ഉസ്മാൻ(റ)വിന്റെ നിർബന്ധം പ്രകാരമാണ് ഇബ്‌നു അബ്ബാസ്(റ) ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്കു പോയത്. എന്നത്തെയും പോലെ ഇത്തവണയും ധാരാളം സ്വഹാബികൾ ഹജ്ജിനായി അവിടെയെത്തിയിട്ടുണ്ട്. നബിപത്‌നിമാരുമുണ്ട്. മദീനയിൽ പ്രശ്‌നം ഗുരുതരമായത് ഈ സമയത്തായിരുന്നു. എങ്കിലും അലി(റ) ഖിലാഫത്ത് ഏറ്റെടുത്തതോടെ സ്ഥിതി ശാന്തമായിത്തുടങ്ങി. അപ്പോഴേക്കും ഹജ്ജ് കാലം കഴിഞ്ഞു. ഹജ്ജ് നിർവഹിച്ച് മദീനയിലേക്കു മടങ്ങാനിരുന്ന നബി(സ്വ)യുടെ ഭാര്യമാർ ഖലീഫയുടെ വധവും പ്രശ്‌നങ്ങളും അറിഞ്ഞതോടെ മക്കയിൽ തന്നെ തുടർന്നു.
ആയിടെ ഖലീഫ അലി(റ)വിന്റെ ഉപദേശകരായ ത്വൽഹ(റ)യും സുബൈർ(റ)വും ഉംറക്കു പോകാൻ തീരുമാനിച്ചു. ഖലീഫയുടെ സമ്മതപ്രകാരം അവർ മക്ക ലക്ഷ്യമാക്കി പുറപ്പെട്ടു. ഉസ്മാൻ(റ)വിന്റെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാഗ്രഹിച്ചു വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ധാരാളമാളുകൾ മക്കയിലുണ്ടായിരുന്നു. ത്വൽഹ(റ)വും സുബൈർ(റ)വും മക്കയിലെത്തിയതോടെ പ്രതികാരം വീട്ടാൻ അവർക്കൊരു നേതൃത്വമായി.
ത്വൽഹ(റ) ചിന്തിച്ചു: ‘ഇവിടെയുള്ളവരെ കൂട്ടി ആദ്യം ബസ്വറയിലേക്കു പോവുക. അവിടെ അലി(റ)യുടെ ഖിലാഫത്തിനെ അനുകൂലിക്കുന്നവരുണ്ടല്ലോ. അവരെയും കൂടെകൂട്ടുക. എന്നിട്ട് ഉസ്മാൻ(റ)വിന്റെ ഘാതകരിൽപെട്ട ബസ്വറക്കാരായ കുഴപ്പക്കാരെ മാതൃകാപരമായി ശിക്ഷിക്കുക. എങ്കിൽ ബസ്വറ അക്രമികളിൽ നിന്നു സ്വതന്ത്രമാകും. ശേഷം, കൂഫയിലുള്ള അക്രമികളെയും ശിക്ഷിക്കുക. അപ്പോൾ കൂഫയും ശാന്തമാകും. ഈ രണ്ടു പ്രദേശവും സ്വസ്ഥമായാൽ ഈജിപ്തിനെ അക്രമികളിൽ നിന്ന് എളുപ്പത്തിൽ മോചിപ്പിക്കാനാവും. മൂന്നു പ്രവിശ്യകളും സബഇകളുടെ ശല്യത്തിൽ നിന്നു ശുദ്ധീകരിക്കപ്പെട്ടാൽ മുസ്‌ലിം രാഷ്ട്രത്തിലെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും.’
എന്നാൽ ഈ നാടുകളിലെല്ലാം ഖലീഫ അലി(റ)വിന്റെ പുതിയ ഗവർണർമാരുണ്ടായിരുന്നു. ബസ്വറയിലെ നിലവിലെ ഗവർണർ ഉസ്മാനു ബ്‌നു ഹുനൈഫാണ്. അദ്ദേഹമുണ്ടായിരിക്കെ അവിടെ സൈനിക മുന്നേറ്റം നടത്താനോ നിയമം കൈയിലെടുക്കാനോ മറ്റാർക്കും അവകാശമില്ലല്ലോ. എന്നാൽ ത്വൽഹ(റ) ഇതിനും പരിഹാരം കണ്ടെത്തി.
