച്ച രാത്രിയിലോ ആണ് പ്രസവം നടന്നതെങ്കിൽ അടുത്ത തിങ്കളാഴ്ചയാണ് ഏഴാം ദിവസമായി കണക്കാക്കപ്പെടുക. ഈ നിയമം ഖിതാനുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ എന്നാൽ കുട്ടിക്കു പേരിടുന്നതിലും അഖീഖത്ത് അറുക്കുന്നതിലും മുടി കളയുന്നതിലുമെല്ലാം പ്രസവം നടന്ന പകലുൾപ്പെടെയാണ് ഏഴാമത്തെ ദിവസം കണക്കാക്കുന്നത് (തുഹ്ഫ, ശർവാനി 9/200).
അതേസമയം വല്ല അപകട സാധ്യതയുമുണ്ടെങ്കിൽ ചെറിയ പ്രായത്തിൽ ഖിതാൻ നടത്തുന്നതു നിഷിദ്ധമാണ്. മാത്രമല്ല അത്തരം സാഹചര്യത്തിലും ഖിതാൻ നടത്തുകയും അതിനെ തുടർന്ന് കുഞ്ഞ് മരണപ്പെടുകയും ചെയ്താൽ ഒരു മുസ്ലിമിനെ ബോധപൂർവം കൊല നടത്തിയ ഗണത്തിലാണ് അതു പെടുക. എന്നാൽ അപകട സാധ്യതയില്ലെന്നു മനസ്സിലാക്കി ഖിതാൻ നടത്തിയതിനെത്തുടർന്ന് കുട്ടി മരിക്കാനിടയാവുന്നത് കുറ്റകരമാവുകയുമില്ല (തുഹ്ഫ 9/200-201). ചേലാകർമം കഴിഞ്ഞ തൊലിഭാഗം കുഴിച്ചു മൂടൽ സുന്നത്തതാണ് (തുഹ്ഫ 3/161).
ഖിതാൻ നടത്തപ്പെട്ട നിലയിൽ പ്രസവിച്ച കുട്ടിയെ വീണ്ടും ഖിതാൻ ചെയ്യൽ നിർബന്ധമില്ല. എന്നാൽ മുറിവാകാത്ത വിധം ലിംഗാഗ്രത്തിൽ കത്തി നടത്തുന്നതു സുന്നത്തുണ്ട്. (നിഹായ, മുഗ്നി) അതു പോലെത്തന്നെ ഖിതാൻ നടത്താതെ മരണപ്പെട്ട വ്യക്തിയുടെയും ചേലാകർമം ചെയ്യാൻ പാടില്ല. അകാരണമായി ഖിതാൻ നടത്താത്തവനാണെങ്കിലും നിയമം അങ്ങനെ തന്നെ യാണ്(തുഹ്ഫ 3/113). ഇങ്ങനെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോൾ ലിംഗത്തിന്റെ അഗ്രഭാഗം മൂടിക്കിടക്കുന്നതു നിമിത്തം അതിന്റെ ഉൾഭാഗത്തേക്കു വെള്ളം പ്രവേശിക്കാൻ സാധിക്കാതെ വരുമ്പോൾ കുളിക്കു പുറമെ തയമ്മും കൂടി ചെയ്യൽ നിർബന്ധമാണ്. കാരണം ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ മുഴുവനും വെള്ളമാവൽ കുളിയിൽ നിർബന്ധമാണല്ലോ. ലിംഗാഗ്രവും ശരീരത്തിന്റെ ബാഹ്യഭാഗമായാണ് ഗണിക്കപ്പെടുന്നത് (ഫത്ഹുൽ മുഈൻ 151).
