നരകാഗ്നിയില്‍ നിന്നും അല്ലാഹു വിമുക്തമാക്കിയ വരെ നേരില്‍ കാണണമെന്നുണ്ടെങ്കില്‍ മുതഅല്ലിംകളെ നോക്കുവീന്‍; അല്ലാഹു സത്യം! ഒരു ജ്ഞാനിയുടെ വാതില്‍പ്പടിക്കല്‍ ജ്ഞാനമന്വേഷിച്ചെത്തുന്ന ഓരോ മുതഅല്ലിമിനും തന്റെ ഓരോ കാലടിക്കു പകരമായി ഒരു വര്‍ഷത്തെ ഇബാദത്ത് അല്ലാഹു രേഖപ്പെടുത്തുന്നു; സ്വര്‍ഗത്തില്‍ ഓരോ പട്ടണം പണിയുന്നു. ജ്ഞാനമന്വേഷിച്ചു അവര്‍ നടക്കുമ്പോഴൊക്കെയും ഭൂമി അവര്‍ക്കുവേണ്ടി പൊറുക്കലിനെ തേടുന്നു; പ്രഭാത പ്രദോഷങ്ങളില്‍ കുറ്റവിമുക്തരായി അവരെ ഗണിക്കുന്നു. മലക്കുകള്‍ “നരകമോചിതര്‍ എന്ന സാക്ഷ്യപത്രം അവര്‍ക്കു നല്‍കുന്നു’ ജ്ഞാനാന്വേഷണത്തിന്റെ ഈ പരിധിയില്ലാത്ത മഹത്ത്വം ഉള്‍ക്കൊണ്ടു ഭൂമിയിലങ്ങോളമിങ്ങോളം ജ്ഞാനാര്‍ത്ഥികള്‍ കറങ്ങുകയായിരുന്നു, മുസ്‌ലിംകളുടെ സുവര്‍ണ കാലഘട്ടങ്ങളില്‍.
വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഇമാം ഇബ്നു ജമാഅ(റ) മുതഅല്ലിംകളുടെ സ്വഭാവ ഗുണങ്ങള്‍ വിവരിക്കവേ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയതിന്റെ ചുരുക്കമിങ്ങനെ:
“ഒട്ടും സമയം കളയാതെ ജ്ഞാനസന്പാദനത്തിനു വേണ്ടി മുതഅല്ലിം തന്റെ ചെറുപ്പകാലത്തെ നീക്കിവെക്കണം. പിന്നെയാകാം, എല്ലാം ശരിയാകും എന്നിങ്ങനെയുള്ള പിന്നാക്ക നിലപാടുകളുടെ വഞ്ചനയിലകപ്പെടരുത്. കാരണം ആയുസ്സില്‍ നിന്നും നഷ്ടപ്പെടുന്ന ഓരോ നിമിഷവും പകരം ലഭിക്കാത്തതും പരിഹാരം കണ്ടെത്താനാവാത്തതുമാണ്. അന്വേഷണ സപര്യക്കു തടസ്സം നില്‍ക്കുന്ന സകല മാര്‍ഗ വിഘ്നങ്ങളെയും മറികടക്കാനുള്ള കരുത്തുവേണം. കഠിനാധ്വാനം, ത്യാഗബുദ്ധി, പ്രയത്നശീലം എന്നിവയായിരിക്കട്ടെ അവരുടെ വാഹനം. സലഫുകള്‍ മാതൃകയാണ്. അവര്‍ വീട്ടുകുടുംബങ്ങളെയും പുത്രകളത്രാദികളെയും വിട്ടു അന്യനാടുകളിലേക്ക് ജ്ഞാനയാത്ര ചെയ്യുന്നതില്‍ തല്‍പരരായിരുന്നു. അവര്‍ നാടുപേക്ഷിച്ചു അകലങ്ങളില്‍ വിദ്യയുടെ യാചകരായി ജീവിച്ചു. പ്രാരാബ്ധങ്ങളും ബാധ്യതകളും ചിന്തയെ വികേന്ദ്രീകരിക്കുകയും അതുവഴി സൂക്ഷ്മചിന്താ ശേഷി നഷ്ടപ്പെടുകയും ജ്ഞാനത്തിനു തെളിച്ചവും മൂര്‍ച്ചയും മങ്ങുകയും ചെയ്യും. അതുകൊണ്ടല്ലേ “നീ നിന്നെ മുഴുവന്‍ നല്‍കിയാലേ, ജ്ഞാനം ഒരല്‍പം തരൂ’ എന്നു ജ്ഞാനികള്‍ പറയുന്നത്’ (തസ്കിയതുസ്സാമിഅ് വല്‍ മുതഅല്ലിം ഫീ അദബില്‍ ആലിമി വല്‍ മുതഅല്ലിം).