നബി(സ്വ)യുടെ പ്രിയ പത്‌നിമാരോട് ത്വൽഹ(റ) അപേക്ഷിച്ചു: ‘മുസ്ലിംകൾ ഇപ്പോൾ വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. ഇതിനു പരിഹാരം കണ്ടെത്താൻ ഞങ്ങളോടൊപ്പം നിങ്ങളും വരണം.’ ആഇശ ബീവിയും(റ) ഹഫ്‌സ്വ ബീവിയും(റ) സമ്മതം മൂളിയെങ്കിലും മറ്റു പത്‌നിമാർ വിസമ്മതിച്ചു. ബീവി ഉമ്മു സലമ(റ) പറഞ്ഞു: ‘നമ്മോടുള്ള കൽപ്പന വീട്ടിലിരിക്കാനാണ്. ഇക്കാര്യത്തിനുള്ള കൽപ്പനയോ ഉത്തരവാദിത്വമോ നമ്മൾക്കില്ല. പ്രശ്‌നക്കാർക്കിടയിൽ മധ്യസ്ഥത നടത്തേണ്ടത് പുരുഷന്മാരാണ്. നബിപത്‌നിമാരിൽ ആരും ഇതിനായി അവരോടൊപ്പം പുറപ്പെടരുത്.’
ത്വൽഹ(റ)യുടെ സംഘത്തോടൊപ്പം ചെല്ലാമെന്നേറ്റ ഹഫ്‌സ്വ(റ)യെ സഹോദരൻ അബ്ദുല്ലാഹി ബ്‌നു ഉമർ(റ) തടഞ്ഞു. അദ്ദേഹം സഹോദരിയെ കണ്ടു പറഞ്ഞു: ‘അല്ലാഹുവിനെ സാക്ഷിയാക്കി ഞാൻ പറയുന്നു. നിങ്ങൾ ഉമറിന്റെ മകളാണെങ്കിൽ ഇതിനു പോകാൻ ഞാൻ സമ്മതിക്കില്ല.’ ഇബ്‌നു ഉമറി(റ)ന്റെ നിർബന്ധത്തിനു വഴങ്ങി ഹഫ്‌സ്വ ബീവി(റ) തീരുമാനം മാറ്റി.
ബസ്വറയിലേക്ക്
ഒടുവിൽ ആഇശ ബീവി(റ), ത്വൽഹ(റ), സുബൈർ(റ) എന്നിവരുടെ നേതൃത്വത്തിൽ സ്വഹാബികളും മുൻ ഗവർണർമാരും അസന്തുഷ്ടരായ സാധാരണക്കാരുമടക്കം ഏകദേശം 900 വരുന്ന ആളുകൾ ബസ്വറയിലേക്ക് പുറപ്പെട്ടു. പുതിയ ഖലീഫ വന്നതോടെ സ്ഥാനഭൃഷ്ടനാക്കപ്പെട്ട യമനിലെ മുൻ ഗവർണർ തന്റെ അറുന്നൂറോളം വരുന്ന ഒട്ടകങ്ങളെ യാത്രക്കായി വിട്ടുകൊടുക്കുകയും ചെയ്തു. യാത്രാചെലവിനായി അറുപതിനായിരം സ്വർണ നാണയവും നൽകി.
ഇതെല്ലാം നടന്നത് അലി(റ) അറിയാതെയാണ്. ഖലീഫ മദീനയിൽ സൈന്യത്തെ ഒരുക്കിക്കൊണ്ടിരുന്നത് ശാമിനെതിരെ അച്ചടക്ക നടപടി എടുക്കാനാണ്. അതാണല്ലോ ഖിലാഫത്തിനെ ബാധിക്കുന്ന പുതിയ പ്രശ്‌നം. അതു പരിഹരിച്ചിട്ട് മറ്റു കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ത്വൽഹ(റ)ന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതി.
