ബുദ്ധിസ്ഥിരതയോടു കൂടെ പ്രായപൂർത്തിയായ ഏതു സ്ത്രീ പുരുഷനും (നപുംസകങ്ങൾക്കു നിർബന്ധമില്ല) ഖിതാൻ അഥവാ ചേലാകർമം നിർബന്ധ ബാധ്യതയാണെന്ന് മതം നിഷ്‌കർഷിക്കുന്നു. പ്രായപൂർത്തിയായിട്ടും അനാരോഗ്യ കാരണങ്ങളൊന്നും കൂടാതെ ചേലാകർമത്തിനു മുതിരാത്തവരെ ഇസ്‌ലാമിക രാഷ്ട്രത്തലവൻ അതിനു നിർബന്ധിക്കണമെന്നും മതം ശാസിക്കുന്നു (തുഹ്ഫ 9/199).
പ്രായപൂർത്തിക്കു മുമ്പുതന്നെ കൃത്യം നിർവഹിക്കുന്നതാണ് പൊതുവെ ഇമാമുകൾക്കിടയിലെ സമവായം. അതേസമയം ഏഴാം ദിവസമോ അതിനു മുമ്പോ നിർവഹിക്കുന്നത് ആരോഗ്യ കാരണങ്ങളാൽ ആശങ്കയുണ്ടാക്കുന്നപക്ഷം അനുകൂലമാവുന്നതു വരെ നീട്ടിവെക്കണമെന്നും അപകട സാധ്യത അവഗണിച്ച് അതിനു മുതിരുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും മത തീർപ്പുണ്ട് (മിൻഹാജ് പേ. 306).
ജനന ദിവസം കഴിഞ്ഞുള്ള ഏഴാം ദിനമാണ് ശാഫിഈ മദ്ഹബ് പ്രകാരമുള്ള ശുഭമുഹൂർത്തം. അതിനു മുമ്പ് നിർവഹിക്കുന്നത് കറാഹത്താണ്. ഏഴാം ദിനം ആചരിച്ചില്ലെങ്കിൽ നാൽപതാം ദിവസവും അതും നഷ്ടപ്പെട്ടാൽ പിന്നെ ഏഴാം വയസ്സിലും നിർവഹിക്കുന്നതാണ് നല്ലത് (തുഹ്ഫ 9/199-200 കാണുക). നമ്മുടെ നാടുകളിൽ അവസാനം പറഞ്ഞതിനോടാണ് അനുഭാവം പുലർത്തി കാണുന്നത്.
ഏഴാം ദിനത്തിലെ ഖിതാൻ കർമം ജൂതരുടെ ആചാരമായതിനാൽ അന്നു നിർവഹിക്കുന്നത് അനഭിലഷണീയമാണെന്നാണ് ഹമ്പലീപക്ഷം (കശ്ശാഫ് 1/80). ഇതേ വീക്ഷണം ഇമാം ഗസ്സാലി(റ)യെ പോലുള്ള ശാഫിഈ പണ്ഡിതർക്കുമുണ്ട് (മുഗ്‌നിൽ മുഹ്താജ് 5/540 നോക്കുക).
ഏഴാം നാളിൽ ഖിതാൻ ചെയ്യരുതെന്നും കുട്ടിക്ക് അത് അസഹ്യമാണെന്നും അഭിപ്രായപ്പെട്ടവർ മദ്ഹബിനകത്തുള്ളവരിൽ തന്നെയുണ്ടെങ്കിലും തിരുനബി(സ്വ) ചെറുമക്കളായ ഹസൻ, ഹുസൈൻ(റ) എന്നിവരുടെ ചേലാകർമം ഏഴാം ദിനത്തിലായിരുന്നു നടത്തിയതെന്ന് കുറ്റമറ്റ ഹദീസുകളിൽ സ്ഥിരപ്പെട്ടതിനാൽ അന്നു തന്നെയാണ് ഉത്തമമെന്ന് ഇബ്‌നു ഹജറി(റ)നെ പോലുള്ളവർ (തുഹ്ഫ 9/200) വിശദീകരിച്ചിട്ടുണ്ട്.
ഒരു വയസ്സിനു മുമ്പുള്ള കുട്ടികളിൽ ചേലാകർമം ചെയ്യുന്നത് പുരുഷലിംഗത്തിലെ കാൻസർ തടയാൻ സഹായിക്കുമെന്നാണ് ശാസ്ത്രനിഗമനം. പക്ഷേ, ലിംഗത്തിന്മേലുള്ള അയഞ്ഞ ചർമം (ജൃലുൗശേമഹ മെര) പൂർണമായി രൂപപ്പെടാൻ രണ്ടു വയസ്സുവരെ എടുക്കുമെന്നും അതിനു മുമ്പ് ചർമം, ഉള്ളിലുള്ള ഗ്ലാൻസ് എന്ന ലിംഗാഗ്രത്തിൽ നിന്നു മാറ്റാൻ പ്രയാസമാണെന്നുമുള്ള ആരോഗ്യവിദഗ്ധരുടെ പ്രസ്താവവും ശ്രദ്ധയർഹിക്കുന്നു. കാരണം, ചേലാകർമത്തിൽ ഗ്ലാൻസ് ലിംഗാഗ്രം പൂർണമായി പുറത്തുവരും വിധം ഛേദിക്കണമെന്ന് വ്യവസ്ഥയുണ്ട് (മുഗ്‌നി 5/539 കാണുക).
പതിനഞ്ചു വയസ്സിനു മുമ്പ് ചെയ്താൽ തന്നെ ലിംഗാർബുദം തടയാൻ സഹായകമാണെന്നും ശാസ്ത്രരേഖകളിൽ കാണുന്നു. ഇസ്‌ലാമിക കാഴ്ചപ്പാടിൽ പ്രായപൂർത്തിയുടെ വർഷ നിർണയം പതിനഞ്ചാണെന്നും പ്രായപൂർത്തി കൈവരിച്ചവർക്കാണ് ‘ഖിതാൻ’ നിർബന്ധമാകുന്നതെന്നും ഇതിനോട് ചേർത്തുവായിക്കുമ്പോൾ ഇസ്‌ലാമിന്റെ പൂർണശോഭ കൂടുതൽ തെളിയും.
എന്നാൽ ഇസ്‌ലാം നിഷ്‌കർഷിക്കുന്ന ഫീമെയിൽ സർക്കംസിഷൻ(കൃസരിച്ഛേദം) വിമർശകർ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന പോലെയുള്ള ഒരു ക്രൂരകൃത്യമേ അല്ല. സ്ത്രീകളുടെ ലൈംഗികാവയവങ്ങളിൽ പ്രധാനപ്പെട്ട ഭഗശിശ്‌നിക(കൃസരി)യുടെ നാമമാത്രമായ വളരെ നേർത്തൊരു അഗ്രം മാത്രമാണ് ചേലാകർമത്തിന്റെ ഭാഗമായി ഛേദിക്കാൻ ഇസ്‌ലാം നിർദേശിക്കുന്നുള്ളൂ. ഇമാം അബൂദാവൂദ് (സുനൻ, ഹദീസ് നമ്പ. 5229) നിവേദനം ചെയ്ത ഹദീസിൽ, സ്ത്രീകളുടെ ചേലാകർമത്തിന് കാർമികത്വം വഹിക്കാറുള്ള ഉമ്മുഅത്വിയ്യ(റ)യോട് തിരുദൂതർ(സ്വ) ഇക്കാര്യം ഊന്നിപ്പറഞ്ഞതു കാണാം.
അതുകൊണ്ടു തന്നെയാണ് കർമശാസ്ത്ര രേഖകളിലെല്ലാം അതിസൂക്ഷ്മായൊരഗ്രം മാത്രം ഛേദിക്കാനുള്ള പ്രത്യേക പരാമർശം വ്യാപകമായത് (തുഹ്ഫ 9/199, കശ്ശാഫുൽ ഖിനാഅ് 1/80, അശ്ശർഹുൽ കബീർ ലിദ്ദർദീർ 2/126).
ഇസ്‌ലാം നിഷ്‌കർഷിക്കുന്ന ഖിതാൻ സ്ത്രീകൾക്ക് ഭാവിയിൽ ലൈംഗികാസ്വാദനത്തിനോ പ്രസവത്തിനോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നതു വസ്തുതയാണ്. ഈജിപ്ത്, സോമാലിയ, സുഡാൻ, എത്യോപ്യ, മാലി തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായും അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ വികസിത നാടുകളിൽ ഭാഗികമായും സ്ത്രീകളിലെ സുന്നത്തു കല്യാണം നിലവിലുണ്ട്. ഇവിടെയെവിടെയെങ്കിലും സർക്കംസിഷനു വിധേയരായ സ്ത്രീകൾക്ക് എന്തെങ്കിലും ആരോഗ്യപരമോ ലൈംഗികമോ ആയ വൈകല്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല.
എന്നാൽ ഇതിന് അപവാദമായി ചില ആഫ്രിക്കൻ നാടുകളിലെ ആദിവാസി വിഭാഗങ്ങളിൽ നിലനിൽക്കുന്ന പ്രാകൃത രീതിയിലുള്ള ജനനേന്ദ്രിയ ഛേദനവുമായി മുസ്‌ലിംകളുടെ അംഗീകൃത സർക്കംസിഷനു യാതൊരു ബന്ധവുമില്ല. അതിനെതിരെ ഉയരുന്ന കൂരമ്പുകൾ ഉന്നം പിഴച്ച് മുസ്‌ലിംകളുടെ നെഞ്ചത്തേക്കു വരുന്ന സാഹചര്യം പ്രതിരോധിക്കപ്പെടേണ്ടതും ഭരണകൂട വിലക്കില്ലാത്തിടത്ത് ഇസ്‌ലാമിക ആചാരമായ സ്‌ത്രൈണ സർക്കംസിഷൻ തനതായ രീതിയിൽ പുനഃസ്ഥാപിക്കപ്പെടേണ്ടതുമാണ്. അതിന് വിദഗ്ധ പരിശീലനം ലഭിച്ച സ്ത്രീ ഭിഷഗ്വരന്മാരുടെ സേവനം ലഭ്യമാക്കുകയും തെറ്റിദ്ധാരണകൾ നീക്കി മതപരമായ ആചാരം നിലനിർത്താനുള്ള മൗലികമായ അവകാശം നേരായ രീതിയിൽ നേടിയെടുക്കാനും സാധിക്കണം.
ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