വിനയം മുഖമുദ്രയാക്കിയ പണ്ഡിത പ്രതിഭയായിരുന്നു ഈയിടെ വിടപറഞ്ഞ തിരൂരങ്ങാടി ഹസൻ മുസ്ലിയാർ. പ്രസിദ്ധി തീരെ ആഗ്രഹിക്കാത്ത അദ്ദേഹത്തെ ഭൗതികമായ പരിപ്രേക്ഷ്യങ്ങളൊന്നും സ്വാധീനിച്ചിരുന്നില്ല. ‘അല്ലാഹുവിന്റെ അടിമകൾ ഭൂമിയിൽ വളരെ സൗമ്യതയോടെയാണ് നടക്കുക’ എന്ന ഖുർആനിക വചനം അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
യമനിൽ നിന്നെത്തി തിരൂരങ്ങാടിയിൽ താമസമാക്കിയ പണ്ഡിത കുടുംബത്തിന്റെ പിന്മുറക്കാരായ മുടയം പിലാക്കൽ പരമ്പരയിൽ 1. 7. 1950-ലായിരുന്നു ജനനം. നിരവധി കറാമത്തുകൾക്കുടമയും വലിയുല്ലാഹി വടകര മമ്മദ് ഹാജി ഉൾപ്പെടെ അനേകം പ്രഗത്ഭരുടെ ഗുരുവുമായ കുറ്റൂർ കമ്മുണ്ണി മോല്യാരുപ്പാപ്പയുടെ മകൾ ഫാത്വിമ ഉസ്താദിന്റെ വല്യുമ്മയാണ്. ഇങ്ങനെ മാതൃ-പിതൃ വഴികളിലൂടെ മഹത്തുക്കളിലേക്ക്കണ്ണിചേരുന്നു. സ്വപിതാവിൽ നിന്ന് പ്രാഥമിക പഠനം നേടിയ ശേഷം വിളയിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ, കുറ്റിപ്പുറം മുഹമ്മദ് മുസ്ലിയാർ എന്നിവരുടെ ദർസുകളിൽ പഠിച്ചു. പതിനാറാം വയസ്സിൽ ഓമച്ചപ്പുഴ പുത്തൻപള്ളിയിൽ പ്രസിദ്ധ പണ്ഡിതനായ കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാരുടെ ദർസിൽ ചേർന്നു. ഗുരുവിനെ വിടാതെ പിന്തുടർന്ന അദ്ദേഹം പിൽക്കാലത്ത് ഉസ്താദിന്റെ ദർസിൽ രണ്ടാം മുദരിസായി. പിന്നീട് വൈലത്തൂർ ബാവ ഉസ്താദിന്റെ കൂടെയും മുദരിസായി. സഹ മുദരിസായ ബാവ ഉസ്താദിന്റെയും ബഹ്റുൽ ഉലൂം ഒകെ ഉസ്താദിന്റെ മുസ്ലിം ദർസിലും താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ ഹികം ദർസിലും പങ്കെടുക്കാറുണ്ടായിരുന്നത് അദ്ദേഹത്തിന്റെ എളിമയുടെ ഉദാഹരണങ്ങളായി കാണാം. പലപ്പോഴും ഹികം ദർസിൽ, തിരൂരങ്ങാടി ഹസൻ മുസ്ലിയാർ ദുആ ചെയ്യട്ടെ എന്ന് താജുൽ ഉലമ പറയുമായിരുന്നു.
തികച്ചും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നത്. ആരെക്കുറിച്ചും അഭിപ്രായം പറയുമായിരുന്നില്ല. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടില്ല. എല്ലാത്തിലും വളരെ സൂക്ഷ്മത പുലർത്തി. ദുനിയാവിന്റെ കാര്യങ്ങളിൽ തീരെ താൽപര്യം കാണിച്ചില്ല. രാത്രികൾ കിതാബ് മുതാലഅക്കും ഇബാദതിനും മാറ്റിവെച്ചു. രാത്രി യാമങ്ങളിൽ കണ്ണീരണിഞ്ഞ് ദുആ ചെയ്യുന്നത് നിത്യാനുഭവം. മസ്അലകൾ പറയുമ്പോൾ ‘ഈ കിതാബിൽ ഇങ്ങനെയാണ് പറയുന്നത് എന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. തന്റേതായ അഭിപ്രായങ്ങളൊന്നും അതിൽ കൂട്ടിക്കുഴക്കില്ല. കരിങ്കപ്പാറ ഉസ്താദിൽ നിന്ന് അനവധി ഇജാസത്തുകളും നേടിയിട്ടുണ്ട്. അവസാനം വരെ അതു പരിപാലിക്കുന്നതിൽ കണിശത കാണിച്ചു. ആത്മീയ വഴിയിൽ നിരവധി ഗുരുക്കളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മടവൂർ സിഎം വലിയുല്ലാഹി, ഫരീദ് ബാവ ഖാൻ ഈരാറ്റുപേട്ട, ചാലിയം ഇമ്പിച്ചിക്കോയ തങ്ങൾ, നരിപ്പറമ്പ് മുഹമ്മദ് മുസ്ലിയാർ അതിൽ ചിലരാണ്. ഒരിക്കൽ സിഎം വലിയുല്ലാഹിയെ സന്ദർശിക്കാൻ ചെന്നപ്പോൾ അദ്ദേഹം ഉസ്താദിനെ കണ്ട് എണീറ്റു നിൽക്കുകയും ആദരവോടെ സ്വീകരിച്ച് ഒരു വാച്ച് സമ്മാനിച്ചതും അനുഭവം.
