‘തനി ശിർക്കും കുഫ്റുമായിട്ടുള്ളത് ഒന്ന്: ഇസ്തിഗാസ, നേർച്ച, മാല, മൗലിദ്, റാത്തീബ്, ജാറം കെട്ടിപൊന്തിക്കൽ, ജാറത്തിലേക്കുള്ള യാത്ര മുതലായതൊക്കെ ഈ ഇനത്തിൽ പെടുന്നു.’ (ഫാത്തിഹയുടെ തീരത്ത്, പേ. 131). കെ ഉമർ മൗലവി എഴുതിവെച്ച ഈ അബദ്ധം പക്ഷേ ഇപ്പോൾ വഹാബികൾക്ക് പറയാൻ ധൈര്യമില്ല. പ്രാമാണികമായ ചർച്ചയിൽ സമർത്ഥിക്കാൻ കഴിയാതെ അവർ പ്രതിരോധത്തിലാവുകയാണ്. ഈയിടെ നടന്ന തലപ്പാറ സംവാദ വ്യവസ്ഥയിൽ ‘ജാറം കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന വഹാബി ആശയം ശരിയല്ല’ എന്ന സുന്നി വാദത്തെ തൊടാൻ കഴിയാതെ പ്രയാസപ്പെട്ട വഹാബികൾ നിരന്തര ആദർശ പരിണാമത്തിലൂടെ തങ്ങൾ നേരിടുന്ന ആശയ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുകയായിരുന്നു. വ്യക്തതയാർന്ന ഇസ്ലാമിക നിലപാട് മറികടന്ന് പുതിയതൊന്ന് കൊണ്ടുവരാനുള്ള വഹാബി ശ്രമമാണ് പ്രമാണങ്ങൾക്കു മുമ്പിൽ പരാജയപ്പെടുന്നത്.
ഖബർ പരിപാലനവുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രമാണങ്ങൾ വാചാലമാകുന്നുണ്ട്. മരണപ്പെട്ട വ്യക്തി കേവലം സാധാരണക്കാരനാണെങ്കിൽ, കള്ളന്മാരോ വന്യമൃഗങ്ങളോ മാന്തുമെന്നോ വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞുപോവുമെന്നോ മറ്റോ ഭയപ്പെടുന്നില്ലെങ്കിൽ ആ ഖബർ പ്രത്യേകം കെട്ടി ഉയർത്തി പരിപാലിക്കേണ്ടതില്ല- ഇത്തരം ഭയമുണ്ടെങ്കിൽ നിർബന്ധമാണ് (തുഹ്ഫ 3/196). പൊതുശ്മശാനത്തിലാണെങ്കിൽ മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുമെന്നത് കൊണ്ട് അത് നിഷിദ്ധവുമാണ്. എന്നാൽ അമ്പിയാക്കൾ, ഔലിയാക്കൾ പോലുള്ള മഹാന്മാരുടേത് അപ്രകാരമല്ല. വിശ്വാസികൾക്ക് സിയാറത്തിനും മറ്റും സൗകര്യപ്പെടും വിധം അവ പ്രത്യേകം പരിപാലിക്കേണ്ടതുണ്ട്.
ഇമാം നവവി(റ) പറയുന്നു: ‘മസ്ജിദുൽ അഖ്സ്വയും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറകത്തെടുക്കലുമുള്ളതുകൊണ്ട് അമ്പിയാ- ഔലിയാക്കളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ് (റൗളത്തു ത്വാലിബീൻ 6/98). ഇമാം ഇബ്നു ഹജറുൽ ഹൈത്തമി(റ) തുഹ്ഫയിലും (3/206) ഇമാം റംലി(റ) മുഗ്നിൽ മുഹ്താജിലും (1/367) ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
എന്നാൽ എല്ലാവർക്കും തുല്യാവകാശമുള്ള പൊതുശ്മശാനത്തിലായാലും മഹാന്മാരുടെ ഖബറുകൾ പരിപാലനമർഹിക്കുന്നു. അവരെ സാധാരണക്കാരെ പോലെ കാണാൻ പറ്റില്ല. അവർ മുഖേന ഇസ്ലാമിനും മുസ്ലിംകൾക്കും ധാരാളം നേട്ടങ്ങളുണ്ടായിട്ടുള്ളതിനാൽ ജീവിതകാലത്തെന്ന പോലെ മരണശേഷവും അവർ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇമാം ബുജൈരിമി(റ) എഴുതുന്നു: ‘സാധാരണക്കാരുടെ ഖബർ പൊതുശ്മശാനത്തിൽ കെട്ടിപ്പടുക്കൽ ഹറാമാണ്. പക്ഷേ മയ്യിത്ത് മഹാന്മാരിൽ പെട്ടവരാണങ്കിൽ ഈ നിയമം ബാധകമല്ല (ബുജൈരിമി 1/496).