സംഘം ബസ്വറയിലെത്തി സ്വഹാബിയും ഗവർണറുമായ ഉസ്മാനു ബ്‌നു ഹുനൈഫു(റ)മായി സംസാരിച്ചു. ഗവർണർ ചോദിച്ചു: ‘നിങ്ങൾ ഖലീഫ അലി(റ)യുമായി ഉടമ്പടി ചെയ്തതല്ലേ. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ എന്തിനാണ് ഇവിടേക്കു വന്നത്? നിലവിൽ ഇവിടെയുള്ളത് ഖലീഫയെ പിന്തുണക്കുന്ന ഗവർണർ ഭരണമാണല്ലോ.’
ചർച്ച ചൂടുപിടിച്ചു. ഗവർണറുടെ വാക്കുകളിൽ സംഘം ശാന്തരായി. ഒടുവിൽ ത്വൽഹയും(റ) സുബൈറും(റ) പറഞ്ഞു: ‘അക്രമികൾ ഞങ്ങളെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ പ്രാണരക്ഷാർത്ഥം അലി(റ)നെ ബൈഅത്ത് ചെയ്തതാണ്. ഞങ്ങളുടെ സ്വന്തം തീരുമാന പ്രകാരമായിരുന്നില്ല അത്.’
ഗവർണർ പറഞ്ഞു: ‘നിങ്ങൾ പറഞ്ഞത് ന്യായമായിരിക്കാം. ഏതായാലും ഞാനൊരു അന്വേഷണ സംഘത്തെ മദീനയിലേക്കയക്കുകയാണ്. നിങ്ങൾ പറയുന്നതാണ് ശരിയാണെങ്കിൽ ഞാനും നിങ്ങളെ പിന്തുണക്കും. അതല്ല ശരിയെങ്കിൽ നിങ്ങൾ ചെയ്യുന്നത് അന്യായമാണ്. അതിന്റെ പേരിൽ നടപടിയെടുക്കേണ്ടിവരും.’ സംഘം ഖലീഫയുടെ തീരുമാനം അംഗീകരിച്ചു.
ഗവർണറുടെ പ്രതിനിധി മദീനയിലേക്കു പുറപ്പെട്ടു. ബാഹ്യമായി മദീനയപ്പോൾ ശാന്തമായിരുന്നു. തലസ്ഥാനത്തെത്തിയ പ്രതിനിധി പള്ളികളെല്ലാം കയറിയിറങ്ങി വസ്തുത അന്വേഷിച്ചു. പക്ഷേ, ആരും അവർക്കനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. ഒരാളും പ്രതികരിക്കുന്നില്ലെന്നു കണ്ട ഉസാമത്തു ബ്‌നു സൈദ്(റ) പറഞ്ഞു: ‘സബഇകളുടെ ഭീഷണിക്കു വഴങ്ങിയാണ് അവർ അലി(റ)നെ ബൈഅത്ത് ചെയ്തത്.’ ഇതു കേട്ടതോടെ വാക്കുതർക്കങ്ങളും കല്ലേറും അരങ്ങേറി.
പ്രശ്‌നം രൂക്ഷമാകുന്നത് കണ്ട് ഖലീഫ അലി(റ) ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ വിപ്ലവം നടത്താൻ വരുന്ന മുആവിയ(റ)യുടെ സൈന്യത്തെ നേരിടാൻ തയ്യാറാക്കിയ സൈന്യത്തെയും കൂട്ടി ബസ്വറയിലേക്കു തിരിച്ചു. മുമ്പ് ശാമിലായിരുന്നു പ്രശ്‌നമെങ്കിൽ ഇപ്പോഴത് ബസ്വറയിലാണല്ലോ.