ഹൃദ്യമായിരുന്ന ദർസ് ശൈലി. നിർബന്ധമായും പഠിക്കേണ്ട ഫന്നുകളെല്ലാം തഹ്ഖീഖാക്കി പഠിപ്പിക്കും. പദോൽപത്തി ശാസ്ത്രം, ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദയുമെല്ലാം തുല്യപ്രാധാന്യത്തോടെ ഓതിക്കൊടുത്തിരുന്നു. ഏതു ചെറിയ മുതഅല്ലിമിനും ഗ്രാഹ്യമാകും വിധം വിശദമായി പഠിപ്പിക്കും. നഹ്വിലും സ്വർഫിലും അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു. തന്റെ മുന്നിലെത്തുന്ന പ്രാരംഭ വിദ്യാർത്ഥികളെ അവകളിൽ പ്രവീണരാക്കാൻ നിരന്തരം പരിശ്രമിച്ചിരുന്നു. പാഠ്യ കിതാബുകളിൽ ഒതുങ്ങാതെ അനുബന്ധങ്ങളായ ശുറൂഹ്, ഹവാശികളിലേക്കും വിദ്യാർത്ഥികളെ കൈപിടിച്ചു. അറബി സാങ്കേതിക പ്രയോഗത്തെ മലയാളത്തിൽ ലളിതമായി അവതരിപ്പിക്കുന്നത് ശ്രദ്ധേയം. സുലാസീ മുജർറദ് എന്ന് ഒതുക്കാതെ മൂന്ന് മൂലാക്ഷരങ്ങളുള്ള ക്രിയ എന്ന് മലയാളീകരിക്കും. ലാസിമും മുതഅദ്ദിയും അകർമ ക്രിയ, സകർമ ക്രിയ എന്നും. ഓരോ പദത്തിനും തന്റെ ഗുരുമഹത്തുക്കൾ നൽകിയിരുന്ന പോലെ തന്നെ അർത്ഥം പറയാൻ ശ്രദ്ധിച്ചുപോന്നു. തദ്രീസിൽ വലിയ ആവേശം കാണിച്ചു. ഇബാദത്തിൽ മാത്രം മുഴുകി ജീവിക്കുന്നതിനേക്കാൾ മറ്റുള്ളവർക്ക് ഇൽമ് പകരലാണ് ഉത്തമമെന്ന് വിശ്വസിച്ചു. പൊതുജീവിതത്തിലും ദർസ് ജീവിതത്തിലും ഉസ്താദിന്റെ യമനീ പാരമ്പര്യം പ്രകടമായിരുന്നു. അറബി ഭാഷയിലുള്ള പ്രാവീണ്യത്തിന്റെ മുഖ്യഘടകവും ഈയൊരു കുടുംബ പശ്ചാത്തലമാവാം.
സൂക്ഷ്മത (സുഹ്ദ്) കേവലം അധരവ്യായാമമായി കാണാതെ ജീവിതത്തിലേക്ക് സ്വാംശീകരിച്ചു ഉസ്താദ്. ഐഹിക സുഖം ആഗ്രഹിക്കുകയോ അതിനു വേണ്ടി പ്രവർത്തിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്തിരുന്നില്ല. ഒരു ഭാഗം തളർന്ന് 11 വർഷം കിടപ്പിലായിട്ടും ആഖിബത്ത് നന്നാവാനും ആഖിറം സലാമത്താവാനും വേണ്ടിയായിരുന്നു ദുആ വസ്വിയ്യത്ത് നടത്തിയിരുന്നത്.