ജ്ഞാനത്തിന്റെ അമൂല്യത ബോധ്യപ്പെട്ട മുസ്‌ലിം സമുദായത്തില്‍ ഇടം പിടിച്ച മഹാജ്ഞാനികള്‍ക്കു തുല്യം മറ്റൊരു സമുദായത്തിലും ഉണ്ടായിട്ടില്ല. റഹ്ഹാന്‍, റഹ്ഹാല, ജവ്വാല്‍, ജവ്വാല തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കി ചരിത്രം വാഴ്ത്തിയ പരസഹസ്രം ജ്ഞാനികള്‍ മുസ്‌ലിം സമുദായ ചരിത്രത്തിലെ നക്ഷത്രവിളക്കുകളാണ്. ജനിച്ച നാട്ടില്‍ തന്നെ വസിക്കുക നിമിത്തം നിന്റെ ജ്വാല എവിടെയും ഉദിച്ചുപൊങ്ങില്ല. ആഴിയുടെ ആഴങ്ങളില്‍ മുത്തിന് യാതൊരു ഖ്യാതിയുമില്ലാത്ത പോല്‍! ഭൂമിയിലേക്കിറങ്ങി വന്നപ്പോഴാണ് മുത്ത് അമൂല്യമായത് വാഴ്ത്തപ്പെട്ടത് എന്നു പ്രോത്സാഹിപ്പിച്ച പണ്ഡിതകവി അബൂ ഇസ്ഹാഖുല്‍ ഗസ്സി, ഗസ്സിയില്‍ ജനിച്ചു, ഖുറാസാനിലെ (ഇന്നത്തെ കാബൂളിനടുത്ത്) ബല്‍ഖ് ദേശത്തു മരണപ്പെട്ട മഹാ യാത്രികനായിരുന്നു.
ഹദീസ് വിശാരദനായ അല്‍ഹാഫിള് ഇബ്നു അബീ ഹാതിം(റ), തന്റെ പിതാവ് മുഹമ്മദ് ബ്നു ഇദ്രീസു റാസിയുടെ ജ്ഞാനയാത്രാനുഭവങ്ങള്‍ അനുസ്മരിക്കുന്നുണ്ട്:
“എന്റെ, ഹദീസ് തേടിയുള്ള യാത്ര ഏഴു വര്‍ഷം നീണ്ടുനിന്നു. എന്റെ ഇരുപാദങ്ങള്‍ നടന്നു തീര്‍ത്ത ആയിരത്തിലേറെ ഫര്‍സഖ് ഞാന്‍ കൃത്യമായി രേഖപ്പെടുത്തിവെച്ചു (ഒന്നരമണിക്കൂര്‍ കാല്‍നട ദൂരമാണ് ഒരു ഫര്‍സഖ്, ഏതാണ്ട് മൂന്നു മൈല്‍). ആയിരം കഴിഞ്ഞപ്പോള്‍ പിന്നെ രേഖപ്പെടുത്തുന്നതും ഓര്‍ത്തുവെക്കുന്നതും മതിയാക്കി. കൂഫയില്‍ നിന്നും ബഗ്ദാദിലേക്ക് എത്ര തവണ ഞാന്‍ നടന്നുപോയെന്നു ഇപ്പോള്‍ എനിക്ക് തന്നെ തിട്ടമില്ല. അതുപോലെ മക്കയില്‍ നിന്നും മദീനയിലേക്ക് അനേക പ്രാവശ്യം നടന്നിട്ടുണ്ട്. മൊറോക്കോയിലെ സലാ പട്ടണത്തിനടുത്ത ബഹ്റില്‍ നിന്നും ഈജിപ്തിലേക്ക് ഞാന്‍ നടന്നുപോയതോര്‍ക്കുന്നു. അവിടെ നിന്നു റംലയിലേക്കും പിന്നെ ബൈതുല്‍ മുഖദ്ദസിലേക്കും. തിരിച്ച് റംലയിലെത്തി അസ്ഖലാനിലേക്കു നടന്നു. അതുപോലെ റംലയില്‍ നിന്ന് ത്വബ്രിയിലേക്കും അവിടന്നു ഡമസ്കസിലേക്കും പിന്നെ ഹിംസിലേക്കും. തുടര്‍ന്ന് അന്‍താഖിയയിലേക്കും ത്വര്‍സ്വൂസിലേക്കും ജ്ഞാനം തേടി നടന്നുപോയിട്ടുണ്ട്. ത്വര്‍സൂസില്‍ നിന്നും ഞാന്‍ ഹിംസിലേക്ക് മടങ്ങുകയായിരുന്നു. അവിടെ കഴിയുമ്പോഴാണ് വിശ്രുതനായ അബുല്‍ യമാനെക്കുറിച്ചറിയുന്നത്. അദ്ദേഹത്തിന്റെ പക്കലുള്ള ഏതാനും ഹദീസുകള്‍ എനിക്ക് ലഭിക്കാനുണ്ടായിരുന്നു. അതിനാല്‍ ഹിംസില്‍ നിന്നും ബൈസാനിലേക്ക് നീങ്ങി. പിന്നെ റിഖ്വ പ്രദേശത്തേക്ക്. അവിടെ നിന്ന് യൂഫ്രട്ടീസ് കടന്നു ബഗ്ദാദിലെത്തി. ശാമിലേക്ക് കടക്കുന്നതിനു മുമ്പ് വാസിഥില്‍ നിന്നും നൈലിലേക്കും പിന്നെ കൂഫയിലേക്കും പുറപ്പെട്ടു. എല്ലാം കാല്‍നടയായിട്ടായിരുന്നു. ഇരുപത് വയസ്സുകാരനായിരിക്കെ ആരംഭിച്ച ആദ്യയാത്രയാണിതെല്ലാം. ഏഴു വര്‍ഷമെടുത്തു ഇത്. റയ്യില്‍ നിന്നും ഹി. 213 റമളാനില്‍ യാത്ര തുടങ്ങിയ ഞാന്‍ ഹി. 221ല്‍ അവിടെ തിരിച്ചെത്തി. ഹി. 242ലായിരുന്നു രണ്ടാം യാത്ര. മൂന്നു വര്‍ഷമെടുത്തു അത്. അപ്പോള്‍ എനിക്ക് 47 വയസ്സ് (അല്‍ജുര്‍ഹ് വത്തഅ്ദീല്‍).
ജീവിച്ചിരിക്കുന്ന ഹദീസ് ഗുരുക്കളെ നേരില്‍ കണ്ടു പകര്‍ന്നെടുക്കുവാനാണീ യാത്രകളധികവും. ലഭിക്കുന്ന ഹദീസുകളിലെ ആശയം മറ്റുമാര്‍ഗേണ അറിയാമെങ്കിലും നേരിട്ടു കേള്‍ക്കുന്ന ബറകത്ത് നേടുക കൂടിയായിരുന്നു പല യാത്രകളുടെയും താല്‍പര്യം.