ഖലീഫയുടെ സൈന്യം ആദ്യം പോയത് കൂഫയിലേക്കാണ്. അവിടത്തെ ഗവർണറുമായി സംസാരിച്ച് സൈന്യത്തെ കൂട്ടി ബസ്വറ ലക്ഷ്യമാക്കി യാത്ര തുടർന്നു. അതിനിടയിൽ ബസ്വറ ഗവർണറെ ത്വൽഹ(റ)യുടെ സംഘത്തിൽ കയറിക്കൂടിയ സബഇകളായ ചില അക്രമികൾ മർദിക്കുകയും താടിരോമങ്ങൾ പറിച്ചെടുക്കുകയും പൊതുഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. ഖലീഫയെത്തിയപ്പോൾ കാണാൻ ചെന്ന ഗവർണറുടെ മുഖത്ത് ഒരു താടിരോമവും ഉണ്ടായിരുന്നില്ലത്രെ. അവരദ്ദേഹത്തെ അത്രമാത്രം ഉപദ്രവിച്ചു.
ചോരക്കളമായ പുലർച്ച
ഖലീഫയുടെ സൈന്യമെത്തിച്ചേർന്നതോടെ രണ്ടു സൈന്യവും മുഖാമുഖം നിലയുറപ്പിച്ചു. മറുഭാഗം നേതാക്കളായ ത്വൽഹ(റ)യെയും സുബൈർ(റ)നെയും പ്രശ്‌നം ചർച്ച ചെയ്യാൻ വിളിക്കാനാവശ്യപ്പെട്ട് ഖഅ്ഖഅത്ത്(റ)നെ അലി(റ) പറഞ്ഞയച്ചു. മറുപക്ഷത്തുള്ളവർ ശത്രുക്കളാണെന്ന കാഴ്ചപ്പാടായിരുന്നില്ല ഇരുപക്ഷത്തിനുമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും തുറന്ന മനസ്സോടെ ചർച്ച നടത്തി.
ചർച്ച വിജയമായിരുന്നു. അക്രമികളെ മാതൃകാപരമായി ശിക്ഷിക്കാനും കീഴ്‌പ്പെടുത്താനും അതിനായി ഒരുമിച്ചു പ്രവർത്തിക്കാനും ഖിലാഫത്തിന് അധികാരം അലി(റ)ക്കാണെന്നും ആദ്യം ചെയ്യേണ്ടത് ഇരുവിഭാഗത്തിലും നുഴഞ്ഞുകയറിയ അക്രമികളെ പുറത്തുകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയാണെന്നും ഐകകണ്‌ഠ്യേന തീരുമാനിച്ചു. ഇക്കാര്യം അറിയിച്ചപ്പോൾ അലി(റ)ന് വളരെയധികം സന്തോഷമായി. ഖലീഫ ഈ വ്യവസ്ഥ പൂർണ മനസ്സോടെ സ്വീകരിച്ചുവെന്നുവെന്നറിയിച്ചപ്പോൾ മറുഭാഗത്തുള്ളവർക്കും സന്തോഷമായി. അങ്ങനെ പ്രശ്‌നങ്ങൾ കെട്ടടങ്ങി.
