‘അവനത്രെ ജലത്തിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചത്’ (വി.ഖു 25/54). ജലമാണ് ജീവൻ എന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഈ ഖുർആൻ വചനം. മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളും ജലവുമായി എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ചിന്തിക്കുമ്പോഴാണ് ഈ സൂക്തത്തിന്റെ ആഴവും പരപ്പും ബോധ്യമാവുക.
നമ്മുടെ രക്തത്തിൽ തൊണ്ണൂറുശതമാനവും വെള്ളമാണ്. വൃക്കകളിൽ 80% ജലമാണത്രെ. എല്ലുകളിൽ പോലും 22% വെള്ളമാണ്. ഭൂമിയുടെ 70% വെള്ളമായതുപോലെ മനുഷ്യ ശരീരവും വെള്ളംകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്നു പറയാം. ഒരു മനുഷ്യനെ കൊപ്രയാട്ടുന്നതുപോലെ ആട്ടിനോക്കിയാൽ 70% മനുഷ്യ എണ്ണയും 30% മനുഷ്യപ്പിണ്ണാക്കും ലഭിക്കുമെന്ന് ഉദാഹരിക്കാറുണ്ട്. 150 റാത്തൽ തൂക്കമുള്ള ഒരാളുടെ ശരീരത്തിൽ 100 റാത്തലും വെള്ളമാണ്. ഇതിൽ പത്ത് റാത്തൽ നഷ്ടപ്പെട്ടാൽ മരണം സംഭവിക്കും. 5% നഷ്ടപ്പെട്ടാൽ ബുദ്ധി പ്രവർത്തിക്കില്ല. ഇതുകൊണ്ടാവണം മനുഷ്യന്റെ വാസസ്ഥലമായ ഭൂമി വെള്ളം കൊണ്ട് നിറക്കപ്പെട്ടത്. കടലിലും നദികളിലും കുളങ്ങളിലും മേഘങ്ങളിലും അന്തരീക്ഷത്തിലും എന്തിനധികം നമ്മുടെ കാലിനു കീഴിൽ വരെ വെള്ളം സംഭരിച്ചു വെച്ചിരിക്കുകയാണ്. ഭൂമിയുടെ ഉപരിതലം സമനിരപ്പായിരുന്നുവെങ്കിൽ ഭൂമിക്കുമേൽ രണ്ട് മൈൽ ഉയരത്തിൽ വെള്ളം പൊങ്ങി നിൽക്കുമായിരുന്നുവത്രെ!

കുടിവെള്ളം
ഭൂമി സംഭരിച്ചുവെച്ച വെള്ളത്തിന്റെ മുഖ്യപങ്കും കടലിലാണ്. അതാകട്ടെ ഉപ്പുരുചിയിലായതിനാൽ പാനയോഗ്യമല്ല. കടൽ ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന പ്രകൃതിപരമായ സംവിധാനമാണ് മഴ. വർഷംതോറും 100000 ലക്ഷം ഘനമൈൽ വെള്ളം സൂര്യതാപമേറ്റ് നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരുന്നുവെന്നാണ് പഠനം. അത് പൊടിപടലങ്ങളുമായും മിന്നൽ കാരണമുണ്ടാകുന്ന നൈട്രജൻ ഓക്‌സൈഡുമായും കൂടിച്ചേർന്ന് ജലകണങ്ങളായി ഭൂമിയിൽ പെയ്തിറങ്ങുന്നു. ശുദ്ധജലം ഭൂമിയിൽ വിതരണം ചെയ്യാനുള്ള ഈ പദ്ധതി എന്തുമാത്രം ആസൂത്രിതമാണ്. ഇത് കേവലം ആകസ്മിക സംഭവമല്ല. ഇതിനു പിന്നിൽ തികഞ്ഞ ആസൂത്രണമുണ്ട്. അതുകൊണ്ട് തന്നെ ഒരു സൂത്രധാരനുമുണ്ടാവും. അവനാണ് അല്ലാഹു. ‘ആകാശത്തിൽ നിന്നും (കൃത്യമായ) അളവനുസരിച്ച് ജലത്തെ നാമിറക്കുന്നു. അങ്ങനെ അതിനെ ഭൂമിയിൽ കെട്ടിനിർത്തുന്നു. തീർച്ചയായും അതിനെ പോക്കിക്കളയാനും നാം കെൽപ്പുള്ളവനാണ്’ (വി.ഖു 23/18).