ഇതാ, ഒരു മഹായാത്രികന്‍! പസഫിക് മഹാ സമുദ്രതീരത്തെ സ്പെയിന്‍ പ്രദേശത്തുകാരന്‍. അദ്ദേഹം നടന്നു ബഗ്ദാദിലെത്തിയത് ഇമാം അഹ്മദ്ബ്നു ഹമ്പലി(റ)നെ നേരില്‍ കാണാനായിരുന്നു. ചരിത്രത്തിലെ അദ്ഭുതങ്ങളിലൊന്നായി ഗണിക്കേണ്ട ആ മഹാ ത്യാഗീവര്യന്റെ ജ്ഞാനയാത്രയുടെ ചില നിമിഷങ്ങള്‍ ഹാഫിള് ദഹബി ഉദ്ധരിക്കുന്നുണ്ട്.
ഇമാം ബഖിയ്യുബ്നു മഖ്ലദ് അല്‍ ഉന്ദുലൂസി(റജനനം ഹിജ്റ 201ല്‍). ഇരുപതാം വയസ്സില്‍ ഹദീസ് തേടി ബഗ്ദാദിലേക്ക് നടന്നു. ഇമാം അഹ്മദ്(റ)വുമായി നേരില്‍ കാണുകയാണ് മുഖ്യ ലക്ഷ്യം. ഇനി അദ്ദേഹം പറയട്ടെ:
“ഞാന്‍ ബഗ്ദാദിനടുത്തെത്തിയപ്പോഴാണ് അറിയുന്നത്, ഇമാമവര്‍കള്‍ കടുത്ത പരീക്ഷണങ്ങള്‍ക്കു വിധേയനായിരിക്കയാണെന്ന്. അദ്ദേഹത്തിന്റെ ജ്ഞാനസദസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരും അദ്ദേഹത്തെ സമീപിക്കാന്‍ പാടില്ല; ആര്‍ക്കും അദ്ദേഹം ഹദീസ് പഠിപ്പിക്കരുത്. ദീര്‍ഘദൂരം യാത്ര ചെയ്ത് ഇവിടെ വരെയെത്തിയ എനിക്ക് വല്ലാത്ത മാനസികാഘാതമായി ആ വാര്‍ത്ത. ആ ഗ്രാമത്തില്‍ തന്നെ തങ്ങാമെന്നുറച്ചു. ഒരു ഹോട്ടലില്‍ റൂമെടുത്തു. കെട്ടും ഭാണ്ഡവും അവിടെ ഇറക്കിവെച്ചു. പിന്നീട് പട്ടണത്തിലെത്തി ജുമാ മസ്ജിദില്‍ പോയി. അവിടെ നടക്കുന്ന ദര്‍സില്‍ പങ്കെടുക്കാമെന്ന് കരുതിയാണ് പോയത്.
അവിടെയതാ, നല്ലൊരു വിദ്വല്‍ സദസ്സ്. ഗുരു ഹദീസ് നിപുണനാണെന്നു മനസ്സിലായി. ഹദീസ് നിവേദകരെ ഒന്നൊന്നായി പരിശോധിക്കുകയാണ്. ഓരോരുത്തരുടെയും സ്വീകാര്യത തീര്‍ച്ചപ്പെടുത്തുന്ന വിവരണങ്ങള്‍. ചിലരെ അസ്വീകാര്യരായി പരിചയപ്പെടുത്തുന്നു; മറ്റു ചിലരെ പ്രബലരായി അവതരിപ്പിക്കുന്നു. ഞാന്‍ അന്വേഷിച്ചു: ഇദ്ദേഹമാരാ? യഹ്യബിന്‍ മുഈന്‍! അദ്ദേഹത്തിന്റെ തൊട്ടരികില്‍ ഒരു ഇടം കണ്ടെത്തി ഞാന്‍ അവിടെ ചെന്നുനിന്നു. ഞാന്‍ പറഞ്ഞു: അബൂ സകരിയ്യാ, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. വിദൂര ദേശ വാസിയായ ഒരപരിചിതനാണു ഞാന്‍. എനിക്ക് ചിലരെക്കുറിച്ചറിയണമെന്നുണ്ട്, മറച്ചുവെക്കാതെ മറുപടി തരണമെന്നാണഭ്യര്‍ത്ഥന.