രാത്രി ശാന്തമായി മുന്നോട്ടു നീങ്ങി. നേരം പുലർന്നാൽ തുടർ കാര്യങ്ങൾ കൂട്ടായി ചെയ്യാമെന്ന ധാരണയിൽ എല്ലാവരും കിടന്നു. പക്ഷേ, ഇരു വിഭാഗത്തിലെയും സബഇകൾക്കത് ഉറക്കമില്ലാ രാത്രിയായിരുന്നു. രാത്രി കനത്തപ്പോൾ ഇരുപക്ഷത്തെയും സബഇകൾ സംഗമിച്ചു. ‘നാളെ പകലിൽ ഈ രണ്ടു വിഭാഗങ്ങളും ഒന്നിക്കും. ഇവരൊന്നിച്ചാൽ നമ്മുടെ അടിവേരറുത്തു കളയാൻ അധിക സമയം വേണ്ടിവരില്ല. പിന്നെ നമുക്കു നിലനിൽപ്പുണ്ടാവില്ല. അതിനാൽ പ്രശ്‌നം പരിഹരിക്കപ്പടരുത്. അതിനുള്ള വഴി കണ്ടെത്തണം.’ ഗൂഢാലോചന ശക്തിപ്പെട്ടു. ഇരു സംഘത്തിലും സബഇകളുള്ളത് കാര്യങ്ങൾ എളുപ്പമാക്കി. ‘അർധരാത്രിക്കു ശേഷം ക്യാമ്പിലുള്ളവർ തഹജ്ജുദിന് എഴുന്നേൽക്കുമല്ലോ. അപ്പോൾ ത്വൽഹ(റ)യുടെ ക്യാമ്പിലുള്ള നമ്മുടെ ആളുകൾ അലി(റ)യുടെ സംഘത്തിനെതിരെയും അലി(റ)യുടെ ക്യാമ്പിലുള്ള നമ്മുടെ ആൾക്കാർ മറു ക്യാമ്പിലുള്ളവർക്കെതിരെയും ആക്രമണം തുടങ്ങുക. എന്നിട്ട് എതിർപക്ഷത്തുള്ള നേതാക്കൾ നമ്മെ ചതിച്ചിരിക്കുകയാണെന്ന് ഉറക്കെ വിളിച്ചുപറയുക. ത്വൽഹ(റ)യുടെ ക്യാമ്പിൽ അക്രമമഴിച്ചുവിട്ട് അലി(റ) വഞ്ചിച്ചിരിക്കുന്നു, അവരിതാ നിസ്‌കരിക്കുന്നവരെ കൂട്ടക്കൊല ചെയ്യുന്നുവെന്നും മറുഭാഗത്ത് പോയി ത്വൽഹ(റ)യും സുബൈറും(റ) ചതിച്ചിരിക്കുന്നു, അവരിതാ നിസ്‌കരിക്കുന്നവരെ കൊല്ലുന്നുവെന്നും വിളിച്ചു പറയുക. എങ്കിൽ ഇരുവിഭാഗവും ഇരുളിൽ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്‌തോളും. എങ്കിലേ നമ്മൾ രക്ഷപ്പെടൂ.’
തന്ത്രം എല്ലാവർക്കും ബോധിച്ചു. ഗൂഢാലോചനക്കാർ സ്വന്തം ക്യാമ്പുകളിലേക്ക് മടങ്ങി. സമയം അർധരാത്രി പിന്നിട്ടു. രണ്ടു ക്യാമ്പിലുമുള്ളവർ തഹജ്ജുദിനായി എഴുന്നേറ്റു. പെട്ടെന്ന് അലി(റ)വിന്റെ ക്യാമ്പിൽ നിന്ന് കരച്ചിലും മുറവിളികളുമുയർന്നു. ‘ത്വൽഹയും സുബൈറുമിതാ ചതിച്ചിരിക്കുന്നു. അവരിതാ നിസ്‌കരിക്കുന്നവരെ അക്രമിക്കുന്നു’- ആരോ വിളിച്ചു പറഞ്ഞു. മറുഭാഗത്തും മുൻ നിശ്ചയപ്രകാരം ആർപ്പും വിളിയും അരങ്ങേറി. ഇതു ചതിയാണെന്നറിയാത്ത ഇരുക്യാമ്പിലുമുള്ള നിഷ്‌കളങ്കർ നിസ്‌കാരം മുറിച്ച് ആയുധമെടുത്ത് സുരക്ഷയൊരുക്കാനാരംഭിച്ചു. അത് യുദ്ധത്തിലേക്കെത്തിച്ചു.