ഇമാം ശർഖാവി(റ)യെ വായിക്കാം: പൊതുശ്മശാനത്തിൽ ഖബർ പരിപാലനം പാടില്ല എന്ന നിയമത്തിൽ നിന്ന് അമ്പിയാക്കൾ, ശുഹദാക്കൾ തുടങ്ങിയ മഹാന്മാരുടെ ഖബറുകൾ ഒഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറകത്തെടുക്കാനും വേണ്ടി അവ കെട്ടിപ്പടുക്കാവുന്നതാണ്. അതിനുവേണ്ടി ഖുബ്ബയും നിർമിക്കാം. ഇപ്രകാരം ഇമാം ഹലബി(റ)ന്റെ ഫത്വയുമുണ്ട് (ശർഖാവി 1/354).
സിയാറത്ത് സജീവമാക്കുന്നതിനും ബറകത്തെടുക്കുന്നതിനും വേണ്ടി മഹാന്മാരുടെ ഖബർ കെട്ടിപ്പടുക്കൽ പുണ്യകർമമാണ്. പക്ഷേ ഖബർ കുമ്മായം പൂശൽ കറാഹത്താണ്. ഇമാം ഇബ്നു ഹജർ(റ) എഴുതി: ഖബർ കുമ്മായം പൂശൽ കറാഹത്താണ്. മണ്ണ് പൂശാം (തുഹ്ഫ 3/196). മുഗ്നിൽ മുഹ്താജ് 1/364, ഫതാവൽ കുബ്റ 4/488, മുഗ്നി ഇബ്നി ഖുദാമ 2/384, ശർഹുൽ കബീർ 2/393 തുടങ്ങി നിരവധി ഗ്രന്ഥങ്ങളിൽ സമാനമായ ചർച്ചകൾ കാണാം. കുമ്മായം പൂശുന്നത് വിലക്കാനുള്ള കാരണം ഇമാം സുയൂത്വി(റ) പറഞ്ഞു: കുമ്മായം വിലക്കാനുള്ള കാരണം, അത് തീ ഉപയോഗിച്ച് കരിക്കപ്പെട്ട വസ്തുവാണ് എന്നതാണ്. അപ്രകാരം ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഖബ്ർ മണ്ണ് പൂശുന്നതിന് വിരോധമില്ലെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം. ഇമാം ശാഫിഈ(റ) അക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് (ഹാശിയത്തു സ്വുയൂത്വി 3/270).