“ശരി ചോദിക്കൂ’
ഹദീസ് മേഖലയില്‍ ഞാന്‍ കണ്ടുമുട്ടിയ ചിലരെക്കുറിച്ച് അന്വേഷിച്ചു. ചിലര്‍ കൊള്ളാമെന്നും മറ്റു ചിലര്‍ ആക്ഷേപമുക്തരല്ലെന്നും ഇനം തിരിച്ചുതന്നു. ഒടുവില്‍ ഞാന്‍ ഹിശാമുബ്നു അമ്മാറിനെ കുറിച്ചന്വേഷിച്ചു. അദ്ദേഹത്തില്‍ നിന്നും ഞാന്‍ ധാരാളം ഹദീസുകള്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു.
മറുപടിയിങ്ങനെ ലഭിച്ചു:
അബുല്‍ വലീദ് ഹിശാമുബ്നു അമ്മാര്‍. ഡമസ്കസുകാരനാണ്, വിശ്വസ്തനാണ്, അതിലപ്പുറവുമാണ്. അദ്ദേഹത്തിന്റെ മേല്‍തട്ടത്തിനുള്ള കിബ്റ് ജഡംപൂണ്ടു കാണുമെങ്കിലും അത് തന്റെ ഹദീസുകള്‍ക്കും മഹത്ത്വത്തിനും ഒട്ടും കോട്ടമുണ്ടാക്കുന്നില്ല.
വ്യക്തമായ വിവരണം കേട്ടപ്പോള്‍ സദസ്സിലുള്ളവര്‍ ആവേശത്താല്‍ എന്നോട് ഉറക്കെ പറഞ്ഞു: “മതിയായില്ലേ, ഇനി അടുത്ത ചോദ്യം വരട്ടെ.’
ഞാനപ്പോഴും നില്‍ക്കുകയാണ്. ഞാന്‍ തുടര്‍ന്നു ചോദിച്ചു: എനിക്ക് ഒരാളെക്കുറിച്ചു കൂടി വിവരം ലഭിക്കണമെന്നുണ്ട്; അഹ്മദുബ്നു ഹമ്പലിനെക്കുറിച്ച്….
അത്ഭുതത്തോടെ യഹ്യബ്നു മുഈന്‍ എന്നെ സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു: (ഇമാമവര്‍കളുടെ വ്യക്തിത്വവും സ്വീകാര്യതയും അറിയുകയാണ് എന്റെ ഉദ്ദേശ്യമെന്നാണ് അദ്ദേഹം ധരിച്ചത്) ഞങ്ങളെപ്പോലുള്ളവര്‍ നിരൂപിക്കേണ്ട വ്യക്തിത്വമാണോ ഇമാം! അദ്ദേഹം മുസ്‌ലിംകളുടെ ഇമാമല്ലേ, അവരില്‍ ഏറ്റവും ഉത്തമനായ സാത്വികന്‍…
പിന്നെ ഞാന്‍ പുറത്തിറങ്ങി. അഹ്മദുബ്നു ഹമ്പലിന്റെ വീട് അന്വേഷിച്ചു, കണ്ടുപിടിച്ചു. ഞാന്‍ വാതിലില്‍ മുട്ടി. ഇമാം തന്നെയാണ് വാതില്‍ തുറന്നത്. കാണുന്നത് ഒരപരിചിതനെയാണല്ലോ. ഞാന്‍ തുടങ്ങി:
“അബൂ അബ്ദില്ലാഹ്, ഞാന്‍ ഒരന്യ നാട്ടുകാരനാണ്. ഇന്നാട്ടില്‍ ആദ്യമായിട്ടാണ് വരുന്നത്. ഞാനൊരു ഹദീസ് അന്വേഷിയും സന്പാദകനുമാണ്. താങ്കളെ കാണുവാനാണ് വളരെ ദൂരം യാത്ര ചെയ്തു ഇവിടെ വന്നത്.’