യുദ്ധം കൊടുമ്പിരികൊണ്ടു. അലി(റ)യോടൊപ്പം 20000 പേരും ത്വൽഹ(റ), സുബെർ(റ) എന്നിവരുടെ കൂടെ 30000 പേരുമാണ് ഉണ്ടായിരുന്നത്. സ്വഹാബികളും താബിഇകളുമാണ് ഭൂരിപക്ഷവും. ത്വൽഹ(റ)യുടെ സൈന്യം ആഇശ(റ)യുടെ കൂടാരമേറ്റിയ ഒട്ടകത്തെ മുൻനിരയിൽ നിർത്തി. രണശൂരരായ പടയാളികളാണ് ബീവിയുടെ ഒട്ടകത്തെ നയിച്ചിരുന്നത്. പക്ഷേ, ആ എഴുപതു പേരും ഒന്നൊന്നായി കൊല്ലപ്പെട്ടു.
‘ഈ പോക്കു പോയാൽ ഇരുപക്ഷത്തും വലിയ ആൾനാശം സംഭവിക്കും. അതു പാടില്ല. പരിഹാരം യുദ്ധം നിർത്തിവെക്കുകയാണ്. അതിനു വേണ്ടി ആഇശ(റ)യുടെ അസ്‌കറെന്നു പേരുള്ള ഒട്ടകത്തെ നശിപ്പിക്കുകയല്ലാതെ നിവൃത്തിയില്ല. അതേസമയം, മഹതിയുടെ ഒട്ടകക്കട്ടിൽ ഒരു പോറലുമേൽക്കാതെ തൊട്ടടുത്ത വീട്ടിൽ എത്തിക്കുകയും വേണം.’ അതിനെന്ത് വഴി എന്നായിരുന്നു ഖലീഫ അലി(റ)യുടെ ചിന്ത.
അക്രമികളിൽ പെട്ടവനാണെങ്കിലും ധീരതയിലും കഴിവിലും മികച്ച അശ്തറിനോട് അലി(റ) പറഞ്ഞു: ‘ആഇശ ബീവിയിരിക്കുന്ന ഒട്ടകത്തിന്റെ കാല് വെട്ടുക.’ ഉടനെ അശ്തർ മറുഭാഗത്തെ സൈന്യത്തിന്റെ മുൻനിരയിൽ ചെന്ന് അതിന്റെ കാലിനു വെട്ടി. ഒട്ടകത്തിന്റെ നിലതെറ്റിയതോടെ ബീവിയുടെ ഒട്ടകക്കട്ടിൽ മുഹമ്മദ് ബ്‌നു അബീബക്ർ ഉൾപ്പെടെയുള്ള നാലു പേർ താങ്ങിയെടുത്ത് അടുത്ത വീട്ടിൽ കൊണ്ടുപോയിവെച്ചു.
പൂർണമായി മറച്ച ഈ കൂടാരത്തിനുള്ളിലേക്ക് ബീവിയുടെ സഹോദരൻ മുഹമ്മദുബ്‌നു അബീബക്ർ കൈ നീട്ടിയപ്പോൾ ഇരുട്ടിൽ അതാരുടെ കരമാണെന്ന് മനസ്സിലാകാതെ ആഇശ(റ) ചോദിച്ചു: ആരാണ് നബി(സ്വ)യുടെ ഹിജാബ് പൊളിക്കുന്നത്? അവനെ അല്ലാഹു തീയിലിട്ട് കരിക്കട്ടെ.’
ഉടനെ അദ്ദേഹം പറഞ്ഞു: ‘പെങ്ങളേ ഇതു ഞാനാണ്, മുഹമ്മദ് ബ്‌നു അബീബക്ർ. പറഞ്ഞത് തിരിച്ചെടുക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് ദുനിയാവിലെ തീയെന്നു ചേർത്തു പറയണേ…’
ഉടൻ ആഇശ(റ) ദുനിയാവിലെ തീയെന്നു കൂട്ടിച്ചേർത്ത് പ്രാർത്ഥന പൂർത്തീകരിച്ചു. ബീവിയുടെ കൂടാരം വീട്ടിലേക്കു മാറ്റിയതോടെ യുദ്ധത്തിനു പരിസമാപ്തിയായി.
അന്നു നിങ്ങൾ തെറ്റിന്റെ പക്ഷത്ത്!