ഖുബ്ബ നിർമിക്കൽ
മഹാന്മാരുടെ സ്മരണ നിലനിർത്തുന്നതിനും സിയാറത്ത് സജീവമാക്കുന്നതിനും അവരുടെ ഖബറുകൾക്ക് മീതെ ഖുബ്ബകൾ നിർമിക്കാവുന്നതാണ്. തിരുനബി(സ്വ)യും അവിടത്തെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കർ(റ), ഉമർ(റ) എന്നിവരും പ്രസിദ്ധമായ ഹരിത ഖുബ്ബക്ക് താഴെയാണല്ലോ വിശ്രമിക്കുന്നത്. തിരുപത്നി ആഇശ(റ)യുടെ വീട്ടിൽവെച്ച് വഫാത്തായ നബി(സ്വ)യെ അവിടെതന്നെ മറവ് ചെയ്യുകയായിരുന്നു. ആ സംഭവം വിവരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ല(റ) പറയുന്നു: നബി(സ്വ)യെയും ശൈഖൈനിയെയും കെട്ടിടത്തിൽ മറവുചെയ്യുന്ന വിഷയത്തിൽ സ്വഹാബത്തും താബിഉകളും ഏകോപിച്ചിരുന്നു. കെട്ടിടത്തിൽ മറവ് ചെയ്യുകയെന്നത് നബി(സ്വ)യുടെ പ്രത്യേകതയുമല്ല. കെട്ടിടത്തിൽ ഖബർ കുഴിക്കുന്നതും ഖബറിനു മുകളിൽ കെട്ടിടം പണിയുന്നതും തമ്മിൽ വ്യത്യാസമില്ല. അതിൽ പറയാവുന്നത് രൂപത്തിൽ വരുന്ന വ്യത്യാസം മാത്രമാണ്. അതാണെങ്കിൽ പരിഗണനീയമല്ലതാനും (സാദു മുസ്ലിം 2/32-33).
ഖാരിജത്തുബ്നു സൈദ്(റ) പറയുന്നു: ഉസ്മാൻ(റ)ന്റെ കാലത്ത് ഞങ്ങളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ഉസ്മാനുബ്നു മള്ഊൻ(റ)ന്റെ ഖബർ ചാടിക്കടക്കാൻ കഴിയുന്നയാളായിരുന്നു (ബുഖാരി).
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി(റ) പറയുന്നു: മഹാന്മാരുടെ ഖബർ കെട്ടിപ്പൊക്കൽ അനുവദനീയമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട് (ഫത്ഹുൽ ബാരി 4/365, ഇർശാദുസ്സാരി 2/547).
ഇമാം നവവി(റ)യെ വായിക്കാം: നബിപുത്രൻ ഇബ്റാഹീം(റ)നെ ജന്നത്തുൽ ബഖീഇൽ മറവുചെയ്യപ്പെട്ടു. ആ ഖബ്ർ പ്രസിദ്ധമാണ്. അതിനു മുകളിൽ ഖുബ്ബയുണ്ട് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 1/130).
ഇമാം മാലിക്(റ) മറവ് ചെയ്യപ്പെട്ടത് ബഖീഇലാണ്. ബഖീഇന്റെ കവാടത്തിലുള്ള അദ്ദേഹത്തിന്റെ ഖബർ പ്രസിദ്ധം. അതിന്മേൽ ഒരു ഖുബ്ബയുണ്ട് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 2/93).
ഇമാം സുംഹൂദി(റ): ഹംസ(റ)ന്റെ ഖബറിനു മുകളിൽ ഭംഗിയുള്ളതും ഉയർന്നതും ഉറപ്പുള്ളതുമായ ഖുബ്ബയുണ്ട് (വഫാഉൽവഫാ 3/921). ഇതുപോലെ നിരവധി ഉദാഹരണങ്ങൾ എണ്ണാൻ കഴിയും.
ഈ വിഷയവുമായി ബന്ധപ്പെട്ട് തുഹ്ഫ ഒന്നുകൂടി വായിക്കാം: തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് പള്ളി പരിപാലനം, മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ള നല്ല കാര്യങ്ങൾക്കു വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. അത് നിർവഹിക്കുന്നത് കാഫിറാണെങ്കിൽ പോലും (തുഹ്ഫ).
മഹാന്മാരുടെ ഖബ്റിന്മേൽ ഖുബ്ബ നിർമിക്കലായിരുന്നു മുൻഗാമികളുടെ മാതൃക എന്നും ഇമാമുകൾ പഠിപ്പിക്കുന്നുണ്ട്. മുല്ലാ അലിയ്യുൽ ഖാരി(റ) പറയുന്നത് കാണാം: ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മറ്റു മഹാന്മാരുടെയും ഖബറിനു മുകളിൽ കെട്ടിടം പണിയുന്നത് പൂർവികരായ പണ്ഡിതർ പ്രോത്സാഹിപ്പിച്ചിരുന്നു (മിർഖാത്തുൽ മഫാതീഹ് 2/372).