പരിച്ഛേദനത്തിന്റെ ശാസ്ത്രീയത
ലോകാരോഗ്യ സംഘടന 2007-ൽ നടത്തിയ സർവേയനുസരിച്ച് 664,500,000 പേർ ചേലാകർമം നടത്തിയവരാണ്. ഇതിൽ എഴുപതു ശതമാനത്തോളമാണ് മുസ്ലിംകളുള്ളത്. ചേലാകർമത്തിന്റെ രോഗപ്രതിരോധ ശേഷിയും സുരക്ഷയും കണക്കിലെടുത്തു കൊണ്ടു തന്നെയാണ് മുസ്ലിംകളല്ലാത്ത പലരും ചേലാകർമത്തിനു വിധേയരാവുന്നത്. ലിംഗത്തിന്റെ അധികമുള്ള ചർമഭാഗം മുറിച്ചുമാറ്റാത്ത പക്ഷം ഒട്ടേറെ അണുക്കൾ ആ ചർമത്തിനും മാംസത്തിനുമിടയിൽ വസിക്കുകയും അവ പലവിധ രോഗങ്ങൾക്ക് നിമിത്തമാവുകയും ചെയ്യുന്നു. അങ്ങനെ ഫംഗസുകളും ബാക്ടീരിയകളും വൈറസുകളും പല തരത്തിൽ ശരീരത്തെ ആക്രമിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ചേലാകർമം മുഖേന സാധിക്കും.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്, ചേലാകർമം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കിനു കുട്ടികളിൽ നടത്തിയ പഠനത്തിൽ ചേലാകർമം ചെയ്യാത്തവരിൽ ചെയ്തവരെ അപേക്ഷിച്ചു മൂത്രസംബന്ധിയായ രോഗങ്ങൾ കൂടുതലുണ്ടെന്നാണ് കണ്ടെത്തിയത്. മാത്രമല്ല, ചേലാകർമം വൈകുംതോറും യൂറിനറി അണുബാധ കൂടി വരുന്നതായും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചർമത്തിൽ ബാക്ടീരിയകൾക്കു വളരാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ അണുബാധയ്ക്കുള്ള സാധ്യത വർധിക്കുകയാണു ചെയ്യുന്നത്.
ചേലാകർമം ചെയ്യാത്തവരുടെ ലിംഗാഗ്രചർമം കീഴോട്ടിറങ്ങാത്ത ഫൈമോസിസ്, മുകളിലേക്കു കയറാത്ത പാരാഫൈമോസിസ് എന്നീ അവസ്ഥകൾ രൂപപ്പെടുകയും ലിംഗത്തിനും ചർമത്തിനുമിടയിൽ രണ്ടുതരത്തിലുള്ള പഴുപ്പുണ്ടാവുന്നതും സ്വാഭാവികമാണ്. തൊലി മൂടിക്കിടക്കുമ്പോഴുള്ള ചൂടും മൂത്രം പൂർണമായി പുറത്തുപോകാതിരിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയുമാണ് അണുക്കൾക്കു വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നത്. ആന്റിബയോട്ടിക്കുകളും ആന്റിഫംഗൽ ലേപനവുമുപയോഗിച്ചാണ് ഇതിന്റെ ചികിത്സ നടക്കുന്നത്. എന്നാൽ ഇതു പൂർണമായി ഭേദമാവാനും ആവർത്തിക്കാതിരിക്കാനും ചേലാകർമം നിർവഹിക്കുക മാത്രമാണ് പോംവഴിയെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. ലിംഗത്തിനും അതിന്റെ അഗ്രചർമത്തിനുമിടയിൽ നിലകൊള്ളുന്ന ‘സ്മെഗ്മ’യാണ് ഇതിനുള്ള കാരണം. ചർമത്തിന്റെ അടിയിൽ കെട്ടിനിൽക്കുന്ന സ്മെഗ്മ എന്ന പദാർത്ഥം കാൻസറിനു വഴി തെളിക്കുന്നതാണ്. അഗ്രചർമം പുറകോട്ടാക്കി സ്മെഗ്മ എന്ന വെളുത്ത പദാർത്ഥം വൃത്തിയാക്കി യില്ലെങ്കിൽ മേൽപറഞ്ഞ പ്രശ്നമുണ്ടാവാം. അതു കൊണ്ട് തന്നെ ചേലാകർമം ചെയ്യാത്തവർ അഗ്രചർമം ദിവസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പിറകോട്ടാക്കി ശുദ്ധ വെള്ളം കൊണ്ട് വൃത്തിയാക്കണമെന്നാണ് വൈദ്യശാസ്ത്ര നിർദേശം. സുന്നത്തു ചെയ്തവർക്ക് ഏതായാലും അവിടെ വൃത്തിയായിരിക്കുകയും ചെയ്യും.