ഭൂമിയുടെ ഘടനയും വെള്ളം ഉൾക്കൊള്ളാനുള്ള ശേഷിയുമൊക്കെ പരിഗണിച്ചാണ് സാധാരണ ഗതിയിൽ എല്ലാ നാടുകളിലും മഴ പെയ്യുന്നത്. ഗന്ധകത്തിന്റെ സാന്നിധ്യം കൂടുതലുള്ള പല ഗൾഫുനാടുകളിലും കേരളത്തിൽ ലഭിക്കുന്നതുപോലെയുള്ള ഒരു മഴ പെയ്താൽ തന്നെ ആ നാട് ക്രമം തെറ്റും. ഇവിടെയൊക്കെ സ്രഷ്ടാവിന്റെ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് മേൽ സൂക്തം വ്യക്തമാക്കുന്നത്. മഴ ലഭ്യമാക്കുന്ന സ്ഥലങ്ങളിലുമുണ്ട് മികച്ച ആസൂത്രണം. കനത്ത മഴ കടലോരത്ത് പെയ്തിറങ്ങിയാൽ അത് വളരെ പെട്ടെന്ന് ഉപ്പുരസമുള്ള കടൽ വെള്ളത്തിൽ എത്തിച്ചേരുന്നതോടെ കുടിക്കാൻ പറ്റാതെയായി. എന്നാൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഉയർന്ന മലകളും പർവതങ്ങളുമുള്ള പ്രദേശങ്ങളിലാണ്. ഇതുകാരണം ആ വെള്ളം ഒലിച്ചിറങ്ങി അരുവികളായും കിലോമീറ്ററുകൾ നീണ്ട പുഴകളായും ഒഴുകി അവസാനം കടലിൽ പതിക്കുന്നു. ഈ പുഴയോരങ്ങളിലാണ് മനുഷ്യരുൾപ്പടെയുള്ള ജീവജാലങ്ങൾ താമസിക്കുന്നത്. ഭൂവാസികൾക്ക് ശുദ്ധജലം വിതരണം ചെയ്യാനുള്ള പ്രപഞ്ചനാഥന്റെ കുറ്റമറ്റ ഈ സംവിധാനത്തിന്റെ രഹസ്യമോർത്ത് അവനുമുമ്പിൽ തലകുനിക്കുകയല്ലാതെ നിവൃത്തിയില്ല.

ശരീരത്തിനകത്തെ ജലസേവനങ്ങൾ
കുളിച്ച് ശരീരം വൃത്തി വരുത്തുന്നതും തണുപ്പിക്കുന്നതും വിസർജനാനന്തരം ശൗചം ചെയ്യുന്നതുമെല്ലാം എല്ലാവർക്കുമറിയുന്ന കാര്യമാണ്. എന്നാൽ ശരീരത്തിനകത്തെ പ്രധാന വ്യവസ്ഥകളെല്ലാം സംവിധാനിക്കപ്പെട്ടത് ജലം കൊണ്ടാണെന്നറിയുമ്പോൾ നാം അത്ഭുതപ്പെടുകയും ഈ ക്രമീകരണമൊരുക്കിയ സ്രഷ്ടാവിന്റെ സാന്നിധ്യം ബോധ്യപ്പെടുകയും ചെയ്യും.
പ്രസവിക്കപ്പെട്ട ഉടനെ കുഞ്ഞ് ഒച്ചവെച്ച് കരയുന്നത് കേൾക്കുമ്പോൾ ചുറ്റുമുള്ളവർക്ക് സന്തോഷമാണ്. ഈ സമയത്ത് ആ കുഞ്ഞിന്റെ കണ്ണ് നിങ്ങൾ ശ്രദ്ധിക്കുക. അത് വെള്ളം കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. ഈ കണ്ണീരിന്റെ ധർമം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന പൊടിപടലങ്ങൾ കണ്ണിലെത്തുമ്പോൾ കണ്ണുകളെ കഴുകി സൂക്ഷിക്കുക എന്നതും കൺപോളകളുടെ ചലനത്തെ ആയാസരഹിതമാക്കുക എന്നതുമാണ്.