ഖബർ പൂജയല്ല
പഴുതടച്ച പ്രാമാണിക വിവരണങ്ങൾക്ക് മുമ്പിൽ പുത്തൻവാദം പതറിപ്പോകുമല്ലോ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തിയും ദുർവ്യാഖ്യാനത്തെ കൂട്ടുപിടിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് പതിവു പോലെ ഈ വിഷയത്തിലും മുജാഹിദുകൾ കാണിച്ചത്.
മഹാന്മാരെ സന്ദർശിക്കുന്നതും അവരുടെ ദർഗകൾ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതും അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അവരുടെ ഖബറിനു മുകളിൽ ഖുബ്ബകളും മറ്റും സ്ഥാപിക്കാമെന്നും ഇസ്ലാമിക പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇവയെല്ലാം ഖബർ പൂജയും ഖബറാരാധനയുമാണെന്ന് വഹാബികൾ ആരോപിക്കാറുണ്ട്. തീർത്തും നിരർത്ഥകമായ ഈ വാദത്തിന് അവർ ആധാരമാക്കുന്നത് ദുർവ്യാഖ്യാനം ചെയ്ത ചില ഹദീസുകളാണ്. ആ ഹദീസുകൾ ഒന്നു പരിശോധിക്കുന്നത് ബിദഈ വാദം എത്ര അർത്ഥരഹിതമാണെന്ന് ഗ്രഹിക്കാൻ സഹായിക്കും.
1. തിരുനബി(സ്വ) പറഞ്ഞു: ജൂത-നസ്വാറാക്കൾക്ക് അല്ലാഹുവിന്റെ ശാപ മുണ്ട്. അവർ തങ്ങളുടെ അമ്പിയാക്കളുടെ ഖബറുകൾ പള്ളികളാക്കി (ബുഖാരി 417).
2. അബൂസഈദിൽ ഖുദ്രി(റ) നിവേദനം. നബി(സ്വ) പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, എന്റെ ഖബർ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ (മുവത്വ 376).
3. അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്. എന്റെ ഖബർ നിങ്ങൾ ആഘോഷമാക്കരുത് (അബൂദാവൂദ് 1746).
ഹദീസ് വ്യാഖ്യാതാക്കൾ ഇവയ്ക്കു നൽകിയ മറുപടി കേൾക്കുക: ജൂത-ക്രിസ്ത്യാനികൾ അവരുടെ നബിമാരുടെ ഖബറുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അവ ഖിബ്ലയാക്കുകയും ചെയ്തതിനാലാണ് അവർ ശപിക്കപ്പെട്ടത്. ഇക്കാര്യം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നുണ്ട്: ജൂത-ക്രിസ്ത്യാനികൾ നബിമാരുടെ ഖബറുകൾക്ക് സുജൂദ് ചെയ്തു, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോർ അല്ലാഹു അവരെ ശപിച്ചു. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. എന്നാൽ മഹാന്മാരുടെ സാമീപ്യം കൊണ്ട് ബറകത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അവരുടെ ചാരെ പള്ളി നിർമിച്ചവർ ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നില്ല (ഫത്ഹുൽബാരി 2/275).
രണ്ടാമത്തെ ഹദീസിൽ പറയുന്നത് നബി(സ്വ)യുടെ പ്രാർത്ഥനയെ കുറിച്ചാണ്. വിശ്വാസികൾ ചെയ്യുന്ന ഈ പുണ്യകർമം അതിന്റെ പരിധിയിൽ വരില്ല എന്നത് സുവ്യക്തം. മഹാന്മാരെ സന്ദർശിക്കുന്നതും അവരോട് ശിപാർശ ആവശ്യപ്പെടുന്നതും അവരെ ആരാധിക്കലാണെങ്കിൽ നബി(സ്വ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചില്ലെന്നു പറയേണ്ടിവരും. കാരണം അതെല്ലാം നബി(സ്വ)യുടെ വഫാത്തുതൊട്ട് ഇന്നുവരെ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുകയാണല്ലോ. അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ വരുന്നില്ല.