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് 2012 ഓഗസ്റ്റ് 27-ന് നടത്തിയ പഠനത്തിൽ ഇത് ഏറെ ഉപകാരപ്രദമാണെന്ന് വ്യക്തമാക്കുകയുണ്ടായി. ചേലാകർമം ചെയ്യപ്പെട്ട പുരുഷന്മാരുമായുള്ള സ്ത്രീകളുടെ ബന്ധം മൂലം അവർക്കുണ്ടാവുന്ന ലൈംഗിക രോഗങ്ങളും സെർവിക്കൽ കാൻസർ (ഗർഭാശയ മുഖ അർബുദം) പോലെയുള്ള മഹാമാരികളും ഇല്ലാതാവുന്നു. 2013 നവംബറിലെ ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ ചേലാകർമം നടത്തിയ പുരുഷന്മാരുമായുള്ള ബന്ധത്തിൽ സ്ത്രീകളിൽ രതിമൂർച്ച കുറയുന്നുവെന്ന യുക്തിവാദികളുടെ വാദം നിരർത്ഥകമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
പുരുഷ ലിംഗാർബുദവും സെർവിക്കൽ കാൻസറും ഹ്യൂമൺ പാപില്ലോമ വൈറസുകളുടെ സംഭാവനകളാണെന്നും ചേലാകർമം നടത്തിയവർക്ക് ഈ അണുബാധക്ക് സാധ്യതയില്ലെന്നും ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ലിംഗമുഖത്തെ ആവരണം ചെയ്തിട്ടുള്ള തൊലിക്കുള്ളിൽ സൂക്ഷ്മ രോഗാണുക്കൾ കുടിയിരിക്കുന്നതു നിമിത്തമാണ് ചേലാകർമം ചെയ്യാത്തവരിൽ ഈ രോഗം ഉണ്ടാകൻ കാരണമെന്നും ഗവേഷകർ അനുമാനിക്കുന്നു. സ്ത്രീകളിൽ നിന്ന് പുരുഷന്മാരിലേക്ക് സംക്രമിക്കുന്ന എച് ഐ വി അണുബാധയെ ചേലാകർമം നല്ലൊരു പരിധി വരെ പ്രതിരോധിക്കുമെന്നതിനു ശക്തമായ തെളിവുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നാഷൻസ് പ്രോഗ്രാമിന്റെയും സംയുക്ത പ്രസ്താവനയിലുള്ളത്.
ചേലാകർമം ചെയ്യാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലിംഗത്തിന്റെ പുറം തൊലിയുടെ ഉൾഭാഗത്ത് സ്വാഭാവികമായുണ്ടാവുന്ന സൂക്ഷ്മമായ മുറിവുകൾ യോനീ ഭിത്തിയിൽ സമ്പർക്കം പുലർത്തുന്നതു മൂലം പുരുഷ രക്തത്തിലേക്ക് അണുസംക്രമണത്തിനു വഴിയൊരുക്കുകയും പിന്നീട് പുരുഷലിംഗത്തിന്റെ തളർച്ചാ സമയത്ത് അവ സുരക്ഷിതമായി തൊലിക്കുള്ളിൽ വളർന്നു പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്നാൽ ചേലാകർമം ചെയ്തവരിൽ, ലിംഗമുഖം അനാവൃതമായതിനാൽ ഇത്തരം അണുക്കളെ പുറന്തള്ളാൻ അനായാസം സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ലിംഗാഗ്രം മൂടിക്കിടക്കുന്നതിനാൽ ചെറിയ അളവിൽ മൂത്രവും ശുക്ലവും അവിടെ കെട്ടിക്കിടക്കുന്നതു നിമിത്തം പലതരം ബാക്ടീരിയകൾ വസിക്കുന്നത് തടയാനും യൂറിനറി ഇൻഫക്ഷൻ വരാതിരിക്കാനും ചേലാകർമം അത്യുത്തമമാണ്. പുരുഷലിംഗ കാൻസറിന്റെ പ്രധാന കാരണക്കാരായ ഫൈമോസിസും എച്ച് പി വി അണുബാധയും ഇതു തടയുന്നു. 2015-ൽ നടന്ന ഒരു പഠന പ്രകാരം പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യതയും ചേലാകർമം ചെറുക്കുന്നു. ശരിയായ സംവേദനക്ഷമതയും ഉദ്ധാരണദൃഢതയും ചേലാകർമം നിർവഹിക്കുന്നവർക്കു മാത്രമേ അനുഭവിക്കാൻ കഴിയുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇത്രയും വസ്തുതകൾ നിലനിൽക്കുന്നതിനാൽ ശിശു പീഡമെന്നോ പ്രകൃതി വിരുദ്ധമെന്നോ പറഞ്ഞ് ഇതിനെ എതിർക്കുന്നത് അന്യായമാണെന്ന് ചുരുക്കം.