യുദ്ധത്തിനിടയിൽ അലി(റ) തന്റെ അമ്മായിയുടെ മകൻ സുബൈറി(റ)നെ കണ്ടുമുട്ടിയപ്പോൾ റസൂൽ(സ്വ) വർഷങ്ങൾക്കു മുമ്പ് നടത്തിയ പ്രവചനം ഓർമിപ്പിച്ചു. ‘സുബൈറേ, ഒരിക്കൽ നബി(സ്വ)യും നിങ്ങളും ഒരുമിച്ചിരിക്കുമ്പോൾ ഞാനവിടേക്ക് കയറി വന്നപ്പോൾ അലിയോട് നിങ്ങൾക്കു സ്‌നേഹമുണ്ടോ എന്നു തിരുനബി(സ്വ) ചോദിച്ചത് താങ്കൾ ഓർക്കുന്നുണ്ടോ? അപ്പോൾ താങ്കൾ പറഞ്ഞു: ‘അതേ, എനിക്കദ്ദേഹത്തെ ഇഷ്ടമാണ്, എന്റെ അമ്മാവന്റെ മകനല്ലേ.’
അതിന് അവിടന്ന് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ‘എന്റെ കാലശേഷം നിങ്ങൾ തമ്മിൽ യുദ്ധം ചെയ്യും. അന്ന് സത്യത്തിന്റെ പക്ഷത്ത് അലിയും തെറ്റിന്റെ പക്ഷത്ത് നിങ്ങളും ആയിരിക്കും’ അത് ഓർക്കുന്നുണ്ടോ?
ഉടൻ സുബൈർ(റ) പറഞ്ഞു: ‘ഞാനതു മറന്നുപോയതാണ്. ഇപ്പോൾ ഓർമ വന്നു. ഞാൻ അല്ലാഹുവിനോടിതാ ഖേദിച്ചു മടങ്ങുന്നു. താങ്കളെ ഖലീഫയായി ബൈഅത്തു ചെയ്തതിൽ ഉറച്ചുനിൽക്കുന്നു.’ ഇതും പറഞ്ഞ് യുദ്ധത്തിൽ നിന്നു പിൻവാങ്ങി ദൂരെ ഒരു മരത്തണലിൽ ചെന്നു വിശ്രമിച്ചു. ഈ തക്കം നോക്കി അക്രമികളിലൊരാൾ മഹാനെ ചതിയിലൂടെ വെട്ടിക്കൊലപ്പെടുത്തുകയും തല മുറിച്ചെടുത്ത് അലി(റ)യുടെ സവിധത്തിലെത്തിക്കുകയും ചെയ്തു.
‘ഇതാ സുബൈറിന്റെ ശിരസ്സ്. ഇദ്ദേഹത്തെ ഞാനാണ് കൊലപ്പെടുത്തിയത്.’
അപ്പോൾ അലി(റ) പറഞ്ഞു: ‘ഇബ്‌നു സ്വഫിയ്യയെ കൊല്ലുന്നവൻ നരകത്തിലാണെന്ന് നബി(സ്വ) പറയുന്നതന ഞാൻ കേട്ടിട്ടുണ്ട്’.
ത്വൽഹ(റ) യുദ്ധത്തിൽ പരിക്കേറ്റ് അവശനായി കിടക്കുമ്പോൾ സ്വഹാബികളിൽ ചിലരെ വിളിച്ചുവരുത്തി പറഞ്ഞു: ‘ഞാൻ അലി(റ)വിനെ ഖലീഫയായി ബൈഅത്ത് ചെയ്തതാണ്. അബദ്ധവശാൽ ഇവിടെ എത്തിപ്പെട്ടു. ബൈഅത്തിൽ ഞാൻ ഉറച്ചുനിൽക്കുകയും ചെയ്തുപോയ തെറ്റിന് അല്ലാഹുവിനോട് മാപ്പു ചോദിക്കുകയും ചെയ്യുന്നു. ഇക്കാര്യം അലി(റ)യെ അറിയിക്കണം.’ കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹവും വഫാത്തായി.