‘എന്റെ ഖബർ നിങ്ങൾ ആഘോഷമാക്കരുത്’ എന്ന ഹദീസിന്റെ സാരം പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ശൗക്കാനി തന്നെ പറയുന്നതിങ്ങനെ: ‘സിയാറത്ത് വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസ്തുത ഹദീസ്, സിയാറത്തിനെ വിലക്കുന്നതല്ല.’ രണ്ട് പെരുന്നാളുകൾ പോലെ ചില സമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്നാണ് ഹദീസിന്റെ താൽപര്യം. നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത് എന്ന നബിവചനത്തിന്റെ താൽപര്യം വീട്ടിൽവെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിന് ഉപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിന് ഒരു പ്രത്യേക സമയം നിർണയിച്ച് അതിൽ മാത്രം സിയാറത്ത് നടത്തുന്ന സ്വഭാവം സ്വീകരിക്കരുതെന്നാണ് ഹദീസിന്റെ താൽപര്യം (നയ്ലുൽ ഔത്വാർ 5/181).
മഹാന്മാരുടെ ഖബറിന് ചാരെ പള്ളി നിർമിക്കുകയും നിസ്കരിക്കുകയും ചെയ്യാമെന്ന് പരിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ട്. ‘അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു: നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമിക്കുകതന്നെ ചെയ്യാം (അൽകഹ്ഫ് 21).
ഈ ആയത്ത് വിശദീകരിച്ച് ഇസ്മാഈൽ ഹിഖി(റ) കുറിച്ചു: അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ (അന്നത്തെ മുസ്ലിംകളും രാജാവും) പറഞ്ഞു: നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമിക്കാം. അഥവാ, അവരുടെ ഗുഹയുടെ കവാടത്തിങ്കൽ പള്ളി പണിയാം. ആ പള്ളിയിൽ മുസ്ലിംകൾ നിസ്കരിക്കുകയും അസ്വ്ഹാബുൽ കഹ്ഫിന്റെ സ്ഥലംകൊണ്ട് ബറകത്തെടുക്കുകയും ചെയ്യും (റൂഹുൽ ബയാൻ 5/732).
ഇമാം നെയ്സാബൂരി(റ) പറയുന്നു: മുസ്ലിംകൾക്ക് നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറകത്തെടുക്കാനും വേണ്ടി പള്ളി നിർമിച്ചവർ അവരാണ്. അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിർമിക്കാൻ ഏറ്റം ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ (ഗറാഇബുൽ ഖുർആൻ 15/119). ഇമാം സമഖ്ശരി കശ്ശാഫ് 2/477, തഫ്സീർ മദാരികുത്തൻസീൽ 3/194, തഫ്സീറുൽ മുനീർ 15/226 എന്നിവയിലും ഇതേ ആശയം പറയുന്നുണ്ട്.
സവാജിറിൽ പറഞ്ഞതെന്ത്?
ജാറം കെട്ടിപ്പൊക്കൽ ശിർക്കാക്കാൻ വഹാബികൾ പൊക്കിപ്പിടിക്കുന്ന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ ഹൈത്തമി(റ)യുടെ ഗ്രന്ഥമായ ‘അസ്സവാജീർ അൻ ഇഖ്തിറാഫിൽ കബാഇർ.’ പുണ്യകർമമായി ഇസ്ലാം പഠിപ്പിക്കുന്ന ഒന്നിനെ തെറ്റായി ചിത്രീകരിക്കാനും വിശ്വാസികളെ മുശ്രിക്കുകളാക്കാനും ബിദഇകൾ നടത്തുന്ന വൻ അട്ടിമറി ഇവിടെ കാണാം.