ഭക്ഷണ കാര്യത്തിലുള്ള സൂക്ഷ്മത എടുത്തു പറയണം. ഹലാലായതേ ഉണ്ടുള്ളൂ. സംശയകരമായതെല്ലാം ഉപേക്ഷിച്ചു. കടൽ ഞണ്ട് കഴിക്കൽ കറാഹത്തല്ലേ ഉള്ളൂ എന്ന് ചോദിച്ചപ്പോൾ കറാഹത്തെന്നാൽ അല്ലാഹുവും റസൂലും വെറുത്തതാണെന്നായിരുന്നു മറുപടി. തന്റെ മുന്നിലെത്തുന്ന സാധുക്കൾക്ക് അകമഴിഞ്ഞ് ദാനം ചെയ്യും.
നല്ലൊരു നിമിഷക്കവിയായിരുന്ന ഉസ്താദിന്റെ തൂലികയിൽ നിന്ന് ധാരാളം പ്രവാചക പ്രകീർത്തനങ്ങൾ നിർഗളിച്ചു. പാതിരാത്രികളിൽ മുത്ത് നബിയെയും കുടുംബത്തെയും തവസ്സുലാക്കി രചിച്ച സ്വന്തം വരികൾ പാടുമായിരുന്നു. കറകളഞ്ഞ പ്രവാചക പ്രേമിയായ അദ്ദേഹം തിരുനബി(സ്വ)യെ പ്രകീർത്തിച്ച് നാലുവരി എഴുതാതെ നാസ്ത കഴിക്കാറില്ല. ഒരു വശം തളർന്ന് ശയ്യാവലംബിയായ സന്ദർഭത്തിൽ നബിമദ്ഹെഴുതാൻ കഴിയുന്നില്ലല്ലോ എന്നതായിരുന്നു വലിയ വിഷമം. പകരമായി കൂടെ നിന്നവർക്ക് പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ചു. മഹാന്മാരെ അതിരറ്റ് സ്നേഹിച്ചു. മരണാനന്തരം വീട്ടിൽ ഖബർ തയ്യാറാക്കാൻ ഏർപ്പാട് ചെയ്യട്ടേ എന്ന് സിഎം ഇബ്റാഹീം സാഹിബ് ഒരിക്കൽ ചോദിച്ചപ്പോൾ, എനിക്ക് മഹാന്മാരുടെ ചാരത്ത് കിടന്നാൽ മതി എന്നായിരുന്നു മറുപടി. ആഗ്രഹം പോലെ തിരൂരങ്ങാടിയിൽ നിരവധി സ്വാലിഹീങ്ങൾ അന്തിയുറങ്ങുന്ന തിരുമുറ്റത്താണ് ഖബർ.
ഉസ്താദിന്റെ രചനാലോകം ശ്രദ്ധേയമാണ്. ദർസ് വിദ്യാർത്ഥികൾക്കായി എഴുതിയ തഖ് രീബുത്തുല്ലാബ് ഇലാ ഇൽമിൽ ഇഅ്റാബ്, അന്നളാഇള് ഫിൽ ഫറാഇള് എന്നീ കിതാബുകൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ശൈലിയിലാണ് രചിച്ചിട്ടുള്ളത്. കരിങ്കപ്പാറ ഉസ്താദിനെക്കുറിച്ചും മറ്റനേകം മഹത്തുക്കളെ കുറിച്ചും മർസിയ്യത്തും(അനുശോചന കാവ്യം) തിരൂരങ്ങാടി ഖാളിയെ സംബന്ധിച്ച് അൽ അസലുൽ ഹലിയ്യ് ഫീ മദ്ഹിസ്സയ്യിദ് അലീ എന്ന മൗലിദും അസ്ഹാബുൽ കഹ്ഫിനെ സംബന്ധിച്ച് അൻവാറുല്ലുത്വ്ഫ് ബി ദിക്റി അസ്വ്ഹാബിൽ കഹ്ഫ് എന്ന മൗലിദും രചിച്ചിട്ടുണ്ട്. തിരൂരങ്ങാടി വലിയ പള്ളിയിൽ വെള്ളിയാഴ്ചകളിൽ ഓതാനായി തയ്യാർ ചെയ്ത ഹ്രസ്വമായ ഖുതുബയും ആ തൂലികയിൽ നിന്ന് വിരചിതമായതാണ്. പ്രസ്തുത ഖുതുബയാണ് ഇന്നും അവിടെ നിർവഹിക്കുന്നത്. അല്ലാഹു അദ്ദേഹത്തിന്റെ പരലോക പദവി ഉന്നതമാക്കട്ടെ.
സലീം അഹ്സനി കരുവാരക്കുണ്ട്