സ്വഹാബികൾ സംഭവം അറിയിച്ചപ്പോൾ അലി(റ) പറഞ്ഞു: ‘ഒരാൾ ഖലീഫയെ ബൈഅത്തു ചെയ്തതിനു ശേഷം ആ ഖലീഫയിൽ മതത്തിന് വിരുദ്ധമായത് കാണാതെ ബൈഅത്തിൽ നിന്നു പിന്മാറിയാൽ നരകാവകാശിയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ത്വൽഹ(റ)യാകട്ടെ സ്വർഗാവകാശിയാണെന്ന് പ്രവാചകർ(സ്വ) പറഞ്ഞതുമാണ്. അതിനാൽ ബൈഅത്തിൽ നിന്നു പിന്മാറിയ നിലയിൽ അദ്ദേഹം മരണപ്പെടില്ല എന്നെനിക്കറിയാം.’
ഗൂഢാലോചനയുടെ ബാക്കിപത്രം
ഇരുട്ടിന്റെ മറവിൽ സബഇകൾ നടത്തിയ ഗൂഢാലോചനയിലൂടെ സംഭവിച്ച ഏറ്റുമുട്ടൽ മുസ്‌ലിം ലോകത്തിനു വരുത്തിവെച്ചത് വലിയ നഷ്ടങ്ങളായിരുന്നു. പ്രമുഖ സ്വഹാബികളിൽ പലരും ശഹീദായി. അലി(റ)വിന്റെ സംഘത്തിലെ അയ്യായിരം പേരും മറുഭാഗത്തെ പതിനായിരം പേരും ഈ ഒരൊറ്റ യുദ്ധത്തിൽ മാത്രം കൊല്ലപ്പെട്ടു. ഇത്രത്തോളം ആളുകൾ ഒരുമിച്ചു മരണപ്പെട്ട യുദ്ധം മുസ്ലിം ചരിത്രത്തിൽ വിരളം.
യുദ്ധത്തിനു ശേഷം മരണംവരെയും ഖുർആനിലെ സൂറത്തുൽ അഹ്‌സാബിന്റെ 33ാം സൂക്തം എത്തുമ്പോൾ ‘എനിക്കു സംഭവിച്ച ഒരബദ്ധം നഷ്ടപ്പെടുത്തിയത് പതിനായിരങ്ങളുടെ ജീവനാണല്ലോ’ എന്നു വിലപിച്ച് ആഇശ(റ) പൊട്ടിക്കരയുമായിരുന്നു. കരച്ചിലിന്റെ ശക്തിയിൽ ബീവിയുടെ മുഖമക്കന കണ്ണീരിൽ കുതിർന്നിരുന്നു.
ആഇശ(റ)യും ഹഫ്‌സ്വ(റ)യും ത്വൽഹ(റ)യോടൊപ്പം വരാമെന്നേറ്റത് രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയായിരന്നില്ല. ആഇശ(റ) അവരോടൊപ്പം പുറപ്പെട്ടത് അധികാര ലബ്ധിക്കോ യുദ്ധ ലക്ഷ്യത്തോടെയോ ആയിരുന്നില്ല. നബിപത്‌നിമാർ വിശ്വാസികളുടെ ഉമ്മമാരായതിനാൽ അവരുടെ ഉപദേശമനുസരിച്ച്, തെറ്റിദ്ധരിച്ചുപോയ വിശ്വാസികൾ തൗബ ചെയ്തു മടങ്ങുകയും പ്രശ്‌നം ശാന്തമാവുകയും ചെയ്‌തേക്കാമെന്നു വിശ്വസിച്ചാണ്. അത്തരമൊരു മസ്വ്‌ലഹത്തിന് തങ്ങളുടെ സാന്നിധ്യം പ്രയോജനം ചെയ്‌തെങ്കിലോ എന്നായിരുന്നു അവരുടെ ആത്മഗതം.
(തുടരും)
സുലൈമാൻ ഫൈസി കിഴിശ്ശേരി