സവാജിർ വായിക്കാം: ‘ബഅ്ളുൽ ഹനാബിലത് പറഞ്ഞു: മഹാന്മാരുടെ ഖബറിന് ചാരെ അവരുടെ ബറകത്ത് പ്രതീക്ഷിച്ച് നിസ്കരിക്കുന്നത് അല്ലാഹുവിനോട് ചെയ്യുന്ന കടുത്ത അക്രമമാണ്. മഹത്തുക്കളുടെ ഖബർ കെട്ടിപ്പൊക്കൽ കടുത്ത ഹറാമും ശിർക്കിന്റെ കാരണവുമാണ്. മസ്ജിദു ളിറാറിനെക്കാൾ മോശമായ അത്തരം ഖുബ്ബകൾ പൊളിച്ച് നീക്കപ്പെടണം (സവാജിർ 1/246).
സുന്നത്ത് ജമാഅത്തിനെതിരെ വാളോങ്ങാൻ വഹാബികൾ അവസരമാക്കുന്ന ഈ ഉദ്ധരണം പരിശോധിച്ചാൽ അട്ടിമറിയുടെ ആഴം ബോധ്യപ്പെടും. ഇത് ഇബ്നു ഹജറിൽ ഹൈത്തമി(റ)യുടെ അഭിപ്രായമല്ലെന്നത് ആദ്യം മനസ്സിലാക്കുക. ‘ബഅളുൽ ഹനാബിലതി’ന്റെ വാക്ക് എടുത്തുദ്ധരിക്കുക മാത്രമാണ് മഹാൻ ചെയ്യുന്നത്. ഒരു പ്രഭാഷകൻ, എഴുത്തുകാരൻ മറ്റൊരാളുടെ വാദം ഉദ്ധരിക്കുന്നത് സാധാരണമാണ്. അപ്രകാരം ഗ്രന്ഥകർത്താവിന് ബന്ധമില്ലാത്തത് മറ്റൊരാളിൽ നിന്ന് ഉദ്ധരിക്കുക മാത്രമാണിവിടെ ഇമാം ചെയ്തത്.
ഇനി ആരാണ് ബഅ്ളുൽ ഹനാബിലത് എന്നു നോക്കാം. സാക്ഷാൽ ഇബ്നുതൈമിയ്യ തന്നെ! അദ്ദേഹത്തെ കുറിച്ച് ഇമാം ഇപ്രകാരം പ്രയോഗിക്കാറുണ്ട്. ഉദാഹരണത്തിന് മറ്റൊരു സന്ദർഭം കാണുക: തലപ്പാവിന്റെ വാലിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നിടത്ത് ഇബ്നു ഹജർ(റ) പറഞ്ഞു: തലപ്പാവിന്റെ വാൽ ചുമലുകൾക്കിടയിൽ തൂക്കിയിടുന്നതിന് ‘ബഅ്ളുൽ ഹനാബിലത്’ അവരുടെ പിഴച്ച വിശ്വാസത്തിനനുസരിച്ച ഒരു ന്യായം പറയുന്നുണ്ട്, സൂക്ഷിക്കണം (തുഹ്ഫ 3/37).
പ്രയോഗത്തിന്റെ ഉദ്ദേശ്യം ഇബ്നു തൈമിയ്യയാണ് (ശർവാനി 3/37). മാത്രമല്ല, ഈ ആശയം ഇതേ വാചകത്തിൽ തന്നെ ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീമിൽ (2/ 193) ഇബ്നു തൈമിയ്യ പറഞ്ഞതായി കാണാനാവും. ഇത്രയും പ്രമാണ വിരുദ്ധമായ ആശയത്തിന്റെ അർത്ഥശൂന്യത ബോധ്യപ്പെടുത്തലാണ് ഇബ്നു ഹജർ(റ)ന്റെ ലക്ഷ്യം. പരാമർശിത വ്യക്തി പറയപ്പെടാൻ മാത്രമില്ലാത്തതിനാൽ പേര് ഒഴിവാക്കിയതാവാം. ഇബ്നു തൈമിയ്യ പിഴച്ച വ്യക്തിയാണെന്ന് ശക്തമായ ഭാഷയിൽ പലയിടങ്ങളിലും മഹാൻ വ്യക്തമാക്കിയതുമാണ്.
നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഇബ്നു തൈമിയ്യയുടെ വാദം ഖണ്ഡിച്ച് ഇമാം രേഖപ്പെടുത്തി: നബി(സ്വ)യുടെ ഖബർ സിയാറത്ത് സുന്നത്താണെന്നതിനെ ഇബ്നു തൈമിയ്യ നിരാകരിച്ചു എന്നതുകൊണ്ട് ആരും വഞ്ചിതരാവരുത്. കാരണം മഹാനായ ഇസ്സു ബ്നു ജമാഅത്(റ) പറഞ്ഞതുപോലെ അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണയാൾ. അയാൾ കാഫിറാണെന്നുവരെ അനേകം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. നീതിയുക്തമായി അല്ലാഹു അദ്ദേഹത്തെ കൈകാര്യം ചെയ്യുകയും ഇസ്ലാമിക ശരീഅത്തിനെതിരെ അദ്ദേഹം ഉണ്ടാക്കിയ പുത്തൻവാദങ്ങളെ സഹായിക്കുന്ന സ്വന്തം അനുയായികളെ പരാജയപ്പെടുത്തുകയും ചെയ്യട്ടെ (ഹാശിയത്തുൽ ഈളാഹ്).
ഇതേ വിഷയം ചോദ്യവും മറുപടിയുമായി ഇമാം അവതരിപ്പിക്കുന്നതും കാണാം: നബി(സ്വ)യുടെ ഖബർ സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് എങ്ങനെ പറയാൻ കഴിയും? ഹമ്പലി മദ്ഹബിലെ പിൻഗാമികളിൽ പെട്ട ഇബ്നുതൈമിയ്യ അവയെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?
തന്റെ വാദത്തിനു പ്രമാണമായി ഇബ്നു തൈമിയ്യ ധാരാളം ന്യായങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ആരും കേൾക്കാൻ തീരെ ഇഷ്ടപ്പെടാത്തതാണ് അദ്ദേഹത്തിന്റെ വാദങ്ങൾ. മാത്രമല്ല, തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര നടത്തുന്നത് ഹറാമാണെന്നും അതിൽ ഇജ്മാഉണ്ടെന്നും ആ യാത്രയിൽ ജംഉം ഖസ്വ്റും അനുവദനീയമല്ലെന്നും അയാൾ വാദിക്കുന്നു. ഹമ്പലീ മദ്ഹബിൽ പെട്ട ചില പിൻഗാമികൾ അദ്ദേഹത്തോട് പിന്തുടരുന്നുമുണ്ടല്ലോ?
മറുപടി: ആരാണ് ഇബ്നു തൈമിയ്യ? അദ്ദേഹം പരിഗണിക്കപ്പെടാനും അവലംബിക്കപ്പെടാനും അർഹനല്ല. അദ്ദേഹത്തിന്റെ മോശം വാക്കുകളും പ്രമാണങ്ങളുടെ ദുർവ്യാഖ്യാനവും കണ്ട് സസൂക്ഷ്മം നിരീക്ഷിച്ചറിഞ്ഞ നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിലെ അപകടവും തെറ്റായ ചിന്താധാരയും തുറന്നുകാണിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണദ്ദേഹം. നിന്ദ്യതയുടെ വസ്ത്രമാണ് അല്ലാഹു അദ്ദേഹത്തെ ധരിപ്പിച്ചിട്ടുള്ളത്. താൻ പടച്ചുണ്ടാക്കിയ അസത്യ കാര്യങ്ങൾ കാരണം ലോകവിശ്വാസികളുടെ അവഗണന, നിസ്സാരത എന്നിവക്ക് അയാൾ അർഹനാവുകയും ചെയ്തു (അൽജൗഹറുൽ മുനള്ളം).