ആതിഥ്യമര്യാദയെന്നോണം ഇമാമവര്‍കള്‍ എന്നെ വാതിലിനകത്തു കടത്തിയിരുത്തി.
മറ്റാരും കാണേണ്ട, താങ്കളുടെ നാടെവിടെയാ?
“അങ്ങ് പടിഞ്ഞാറ്’
എന്നുവെച്ചാല്‍ ആഫ്രിക്കയാണോ?
“അതിലുമപ്പുറം, എന്റെ നാട്ടില്‍ നിന്നും കടല്‍ കടന്നു വരണം ആഫ്രിക്കയിലേക്ക്. അതായത് സ്പെയിന്‍.’
“ഓഹോ, താങ്കളുടെ നാട് ഒരുപാടകലെയാണല്ലേ. താങ്കളെപ്പോലുള്ള ജ്ഞാനാര്‍ത്തി പൂണ്ടവരെ സഹായിക്കുന്നതിനേക്കാളും എനിക്കിഷ്ടമുള്ള മറ്റൊന്നില്ല. പക്ഷേ, എന്തു ചെയ്യും, ഞാനിപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കയാണല്ലോ, ഒരു പക്ഷേ താങ്കള്‍ അറിയുമായിരിക്കും.’
“അറിഞ്ഞു, ഇവിടെ ബഗ്ദാദിനടുത്തെത്തിയപ്പോഴാണ് അറിയുന്നത്.’
ഞാന്‍ തുടര്‍ന്നു:
അബൂ അബ്ദില്ലാഹ്, ഇതെന്റെ ആദ്യ വരവാണ്. ഞാന്‍ ഇന്നാട്ടുകാര്‍ക്ക്, വിശിഷ്യാ താങ്കളുടെ ശത്രുക്കള്‍ക്ക് അപരിചിതനാണ്. ഒരു കണ്ണിനും എന്നെ അറിയില്ല. താങ്കള്‍ അനുവദിക്കുമെങ്കില്‍ ഒരു യാചകന്റെ വേഷത്തില്‍ ഞാന്‍ എല്ലാ ദിവസവും ഇവിടെ വരാം. വാതില്‍ക്കലെത്തിയാല്‍ യാചകരുപയോഗിക്കാറുള്ള അഭ്യര്‍ത്ഥനാ വാക്യങ്ങള്‍ ഉപയോഗിക്കാം. അപ്പോള്‍ താങ്കള്‍ ഇതാ ഇവിടം വരെ വന്നാല്‍ മതി. പുറത്തേക്ക് വരണ്ട. ദിവസം ഒരു ഹദീസ് മാത്രം പറഞ്ഞു തന്നാലും മതി.
എന്റെ സൂത്രം ഇമാമവര്‍കള്‍ക്ക് പിടിച്ചു. അദ്ദേഹം സമ്മതിച്ചു:
“ശരി, ഒരു നിബന്ധനയുണ്ട്. ഈ സമയം താങ്കള്‍ മറ്റു ജ്ഞാന സദസ്സുകളിലൊന്നും പ്രത്യക്ഷപ്പെടരുത്. ഹദീസ് വക്താക്കളുമായി കൂടിക്കാഴ്ചയും അരുത്.’
“ശരി, ഏറ്റു.’
ഞാന്‍ ഒരു മരക്കമ്പ് സംഘടിപ്പിച്ചു. അത് കയ്യിലെടുത്തു. തലയില്‍ ഒരു തുണിക്കഷ്ണം ചുറ്റി. എന്റെ നോട്ടുപുസ്തകവും പേനയും ഭാണ്ഡത്തില്‍ കരുതും. എന്നിട്ട് ഇമാമിന്റെ വീട്ടുപടിക്കലെത്തി വിളിച്ചു പറയും: “വല്ലതും തരണേ.’ ബഗ്ദാദില്‍ അങ്ങനെയാണ് യാചകര്‍ ചെയ്യാറ്. അതുകേട്ടാല്‍ ഇമാം വാതില്‍ തുറക്കും. എനിക്ക് രണ്ടോ മൂന്നോ ചിലപ്പോള്‍ അതിലധികമോ ഹദീസ് പറഞ്ഞു തരും. അങ്ങനെ ഞാന്‍ മുന്നൂറോളം ഹദീസ് കേട്ടുപകര്‍ത്തി.