കുട്ടികൾ കരയുമ്പോൾ കണ്ണുകൾ അടച്ചുപിടിക്കുന്നത് യാന്ത്രികമായാണെങ്കിലും അതിനു പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. വായ തുറന്നു കരയുമ്പോൾ വളരെ പെട്ടെന്ന് തൊണ്ട വരളും. കൺപോളകളടക്കുമ്പോൾ മൂക്കിനോട് ചേർന്ന ചെറിയ സുഷിരത്തിലൂടെ കണ്ണുനീർ തൊണ്ടയിലേക്ക് ഇറങ്ങുന്നതിനാൽ തൊണ്ട വരളാതെ കുഞ്ഞുങ്ങൾക്ക് ഏറെ നേരം കരയാൻ സാധിക്കുന്നു. ഈയൊരു സംവിധാനമില്ലായിരുന്നുവെങ്കിൽ ഭാഷയറിയാത്ത പ്രായത്തിൽ തങ്ങളുടെ പ്രയാസങ്ങളും മുതിർന്നവരെ ഉണർത്താനുള്ള വഴി അടഞ്ഞുപോവുമായിരുന്നു. സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവം തന്നെ.
ഏതൊരു യന്ത്രവും പ്രവർത്തിക്കുമ്പോൾ അതു ചൂടാവുന്നതുപോലെ മനുഷ്യനും ചൂടാവുന്നു. വിയർപ്പായി മാറുന്ന ശരീരത്തിലെ വെള്ളം ബാഷ്പമാകുന്നതോടെ അധികമുള്ള ചൂട് കുറയുന്നു.
രൂപാന്തരം സംഭവിച്ച വിയർപ്പു ഗ്രന്ഥികളാണ് അത്ഭുതകരമായ സമീകൃതാഹാരമായ മുലപ്പാൽ ഉത്പാദിപ്പിക്കുന്നത്. ശരീരത്തിലെ ജലാംശമാണ് പഞ്ചസാരയും കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പല്ലിന്റെയും എല്ലിന്റെയും വളർച്ചക്കും കരുത്തിനും ആവശ്യമായ മുലപ്പാലായി മാറുന്നത്. അറുത്തുമാറ്റാനാവാത്ത ബന്ധമാണ് വെള്ളവും മനുഷ്യനും തമ്മിലുള്ളത്.

വൃക്കയും ജലവും
140 ഗ്രാം തൂക്കംവരുന്ന രണ്ട് വൃക്കകളാണ് ഒരു മനുഷ്യ ശരീരത്തിലുണ്ടാവുക. അവയിൽ 10 ലക്ഷം നെഫ്രോണുകൾ അടുക്കിവെച്ചിരിക്കുന്നു. ഈ അരിപ്പ നിവർത്തി നോക്കിയാൽ നൂറു കി.മീറ്റർ നീളം വരുമത്രെ. ഇതിലൂടെ ദിവസവും 350 തവണ രക്തം കടത്തിവിട്ട് 1400 ലിറ്റർ രക്തമാണ് നിത്യേന വൃക്കകൾ ശുദ്ധീകരിക്കുന്നത്.
ഈ പ്രക്രിയ സുഖമമായി നടക്കണമെങ്കിൽ രണ്ടര ലിറ്റർ വെള്ളം ഓരോ ദിവസവും കുടിക്കണം. ജലാംശം കുറഞ്ഞാൽ വൃക്കയുടെ ജോലി പ്രയാസമാവുകയും കാലക്രമേണ വൃക്കകൾക്ക് അവയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കാതെ വരികയും ചെയ്യും. അപ്പോഴാണ് ഈ ശുദ്ധീകരണം ഡയാലിസിസിലൂടെ പുറത്തുവെച്ച് ചെയ്യേണ്ടിവരിക. അപ്പോൾ രണ്ടര ലിറ്ററിനു പകരം, ഒരു തവണ ഡയാലിസിസ് ചെയ്യാൻ 250 ലിറ്റർ വെള്ളം വേണം. എന്നാൽ തന്നെ കിഡ്‌നി നിർവഹിക്കുന്നതിന്റെ 15 ശതമാനം മാത്രം ഗുണങ്ങളേ ഇതുകൊണ്ട് ലഭിക്കുകയുള്ളൂ. കുടിക്കാൻ ശുദ്ധജലം ഇറക്കിത്തരുന്ന അല്ലാഹുവിനെ സ്മരിച്ച് ബിസ്മി ചൊല്ലി വെള്ളം കുടിക്കാൻ കൂടുതൽ ആലോചിക്കേണ്ടതുണ്ടോ? ഖുർആൻ പറയുന്നു: ‘ദൃഢമായി വിശ്വസിക്കുന്നവർക്ക് ഭൂമിയിൽ അനേകം ദൃഷ്ടാന്തങ്ങളുണ്ട്. (എന്നല്ല) അവരുടെ ശരീരങ്ങളിൽ തന്നെ ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും നിങ്ങളതു കാണുന്നില്ലേ?’ (5/21).