ചുരുക്കത്തിൽ വഹാബികൾ കൊട്ടിഘോഷിക്കുന്ന ഈ ആശയം അവരുടെ സ്വന്തം നേതാവായ ഇബ്നു തൈമിയ്യയുടേത് മാത്രമാണ്. പക്ഷേ അദ്ദേഹത്തിന്റെ പേരിൽ അത് പറഞ്ഞാൽ വിശ്വാസികൾ തള്ളിക്കളയുമെന്നതു കൊണ്ട് മഹാനായ ഇബ്നു ഹജർ(റ)ന്റെ മറപറ്റി ഒളിച്ച് കടത്താനുള്ള ശ്രമമാണിത്.
ജാറം പൊളിക്കാൻ അലി(റ) പറഞ്ഞോ?
മഖ്ബറ വിരുദ്ധ പ്രചാരണത്തിനായി വഹാബികൾ ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണിത്. അലി(റ)ന്റെ ഹദീസ് നമുക്ക് വായിക്കാം. ‘അബുൽ ഹയ്യാജുൽ അസദി പറയുന്നു: അലി(റ) എന്നെ നിയോഗിച്ച് ഇപ്രകാരം പറഞ്ഞു: എല്ലാ പ്രതിമകളും തകർക്കണം, കൂർത്ത് നിൽക്കുന്ന ഖബറുകൾ നിരപ്പാക്കണം.’
ഈ ഹദീസ് ഒരിക്കലും മഹാന്മാരുടെ ഖബർ കെട്ടിപ്പൊക്കുന്നതിനെ കുറിച്ചല്ല. മറിച്ച്, അവിശ്വാസികളുടെ ഖബറിനെ കുറിച്ചാണ്. പ്രസ്തുത ഹദീസ് വിവരിച്ച് പണ്ഡിതർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഹദീസിൽ പരാമർശിച്ചത് അവിശ്വാസികളുടെ ഖബറിനെ കുറിച്ചാണെന്നത് വ്യക്തമാണ്. കാരണം പ്രതിമകളെ കുറിച്ചും ഹദീസ് പറയുന്നുണ്ട്. ഖബ്റിനു മേൽ കുരിശും മറ്റു പ്രതിമകളും സ്ഥാപിക്കൽ അവിശ്വാസികളുടെ പതിവായിരുന്നു. അപ്രകാരമുള്ള ശിർക്കിന്റെ അടയാളങ്ങൾ നീക്കംചെയ്യാനാണ് അലി(റ) നിർദേശിച്ചത്’ (അൽജൗഹറുന്നഖിയ്യ്).
മഹാന്മാരുടെ ജാറം പൊളിക്കുന്നതിനെ കുറിച്ചല്ല അലി(റ) പറഞ്ഞതെന്നത് വ്യക്തമായല്ലോ. വിമർശകർ പറയുംപോലെ മഹാന്മാരുടേതാണെന്ന് വെച്ചാൽ ഈ ജാറങ്ങളെല്ലാം ആരുടെ അനുമതിയോടെയായിരുന്നു കെട്ടിപ്പൊക്കിയിരുന്നതെന്ന ചോദ്യമാണ് ഉയരുക!
ഖബറിന്റെ ആകൃതിയെ കുറിച്ച് ഒരു ചർച്ചയുണ്ട്. അനുവദനീയമായ രണ്ട് രൂപങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ഒട്ടകപൂഞ്ഞ പോലെ (മുസന്നം), നേർ നിരപ്പായത് (തസ്ത്വീഹ്). രണ്ടായാലും ഭൂമിയോടൊപ്പം നിരപ്പാക്കലല്ല ഉദ്ദേശ്യം. ഏത് ഖബറും ഒരു ചാൺ ഉയർത്തണം. അലി (റ) ന്റെ ഹദീസിൽ പരാമർശിക്കുന്നത് മുസ്ലിമിന്റെ ഖബറാണ് എന്നഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. അവരുടെ വീക്ഷണപ്രകാരം കൂർത്ത ആകൃതിയിൽ നിന്ന് അനുവദനീയമായ ആകൃതിയിലേക്ക് മാറ്റണം എന്നാണ്.
അസീസ് സഖാഫി വാളക്കുളം