അതിനിടയില്‍ പീഡകനായ സുല്‍ത്താന്‍ മരണപ്പെട്ടു. അഹ്ലുസ്സുന്നയുടെ വക്താവ് അധികാരമേറ്റു. ഇമാം പുറത്തിറങ്ങി. അദ്ദേഹത്തിന് കൂടുതല്‍ ജനകീയത ലഭിച്ചു. എല്ലാവരും സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ എതിരേറ്റു. അദ്ദേഹത്തിന്റെ പദവിക്ക് മാറ്റുകൂടി. ഞാന്‍ തുടര്‍ന്നും അദ്ദേഹത്തിന്റെ സദസ്സുകളില്‍ പങ്കെടുത്തു. എനിക്ക് നല്ല പരിഗണന നല്‍കിയിരുന്നു ഇമാം. തൊട്ടരികില്‍ സീറ്റ് തന്നു. മറ്റുള്ളവരോട് പറയുമായിരുന്നു: “ഇതാ, ഇദ്ദേഹമാണ് ശരിയായ വിദ്യാര്‍ത്ഥി.’ എന്നിട്ട് എന്റെ യാചകവേഷത്തിന്റെ കഥ പറയും. അദ്ദേഹം എനിക്ക് ഹദീസ് ഓതിക്കേള്‍പ്പിച്ചു. മുമ്പ് പഠിച്ചത് ഞാനങ്ങോട്ടും വായിച്ചുകേള്‍പ്പിച്ചു.
ഈ ഘട്ടത്തില്‍ ഞാനൊരിക്കല്‍ രോഗിയായി. സദസ്സില്‍ എന്റെ അസാന്നിധ്യം കണ്ടെത്തിയ ഇമാം, എന്റെ രോഗ വിവരം അറിഞ്ഞ ഉടനെ, മറ്റു ശിഷ്യരെയും കൂട്ടി എന്നെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഞാന്‍ വാടക വീട്ടില്‍ കിടപ്പിലായിരുന്നു അപ്പോള്‍. പുതപ്പ് മൂടിയാണ് കിടപ്പ്. കിതാബുകള്‍ തലപ്പുറത്ത് അടുക്കിവെച്ചിരിക്കുന്നു. ഹോട്ടലില്‍ ഒരു പ്രകമ്പനം. ആളുകള്‍ ഇമാമവര്‍കളെ കണ്ടു കൂട്ടമായി വന്നിരിക്കുകയാണ്. ഹോട്ടല്‍ മുതലാളി എന്റെയടുത്ത് ഓടിയെത്തി. “അബൂ അബ്ദുറഹ്മാന്‍, നോക്കൂ, അബൂ അബ്ദില്ലാഹ് അഹ്മദ് ബ്നു ഹമ്പല്‍ മുസ്‌ലിംകളുടെ നായകന്‍ താങ്കളെ തെരഞ്ഞാണെന്നു തോന്നു, ഇതാ വരുന്നു.’
ഇമാം കടന്നുവന്നു. എന്റെ തലക്കരികില്‍ ഇരുന്നു. റൂം നിറഞ്ഞുകവിഞ്ഞു, കൂടെ വന്നവരെ ഉള്‍ക്കൊള്ളാന്‍ വിശാലമല്ലായിരുന്നു അത്. കൂടെയുള്ളവരില്‍ ചിലര്‍ അപ്പോഴും പേനയും കടലാസുമായി എഴുതിയെടുക്കാന്‍ സന്നദ്ധരായി നില്‍ക്കുകയാണ്. “അബൂ അബ്ദിറഹ്മാന്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലം ലഭിക്കുന്ന സന്തോഷത്തില്‍ കഴിയുക. ആരോഗ്യനാളുകളില്‍ രോഗമില്ല (അപ്പോള്‍ പ്രയത്നിച്ച് നേടാം). രോഗനാളുകളില്‍ ആരോഗ്യമില്ല (പ്രയത്നിക്കാതെ പ്രതിഫലം രേഖപ്പെടുത്തും). അല്ലാഹു താങ്കളെ സൗഖ്യങ്ങളിലേക്കുയര്‍ത്തട്ടെ. അവന്റെ ശമനത്തിന്റെ കാരുണ്യസ്പര്‍ശം ഉണ്ടാകട്ടെ.’