ഓരോ ദിവസവും മനുഷ്യ ശരീരത്തിൽ 12 ഔൺസിലധികം ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടത്രെ. ഇതുകൊണ്ടാണ് നമുക്ക് വായക്കകത്ത് നാവ് ചലിപ്പിക്കാനും സംസാരിക്കാനും സാധിക്കുന്നത്. തൊണ്ട വരണ്ടാൽ നാവ് വഴങ്ങാതിരിക്കുന്നത് അനുഭവമാണല്ലോ. ആഹാര പദാർത്ഥങ്ങൾ ചവച്ചരച്ച് ദഹനപ്രക്രിയയുടെ ആദ്യപടി നിർവഹിക്കുന്നതിനും ഉമിനീർ സഹായിക്കുന്നു. ശേഷം അന്നനാളത്തിലൂടെ ഇറക്കിവിടാനും ഉമിനീരിന്റെ സഹകരണം വേണം. പിത്തനീർ, കണ്ണുനീർ ഉൾപ്പെടെ അനേകം സ്രവങ്ങൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയിലെല്ലാം സുപ്രധാനമായ പലതും അലിഞ്ഞുചേർന്നിട്ടുണ്ടെങ്കിലും പ്രധാന ഘടകം വെള്ളം തന്നെയാണ്.

ജലദാനം മഹാദാനം
മനുഷ്യന്റെ ജീവനുമായി ഇത്രമേൽ കെട്ടിപ്പിണഞ്ഞുകിടക്കുന്ന ജലം മറ്റുള്ളവർക്ക് ദാനം ചെയ്യുന്നത് മഹത്തായ പുണ്യകർമമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സഅദ്ബ്‌നു ഉബാദത്ത്(റ) പറയട്ടെ: ‘ഞാൻ നബി(സ്വ)യോട് ചോദിച്ചു. എന്റെ ഉമ്മ മരണപ്പെട്ടുപോയി, അവർക്കു വേണ്ടി ചെയ്യാൻ പറ്റിയ ഏറ്റവും നല്ല ദാനമെന്താണ്? നബി(സ്വ) പറഞ്ഞു: വെള്ളം!’ അങ്ങനെ സഅദ്(റ) ഒരു കിണർ കുഴിച്ച് ഇത് തന്റെ ഉമ്മയുടെ പേരിൽ ദാനമാണെന്ന് പ്രഖ്യാപിച്ചു (അബൂദാവൂദ്, ഇബ്‌നുമാജ).
അബൂഹുറൈറ(റ)വിൽ നിന്നു നിവേദനം. നബി(സ്വ) പറഞ്ഞു: ഒരാൾ ഒരു വഴിയിലൂടെ നടന്നു പോവുകയായിരുന്നു. ശക്തമായ ചൂട്. ഒരു കിണർ കണ്ട അയാൾ അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുകടന്നപ്പോൾ ഒരു നായ കഠിന ദാഹത്താൽ മണ്ണ് നക്കുന്നതു കണ്ടു. അൽപം മുമ്പ് താനനുഭവിച്ച ദാഹമാണ് ഈ നായക്കുമുള്ളതെന്ന് മനസ്സിലാക്കിയ അയാൾ വീണ്ടും കിണറ്റിലിറങ്ങി. തന്റെ ഷൂവിൽ വെള്ളം നിറച്ച് അത് വായകൊണ്ട് കടിച്ചുപിടിച്ച് കയറി നായയെ കുടിപ്പിച്ചു. അതിന് അല്ലാഹു അയാളോട് നന്ദി കാണിച്ചു. അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുത്തു കൊടുത്തു (ബുഖാരി, മുസ്‌ലിം).
കുടിവെള്ളത്തിനുവേണ്ടി യുദ്ധം നടത്തുന്ന, വെള്ളമൂറ്റി പണം സമ്പാദിക്കുന്ന പുതിയ കാലത്ത് ശ്രദ്ധേയമാവുകയാണ് ഇസ്‌ലാമിന്റെ ജലനയവും കാഴ്ചപ്പാടുകളും. ദൈവീക മതത്തിനു മാത്രമേ ഇങ്ങനെ മനുഷ്യപക്ഷത്തു നിന്നു നിലപാടെടുക്കാൻ സാധിക്കൂ.

റഹ്‌മത്തുല്ലാഹ് സഖാഫി എളമരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