പേനകള്‍ ആ വാക്കുകള്‍ എഴുതിയെടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അല്‍പം കഴിഞ്ഞ് ഇമാം അവിടം വിട്ടു. പിന്നീട് ഹോട്ടല്‍ മുതലാളിയും ജീവനക്കാരും എന്നോട് എത്ര സൗമ്യമായാണെന്നോ പെരുമാറിയിരുന്നത്! അവരെനിക്ക് ഖിദ്മത്ത് ചെയ്യാന്‍ തുടങ്ങി. ഒരാള്‍ കിടക്കയുമായെത്തി. മറ്റൊരാള്‍ വിരിയുമായും. രുചിയേറും വിഭവങ്ങളതാ മറ്റൊരാള്‍ കൊണ്ടുവെച്ചു. എനിക്കെന്റെ വീട്ടില്‍ ഭാര്യാസന്താനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നതിലും ഗംഭീര പരിചരണമായിരുന്നു അവരുടേത്. ആ നല്ല മനുഷ്യന്റെ സന്ദര്‍ശനത്തിന്റെ ഫലം!
സ്പെയിനിലെ ഖുര്‍തുബയില്‍ നിന്നും ജ്ഞാനം തേടി ബഗ്ദാദിലെത്തിയ ബഖിയ്യ്(റ) ഇമാമവര്‍കളുടെ ശിഷ്യപ്രമുഖരിലൊരാളായി ഖ്യാതി നേടി. ഡോ. മുഹമ്മദ് മുആദ്, താരീഖു തുറാസില്‍ അറബിയില്‍ ഈ മഹാത്യാഗീവര്യന്മാരെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. രണ്ടു തവണ ബഖിയ്യ്ബ്നു മഖ്ലദ്(റ) ജ്ഞാന യാത്ര നടത്തിയിട്ടുണ്ട്. മിസ്ര്‍, ശാം, ഹിജാസ്, ബഗ്ദാദ് തുടങ്ങിയ നാടുകളിലേക്കായിരുന്നു യാത്ര. ആദ്യയാത്ര പതിനാലു വര്‍ഷമെടുത്തു. രണ്ടാമത്തേത് ഇരുപതു വര്‍ഷവും. ഓരോ തവണയും സ്പെയിനില്‍ നിന്ന്.
കാല്‍നട യാത്ര ചെയ്തുതന്നെയാണ് ഹദീസ് കേള്‍ക്കാന്‍ എല്ലായിടത്തുമെത്തിയത്അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ശിഷ്യന്‍ അബൂ അബ്ദില്‍ മലിക് അല്‍ ഖുര്‍തുബി പറയുന്നു: “ബഖിയ്യ്(റ) ദീര്‍ഘകായനും ദൃഢഗാത്രനുമായിരുന്നു. നടന്നു യാത്ര ചെയ്യാന്‍ കരുത്താര്‍ന്ന ശരീര പ്രകൃതം. യാത്രാ മൃഗത്തിന്റെ പുറത്തു കയറിയ ഒരു ദൃശ്യം അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. വിനയാന്വിതനായിരുന്ന ആ സാത്വികന്‍ മയ്യിത്ത് പരിപാലന വേദികളില്‍ നിഷ്കര്‍ഷയോടെ പങ്കെടുത്തിരുന്നു’ (തദ്കിറതുല്‍ ഹുഫ്ഫാള്).

വിജ്ഞാനയാത്ര2/സ്വാലിഹ് പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